Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 04

3011

1438 ദുല്‍ഖഅദ് 11

പി.വി മുഹമ്മദ് ഹാജി

വി. അബ്ദുല്‍ അസീസ്

ഫറോക്കിലും ആന്ധ്രപ്രദേശിലെ നന്തിയാളിലും ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു പി.വി മുഹമ്മദ് എന്ന പി.വി ഹാജി. ഫറോക്ക് ഇര്‍ശാദിയ സ്ഥാപനങ്ങളുടെ സ്ഥാപക പ്രസിഡന്റായിരുന്ന പി.വി, സാമൂഹിക-വിദ്യാഭ്യാസ രംഗത്ത് തന്റേതായ സംഭാവനകളര്‍പ്പിക്കുന്നതില്‍ മുമ്പിലായിരുന്നു. അറുപതുകളിലാണ് പി.വി ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെടുന്നത്. 1965-ല്‍ ഫറോക്ക് കുളങ്ങരപ്പാടത്തേക്ക് താമസം മാറ്റുകയും  പ്രസ്ഥാനത്തില്‍ സജീവമാവുകയും ചെയ്തു.

1963-ല്‍ ആന്ധ്രപ്രദേശിലെ നന്തിയാളിലെത്തിയ പി.വി, അവിടത്തെ മലയാളികളെ വിളിച്ചുചേര്‍ത്ത് മലയാളി ഘടകം രൂപീകരിക്കുകയുണ്ടായി. കടപ്പ, കര്‍ണൂല്‍, ചിറ്റൂര്‍ എന്നീ പ്രദേശങ്ങളില്‍ മലയാളി ഘടകങ്ങള്‍ക്ക് തുടക്കം കുറിച്ചത് പി.വി ആയിരുന്നു. മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം തന്നെ അന്നത്തെ ആന്ധ്രപ്രദേശ് ജമാഅത്തെ ഇസ്‌ലാമിയുമായി സഹകരിച്ച് നന്തിയാള്‍ പ്രദേശത്ത് പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും പി.വിക്ക് കഴിഞ്ഞു. നന്തിയാളിലെ ജമാഅത്ത് നേതാക്കളായ മുഅ്മിന്‍ ഭായ്, റഹീം ഖാന്‍ സാഹിബ് എന്നിവരോടൊത്ത് അവിടത്തെ നാട്ടുകാര്‍ക്കിടയിലും പ്രബോധന രംഗത്തും സേവന രംഗത്തും സജീവമായി. നന്തിയാളിലെ പിവീസ് ബേക്കറിക്ക് തുടക്കം കുറിച്ചു. പിവീസ് ബേക്കറി പടര്‍ന്നു പന്തലിച്ചതോടെ പി.വി അവിടത്തെ നാട്ടുകാരനായി മാറുകയായിരുന്നു. പി.വിയുടെ നയനിലപാടുകള്‍ കൊണ്ടുതന്നെ അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം നന്തിയാളില്‍ ഉണ്ടായിത്തീര്‍ന്നു. തെലുങ്കുദേശം സര്‍ക്കാര്‍ അനുവദിച്ച വഖ്ഫ് ഭൂമിയില്‍ മദ്‌റസയും പള്ളിയും സ്ഥാപിക്കാനുള്ള ശ്രമം പൂര്‍ത്തിയാക്കാന്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പി.വിക്ക് കഴിഞ്ഞില്ല. അപ്പോഴേക്കും അനാരോഗ്യം കാരണം നാട്ടിലേക്ക് മടങ്ങേണ്ടിവരികയും ചെയ്തു.  ഇപ്പോള്‍ അതിന്റെ തുടര്‍ശ്രമത്തിലാണ് പി.വിയുടെ മകന്‍ മുസ്ത്വഫ.

കുളങ്ങരപ്പാടം നുസ്രത്തുല്‍ ഇസ്‌ലാം മദ്‌റസ, ഫറോക്ക് പേട്ട തഅ്‌ലിമുല്‍ ഇസ്‌ലാം സെക്കന്ററി സെന്റര്‍ എന്നിവയുടെ സ്ഥാപകാംഗം കൂടിയായിരുന്നു പി.വി. ഇര്‍ശാദിയാ കോളേജിന്റെ തുടക്കത്തില്‍ ഒരു വര്‍ഷം തന്റെ പ്ലൈവുഡ് കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ഇര്‍ശാദിയക്ക് വേണ്ടി ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു. വീട്ടുമുറ്റത്തോട് ചേര്‍ന്ന റോഡരികെയുള്ള സ്ഥലം നമസ്‌കാരപ്പള്ളിക്ക് വഖ്ഫ് ചെയ്തു. വാര്‍ധക്യസഹജ രോഗങ്ങളാല്‍ കിടപ്പിലായപ്പോഴും പി.വി പ്രസ്ഥാന പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രവര്‍ത്തകരുടെ സുഖവിവരങ്ങളെക്കുറിച്ചും ചോദിച്ചും അറിഞ്ഞും കൊണ്ടിരുന്നു.  2004- ലാണ് പി.വി ജമാഅത്ത് അംഗത്വമെടുത്തത്. മക്കള്‍ ജമാഅത്ത് പ്രവര്‍ത്തകരും സഹകാരികളുമാണ്.

 

 

റോയല്‍ മുഹമ്മദ്

കോഴിക്കോട് ജില്ലയിലെ മൂഴിക്കല്‍ ജുമാ മസ്ജിദിന്റെ ദീര്‍ഘകാല സെക്രട്ടറിയും സാമൂഹിക സേവകനുമായിരുന്നു റോയല്‍ മുഹമ്മദ് (63). ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ഥമായും ഭംഗിയായും പൂര്‍ത്തീകരിക്കുമായിരുന്നു. ഇബാദുര്‍റഹ്മാന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മഹല്ല് പള്ളിയുടെയും മദ്‌റസ, ഐ.സി.ടി ബില്‍ഡിംഗ് തുടങ്ങിയവയുടെയും ദൈനംദിന കാര്യങ്ങള്‍ നിറവേറ്റുന്നതില്‍ ശ്രദ്ധാലുവായിരുന്നു. മൂഴിക്കല്‍ ജുമാ മസ്ജിദിലെ ഖത്വീബുമാരായിരുന്ന മര്‍ഹൂം ഉണ്ണീന്‍ കുട്ടി മൗലവി, കെ.ടി.കെ ഹസന്‍ മൗലവി, ചിറ്റടി അബ്ദുര്‍റഹീം എന്നിവരുമായി പ്രത്യേക സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. സാമ്പത്തിക കാര്യങ്ങളിലെ കൃത്യനിഷ്ഠയായിരുന്നു മറ്റൊരു സവിശേഷത. പള്ളിയുടെ വരിസംഖ്യ ശേഖരിക്കുന്നതിലും അത് വര്‍ധിപ്പിക്കുന്നതിലും ശുഷ്‌കാന്തി പുലര്‍ത്തി. കണക്കുകള്‍ അന്നന്ന് കൃത്യപ്പെടുത്തി. മഹല്ല് ജീവനക്കാരുടെ ശമ്പളം ഒന്നാംതീയതിക്കു മുമ്പേ നല്‍കിയിരിക്കും.

പാവപ്പെട്ടവരുടെ വിവാഹം, വിദ്യാഭ്യാസം, രോഗം തുടങ്ങിയ എല്ലാ പ്രശ്‌നങ്ങളിലും സഹായ ഹസ്തവുമായി മുമ്പില്‍നിന്നു. സാമ്പത്തികമായി മാത്രമല്ല, വിവാഹപന്തലുകളില്‍ വരെ ശാരീരികമായും അധ്വാനിച്ചു. അങ്ങനെ ചെറുപ്പക്കാര്‍ക്ക് ആവേശം പകര്‍ന്നു. നര്‍മം കലര്‍ന്ന സൗഹൃദം എല്ലാവരുമായും കാത്തുസൂക്ഷിച്ചു. സംഘടനക്കകത്ത് വന്നില്ലെങ്കിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സജീവ സഹയാത്രികനായിരുന്നു. ഭാര്യ ബീവി. മക്കള്‍: ജാസിറ, ജംസിര്‍, ജഅ്ഫര്‍. എല്ലാവരും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും സഹകാരികളുമാണ്.

ഒ. അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ മൂഴിക്കല്‍

 

പി.സി മരക്കാര്‍ സാഹിബ്

ആദ്യകാല ജമാഅത്ത് അംഗമായിരുന്ന പുളിക്കല്‍ സ്വദേശി പി.സി മരക്കാര്‍ സാഹിബ് കര്‍മോത്സുകനായിരുന്നു. ഏതു നാട്ടിലും ചെന്ന് എന്തു ജോലിയിലും ഏര്‍പ്പെടാന്‍ സന്നദ്ധനായിരുന്നു അദ്ദേഹം. എത്തിപ്പെടുന്നിടത്തെല്ലാം ഉടന്‍ തന്നെ പ്രസ്ഥാന പ്രവര്‍ത്തനവും ആരംഭിക്കുന്ന പ്രകൃതക്കാരനായിരുന്നു.

1953-ല്‍ ഇരുപത്തെട്ടാം വയസ്സില്‍ മുംബൈയിലെത്തിയ മരക്കാര്‍ സാഹിബ് അവിടെ വെച്ചാണ് ഉര്‍ദു പഠിച്ചത്. മൂന്ന് വര്‍ഷം കഴിഞ്ഞ് തമിഴ്‌നാട്ടിലെത്തി വിവിധ ജോലികളിലേര്‍പ്പെട്ടു. ജമാഅത്ത് അംഗത്വം ലഭിച്ച അദ്ദേഹം മലയാളികളുമായി നിരന്തരം ബന്ധം സ്ഥാപിച്ച് പ്രവര്‍ത്തിച്ചു. ശാന്തപുരം കോളേജ് റസീവറായും 'പ്രബോധനം' വിതരണക്കാരനായും മദ്‌റസാ അധ്യാപകനായും കച്ചവടക്കാരനായും തൊഴിലാളിയായും പ്രവര്‍ത്തിച്ച മരക്കാര്‍ സാഹിബ് പ്രസ്ഥാന രംഗത്ത് സജീവമായിരുന്നു. ഇഅ്ജാസ് അസ്‌ലം സാഹിബടക്കമുള്ള ജമാഅത്ത് നേതാക്കളുമായി ഊഷ്മള ബന്ധമുായിരുന്നു.

1974-ല്‍ കേരളത്തിലേക്ക് മടങ്ങിയ അദ്ദേഹം കുറച്ചുകാലം കുറ്റിയാടി ഇസ്‌ലാമിയാ കോളേജില്‍ വാര്‍ഡനായി സേവനമനുഷ്ഠിച്ചു. പുളിക്കല്‍ ആലുങ്ങല്‍ മദ്‌റസയില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. പുളിക്കല്‍ പ്രാദേശിക ജമാഅത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം മസ്ജിദുത്തഖ്‌വാ സ്ഥാപകാംഗം കൂടിയായിരുന്നു. തഫ്ഹീം അവലംബമാക്കി നിത്യവും ഖുര്‍ആന്‍ പഠനം നടത്തിയിരുന്നു. 'പ്രബോധന'ത്തിന്റെ പഴയ ലക്കങ്ങള്‍ ബൈന്റ് ചെയ്ത് സൂക്ഷിക്കുകയും പലരെയും വായിപ്പിക്കുകയും ചെയ്തിരുന്നു.

കെ.സി ജലീല്‍ പുളിക്കല്‍

 

 

അബ്ദുല്ല

പഴയകാല പലചരക്ക് വ്യാപാരിയും ആദ്യകാല ജമാഅത്ത് അംഗവും ദീര്‍ഘകാലം പറവണ്ണ ഘടകത്തിന്റെ നാസിമുമായിരുന്ന നിറമരുതുര്‍ ശാന്തിനഗറിലെ പക്കിയമാക്കാനകത്ത് അബ്ദുല്ല (81) 2017 ജൂലൈ 14 ചൊവ്വാഴ്ച അല്ലാഹുവിങ്കലേക്ക് യാത്രയായി.

മുജാഹിദ് ആശയക്കാരായ കുടുംബത്തില്‍നിന്ന് നിരന്തര വായനയാണ് അദ്ദേഹത്തെ ജമാഅത്തിലെത്തിച്ചത്. വായന ഇഷ്ടപ്പെടുന്ന അദ്ദേഹം കണ്ണിന് തിമിരം ബാധിച്ച് ഓപ്പറേഷന്‍ ചെയ്ത ശേഷവും ബുദ്ധിമുട്ടിയും പരമാവധി വായിച്ചിരുന്നു. ചെറുപ്രായത്തില്‍ തന്നെ പ്രസ്ഥാനത്തില്‍ സജീവമായി.

ലളിത ജീവിതം ആഗ്രഹിച്ച അദ്ദേഹം അതിനായി മക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അനാവശ്യ വര്‍ത്തമാനങ്ങളോ ബഹളങ്ങളോ അദ്ദേഹത്തില്‍നിന്ന് ഉണ്ടായിട്ടില്ല. നല്ലത് പറയുകയും അല്ലെങ്കില്‍ മിണ്ടാതിരിക്കുകയും ചെയ്യലായിരുന്നു രീതി. ഇഷ്ടമില്ലാത്തത് വല്ലതും മക്കളില്‍നിന്ന് വന്നു പോയാല്‍ 'എന്താടാ... എന്താണിത്' എന്ന ഒരു വാക്കേ പറയുകയുള്ളൂ. അതില്‍ ശാസനയും താക്കീതും സ്‌നേഹവും എല്ലാം ഉള്‍ക്കൊള്ളും.

ക്ഷമയുടെ ആള്‍രൂപമായിരുന്നു ഞങ്ങളുടെ ഉപ്പ. ആറു വര്‍ഷം മുമ്പ് ഞങ്ങളുടെ ഉമ്മ മരണപ്പെട്ടു. ഉമ്മയുടെ രോഗാവസ്ഥയില്‍ അങ്ങേയറ്റത്തെ ക്ഷമയോടു കൂടി പരിചരിക്കാന്‍ ഞങ്ങളോടൊപ്പം നിന്നു.

ഉമ്മയുടെ മരണശേഷമാണ് ആ ക്ഷമയുടെയും സൗമ്യതയുടെയും ആഴം ഞങ്ങള്‍ കൂടുതല്‍ അനുഭവിച്ചത്. ആരെയും ബുദ്ധിമുട്ടിക്കാനാഗ്രഹിക്കാത്ത ഉപ്പ അവസാനം വരെ സ്വന്തം കാര്യങ്ങള്‍ ഒറ്റക്ക് തന്നെ ചെയ്യുമായിരുന്നു. മരിക്കുന്നതിന് എട്ടോ പത്തോ മാസം മുമ്പ് വരെ ഉപ്പാക്ക് ഓരോ കാര്യത്തിനും തന്റേതായ തീരുമാനങ്ങളുണ്ടായിരുന്നു. 

ഒന്നിനും പരാതിയോ പരിഭവമോ ഇല്ലാത്ത ഉപ്പ ആരെയും വാക്കുകൊണ്ടോ നോക്കുകൊണ്ടോ വേദനിപ്പിച്ചിട്ടില്ല. തികച്ചും ശാന്തനായി ജീവിച്ച ഉപ്പ പ്രായത്തിന്റെ ബുദ്ധിമുട്ടുകളൊന്നും അധികം അനുഭവിക്കാതെ അല്ലാഹുവിങ്കലേക്ക് യാത്രയായി.

ജുമൈല അസ്‌ലം

 

ടി. ഖാലിദ്

ടെക്‌നീഷ്യനായി ജോലി ചെയ്യുകയും ഖുര്‍ആനെക്കുറിച്ച് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ചേന്ദമംഗല്ലൂര്‍ സ്വദേശി തേവര്‍മണ്ണില്‍ ഖാലിദ്.

സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ വീട്ടില്‍ സ്വന്തമായി റേഡിയോ സെറ്റും റേഡിയോ നിലയവും സ്ഥാപിച്ച് ഗ്രാമവാസികളെ അത്ഭുതപ്പെടുത്തി ഖാലിദ്. ടി.വി റിപ്പയറിംഗില്‍ ടെക്‌നീഷ്യന്മാരുടെ ടെക്‌നീഷ്യന്‍ എന്നറിയിപ്പെട്ടിരുന്ന അദ്ദേഹം ബന്ധപ്പെട്ട വ്യക്തികളിലൊക്കെയും ഓര്‍ത്തുവെക്കാവുന്ന നല്ല അനുഭവങ്ങള്‍ ബാക്കിവെച്ചുകൊണ്ടാണ് വിട പറഞ്ഞത്.

ഔപചാരിക മതപഠനം പ്രൈമറി മദ്‌റസയില്‍ അവസാനിപ്പിച്ച ഖാലിദ് 62-ാം വയസ്സില്‍ മരണമടയുമ്പോള്‍ ഗവേഷണ സ്വഭാവത്തില്‍ ഖുര്‍ആന്‍ പഠനത്തില്‍ മുഴുകിയിരുന്നു. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കാനും അതിന്റെ അര്‍ഥതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും സാധ്യമാവുന്ന ഖുര്‍ആന്‍ പഠനവേദികളിലൊക്കെയും ഖാലിദ് കയറിച്ചെന്നു. അതിനായി പുസ്തകങ്ങളും സീഡികളും വാങ്ങിക്കൂട്ടി. ഇന്റര്‍നെറ്റില്‍ പരതി വിവിധ വീക്ഷണങ്ങളും ഖുര്‍ആനിന്റെ അമാനുഷികതക്കുള്ള തെളിവുകളും കണ്ടെടുത്തു. ഖുര്‍ആനിക അധ്യാപനങ്ങളും ചരിത്ര വിശദീകരണങ്ങളും ബൈബിള്‍ വിചനങ്ങളുമായും ഭഗവത് ഗീതയിലെ ശ്ലോകങ്ങളുമായും ചേര്‍ത്തുവെച്ച് നിരീക്ഷണം നടത്താനും അവ ക്രിസ്ത്യന്‍ -ഹിന്ദു സഹോദരങ്ങളുമായി പങ്കുവെക്കാനും ഏറെ താല്‍പര്യം കാണിച്ചിരുന്നു.

വ്യക്തികളിലോ കുടുംബങ്ങളിലോ ഉണ്ടാവുന്ന ഹിതകരമല്ലാത്ത കാര്യങ്ങള്‍ ബന്ധപ്പെട്ടവരെ നേരില്‍ ചെന്നു കണ്ട് ഗുണകാംക്ഷാപൂര്‍വം ശ്രദ്ധയില്‍ പെടുത്തുന്ന ഖാലിദിന്റെ രീതി മാതൃകാപരമായിരുന്നു. സൗമ്യവും നര്‍മം കലര്‍ത്തിയുമുള്ള അദ്ദേഹത്തിന്റെ ഇടപെടല്‍ ആരെയും അലോസരപ്പെടുത്തിയിരുന്നില്ല.

മാരകരോഗത്തിനടിപ്പെട്ട വിവരം പെട്ടെന്നറിഞ്ഞ് അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിക്കപ്പെട്ടപ്പോള്‍ ഖാലിദ് സഹോദരനോട് ആവശ്യപ്പെട്ടത് രണ്ട് കാര്യങ്ങളായിരുന്നു.

പ്രായാധിക്യത്താല്‍ പരവശതയില്‍ മക്കളെപ്പോലും തിരിച്ചറിയാതെ രോഗശയ്യയിലായ മാതാവിനെ കാണണമെന്നും ഷോപ്പില്‍ റിപ്പയറിംഗിന് വാങ്ങിവെച്ച സെറ്റുകള്‍ ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കാന്‍ അവസരമുണ്ടാക്കണമെന്നും. മാതൃ സ്‌നേഹവും ഉത്തരവാദിത്തബോധവും മരണം മുന്നില്‍ കാണുമ്പോഴും അദ്ദേഹം കൈവിട്ടില്ല.

ഈ ഉദാത്ത വ്യക്തിത്വത്തിന് മഹല്ലിലെ ജനങ്ങള്‍ നല്‍കിയ ആദരവായിരുന്നു മയ്യിത്ത് മറമാടിയ ശേഷം പള്ളിയില്‍ വെച്ച് നടത്തിയ അനുസ്മരണ പരിപാടി. അകം പള്ളിയില്‍ മിമ്പറിനു താഴെ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം സഹോദരങ്ങള്‍ അണിനിരന്ന വേദിയും സദസ്സും പ്രാര്‍ഥനാനിര്‍ഭരമായിരുന്നു. 

മുഹമ്മദ് കുട്ടി ചേന്ദമംഗല്ലൂര്‍

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (170 - 180)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയില്‍ പതറാതെ
കെ.സി ജലീല്‍ പുളിക്കല്‍