Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 04

3011

1438 ദുല്‍ഖഅദ് 11

മഖാസ്വിദുശ്ശരീഅയിലേക്ക് ഒരു പ്രവേശി

അബൂയാസിര്‍

വിശുദ്ധ ഖുര്‍ആനും സുന്നത്തും നിര്‍ദേശിക്കുന്ന സുസ്ഥിരവും ഭേദഗതിക്കതീതവുമായ നിയമങ്ങളാണ് ശരീഅത്ത്. ഇസ്‌ലാമിക പണ്ഡിതന്മാര്‍ വിവിധ കാലങ്ങളിലും ദേശങ്ങളിലും ശരീഅത്തിന് ആവിഷ്‌കരിക്കുന്ന പ്രയോഗ രൂപമാണ് ഫിഖ്ഹ്-കര്‍മശാസ്ത്രം. ശരീഅത്ത് സുസ്ഥിരമാണെങ്കിലും ഫിഖ്ഹ് പരിവര്‍ത്തനക്ഷമവും വികസ്വരവുമാണ്. ഫിഖ്ഹിന്റെ പരിവര്‍ത്തനക്ഷമതയും വികസ്വരതയുമാണ് ശരീഅത്തിനെ നിത്യനൂതനമാക്കി നിലനിര്‍ത്തുന്നത്. പൂര്‍വ പണ്ഡിതന്മാര്‍ ഫിഖ്ഹ് ആവിഷ്‌കരിച്ചത് ഖുര്‍ആനിനെയും സുന്നത്തിനെയും അടിസ്ഥാനമാക്കിയുള്ള ഇജ്തിഹാദി-ഗവേഷണങ്ങളി-ലൂടെയാണ്. അവരില്‍ ഏറ്റം പ്രമുഖരാണ് ഇമാം ശാഫിഈ, ഇമാം അഹ്മദുബ്‌നു ഹമ്പല്‍, ഇമാം മാലിക് എന്നിവര്‍. ഖുര്‍ആനും സുന്നത്തും അവതരിപ്പിക്കുന്ന ശരീഅത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടാണ് ഈ ഇമാമുകളെല്ലാം അവരുടെ കര്‍മശാസ്ത്ര സരണികള്‍ ആവിഷ്‌കരിച്ചത്. അവയാണ് നാല് മദ്ഹബുകള്‍. കാലാന്തരത്തില്‍ പണ്ഡിതന്മാര്‍ ഇജ്തിഹാദില്‍നിന്ന് പിന്മാറി. എന്നല്ല ഇജ്തിഹാദ് വിലക്കപ്പെടുക തന്നെയായിരുന്നു. നാലിലൊരു മദ്ഹബിനെ അനുകരിക്കേണ്ടത് നിര്‍ബന്ധമാക്കുകയും ചെയ്തു. മദ്ഹബീ ഫിഖ്ഹിന്റെ സ്ഥിരീകരണവും വിശദീകരണവുമായി പിന്നീടുള്ള കര്‍മശാസ്ത്ര പ്രവര്‍ത്തനം. മദ്ഹബിന്റെ അനുകര്‍ത്താക്കള്‍ക്ക് കര്‍മശാസ്ത്ര പഠനത്തില്‍ ഖുര്‍ആനും സുന്നത്തും ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുള്‍പ്പെടെയുള്ള ഉസ്വൂലുല്‍ ഫിഖ്ഹും പ്രസക്തമാകുന്നില്ല. ഇമാമുകളുടെ വാക്കുകളും അതിന്റെ അര്‍ഥപരിധികളും മാത്രമേ നോക്കേണ്ടതുള്ളൂ. ഇമാമുകള്‍ ക്രോഡീകരിച്ച കര്‍മശാസ്ത്രം മൗലികവും സുസ്ഥിരവുമായ ശരീഅത്തിന്റെ സ്ഥാനത്ത് അവരോധിതമായി. അങ്ങനെ ശരീഅത്തിന്റെ വികാസക്ഷമത മരവിപ്പിക്കപ്പെട്ടു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ക്രോഡീകൃതമായ കര്‍മശാസ്ത്ര നിയമങ്ങള്‍ക്ക് കാലദേശങ്ങളുടെ മാറ്റത്തോടും നാഗരിക വികാസത്തോടും സൃഷ്ടിപരമായി പ്രതികരിക്കാന്‍ സാധ്യമല്ലാതായപ്പോള്‍ ഇസ്‌ലാമിക ശരീഅത്തിനെ ആധുനിക യുഗത്തില്‍ അപ്രായോഗികമായ, കാലഹരണപ്പെട്ട നിയമങ്ങളായി ആളുകള്‍ തെറ്റിദ്ധരിച്ചു.

ഈ തെറ്റിദ്ധാരണ ദൂരീകരിച്ച് ഇസ്‌ലാമിക ശരീഅത്തിനെ നിത്യനൂതനമായ പ്രായോഗിക വ്യവസ്ഥയായി അവതരിപ്പിക്കുക എന്നത് ആധുനിക ഇസ്‌ലാമിക പരിഷ്‌കര്‍ത്താക്കളും പരിഷ്‌കരണ പ്രസ്ഥാനങ്ങളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. അതിന് മധ്യനൂറ്റാണ്ടുകളിലെ ഫിഖ്ഹ് ഏറെ നൂറ്റാണ്ടുകള്‍ കവച്ചുചാടേണ്ടതുണ്ട്. അന്ധമായ തഖ്‌ലീദിനെതിരെ സമരം ചെയ്തുകൊണ്ടേ അത് സാധ്യമാകൂ. പ്രമാണങ്ങളുടെ പുനര്‍വായനയും പുതിയ ഗവേഷണ രീതികളും ആവിഷ്‌കരിക്കണം. ആധുനിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുംവണ്ണം ഫിഖ്ഹിനെ പുനഃസംവിധാനിക്കാന്‍ ഉസ്വൂലുല്‍ ഫിഖ്ഹിന്റെയും പുനഃസംവിധാനം അനിവാര്യമാണ്. ഉസ്വൂലില്‍ ഫിഖ്ഹിന്റെ അതിപ്രധാനമായ ഒരു ഭാഗമാണ് മഖാസ്വിദുശ്ശരീഅ- ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ പഠനം. ഏതു കാര്യത്തിന്റെയും നിര്‍വഹണം സഫലമാകാന്‍ ആ നിര്‍വഹണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ ജ്ഞാനമുണ്ടായിരിക്കണം. അതിന്റെ പ്രാധാന്യം ബോധ്യപ്പെടാന്‍, ഇപ്പോള്‍ ഇന്ത്യയില്‍ ചൂടുപിടിച്ചിട്ടുള്ള മുസ്‌ലിം പേഴ്‌സണല്‍ ലോ വിവാദം നിരീക്ഷിച്ചാല്‍ മതി. മുസ്‌ലിം വ്യക്തിനിയമം നിലനിര്‍ത്തുന്നതെന്തിന് എന്ന ചോദ്യത്തിന് മുസ്‌ലിം സമുദായത്തിന്റെ സാംസ്‌കാരിക വ്യക്തിത്വം സംരക്ഷിക്കാന്‍ എന്നാണ് മറുപടി. ഈ സാംസ്‌കാരിക വ്യക്തിത്വം സംരക്ഷിക്കുന്നതെന്തിന് എന്ന് ചോദിച്ചാല്‍ അത് ദൈവകല്‍പനയും, മതവിശ്വാസത്തിന്റെയും അനുഷ്ഠാനത്തിന്റെയും ഭാഗവുമാണ് എന്നായിരിക്കും മറുപടി. ഈ മറുപടികള്‍ വിശ്വാസികളെ സംബന്ധിച്ചേടത്തോളം തികച്ചും ന്യായവും ശരിയും പൂര്‍ണവുമാണ്. പക്ഷേ, ശരീഅത്ത് പഴഞ്ചനും പിന്തിരിപ്പനുമാകുന്നു എന്ന മതേതര വിമര്‍ശനത്തിന് ഇത് യുക്തമായ മറുപടിയാകുന്നില്ല. ഈ പോരായ്മയെ മതേതരവാദികളേക്കാള്‍ വര്‍ഗീയ ഫാഷിസ്റ്റുകള്‍ മുതലെടുക്കുന്നതാണ് ഇന്ന് അന്തരീക്ഷം കൂടുതല്‍ കലുഷമാക്കുന്നത്. ശരീഅത്തിന്റെ ലക്ഷ്യങ്ങളെന്തൊക്കെയാണെന്നും അതിന്റെ പ്രയോഗത്തിലൂടെ മുസ്‌ലിം സമൂഹത്തില്‍ മാത്രമല്ല, പൊതുസമൂഹത്തിലും ഉളവാകേ സദ്ഫലങ്ങളെന്തെല്ലാമെന്നും ബുദ്ധിപരമായി വിശദീകരിക്കാന്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്ക് കഴിയണം. അപ്പോഴേ വിമര്‍ശകര്‍ തൃപ്തരാകൂ. ബുദ്ധിപരമായി സ്വയം തൃപ്തിപ്പെടാനും ഇതാവശ്യമാണ്. മഖാസ്വിദുശ്ശരീഅയുടെ പഠനം ചിലപ്പോള്‍ പേഴ്‌സണല്‍ ലോയുടെ നിലവിലുള്ള പ്രയോഗ രൂപത്തില്‍ മാറ്റം ആവശ്യപ്പെട്ടേക്കാം. എങ്കില്‍ ആ മാറ്റത്തിന് തയാറാവുകയും വേണം. ഇസ്‌ലാമിന്റെ ദഅ്‌വത്തും ഇഖാമത്തും താല്‍പര്യപ്പെടുന്നത് അതാണ്.

ഇസ്‌ലാമിക നവോത്ഥാനത്തിന് നേതൃത്വം നല്‍കുന്ന പണ്ഡിതന്മാര്‍ ഇന്ന് മഖാസ്വിദുശ്ശരീഅ ഗഹനമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതു സംബന്ധിച്ച് വിവിധ ഭാഷകളില്‍ അനേകം ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. അക്കൂട്ടത്തില്‍ ഇന്ത്യയില്‍ പ്രസിദ്ധീകൃതമായ ശ്രദ്ധേയമായ ഗ്രന്ഥമാണ് നജാത്തുല്ല സിദ്ദീഖി ഉര്‍ദുഭാഷയില്‍ രചിച്ച 'മഖാസ്വിദുശ്ശരീഅ.' മലയാള ഭാഷയുടെ ഇസ്‌ലാമിക സാഹിത്യശാഖ ഏറെ സമ്പന്നമാണ്. എങ്കിലും ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സവിശേഷം ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥങ്ങളുടെ അഭാവം ഒരു കുറവു തന്നെയായിരുന്നു. ഈ കുറവ് ഒരളവോളം നികത്തുന്നതാണ് ഈയിടെ പുറത്തിറങ്ങിയ, അശ്‌റഫ് കീഴുപറമ്പിന്റെ മഖാസ്വിദുശ്ശരീഅ-ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ എന്ന ഗ്രന്ഥം. വിഷയത്തിന്റെ ഏതാണ്ട് എല്ലാ വശങ്ങളും സാമാന്യ വായനക്കാര്‍ക്ക് സംവേദനക്ഷമമായ ഭാഷയിലും ശൈലിയിലും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്.

ശരീഅത്ത്, ഫിഖ്ഹ്, ഫത്‌വ എന്നിവ എന്താണെന്നും അവ തമ്മിലുള്ള പാരസ്പര്യമെന്താണെന്നും വിശദീകരിച്ചുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്.  തുടര്‍ന്നുള്ള ഏതാനും അധ്യായങ്ങളില്‍ മഖാസ്വിദുശ്ശരീഅയെ പരിചയപ്പെടുത്തുകയാണ്. ഈ വിജ്ഞാനശാഖയുടെ ചരിത്രം സംഗ്രഹിച്ചിരിക്കുന്നു. മഖാസ്വിദിന്റെ പൂര്‍വികരും ആധുനികരുമായ സാരഥികളുടെ രചനകളെ ആധാരമാക്കിയാണ് അതിന്റെ യാഥാര്‍ഥ്യം അന്വേഷിക്കുന്നത്. അതില്‍ ഫിഖ്ഹിന്റെ മഖാസ്വിദ് ഉള്‍പ്പെടെയുള്ള ഉസ്വൂലുകളോട് സ്വീകരിക്കപ്പെടുന്ന വ്യത്യസ്ത സമീപനങ്ങള്‍ ചര്‍ച്ചാവിധേയമാകുന്നുണ്ട്. പ്രമാണങ്ങളുടെ പ്രത്യക്ഷ വായനയെ മാത്രം അവലംബിച്ച് നിയമം നിര്‍ധാരണം ചെയ്യുന്ന 'ളാഹിരിയ്യത്ത്' ആണ് ഒന്ന്. മഖാസ്വിദിന്റെ നിഷേധമാണിത്. നിയമദാതാവ് കല്‍പിച്ചതെന്തോ അതനുസരിക്കുക. അതിന്റെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും അന്വേഷിക്കേണ്ടതില്ല എന്നാണ് വാദം. ഉദ്ദേശ്യലക്ഷ്യങ്ങള്‍ അവഗണിക്കപ്പെട്ടാല്‍ ശരീഅത്തിന്റെ പ്രയോഗരൂപം ചിലപ്പോള്‍ എന്തു മാത്രം അപഹാസ്യമാകുമെന്ന് സ്പഷ്ടമാക്കുന്ന ഒരു ഉദാഹരണം: കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിച്ചവന്‍ ആ വെള്ളത്തില്‍നിന്ന് വുദൂ എടുക്കുന്നത് വിലക്കുന്ന ഒരു ഹദീസ് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്. ആ  ഹദീസില്‍നിന്ന് ളാഹിരികള്‍ കണ്ടെത്തുന്ന നിയമം ഇങ്ങനെ: കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കാന്‍ പാടില്ല. പക്ഷേ, മലവിസര്‍ജനം ആവാം. അതുപോലെ വുദൂ വിലക്കുന്നത് അതില്‍ മൂത്രമൊഴിച്ച ആള്‍ക്കാണ്. മറ്റുള്ളവര്‍ ആ വെള്ളമുപയോഗിച്ച് വുദൂ ഉണ്ടാക്കുന്നതിന് വിരോധമില്ല! താല്‍ക്കാലിക താല്‍പര്യങ്ങളുടെയെല്ലാം സംരക്ഷണം ശരീഅതിന്റെ ലക്ഷ്യമായി ഗണിക്കുന്നവരാണ് മറ്റൊരു വിഭാഗം. മദ്യവും പലിശയുമൊന്നും ഇക്കാലത്ത് നിഷിദ്ധമാകുന്നില്ലെന്നാണ് അവരുടെ നിലപാട്. അതൊക്കെ പരിഷ്‌കൃത ജീവിതത്തിന്റെയും ആധുനിക സാമ്പത്തിക വ്യവസ്ഥയുടെയും ഘടകങ്ങളാണ്.

വിശുദ്ധ ഖുര്‍ആനിലും സുന്നത്തിലും പ്രകാശിതമാകുന്ന ആശയങ്ങളെ ആധാരമാക്കിയുള്ള ലക്ഷ്യനിര്‍ണയമാണ് ഈ രണ്ടറ്റങ്ങള്‍ക്കിടയിലുള്ള മധ്യമവും സ്വീകാര്യവുമായ നിലപാട്. ദൈവം കല്‍പിക്കുന്ന ഏതു നിയമത്തിനു പിന്നിലും ദൈവികമായ യുക്തിയും ന്യായവുമുണ്ടാകും. ചിലപ്പോള്‍ അത് പ്രമാണങ്ങളില്‍ വ്യക്തമായി പ്രസ്താവിച്ചിരിക്കും. ചിലപ്പോള്‍ സൂചനകളേ കാണൂ. ചില ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ പ്രമാണങ്ങളെ സമഗ്രമായി പഠിക്കുമ്പോള്‍ ഉരുത്തിരിഞ്ഞു വരുന്നതായിരിക്കും. മഖാസ്വിദുശ്ശരീഅയുടെ പഠനം മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക ഉത്തരവാദിത്തം (ഫര്‍ദ് കിഫായ) ആണെന്ന് ഡോ. യൂസുഫുല്‍ ഖറദാവി  സമര്‍ഥിച്ചിട്ടുണ്ട്. ആധുനികകാലത്ത് മഖാസ്വിദുശരീഅയുടെ പുനര്‍ പഠനത്തിന് തുടക്കം കുറിച്ച പ്രമുഖന്‍ ശൈഖ് റശീദ് രിദായാണ്. ഈ വിഷയത്തില്‍ ഗഹനമായ പഠനം നടത്തിയ അദ്ദേഹം ഖുര്‍ആനിന്റെ മൗലിക ലക്ഷ്യങ്ങളെ പത്തെണ്ണമായി നിര്‍ണയിച്ചിരിക്കുന്നു. ഈ പത്ത് ലക്ഷ്യങ്ങള്‍ ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നുണ്ട് (പേജ് 43). മഖാസ്വിദ് വിജ്ഞാനീയവുമായി ബന്ധപ്പെടുത്തി ഖുര്‍ആനും ഹദീസും പഠിക്കേണ്ട രീതി ചര്‍ച്ച ചെയ്യാന്‍ ഈ പുസ്തകം രണ്ട് അധ്യായം നീക്കിവെച്ചിരിക്കുന്നു.

സ്വഹാബത്തിന്റെ കാലത്തേ ഉടലെടുത്തിട്ടുള്ളതാണ് മഖാസ്വിദ് ചിന്ത. അതിന്റെ പ്രഥമ ആചാര്യന്‍ ഉമര്‍(റ) ആണ്. മഖാസ്വിദുശ്ശരീഅയിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ നിയമ നടപടികള്‍. ചിലപ്പോള്‍ ഖണ്ഡിത പ്രമാണങ്ങളുടെ അക്ഷരാര്‍ഥത്തിന് വിരുദ്ധമെന്ന് തോന്നാവുന്ന നടപടികള്‍ പോലും അദ്ദേഹം കൈക്കൊണ്ടതായി കാണാം. പ്രമാണത്തിന്റെ യഥാര്‍ഥ ലക്ഷ്യം താല്‍പര്യപ്പെടുന്നത് ആ നടപടിയാണെന്ന് മനസ്സിലാക്കിക്കൊണ്ട് മറ്റു സ്വഹാബികളും പൊതുസമൂഹവും അത് നിരാക്ഷേപം സ്വീകരിക്കുകയായിരുന്നു.

മഖാസ്വിദുശ്ശരീഅ ചര്‍ച്ച ചെയ്യുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത പൂര്‍വിക പണ്ഡിതന്മാര്‍ ഏറെയാണ്. അവരില്‍ ഒട്ടേറെ പേരെ ഈ കൃതി നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്. കൂട്ടത്തില്‍ ഇമാം ശാത്വിബി, ഇസ്സുബ്‌നു അബ്ദിസ്സലാം, ഇമാം ഗസാലി, ഇബ്‌നുതൈമിയ്യ, ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി തുടങ്ങിയവര്‍ ഏറെ പ്രമുഖരാണ്. റശീദ് രിദാ, മുഹമ്മദ് ബിന്‍ ത്വാഹിര്‍ ബിന്‍ ആശൂര്‍, യൂസുഫുല്‍ ഖറദാവി തുടങ്ങിയ ആധുനിക പണ്ഡിതന്മാരുടെ സംഭാവനകളും പരാമര്‍ശിക്കുന്നുണ്ട്. അവസാന അധ്യായങ്ങളില്‍ മഖാസ്വിദിന്റെ സമകാലിക വായന, നവീകരണം, മുന്‍ഗണനാക്രമം, പ്രയോഗ രീതികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നു. ഇതോടനുബന്ധിച്ച് ഇന്ത്യ പോലുള്ള മുസ്‌ലിം ന്യൂനപക്ഷ രാജ്യങ്ങളില്‍ ഏറെ പ്രസക്തമായ ന്യൂനപക്ഷ ഫിഖ്ഹും (ഫിഖ്ഹുല്‍ അഖല്ലിയ്യാത്ത്) അതിന്റെ പ്രശ്‌നങ്ങളും വിശകലനം ചെയ്യുന്നു. മുസ്‌ലിം സമുദായത്തിന്റെ സ്വത്വസംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള അതിജീവനത്തിന്റെ വഴികളന്വേഷിക്കാന്‍ ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ടുള്ള ഗഹനമായ ഗവേഷണങ്ങള്‍ ഇനിയും നടക്കാത്തതില്‍ പരിതപിച്ചുകൊണ്ടാണ് പുസ്തകം സമാപിക്കുന്നത്.

ചെറിയൊരു കൃതിയില്‍ മഖാസ്വിദുശ്ശരീഅയെ സമഗ്രമായി സംഗ്രഹിച്ചവതരിപ്പിക്കാന്‍ ഗ്രന്ഥകാരന്‍ കാണിച്ച കൈയടക്കം എടുത്തോതേണ്ടതാണ്. കര്‍മശാസ്ത്ര വിജ്ഞാനീയത്തില്‍ മലയാളത്തിന് ലഭിച്ച ഒരപൂര്‍വ സംഭാവനയായി ഈ കൃതിയെ വിലയിരുത്താം. മലയാളികളായ മഖാസ്വിദ് പഠിതാക്കള്‍ക്ക് ഇത് ഏറെ ഉപകാരപ്രദമായിരിക്കും. മഖാസ്വിദ് പഠനത്തിലേക്കുള്ള ഒരു പ്രവേശിക മാത്രമാണീ കൃതിയെന്ന് കര്‍ത്താവ് ആമുഖത്തില്‍ പ്രസ്താവിക്കുന്നുണ്ട്. പല ദിശകളില്‍നിന്ന് ആഴത്തിലുള്ള ഗവേഷണങ്ങളും ചര്‍ച്ചകളും ഇനിയും ധാരാളം നടക്കേണ്ടതുണ്ട്. അതിനുള്ള ഒരു വിഷയാവതരണമാവട്ടെ ഈ കൃതി.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (170 - 180)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയില്‍ പതറാതെ
കെ.സി ജലീല്‍ പുളിക്കല്‍