Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 04

3011

1438 ദുല്‍ഖഅദ് 11

ഇസ്രയേല്‍ കെട്ടഴിച്ചുവിടുന്നത് പുതിയൊരു ഇന്‍തിഫാദയെ

അബൂസ്വാലിഹ

കഴിഞ്ഞ ഏതാനും ആഴ്ചകളായി അധിനിവിഷ്ട ഫലസ്ത്വീനിലെ പല പ്രദേശങ്ങളും സംഘര്‍ഷഭരിതമാണ്. ദിനേനയെന്നോണം ഫലസ്ത്വീനികളുടെ പ്രകടനങ്ങള്‍ നടക്കുന്നു. ഇസ്രയേല്‍ സൈന്യവും പോലീസും അവര്‍ക്കെതിരെ ബലപ്രയോഗം നടത്തുന്നു. ഇപ്പോഴത്തെ സംഘര്‍ഷത്തിന് വഴിവെച്ചത് കഴിഞ്ഞ ജൂലൈ പതിനാലിന് നടന്ന സംഘട്ടനമാണ്. അതില്‍ രണ്ട് ഇസ്രയേലീ പോലീസ് ഉദ്യോഗസ്ഥരും മൂന്ന് ഫലസ്ത്വീനികളും വധിക്കപ്പെട്ടു. തുടര്‍ന്ന് ഇസ്രയേല്‍ മസ്ജിദുല്‍ അഖ്‌സ്വാ കോമ്പൗണ്ട് അടച്ചുപൂട്ടി. വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനക്ക് വരെ തുറന്നുകൊടുത്തില്ല. കിഴക്കന്‍ ജറൂസലം എന്ന പഴയ നഗരത്തില്‍ പള്ളി അടച്ചുപൂട്ടി ജുമുഅക്ക് വരെ തുറന്നുകൊടുക്കാതിരിക്കുന്നത് 1969-നു ശേഷം ഇതാദ്യമാണ്. എന്നു മാത്രമല്ല, മസ്ജിദുല്‍ അഖ്‌സ്വാ അങ്കണത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ കര്‍ശനമായ കുറേ വ്യവസ്ഥകളും കൊണ്ടുവന്നിരിക്കുന്നു. പള്ളിയുടെ കവാടങ്ങളില്‍ മെറ്റല്‍ ഡിറ്റക്ടറുകളും ക്യാമറകളും കൂടുതലായി സ്ഥാപിക്കുകയും ചെയ്തു.
മുപ്പത്തിയഞ്ച് ഏക്കര്‍ അങ്കണത്തില്‍ സ്ഥിതിചെയ്യുന്ന, വെള്ളിനിറത്തില്‍ താഴികക്കുടമുള്ള പള്ളിയാണ് ഹറമുശ്ശറീഫ് എന്നും അറിയപ്പെടുന്ന അല്‍ അഖ്‌സ്വാ. ജൂതന്മാര്‍ ഈ സ്ഥലത്തെ ടെമ്പിള്‍ മൗണ്ട് എന്നു വിളിക്കുന്നു. യുനസ്‌കോവിന്റെ പൈതൃക പട്ടികയില്‍ ഇടം പിടിച്ച ആരാധനാലയം. അബ്രഹാമിക് ധാരയില്‍  പെടുന്ന മൂന്ന് പ്രധാന ലോക മതങ്ങള്‍ക്കും ഇത് പുണ്യഭൂമിയാണ്. 1967-ല്‍ പഴയ നഗരം ഉള്‍ക്കൊള്ളുന്ന കിഴക്കന്‍ ജറൂസലമും പടിഞ്ഞാറേ കരയും ഗസ്സയും ഇസ്രയേല്‍ പിടിച്ചടക്കിയതോടെയാണ് അല്‍ അഖ്‌സ്വാ സയണിസ്റ്റ് അധിനിവേശത്തില്‍ വരുന്നത്. ഇസ്രയേല്‍ രൂപവത്കരിക്കപ്പെടുന്നതിനു മുമ്പുതന്നെ മേഖല സംഘര്‍ഷഭരിതമായിരുന്നു. അതിനാല്‍ ഐക്യരാഷ്ട്ര സഭ ഇടപെട്ട് 1947-ല്‍ മേഖലയുടെ വിഭജനത്തിന് ഒരു രൂപരേഖ തയാറാക്കി. അത് പ്രകാരം 55 ശതമാനം ഭൂമി ജൂതന്മാര്‍ക്കും 45 ശതമാനം ഫലസ്ത്വീനികള്‍ക്കുമായി നീക്കിവെച്ചു. അല്‍ അഖ്‌സ്വാ ഉള്‍പ്പെടുന്ന ജറൂസലം ഐക്യരാഷ്ട്രസഭക്ക് കീഴില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ നിയന്ത്രണത്തിലുമാക്കി. മൂന്ന് പ്രധാന മതവിഭാഗങ്ങളും നഗരത്തിന് ചരിത്ര പ്രാധാന്യം കല്‍പിക്കുന്നതുകൊണ്ടാണ് യു.എന്‍ ഈ തീരുമാനമെടുത്തത്. പക്ഷേ, 1948-ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ 78 ശതമാനം ഭൂമിയും ഇസ്രയേല്‍ പിടിച്ചടക്കിയതോടെ ഐക്യരാഷ്ട്രസഭയുടെ പദ്ധതികള്‍ പാളം തെറ്റി. അപ്പോഴും പടിഞ്ഞാറന്‍ കരയും കിഴക്കന്‍ ജറൂസലമും ഗസ്സയും ഈജിപ്ഷ്യന്‍-ജോര്‍ദാനിയന്‍ നിയന്ത്രണത്തിലായിരുന്നു. 1967-ലെ യുദ്ധത്തിലാകട്ടെ, കിഴക്കന്‍ ജറൂസലം ഇസ്രയേല്‍ അധിനിവേശത്തിലായി. അവിടുന്നിങ്ങോട്ട് സകല അന്താരാഷ്ട്ര മര്യാദകളും കാറ്റില്‍ പറത്തി തികച്ചും നിയമവിരുദ്ധമായി പഴയ നഗരവും അതിലെ മസ്ജിദുല്‍ അഖ്‌സ്വായും ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കാനാണ് ഇസ്രയേല്‍ ഭരണകൂടങ്ങളത്രയും ശ്രമിച്ചുപോന്നിട്ടുള്ളത്.
പഴയ നഗരത്തിന്റെ മുഖഛായ മാറ്റാനും മസ്ജിദുല്‍ അഖ്‌സ്വാ തകര്‍ക്കാനും ആസൂത്രിതമായ ശ്രമങ്ങളാണ് ഇസ്രയേല്‍ നടത്തുന്നത്. തങ്ങള്‍ പവിത്രമായി കരുതുന്ന സോളമന്റെ ദേവാലയമാണ് മസ്ജിദിന്റെ സ്ഥാനത്ത് ഉണ്ടായിരുന്നത് എന്ന കള്ളപ്രചാരണം ഉയര്‍ത്തിക്കൊണ്ടു വന്ന്, അതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാനെന്ന പേരില്‍ വര്‍ഷങ്ങളായി പള്ളിക്കടിയില്‍ തുരങ്കങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് ഇസ്രയേല്‍. പുരാവസ്തു ഖനനം എന്നാണ് അതിന്റെ സയണിസ്റ്റ് ഭാഷ്യം. പള്ളിയുടെ അടിക്കല്ല് മാന്തി അത് തകര്‍ക്കുകയാണ് ഇതിന്റെ പിന്നിലെ ഉദ്ദേശ്യമെന്ന് പകല്‍ പോലെ വ്യക്തം. മസ്ജിദുല്‍ അഖ്‌സ്വായും അതിന്റെ അങ്കണവും മാത്രമല്ല അവര്‍ ലക്ഷ്യമിടുന്നതും. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ഡച്ച് ഭൂമിശാസ്ത്രകാരന്‍ യാന്‍ ദി യോംഗ് എഴുതി: ''ഇസ്രയേല്‍ സമാധാന ചര്‍ച്ചകള്‍ക്കായി മുന്നോട്ടുവെക്കുന്ന ഖുദ്‌സിന്റെ മാപ്പ് 1967-ല്‍ ഉണ്ടായിരുന്നതുപോലെയാണ് എന്ന് കരുതുന്നവര്‍ക്ക് പിഴക്കും. ഇസ്രയേലിന്റെ ഖുദ്‌സ് മാപ്പ് പടിഞ്ഞാറ് ബൈത്തുശ്ശംസ് മുതല്‍ (അതായത് തെല്‍അവീവിലേക്കുള്ള പകുതി ദൂരം) തെക്ക് ഖലീല്‍ വരെയും വടക്ക് റാമല്ല വരെയും കിഴക്ക് അരീഹക്ക് അടുത്ത് വരെയുമാണ്. ഇസ്രയേല്‍ പറയുന്ന ഈ 'വിശാല ജറൂസലമി'ന്' 1250 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്.'' അതായത് പടിഞ്ഞാറേ കരയുടെ മൂന്നിലൊന്ന് ഭൂമിയും ഇതിനകത്ത് വരുമെന്ന് ചുരുക്കം. സിറിയയും ജോര്‍ദാനും ഇറാഖുമൊക്കെ ഉള്‍പ്പെടുന്ന 'വിശാല ഇസ്രയേല്‍' എന്ന പദ്ധതിയും, മേഖലയുടെ ശൈഥില്യവും ഭരണകൂടങ്ങളുടെ തകര്‍ച്ചയും മുതലെടുത്തുകൊണ്ട് ഇസ്രയേല്‍ പൊടിതട്ടിയെടുത്തേക്കുമെന്ന ആശങ്കയും അസ്ഥാനത്തല്ല.
ഖുദ്‌സിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയത്തെക്കുറിച്ച് ഒരു ചര്‍ച്ച പോലും ഇസ്രയേലിലെ ഭരണകൂടമോ രാഷ്ട്രീയ പാര്‍ട്ടികളോ അനുവദിക്കില്ല എന്നതാണ് സത്യം. അതിന്റെ ഉടമസ്ഥതയുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും അവര്‍ തയാറല്ല. ഫലസ്ത്വീനികളുമായി സമാധാനമുണ്ടാക്കും എന്ന വാഗ്ദാനവുമായി 1992-ല്‍ അധികാരത്തിലേറിയ യിസാക് റബീന്‍ പറയുന്നത് നോക്കൂ: ''നമ്മെ സംബന്ധിച്ചേടത്തോളം ജറൂസലമും അതിന്റെ പരിസര പ്രദേശങ്ങളും രാഷ്ട്രീയവുമായോ സുരക്ഷയുമായോ ബന്ധപ്പെട്ട വിഷയമേ അല്ല. ഇസ്രയേലിന് കീഴിലുള്ള ഏകീകൃത ജറൂസലം നമ്മുടെ ശാശ്വത തലസ്ഥാനമാണ്. ജൂതസമൂഹത്തെ സംബന്ധിച്ചേടത്തോളം അത് ആത്മാവിന്റെയും ഹൃദയത്തിന്റെയും സ്ഥാനത്താണ് നിലകൊള്ളുന്നത്.''സമാധാനത്തിന്റെ പ്രവാചകന്‍ ആയി ലോകം കൊട്ടിഘോഷിച്ച ഒരു ഇസ്രയേല്‍ പ്രധാനമന്ത്രി, സുപ്രധാനമായ സമാധാന ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് പറഞ്ഞതാണിത്. റബീന്റെ മിതവാദ പാര്‍ട്ടി ഇന്ന് ചിത്രത്തില്‍ എവിടെയുമില്ല. വലതുപക്ഷ തീവ്രവാദത്തിന്റെ പിടിയിലാണ് ഇസ്രയേല്‍ രാഷ്ട്രീയം. നെതന്യാഹു അവിടെ കിരീടം വെക്കാത്ത രാജാവും.
അതിനാല്‍ ജറൂസലമുമായി ബന്ധപ്പെട്ട ചര്‍ച്ച ഇസ്രയേലിന്റെ അജണ്ടയില്‍ മുമ്പുമില്ല; ഇപ്പോഴുമില്ല. പരിസര വാസികളായ ഫലസ്ത്വീനികളുടെ കാര്യത്തില്‍ മാത്രമാണ് മുന്‍കാലങ്ങളില്‍ ചര്‍ച്ച നടന്നിരുന്നത്. ഇന്ന് അത്തരം ചര്‍ച്ചകളും അവസാനിച്ചിരിക്കുന്നു. ജറൂസലമിലും പരിസര പ്രദേശങ്ങളിലും ഇസ്രയേല്‍ വന്‍ ജൂതകുടിയേറ്റ കേന്ദ്രങ്ങള്‍ പണിതുകൊണ്ടിരിക്കുകയാണ്. ഇവിടെ ജൂതന്മാര്‍ക്ക് മാത്രമേ താമസിക്കാന്‍ അനുവാദമുള്ളൂ. ഇതുപോലെ വന്‍ മതിലുകള്‍ കെട്ടി സംരക്ഷിച്ചിരിക്കുന്ന പന്ത്രണ്ട് അനധികൃത സെറ്റില്‍മെന്റുകള്‍ കിഴക്കന്‍ ജറൂസലമില്‍ മാത്രമുണ്ട്. അവിടെ രണ്ട് ലക്ഷത്തോളം ജൂതന്മാരെ പാര്‍പ്പിച്ചിരിക്കുന്നു. എന്നാല്‍ ജറൂസലമിലെ നാല് ലക്ഷത്തോളം വരുന്ന ഫലസ്ത്വീനികള്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുവാദം മാത്രമേയുള്ളൂ. തലമുറകളായി അവിടെ ജനിച്ച് വളര്‍ന്നവരാണെങ്കിലും അവര്‍ക്ക് പൗരത്വം നല്‍കുന്നില്ല. പലതരം കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് ഫലസ്ത്വീനികള്‍ക്ക് പലായനം ചെയ്യേണ്ട സാഹചര്യം സൃഷ്ടിക്കുന്നു. നിര്‍മാണാനുമതി ഇല്ലാത്തതിനാല്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഫലസ്ത്വീനികളുടെ വീടുകള്‍ ഇസ്രയേല്‍ ബുള്‍ഡോസറുകള്‍ നിരത്തി ഇടിച്ചു നിരപ്പാക്കിക്കൊണ്ടിരിക്കുന്നു. രണ്ടായിരത്തില്‍ ഇസ്രയേല്‍ നിര്‍മിച്ച 'വംശവെറിയുടെ മതിലുകള്‍' പടിഞ്ഞാറേ കരയില്‍നിന്ന് ഫലസ്ത്വീനികള്‍ക്ക് ഇങ്ങോട്ടേക്കുള്ള പ്രവേശനം തടയുന്നു. അതേ വര്‍ഷം തന്നെയാണ് ഫലസ്ത്വീനികളുടെ അതിശക്തമായ രണ്ടാം ഉയിര്‍ത്തെഴുന്നേല്‍പ് പ്രക്ഷോഭം (ഇന്‍തിഫാദ) ഇസ്രയേലിനെ പിടിച്ചുലച്ചത്. ഏരിയല്‍ ഷാരോണ്‍ എന്ന ഇസ്രയേലീ വലതുപക്ഷ രാഷ്ട്രീയക്കാരന്‍ ആയിരം പോലീസുകാരുമൊന്നിച്ച് മസ്ജിദുല്‍ അഖ്‌സ്വായില്‍ കയറി മനഃപൂര്‍വം പ്രകോപനം സൃഷ്ടിച്ചതായിരുന്നു അതിനു കാരണം. ഇതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളില്‍ മൂവായിരത്തിലധികം ഫലസ്ത്വീനികളും ആയിരത്തോളം ഇസ്രയേലികളും കൊല്ലപ്പെടുകയുണ്ടായി.
പിന്നെയും ഇടക്കിടെ സംഘര്‍ഷങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. 2015-ല്‍ നൂറുകണക്കിന് ജൂതന്മാര്‍ ഒരു പുണ്യദിനം ആചരിക്കാനായി മസ്ജിദുല്‍ അഖ്‌സ്വായില്‍ കയറിയത് സംഘര്‍ഷത്തിന് ഇടയാക്കി. കഴിഞ്ഞ വര്‍ഷം റമദാനിലെ അവസാന പത്തിലെ ഒരു ദിവസം ജൂതകുടിയേറ്റക്കാര്‍ പള്ളിയിലേക്ക് ഇടിച്ചുകയറിയതും സംഘട്ടനത്തിന് വഴിവെച്ചു. ഇപ്പോഴത്തെ സംഘര്‍ഷത്തെത്തുടര്‍ന്ന് അതിക്രൂരമായ രീതിയിലാണ് ഇസ്രയേല്‍ പോലീസ് ഫലസ്ത്വീനീ പ്രക്ഷോഭകരെ കൈകാര്യം ചെയ്യുന്നത്. മൂവായിരത്തിലധികം വരുന്ന പോലീസ് സേനയെ ഇവിടെ വിന്യസിച്ചിരിക്കുന്നു. അമ്പതു വയസ്സില്‍ താഴെ പ്രായമുള്ള പുരുഷന്മാരെയൊന്നും പള്ളി കോമ്പൗണ്ടിലേക്ക് കടത്തിവിടുന്നില്ല. ഈ ക്രൂരതകള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ മതഭേദമില്ലാതെ എല്ലാ ഫലസ്ത്വീനികളും ഒറ്റക്കെട്ടാണ്. കഴിഞ്ഞ വെള്ളിയാഴ്ച അഖ്‌സ്വാക്ക് പുറത്തുള്ള റോഡില്‍ ജുമുഅ നമസ്‌കരിക്കുന്നവരുടെ കൂട്ടത്തില്‍ ജോണ്‍ ജോസഫ് അത്വിയ്യ എന്ന ക്രിസ്ത്യന്‍ യുവാവ് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഫലസ്ത്വീനികള്‍ പുതിയൊരു പോരാട്ടമുഖം തുറന്നിരിക്കുന്നു.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (170 - 180)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയില്‍ പതറാതെ
കെ.സി ജലീല്‍ പുളിക്കല്‍