Prabodhanm Weekly

Pages

Search

2017 ജൂലൈ 28

3011

1438 ദുല്‍ഖഅദ് 04

ഗബ്രിയേല്‍ മാലാഖയുടെ തൂവല്‍

സലീം കുരിക്കളകത്ത്

ഏറെ സമകാലികമാണ് ഇറ്റാലിയന്‍ എഴുത്തുകാരനായ ജൊവാന്നി ബെക്കാച്ചിയോ (Giovanni Boccaccio) യുടെ 'മാലാഖയുടെ തൂവല്‍' എന്ന കഥ. ഏകദേശം ആറ് നൂറ്റാണ്ട് മുമ്പാണ് എഴുതിയത്. കഥയിലെ മുഖ്യകഥാപാത്രം അന്തോണീസ് പുണ്യവാളന്റെ പുരോഹിത സമൂഹത്തിലെ സിപ്പോളോ അച്ചന്‍ എന്ന പാതിരിയാണ്. നിരക്ഷരനാണെങ്കിലും ആരെയും പാട്ടിലാക്കുന്ന പ്രഭാഷണവൈദഗ്ധ്യമായിരുന്നു സിപ്പോളോ അച്ചന്റെ കൈമുതല്‍. ഇറ്റലിയിലെ ഫ്‌ളോറന്‍സിനടുത്തുള്ള സെര്‍ട്ടാള്‍ഡോ  പട്ടണമാണ് കഥാ പരിസരം. നഗരവാസികള്‍ സമ്പന്ന കര്‍ഷകരായിരുന്നു. 

സിപ്പോളോ അച്ചന്റെ വര്‍ഷത്തിലൊരിക്കലുള്ള പ്രഭാഷണത്തിന് പട്ടണത്തിലെ മുഴുവന്‍ മനുഷ്യരും എത്തിച്ചേരും. നല്ലൊരു തുക സംഭാവന നല്‍കുകയും ചെയ്യും. വിശ്വാസികള്‍ നല്‍കിയ സഹായങ്ങളുടെ ഫലമായി അവരുടെ വളര്‍ത്തുമൃഗങ്ങളെ അന്തോണീസ് പുണ്യവാളന്‍ കാത്തു സംരക്ഷിച്ചിട്ടുണ്ടെന്നും ഇനിയും ആ സംരക്ഷണം ലഭിക്കണമെങ്കില്‍ കൂടുതല്‍ കൂടുതല്‍ നല്‍കണമെന്നും ഇതിനാണ് ബിഷപ്പ് തന്നെ ചുമതലപ്പെടുത്തിയതെന്നും കാര്യവും ഞായറാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് സിപ്പോളോ അച്ചന്‍ വിശദീകരിച്ചു. ഉച്ചക്ക് നടക്കുന്ന വാര്‍ഷിക പ്രഭാഷണത്തിനു ശേഷം, അന്തോണീസ് പുണ്യവാളന്റെ വിശ്വസ്ത സേവകരായ നിങ്ങള്‍ക്ക് വളരെ പവിത്രവും അതിമനോഹരവുമായ ഒരു തിരുശേഷിപ്പ് സമര്‍പ്പിക്കുമെന്നും  കടലിനക്കരെ പുണ്യഭൂമി സന്ദര്‍ശിച്ചപ്പോള്‍ നസ്രേത്തിലെ കന്യാമറിയത്തിന്റെ കിടപ്പുമുറിയില്‍നിന്ന് കിട്ടിയ ഗബ്രിയേല്‍ മാലാഖയുടെ തൂവലാണ് ആ തിരുശേഷിപ്പെന്നും കൂടി അച്ചന്‍ പറഞ്ഞപ്പോള്‍ ഭക്തജനങ്ങള്‍ ഇളകിമറിഞ്ഞു.

സിപ്പോളോ അച്ചന്റെ തട്ടിപ്പ് ജനസമക്ഷം തുറന്നുകാട്ടാന്‍ പ്രഭാഷണം കേട്ടു നിന്ന രണ്ട് ചെറുപ്പക്കാര്‍ തീരുമാനിച്ചു. അച്ചന്‍ പ്രഭാത ഭക്ഷണത്തിന് പുറത്തിറങ്ങിയ സമയത്ത് അവര്‍ അച്ചന്റെ മുറിയില്‍ കടന്നു. അച്ചന്റെ ഭാണ്ഡം പരിശോധിച്ചു. അതിനുള്ളില്‍ പട്ടുതുണിയില്‍ പൊതിഞ്ഞ ഒരു ചെറിയ പെട്ടി കണ്ടു. പെട്ടിയില്‍ തത്തയുടെ വാല്‍ഭാഗത്തുള്ള നീളന്‍ തൂവലായിരുന്നു. അക്കാലത്ത് തത്ത തുടങ്ങിയ വളര്‍ത്തുപക്ഷികളെ നേരിട്ടു കണ്ടവര്‍ ആ നാട്ടിലുണ്ടായിരുന്നില്ല. തൂവല്‍ എടുത്തുമാറ്റിയതിനു ശേഷം ചെറുപ്പക്കാര്‍ കുറേ കരിക്കട്ടകള്‍ ആ പെട്ടിയിലിട്ട് യഥാസ്ഥാനത്ത് വെച്ചു.

ഗബ്രിയേല്‍ മാലാഖയുടെ തൂവല്‍ ഒരു നോക്കു കാണാന്‍ ഉച്ചയോടെ ജനം പള്ളിമുറ്റത്തേക്ക് ഒഴുകിയെത്തി. പതിവിലും കൂടുതലുള്ള ജനങ്ങളെ കണ്ട് അച്ചനും സന്തോഷിച്ചു. അച്ചന്റെ സേവകന്‍ തിരുശേഷിപ്പ് നിറച്ച ഭാണ്ഡവുമായി പ്രസംഗപീഠത്തിലെത്തി. സത്യസന്ധതയെക്കുറിച്ചും കള്ളം പറഞ്ഞാല്‍ നരകമാണ് ശിക്ഷയെന്നുമൊക്കെ ജനങ്ങള്‍ക്ക് താക്കീത് നല്‍കികൊണ്ട് ഭക്തിപുരസ്സരം ഭാണ്ഡം തുറന്ന് പെട്ടി പുറത്തെടുത്തപ്പോഴാണ് തൂവല്‍ കാണാതായ കാര്യം അച്ചന്‍ അറിയുന്നത്.

പറ്റിയ അമളി പുറത്തു പ്രകടിപ്പിക്കാതെ അച്ചന്‍ കൈകള്‍ ആകാശത്തേക്കുയര്‍ത്തി പ്രാര്‍ഥിച്ചു.'സര്‍വശക്തനായ പിതാവേ, അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ' അനന്തരം അച്ചന്‍ ജനക്കൂട്ടത്തെ നോക്കി, വിശുദ്ധ ഭൂമിയിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്രയെക്കുറിച്ചും ആകാശമധ്യത്തില്‍ നേരില്‍ കണ്ട അപൂര്‍വ ദൃശ്യങ്ങളെക്കുറിച്ചും വാചാലനായി. ഈശ്വരന്റെ ശക്തിപ്രഭാവത്തെ നേരില്‍ കണ്ട് ജറൂസലമിലെത്തിയപ്പോഴാണ് അവിടത്തെ പുരോഹിതന്റെ പക്കലുള്ള തിരുശേഷിപ്പുകള്‍ കാണാനിടയായതെന്നും അവയുടെയെല്ലാം വിവരണങ്ങള്‍ നല്‍കാന്‍ തുടങ്ങിയാല്‍ ഇന്നോ നാളെയോ അവസാനിക്കുകയില്ലയെന്നും അച്ചന്‍ തട്ടിവിട്ടു. പിന്നീട് സ്ത്രീകള്‍ തിങ്ങിനിറഞ്ഞിരിക്കുന്ന ഭാഗത്തേക്ക് നോക്കി ചില തിരുശേഷിപ്പുകളുടെ പേരു പറയാന്‍ തുടങ്ങി. പരിശുദ്ധാത്മാവിന്റെ ചെറുവിരല്‍, മാലാഖയുടെ നഖം, പിശാചുമായി ഏറ്റുമുട്ടിയ സെന്റ് മൈക്കിളിന്റെ വിയര്‍പ്പു സൂക്ഷിച്ചിട്ടുള്ള ഒരു കുപ്പി, സോളമന്റെ ദേവാലയത്തിലെ മണിയൊച്ച നിറച്ച ഒരു ഡപ്പി, ഗബ്രിയേല്‍ മാലാഖയുടെ തൂവല്‍, വിശുദ്ധനായ ലോറന്‍സ് പുണ്യവാളനെ ദഹിപ്പിക്കാനുപയോഗിച്ച കരിക്കട്ടകള്‍ തുടങ്ങിയവ അച്ചന്‍ എണ്ണിത്തുടങ്ങി. മാത്രമല്ല, പുണ്യഭൂമികള്‍ തേടിയിറങ്ങിയ സിപ്പോളോ അച്ചനില്‍ സംപ്രീതനായ പുരോഹിതന്‍, മണിയൊച്ച നിറച്ച ഒരു ഡപ്പിയും തൂവലും കരിക്കട്ടകളും അച്ചന് സമ്മാനിച്ച കാര്യവും വെളിപ്പെടുത്തി. 

കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്: 'ഗബ്രിയേല്‍ മാലാഖയുടെ തൂവല്‍ കേടുവരാതിരിക്കാന്‍ ഒരു ചെറിയ പെട്ടിയിലാണ് ഞാന്‍ സൂക്ഷിക്കുന്നത്. സെന്റ് ലോറന്‍സിനെ ദഹിപ്പിച്ച കരിക്കട്ടകളും അതുപോലെ മറ്റൊരു പെട്ടിയില്‍ സൂക്ഷിക്കുന്നു. ഒരേ ആകൃതിയിലുള്ള, വലിപ്പത്തിലുമുള്ളവയാണ് ഈ പെട്ടികള്‍. പലപ്പോഴും രണ്ടും തമ്മില്‍ മാറിപ്പോകാറുണ്ട്. ഇന്നും അതു തന്നെ സംഭവിച്ചു. മാലാഖയുടെ തൂവലാണ് കൊണ്ടുവരാന്‍ ഉദ്ദേശിച്ചതെങ്കിലും ഞാനിവിടെ കൊണ്ടുവന്നത് വിശുദ്ധനെ ദഹിപ്പിച്ച കരിക്കട്ടകള്‍ നിറച്ച പെട്ടിയാണ്. എങ്കിലും ഇത് എനിക്ക് പറ്റിയ കൈപ്പിഴയാണെന്ന് ഞാന്‍ കരുതുന്നില്ല. ഈശ്വരേഛയാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു. മറ്റന്നാള്‍ സെന്റ് ലോറന്‍സിന്റെ ഓര്‍മപ്പെരുന്നാളാണല്ലോ. അതുകൊണ്ട് അദ്ദേഹത്തിന്റെ തിരുശേഷിപ്പാണ് വിശ്വാസികള്‍ കാണേണ്ടതെന്ന് തീരുമാനിച്ച് ദൈവം ഈ പെട്ടി എന്റെ കൈയിലേല്‍പ്പിച്ചതാവണം. അതുകൊണ്ട് വിശ്വാസികളേ, നിങ്ങള്‍ ഭാഗ്യവാന്മാരാണ്. ഒരോരുത്തരായി ഈ തിരുശേഷിപ്പിനെ കണ്ട് നിര്‍വൃതിയടയുക. അതോടൊപ്പം ഒരു കാര്യം കൂടി നിങ്ങളെ ഓര്‍മപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ കരിക്കട്ടകൊണ്ട് ആരുടെ പുറത്ത് കുരിശുവരക്കുന്നുവോ അയാള്‍ക്ക് അഗ്നിയില്‍ തൊട്ടാലല്ലാതെ പൊള്ളലേല്‍ക്കുകയില്ലെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു.' 

പമ്പരവിഡ്ഢികളായ ജനം തിരുശേഷിപ്പ് നേരില്‍ കാണാന്‍ ആവേശത്തോടെ തള്ളിക്കയറി. പണവും പണ്ടവുമായി പതിവിലധികം കാണിക്കയായി അച്ചന് ലഭിച്ചു. വിശുദ്ധ കരിക്കട്ടകൊണ്ട് കുരിശുവരക്കാന്‍ ജനം അച്ചനോട് അപേക്ഷിച്ചു. അച്ചന്‍ കരിക്കട്ടയെടുത്ത് വിശ്വാസികളുടെ വെളുത്ത ഉടുപ്പുകളിലും സ്ത്രീകളുടെ മേല്‍വസ്ത്രങ്ങളിലും വലിയ വലിയ കുരിശുകള്‍ വരച്ചു അനുഗ്രഹിച്ചു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (160 - 169)
എ.വൈ.ആര്‍