Prabodhanm Weekly

Pages

Search

2017 ജൂലൈ 21

3010

1438 ശവ്വാല്‍ 27

മോദി ഇസ്രയേലില്‍നിന്ന് ഇനിയെന്ത് കൊണ്ടുവരാന്‍?

എ. റശീദുദ്ദീന്‍

ഇസ്രയേലുമായി ചേര്‍ന്ന് ഇന്ത്യ ശക്തിപ്പെടുത്തിയ നയതന്ത്ര ബന്ധത്തിന്റെ പോരിശയെ നരേന്ദ്ര മോദിയിലേക്ക് ചേര്‍ത്തു പറയുന്നത് വസ്തുതക്ക് നിരക്കുന്നതല്ല. ഇന്ത്യയില്‍നിന്ന് തെല്‍അവീവിലേക്ക് സന്ദര്‍ശനത്തിനു പോയ പ്രഥമ പ്രധാനമന്ത്രി എന്നതു മാത്രമേ ഏറിയാല്‍ മോദിയുടെ യാത്രക്ക് പ്രാധാന്യം ഉണ്ടായിരുന്നുള്ളൂ. പുറമേക്ക് വലിയ സിദ്ധാന്തമൊക്കെ പറയാറുണ്ടായിരുന്നുവെങ്കിലും ഈ സഹകരണങ്ങളുടെ തുടക്കം സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്തു തന്നെ ഇന്ത്യ ആരംഭിച്ചിരുന്നു. ബംഗ്ലാദേശ് വിമോചന കാലത്ത് ഇന്ദിരാ ഗാന്ധിക്ക് ഇസ്രയേല്‍ ആയുധം നല്‍കിയിട്ടുണ്ടെന്നും ചൈനയുമായുള്ള ഉരസലിന്റെ കാലത്ത് 1962-ലും '65-ലും നെഹ്റുവും ഇതേ കാര്യം ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് പി.എന്‍ ഹകസ്റിനെയും ബ്രജേഷ് മിശ്രയെയുമൊക്കെ ഉദ്ധരിച്ചുകൊണ്ട് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ദിരയുടെ കാലത്തെ ഏറ്റവും കരുത്തരായ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും. ഏതായാലും ഇസ്രയേലുമായുള്ള ഔദ്യോഗിക നയതന്ത്രബന്ധത്തിന് തുടക്കമിട്ട കോണ്‍ഗ്രസ് പ്രധാനമന്ത്രി പി.വി നരസിംഹറാവുവാണ് ഇക്കാര്യത്തില്‍ അവസാനമായി ഞൊണ്ടിന്യായം പറഞ്ഞതെന്നും പൂര്‍വസൂരികള്‍ കാണിച്ച ഫലസ്ത്വീന്‍ കാപട്യം മോദിയുടെ കാലത്ത് അവസാനിപ്പിച്ചു എന്നതുമാണ് ഇപ്പോഴുണ്ടായത്. സോവിയറ്റ് യൂനിയന്റെ പതനത്തിനു ശേഷം ഇന്ത്യ അഭിമുഖീകരിച്ച ആയുധക്ഷാമത്തില്‍നിന്ന് രക്ഷപ്പെടാനായാണ് ഈ ബന്ധം ഔദ്യോഗികമാക്കിയതെന്നായിരുന്നു റാവു നടത്തിയ വിശദീകരണം.

ഇന്ത്യന്‍ ഭരണയന്ത്രത്തിനകത്ത് എക്കാലത്തും മികച്ച സ്വാധീനം ഉണ്ടായിരുന്ന നയതന്ത്രജ്ഞനാണ് ബ്രജേഷ് മിശ്ര. ഇസ്രയേലിനു വേണ്ടി അതിശക്തമായി നിലകൊണ്ട ഡിപ്ലോമാറ്റ്. സോവിയറ്റ് യൂനിയനു ശേഷമുള്ള കാലത്തെ അമേരിക്കന്‍ ബന്ധങ്ങളെ കുറിച്ച പ്രസ്താവന ഇന്ദിരക്കു വേണ്ടി ഐക്യരാഷ്ട്ര സഭയില്‍ വായിച്ചതും മാവോ സേതുങിന്റെ പ്രശസ്തമായ ബെയ്ജിംഗിലെ 'ചിരി'ക്ക് സാക്ഷിയായതും മി്രശയാണ്. യുദ്ധത്തിനു ശേഷം ഈ ചിരിയെ തുടര്‍ന്നാണ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള സന്നദ്ധത ചൈന അറിയിച്ചത്. എന്നാല്‍ മിശ്ര തത്ത്വത്തിലും പ്രയോഗത്തിലും കമ്യൂണിസ്റ്റ് ചൈനക്ക് എതിരായിരുന്നു. 1962 ഒക്‌ടോബര്‍-നവംബര്‍ മാസക്കാലത്ത് ചൈനക്കെതിരെ സഹായം ആവശ്യപ്പെട്ട് നെഹ്റു ബെന്‍ഗൂറിയന് കത്തയച്ചിരുന്നു. പക്ഷേ ഇസ്രയേലിന്റെ പതാക ഉപയോഗിക്കാത്ത കപ്പലുകളില്‍ ആയുധം എത്തിക്കണമെന്ന നെഹ്റുവിന്റെ ആവശ്യം ബെന്‍ഗൂറിയന്‍ തള്ളി. ഒടുവില്‍ പതാകയോടു കൂടി തന്നെ തെല്‍അവീവിന്റെ പടക്കോപ്പുകള്‍ ഇന്ത്യയിലെത്തിക്കേണ്ടി വന്നു നെഹ്റുവിന്. ദല്‍ഹിയിലെ നെഹ്റു മെമ്മോറിയല്‍ മ്യൂസിയത്തിലെ പഴയ രേഖകളില്‍നിന്ന് കണ്ടെത്തിയ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ശ്രീനാഥ് രാഘവന്‍ എഴുതിയ 1971 എന്ന പുസ്തകം കോണ്‍ഗ്രസ് കാലത്തെ ഇസ്രയേല്‍ രഹസ്യ ഇടപാടുകളുടെ ചരിത്രം വിശദീകരിക്കുന്നുണ്ട്. 1960-കളിലെ അമേരിക്കന്‍ അംബാസഡര്‍ ബി.കെ നെഹ്റു ഇന്തോ-ഇസ്രയേല്‍ ബന്ധങ്ങളെ സാധാരണ നിലയിലാക്കാന്‍ ഏറെ ശ്രമിച്ചിരുന്നുവെന്നും പഴയ കേബിളുകള്‍ ഉദ്ധരിച്ച് ഗ്രന്ഥം വെളിപ്പെടുത്തുന്നു. പൂര്‍വസൂരികള്‍ തുടങ്ങിവെച്ച പലതും സ്വന്തം അക്കൗണ്ടില്‍ എഴുതി വെക്കുന്ന മോദിയന്‍ രീതിക്കപ്പുറം ഇന്തോ-ഇസ്രയേല്‍ ബന്ധങ്ങളില്‍ അസാധാരണമായ ഒരു പുതിയ നേട്ടമോ അല്ലെങ്കില്‍ കോട്ടമോ ഒടുവിലത്തെ സന്ദര്‍ശനത്തിലൂടെ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.

ഇന്ദിരാഗാന്ധിയുടെ കാലത്ത് പാകിസ്താനെതിരെയുള്ള ശീതയുദ്ധത്തില്‍ ഇന്ത്യയെ സഹായിക്കാമെന്ന് ഇസ്രയേല്‍ ഏറ്റിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തരാവസ്ഥ കാലത്ത് അന്നത്തെ ഇസ്രയേല്‍ വിദേശകാര്യമന്ത്രി മോശെ ദയാന്‍ ഇന്ത്യയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താന്റെ കഹൂട്ടയിലെ ആണവ റിയാക്ടര്‍ ബോംബിട്ടു തകര്‍ക്കാനായിരുന്നു തെല്‍അവീവ് ഇന്ദിരക്ക് സഹായം വാഗ്ദാനം ചെയ്തത്. ഇക്കാര്യത്തിന് ഗുജറാത്തിലെ ജാംനഗര്‍ എയര്‍ബേസ് ഉപയോഗിക്കാന്‍ ഇന്ദിരാഗാന്ധി 1984-ല്‍ ഇസ്രയേലിന് അനുമതിയും നല്‍കി. ഈ അജണ്ട പക്ഷേ ഇതിനിടയില്‍ ചോര്‍ന്നു. രാജാ രാമണ്ണയെ ആണ് ഇക്കാര്യത്തില്‍ അമേരിക്കന്‍ നയതന്ത്ര കേബിളുകള്‍ ഉദ്ധരിക്കുന്നത്. ഇറാഖിന്റെ ആണവ റിയാക്ടര്‍ 1981-ല്‍ ഓപ്പറേഷന്‍ ബാബിലോണ്‍ എന്നു പേരിട്ട നീക്കത്തിലൂടെ തകര്‍ത്ത ഇസ്രയേലിന് മേഖലയില്‍ ആണവയുദ്ധം ഉണ്ടാവുന്നതിനോട് തത്ത്വത്തില്‍ വിയോജിപ്പുണ്ടായിരുന്നില്ല. എന്തായാലും റൊണാള്‍ഡ് റീഗന്‍ ഭരണകൂടം സംഭവം മണത്തറിയുകയും സി.ഐ.എയുടെ ഇസ്ലാമാബാദ് നിലയം വഴി പാകിസ്താനെ വിവരം അറിയിക്കുകയും ചെയ്തു. ഇന്ത്യയുടെ ട്രോംബെ അണുനിലയത്തിനു നേരെയായിരിക്കും പാകിസ്താന്റെ തിരിച്ചടിയെന്ന് ഭയപ്പെട്ടതോടെയാണ് ഇന്ദിരാഗാന്ധി ഒടുവില്‍ ഈ നീക്കത്തില്‍നിന്ന് പിന്നാക്കം പോയത്. സുദീര്‍ഘമായ ഒരു കാലഘട്ടം ദല്‍ഹിയിലെ അശോകാ ഹോട്ടലില്‍ ഇസ്രയേലിന്റെ രഹസ്യ നയതന്ത്ര കാര്യാലയം കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നു. രാജീവിന്റെ കാലത്ത് ഐക്യരാഷ്ട്ര സഭാ സമ്മേളന വേദിക്കു പുറത്തു വെച്ച് ഇസ്രയേലുമായി സുപ്രധാനമായ കൂടിക്കാഴ്ച അരങ്ങേറി. കൊണ്ടും കൊടുത്തും മുന്നോട്ടുപോയ ഈ രഹസ്യബാന്ധവത്തെ 1992-ല്‍ പി.വി നരസിംഹറാവു ഔദ്യോഗികമായി അംഗീകരിക്കുക മാത്രമാണ് ചെയ്തത്.

അറബ് ലോകത്തു തന്നെ ഫലസ്ത്വീന്‍ ബന്ധവുമായി ബന്ധപ്പെട്ട പുനരാലോചനകള്‍ സജീവമായ ഇപ്പോഴത്തെ സാഹചര്യത്തില്‍ വേണം മോദിയുടെ സന്ദര്‍ശനത്തെ നോക്കിക്കാണാന്‍. 2003-ല്‍ നടത്തിയ സന്ദര്‍ശനത്തിലൂടെ ഷിമോണ്‍ പെരസ് ഇങ്ങോട്ടു വന്ന ആദ്യത്തെ ഇസ്രയേലി പ്രധാനമന്ത്രി ആയപ്പോള്‍ മോദി അങ്ങോട്ടു പോയ ആദ്യത്തെയാളായി എന്നു മാത്രം. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി തെല്‍അവീവില്‍ നിന്ന് തൂക്കമൊപ്പിക്കാനായി വെസ്റ്റ് ബാങ്കിലേക്കും പോയിരുന്നുവല്ലോ. മോദി ആ പതിവ് അവസാനിപ്പിച്ചു. ഫലസ്ത്വീനിലേക്കു പോകാതെ തെല്‍അവീവ് മാത്രം സന്ദര്‍ശിച്ചു മടങ്ങിയ മോദി എന്തോ ഒരു വന്‍പാതകം ചെയ്തുവെന്ന മട്ടിലാണ് കോണ്‍ഗ്രസ് പ്രതികരിച്ചതും. യു.പി.എ കാലത്താണ് ഫലസ്ത്വീനെതിരെ ഇന്ത്യ ആദ്യം വോട്ടു ചെയ്തത് എന്നത് ശശി തരൂര്‍ മറന്നു. യഥാര്‍ഥത്തില്‍ ഇസ്രയേലുമായുള്ള സഹകരണത്തിലൂടെ ഉണ്ടാകുമെന്ന് ഭയപ്പെട്ട എല്ലാ ഉപദ്രവങ്ങളും ഇന്ത്യയില്‍ അതിന്റെ പാരമ്യത്തില്‍തന്നെ ഇതിനകം നിലനില്‍ക്കുന്നുണ്ട്. അറിഞ്ഞേടത്തോളം പതിവ് ആയുധക്കരാറുകളും സുരക്ഷാ സഹകരണവും ഭീകരതാ വിരുദ്ധ പരിശീലനങ്ങളുമല്ലാതെ പുതിയ ഏര്‍പ്പാടുകളൊന്നും പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. ഭീകരതാ വിരുദ്ധതയുടെ പേരില്‍ മുസ്ലിംകളെ ലക്ഷ്യമിട്ട് ഇന്ത്യയില്‍ നടന്ന ഇന്റലിജന്‍സ് നീക്കങ്ങളുടെയെല്ലാം പിന്നിലുണ്ടായിരുന്നത് സുരക്ഷാ സഹകരണം എന്ന ഓമനപ്പേരിട്ട് കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി മൊസാദ് നല്‍കിവരുന്ന പരിശീലന പദ്ധതിയുടെ രംഗാവിഷ്‌കാരമായിരുന്നില്ലേ? എന്തിനേറെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 28 ഇസ്രയേലികളെ കുറിച്ചു പോലും ദുരൂഹത ഇപ്പോഴുമുണ്ട്. അവര്‍ ഇരകളായിരുന്നോ അതോ പ്രതികളായിരുന്നോ എന്ന് വ്യക്തമാകുന്നതിനു മുമ്പെയാണ് പോസ്റ്റ്മോര്‍ട്ടം പോലുമില്ലാതെ ശവശരീരങ്ങള്‍ വിട്ടു കൊടുക്കേണ്ടിവന്നതും. ഭീകരാക്രമണ നാടകങ്ങള്‍ക്കു ശേഷം പ്രതികളെ കുടുക്കാന്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളിലെല്ലാം അതിശയകരമായ അന്താരാഷ്ട്ര ആശയപ്പാപ്പരത്തം പുറത്തു വന്നതോടെയാണ് രണ്ടാം യു.പി.എ കാലഘട്ടത്തിനൊടുവില്‍ ഇത്തരം നാടകങ്ങള്‍ ഇന്ത്യയില്‍ അപ്രത്യക്ഷമാവാന്‍ തുടങ്ങിയത്. മോദി സര്‍ക്കാര്‍ ഈ പരീക്ഷണങ്ങള്‍ പുനരാരംഭിക്കുമെന്ന് കരുതുന്നതില്‍ അര്‍ഥമുണ്ടായിരുന്നില്ല.

മുസ്ലിംകളെ അപരവല്‍ക്കരിക്കുന്ന രാഷ്ട്രീയ സംഹിതയില്‍ വിശ്വസിച്ചാണ് നരേന്ദ്ര മോദിസര്‍ക്കാര്‍ മന്നോട്ടു പോവുന്നത് എന്നതുകൊണ്ടു മാത്രമാണ് ഒടുവിലത്തെ ഇസ്രയേല്‍ സന്ദര്‍ശനം ചില ഗ്രൂപ്പുകളില്‍ അമിതമായ പ്രതീക്ഷ വളര്‍ത്തിയത്. പക്ഷേ ഈ പൊതുധാരണയെ അതിസമര്‍ഥമായി ബി.ജെ.പി ചൂഷണം ചെയ്യുക മാത്രമാണ് ഇപ്പോഴുണ്ടാകുന്നത്. ഇസ്രയേലുമായി നടത്തിയ ആയുധ ഉടമ്പടികള്‍ ഉദാഹരണം. ചൈനയും പാകിസ്താനും ഇപ്പോഴത്തെ അവസ്ഥയില്‍ അന്യോന്യം സഹായിച്ചുകൊണ്ടിരുന്നാല്‍ ഇന്ത്യന്‍ ഖജനാവിന്റെ നിലവറകള്‍ തുറന്ന് തെല്‍അവീവിലേക്ക് സഹസ്ര കോടികള്‍ ഒഴുക്കുകയും അതിന്റെ കിമ്പളം പാര്‍ട്ടിയാസ്ഥാനത്തുള്ളവര്‍ക്ക് എണ്ണിവാങ്ങുകയും ചെയ്യാമെന്നല്ലാതെ അന്തിമമായ ഒരു മേല്‍ക്കൈയും പുതിയ കാലത്ത് ഇത്തരം കരാറുകള്‍ ഉണ്ടാക്കുന്നില്ല. വെള്ളത്തില്‍ വരക്കുന്ന വര മാത്രമാണ് ഈ പ്രതിരോധ സഹകരണ കരാറുകള്‍. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താതെ ആയുധം കൊ് മാത്രം എല്ലാം ശരിയാക്കിക്കളയാമെന്നത് നാഗ്പൂരിലിരുന്ന് ഭരണം നിയന്ത്രിക്കുന്നവരുടെ വ്യാമോഹം മാത്രമല്ലേ? മോദിയെ അധികാരത്തിലേറ്റാന്‍ സഹായിച്ചതും വികസന നായകന്‍ എന്നതിനേക്കാളുപരി മുസ്ലിം അന്തകന്‍ എന്ന ഈ പ്രതിഛായയാണ്. പക്ഷേ സൂക്ഷ്മ വായനയില്‍ ആ അര്‍ഥത്തില്‍ മോദിക്ക് കാര്യമായൊന്നും മുന്നോട്ടു പോകാനായിട്ടില്ല. അതിന്റെ കാരണമാകട്ടെ സാമ്പത്തികവുമാണ്. മോദി യാത്രപോയ വിദേശരാജ്യങ്ങളില്‍നിന്നും ലഭിച്ചതിനേക്കാളേറെ വിദേശ നിേക്ഷപം ഇന്ത്യ സമീപകാലത്ത് നേടിയത് അറബ് രാജ്യങ്ങളില്‍നിന്നാണ്. അന്താരാഷ്ട്രതലത്തില്‍ ഇടക്കാലത്ത് ശക്തിപ്പെട്ടിരുന്ന സിദ്ധാന്തങ്ങളുടെ സ്ഥാനത്ത് മുസ്ലിം ലോകവുമായി പ്രായോഗികമായ സൗഹൃദം ഇടം പിടിക്കുന്നതും ഐസിസിന്റെ ആവിര്‍ഭാവത്തിനു ശേഷം മധ്യപൗരസ്ത്യ മേഖല കേന്ദ്രീകരിച്ചുള്ള പരസ്യ യുദ്ധങ്ങള്‍ പാശ്ചാത്യ സമൂഹങ്ങളില്‍ പുനര്‍വിചിന്തനമുണ്ടാക്കുന്നതും കാണാനുണ്ട്.

ഇസ്രയേല്‍-ഇന്ത്യാ ബന്ധത്തിലൂടെ കാര്യമായ അത്ഭുതമൊന്നും സംഭവിക്കില്ലെന്ന് വിശ്വസിക്കാന്‍ വേറെയും കാരണങ്ങളുണ്ട്. അമേരിക്കയെ മാറ്റിനിര്‍ത്തിയാല്‍ ഇപ്പോഴത്തെ ഇന്ത്യയെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന വിരലിലെണ്ണാവുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രയേല്‍. ഈ രണ്ടു രാജ്യങ്ങളിലും ഇപ്പോഴുള്ളത് തീവ്ര വലതുപക്ഷ ഭരണകൂടങ്ങളാണ്. അതേസമയം ഇത്തരം സര്‍ക്കാറുകള്‍ ഭരിക്കുന്ന രാജ്യങ്ങളില്‍ പിന്തിരിപ്പന്‍ വലതുപക്ഷം പ്രതിപക്ഷത്തിരിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് അവര്‍ക്കു ചുറ്റിലും പരസ്യമായ ഏറ്റുമുട്ടലിന്റെ സാഹചര്യം സൃഷ്ടിക്കപ്പെടാറുള്ളത്. അറബികളുമായി നേര്‍ക്കു നേരെ ഇസ്രയേല്‍ യുദ്ധം ചെയ്തത് ഇടതുപക്ഷ മതേതരസര്‍ക്കാറുകളെ നയിച്ചവരെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രിമാരുടെ കാലത്തായിരുന്നില്ലേ? ഇന്ന് ആ രാജ്യത്തിന്റെ ഊന്നല്‍ മുഴുവനും തെമ്മാടി രാജ്യമെന്ന സ്വന്തം പ്രതിഛായ മാറ്റിയെടുക്കുന്നതിലാണ്. പരിധി ലംഘിക്കുമ്പോള്‍ ഇന്ത്യക്ക് സംഭവിക്കാന്‍ പോകുന്നതും അതു തന്നെയാണ്. 90-കള്‍ക്കു ശേഷം ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തെയും സാങ്കേതിക-വ്യവസായിക വളര്‍ച്ചയെയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്ന വിദേശ മാധ്യമങ്ങള്‍ നിലവില്‍ രാജ്യത്തെ 'ഗോപാലന്മാ'രെ കുറിച്ചാണ് കൂടുതലും ചര്‍ച്ച ചെയ്യുന്നത്. പശുവും റോമിയോ സ്‌ക്വാഡും നട്ടപ്പാതിര നേരത്തെ നോട്ട് നിരോധവുമൊക്കെയാണ് ലോകരാഷ്ട്രങ്ങള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇപ്പോഴത്തെ ഹാഷ് ടാഗുകള്‍. ലോകത്തെ ഏറ്റവും വലിയ മതേതര, ജനാധിപത്യ റിപ്പബ്ലിക്കിന് ആ പ്രതിഛായ നഷ്ടപ്പെട്ടുതുടങ്ങിയിട്ടുണ്ട്. പശുമൂത്രത്തില്‍നിന്ന് കാന്‍സറിനുള്ള മരുന്ന് കണ്ടെത്താന്‍ ബജറ്റില്‍ പണം നീക്കിവെക്കുന്ന സര്‍ക്കാറിനെ കുറിച്ച് പശുവിനെയും കാന്‍സറിനെയും കുറിച്ചറിയുന്ന ലോകരാജ്യങ്ങള്‍ അവരുടേതായ നിഗമനങ്ങളിലെത്തുക സ്വാഭാവികം.

കൃഷി വിജ്ഞാനം, ശാസ്ത്ര സാങ്കേതിക സഹകരണം എന്നൊക്കെ ഓമനപ്പേരിട്ടാണ് കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ഇസ്രയേലിനെ വാരിപ്പുണര്‍ന്നതെങ്കില്‍ പൊതു ശത്രുവിന്റെ പേരു പറഞ്ഞാണ് മോദിയും നെതന്യാഹുവും ഇപ്പോള്‍ കെട്ടിപ്പിടിക്കുന്നത്. 192 രാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തിന്റെ ആഗോള പട്ടികയില്‍ ഏറ്റവും മോശപ്പെട്ട നാലാമത്തെ രാജ്യമാണ് മോദിഭാരതം. ആശ്വാസത്തിന് സിറിയയും നൈജീരിയയും ഇറാഖും താഴെയുണ്ടെന്നു മാത്രം. മനുഷ്യാവകാശങ്ങളോടും നീതിവാഴ്ചയോടും മതസ്വാതന്ത്ര്യത്തോടുമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പുഛം അന്താരാഷ്ട്ര മേഖലയില്‍ നേതൃഗുണമായി ആരും കണക്കാക്കുന്നില്ല. ആഭ്യന്തരമായി മാത്രമാണ് നരേന്ദ്ര മോദി കരുത്താര്‍ജിക്കുന്നത്. സമ്പൂര്‍ണ ഭൂരിപക്ഷത്തോടെ ഇതാദ്യമായി കൈയില്‍ വന്ന ഭരണത്തോടൊപ്പം പാര്‍ലമെന്റിലോ പൗരസമൂഹത്തിലോ മാധ്യമങ്ങളിലോ പ്രതിപക്ഷം എന്ന വാക്കിനെ സാധൂകരിക്കുന്നതൊന്നും നിലവിലില്ലാത്ത അനുകൂല സാഹചര്യം ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ക്ക് ഉണ്ടായിട്ടുണ്ട്. ഭരണഘടന തിരുത്തിയെഴുതുമ്പോള്‍ മാത്രമാണ് തത്ത്വത്തില്‍ അവര്‍ക്ക് ഇതിനേക്കാള്‍ കൂടുതലായി ഇനിയും ഇന്ത്യയില്‍ നേടാനാവുക. പക്ഷേ പ്രായോഗികമായി ബി.ജെ.പി സര്‍ക്കാര്‍ എപ്പോഴോ ഭരണഘടനയെ മറികടന്നു കഴിഞ്ഞു. മോദി ഭരണകാലത്തെ നടപടിക്രമങ്ങള്‍ വിലയിരുത്തുമ്പോള്‍ ജുഡീഷ്യറി മുതല്‍ക്കിങ്ങോട്ട് ഏത് സംവിധാനത്തെയാണ് മോദിയും കൂട്ടരും അട്ടിമറിക്കാത്തതായി ബാക്കിയുള്ളത്? എന്നാല്‍ ഈ തിണ്ണമിടുക്കിനെ അയല്‍പക്കത്തേക്കോ അതിനുമപ്പുറത്തേക്കോ വ്യാപിപ്പിക്കാന്‍ മോദി ശ്രമിച്ചാല്‍ പ്രത്യാഘാതം മറ്റൊരു തരത്തിലായിരിക്കും.

ഇന്ത്യ ചൈനയുമായി സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. ചൈനയുമായുള്ള സൈനിക ഏറ്റുമുട്ടലുകള്‍ ഇന്ത്യക്ക് കനത്ത നഷ്ടമാണ് മുന്‍കാലങ്ങളില്‍ ബാക്കിയാക്കിയത്. ഇത് ചൈന സമര്‍ഥമായി മുതലെടുക്കുന്നുമുണ്ട്. നരേന്ദ്ര മോദിയുടെ ഇസ്രയേല്‍-അമേരിക്ക സന്ദര്‍ശനങ്ങള്‍ നടക്കുന്നതിനിടെ അതിര്‍ത്തിയില്‍ ചൈന പ്രകോപനമുണ്ടാക്കിയത് ശ്രദ്ധിക്കുക. സിക്കിമിനോട് ചേര്‍ന്ന ദോക്ലാം മേഖലയില്‍നിന്നും ഇന്ത്യന്‍ സൈനികര്‍ പിന്‍വാങ്ങിയാലല്ലാതെ മോദിയുമായി ചര്‍ച്ചയില്ലെന്ന് വ്യക്തമാക്കിയ ചൈനയുടെ പ്രധാനമന്ത്രി പിന്നീട് ജി-20 ഉച്ചകോടിക്കു മുന്നോടിയായി മോദിയുമായി ഫോണില്‍ സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ആര്‍ ആര്‍ക്കു കീഴടങ്ങി? ചൈനയാണ് മുട്ടുമടക്കിയതെങ്കില്‍ മേഖലയിലെ അവരുടെ മേല്‍ക്കോയ്മയുടെ തന്നെ ആണിക്കല്ല് ഇളക്കുന്ന സംഭവവികാസമായിരുന്നു അത്. സൗത്ത് ചൈനാ ഉള്‍ക്കടല്‍ വിഷയത്തില്‍ വിയറ്റ്നാമിനെയും കംബോഡിയയെയും ഫിലിപ്പൈന്‍സിനെയുമൊക്കെ പ്രലോഭിപ്പിച്ചോ ഭയപ്പെടുത്തിയോ ഒതുക്കിയ ചൈന ഒടുവില്‍ ഭൂട്ടാനെ പോലുള്ള ഒരു കുഞ്ഞുരാജ്യത്തിനു മുമ്പില്‍ ചെറുതാകുന്ന ഒരു സാഹചര്യം സ്വയം സൃഷ്ടിച്ചുകൊടുത്തുവെന്നാണ് അതിനര്‍ഥം. മാന്യമായി പിന്‍വാങ്ങുക, അല്ലെങ്കില്‍ ചവിട്ടിപ്പുറത്താക്കും എന്ന മട്ടില്‍ പ്രകോപനപരമായ ഭാഷ തന്നെയാണ് ചൈനീസ് ഭരണകൂടം ഉപയോഗിച്ചുകൊണ്ടിരുന്നത്. അമേരിക്കയിലേക്കുള്ള സന്ദര്‍ശനത്തിനു മുന്നോടിയായി താന്‍ ഒരു സംഭവമാണ് എന്ന് ഡൊണാള്‍ഡ് ട്രംപിനെ ബോധ്യപ്പെടുത്താനാണ് മോദി ഇന്ത്യയുടേതല്ലാത്ത ദോക്ലാം പ്രശ്നത്തില്‍ ഭൂട്ടാനു വേണ്ടി തലയിട്ടത്. 'ചിക്കന്‍നെക്ക്' എന്നറിയപ്പെടുന്ന ആ തര്‍ക്കം യഥാര്‍ഥത്തില്‍ ഭൂട്ടാനും ചൈനയും തമ്മിലുള്ളതാണ്. മാത്രവുമല്ല അതേച്ചൊല്ലി സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യ നഷ്ടപ്പെടുത്തുമെന്നല്ലാതെ നയതന്ത്രപരമായോ അല്ലാതെയോ ഒന്നും നേടുമായിരുന്നില്ല.

2019-ലെ തെരഞ്ഞെടുപ്പിന്റെ ഓളം വെപ്പിക്കുന്നതിന്റെ സാധ്യതകളിലൊന്ന് പാകിസ്താനുമായാണ് ബന്ധപ്പെട്ടു കിടക്കുന്നത്. അത്തരമൊരു യുദ്ധത്തിന്റെ സാധ്യതകള്‍ ആരായുക എന്നതിലപ്പുറം മറ്റു ലക്ഷ്യങ്ങളൊന്നുമില്ലാത്ത സര്‍ക്കീട്ടടിക്കൊടുവില്‍ മോദി ഇന്ത്യന്‍ ഖജനാവില്‍നിന്ന് നെതന്യാഹുവിന് കൊടുക്കാനൊരുങ്ങുന്നത് 27,800 കോടി രൂപയാണ്. കമീഷന്‍ കഴിച്ചുള്ള ബാക്കിത്തുകക്ക് പകരമായി ഇന്ത്യക്ക് ലഭിക്കുന്ന മുഴുവന്‍ ആയുധങ്ങളുടെയും സ്ഥാനത്ത് തത്തുല്യമായ ചൈനീസ് മോഡലുകള്‍ പാകിസ്താന്റെ ആവനാഴിയിലുമെത്തും. ഇന്ത്യക്ക് കിട്ടിയെന്ന് പ്രതിരോധ മന്ത്രാലയം പറയുന്ന ഹെറോണ്‍ ടി.പി ഡ്രോണ്‍ എന്ന ആളില്ലാ ആയുധവാഹിനി വിമാനത്തിനു പകരം അമേരിക്ക തന്നെ പാകിസ്താനെ സഹായിച്ചെന്നും വരാം. ഇന്ത്യക്ക് ഈ വിമാനങ്ങള്‍ നല്‍കരുതെന്ന് ഇസ്രയേലിനെ ട്രംപ് വിലക്കിയിരുന്നല്ലോ. സ്വാഭാവിമായും മേഖലയുടെ 'സന്തുലിതത്വം' എന്ന ന്യായം പറഞ്ഞ് നവാസ് ശരീഫിനെ പെന്റഗണ്‍ സഹായിച്ചേക്കും. ആയുധക്കച്ചവടം നടക്കുന്നില്ലെങ്കിലെന്ത് അമേരിക്ക! അപ്പോഴും പുതിയ സര്‍ജിക്കല്‍ സ്ട്രൈക്കുകളെ കുറിച്ച വായ്ത്താരികള്‍ കേട്ട് ഇന്ത്യക്കാരന്‍ കോള്‍മയിര്‍ കൊള്ളും. തൊഴിലില്ലായ്മയും രൂപയുടെ മൂല്യത്തകര്‍ച്ചയും വിലക്കയറ്റവും ദേശത്തിനു വേണ്ടി സഹിക്കാന്‍ പറഞ്ഞ് സാംസ്‌കാരിക നായകന്മാരുടെ ബ്ലോഗെഴുത്തകള്‍ വരും. എത്രയോ കാലമായി നടക്കുന്ന ഈ അസംബന്ധ നാടകത്തിന്റെ നാളും കാരണങ്ങളും മാത്രമേ മാറാന്‍ പോകുന്നുള്ളൂ. വേദിയും അടിസ്ഥാനങ്ങളും മാറാന്‍ പോകുന്നില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (150 - 159)
എ.വൈ.ആര്‍

ഹദീസ്‌

സ്ത്രീകളെ ആദരിക്കുക
എം.എസ്.എ റസാഖ്‌