Prabodhanm Weekly

Pages

Search

2017 ജൂലൈ 14

3009

1438 ശവ്വാല്‍ 20

ഗുണപാഠ കഥയിലെ ജീവിത ദര്‍ശനം

മുഹമ്മദ്കുട്ടി ചേന്ദമംഗല്ലൂര്‍

മുഹമ്മദ് നബി(സ) അനുചരന്മാര്‍ക്ക് പറഞ്ഞുകൊടുത്ത ഒരു കഥ ഹദീസ് ഗ്രന്ഥങ്ങളില്‍ (ബുഖാരി, മുസ്‌ലിം) ഇങ്ങനെ വായിക്കാം:

''യാത്രാ മധ്യേ അന്തിയുറക്കത്തിന് ഒരു ഗുഹയില്‍ കയറിയ മൂന്നു പേര്‍ ഗുഹാമുഖം പാറക്കല്ല് വീണടഞ്ഞ് ഗുഹയ്ക്കകത്ത് പെട്ടുപോയി. തള്ളിമാറ്റാന്‍ പറ്റാത്ത വിധം വലിപ്പമുള്ള കൂറ്റന്‍ പാറക്കഷ്ണം. മൂന്ന് പേര്‍ ഒന്നിച്ച് തള്ളിയിട്ടും പാറ ഒട്ടും അനങ്ങിയില്ല. നമ്മള്‍ ജീവിതത്തില്‍ ചെയ്ത സല്‍കര്‍മങ്ങള്‍ മുന്‍നിര്‍ത്തി നമുക്ക് അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. അവര്‍ അഭിപ്രായപ്പെട്ടു. ആ പ്രാര്‍ഥനയിലൂടെ അവര്‍ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ടു.

ഈ ഹദീസ് ഞാന്‍ പലകുറി വായിച്ചിട്ടുണ്ട്. ഹദീസിലെ കഥാംശത്തെ പല മാനങ്ങളിലൂടെ നോക്കിക്കാണാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു നിര്‍ണായക അപകട സന്ധിയില്‍ ഓര്‍മിച്ചെടുത്ത് പ്രാര്‍ഥിക്കാന്‍ കര്‍മശേഖരത്തില്‍ ഇത്തരം ഒരെണ്ണമെങ്കിലുമുണ്ടോ എന്ന് ചിന്തിച്ചിട്ടുമുണ്ട്. ഈ കഥാവതരണത്തിലൂടെ നബി(സ) പഠിപ്പിക്കാനുദ്ദേശിച്ചതെന്തായിരിക്കാമെന്നും ആലോചിക്കുകയുണ്ടായി. കേള്‍വിക്കാരെ (വായനക്കാരെയും) പലവഴി ആലോചനക്ക് വിട്ട് നബി(സ) ഒരു ഉത്തരാധുനിക കഥാകൃത്തിന്റെ റോളില്‍ മാറി നില്‍ക്കുയാണല്ലോ എന്നും തോന്നിയിട്ടുണ്ട്.

ഈ കഥയെ ഞാന്‍ ഇങ്ങനെ വായിക്കട്ടെ. ആരാധനാനുഷ്ഠാനങ്ങളെ മാത്രം സല്‍കര്‍മങ്ങളുടെ പട്ടികയില്‍ പെടുത്തി അവ നമ്മുടെ രക്ഷക്കെത്തുമെന്ന് ആശ്വാസമടയുന്നവരെ തിരുത്തുകയാണ് ഈ കഥ. ദീര്‍ഘനേരത്തെ രാത്രി നമസ്‌കാരമോ, ക്രമം തെറ്റാത്ത സുന്നത്ത് നോമ്പുകളോ, സകാത്ത് തുടങ്ങിയ ആരാധനകളോ ഒരു നിര്‍ണായക അത്യാഹിത ഘട്ടത്തില്‍ രക്ഷയ്‌ക്കെത്തുന്ന സല്‍കര്‍മങ്ങളായി ഈ കഥയില്‍ കടന്നുവരുന്നില്ല. തികച്ചും വ്യക്തിപരമായ ജീവിതാനുഭവങ്ങളെ ദൈവഭക്തി (തഖ്‌വ) എന്ന ഉള്‍പ്രേരണ കൊണ്ട് എങ്ങനെ സല്‍കര്‍മങ്ങളാക്കി മാറ്റാമെന്ന ഉത്തമപാഠമാണ് കഥ പ്രസരിപ്പിക്കുന്നത്.

ആരാധനകളിലൂടെ നേടിയെടുക്കുന്ന ദൈവസാമീപ്യബോധമാണ് സല്‍കര്‍മങ്ങള്‍ക്കുള്ള അഭിപ്രേരണയും പ്രചോദനവുമായി വര്‍ത്തിക്കേണ്ടത്. എന്നാല്‍, സല്‍കര്‍മങ്ങള്‍ക്ക് ഉത്തേജകമായിത്തീരേണ്ട ആരാധനാകര്‍മങ്ങളെത്തന്നെ സല്‍കര്‍മമായി ഗണിച്ച് അതുവഴി ലബ്ധമാവേണ്ട സ്വഭാവ വിശുദ്ധിയും വ്യവഹാരങ്ങളിലെ നൈതിക ജാഗ്രതയും വിസ്മരിക്കപ്പെടുകയാണ് ചെയ്യുന്നത്.

ഹദീസ് കഥയിലെ മൂന്ന് സന്ദര്‍ഭങ്ങളും മനസ്സിന്റെ നന്മയെ വിളിച്ചോതുന്നവയാണ്. ദേഹേഛകളെ കരിച്ചുകളയാന്‍ മാത്രം ശക്തമായ ദൈവബോധം, ധനത്തോടുള്ള ആര്‍ത്തി കുറക്കും വിധമുള്ള സാമ്പത്തിക രംഗത്തെ സൂക്ഷ്മത, സ്‌നേഹമസൃണമായ മാതൃ-പിതൃ ബന്ധത്തിലൂടെ ഉണ്ടാവുന്ന ഊഷ്മളമായ കുടുംബാന്തരീക്ഷം. ഇവയുടെയൊക്കെ നിര്‍മിതി സര്‍കര്‍മങ്ങളില്‍ ചേര്‍ത്തു വെക്കുകയാണ് നബി തിരുമേനി(സ).

എന്നാല്‍, ചെറുപ്രായത്തില്‍ തന്നെ മനസ്സില്‍ ഊട്ടിയുറപ്പിക്കപ്പെടുന്ന വികലമായ സല്‍കര്‍മ സങ്കല്‍പ്പം കാരണമായി ജീവിതത്തിന്റെ വിവിധ മേഖലകളിലും ഘട്ടങ്ങളിലും പാലിക്കേണ്ട ഇസ്‌ലാമിക ചിട്ടകളും വ്യവസ്ഥകളും വിസ്മരിക്കപ്പെടുകയും ആരാധനാ കര്‍മങ്ങളിലെ സൂക്ഷ്മതയിലും കൃത്യതയിലും 'തഖ്‌വ' തുടങ്ങിയൊടുങ്ങുകയാണ് ചെയ്യുന്നത്. അതുവഴി ആരാധനകളുടെ മുഖ്യലബ്ധിയായ മനഃശുദ്ധിയും തിന്മകളുടെ നിരാസവും

സാധ്യമാവുന്നോ എന്ന സ്വയം പരിശോധനയും വിലയിരുത്തലും നടക്കാതെ പോവുകയും ചെയ്യുന്നു.

ഉത്തമ സ്വഭാവ ഗുണങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടി മാത്രമാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന നബിവചനം ആചാരാനുഷ്ഠാനങ്ങളിലെ സൂക്ഷ്മത പോലും ഉല്‍കൃഷ്ട സ്വഭാവ രൂപീകരണ പ്രക്രിയയെ ത്വരിതപ്പെടുത്താനും നിലനിര്‍ത്താനുമുള്ള പരിശ്രമങ്ങളാണെന്ന മറുവാക്ക് കൂടി ധ്വനിപ്പിക്കുന്നുണ്ട്. 

ആരധനാലയങ്ങളും ആരാധകരും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിക ചിഹ്നങ്ങളെന്ന പേരില്‍ താടിയും തൊപ്പിയുമൊക്കെ ആഘോഷപൂ

ര്‍വം ഏറ്റുപിടിക്കുന്ന യുവതലമുറയും ഏറി വരുന്നു. പക്ഷേ, അതിന്റെ ഗുണാത്മകപ്രതിഫലനം സമൂഹത്തില്‍ കാണപ്പെടാതെ പോകുന്നു.

മദ്‌റസകളിലും സ്‌കൂളുകളിലെ മോറല്‍ സ്റ്റഡീസ് ക്ലാസുകളിലും പൊതുമതപഠനവേദികളിലും ആരാധനകളിലെ രൂപഭാവങ്ങളും നിര്‍ബന്ധ നിബന്ധനകളും പഠിപ്പിക്കുന്നതിനപ്പുറം ഇവയൊക്കെയും ജീവിതത്തില്‍ പ്രതിഫലനമുണ്ടാക്കേണ്ട പരിശീലനപ്രക്രിയ കൂടിയാണെന്ന് ഉണര്‍ത്തപ്പെടാതെ പോ

കുന്നതാണ് ഇതിനു കാരണം.

കുടുംബജീവിതത്തിലും സാമൂഹിക വ്യവഹാരങ്ങളിലും പാലിക്കേണ്ട മര്യാദകളെക്കുറിച്ചും, ഊഷ്മളമായ കുടുംബബന്ധത്തിനും മെച്ചപ്പെട്ട സാമൂഹികാവസ്ഥക്കും ഊന്നം തട്ടിക്കുന്ന സ്വഭാവദൂഷ്യങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്ന നബിവചനങ്ങളിലൊക്കെയും വിട്ടുവീഴ്ചക്ക് ഇടം നല്‍കാത്ത കണിശ പ്രയോഗങ്ങളാണ് കാണുന്നത്.

'...നമ്മില്‍ പെട്ടവനല്ല', '...നരകത്തിലാണ്', '....തിന്നുന്നത് തീയാണ്', 'സ്വര്‍ഗത്തിന്റെ ഗന്ധം പോലും ആസ്വദിക്കുകയില്ല', '...സ്വര്‍ഗത്തിലാണ്', '...പരലോകത്ത് എന്നോടൊപ്പമായിരിക്കും' തുടങ്ങിയ പ്രയോഗങ്ങളിലൂടെ കണിശപ്പെടുത്തിപ്പറഞ്ഞ കാര്യങ്ങളൊന്നും സുപരിചിത ആരാധനാകര്‍മങ്ങളുടെ ഫ്രെയ്മില്‍ വരുന്നവയല്ല. സുഖദമായ സാമൂഹികക്രമത്തിനുതകുന്ന ചിട്ടകളുടെ സ്വീകരണവും അതിന് വിഘാതമാവുന്ന ശീലങ്ങളുടെ നിരാകരണവുമാണ് ഇത്തരം ഹദീസുകളിലെ ചര്‍ച്ച.

മദ്‌റസാ വിദ്യാഭ്യാസം സംബന്ധിച്ച ഗൗരവ ചര്‍ച്ചകളില്‍ ബാലമനസ്സുകളിലേക്ക് പകര്‍ന്നു നല്‍കപ്പെടുന്ന 'സല്‍കര്‍മ സങ്കല്‍പ്പം' ഒന്നുകൂടി സുതാര്യവും വിശാലവുമാകേണ്ടതിന്റെ ആവശ്യകത കൂടി ഉള്‍പ്പെടുത്തണമെന്ന തോന്നലില്‍ നിന്നാണ് ഇത്രയും കുറിച്ചത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (141 - 149)
എ.വൈ.ആര്‍

ഹദീസ്‌

ജീവിത വിജയനിദാനങ്ങള്‍
എം.എസ്.എ റസാഖ്‌