Prabodhanm Weekly

Pages

Search

2017 ജൂലൈ 14

3009

1438 ശവ്വാല്‍ 20

ഒന്നാണ് നമ്മള്‍, പക്ഷേ ഒരുപോലെയല്ല

സി. ഹനീഫ മുഹമ്മദ്

ജോണ്‍ ഗ്രേ എഴുതിയ Men are From Mars, Women are from Venus  എന്ന കൃതി സ്ത്രീപുരുഷ ബന്ധം മെച്ചപ്പെടുത്താനുതകുന്ന ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും, അടിസ്ഥാനപരമായി സ്ത്രീയും പുരുഷനും വ്യത്യസ്തമായ രണ്ട് ഗ്രഹങ്ങളില്‍നിന്ന് വന്നവരാണെന്ന് തോന്നുംവിധം ഒരുപാട് വ്യത്യസ്തമായ സ്വഭാവ വിശേഷങ്ങള്‍ക്കുടമകളാണെന്ന് സമര്‍ഥിക്കുന്നുണ്ട്.

ഇരുനൂറിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് മേരി വോള്‍സ്റ്റന്‍ ക്രാഫ്റ്റ് എന്ന ഫെമിനിസ്റ്റ് Vindication of the Rights of Women എന്ന തന്റെ ലേഖനത്തില്‍ സ്ത്രീയും പുരുഷനും അടിസ്ഥാനപരമായി ഒരു വര്‍ഗമാണെന്നും അവര്‍ക്ക് വെവ്വേറെ റോളുകള്‍ പതിച്ചു നല്‍കിയത് സമൂഹമാണെന്നും എഴുതി. സ്ത്രീയുടെയും പുരുഷന്റെയും വ്യത്യസ്ത സ്വഭാവ രീതികളെക്കുറിച്ചും സമൂഹത്തിലെ അവരുടെ അവസ്ഥകളെക്കുറിച്ചുമൊക്കെ ഒരുപാട് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു പ്രസ്തുത ലേഖനം. ലിംഗവ്യത്യാസം മനുഷ്യന്റെ തലച്ചോറുമായി ബന്ധപ്പെട്ടതാണെന്ന വാദവുമായി Essentialist-കള്‍ മറ്റൊരു ചര്‍ച്ചക്ക് തുടക്കമിട്ടു. അവര്‍ക്ക് പിന്തുണയുമായി വന്ന ന്യൂറോ സയന്റിസ്റ്റുകള്‍ സ്ത്രീകളുടെ തലച്ചോറിന്റെ ഘടന അവരുടെ വികാരപ്രകടനത്തിന് ഏറെ സഹായകമായ രീതിയില്‍ വര്‍ത്തിക്കുന്ന തരത്തിലാണെന്ന വാദവുമായി വന്നു.

ചരിത്രത്തിന്റെ ഏടുകള്‍ പിറകോട്ടു മറിക്കുന്തോറും സ്ത്രീയെക്കുറിച്ച വിചിത്രമായ പല വാദങ്ങളും അഭിപ്രായങ്ങളും കാണാനാവും. ഒരു ഘട്ടത്തില്‍ സ്ത്രീക്ക് ആത്മാവുണ്ടോ എന്ന സന്ദേഹം വരെ ചൂടുള്ള ചര്‍ച്ചക്ക് വിഷയമായിരുന്നു.

 

മനുഷ്യന്‍ എന്ന പദാര്‍ഥം

രസതന്ത്രം പഠിക്കുന്ന വിദ്യാര്‍ഥിയുടെ കാഴ്ചപ്പാടില്‍ രണ്ടു ഭാഗം ഹൈഡ്രജനും ഒരു ഭാഗം ഓക്‌സിജനും കൂടിച്ചേര്‍ന്നപ്പോഴുണ്ടായ പദാര്‍ഥമാണ് ജലം. അപ്പോള്‍ മനുഷ്യനെ അവനെങ്ങനെയാവും നോക്കിക്കാണുന്നത്! ഏകദേശം 99 ശതമാനം പ്രധാനപ്പെട്ട ആറ് മൂലകങ്ങളായ ഓക്‌സിജന്‍, കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, കാത്സ്യം, ഫോസ്ഫറസ്, ബാക്കി 0.85 ശതമാനം പൊട്ടാസ്യം, സള്‍ഫര്‍, സോഡിയം, ക്ലോറിന്‍, മഗ്നീഷ്യം, ബാക്കി വരുന്ന ഭാഗം Trace Elements  എന്ന ഗണത്തില്‍പെടുന്ന മൂലകങ്ങളുടെ ഒരു സങ്കലന രൂപം എന്നാവും. ഈ മൂലകങ്ങള്‍ ചേര്‍ന്ന് രൂപം കൊടുത്ത മനുഷ്യനില്‍ തന്നെ ആണും പെണ്ണുമെന്ന രണ്ട് വര്‍ഗങ്ങള്‍ വേറിട്ടു നില്‍ക്കുന്നു; രൂപത്തില്‍തന്നെ വ്യക്തമായ അന്തരങ്ങളോടെ.

മനുഷ്യരുടെ തലച്ചോറ്

മേല്‍പറഞ്ഞ മൂലകങ്ങള്‍ രൂപം കൊടുത്ത മനുഷ്യശരീരത്തിലെ സുപ്രധാന ഭാഗമാണ് തലച്ചോറ്. പുരുഷന്റെയും സ്ത്രീയുടെയും തലച്ചോറുകള്‍ വലിപ്പത്തില്‍ തന്നെ വ്യത്യസ്തമാണ്. പുരുഷന്റെ തലച്ചോറ് സ്ത്രീയുടെ തലച്ചോറിനേക്കാള്‍ 10 ശതമാനം വലിപ്പം കൂടിയതാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും തലച്ചോറ് (ബുദ്ധി) ഉപയോഗിച്ച് നേടാനുള്ള കഴിവുകളുടെ കാര്യത്തിലും സ്ത്രീയും പുരുഷനും തമ്മില്‍ ഏറെ അന്തരമുണ്ട്. ആശയവിനിമയ പാടവം പുരുഷനേക്കാള്‍ സ്ത്രീക്ക് കൂടുതലാണ്. ഭാഷ പഠിക്കാനും സ്വായത്തമാക്കാനും പ്രയോഗിക്കാനുമൊക്കെയുള്ള കഴിവ് സ്ത്രീകളിലാണ് കൂടുതലെങ്കില്‍ ഗണിത ശാസ്ത്രത്തിലുള്ള കഴിവ് പുരുഷന്നാണ് കൂടുതല്‍. മാനസിക പിരിമുറുക്കമുണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ പുരുഷന്‍ 'നേരിടുക അല്ലെങ്കില്‍ രക്ഷപ്പെടുക' എന്ന നയം സ്വീകരിക്കുമ്പോള്‍ സ്ത്രീ അതിനെ 'തലോടുക അല്ലെങ്കില്‍ വരുതിയില്‍ കൊണ്ടുവരിക' എന്ന സമീപനമാണ് സ്വീകരിക്കുക. മനുഷ്യരുടെ മുഖഭാവങ്ങള്‍, ശാരീരിക ചലനങ്ങള്‍, സ്വരത്തിലുള്ള വ്യതിയാനങ്ങള്‍ എന്നിവയുടെ പൊരുള്‍ എളുപ്പം മനസ്സിലാക്കാനുള്ള കഴിവ് സ്ത്രീക്ക് കൂടുതലാണ്. തലച്ചോറിലെ ലൈംഗിക ചോദനയെ നയിക്കുന്ന ഭാഗം സ്ത്രീയേക്കാളും പുരുഷനില്‍ രണ്ടര ഇരട്ടി കൂടുതലാണ്. വാള്‍ട്ട് ലാരിമോര്‍, ബര്‍ബ് ലാരിമോര്‍ എന്നിവരുടെ "His Brain, Her Brain'  എന്ന പുസ്തകത്തില്‍ പുരുഷന്റെയും സ്ത്രീയുടെയും തലച്ചോറുകള്‍ക്കുള്ള വ്യത്യാസം ദാമ്പത്യ ജീവിതത്തില്‍ തങ്ങളുടെ സ്വഭാവ വൈജാത്യങ്ങളോടെ ഒരുമിച്ചു പോവാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമാകുന്നുവെന്ന് പറയുന്നുണ്ട്. ഈ പ്രവര്‍ത്തനത്തിന് പ്രചോദനമേകുന്നതില്‍ പുരുഷന്റെ തലച്ചോറിന്റെ വലതു ഭാഗവും സ്ത്രീയുടെ തലച്ചോറിന്റെ ഇടതും വലതും ഭാഗങ്ങളും പങ്കുവഹിക്കുന്നുണ്ടെന്ന് പറയുന്നു.

പുരുഷന്റെയും സ്ത്രീയുടെയും തലച്ചോറുകളും അവയില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളും വ്യത്യസ്തമാണെന്ന് ഇതു സംബന്ധമായി നടത്തിയ പഠനങ്ങള്‍ പറയുന്നു. തലച്ചോറിനെ മൂന്നു ഭാഗങ്ങളായി തിരിച്ച് ശാസ്ത്രം മനുഷ്യ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ സ്ത്രീയിലും പുരുഷനിലും ഈ ഭാഗങ്ങളിലുണ്ടാകുന്ന വളര്‍ച്ചയുടെ തോതും ഇവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും വ്യത്യസ്തമാണെന്ന് പറയുന്നു (Male and Female Brains: Mariam Diamond).  മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പിനാധാരമായ ലൈംഗിക ചോദനയെ നിയന്ത്രിക്കുന്ന കാര്യത്തിലും പുരുഷനിലും സ്ത്രീയിലും തലച്ചോറ് വ്യത്യസ്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീയുടെ നഗ്നത കാണുന്നത് പുരുഷന് ഏറെ സന്തോഷമുളവാക്കുന്ന കാര്യമാണ്; സ്ത്രീയുടെ നഗ്നമേനി അവനെ ആവേശം കൊള്ളിക്കും. എന്നാല്‍ അത്തരം കാര്യമായ ആകര്‍ഷണം പുരുഷ നഗ്നത കാണുന്നതില്‍ സ്ത്രീയനുഭവിക്കുന്നില്ല. പലപ്പോഴും സ്ത്രീ പുരുഷന്റെ നഗ്നതയെ വെറുക്കുകയും ചെയ്യും. ഈ ഒരു വ്യത്യാസം മുമ്പേ ഗ്രഹിച്ചതുകൊണ്ടായിരിക്കണം ലോകത്തില്‍ ഏറെ ചിത്രങ്ങളിലും ശില്‍പങ്ങളിലും സിനിമയിലുമൊക്കെ സ്ത്രീയുടെ നഗ്നത പ്രദര്‍ശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്; നവീന ശിലായുഗം തൊട്ട് കൊത്തിവെക്കപ്പെട്ട ശില്‍പങ്ങളിലേറെയും സ്ത്രീയുടെ നഗ്നതക്ക് പ്രാധാന്യം കൊടുത്തത്. നമ്മുടെ പൗരാണിക ക്ഷേത്രങ്ങളിലും ഗുഹാ ചിത്രങ്ങളിലുമൊക്കെ ഏറെ സ്ഥാനമു് സ്ത്രീ നഗ്നതക്ക്.

മനുഷ്യരില്‍ പുരുഷന്മാര്‍ക്ക് രാപ്പകലുകള്‍ ഇടതടവില്ലാതെ ലൈംഗിക ചിന്തയില്‍ കഴിയാനുള്ള കഴിവുണ്ട്. എന്നാല്‍ സ്ത്രീ ചിലപ്പോള്‍ ദിവസങ്ങളോളം ലൈംഗികമായ ഒരു ചിന്തയും കടന്നുവരാത്ത വിധം ജീവിക്കുന്നവളാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടാത്ത സ്പര്‍ശനം സ്ത്രീയെ സംബന്ധിച്ചേടത്തോളം ആശ്വാസം പകരുന്നതോ സാന്ത്വനമേകുന്നതോ ആയിരിക്കും. അതവള്‍ക്ക് സുരക്ഷിതത്വത്തിന്റെ പറഞ്ഞറിയിക്കാനാവാത്ത നിര്‍വൃതി പകരും. എന്നാല്‍ സ്ത്രീയുടെ ബോധപൂര്‍വമല്ലാത്ത ഒരു സ്പര്‍ശം പോലും പുരുഷന്‍ തെറ്റായ രീതിയില്‍ മനസ്സിലാക്കിക്കളയും!

പുരുഷന്മാര്‍ പരസ്പരം സൗഹൃദം കാണിക്കുമ്പോള്‍ സുഹൃത്തിന്റെ വയറിനിടിച്ചും തോളിലടിച്ചുമൊക്കെയാണ് പ്രകടിപ്പിക്കുക. നേര്‍ത്ത സ്പര്‍ശനങ്ങള്‍ക്ക് ലൈംഗികതയുടെ ആന്തരികാര്‍ഥമുണ്ടെന്ന് അവന്റെ തലച്ചോറ് അവനെ പഠിപ്പിച്ചുവെച്ചതുകൊണ്ടാണിത്. സ്ത്രീയുടെ പകല്‍ സ്വപ്‌നങ്ങളില്‍ സ്‌നേഹവും റൊമാന്‍സുമൊക്കെയാണ് കടന്നുവരിക. പുരുഷന്റെ പകല്‍കിനാവുകളിലാവട്ടെ ലൈംഗിക പൂര്‍ത്തീകരണത്തെക്കുറിച്ച നിറം പിടിപ്പിച്ച മനോവ്യാപാരങ്ങള്‍ക്കാണ് കൂടുതല്‍ സ്ഥാനം. 'ആത്മാര്‍ഥമായ ബന്ധത്തിനൊടുവില്‍ സംവദിക്കേണ്ടതാണ് സ്ത്രീയെ സംബന്ധിച്ചേടത്തോളം ലൈംഗിക ബന്ധം. എന്നാല്‍ പുരുഷന്റെ കാഴ്ചപ്പാടില്‍ ആത്മാര്‍ഥ ബന്ധം തുടങ്ങുന്നത് ലൈംഗികബന്ധത്തോടെയാണ്' എന്നാണ് ഡേവിഡ് ഷ്‌നാര്‍ക് കണ്ടെത്തുന്നത്.

 

ഹോര്‍മോണുകള്‍ പുരുഷനിലും സ്ത്രീയിലും

നൂറ്റാണ്ടുകളായി തുടരുന്ന സ്ത്രീ-പുരുഷ 'സംഘട്ടന'ത്തിന്റെ ഒരു ഘട്ടത്തില്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം സ്ത്രീയിലും പുരുഷനിലും വ്യത്യസ്ത രീതിയിലാണെന്ന കണ്ടുപിടിത്തമുണ്ടായി. പുരുഷ ഹോര്‍മോണുകളില്‍ പ്രധാനിയായ ടെസ്റ്റസ്റ്ററോണ്‍ ആണിന്റെ ശബ്ദത്തിന് ഘനം നല്‍കുന്നതും മസിലുകള്‍ക്ക് ദൃഢത പ്രദാനം ചെയ്യുന്നതുമാണെന്ന് കണ്ടെത്തി. പുരുഷന്റെ മത്സരബുദ്ധിക്കും ലൈംഗിക ചോദനക്കുമൊക്കെ കാരണക്കാരന്‍ ഈ ഹോര്‍മോണാണ്. സ്ത്രീ ശരീരത്തിലും ടെസ്റ്റസ്റ്ററോണ്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കിലും അത് പുരുഷനെ അപേക്ഷിച്ച് 70 ശതമാനം കുറവാണ്. പുരുഷന്റെ പൗരുഷത്തിന് കാരണക്കാരന്‍ ടെസ്റ്റസ്റ്ററോണാണെന്ന് സാരം. സ്ത്രീയില്‍ വര്‍ധിച്ച തോതില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണാണ് ഓക്‌സിടോസിന്‍. ബന്ധങ്ങള്‍ക്ക് ഊഷ്മളത പകരുന്നതും ദൃഢത കൈവരുത്തുന്നതും ഓക്‌സിടോസിനാണ്. സ്ത്രീയിലും പുരുഷനിലും ഓക്‌സിടോസിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും സ്ത്രീയിലതിന്റെ അളവ് വളരെ കൂടുതലാണ്. സ്ത്രീയില്‍ ടെസ്റ്റസ്റ്ററോണ്‍ ഓക്‌സിടോസിനോട് പ്രതിപ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോള്‍ സുപ്രധാന സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ അതിനെ ശക്തിപ്പെടുത്തുക വഴി മാതൃ-ശിശു ബന്ധത്തിന്റെ ദൃഢത ഊട്ടിയുറപ്പിക്കുന്നതടക്കമുള്ള ശക്തമായ ബന്ധങ്ങള്‍ക്ക് പിന്തുണയേകുന്നു.

പുരുഷ ശരീരത്തിലെ ടെസ്റ്റസ്റ്ററോണ്‍ എന്ന ഹോര്‍മോണ്‍ ആക്രമണ സ്വഭാവവും വാശിയും കീഴടക്കാനുള്ള വാഞ്ഛയും ജനിപ്പിക്കുന്നതാണ്. ഈ ഹോര്‍മോണിന്റെ പരിധിവിട്ട പ്രവര്‍ത്തനങ്ങളില്‍നിന്ന് മനുഷ്യനെ നിയന്ത്രിച്ചുനിര്‍ത്തുന്നത് സമൂഹത്തിലെ നിയമങ്ങള്‍, ദൈവഭയം എന്നിവയാണ്.

ഒരേ ഹോര്‍മോണുകള്‍ സ്ത്രീയിലും പുരുഷനിലും വ്യത്യസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നതിന് മറ്റൊരു ഉദാഹരണം പറയാം. സ്ത്രീയും പുരുഷനും ചുംബനത്തിലേര്‍പ്പെടുമ്പോള്‍ ഓക്‌സിടോസിന്‍, കോര്‍ടിസോള്‍ എന്നീ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം വ്യത്യസ്തമായ രീതിയിലാണ്. ചുംബന സമയത്ത് കോര്‍ടിസോളിന്റെ അളവ് സ്ത്രീയിലും പുരുഷനിലും കുറയുന്നു. എന്നാല്‍ പുരുഷനില്‍ ഓക്‌സിടോസിന്റെ തോത് കൂടുന്നു; സ്ത്രീയിലാവട്ടെ ഈ ഹോര്‍മോണിന്റെ അളവ് കുറയുകയാണ് ചെയ്യുന്നത് (ഓക്‌സിടോസിനെ Love Hormone എന്നാണ് വിളിച്ചുവരുന്നത്).

 

എതിര്‍ ലിംഗത്തില്‍ പെട്ടവരെ ആകര്‍ഷിക്കുകയെന്നത് പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളുടെയും സ്വഭാവമാണ്. ഈ ഒരു ആകര്‍ഷണം തന്നെയാണ് മൃഗങ്ങളെയും പ്രാണികളെയും മനുഷ്യനെയുമൊക്കെ പ്രജനന പ്രക്രിയയിലേര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്ന ഘടകം; ഇതുതന്നെയാണ് ജീവിവര്‍ഗത്തിന്റെ നിലനില്‍പിന് ഹേതുവായിത്തീരുന്നതും. ഇങ്ങനെ എതിര്‍ ലിംഗത്തെ ആകര്‍ഷിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന സന്ദേശവാഹകരാണ് ഫെറമോണുകള്‍.

ജൈവികമായി ഒരേ ഇനത്തില്‍പെട്ട ഒരു ജീവിയില്‍നിന്ന് പുറംതള്ളുകയും അതേ വര്‍ഗത്തില്‍പെട്ട മറ്റൊന്ന് അത് സ്വീകരിക്കുകയും ചെയ്ത ശേഷം അവയില്‍ ശാരീരികമോ സ്വഭാവപരമോ ആയ പ്രതികരണമുണ്ടാക്കാന്‍ കാരണമാകുന്ന രാസപദാര്‍ഥങ്ങളാണ് ഫെറമോണുകള്‍. ജീവികളിലിത് ഉപബോധതലത്തില്‍ രണ്ടു തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജീവികളിലെ നാസാദ്വാരത്തിലെ Vomero Nasal Organ  എന്ന അതിസൂക്ഷ്മമായ ഗ്രന്ഥികളിലെ ഗന്ധങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിവുള്ള VIRL1  എന്ന ഫെറമോണ്‍ സ്വീകരണി വഴി, അല്ലെങ്കില്‍ നമ്മുടെയടക്കം ജീവികളിലെ സാധാരണ നാസാരന്ധ്രങ്ങളുടെ മണം പിടിച്ചെടുക്കാനുള്ള കഴിവു വഴി.

എതിര്‍ലിംഗത്തിനോടുള്ള ആകര്‍ഷണം ജീവന്റെ നിലനില്‍പിനു തന്നെ അത്യന്താപേക്ഷിതമാണ്. ചെറുതും വലുതമായ എല്ലാ ജീവജാലങ്ങളിലും ആണിനെ ആകര്‍ഷിക്കാന്‍ പെണ്‍വര്‍ഗം സന്ദേശവാഹകരായി ഉപയോഗിക്കുന്നത് ഫെറമോണുകളെയാണ്. പെണ്‍വര്‍ഗം പ്രജനനത്തിന് തയാറാവുമ്പോള്‍ പ്രകൃതിയാണവയുടെ ശരീരത്തില്‍നിന്ന് ഫെറമോണുല്‍പാദിപ്പിച്ച് ആണിനെ അവകളിലേക്കാകര്‍ഷിക്കുന്നത്.

ഷഡ്പദങ്ങളിലും ചില മൃഗങ്ങളിലും ഉല്‍പാദിപ്പിക്കപ്പെടുന്ന പെണ്‍ ഫെറമോണുകള്‍ വളരെ അകലങ്ങളിലുള്ള ആണിനെപ്പോലും ആകര്‍ഷിക്കാന്‍ പോന്നത്ര കടുപ്പമുള്ളതാണ്. ചില ഷഡ്പദങ്ങളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഫെറമോണ്‍ കിലോമീറ്ററുകള്‍ക്കപ്പുറം പ്രസരിച്ച് അവിടെയുള്ള ആണിനെ ഇണയിലേക്കാകര്‍ഷിക്കാന്‍ കഴിവുള്ളതാണത്രെ.

ജീവികളിലെ പെണ്‍ഫെറമോണുകള്‍ അതേ വര്‍ഗത്തില്‍പെട്ട ആണ്‍വര്‍ഗത്തെ ഒരേ പോലെ ആകര്‍ഷിക്കുന്നതാണ്. ഇത് ഇവയിലെ ആണുങ്ങളെ പലപ്പോഴും സംഘട്ടനത്തിലേക്ക് നയിക്കുകയും കരുത്തന് പെണ്ണിനെ കീഴടക്കാന്‍ അവസരമൊരുക്കുകയും ചെയ്യും. നായ്ക്കള്‍, പൂച്ചകള്‍, കോഴികള്‍ എന്നിവ ഇണചേരുന്നത് പലപ്പോഴും മറ്റൊരാണിനെ തുരത്തിയോടിച്ചുകൊണ്ടാണല്ലോ. എന്നാല്‍ മനുഷ്യരിലും പെണ്‍ ഫെറമോണുകള്‍ പുരുഷ വര്‍ഗം ഒരേ പോലെ സ്വീകരിക്കുന്നുണ്ടെങ്കിലും നാട്ടുനടപ്പ്, മൂല്യബോധം, മതവിശ്വാസം, ധാര്‍മിക ചിന്ത എന്നീ ഘടകങ്ങള്‍ പുരുഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാസൂചിയായി വര്‍ത്തിക്കുന്നു.

മനുഷ്യരിലെ പ്രധാന ഫെറമോണ്‍ നിര്‍മാതാക്കള്‍ അവന്റെ ത്വക്കിലെ അപോക്രൈന്‍ ഗ്രന്ഥികളാണ് (Apocrine Glands). മനുഷ്യന്റെ ഭ്രൂണാവസ്ഥയില്‍ തന്നെ ജന്മമെടുക്കുന്ന ഈ ഗ്രന്ഥികള്‍ ശരിയായ പ്രവര്‍ത്തനമാരംഭിക്കുന്നത് അവന്റെ യൗവനദശയോടെയാണ്. ഫിലാദല്‍ഫിയയിലെ മോണല്‍ കെമിക്കല്‍ സെന്‍സസ് സെന്റര്‍, ഫെറമോണ്‍ മനുഷ്യരിലെ എതിര്‍ലിംഗത്തെ എങ്ങനെ ആകര്‍ഷിക്കുന്നു എന്ന വിഷയത്തില്‍ ധാരാളം ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഫെറമോണുകളുടെ ഭാഗമായ ആന്‍ട്രോസ്റ്റിറോണ്‍ (Androsterone), ആന്‍ട്രോസ്റ്റിനോള്‍ (Androstenol), ആന്‍ട്രോസ്റ്റിനോണ്‍ (Androstenone) തുടങ്ങിയവ പുരുഷന്റെയും സ്ത്രീയുടെയും പരസ്പരാകര്‍ഷണത്തില്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചുവരുന്നതെന്ന് അവര്‍ കണ്ടെത്തുകയുണ്ടായി.

നാമറിയാതെ നാം സദാ നേരവും രാസസന്ദേശങ്ങളയച്ചുകൊണ്ടിരിക്കുന്നുണ്ട്, ശരീരത്തില്‍നിന്ന് ഫെറമോണുകള്‍ ഉല്‍പാദിപ്പിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഫെറമോണുകള്‍ മനുഷ്യരുടെ പെരുമാറ്റങ്ങളിലുണ്ടാക്കാവുന്ന സ്വാധീനം നമ്മുടെയൊക്കെ ഊഹങ്ങള്‍ക്കപ്പുറത്താണ്. ഫെറമോണ്‍ ആന്റ് സെക്ഷ്വാലിറ്റി ഫെറമോണുകള്‍ക്ക് എതിര്‍ ലിംഗത്തെ ആകര്‍ഷിക്കുന്നതിലുള്ള പങ്ക് എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയ ഡോ. വിന്നിഫ്രെഡ് കട്‌ലര്‍ പറയുന്നത്, നാലു തരത്തിലുള്ള ഫെറമോണുകള്‍ ശരീരത്തില്‍നിന്ന് ബഹിര്‍ഗമിച്ച് എതിര്‍ ലിംഗത്തെ ആകര്‍ഷിക്കുകയും ലൈംഗിക ഉത്തേജനമുണ്ടാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നാണ്.

കാള്‍ഗ്രാമര്‍, എലിസബത്ത് ഒബര്‍ഷോര്‍ എന്നിവര്‍ മനുഷ്യന്റെ വ്യത്യസ്തങ്ങളായ ഗന്ധങ്ങള്‍ക്ക് ലൈംഗികാകര്‍ഷണത്തിലുള്ള പങ്കിനെക്കുറിച്ച് ഗവേഷണം നടത്തുന്നവരാണ്. പുരുഷന്‍ തന്റെ നാസാരന്ധ്രങ്ങളില്‍ സ്വീകരിക്കുന്ന ചില ഗന്ധങ്ങള്‍ അവന്റെ ടെസ്റ്റസ്റ്ററോണിന്റെ അളവ് വര്‍ധിപ്പിക്കുന്നതായി അവര്‍ കണ്ടെത്തി. അതവനില്‍ ആന്‍ട്രോസ്റ്റിനോണ്‍ സ്രവിപ്പിക്കുന്നതിന് കാരണമാവുന്നു.

'ലോകത്തെങ്ങുമുള്ള ബാറുകളും നിശാ ക്ലബുകളും മനുഷ്യര്‍ക്കിടയിലെ അദൃശ്യനായ ബയോ കെമിക്കല്‍ യുദ്ധക്കളങ്ങളാണ്'- സുപ്രസിദ്ധ ടി.വി അവതാരക ഓപ്‌റ വിന്‍ഫ്രി ഫെറമോണുകളുടെ സ്വാധീനത്തെക്കുറിച്ച് അഭിപ്രായപ്പെട്ടതിങ്ങനെയാണ്.

മനുഷ്യര്‍ തമ്മിലുള്ള ആകര്‍ഷണത്തിന് മനുഷ്യ പരിണാമത്തില്‍ മഹത്തായ സ്ഥാനമാണുള്ളതെന്ന് സുപ്രസിദ്ധ സെക്‌സ് തെറാപ്പിസ്റ്റ് ലോറ ബെര്‍മന്‍ പറയുന്നു. 'ബോധപൂര്‍വം പതിനായിരത്തോളം വ്യത്യസ്ത ഗന്ധങ്ങള്‍ തിരിച്ചറിയാനാവുന്നവരാണ് മനുഷ്യര്‍. എന്നാല്‍, അതിനേക്കാളെല്ലാമുപരി അസംഖ്യം ഗന്ധങ്ങള്‍ നമ്മളറിയാതെ അനുഭവിച്ചുകൊണ്ടിരിക്കുന്നു. പലപ്പോഴും അവ നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നുമുണ്ട്'- അവര്‍ പറയുന്നു.

സ്ത്രീ-പുരുഷ ബന്ധത്തിലെ ശരിതെറ്റുകളെക്കുറിച്ച ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്ന ഇന്ന് മേല്‍പറഞ്ഞ തരത്തിലുള്ള, ശാസ്ത്രലോകത്ത് ഗവേഷണവിധേയമായിക്കൊണ്ടിരിക്കുന്ന അനേകം വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വേണം ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (141 - 149)
എ.വൈ.ആര്‍

ഹദീസ്‌

ജീവിത വിജയനിദാനങ്ങള്‍
എം.എസ്.എ റസാഖ്‌