Prabodhanm Weekly

Pages

Search

2017 ജൂലൈ 14

3009

1438 ശവ്വാല്‍ 20

നോട്ട് ഇന്‍ മൈ നെയിം ഫാഷിസത്തിനെതിരെ ബഹുജന പ്രക്ഷോഭം

യാസിര്‍ ഖുത്വ്ബ്

ഹാഫിള് ജുനൈദിനെ വര്‍ഗീയവാദികള്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രധാന ഇന്ത്യന്‍ നഗരങ്ങളിലും അതിന്റെ അനുരണനമെന്നോണം ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലും ജൂണ്‍ 28-ന് നടന്ന പ്രതിഷേധ സംഗമങ്ങള്‍ ഫാഷിസത്തിനെതിരായ ജനകീയ പോരാട്ടത്തിന്റെ പ്രതീക്ഷകളാണ്. വര്‍ഗീയത കട്ടപിടിച്ച സമകാലിക ഇന്ത്യയില്‍, മനസ്സാക്ഷി മരിച്ചിട്ടില്ലാത്ത  പൊതുപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും ഇനിയുമുണ്ട് എന്നതിന് സാക്ഷ്യപത്രം കൂടിയായി ഈ സംഗമങ്ങള്‍.

പെരുന്നാള്‍ കോടിയെടുക്കാന്‍ ദല്‍ഹിയില്‍ പോയ ജുനൈദിനെ വര്‍ഗീയവാദികള്‍ വധിച്ച വിവരം അറിഞ്ഞ, ദല്‍ഹിയിലെ സിനിമാ പ്രവര്‍ത്തക സബാ ദിവാന്‍ (Saba Dewan) ഫേസ് ബുക്കില്‍ #Not in My Name  എന്ന ടാഗ് വച്ച് ഒരു പോസ്റ്റ് ഇട്ടു. എന്നാല്‍ അവര്‍ പോലും പ്രതീക്ഷിക്കാതെ സോഷ്യല്‍ മീഡിയയില്‍ അത് ഒഴുകിപ്പരക്കുകയും നഗരങ്ങളിലെ ആക്ടിവിസ്റ്റുകളും യുവാക്കളും അതേറ്റെടുക്കുകയും ചെയ്തു.  ദല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ബാംഗ്ലൂര്‍, പൂനെ തുടങ്ങിയ മെട്രോ നഗരങ്ങളിലെ കൂട്ടായ്മകളാണ് ഇത് ആദ്യം ഏറ്റെടുത്തത്ത്.  തുടര്‍ന്ന് ബ്രിട്ടനിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ത്യയിലെ ചെറുപട്ടണങ്ങളിലും സമാന ബാനറില്‍ പരിപാടികള്‍ നടന്നു. വളരെ ചെറിയ സമയം കൊണ്ട്  ഒരുപാട് പേരില്‍ വിഷയം ചര്‍ച്ചാവിധേയമാവുകയും, ഇന്ത്യയിലെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നില്‍ നില്‍ക്കുന്ന നൂറു കണക്കിന് പ്രമുഖര്‍ പരിപാടിയുടെ ഭാഗമാവുകയും ചെയ്തു എന്നതു തന്നെയാണ് ഈ പ്രക്ഷോഭത്തെ ശ്രദ്ധേയമാക്കിയത്.

സംഘാടക സബാ ദിവാന്‍ പറഞ്ഞു: 'പ്രതിഷേധാഹ്വാനത്തോട് ഇത്രയധികം ആളുകള്‍ പ്രതികരിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. ഇതൊരു പ്രതീക്ഷയുടെ രജത രേഖയാണ്.  16-കാരന്‍ ജുനൈദിനെ കൊന്നവര്‍ ഞങ്ങളില്‍ പെട്ടവരല്ല എന്ന് പ്രഖ്യാപിക്കാനാണ് ഈ ജനം എത്തിയത്. ഞങ്ങളുടെ പേരില്‍ മറ്റൊരാളെയും കൊല്ലാന്‍ ഞങ്ങള്‍ ആര്‍ക്കും അവകാശം നല്‍കിയിട്ടില്ല. അതാണ് നോട്ട് ഇന്‍ മൈ നെയിം എന്ന ബാനറിന്റെ കീഴില്‍ ഞങ്ങള്‍ ഉറക്കെ പ്രഖ്യാപിക്കുന്നത്.'

രാജ്യം, ദേശീയത, പൊതു സമൂഹം, ഹിന്ദുക്കള്‍  തുടങ്ങിയ പേരുകള്‍  ഉയര്‍ത്തി ജനങ്ങളെ കശാപ്പു ചെയ്യുന്നതിനു ഈ അക്രമിസംഘത്തിന് എന്ത് അവകാശം?. ഇതിനെതിരെയാണ് Not In My Name  എന്ന മുദ്രാവാക്യം. ബീഫിന്റെ പേരുപറഞ്ഞു നിയമവ്യവസ്ഥ കൈയിലെടുക്കാന്‍ ഇവര്‍ക്കെന്ത് അധികാരം?  ഇത്തരം കാപാലികര്‍ക്കെതിരെയാണ് ഈ പ്രതിഷേധ കൂട്ടായ്മകള്‍ എന്നവര്‍ വിശദീകരിക്കുന്നു. 

അന്താരാഷ്ട്ര പ്രതിഷേധങ്ങളിലെ സ്ഥിരം മുദ്രാവാക്യമായ നോട്ട് ഇന്‍ മൈ നെയിം വിയറ്റ്‌നാം യുദ്ധകാലത്ത് പ്രസിദ്ധീകരിച്ച നോവലുകളില്‍ കാണാവുന്നതാണ്.  ഇസ്രയേലിനെതിരെ പ്രതികരിച്ച ജൂത യുവസംഘങ്ങളും 9/11 കാലത്ത് മുസ്‌ലിംകളും ഇത്തരം മുദ്രാവാക്യങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.

വെറും രണ്ടു ദിവസം കൊണ്ട് ഉയിര്‍കൊണ്ട് ഈ പ്രതിഷേധ സംഗമം ദല്‍ഹി, മുംബൈ, ബംഗഌരു, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ, പൂനെ, കൊച്ചി, തിരുവനന്തപുരം, അലഹബാദ്, പറ്റ്്‌ന, ലഖ്‌നൗ, ചണ്ഡിഗഢ് തുടങ്ങിയ 20  നഗരങ്ങളില്‍ നടന്നു. അമേരിക്ക, ബ്രിട്ടന്‍, ആസ്‌ട്രേലിയ,  കാനഡ,  പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലും  പരിപാടി സംഘടിപ്പിക്കപ്പെട്ടു.

മുസ്‌ലിം-ദലിത് വിഭാഗങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ നടത്തുന്ന കൊലകള്‍ക്കെതിരെ  ഏറ്റവുമധികം പ്രതിഷേധം ഇരമ്പിയത് ജുനൈദ് കൊല്ലപ്പെട്ട ദല്‍ഹിയില്‍ തന്നെയാണ്.  മഴ വകവെക്കാതെ മുവായിരത്തില്‍പരം ആളുകളാണ് ജെന്തര്‍ മന്ദിറില്‍ സംഘടിപ്പിച്ച  Not In My Name  പരിപാടിയിലേക്ക്  ഒഴുകിയെത്തിയത്.  'നിശ്ശബ്ദത വെടിയുക, ഫാഷിസം തുലയട്ടെ, ഇസ്‌ലാമോഫോബിയ കണ്ടുകെട്ടുക' തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ സമരക്കാര്‍ കൈകളില്‍ ഏന്തിയിരുന്നു. ഭാവാഭിനയങ്ങള്‍, സംഗീത ശില്‍പങ്ങള്‍, പോരാട്ട പാട്ടുകള്‍ തുടങ്ങിയവ സദസ്സിനു ആവേശം പകര്‍ന്നു. കൊല്ലപ്പെട്ട ജുനൈദിന്റെ സഹോദരന്‍ അസ്ഹറുദ്ദീന്‍, 'സ്വര്‍ഗത്തില്‍നിന്നും ഉമ്മക്കുള്ള കത്ത്' എന്ന പേരില്‍ ഒരു കവിത അവതരിപ്പിച്ചു. പശുവിന്റെ പേരില്‍ മരണം നടന്ന പ്രദേശങ്ങള്‍ കാണിക്കുന്ന 'ലിഞ്ച് മേപ്പ്', പരിപാടിയുടെ ബാക്ഗ്രൗ് ആയി പ്രദര്‍ശിപ്പിച്ചിരുന്നു. പരിപാടിക്ക് എത്തിയവര്‍ക്ക് ഈ പശു മാപ്പും ചില സംഘാടകര്‍ വിതരണം ചെയ്തു. 

മായ റാവുവിന്റെ ഏകാങ്ക നടന  പ്രതിഷേധം,  സോളോ പെര്‍ഫോമന്‍സ് തുടങ്ങിയവയും ശ്രദ്ധേയമായി. പരിപാടിയില്‍ പങ്കെടുത്ത നടി രേണുക ഷഹാനെ, എല്ലാ ഇരകള്‍ക്കും വേണ്ടി താന്‍ എപ്പോഴും പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ നിന്നിട്ടുണ്ട്, ഇനിയും അത് ഉണ്ടാകുമെന്നും ഫേസ് ബുക്കില്‍ കുറിച്ചു.

മോദിക്കെതിരെ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല മുദ്രാവാക്യങ്ങളായിരുന്നു ഈ പരിപാടിയിലേതെന്ന് റാണാ അയ്യൂബ് മുംബൈയില്‍ പറയുകയുണ്ടണ്ടായി. അരുന്ധതി ഘോഷ്, ടീസ്റ്റ സെറ്റല്‍വാഡ്, ശബാന അസ്മി, രാം പുനിയാനി തുടങ്ങിയവരും പ്രതിഷേധ പരിപാടിയെ പിന്തുണക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.  മുംബൈ ബാന്ദ്രയില്‍ നടന്ന പരിപാടിയില്‍ ചലച്ചിത്ര പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളുമായ ആനന്ദ് പട്‌വര്‍ധനന്‍,  നിഷ്താ ജൈന്‍, ദിബാകര്‍ ബാനര്‍ജി, സുരഭി ജൈന എന്നിവര്‍ പങ്കെടുത്തു.  കൊല്‍ക്കത്തയില്‍ അനുരാധ കപൂര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.   

ബംഗളൂരില്‍ നടത്തിയ പരിപാടിയിലും വ്യത്യസ്ത വിഭാഗങ്ങളുടെ വര്‍ധിത പങ്കാളിത്തം കാണാമായിരുന്നു.  ഏതാനും ആക്ടിവിസ്റ്റുകള്‍ പ്രതിഷേധിക്കുന്നു എന്ന പതിവ് കാഴ്ചയില്‍നിന്ന് വിഭിന്നമായി, യുവാക്കള്‍, എഴുത്തുകാര്‍, സിനിമാ പ്രവര്‍ത്തകര്‍, ഗായകര്‍, ട്രാന്‍സ് ജെന്ററുകള്‍, വിദ്യാര്‍ഥികള്‍, നോര്‍ത്ത് ഈസ്റ്റ് സംഘടനകള്‍, മുസ്‌ലിം കൂട്ടായ്മകള്‍ തുടങ്ങിയര്‍ നോട്ട് ഇന്‍ മൈ നെയിം  ഏറ്റെടുക്കുകയായിരുന്നു. കാര്‍ത്തിക് വെങ്കിടേഷ് ആണ് പരിപാടി കോഡിനേറ്റ ചെയ്തത്. അഡ്വ. നരസിംഹ, ജഗദീഷ് ചന്ദ്ര, വിശ്വ, രാഘവേന്ദ്ര ശാസ്ട്രയ് തുടങ്ങിയര്‍ നേതൃത്വം നല്‍കി. രോഗ കിടക്കയില്‍നിന്നും ഗിരീഷ് കര്‍ണാട് പരിപാടിക്ക് എത്തിയത് തന്റെ ഓക്‌സിജന്‍ ട്യൂബ് കൂടി കൈയില്‍  എടുത്തായിരുന്നു.

സംഘടനകളുടെ ബാനര്‍ ഇല്ലാതെ നടത്തിയ ഈ നോട്ട് ഇന്‍ മൈ നെയിം കൂട്ടായ്മയില്‍ പ്രമുഖ ആക്ടിവിസ്റ്റുകള്‍ക്ക് പുറമെ കോണ്‍ഗ്രസ്സ്, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, ആപ്, മുസ്‌ലിം ലീഗ്, ബി.എസ്.പി  തുടങ്ങിയ ചെറുതും വലുതുമായ ധാരാളം രാഷ്ട്രീയ പാര്‍ട്ടികളും അവയുടെ നേതാക്കളും പങ്കെടുക്കുകയും വിജയിപ്പിക്കാന്‍ ആഹ്വാനം നടത്തുകയും ചെയ്തിരുന്നു. മുസ്‌ലിം സംഘടനകളും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു.  പശുവിന്റെ പേരില്‍ നടത്തുന്ന വേട്ടയുടെ മുഖ്യ ഇരകളായ മുസ്‌ലിംകള്‍, ദലിതുകള്‍ എന്നിവര്‍ സ്വന്തം നേതൃത്വത്തിലും ഇത്തരം ശക്തമായ സമരങ്ങള്‍ നടത്തേണ്ടതുണ്ടണ്ട്. അവയും നോട്ട് ഇന്‍ മൈ നെയിം പോലുള്ള  ചെറുതും വലുതുമായ പ്രക്ഷോഭങ്ങളും ചേര്‍ന്ന് ഇന്ത്യന്‍ ഫാഷിസത്തെ കടപുഴക്കി എറിയുന്ന കൊടുങ്കാറ്റുകള്‍ക്ക് നാന്ദിയാകും എന്ന് പ്രത്യാശിക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (141 - 149)
എ.വൈ.ആര്‍

ഹദീസ്‌

ജീവിത വിജയനിദാനങ്ങള്‍
എം.എസ്.എ റസാഖ്‌