Prabodhanm Weekly

Pages

Search

2017 ജൂലൈ 07

3008

438 ശവ്വാല്‍ 13

ഇസ്‌ലാമിക രാഷ്ട്രീയ സങ്കല്‍പ്പങ്ങളുടെ ചരിത്രവും വികാസവും

സി. അഹ്മദ് ഫായിസ്

സല്‍മാന്‍ സയ്യിദിന്റെ A Fundamental Fear: Eurocentrism and the emergence of Islamism എന്ന പുസ്തകത്തില്‍ 1924-ല്‍ കമാല്‍ അത്താതുര്‍ക്ക്  ഖിലാഫത്ത് അസാധുവാക്കി നടത്തിയ പ്രസ്താവനയുണ്ട്. അത് ഉദ്ധരിച്ചുകൊണ്ട് ആരംഭിക്കട്ടെ: ''ശാസ്ത്രത്തിന്റെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങിയ ആധുനിക നാഗരികതക്ക് തന്നെ നാണക്കേടാണ് രോഗബാധിതമായ ഖിലാഫത്ത്. അതൊരു പരിഹാസപാത്രമാണ്. ഒരു പാശ്ചാത്യ സ്ഥാപനമല്ലാത്തതുകൊണ്ട് നവീകരണക്ഷമമോ പുനഃസംഘടിപ്പിക്കപ്പെടാവുന്നതോ അല്ല ഖിലാഫത്ത്. അതിനെ മരണവിധേയമാക്കുക മാത്രമാണ് പ്രതിവിധി'' (സയ്യിദ്: 1997:57)

1924-ല്‍ ഉസ്മാനിയാ ഖിലാഫത്തിന്റെ തകര്‍ച്ചയോടെയാണ് ലോകത്ത് 'ആധുനിക' ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഉദയം ചെയ്യുന്നത്. ഇസ്‌ലാമിന്റെ സാമൂഹിക-രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയും കേവലമായ മതാനുഷ്ഠാനങ്ങള്‍ മാത്രമാണ് ഇസ്‌ലാം എന്ന തീവ്ര മതേതര  ആശയങ്ങള്‍ പിറവികൊള്ളുകയും ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഈജിപ്തില്‍ ഹസനുല്‍ ബന്നാ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്നും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ അബുല്‍ അഅ്‌ലാ മൗദൂദി ജമാഅത്തെ ഇസ്‌ലാമിക്കും ബീജവാപം നല്‍കുന്നത്. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ സര്‍ സയ്യിദ് അഹ്മദ് ഖാനും മൗലാന ശിബിലി നുഅ്മാനിയും ഈജിപ്തില്‍ അലി അബ്ദുര്‍റാസിഖിനെ പോലുള്ളവരും  ഇസ്‌ലാമില്‍ രാഷ്ട്രീയ സങ്കല്‍പ്പം  ഇല്ലെന്ന് വാദിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് സയ്യിദ്  മൗദൂദിയും ഇമാം ഹസനുല്‍ ബന്നായും ഇസ്‌ലാമിന്റെ രാഷ്ട്രീയ സങ്കല്‍പ്പത്തെ ശക്തിയുക്തം ഉയര്‍ത്തിക്കാട്ടിയത്. ഇസ്‌ലാമിന്റെ രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ക്ക്  നേരെ ഒരു ഭാഗത്ത് ആക്രമണങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെ തന്നെയാണ് ദേശരാഷ്ട്രങ്ങള്‍ തമ്മില്‍ ഒന്നും രണ്ടും ലോക യുദ്ധങ്ങള്‍ ഉണ്ടാവുന്നത്. പ്രത്യക്ഷ കോളനിവല്‍ക്കരണം അവസാനിക്കുകയും മിഡിലീസ്റ്റ്് അടക്കം ഏഷ്യ-ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലെ ജനങ്ങളുടെ ഹിംസാത്മകമോ അഹിംസാത്മകമോ ആയ എതിര്‍പ്പുകളുടെ ഫലമായി തങ്ങളുടെ  കോളനികളില്‍നിന്ന് അധിനിവേശ രാജ്യങ്ങള്‍ ഒഴിഞ്ഞുപോവുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഉദയം ചെയ്യുന്നത്. അധിനിവേശത്തിനെതിരായുള്ള അധിനിവേശിത രാജ്യങ്ങളിലെ ജനങ്ങളുടെ പോരാട്ടങ്ങളുടെ നേതൃത്വം പലയിടത്തും ആ രാജ്യങ്ങളിലെ വരേണ്യരുടെ നേതൃത്വത്തില്‍ ആയിരുന്നു. അധിനിവേശ രാജ്യങ്ങള്‍ തങ്ങളുടെ കോളനികളെ അടക്കിഭരിക്കാന്‍ ഉപയോഗിച്ച ഭരണവ്യവസ്ഥയെ അപ്പാടെ പുല്‍കുകയാണ് ആ രാജ്യങ്ങള്‍ ചെയ്തത്. ഈയൊരു ചരിത്രസന്ദര്‍ഭത്തെ മുന്‍നിര്‍ത്തിക്കൊണ്ടുവേണം ഇസ്‌ലാമും സ്റ്റേറ്റും തമ്മിലുള്ള ബന്ധത്തെക്കുറിച്ച അന്വേഷണങ്ങളെ വിശകലനം ചെയ്യേണ്ടത്.

കോളനീകരണത്തിനു മുമ്പോ കൊളോണിയല്‍ ആധുനികതക്ക് മുമ്പോ സ്റ്റേറ്റ് ഉണ്ടായിരുന്നില്ലെന്ന് ഡെല്യൂസ് പറയുന്നുണ്ട്. അതായത് മനുഷ്യനെക്കുറിച്ചും ഉണ്‍മയെക്കുറിച്ചും നിലനിന്നിരുന്ന ജ്ഞാനോദയ സങ്കല്‍പ്പങ്ങളെ ഭൂമിശാസ്ത്രപരമായ അതിരുകളെ നിര്‍വചിച്ചും പകുത്തും പങ്കിട്ടും നടത്തുന്ന രാഷ്ട്രീയമായ അഭ്യാസമായി പരിവര്‍ത്തിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് സ്റ്റേറ്റ്. ഹെഗലും കാന്റും സിദ്ധാന്തിച്ചത് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി നടപ്പാക്കുന്ന രീതി. അപ്പോള്‍ അതിനു മുമ്പ് നിലനിന്നത് എന്തായിരുന്നു എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. 

ആധുനിക ലോകത്ത് ഇസ്‌ലാമിന്റെ  രാഷ്ട്രീയ സങ്കല്‍പം എന്നത് ഏകതാനമായിട്ടല്ല നിലകൊണ്ടിട്ടുള്ളതും വികസിച്ചുകൊണ്ടിരിക്കുന്നതും എന്ന് ഇനിയുള്ള ചര്‍ച്ചയില്‍നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഇസ്‌ലാമിന്റെ രാഷ്ട്രീയ സങ്കല്‍പം ബന്ന-ഖുത്വ്ബ്-മൗദൂദി ത്രയത്തിന്റെ സൃഷ്ടിയാണെന്നും  അതിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലെന്നുമുള്ള വാദം ഇപ്പോഴും ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്നു് (വിശിഷ്യാ ഇന്ത്യയില്‍  ഇടത്-ഇടത് ലിബറല്‍ പക്ഷത്തു നിന്നുള്ള വാദം). ഇതേ വാദം മുസ്‌ലിംകളില്‍ തന്നെ ഒരു വിഭാഗവും പലപ്പോഴും  ഉയര്‍ത്തുന്നു. സ്റ്റേറ്റുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള മൗദൂദി അടക്കമുള്ളവരുടെ  ആശയങ്ങളെ ആര്‍.എസ്.എസിന്റെ ഹിന്ദു രാഷ്ട്രവാദവുമായി  തുലനപ്പെടുത്തിക്കൊണ്ടുള്ള വിശകലനങ്ങള്‍ മുഖ്യധാരാ അക്കാദമിക വൃത്തങ്ങളിലും മീഡിയയിലും എന്തിന് ജെ.എന്‍.യു, എച്ച്.സി.യു തുടങ്ങിയ പല ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ  രാഷ്ട്രീയത്തില്‍ പോലും  സജീവമാണ്. ഇസ്‌ലാമിക രാഷ്ട്രീയം/രാഷ്ട്രീയ ഇസ്‌ലാം എന്നീ പേരുകളില്‍ വ്യവഹരിക്കപ്പെടുന്ന ഇസ്‌ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ ആധുനിക കാലത്ത് മാപ്പുസാക്ഷിത്വ മനോഭാവമില്ലാതെ ഏറ്റവും ശക്തിയുക്തം അവതരിപ്പിച്ച ബന്ന-ഖുത്വ്ബ്-മൗദൂദി തുടങ്ങിയവര്‍ക്ക് ആഗോളതലത്തില്‍തന്നെ  മുഖ്യധാരാ മീഡിയയും അക്കാദമിക ലോകത്തുള്ളവരും പതിച്ചുനല്‍കിയ  ഭീകര പ്രതിഛായ മുന്‍നിര്‍ത്തി  ഇസ്‌ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ റദ്ദ് ചെയ്യുകയും ആ രാഷ്ട്രീയത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നവര്‍ ഉന്നയിക്കുന്ന എല്ലാവിധ രാഷ്ട്രീയ മുദ്രാവാക്യങ്ങളെയും നിരാകരിക്കുകയും അവര്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും സമകാലിക വായനയുടെ അടിസ്ഥാനത്തില്‍ ഉന്നയിക്കുന്ന സാമൂഹികനീതിക്ക് വേണ്ടിയുള്ള രാഷ്ട്രീയ ചോദ്യങ്ങളെ  പൈശാചികവല്‍ക്കിക്കുകയും(ഉലാീിശ്വല) ചെയ്യുന്ന  സമീപനം ഇന്ത്യന്‍ സര്‍വകലാശാലാ കാമ്പസുകളില്‍ നാം കാണുന്നു. അതുകൊണ്ടുതന്നെ മൗദൂദി അടക്കമുള്ളവര്‍ മുന്നോട്ടുവെച്ച ഇസ്‌ലാമിന്റെ  രാഷ്ട്രീയ/രാഷ്ട്ര  സങ്കല്‍പം എന്തായിരുന്നു എന്നും, എന്തല്ല എന്നും വിശകലനം ചെയ്യപ്പെടേണ്ടത് അനിവാര്യമാണ്. ആ രാഷ്ട്രീയത്തിന്റെ  ചരിത്രവും വികാസവും ചര്‍ച്ച ചെയ്യുന്നതിലേക്കുള്ള ഒരാമുഖമാണ് ഈ ലേഖനം. ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഉദയം ചെയ്ത കാലത്തിനു ശേഷമുള്ള ചരിത്രമാണ് ഇതിലെ പ്രതിപാദ്യവിഷയം.

ഇസ്‌ലാമിക രാഷ്ട്രീയത്തെ നിരന്തരമായി ആക്രമിക്കുകയും പൈശാചികവല്‍ക്കരിക്കുകയും ചെയ്യുന്നവര്‍ അതിനു മുമ്പുള്ള പതിനാല് നൂറ്റാണ്ടുകളിലെ ഇസ്‌ലാമിക പണ്ഡിതര്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ എങ്ങനെ കണ്ടു  എന്ന് അന്വേഷിക്കുകയാണെങ്കില്‍ അവര്‍ക്ക് കേവല മൗദൂദിവിമര്‍ശനത്തില്‍നിന്ന് പിന്‍വലിഞ്ഞ് ഇസ്‌ലാമിനെ തന്നെ വിമര്‍ശിക്കേണ്ടതായി വരും. ഇസ്‌ലാമില്‍നിന്ന് വിട്ടുനില്‍ക്കുന്ന, ഇരുപതാം നൂറ്റാണ്ടില്‍ ചുട്ടെടുക്കപ്പെട്ട എന്തോ ഒന്നാണ്  രാഷ്ട്രീയം എന്ന് ദ്യോതിപ്പിക്കുന്ന തരത്തില്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ ഇസ്‌ലാമിക രാഷ്ട്രീയം (Islamic Politics), രാഷ്ട്രീയ ഇസ്‌ലാം (Political Islam), ഇസ്‌ലാമിസം/ഇസ്‌ലാമിസ്റ്റ്   എന്നിങ്ങനെയുള്ള  പദങ്ങള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത്, മനുഷ്യന്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിപുരുഷനായി നിയോഗിക്കപ്പെട്ട കാലം മുതല്‍ക്കുള്ള ഇസ്‌ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ ചരിത്രത്തെ കൂടി റദ്ദ് ചെയ്യാന്‍ കാരണമായി തീരുന്നുണ്ട്. 

 

ദേശരാഷ്ട്ര വ്യവസ്ഥിതിയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും 

മൂന്നാം ലോക രാജ്യങ്ങളെ സംബന്ധിച്ച്, വിശിഷ്യാ ഇസ്‌ലാമിക ലോകത്തെ സംബന്ധിച്ചേടത്തോളം ദേശ രാഷ്ട്ര വ്യവസ്ഥ തികച്ചും പുതിയ ഒരനുഭവമായിരുന്നു. കോളനിവത്കരിക്കപ്പെട്ട രാജ്യങ്ങളില്‍ കൊളോണിയല്‍ ശക്തികള്‍ക്കെതിരെ പോരാട്ടങ്ങള്‍ നടന്നുകൊണ്ടിരിക്കെത്തന്നെ വരാനിരിക്കുന്ന തങ്ങളുടെ രാജ്യം എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച് പല തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. ഉസ്മാനിയാ ഖിലാഫത്ത് തകര്‍ന്ന സന്ദര്‍ഭം കൂടി കണക്കിലെടുത്ത് ഈജിപ്തില്‍ ഇഖ്‌വാനും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മൗദൂദിയും ഇസ്‌ലാമിന്റെ രാഷ്ട്രീയ സങ്കല്‍പ്പത്തെ ഉയര്‍ത്തിക്കാട്ടിയത് ഈയൊരു സാഹചര്യത്തിലാണ്.

ഇസ്‌ലാമിക ലോകത്ത് ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന ആശയം ആദ്യമായി ഉയര്‍ത്തിയത് റശീദ് രിദായായിരുന്നു. ഉസ്മാനിയാ ഖിലാഫത്ത് തകരുകയും തുര്‍ക്കിയെ ഒരു സെക്യുലര്‍ നാഷന്‍ സ്റ്റേറ്റ് ആയി മുസ്ത്വഫ കമാല്‍ അത്താതുര്‍ക്ക്   പരിവര്‍ത്തിപ്പിക്കുകയും ചെയ്തതിനോടുള്ള പ്രതികരണമായിരുന്നു റശീദ് രിദയുടെ ഈ ആശയം. തുര്‍ക്കി  ദേശീയതക്കെതിരെ  അറബ് ദേശീയതയെ പിന്തുണക്കുമ്പോഴും ഖിലാഫത്തിനെ കുറിച്ച ആലോചനകള്‍ ഇസ്‌ലാമിക ലോകത്ത് ഉയര്‍ത്തിയവരില്‍ ആദ്യത്തെയാള്‍ റശീദ് രിദാ തന്നെ. ഖിലാഫത്ത് സംവിധാനത്തെ തകര്‍ത്ത അതേ കാലയളവില്‍തന്നെ രിദായുടേതായി പുറത്തിറങ്ങിയ The Caliphate System or the Supreme Imam System(അല്‍ ഖിലാഫത്തു അവില്‍ ഇമാമതുല്‍ ഉള്മ) എന്ന പുസ്തകത്തിലൂടെ അദ്ദേഹം ഒരു മാതൃകാ ഖിലാഫത്തിനെ കുറിച്ച ആലോചനകള്‍ മുന്നോട്ടുവെച്ചു. പ്രവാചകന്റെയും ഖുലഫാഉര്‍റാശിദുകളുടെയും കാലശേഷം മാതൃകാ ഖിലാഫത്ത് ഉണ്ടായിട്ടിെല്ലന്നും പിന്നീടുണ്ടായവ ഫ്യൂഡല്‍ മൂല്യങ്ങളെ താങ്ങിനിര്‍ത്തുന്ന രാജാധികാരങ്ങള്‍ ആയിരുന്നുവെന്നും അദ്ദേഹം ആ പുസ്തകത്തില്‍ എഴുതുന്നുണ്ട് ('ഖിലാഫത്തും രാജവാഴ്ചയും' എന്ന കൃതിയില്‍ മൗലാനാ മൗദൂദിയും സമാന അഭിപ്രായം പങ്കുവെക്കുന്നുണ്ട്). പുതിയ കാലത്ത് ഖുലഫാഉര്‍റാശിദീങ്ങളുടേതു പോലുള്ള ഭരണരീതി ഉണ്ടാവേണ്ടതിനെ സംബന്ധിച്ച് റശീദ് രിദാ ഉപന്യസിക്കുന്നു. 'ഇസ്‌ലാമിക ഗവണ്‍മെന്റ്', 'ഇസ്‌ലാമിക ഖിലാഫത്ത്', 'ഖിലാഫത്ത് ഭരണകൂടം' (അല്‍ ഹുകൂമതുല്‍ ഇസ്‌ലാമിയ്യ) എന്നൊക്കെയാണ് അത്തരമൊരു ഭരണസംവിധാനത്തെ കുറിക്കാനുള്ള അദ്ദേഹത്തിന്റെ പ്രയോഗങ്ങള്‍. നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കല്ല, മറിച്ച് അല്ലാഹുവിനാണെന്നു സമര്‍ഥിക്കുന്ന അദ്ദേഹം, ഇസ്‌ലാമിന്റെ ഭരണ സങ്കല്‍പ്പമായ ശൂറാ സംവിധാനത്തെയും പരിചയപ്പെടുത്തുന്നു.

റശീദ് രിദാ അവതരിപ്പിച്ച ഇസ്‌ലാമിക ഭരണസങ്കല്‍പ്പത്തെ കുറച്ചുകൂടി മൂര്‍ത്തമായി അവതരിപ്പിക്കുകയാണ് മൗലാനാ മൗദൂദി ചെയ്തത്.  ഹാകിമിയ്യത്ത് -താഗൂത്ത് ദ്വന്ദ്വങ്ങളില്‍ ഊന്നിക്കൊണ്ടുള്ള മൗദൂദിയുടെ  ഇസ്‌ലാമിക രാഷ്ട്രീയ സിദ്ധാന്തം അടിസ്ഥാനപരമായി ദേശീയതയിലും മതേതരത്വത്തിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ആധുനിക  ദേശരാഷ്ട്ര സങ്കല്‍പ്പത്തെ നിരാകരിക്കുന്ന ഒന്നായിരുന്നു.  മുസ്‌ലിം രാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്ന ഭരണകൂടങ്ങളെ മുസ്‌ലിംകള്‍ക്കകത്തുള്ള ജാഹിലിയ്യത്തായും  പാശ്ചാത്യ മാതൃകയിലുള്ള ഭരണകൂടങ്ങളെ 'മോഡേണ്‍ ജാഹിലിയ്യത്ത്' ആയും മൗദൂദി വിശേഷിപ്പിച്ചു. ജനങ്ങളുടെ പരമാധികാരത്തിനു പകരം അല്ലാഹുവിന്റെ  പരമാധികാരം (ഹുകൂമത്തെ ഇലാഹിയ്യ) ആണ് ഉണ്ടാവേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞുവെച്ചത്. 

തലാല്‍ അസദിനെപോലുള്ളവരുടെ മതേതരത്വ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പോസ്റ്റ് സെക്യുലര്‍, പോസ്റ്റ് നാഷ്‌നല്‍ ലോകത്തെ കുറിച്ച് ചിന്തിക്കുന്ന ഇക്കാലത്ത്  മതേതരത്വത്തെയും ദേശീയതയെയും നിരാകരിച്ച  മൗദൂദിയുടെ ഹുകൂമത്തെ ഇലാഹിയ്യ എന്ന ആശയം കൂടുതല്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. അതേസമയം തന്നെ 1941-ല്‍ ഹുകൂമത്തെ ഇലാഹിയ്യയെ കുറിച്ച് പറഞ്ഞ, ജനാധിപത്യമെന്ന ആശയത്തെ ശക്തിയുക്തം എതിര്‍ത്ത  മൗദൂദി പിന്നീട് പാകിസ്താനില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനു വേണ്ടി നേതൃത്വം നല്‍കിയതും ജനറല്‍ അയ്യൂബ് ഖാനെതിരെ ഫാത്വിമ ജിന്നയെ പിന്തുണച്ചതുമെല്ലാം ചേര്‍ത്തു വായിക്കുകയാണെങ്കില്‍ മൗദൂദിയെ ഒരു റാഡിക്കല്‍ ഡെമോക്രാറ്റ് ആയിട്ടാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക. അദ്ദേഹം തന്നെ തന്റെ രാഷ്ട്രീയ സങ്കല്‍പത്തെ  സ്വയം വിശേഷിപ്പിച്ചത് Theo-Democracy  എന്നായിരുന്നല്ലോ. 

ഇസ്‌ലാമിക ഉമ്മത്തിനെ കുറിച്ചും വംശ-ദേശ ഭേദമന്യേ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇസ്‌ലാമിക ഖിലാഫത്തിനെ കുറിച്ചുമാണ് ഇമാം ഹസനുല്‍ ബന്നാ സംസാരിച്ചത്. എന്നാല്‍ മൗദൂദിയുടെ ഹാകിമിയ്യത്ത് -ജാഹിലിയത്ത് ദ്വന്ദ്വങ്ങളില്‍ ഊന്നിയുള്ള ഇസ്‌ലാമിക രാഷ്ട്രീയ സങ്കല്‍പ്പത്തെ കൂടുതല്‍ റാഡിക്കലായി അവതരിപ്പിച്ചത് ശഹീദ് സയ്യിദ് ഖുത്വ്ബ് ആയിരുന്നു. ജാഹിലിയായ ആധുനിക  ഭരണസംവിധാനത്തില്‍നിന്ന് പൂര്‍ണമായി വിടുതല്‍ നേടുന്നതിനെക്കുറിച്ചും അവയെ ഇസ്‌ലാമികമായി പരിവര്‍ത്തിപ്പിക്കാന്‍ ജിഹാദിന്റെ ആവശ്യകതയെ കുറിച്ചുമാണ് സയ്യിദ് ഖുത്വ്ബ് എഴുതിയത്. സയ്യിദ് ഖുത്വ്ബിന്റെ ഇസ്‌ലാമിക രാഷ്ട്രസങ്കല്‍പനത്തില്‍ വിശ്വാസിയുടെ  പൗരത്വം അവന്റെ ആദര്‍ശമാണ് (ജിന്‍സിയത്തുല്‍ മുഅ്മിനി അഖീദതുഹു) തീരുമാനിക്കുന്നത് എന്നതുപോലുള്ള വാദങ്ങള്‍ കാണാന്‍ കഴിയും. അദ്ദേഹത്തിന്റെ  ഇത്തരം ആത്യന്തിക വാദങ്ങളെ ഡോ. യൂസുഫുല്‍ ഖറദാവി തന്റെ 'ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മുന്‍ഗണനാ ക്രമങ്ങള്‍'  എന്ന പുസ്തകത്തില്‍  നിരാകരിക്കുന്നുണ്ട്. ഇസ്‌ലാമിക ഭരണം നൂറു ശതമാനം സിവില്‍ ഭരണം ആയിരിക്കുമെന്നും മധ്യ നൂറ്റാണ്ടിലെ രാഷ്ട്രസങ്കല്‍പ്പവുമായി അതിനൊരു സാമ്യവുമില്ലെന്നും ഖറദാവി ചൂണ്ടിക്കാണിക്കുന്നു. ഇഖ്‌വാന്‍ എന്ന സംഘടനക്കകത്തുതന്നെ  സയ്യിദ് ഖുത്വ്ബിന്റെ രക്തസാക്ഷിത്വത്തിനു ശേഷം  അദ്ദേഹത്തിന്റെ ഹാകിമിയ്യത്ത് - ജാഹിലിയ്യത്ത് ദ്വന്ദ്വങ്ങളില്‍ ഊന്നിക്കൊണ്ടുള്ള രാഷ്ട്രീയ വീക്ഷണത്തിനെതിരെ, സ്റ്റേറ്റിനെക്കുറിച്ചോ ഭരണത്തെക്കുറിച്ചോ അല്ല ഇപ്പോള്‍ ചിന്തിക്കേണ്ടതെന്നും ദഅ്‌വത്തിലാണ്  ഇസ്‌ലാമിക പ്രസ്ഥാനം ഊന്നല്‍ നല്‍കേണ്ടതെന്നും വാദിച്ചുകൊണ്ട് ഇഖ്‌വാന്റെ രണ്ടാമത്തെ മുര്‍ശിദുല്‍ ആം ആയ ഹസനുല്‍ ഹുദൈബി 'പ്രബോധകരാണ്, വിധികര്‍ത്താക്കളല്ല' (ദുആതുന്‍ ലാ ഖുളാത്ത്) എന്ന പുസ്തകം എഴുതുകയും അത്  പ്രസ്ഥാനത്തിനകത്ത് ആശയ സംഘട്ടനങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. 

പോസ്റ്റ് കൊളോണിയല്‍ കാലത്ത് ഇസ്‌ലാമിക് സ്റ്റേറ്റ് എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച് കൃത്യമായ ഒരു ബ്ലൂപ്രിന്റ് നല്‍കുന്നത് മുഹമ്മദ് അസദ് ആണ്. മുഹമ്മദലി ജിന്നയുടെ അപേക്ഷ പ്രകാരം ഒരു ഇസ്‌ലാമിക സ്റ്റേറ്റ് ഭരണഘടനയുടെ ബ്ലൂപ്രിന്റ്  അദ്ദേഹം തയാറാക്കി. പാകിസ്താന്‍ രൂപവത്കരണത്തെ തുടര്‍ന്ന്  Department of Islamic Reconstruction (DIR) എന്നൊരു വകുപ്പ് ഉണ്ടാക്കുകയും അസദിനെ അതിന്റെ  മേധാവിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ജിന്നയുടെ മരണത്തെ തുടര്‍ന്ന് പ്രസ്തുത വകുപ്പ് തന്നെ ഇല്ലാതായി. പിന്നീട് 1961-ല്‍ മുഹമ്മദ് അസദ് തന്റെ The Principles of State and Government in Islam  എന്ന കൃതിയില്‍, ഏത് ഭരണ മാതൃക (Governing Model)  സ്വീകരിക്കണം എന്നതിനെ സംബന്ധിച്ച് ശരീഅത്ത് കൃത്യമായ നിര്‍ദേശങ്ങളൊന്നും തന്നിട്ടില്ലെന്നും ഓരോ കാലത്തെയും മുസ്‌ലിം സമൂഹം അവരുടെ സാഹചര്യത്തിന് യോജിച്ച വിധം ശരീഅത്തിന്റെ താല്‍പര്യങ്ങള്‍ക്ക്  വിഘാതമാകാത്ത രൂപത്തില്‍ ആ മാതൃക കണ്ടെത്തണമെന്നും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഇസ്‌ലാമിക് സ്റ്റേറ്റ് തികച്ചും ആധുനികവും സ്ത്രീകളുടെ അധികാരപങ്കാളിത്തത്തെ അനുകൂലിക്കുന്നതും, ബഹുകക്ഷി സമ്പ്രദായം തുടങ്ങി ദേശരാഷ്ട്രത്തിന്റെ പ്രത്യേകതകളെ അംഗീകരിക്കുന്നതുമായിരുന്നു.

ഇസ്‌ലാമിക് സ്റ്റേറ്റിനെക്കുറിച്ച ചര്‍ച്ചകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത പേരാണ് സുഡാനിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ഹസന്‍ തുറാബി. മതേതരമായ (ചര്‍ച്ചിനെ സ്റ്റേറ്റില്‍നിന്ന് മാറ്റിനിര്‍ത്തുന്ന) ദേശ രാഷ്ട്രത്തില്‍നിന്ന് വിഭിന്നമായി ഏകദൈവവിശ്വാസത്തില്‍ (തൗഹീദ്) അധിഷ്ഠിതമായ ഇസ്‌ലാമിക സ്റ്റേറ്റിനെ കുറിച്ചാണ് തുറാബി പറഞ്ഞത്. ഭാഷയുടെയും ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളുടെയും വംശത്തിന്റെയും അടിസ്ഥാനത്തിലുള്ള ദേശീയതക്ക് നിയന്ത്രിതമായ കീഴ്‌വണക്കം (Limited Loyatly)  മാത്രമേയുള്ളൂവെന്നും, പരമമായ കീഴ്‌വണക്കം (Absolute Loyatly)  എന്നും അല്ലാഹുവിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റേറ്റ് അല്ലാഹുവിന്റെ പരമാധികാരം പ്രയോഗിക്കാനുള്ള കേവല ഉപകരണം മാത്രമാണെന്നും, പരമമായ അധികാരം (Absolute Sovereignty)  അല്ലാഹുവിനു തന്നെയാണെന്നും അദ്ദേഹം പറഞ്ഞുവെച്ചു. 

ഇതുവരെ പരാമര്‍ശിച്ച ചിന്തകരില്‍ എല്ലാവരും ഒരേ കാര്യം തന്നെയാണ് പറഞ്ഞതെങ്കിലും ഓരോരുത്തരുടെയും ഊന്നലുകള്‍ വ്യത്യസ്തമായിരുന്നു. ആ വ്യത്യസ്തതകള്‍ ഉണ്ടാവുന്നത്, ഓരോ പ്രസ്ഥാനവും/ചിന്തകനും താന്താങ്ങളുടെ രാജ്യത്ത് നിലനില്‍ക്കുന്ന വ്യത്യസ്ത സാഹചര്യങ്ങളോടാണ് ഇടപഴകിയത് എന്നതുകൊണ്ടാണ്. യൂറോപ്യന്‍ ജ്ഞാനോദയത്തില്‍നിന്ന് രൂപംകൊണ്ട ദേശീയതയിലും  വംശീയതയിലും ഊന്നുന്ന, ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളാല്‍  ബന്ധിതമായ, മതേതരമായ ഒരു ദേശരാഷ്ട്ര വ്യവസ്ഥതിയായിരുന്നില്ല ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച രാഷ്ട്ര സങ്കല്‍പമെന്നും, മറിച്ച് ഇവയെ എല്ലാം നിരാകരിക്കുന്ന ഒരു വ്യവസ്ഥിതി ആയിരുന്നുവെന്നും മനസ്സിലാക്കാം. ആധുനിക ദേശരാഷ്ട്ര വ്യവസ്ഥിതിക്കകത്തുനിന്നുകൊണ്ട് ഈ ആശയത്തിന്റെ പ്രയോഗവത്കരണം എങ്ങനെ എന്നതിനെക്കുറിച്ച ഊന്നലുകളില്‍ ഇവര്‍ തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടാവാം. എന്നാല്‍ പുതിയ കാലത്ത് ബഹുസ്വരതയിലും തുല്യ പൗരത്വത്തിലും(മുവാത്വന) അധിഷ്ഠിതമായ ഒരു രാഷ്ട്ര സങ്കല്‍പ്പമാണ് ഇസ്‌ലാമിസ്റ്റുകള്‍ മുന്നോട്ടു വെക്കുന്നത്. താത്ത്വികമായി ദൈവത്തിന്റെ പരമാധികാരത്തെ നിരാകരിക്കുന്ന ഒന്നാണ് ആധുനിക മതേതര  ദേശരാഷ്ട്രമെങ്കിലും പ്രായോഗികമായി ഈ വ്യവസ്ഥയെ നിരാകരിക്കാനാവില്ല എന്ന തിരിച്ചറിവാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ മാറച്ചിന്തിപ്പിച്ചത്. ഖിലാഫത്തിനെ കുറിച്ചും ഗ്ലോബല്‍  ഉമ്മത്തിനെ കുറിച്ചുമുള്ള സ്വപ്‌നങ്ങള്‍ക്കപ്പുറം, ഇസ്‌ലാമിക ഭരണകൂടത്തെ സംബന്ധിച്ച വാചാടോപങ്ങള്‍ക്കപ്പുറം, ജീവിക്കുന്ന ലോകത്തെ മാറ്റിപ്പണിയാന്‍ 'ഇസ്‌ലാമിസ'ത്തിനു കഴിയുമോ എന്ന ചോദ്യത്തെ അഭിമുഖീകരിച്ചതിന്റെ ഫലമാണ് ഇന്ന് വിവിധ രാജ്യങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ കാണുന്ന ആഭ്യന്തര സംവാദങ്ങളും അതിനെ തുടര്‍ന്നുള്ള മുന്‍ഗണനാ ക്രമങ്ങളിലെ മാറ്റങ്ങളും ആശയപരമായ അഴിച്ചുപണികളുമെല്ലാം. ഇസ്‌ലാമിനെ ജനങ്ങള്‍ക്ക്  അനുഭവവേദ്യമാക്കുക എന്നതാണ് പ്രധാനം എന്നതിലേക്ക് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മാറിക്കഴിഞ്ഞു.

ആദ്യകാല ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പറഞ്ഞിരുന്ന രാഷ്ട്രീയവും മതവും വെവ്വേറെ കള്ളികളില്‍ നിര്‍ത്തുന്നത് ഇസ്‌ലാമിന് അന്യമാണ് എന്ന സിദ്ധാന്തത്തില്‍നിന്ന് പ്രത്യക്ഷത്തില്‍ മാറി, രാഷ്ട്രീയത്തിനും മത പ്രവര്‍ത്തനങ്ങള്‍ക്കും വെവ്വേറെ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന തരത്തില്‍ പുതിയ പോളിസി രൂപീകരിച്ച റാശിദുല്‍ ഗന്നൂശി നയിക്കുന്ന  തുനീഷ്യന്‍ ഇസ്‌ലാമിക പ്രസ്ഥാനമായ അന്നഹ്ദ   ഇക്കാര്യത്തില്‍   ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്നു. തുര്‍ക്കി  പോലെയുള്ള അള്‍ട്രാ  സെക്യുലര്‍ രാഷ്ട്രത്തില്‍  ഇസ്‌ലാമിക രാഷ്ട്രീയത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ഒരു യാഥാസ്ഥിതിക ഡെമോക്രാറ്റിക്ക് പാര്‍ട്ടിയായി നിലകൊള്ളുന്ന അക് പാര്‍ട്ടി ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ മറ്റൊരു പരീക്ഷണശാലയാണ്. ഫലസ്ത്വീന്‍ വിമോചന പ്രസ്ഥാനമായ ഹമാസിന്റെ നേതാവ് ഖാലിദ് മിശ്അല്‍ തങ്ങള്‍ ഒരു ദേശീയ വിമോചന പ്രസ്ഥാനമാണ് എന്നൊക്കെ മാധ്യമങ്ങളോട് പറയുമ്പോഴും മുന്‍നിലപാടുകളില്‍നിന്നുള്ള മാറ്റം വ്യക്തമാണ്. ഏറ്റവുമൊടുവില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായുള്ള ബന്ധം വേര്‍പ്പെടുത്താനും പൂര്‍ണമായും ഒരു ഫലസ്ത്വീന്‍ ദേശീയ പ്രസ്ഥാനമായി സ്വയം പരുവപ്പെടാനുമുള്ള ഹമാസിന്റെ  തീരുമാനവും ഇസ്‌ലാമിന്റെ  അടിസ്ഥാന രാഷ്ട്രീയ സങ്കല്‍പ്പങ്ങളെ നിരാകരിക്കുന്ന സമീപനമായല്ല കാണേണ്ടത്. അന്താരാഷ്ട്ര ബന്ധങ്ങളില്‍ ആഗോളതലത്തില്‍ തന്നെയുണ്ടായ  മാറ്റങ്ങള്‍, ഈജിപ്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനുള്ള നിരോധനവും ഭീകര സംഘടന എന്ന മുദ്രയടിക്കലുമൊക്കെ ഈ ആശയമാറ്റത്തിനു പിന്നില്‍ ഉണ്ടെങ്കിലും, ദേശരാഷ്ട്ര വ്യവസ്ഥയുമായി എത്രത്തോളം ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഇഴുകിച്ചേരാന്‍ നിര്‍ബന്ധിതരായിരിക്കുന്നു എന്ന വശവും പഠനമര്‍ഹിക്കുന്നു.

ഇന്ത്യയിലെയും പാകിസ്താനിലെയും ബംഗ്ലാദേശിലെയുമെല്ലാം ജമാഅത്തെ ഇസ്‌ലാമികളുടെ ലക്ഷ്യങ്ങളും രാഷ്ട്രീയ നീക്കുപോക്കുകളും വ്യത്യസ്തമാകുന്നതും അതത് രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന  ആധുനികമായ സെക്യുലര്‍  ദേശരാഷ്ട്ര വ്യവസ്ഥയുമായുള്ള ഇടപഴകല്‍ മൂലമാണെന്ന് മനസ്സിലാക്കാം. ഓരോ രാജ്യത്തും ദേശീയത, മതേതരത്വം, സ്റ്റേറ്റ് എന്നിവക്കുള്ള നിര്‍വചനങ്ങള്‍ വ്യത്യസ്തമായതുകൊണ്ടുതന്നെ അതിനനുസരിച്ചുള്ള ലക്ഷ്യങ്ങളും മാര്‍ഗങ്ങളുമാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഓരോ രാഷ്ട്രത്തിലും സ്വീകരിക്കുക. ഒരേ പേരില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക്  സ്ഥലകാലങ്ങള്‍ക്ക്  വിധേയമായി അത്തരത്തില്‍ വിവിധ ലക്ഷ്യങ്ങള്‍ ഉണ്ടാവുന്നത് ശരിയോ എന്ന് വിമര്‍ശിക്കുന്നവരുണ്ട്.  എന്നാല്‍ ദേശീയത, മതേതരത്വം, സ്റ്റേറ്റ് എന്നിങ്ങനെയുള്ള സംജ്ഞകള്‍ക്ക് കൃത്യമായ നിര്‍വചനം ഇല്ലാതിരിക്കുന്നതുകൊണ്ട് ഓരോ രാജ്യവും അവര്‍  കടന്നുവന്ന ചരിത്രത്തിനു അനുസൃതമായി അവക്ക് പല നിര്‍വചനങ്ങളും വ്യാഖ്യാനങ്ങളും നല്‍കുകയാണ്   ചെയ്തിട്ടുള്ളത്. പ്രയോഗത്തില്‍തന്നെ ആ നിര്‍വചനങ്ങള്‍ മാറി പലപ്പോഴും ഇസ്‌ലാംവിരുദ്ധത/ ഇസ്‌ലാമോഫോബിയ ആയിത്തീര്‍ന്ന ലോക സാഹചര്യത്തില്‍ (ഇന്നത്തെ അമേരിക്കന്‍ ദേശീയത ഉദാഹരണം) ഓരോ ഇസ്‌ലാമിക പ്രസ്ഥാനവും  കാലഘട്ടത്തിനനുസൃതമായി നടത്തുന്ന പോളിസി മാറ്റങ്ങളെ കാപട്യമായി വിലയിരുത്തുന്നതില്‍ അര്‍ഥമില്ല. ഇസ്‌ലാമിന്റെ രാഷ്ട്രീയ സങ്കല്‍പങ്ങളുടെ അടിസ്ഥാന ചിന്തയില്‍നിന്നുള്ള മാറ്റമായിട്ടല്ല, മറിച്ച് ദേശരാഷ്ട്ര വ്യവസ്ഥതയുമായുള്ള ഇടപാടുകളുടെ ഫലമായിട്ടുള്ള വികാസം എന്ന് അതിനെ വിലയിരുത്തുന്നതാവും ശരി. അങ്ങനെയുള്ള മാറ്റങ്ങള്‍ ശരിയോ തെറ്റോ എന്ന് കാലമാണ് വിലയിരുത്തേണ്ടത്. അതേസമയം ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍  കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക്  ഇത്തരത്തില്‍ ദേശത്തിനും കാലത്തിനും അനുസൃതമായി തങ്ങളുടെ നിലപാടുകളില്‍  വികാസക്ഷമത കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നു കൂടി നോക്കുന്നത് രസകരമായിരിക്കും .

 

വാഇല്‍ ഹല്ലാഖിനെ വായിക്കുമ്പോള്‍

മുകളില്‍ പറഞ്ഞ തരത്തില്‍ ഓരോ നാട്ടിലെയും ഇസ്‌ലാമിക ചിന്തകരും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ആധുനിക ദേശരാഷ്ട്ര വ്യവസ്ഥിതി സംഭാവന ചെയ്ത കലുഷമായ  സാഹചര്യങ്ങളോട് പ്രതികരിച്ച / പ്രതികരിക്കുന്ന രീതികള്‍ ഓര്‍മിച്ചുകൊണ്ടു വേണം സ്റ്റേറ്റ്, ഖിലാഫത്ത്, ഡീകൊളോനൈസേഷന്‍ തുടങ്ങിയവയെക്കുറിച്ച പുതിയ പഠനങ്ങളെ മനസ്സിലാക്കേണ്ടത്. വാഇല്‍ ബി. ഹല്ലാഖിന്റെ The Impossible State: Islam, Politics, and Moderntiy's Moral Predicament  എന്ന പുസ്തകം അടിസ്ഥാനപരമായി  ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തങ്ങളുടെ ആദ്യ കാലഘട്ടത്തില്‍ അവതരിപ്പിച്ചിരുന്ന ദേശരാഷ്ട്ര വ്യവസ്ഥിതി ഇസ്‌ലാമികമായി ശരിയല്ല എന്ന വാദത്തെ പുനരാനയിക്കുന്ന ഒന്നാണ്. ദേശരാഷ്ട്രം ഒരു യൂറോപ്യന്‍ ഉല്‍പന്നമാണെന്നും ജനങ്ങളുടെ പരമാധികാരമാണ് അത് മുന്നോട്ടു വെക്കുന്നതെന്നും ശരീഅത്ത് മുന്നോട്ടുവെക്കുന്ന ധാര്‍മികത മുന്‍നിര്‍ത്തിയുള്ള വ്യവസ്ഥിതിക്ക് പകരം യൂറോ-അമേരിക്കന്‍ ജ്ഞാനോദയത്തിന്റെ ഫലമായുണ്ടായ ശാസ്ത്രവും പുരോഗതിയുമൊക്കെയാണ് ഇവയുടെ അടിസ്ഥാന ശിലയെന്നും ഹല്ലാഖ് വാദിക്കുന്നു. നിയമ വാഴ്ചയുടെ അടിസ്ഥാനത്തിലുള്ള ഒരു സ്റ്റേറ്റ് അല്ല ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്, മറിച്ച് ധാര്‍മികതയാണ് ഇസ്‌ലാമിക രാഷ്ട്രീയ സങ്കല്‍പ്പത്തില്‍ പ്രധാനം. അതുകൊണ്ടുതന്നെ ഇസ്‌ലാമും ആധുനിക ദേശരാഷ്ട്രവും ചേര്‍ന്നുപോകില്ല, ഇതാണ്് ഹല്ലാഖ് വാദിക്കുന്നത്. ആധുനിക ദേശരാഷ്ട്ര വ്യവസ്ഥിതിക്കകത്തുനിന്നു കൊണ്ടുള്ള ഇസ്‌ലാമിസ്റ്റുകളുടെ രാഷ്ട്രീയ പരീക്ഷണം അടിസ്ഥാനപരമായി പരാജയമാകുമെന്നും, അതിന് കാരണം ശരീഅത്ത് മുന്നോട്ടു വെക്കുന്ന ധാര്‍മികതക്കു പകരം നിയമവാഴ്ചക്ക് കൂടുതല്‍ പ്രാധാന്യം കൈവരുന്ന ആധുനിക ദേശ രാഷ്ട്രത്തെ പുല്‍കുന്നതുകൊണ്ടായിരിക്കുമെന്നും ഹല്ലാഖ് പറയുന്നു. പൗരനെ അച്ചടക്കം പഠിപ്പിക്കുകയും സ്റ്റേറ്റിനെ അനുസരിക്കുന്ന പൗരനെ വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന രീതി അതിനുണ്ട്. ബ്യൂറോക്രസിയുടെ അമിതാധികാരം, തങ്ങളുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യാന്‍ സാധ്യതയുള്ള സംസ്‌കാരങ്ങളെ/ അധികാര സ്വരൂപങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള വാഞ്ഛ ഇതൊക്കെ ആധുനിക ദേശ രാഷ്ട്രത്തിന്റെ സ്വഭാവമാണ് എന്നാണ് ഹല്ലാഖിന്റെ വാദങ്ങളുടെ കാതല്‍. സയന്‍സ് & ടെക്‌നോളജി, സമ്പത്ത് ഇവ കേന്ദ്ര സ്ഥാനത്തു വരുന്ന  സ്റ്റേറ്റ് എന്ന അധികാര സ്വരൂപത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള സമീപനത്തിന് പകരം, ശരീഅത്ത് മുന്നോട്ടുവെക്കുന്ന ധാര്‍മികതയില്‍ ഊന്നിയുള്ള, അതേസമയം ധാര്‍മികതക്കു വേണ്ടി നിലകൊള്ളുന്ന പാശ്ചാത്യരും പൗരസ്ത്യരുമായ, ക്രിസ്ത്യാനികളും മുസ്‌ലിംകളും മറ്റു വിഭാഗങ്ങളും ഒത്തുചേരുന്ന, 'സംസ്‌കാരങ്ങളുടെ സംഘട്ടനം'  എന്ന മിത്തിനെ ചോദ്യം ചെയ്യുന്ന ഒരു മുന്നേറ്റം സാധ്യമാവില്ലേ എന്നാണ് ഹല്ലാഖ് ചോദിക്കുന്നത്. അങ്ങനെ മുസ്‌ലിംകള്‍ മറ്റുള്ളവരുമായി ചേരുന്നതിലൂടെ ശരീഅത്തിന്റെ ധാര്‍മികത ലോകക്രമത്തിന്റെ തന്നെ ഭാഗമായി മാറും. ഇസ്‌ലാമിക വിമോചന ദൈവശാസ്ത്ര (Islamic Liberation Theology) ത്തെക്കുറിച്ച ചര്‍ച്ചയില്‍ ഹാമിദ് ദാബാഷി സമാനമായ അഭിപ്രായം തന്റെ Islamic Liberation Theology: Resisting the Empire എന്ന പുസ്തകത്തില്‍ പങ്കുവെക്കുന്നുണ്ട്. 

ഇര്‍ഫാന്‍ അഹ്മദിനെ പോലുള്ളവര്‍ ഹല്ലാഖിന്റെ പുസ്തകം മുന്നോട്ടു വെക്കുന്ന വാദങ്ങളെ  വിമര്‍ശിക്കുന്നു. അക്കാദമിക വൃത്തങ്ങളിലും മീഡിയയിലും നടക്കുന്ന ചര്‍ച്ചകളില്‍ ഇസ്‌ലാമും ജനാധിപത്യവും, ഇസ്‌ലാമും ഫെമിനിസവും, ഇസ്‌ലാമും സയന്‍സും, ഇസ്‌ലാമും യുക്തിയും ഇതൊന്നും തമ്മില്‍ ചേരില്ല എന്ന തരത്തിലുള്ള വാദങ്ങള്‍  നിലനില്‍ക്കെ, ഇസ്‌ലാമും ദേശരാഷ്ട്രവും ചേരില്ല എന്ന ചേര്‍ച്ചയില്ലായ്മ സിദ്ധാന്തത്തിലേക്ക് (Incompatibility Thesis) മറ്റൊന്ന് കൂടി ചേര്‍ത്തുവെക്കുകയാണ് ഹല്ലാഖ് ചെയ്തത് എന്നാണ് ഇര്‍ഫാന്‍ അഹ്മദിന്റെ വിമര്‍ശമനം. മൗദൂദിയും ബന്നായും ഖുത്വ്ബുമെല്ലാം ഉയര്‍ത്തിയ ദൈവത്തിന്റെ പരമാധികാരം നിലവില്‍വരുന്ന ഇസ്‌ലാമിക വ്യവസ്ഥിതി ഒരിക്കലും ഹല്ലാഖ് ചൂണ്ടിക്കാട്ടിയ ആധുനിക ദേശരാഷ്ട്രം ആയിരുന്നില്ല. മാത്രവുമല്ല ഇസ്‌ലാമിസ്റ്റുകള്‍ ഒരിക്കലും ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പദം വളരെ നിരപേക്ഷമായി  ഉപയോഗിച്ചിട്ടുമില്ല.

‘Islamic System’, ‘Islamic Order’  എന്നീ പദങ്ങളോടു ചേര്‍ത്താണ് ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന സങ്കല്‍പ്പവും അവതരിപ്പിച്ചിട്ടുള്ളത്. മുസ്‌ലിം ബ്രദര്‍ഹുഡ് 'നിളാമുന്‍ ഇസ്‌ലാമി' എന്നും മൗലാനാ മൗദൂദി 'ഇസ്‌ലാമി നിസാം', 'നിസാമെ മുസ്ത്വഫ' എന്നുമൊക്കെയാണ് തങ്ങളുടെ സങ്കല്‍പ്പത്തിലെ ഭരണ വ്യവസ്ഥയെ ചൂണ്ടിക്കാണിക്കാന്‍ പ്രയോഗിച്ച വാക്കുകള്‍ എന്നും ഇര്‍ഫാന്‍ അഹ്മദ് ചൂണ്ടിക്കാണിക്കുന്നു. 

 

ദേശരാഷ്ട്രവും ഖിലാഫത്തും 

കോളനീകരണത്തിനു മുമ്പ് എന്താണ് നിലവിലുണ്ടായിരുന്നത് എന്ന് ഈ ലേഖനത്തിന്റെ ആദ്യത്തില്‍ ചോദിക്കുകയുണ്ടായി. സല്‍മാന്‍ സയ്യിദ് ഉന്നയിക്കുന്ന ഖിലാഫത്ത് എന്ന ആശയത്തിന്റെ പ്രസക്തിയെ ഈ ചോദ്യം വിളിച്ചോതുന്നുണ്ട്. സ്റ്റേറ്റ് എന്ന വാക്കിനോട് പ്രത്യേകിച്ചൊരു നിര്‍മമത സയ്യിദിനില്ല. ഭരണകൂടവിരുദ്ധമായ അപകോളനീകരണ ദര്‍ശനത്തിന് പേരെടുത്ത വാഇല്‍ ഹല്ലാഖിന്റെ വേല the impossible state-നെ പരാമര്‍ശിച്ചുകൊണ്ട് സയ്യിദ് തന്റെ Recallng Caliphate-ല്‍ സ്റ്റേറ്റ് സങ്കല്‍പ്പം യൂറോപ്യനല്ല സുമേറിയനാണ് എന്ന് പറയുന്നുണ്ട്. അതായത് യൂറോ കേന്ദ്രീകൃത സങ്കല്‍പ്പമായി സ്റ്റേറ്റിനെ പരിമിതപ്പെടുത്തുന്നത് ശരിയല്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ദേശീയവും ഭൂമിശാസ്ത്രപരവുമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറത്തെ ആശയപ്രപഞ്ചത്തെ വിസ്തൃതമാക്കുന്നു എന്ന അര്‍ഥത്തിലാണ് സ്റ്റേറ്റില്‍നിന്ന് ഖിലാഫത്ത് വ്യത്യസ്തമാകുന്നത്. ദേശാതിര്‍ത്തികളെയും അവയില്‍നിന്ന് ഉരുവംകൊള്ളുന്ന ദേശരാഷ്ട്രങ്ങളെയും അതിവര്‍ത്തിക്കാനുള്ള ഖിലാഫത്തിന്റെ മികവിന് ഉദാഹരണമാണിതെന്ന് സയ്യിദ് ചൂണ്ടിക്കാണിക്കുന്നു. ഭൂമിശാസ്ത്രപരമായി അതിര്‍ത്തി തിരിക്കപ്പെട്ട (ഇസ്‌ലാമിക) രാഷ്ട്രം എന്ന ആശയത്തില്‍നിന്നും വ്യത്യസ്തമായ പരികല്‍പനയായി ഖിലാഫത്തിനെ അവതരിപ്പിക്കാനാണ് സയ്യിദ് Recalling the Caliphate-ല്‍ ശ്രമിക്കുന്നത്. അധിനിവേശാനന്തര ദേശരാഷ്ട്രങ്ങളുടെ കേവലമായ ഇസ്‌ലാമികവല്‍ക്കരണമാണ്, അന്തര്‍ദേശീയമായതും അതിര്‍ത്തികളെ മറികടക്കുന്നതുമായ ഒരു പുതിയ നൈതിക സങ്കല്‍പ്പമല്ല ഇസ്‌ലാമിക രാഷ്ട്രസങ്കല്‍പ്പങ്ങള്‍ മുന്നോട്ടുവെക്കുന്നത് എന്ന് സയ്യിദ് വ്യക്തമാക്കുന്നു(Sayyid: The Meaning of the Caliphate; Interview with David Rutledge). അതായത് ദേശരാഷ്ട്രത്തെക്കുറിച്ചുള്ള യൂറോപ്യന്‍ ജ്ഞാനോദയകാലത്തെ താത്ത്വിക സങ്കല്‍പ്പങ്ങളെ ഇസ്‌ലാമിക പാഠങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന പരാവര്‍ത്തനവും അവകാശവാദങ്ങളുമാണ് ഇസ്‌ലാമിസ്റ്റുകളുടെ  ഇസ്‌ലാമിക രാഷ്ട്രീയ പ്രയോഗം എന്നാണ് വാദം. ഒരു തരത്തില്‍ ദേശ രാഷ്ട്രവ്യവസ്ഥയുടെ  ഇസ്‌ലാമികവത്ക്കരണം (Islamisation of Nation –State System) എന്നു പറയാം. നിലനില്‍ക്കുന്ന അധീശത്വപരമായ (Hegimonic) ആയ വ്യവസ്ഥിതി ദേശരാഷ്ട്ര വ്യവസ്ഥിതിയായതിനാല്‍തന്നെ ഇസ്‌ലാമിക രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് അതില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ല എന്നതാണ് സത്യം. 

എന്നിരുന്നാലും നിലവിലുള്ള ഹിംസാത്മകതയിലധിഷ്ഠിതമായതും അപരങ്ങളെ സൃഷ്ടിക്കുന്നതുമായ  മതേതര ദേശ രാഷ്ട്ര വ്യവസ്ഥിതിക്ക് ബദലായി ഖിലാഫത്തിനെക്കുറിച്ചുള്ള ആലോചനകള്‍ സജീവമാക്കേണ്ടതുമുണ്ട്. ഖിലാഫത്ത് ഒരു രൂപകമാണെന്ന് (Metaphor)  മറ്റൊരു സന്ദര്‍ഭത്തില്‍ സയ്യിദ് പറയുന്നുണ്ട്. അതായത് ഇസ്‌ലാമിന്റെ പാഠങ്ങളുടെയും അനുഭവങ്ങളുടെയും സാകല്യത്തില്‍നിന്ന് വീണ്ടെടുക്കേണ്ട സാധ്യതയാണ് ഖിലാഫത്ത്. നിയമത്തിന്റെ കപടമറ തീര്‍ത്ത കരുതല്‍ തടങ്കലുകളുടെയും മതേതരതയുടെ വാചകക്കസര്‍ത്തുകള്‍ക്കകത്ത് മൂടിയിട്ട ന്യൂനപക്ഷാവകാശ ധ്വംസനങ്ങളുടെയും രാഷ്ട്രീയ എതിരാളികളുടെ നേര്‍ക്ക് ഗില്ലറ്റിനായി ഉയര്‍ന്നു താഴുന്ന പതിനെട്ടാം നൂറ്റാണ്ടിലെ വിപ്ലവാനന്തര ഫ്രാന്‍സിനെ ഓര്‍മിപ്പിക്കുന്ന പകയുടെയും നഗ്നമായ അധിനിവേശങ്ങള്‍ക്ക് ഭീകരവിരുദ്ധതയുടെ പട്ടം ചാര്‍ത്തിയ ധാര്‍ഷ്ട്യത്തിന്റെയും നാളെയെക്കുറിച്ച് ചിന്തയില്ലാതെ നടത്തുന്ന പ്രകൃതിചൂഷണത്തിന്റെയും തട്ടുകള്‍ക്കിപ്പുറം  കനം തൂങ്ങുന്ന മുസ്‌ലിം അനുഭവരാശിയില്‍നിന്ന് ഉയിര്‍ക്കൊള്ളുന്ന നൈതികതയുടെ തട്ടാണത്. പുലരാനിരിക്കുന്ന സാമൂഹികനീതിയിലും സമത്വത്തിലും അധിഷ്ഠിതമായ ലോകക്രമത്തെ കുറിച്ചുള്ള, ഖിലാഫത്തിനെ കുറിച്ചുള്ള ആലോചനകളാണ് ഓരോ മുസ്‌ലിമിന്റെയും ഇഹലോക ജീവിതം പ്രതീക്ഷാനിര്‍ഭരമാക്കുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (128 - 140)
എ.വൈ.ആര്‍

ഹദീസ്‌

പരസ്പരം ബഹുമാനിക്കുക
ജുമൈല്‍ കൊടിഞ്ഞി