Prabodhanm Weekly

Pages

Search

2017 ജൂലൈ 07

3008

438 ശവ്വാല്‍ 13

സംഘര്‍ഷ രാഷ്ട്രീയത്തിന്റെ പ്രതിസന്ധികള്‍

സിംഹളരും തമിഴരും തമ്മിലുള്ള വംശീയ സംഘര്‍ഷമാണ് ശ്രീലങ്കക്ക് ചോര ചിന്തിയ ദ്വീപ് എന്ന അപഖ്യാതി നേടിക്കൊടുത്തത്. ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ, 1948 മുതല്‍  സിംഹള ഭൂരിപക്ഷവും തമിഴ് ന്യൂനപക്ഷവും തമ്മിലുള്ള സംഘര്‍ഷം അവിടെ ശക്തിപ്പെട്ടുകൊണ്ടിരുന്നു. 1956-ല്‍ പാസ്സാക്കിയ സിംഹളനിയമം ഇതിന്റെ തീവ്രത വര്‍ധിപ്പിച്ചു. 'സിംഹള' ഔദ്യോഗിക ഭാഷയായപ്പോള്‍ തമിഴ് അവഗണിക്കപ്പെട്ടു. വിദ്യാഭ്യാസം, ഗവണ്‍മെന്റ് ഉദ്യോഗം തുടങ്ങിയവയില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കാതെയും മറ്റും തമിഴരോട് അനീതി ചെയ്തു. തമിഴ് ജനത ഈ അനീതിക്കെതിരെ ജനാധിപത്യപരമായ പ്രക്ഷോഭങ്ങളുമായി രംഗത്തു വന്നു.  സിംഹളരില്‍നിന്നുതന്നെ ചിലര്‍ വിവേചനങ്ങള്‍ക്കെതിരെ പ്രതികരിച്ചിരുന്നു. ജനാധിപത്യ രാജ്യം എന്ന നിലക്ക് പ്രശ്‌നങ്ങള്‍ക്ക്  ജനാധിപത്യ പരിഹാരം കാണണം എന്നതായിരുന്നു പൊതുവില്‍ ഉയര്‍ന്നുവന്ന സമീപനം. തമിഴരിലെ രാഷ്ട്രീയ ദീര്‍ഘവീക്ഷണമുള്ളവരും പ്രശ്‌നത്തില്‍ ഇടപെട്ട വി.പി സിംഗിനെപ്പോലുള്ള ഇന്ത്യന്‍ ഭരണാധികാരികളും പ്രശ്‌നത്തിന് ജനാധിപത്യ പരിഹാരമാണ് അവലംബിച്ചത്. ഇതിനായി കരാറുകള്‍ ഒപ്പുവെക്കപ്പെട്ടു. ഇന്ത്യന്‍ ഇടപെടലുകള്‍ക്കൊടുവില്‍ പല തമിഴ് സായുധ ഗ്രൂപ്പുകളും ആയുധം ഉപേക്ഷിച്ച് സമാധാനപരമായ ജനാധിപത്യ വഴികളിലേക്ക് വന്നു. ശ്രീലങ്കയുടെ വടക്കന്‍ മേഖലയില്‍ തമിഴര്‍ക്ക് ഭാഗിക സ്വയംഭരണം ലഭിച്ചതും 'സിംഹള'യോടൊപ്പം 'തമിഴ്' ഔദ്യോഗിക ഭാഷയായി  അംഗീകരിക്കപ്പെട്ടതും ഈ ജനാധിപത്യ പരിഹാരത്തിന്റെ ഫലമായിരുന്നു. സിംഹളര്‍ മഹാഭൂരിപക്ഷവും തമിഴര്‍ ന്യൂനപക്ഷവുമായ ഒരു രാജ്യത്ത്, വംശീയത ഇരു വിഭാഗത്തിലും പെട്ടവര്‍ ഉള്ളില്‍ പേറുന്ന സാമൂഹിക സാഹചര്യത്തില്‍ പൂര്‍ണമായ പരിഹാരം അസാധ്യമാണെന്ന വസ്തുത അംഗീകരിച്ചേ മതിയാകൂ.

പക്ഷേ, വംശവിവേചനത്തില്‍ അസ്വസ്ഥരായ തമിഴരില്‍ ഒരു വിഭാഗം, ഭരണകൂടത്തോടും സിംഹളരോടുമുള്ള നിരന്തര സംഘര്‍ഷവും സായുധ സംഘട്ടനവുമാണ് പ്രശ്‌ന പരിഹാരത്തിന്റെ വഴിയെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്നു. ഭൂരിപക്ഷത്തിന്റെ വംശവെറിയില്‍ മനം മടുത്തപ്പോള്‍ സായുധ പ്രതിരോധം അതിജീവന മാര്‍ഗമായി തെരഞ്ഞെടുത്ത് 1976-ല്‍ രംഗത്തു വന്ന തമിഴ് സംഘടനയാണ് എല്‍.ടി.ടി.ഇ. അഭ്യസ്തവിദ്യരുള്‍പ്പെടെയുള്ള തമിഴ് യുവാക്കളെ ആകര്‍ഷിക്കാന്‍ എല്‍.ടി.ടി.ഇക്ക് സാധിച്ചു. നിഗൂഢമായ പ്രവര്‍ത്തന ശൈലിയും ഒളിപ്പോരും ചാവേര്‍ ആക്രമണങ്ങളും മാര്‍ഗമായി സ്വീകരിച്ച എല്‍.ടി.ടി.ഇ പല പേരുകളില്‍ സായുധ ഗ്രൂപ്പുകള്‍ രൂപീകരിച്ചു. നിരവധി സായുധ ഓപ്പറേഷനുകള്‍ നടത്തി. സിംഹള വംശീയതക്കെതിരിലുള്ള പൊതുവായ സായുധ ചെറുത്തുനില്‍പ്പ്, സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തല്‍, സൈനിക കപ്പല്‍ തകര്‍ക്കല്‍, രാഷ്ട്രീയ നേതാക്കളെ ചാവേര്‍ ആക്രമണങ്ങളിലൂടെ വധിക്കല്‍ തുടങ്ങിയ രക്തരൂഷിതമായ സായുധ വഴികളിലൂടെയാണ് എല്‍.ടി.ടി.ഇ സഞ്ചരിച്ചത്. എന്നാല്‍, പ്രതിരോധ - പ്രതികാര ലക്ഷ്യത്തോടെയുള്ള എല്‍.ടി.ടി.ഇയുടെ സായുധ അക്രമങ്ങള്‍, നേടാന്‍ ശ്രമിച്ചതിന്റെ നൂറിരട്ടിയിലേറെയായിരുന്നു നഷ്ടപ്പെടുത്തിയത്. സ്വന്തം വംശത്തിന്റെ സംരക്ഷണത്തിനിറങ്ങിയവര്‍ അവരുടെതന്നെ അന്തകരായി മാറിയതിന്റെ, ഭൂരിപക്ഷ വംശീയതക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുത്തതിന്റെ ദുരന്ത ചിത്രങ്ങളാണ് ശ്രീലങ്കയില്‍ പിന്നീട് കണ്ടത്. 

ഒരു ഉദാഹരണം കാണുക. 1983-ല്‍ ജാഫ്‌നയിലെ ശ്രീലങ്കന്‍ സൈനിക ക്യാമ്പ് ആക്രമിച്ച തമിഴ് പുലികള്‍ പതിമൂന്ന് സൈനികരെ വധിച്ചു. സംഭവത്തില്‍ രോഷാകുലരായ സിംഹളര്‍ തമിഴ് വംശജര്‍ക്കെതിരെ കലാപം അഴിച്ചുവിട്ടു. ആഴ്ചകള്‍ നീണ്ട അതിക്രമങ്ങളില്‍ മൂവായിരത്തോളം തമിഴരാണ് കൊല്ലപ്പെട്ടത്. സിംഹള ഭൂരിപക്ഷപ്രദേശങ്ങളില്‍നിന്ന് തമിഴ് വംശജര്‍ക്ക് കൂട്ടത്തോടെ പലായനം ചെയ്യേിവന്നു. കറുത്ത ജൂലൈ എന്നറിയപ്പെടുന്ന ഈ കലാപമാണ് ശ്രീലങ്കയിലെ വംശീയകലഹം ആളിക്കത്തിച്ചത്. അവസാന ഫലത്തില്‍ ഇതിന്റെ മുഴുവന്‍ നഷ്ടവും ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷത്തിനായിരുന്നു. പതിമൂന്ന് സൈനികര്‍ക്ക് പകരം തമിഴ്  ന്യൂനപക്ഷത്തിലെ മൂവായിരത്തോളം പേര്‍ അറുകൊല ചെയ്യപ്പെടുന്നു! പലായനവും സാമ്പത്തിക നഷ്ടവും അരക്ഷിതത്വവും ഭാവി തലമുറയുടെ വിദ്യാഭ്യാസ നിഷേധവുമൊക്കെ ഇതിനു പുറമെയാണ്. പ്രതിരോധത്തിന്റെയോ പ്രതികാരത്തിന്റെയോ പേരിലുള്ള ഓരോ സായുധ ആക്രമണത്തിന്റെയും അനന്തരഫലം ഇതിനു സമാനമായിരുന്നു. ഈ നഷ്ടക്കച്ചവടം തിരിച്ചറിഞ്ഞതുകൊണ്ടാകണം നിരായുധീകരണത്തിനും ജനാധിപത്യ പരിഹാരത്തിനും വേണ്ടിയുള്ള ആഹ്വാനം ചെവിക്കൊണ്ട് നിരവധി തമിഴ് സംഘങ്ങള്‍ ആയുധം ഉപേക്ഷിക്കാന്‍ സന്നദ്ധരായത്. പക്ഷേ, പുലികള്‍ തയാറായില്ല. വടക്കന്‍ മേഖല കേന്ദ്രമാക്കി  തങ്ങളുടേതായ 'തമിഴ് ഈഴം' സ്ഥാപിച്ച പുലികള്‍ സമ്പൂര്‍ണ തമിഴ് ദേശത്തിനു വേണ്ടി വാദിച്ചു. 

സിംഹള വംശീയതയെ തമിഴ് വംശീയത കൊണ്ട് നേരിടാന്‍ ശ്രമിച്ചവര്‍ വംശവെറിയുടെ പല സ്വഭാവങ്ങളും സിംഹളരെ പോലെ പ്രകടിപ്പിച്ചു എന്നതാണ് ഒന്നാമത്തെ വൈരുധ്യം. സിംഹളര്‍ തമിഴരെ വംശഹത്യ നടത്തിയപ്പോള്‍, തമിഴര്‍ മുസ്‌ലിംകളെ വംശഹത്യ നടത്തുകയോ വംശവെറി മൂത്ത് തങ്ങളുടെ പ്രദേശത്തുനിന്ന് അവരെ ആട്ടിയോടിക്കുകയോ ചെയ്തു. ചൈന തിബത്തിലെ ബുദ്ധന്മാരോട് ചെയ്യുന്നത്, മറ്റൊരര്‍ഥത്തില്‍ ബര്‍മീസ് ബുദ്ധന്മാര്‍ രോഹിങ്ക്യന്‍ മുസ്‌ലിംകളോട് ചെയ്യുന്നു. ഇന്ത്യയിലെ ചില വംശീയവാദികള്‍ ഇതര മത-ജാതി വിഭാഗങ്ങളോട് കാണിക്കുന്ന വംശവെറിയും ഹത്യയും അമേരിക്കയിലെയും മറ്റും വംശീയവാദികള്‍ ഇന്ത്യക്കാരോടും കാണിക്കുന്നു. വംശീയതയുടെയും സാമുദായികതയുടെയും ഒരു പൊതു സ്വഭാവമാണിത്. ഒരു ഭാഗത്ത് ഇരകളാകുന്ന വംശീയ/സാമുദായിക വിഭാഗങ്ങള്‍ മറുഭാഗത്ത് വേട്ടക്കാരായി മാറാം. ശ്രീലങ്കന്‍ തമിഴര്‍ മുസ്‌ലിംകളോട് ചെയ്തതും ഇതുതന്നെ. തങ്ങളെ എതിര്‍ക്കുന്ന തമിഴരും തമിഴ്പുലികളുടെ ശത്രുക്കളായി. തമിഴ് പുലികളുടെ സായുധ നടപടികള്‍ സിംഹള വംശീയതക്കും ഭരണകൂട ഭീകരതക്കും വലിയ അളവില്‍ സഹായകമായി. എല്‍.ടി.ടി.ഇയുടെ ഒരാക്രമണത്തിന് പത്ത് തിരിച്ചടികള്‍ എന്ന സ്വഭാവത്തില്‍ മറുപടി കിട്ടി. പുലികള്‍ക്കെതിരായ നടപടികളുടെ മറവില്‍ തമിഴരെ വംശഹത്യ ചെയ്യാന്‍ അവര്‍ക്ക് ലൈസന്‍സ് ലഭിച്ചു.  പുലികളുടെ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി ഭരണകൂടം തങ്ങളുടെ നടപടികള്‍ ന്യായീകരിച്ചപ്പോള്‍ പ്രശ്‌നത്തില്‍ ഇടപെട്ട പലര്‍ക്കും നിശ്ശബ്ദരാകേണ്ടിവന്നു.

തമിഴ് ജനത കൂടുതല്‍ ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരികയും പുലികള്‍ പരാജയപ്പെടുകയും തീര്‍ത്തും ഉന്മൂലനം ചെയ്യപ്പെടുകയുമായിരുന്നു ഇതിന്റെയെല്ലാം അനന്തരഫലം. സമ്പൂര്‍ണ തമിഴ് ഈഴം എന്ന ലക്ഷ്യത്തിനു വേണ്ടി പൊരുതി നിരവധി ജീവന്‍ ബലി നല്‍കിയ സംഘടന കുറച്ച് ഭൂമിയില്‍ ഭാഗിക സ്വയംഭരണം മതിയെന്ന് പിന്നീട് സമ്മതിച്ചത് സായുധ സംഘട്ടനമെന്ന നയത്തിന്റെ ആദ്യഘട്ട പരാജയ പ്രഖ്യാപനമായിരുന്നു. ഒടുവില്‍ എല്‍.ടി.ടി.ഇ ക്രൂരമായി വേട്ടയാടപ്പെടുകയും വേലുപ്പിള്ള പ്രഭാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിഷ്ഠുരമായി കൊല്ലപ്പെടുകയും സംഘടന നിശ്ശേഷം ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്തു. സ്വന്തമായി നാവിക - വ്യോമ സേനകളും ആയുധ പരിശീലനം ലഭിച്ച ഭടന്മാരും പരിമിതമെങ്കിലും ഒരു മേഖലയുടെ അധികാരവും പലരുടെയും പിന്തുണയും കൈയിലുണ്ടായിരുന്ന ലോകത്തെ കരുത്തുറ്റ പ്രതിരോധ - പ്രതികാര -സ്വാതന്ത്ര്യ പോരാട്ട സംഘത്തിന്റേതാണ് ഈ ദുരന്ത ചരിത്രം.  വിവേകശൂന്യമായ സായുധ പ്രതിരോധ ശ്രമങ്ങളെ സംബന്ധിച്ച് ഖുര്‍ആന്‍ അന്നിസാഅ് അധ്യായത്തിന്റെ വ്യാഖ്യാനത്തില്‍  സയ്യിദ് ഖുത്വ്ബ് നടത്തിയ കൂട്ട ഉന്മൂലനത്തെ സംബന്ധിച്ച നിരീക്ഷണങ്ങള്‍ എത്രമാത്രം അര്‍ഥവത്താണെന്നതിന്റെ  അനുഭവ പാഠവും കൂടിയാണിത്.

ജനാധിപത്യം ആധാരശിലയായ ഒരു രാഷ്ട്ര സംവിധാനത്തിലെ വിവേചനങ്ങളെയും  സാമൂഹികക്രമത്തിലെ  വംശവെറിയുടെ പ്രകട രൂപങ്ങളെയും ജനാധിപത്യ രീതിയില്‍ തന്നെ പ്രതിരോധിക്കുന്നതാണ്, അതു മാത്രമാണ് ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ചേടത്തോളം ശരിയായ അതിജീവനമാര്‍ഗം. കാരണം, ജനാധിപത്യ ക്രമത്തിലെ വിവേചനങ്ങളും അതിക്രമങ്ങളും ജനാധിപത്യത്തിന്റെ ദൗര്‍ബല്യത്തെയാണ് കുറിക്കുന്നത്. അതിനുള്ള പരിഹാരം ജനാധിപത്യത്തെ വീണ്ടും ദുര്‍ബലപ്പെടുത്തലല്ല, ശക്തിപ്പെടുത്തലാണ്. രോഗാതുരമായ ഒരു ശരീരത്തിനുള്ള യഥാര്‍ഥ ചികിത്സ രോഗ പ്രതിരോധശേഷി വീണ്ടെടുക്കുംവിധമുള്ള പരിചരണമാണ്. ആ ശരീരത്തെ വീണ്ടും ദുര്‍ബലമാക്കും വിധത്തിലുള്ള ഇടപെടലുകളല്ല. ഏറക്കുറെ വംശീയവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞ ഒരു ഭരണകൂടത്തോടും സാമൂഹിക സംവിധാനങ്ങളോടും ശത്രുതാ മനസ്സ് വളര്‍ത്തിയും സംഘര്‍ഷത്തിന്റെയും സായുധസംഘട്ടനത്തിന്റെയും മാര്‍ഗം അവലംബിച്ചും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ധാരണ രാഷ്ട്രീയ ബോധമില്ലായ്മയുടെ നിദര്‍ശനമാണ്. എന്നിരിക്കെ, ജനങ്ങളില്‍ ഭൂരിപക്ഷത്തെയും വംശീയ ഭ്രാന്ത് വിഴുങ്ങിക്കഴിഞ്ഞിട്ടില്ലാത്ത സാമൂഹിക സാഹചര്യത്തില്‍ ഭരണകൂടത്തിന്റെ വിവിധ തുറകളില്‍ ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് നിരവധി വഴികള്‍ തുറന്നുകിടക്കവെ, സാമുദായിക സംഘര്‍ഷങ്ങളെയും സായുധ സംഘട്ടനങ്ങളെയും പ്രത്യയശാസ്ത്രവല്‍ക്കരിച്ച് പോരാടാനിറങ്ങുന്നത്  എന്തുമാത്രം ആത്മഹത്യാപരമാണ്! ഈ മാര്‍ഗം വിജയിക്കില്ലെന്ന് മാത്രമല്ല, നിരവധി നഷ്ടങ്ങള്‍ക്ക് വഴിതുറക്കുകയും ചെയ്യും. 

ഈ യാഥാര്‍ഥ്യത്തിന്റെ ചരിത്രാനുഭവങ്ങളാണ് ശ്രീലങ്കയിലെ തമിഴ് പുലികള്‍ക്ക് പുറമെ, നക്‌സല്‍ സംഘങ്ങളും ഖലിസ്ഥാന്‍ പ്രസ്ഥാനവും കശ്മീരിലെ സായുധ മിലീഷ്യകളും മറ്റും പകര്‍ന്നുതരുന്നത്. സ്വേഛാധിപത്യ ഭരണകൂടത്തിന്റെ പീഡനങ്ങളിലും ഹിംസകളിലും മനം മടുത്ത ഇഖ്‌വാനുല്‍ മുസ്‌ലിമൂനിലെ ഒരു സംഘം 'അല്‍ ജമാഅ അല്‍ ഇസ്‌ലാമിയ്യ'  എന്ന സായുധ പോരാട്ട സംഘടന രൂപീകരിക്കുകയുണ്ടായല്ലോ.  ജനാധിപത്യമല്ല, സംഘര്‍ഷവും സംഘട്ടനവുമാണ് പ്രശ്‌നപരിഹാരത്തിന്റെ വഴിയെന്ന് ആ യുവജന കൂട്ടം വാദിച്ചു. ഇഖ്‌വാന്‍ നേതാക്കള്‍ അവരെ തിരുത്താന്‍ ശ്രമിച്ചു, പക്ഷേ, ഇഖ്‌വാനെയും 'അല്‍ ജമാഅ' തങ്ങളുടെ ശത്രുക്കളായി കണ്ടു. കുറേ സായുധ ഓപ്പറേഷനുകള്‍ അല്‍ജമാഅ നടത്തി. പക്ഷേ കൊടുത്തതിന്റെ അനേകമിരട്ടി തിരിച്ചുകിട്ടി. നേടിയതിന്റെ നൂറ് മടങ്ങായിരുന്നു നഷ്ടപ്പെട്ടത്. അവസാനം, തെറ്റ് തിരുത്തി, സംഘട്ടനം നിര്‍ത്തി അവര്‍ ജനാധിപത്യത്തിന്റെ വഴിയിലേക്ക് തിരിച്ചുവന്നു. പിന്നീട് അവര്‍ പ്രസിദ്ധീകരിച്ച പുനരാലോചനാ രേഖകള്‍, സംഘര്‍ഷത്തിന്റെയും സംഘട്ടനത്തിന്റെയും വഴികളില്‍ വിശ്വാസമര്‍പ്പിക്കുന്ന എല്ലാ തീവ്ര ചിന്താഗതിക്കാര്‍ക്കുമുള്ള മികച്ച പാഠപുസ്തകം തന്നെയാണ്. ഒരു മുസ്‌ലിം ഭൂരിപക്ഷ രാജ്യത്താണ് അല്‍ജമാഅ പരാജയപ്പെട്ടതും തെറ്റ് തിരുത്തിയതും. എങ്കില്‍, മുസ്‌ലിംകള്‍ ന്യൂനപക്ഷമായ ഒരു രാജ്യത്ത്, വര്‍ഗീയവാദികള്‍ സകല കുതന്ത്രങ്ങളും പുറത്തെടുക്കുന്ന, ഇസ്‌ലാംവിരുദ്ധ പ്രചാരണങ്ങള്‍ക്ക് പല സംവിധാനങ്ങളുമുള്ള സങ്കീര്‍ണമായ ഒരു സാമൂഹിക-രാഷ്ട്രീയ ക്രമത്തില്‍  'അല്‍ജമാഅ'യുടെ വഴി തെരഞ്ഞെടുക്കുന്നതിലെ ബുദ്ധിശൂന്യതയും അപകടവും ആലോചിക്കാവുന്നതേയുള്ളൂ. ഫലസ്ത്വീന്‍ വിമോചന സംഘടനയായ ഹമാസിന്റെ നയപരിവര്‍ത്തനങ്ങളുടെ ചരിത്രവും വര്‍ത്തമാനവും മറ്റൊരു ജീവിക്കുന്ന സാക്ഷ്യമാണ്.

കണ്‍മുന്നിലെ ഇത്തരം നിരവധി അനുഭവപാഠങ്ങളും ഇസ്‌ലാമിക പ്രമാണങ്ങളും സാമൂഹിക പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ മുഹമ്മദ് നബി സ്വീകരിച്ച രാഷ്ട്രീയവും ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നയനിലപാടുകളും  മുന്‍നിര്‍ത്തി വേണം ഇന്ത്യയിലെ മുസ്‌ലിം സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ എങ്ങനെ നേരിടണമെന്നതു സംബന്ധിച്ച താത്ത്വിക നിലപാടും കര്‍മപദ്ധതിയും രൂപപ്പെടുത്താന്‍.

ഇന്ത്യയിലെ മുസ്‌ലിം സമൂഹം ചരിത്രപരമായി തന്നെ പലതരം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ആഭ്യന്തരവും ബാഹ്യവുമായ രണ്ട് തലങ്ങള്‍ ഈ വെല്ലുവിളികള്‍ക്കുണ്ട്. ജാതി സമുദായം എന്ന സ്വഭാവത്തില്‍ നിലനിന്നു വന്ന മുസ്‌ലിം സാമാന്യ ജനത്തിന്റെ ആദര്‍ശ ദൗര്‍ബല്യവും പരസ്പരം പോരടിക്കുന്ന ആഭ്യന്തര ശൈഥില്യവും വിദ്യാഭ്യാസ- സാംസ്‌കാരിക മണ്ഡലങ്ങളിലെ ദയനീയമായ പിന്നാക്കാവസ്ഥയും നിലവാരത്തകര്‍ച്ചയും മറ്റും ഗൗരവപ്പെട്ട ആഭ്യന്തര പ്രതിസന്ധികളാണ്. സംഘ്പരിവാര്‍ വര്‍ഗീയവാദികളുടെ കൊണ്ടു പിടിച്ച ദുഷ്പ്രചാരണങ്ങള്‍, സമൂഹശ്രേണിയുടെ വിവിധ അടരുകളില്‍ നിലനില്‍ക്കുന്ന വംശവെറി, ഭരണകൂട വിവേചനം, മീഡിയാ പ്രചാരണങ്ങള്‍, കലാപങ്ങളെന്ന പേരില്‍ തുടര്‍ന്നു വരുന്ന വംശഹത്യകള്‍, സമീപകാലത്ത് വംശീയവാദികളുടെ ഹിംസാത്മ അഴിഞ്ഞാട്ടങ്ങളാല്‍ രൂപപ്പെട്ട ഭീതി തുടങ്ങിയവ ബാഹ്യഭീഷണികളാണ്. പാകിസ്താന്‍ എന്ന മുസ്‌ലിം രാഷ്ട്രം നിലനില്‍ക്കവെ സംഘ്പരിവാരത്തിന്റെ ഹിന്ദുത്വ രാഷ്ട്ര മുദ്രാവാക്യത്തിന് പ്രചാരണ സാധ്യത കൂടുകയും ചെയ്യുന്നുണ്ട്. ഇത്തരം പല ഘടകങ്ങളുടെയും പിന്‍ബലത്തിലാണ് അധികാരത്തിലെ രൗദ്ര സ്വാധീനമായി സമീപകാലത്ത് സംഘപരിവാര്‍ മാറിയത്. ആഭ്യന്തര വെല്ലുവിളികളും ബാഹ്യഭീഷണികളും തമ്മില്‍ പല തരത്തിലും പരസ്പരബന്ധിതമാണെന്ന യാഥാര്‍ഥ്യവും തിരിച്ചറിയപ്പെടേണ്ടതാണ്. ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ട് മാത്രമേ ബാഹ്യഭീഷണികള്‍ മറികടക്കാന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക്  സാധ്യമാവുകയുള്ളൂ.

അധികാരബലത്തില്‍ സംഘ്പരിവാരം അഴിഞ്ഞാടുന്ന മാറിയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട പുതിയ സമീപനത്തെ സംബന്ധിച്ച ഗൗരവപ്പെട്ട ചിന്തയും കര്‍മപദ്ധതിയും  മതേതര- സാമുദായിക രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും മുസ്‌ലിം നേതൃത്വത്തില്‍നിന്നും ഉണ്ടാകേണ്ടതുണ്ട്. വ്യത്യസ്തവും ക്രിയാത്മകവുമായ പുതിയൊരു സ്ട്രാറ്റജിയെ കുറിച്ച് ആലോചിക്കാനുള്ള ത്രാണി മുസ്‌ലിം സംഘടനകളുടെ തലപ്പത്തുള്ളവര്‍ നേടിയേ മതിയാകൂ. അവസ്ഥാന്തരങ്ങള്‍ക്കനുസരിച്ച് വര്‍ഗീയതക്കും ഫാഷിസത്തിനുമെതിരായ പോരാട്ടത്തിന് കരുത്തുറ്റതും ക്രിയാത്മകവുമായ പുതിയ വഴികള്‍ കൂടി ആവിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. അവ സര്‍ഗാത്മകവും ജനാധിപത്യപരവും ഫലദായകവുമായിരിക്കണം, വര്‍ഗീയവാദികള്‍ക്ക് മുതല്‍ക്കൂട്ടാകുന്നതും ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നതുമാകരുത്. ജനാധിപത്യത്തിന്റെ ദൗര്‍ബല്യം മുതലെടുത്ത് അരങ്ങ് വാഴുകയും  ജനാധിപത്യത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തി അധികാരത്തില്‍ തുടരുകയും ചെയ്യുന്ന വര്‍ഗീയ ഫാഷിസത്തെ ജനാധിപത്യപരമായിത്തന്നെ നേരിടുകയെന്നതാണ് പൊതുവില്‍  രാഷ്ട്രീയ, സാംസ്‌കാരിക മേഖല സ്വീകരിച്ചിട്ടുള്ള സമീപനം. ഈ സമീപനത്തിലെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാവുന്ന വിധം ഇടപെടലുകള്‍ ശക്തിപ്പെടുത്തുകയാണ് മത ന്യൂനപക്ഷങ്ങളുടെ മുന്നിലുള്ള വഴി. ഫാഷിസത്തിന്റെ ഒരു ഇര എന്ന അര്‍ഥത്തില്‍ മുസ്‌ലിം സമൂഹത്തിന് ഇവിടെ പ്രത്യേക ഇടം തന്നെയുണ്ട് എന്നതില്‍ സംശയമില്ല. ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ശ്രമത്തില്‍ കലവറയില്ലാതെ പങ്കാളികളാവുക, ഫാഷിസ്റ്റ്‌വിരുദ്ധരുടെ വിശാലമായ പൊതു പ്ലാറ്റ്‌ഫോമുകള്‍ രൂപീകരിക്കുക, അവയുടെ വിജയത്തിനു വേണ്ടി സാമുദായിക സങ്കുചിതത്വം കൈയൊഴിയുക, മതം-ജാതി- സമുദായം- രാഷ്ട്രീയം തുടങ്ങിയവയുടെ വ്യത്യാസങ്ങള്‍ നോക്കാതെയും വ്യക്തികളുടെയും സംഘങ്ങളുടെയും സൂക്ഷ്മ രാഷ്ട്രീയം മുഴുവന്‍ ചികഞ്ഞെടുത്തും അപനിര്‍മിച്ചും ആരെയും അകറ്റിനിര്‍ത്താതെയും ഫാഷിസ്റ്റുവിരുദ്ധതയുടെ ചെറു കണികയെങ്കിലുമുള്ളവരെ മുന്നണിയില്‍ സഹകരിപ്പിക്കുക, തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഫലപ്രദമയി ഉപയോഗിക്കുക, ഫാഷിസ്റ്റ് ദുഷ്പ്രചാരണങ്ങളെ പ്രബോധനപരമായി പ്രതിരോധിക്കുക, തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാന്‍ സഹായിക്കുന്ന സമാധാനപൂര്‍ണമായ പ്രചാരണങ്ങള്‍ നടത്തുക, ഫാഷിസ്റ്റു ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെ കിട്ടാവുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തി സൗഹൃദം ഊട്ടിയുറപ്പിക്കുക, ഫാഷിസ്റ്റുകള്‍ ഉപകരണമാക്കുന്ന ഭരണകൂട സംവിധാനങ്ങളില്‍ കൂടുതല്‍ പ്രാതിനിധ്യം നേടിയെടുക്കുക തുടങ്ങിയവയാണ് വര്‍ഗീയ ഫാഷിസത്തിന്നെതിരായ ക്രിയാത്മക പ്രതിരോധമെന്ന് സാമൂഹിക-രാഷ്ട്രീയ ബോധമുള്ള വിവേകികള്‍ തിരിച്ചറിയുന്നു. മുസ്‌ലിം സമൂഹത്തിലെ മഹാ ഭൂരിപക്ഷവും ഈ വഴിയില്‍ ഉറച്ചു വിശ്വസിക്കുന്നവരാണ്. കഴിഞ്ഞ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാ സഖ്യത്തിനു മുന്നില്‍ സംഘ്പരിവാര്‍ പരാജയപ്പെട്ടത് നാം കണ്ടു. യു.പി.യില്‍ അത് സാധ്യമാകാതെ പോയതിനെ കുറിച്ച് സ്വയം വിമര്‍ശനം നടത്തുകയാണ് ന്യൂനപക്ഷ- പിന്നാക്ക വിഭാഗങ്ങളും മതനിരപേക്ഷ കക്ഷികളും ചെയ്യേണ്ടത്.

ഇസ്‌ലാമിക സമൂഹത്തിന് ദൈവദൂതന്മാരുടെ ചരിത്രത്തില്‍നിന്നുതന്നെ നിരവധി പാഠങ്ങള്‍ ഇത്തരം ഘട്ടങ്ങളില്‍ പകര്‍ത്താനുണ്ട്. സംഘ്പരിവാര്‍ ഫാഷിസത്തെ തളക്കലാണ് ലക്ഷ്യമെങ്കില്‍ അവര്‍ ആഗ്രഹിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്നതിന്റെ വിരുദ്ധ ദിശയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കണം. മദീനാ പലായനത്തിന്റെ ആദ്യ ഘട്ടത്തില്‍ മദീനയിലേക്കുള്ള വഴിയിലായിരുന്നില്ല എതിര്‍ ദിശയിലായിരുന്നു നബി സഞ്ചരിച്ചത്. സുരക്ഷിതമായി മദീനയിലെത്താന്‍ മദീനയുടെ മറുവഴിയിലും യാത്ര ചെയ്യേണ്ടി വരും എന്ന് നബി പഠിപ്പിച്ചത്, ഭൂമിശാസ്ത്രപരമായ ഒരു യാത്രാ വഴി എന്ന നിലയില്‍ മാത്രമല്ല. സാമൂഹികവും രാഷ്ട്രീയവുമായ മറുവഴികളെക്കുറിച്ച ദിശാബോധനം കൂടിയാണ്. അതിജീവനത്തിന്റെ ഇത്തരം നിരവധി മറു വഴികള്‍ നബിചര്യയിലുണ്ട്. അവ നബിയുടെ സാമൂഹികവും രാഷ്ട്രീയവുമായ സുന്നത്താണ്. താടിയുടെയും തലപ്പാവിന്റെയും സുന്നത്തില്‍ അഭിരമിക്കുന്ന തിരക്കില്‍ സാമൂഹികവും രാഷ്ട്രീയവുമായ സുന്നത്ത് അഗണ്യകോടിയില്‍ തള്ളിയതിന്റെ ഫലമാണിത്. എതിരാളികള്‍ കുഴിച്ച എത്രയെത്ര വാരിക്കുഴികളില്‍നിന്നാണ് നബിയുടെ രാഷ്ട്രീയം ഇസ്‌ലാമിക സമൂഹത്തെ രക്ഷപ്പെടുത്തിയത്. ആഭ്യന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച കപട വിശ്വാസികള്‍ക്കെതിരായ സായുധ നടപടികള്‍ നബി നിരാകരിച്ചത് അത് എതിരാളികളുടെ കൈയിലെ ആയുധമാകുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എതിരാളികളുടെ കൈയിലെ ആയുധമാകാതിരിക്കുകയെന്നത് ഒരു വലിയ രാഷ്ട്രീയ ബോധമാണ്.  സംഘ്പരിവാറിന്റെയും ഇസ്‌ലാംവിരുദ്ധരുടെയും ഭരണകൂട മര്‍ദനോപാധികളുടെയും കൈകളില്‍  ആയുധങ്ങള്‍ വെച്ചു കൊടുത്താല്‍ ദുരന്തങ്ങള്‍ക്ക് കനം കൂടുകയേ ഉള്ളൂ. മക്ക ജയിച്ചടക്കാന്‍ മക്കയില്‍ തന്നെ നില്‍ക്കേണ്ടിയിരുന്നില്ല മുഹമ്മദ് നബിക്ക്. മദീനയില്‍ പാര്‍ത്തുകൊണ്ടും അത് സാധ്യമാണെന്ന് ദൈവദൂതന് ഉത്തമ ബോധ്യമുണ്ടായിരുന്നു. മക്കയിലെ  രൂക്ഷ എതിര്‍പ്പുകളോട് തുല്യമായി പ്രതികരിച്ച് സംഘര്‍ഷം കൊഴുപ്പിക്കാതെ യസ്‌രിബില്‍ മദീന പണിയലായിരുന്നു മുഹമ്മദ് നബിയുടെ മറുതന്ത്രം.അവിടെയാണല്ലോ ഖുറൈശിക്കുട്ടം തോറ്റമ്പിയത്. മക്കയും മദീനയും ഇന്ന് ഭൂമിശാസ്ത്രപരമായി വിഭജിക്കപ്പെട്ട രണ്ട് ഘട്ടങ്ങളല്ല, സാമൂഹികശാസ്ത്രപരമായ വ്യത്യസ്ത ഭൂമികകളാണ്. ഏത് ഭൂമികയിലാണ്  നിങ്ങള്‍ തന്ത്രങ്ങള്‍ പയറ്റുന്നത് എന്ന ചോദ്യം ചരിത്രം മാത്രമല്ല, ഭാവിയും നമ്മോട് ചോദിക്കുന്നുണ്ട്. വര്‍ത്തമാനത്തിന്റെ സാമൂഹിക വിഹ്വലതകള്‍ക്കുമേല്‍ ഭൂതകാലത്തെ ഭാവിയോട് ബന്ധിപ്പിക്കാന്‍ നാം കാണിക്കുന്ന സാമര്‍ഥ്യമാണു പക്ഷേ, കാലത്തിന്റെ കണക്കു പുസ്തകത്തില്‍ അമര്‍ത്തി വരക്കപ്പെടുക.

വിവേചനങ്ങളെയും വംശവെറിയെയും നേരിടാന്‍ സാമുദായിക സംഘര്‍ഷങ്ങളും സായുധസംഘട്ടനങ്ങളുമല്ല മാര്‍ഗമെന്ന തിരിച്ചറിവ് ഫാഷിസത്തെ പ്രതിരോധിക്കുന്ന ഓരോ നിമിഷവും ഉണ്ടായിരിക്കണം. വര്‍ഗീയ ധ്രുവീകരണത്തിനും ഇസ്‌ലാമോഫോബിയക്കും ആക്കം കൂട്ടി വംശവെറിയുമായി, ഭരണകൂട വിവേചനങ്ങളുമായി, അവകാശ ധ്വംസനങ്ങളുമായി ഒരു വിഭാഗം മുന്നോട്ട് പോകുമ്പോള്‍, അതിന്റെ നേര്‍ മറുവശത്ത് നിലയുറപ്പിച്ച് പ്രതിരോധയത്‌നങ്ങള്‍ എന്ന പേരില്‍ സംഘര്‍ഷങ്ങള്‍ കൊഴുപ്പിക്കാതിരിക്കലാണ് വിവേകം. ഉയര്‍ന്ന രാഷ്ട്രീയ ബോധവും സാമൂഹിക യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച ശരിയായ തിരിച്ചറിവും ഉണ്ടെങ്കില്‍ മാത്രമേ ക്രിയാത്മക സമീപനങ്ങള്‍ രൂപപ്പെടുകയുള്ളൂ. ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ മുന്‍ഗണനാക്രമത്തെക്കുറിച്ച് ആഴത്തിലുള്ള കാഴ്ചപ്പാടും അനിവാര്യം തന്നെ. ഇതിന്റെ കുറവ് ഫാഷിസ്റ്റ് വിരുദ്ധ പ്രതിരോധയത്‌നങ്ങളില്‍ പലപ്പോഴും തെളിഞ്ഞുവരാറുണ്ട്.

ഇന്ത്യയിലെ ഫാഷിസ്റ്റ് തേര്‍വാഴ്ചയുടെ വലിയ ഭീഷണി ഒന്നാമതായി നേരിട്ടുകൊണ്ടിരിക്കുന്നത് മുസ്‌ലിം സമൂഹം തന്നെ. അവരുടെ പ്രഖ്യാപനമനുസരിച്ച് കമ്യൂണിസ്റ്റുകാരും  ക്രിസ്താനികളുമാണ് മറ്റു രണ്ട് ശത്രുക്കള്‍. ചരിത്രത്തില്‍ മുസ്‌ലിം സമൂഹം കടുത്ത ഫാഷിസ്റ്റ് ഭീഷണിയെ നേരിടേണ്ടിവന്നിട്ടുണ്ട്. ബാബരി മസ്ജിദ് തകര്‍ച്ചയും വംശഹത്യകളും പടര്‍ത്തിയത് അരക്ഷിതത്വവും ഭീതിയുമായിരുന്നു. അതിന് മുമ്പ് വിഭജനത്തിന്റെ കരാള ദിനരാത്രങ്ങള്‍ ഇന്ത്യന്‍ മുസലിംകളുടെ മുന്നില്‍ ചെങ്കടല്‍ പോലെ വന്നു നിന്നിരുന്നു. ഇന്നത്തേതിനെക്കാള്‍ അരക്ഷിതമയിരുന്നു ആ നാളുകള്‍. അത്യന്തം ഭീതിനിറഞ്ഞ ആ ചരിത്ര ഘട്ടങ്ങള്‍ മറികടക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചിട്ടുണ്ട്. ജനാധിപത്യ പ്രക്ഷോഭങ്ങളും സാമൂഹിക ബന്ധങ്ങളുടെ ദൃഢീകരണവും  സ്വയം ശാക്തീകരണവുമൊക്കെയായിരുന്നു ആ ഘട്ടങ്ങളില്‍ സ്വീകരിച്ച സമീപനങ്ങള്‍. വിഭജനത്തിന്റെ തീനാളങ്ങളില്‍നിന്ന് സമാധാനത്തിന്റെ വഴി തെരഞ്ഞെടുത്ത് തന്നെയാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ അതിജീവിച്ചത്. പൊതുസമൂഹത്തിന്റെ വര്‍ധിച്ച പിന്തുണയോടെ, അക്കാലത്ത് മുസ്‌ലിം സംഘടനകള്‍ വിശേഷിച്ച് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ച നയസമീപനങ്ങളും കര്‍മപദ്ധതികളും അതിന്റെ ചരിത്രസാക്ഷ്യമാണ്.  റൂദാദ് ജമാഅത്തെ ഇസ്‌ലാമിയിലും മറ്റും ഇത് വായിക്കാം. വിഭജനനാളുകളിലെയും അതിനോടടുത്ത ഘട്ടത്തിലെയും അത്ര ദുരന്തപൂര്‍ണമായ സാഹചര്യം ഇപ്പോഴില്ലല്ലോ. 

പിന്നെ വരുന്നത് ബാബരിയുടെ നശീകരണവും വംശഹത്യകളുമാണ്. ഒരു ജനതയുടെ നിലനില്‍പും ആത്മാഭിമാനവും വലിയ തോതില്‍ ചോദ്യം ചെയ്യപ്പെട്ട് പകച്ചുനിന്ന ചരിത്ര സന്ദര്‍ഭം. ഏറെ പണിപ്പെട്ടാണെങ്കിലും ജനാധിപത്യത്തിന്റെ സമാധാനപൂര്‍ണമായ വഴികളിലൂടെ ആ ദുരിതക്കടല്‍ നീന്തിക്കടക്കാന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വലിയ തോതില്‍ സാധിക്കുകയുണ്ടായി. ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച് മുന്നേറാനുള്ള സാമൂഹികമായ വലിയ ഉണര്‍വ് മുസ്‌ലിംകളില്‍ പൊതുവെ ദൃശ്യമായി. വിദ്യാഭ്യാസം, സാമൂഹികം, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ സ്വയം ശാക്തീകരണത്തിന്റെ വഴിയില്‍ മുന്നേറാനുള്ള ത്വര ഇന്ന് വലിയ തോതില്‍ പ്രകടമാണ്. ര് പതിറ്റാായി മുസ്‌ലിം സമൂഹം നടത്തിയ വിദ്യാഭ്യാസ രംഗത്തെ കുതിപ്പ്, ആത്മാഭിമാനം ഉണര്‍ത്തിയും സ്വയം ശാക്തീകരിച്ചും ബാബരി ദുരന്തപ്രതിസന്ധി മറികടക്കാനുള്ള ജനാധിപത്യപരമായ ആവേശത്തിന്റെ വിജയമുദ്രയാണ്. അതായത്, ഇന്നത്തെ 25-30 വയസ് പ്രായമുള്ള വിദ്യാഭ്യാസമ്പന്നരും കര്‍മധീരരുമായ മുസ്‌ലിം വിദ്യാര്‍ഥി യുവജനങ്ങള്‍, വര്‍ഗീയ ഫാഷിസ്റ്റുകളുടെ ന്യൂനപക്ഷ വംശഹത്യക്കും അടിമവല്‍ക്കരണത്തിനുമെതിരായ ഏറ്റവും ക്രിയാത്മകമായ ചെറുത്തുനില്‍പുകളിലൊന്നാണ്. ഈ മുന്നേറ്റത്തെ എക്‌സിക്യൂട്ടീവ് (വിശേഷിച്ചും ബ്യൂറോക്രസി), ജുഡീഷ്യറി, മീഡിയ എന്നിവയിലെ നിര്‍ണായക സ്വാധീനശക്തിയാക്കി മാറ്റാന്‍ ആസൂത്രിതമയ ശ്രമങ്ങള്‍ ഉണ്ടായെങ്കില്‍ മാത്രമേ ഭരണകൂട സംവിധാനങ്ങളിലെയും മറ്റും വംശീയതയെ പ്രതിരോധിക്കാന്‍ സാധ്യമാകൂ. ഫാഷിസത്തെ കുറിച്ച് ജാഗരൂകരാകുന്ന വിദ്യാര്‍ഥി - യുവജനങ്ങളുടെ സത്വര ശ്രദ്ധ ആ രംഗത്തേക്ക് തിരിയേണ്ടതുണ്ട്. രാജ്യത്ത് വേരുള്ള ഒരു ജനതയായിത്തീരാനും ഇത് അനിവാര്യം തന്നെ.

മറ്റു മേഖലകളില്‍ കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ ഉണ്ടായ ഗുണപരമായ മാറ്റങ്ങള്‍ക്കും അതിജീവന സമരത്തിന്റേതായ ഈ ചരിത്ര പശ്ചാത്തലമുണ്ട്. മുസ്‌ലിം സമൂഹം കൂടുതല്‍ രാഷ്ട്രീയബോധമുള്ളവരായതും അനുഭവ യാഥാര്‍ഥ്യമാണ്. പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് നേതൃത്വം നല്‍കിയ വിഷന്‍ 2016-2026 വികസന പദ്ധതി ഈ രംഗത്തെ ശ്രദ്ധേയമായ സംരംഭമാണ്, ലക്ഷ്യസാക്ഷാത്കാരത്തിന്റെ വഴിയില്‍ വിജയകരമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞാല്‍ പ്രത്യേകിച്ചും. ന്യൂനപക്ഷത്തെ ദുര്‍ബലമാക്കി അടിമപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഫാഷിസ്റ്റുകള്‍ക്കെതിരായ പ്രതിരോധ വഴിയില്‍ നല്ലൊരു ചുവടുവെപ്പൊയി മാറും അത്.

ഒരു ഭാഗത്ത് സ്വയം ശാക്തീകരണം നടക്കുമ്പോള്‍തന്നെ, പൊതുസമൂഹത്തിലേക്ക് വാതിലുകള്‍ കൂടുതല്‍ തുറന്നു കൊണ്ടും വര്‍ഗീയവല്‍ക്കരണ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ശ്രമം നടക്കുകയുായി. ഈ രംഗത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ രണ്ട് പ്രധാന സംഭാവനകളാണ് എഫ്.ഡി.സി.എയും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റും. ജനാധിപത്യ ശാക്തീകരണ വഴിയില്‍ വര്‍ഗീയവിരുദ്ധരെ അണിനിരത്താനുള്ള ശ്രമമായിരുന്നു എഫ്.ഡി.സി.എ. പൊതുജനപങ്കാളിത്തത്തോടു കൂടിയ അതിന്റെ പുനഃസംഘാടനവും ചടുലമായ പ്രവര്‍ത്തനങ്ങളും അത്യധികം അനിവാര്യമാക്കുന്നതാണ് പുതിയ മോദികാലം. ഇസ്‌ലാമിക പ്രത്യയശാസ്ത്ര ഭൂമികയില്‍നിന്നുകൊണ്ട് എന്നാല്‍, സാമുദായിക മുഖം ഇല്ലാതെ പൊതുസമൂഹത്തിലേക്ക് കൂടുതല്‍ തുറവി സാധ്യമാക്കുകയായിരുന്നു സോളിഡാരിറ്റി.

സാമൂഹിക ബന്ധങ്ങള്‍ ശാക്തീകരിക്കുന്നതിലും സമൂഹത്തോടൊപ്പം ചേര്‍ന്ന് വര്‍ഗീയ ധ്രുവീകരണത്തെയും ഫാഷിസത്തെയും പ്രതിരോധിക്കുന്നതിലും തീര്‍ത്തും ജനാധിപത്യപരമായ വഴിയാണ് ഇന്ത്യയില മുസ്‌ലിം സമുഹം പൊതുവിലും ഇസ്‌ലാമിക പ്രസ്ഥാനം പ്രത്യേകിച്ചും സ്വീകരിച്ചത് എന്നര്‍ഥം. വര്‍ഗീയ ഫാഷിസ്റ്റുകളുമായി സംഘട്ടനത്തില്‍ ഏര്‍പ്പെടാനോ പൊതു ഇടങ്ങളില്‍ അസ്വസ്ഥതയും തെറ്റിദ്ധാരണകളും സൃഷ്ടിക്കുന്ന വിധം സംഘര്‍ഷത്തിന് വഴിമരുന്നിടാനോ ഇന്ത്യയിലെ മുസ്‌ലിം സമൂഹം സന്നദ്ധരായിട്ടില്ല. അത്തരം വഴികളുടെ അപകടങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ടാണ് അവര്‍ മുന്നോട്ടുപോയത്. ഫാഷിസ്റ്റുകള്‍ക്ക് വേത് സംഘര്‍ഷവും സംഘട്ടനവുമാണ് എന്ന തിരിച്ചറിവോടെ നിലകൊള്ളാന്‍ മുസ്‌ലിം നേതൃത്വത്തിന് സാധ്യമായി. ജമാഅത്തെ ഇസ്‌ലാമിയാകട്ടെ, മുസ്‌ലിം സമൂഹത്തിന് ആത്മവിശ്വാസം പകര്‍ന്നുകൊണ്ട് നിലകൊള്ളുകയും ഫാഷിസ്റ്റ് വിരുദ്ധ പ്രതിരോധത്തിന്റെ ക്രിയാത്മക രീതികള്‍ സ്വീകരിക്കുകയും ചെയ്തു. വര്‍ഗീയതയെ മാനവികത കൊണ്ടും സങ്കുചിത സാമുദായികതയെ സാമൂഹിക ബോധം കൊണ്ടും ജാതി-വംശ വിവേചനങ്ങളെ സാഹോദര്യം കൊണ്ടും നേരിടുകയെന്നതാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദര്‍ശപ്രചോദിതമായ നിലപാട്. ഫാഷിസത്തെ പ്രതിരോധിക്കാന്‍ ജനാധിപത്യം ശക്തിപ്പെടുത്തലാണ് ശരിയായ വഴിയെന്ന് പ്രസ്ഥാനം തിരിച്ചറിയുകയും വിളിച്ചു പറയുകയും ചെയ്തു. രാജ്യനിവാസികളെ മൊത്തം സഹോദരങ്ങളായും പ്രബോധിതരായും സ്വീകരിച്ചു. ഇതര മത സമുദായങ്ങളിലെ നന്മേഛുക്കളും സമാധാനപ്രിയരുമായ ജനങ്ങള്‍ക്കൊപ്പം നിന്ന് വര്‍ഗീയതയെ തുരത്തണമെന്നതാണ്  ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നിലപാട്. ഫാഷിസ്റ്റുകള്‍ ആഗ്രഹിക്കുന്ന പോലെ, പൊതു സമൂഹത്തില്‍നിന്ന് കൂടുതല്‍ പേരെ വര്‍ഗീയ പക്ഷത്തേക്ക് ചേര്‍ത്തുകൊടുക്കുന്ന, ഭൂരിപക്ഷ ജനതയില്‍ പെട്ടവരെ സംശയത്തോടെ നോക്കുകയും അവരുടെ  ഉള്ളില്‍ വര്‍ഗീയത ആരോപിക്കുകയും ചെയ്യുന്ന സമീപനം ആത്മഹത്യാപരമാണെന്ന് തിരിച്ചറിയാന്‍ പ്രസ്ഥാനത്തിന് പ്രയാസമൊന്നും ഉണ്ടായിട്ടില്ല. മൂസാ നബിയുടെയും മുഹമ്മദ് നബിയുടെയും മറ്റും കര്‍മ മാതൃകകളില്‍ ഇതാണല്ലോ തെളിഞ്ഞു കാണുന്നത്. പല തരം ദൗര്‍ബല്യങ്ങളുള്ള (അതിലേറ്റവും പ്രധാനം ആദര്‍ശ ദൗര്‍ബല്യം തന്നെ) ഒരു ന്യൂനപക്ഷത്തിന്, വലിയൊരു ഭൂരിപക്ഷത്തെ ശത്രുസ്ഥാനത്ത് നിര്‍ത്തി, എങ്ങനെയാണ് നിലനില്‍ക്കാനും മുന്നോട്ടുപോകാനും കഴിയുക? ഇതു സംബന്ധിച്ച ഉത്തമബോധ്യം ഇസ്‌ലാമിക പ്രസ്ഥാനത്തിനുണ്ട്. ഫാഷിസത്തെ പ്രതിരോധിക്കേതിന്റെ രീതിശാസ്ത്രം മൗലികമായി ചര്‍ച്ചചെയ്യുന്ന ചെറുതെങ്കിലും പ്രൗഢ കൃതിയാണ് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 'ഫാഷിസം, തീവ്രവാദം, പ്രതിരോധത്തിന്റെ മാനവികത.'

വര്‍ഗീയതയെ പ്രതിവര്‍ഗീയത കൊണ്ടും സാമുദായികതയെ ബദല്‍ സാമുദായികത കൊണ്ടും ജാതീയതയെ മറു ജാതീയത കൊണ്ടും നേരിടുന്നത് ഒരു ആദര്‍ശ സമൂഹമെന്ന നിലക്ക് മുസ്‌ലിം ഉമ്മത്തിന്റെ രീതിയല്ലെന്നും ആദര്‍ശ പ്രബോധക സംഘവും നവോത്ഥാന പ്രസ്ഥാനവും എന്ന നിലയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് അത് സ്വീകാര്യമല്ലെന്നും വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രമാണ ഗ്രന്ഥങ്ങളും നയനിലപാടുകളും രൂപീകരണഘട്ടം മുതലുള്ള ചരിത്രാനുഭവങ്ങളും ഇതിന് മതിയായ തെളിവാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ രംഗത്തുവന്ന വര്‍ഗീയ- സങ്കുചിത ദേശീയ വാദത്തിന്റെ മറുവശത്ത് നിലകൊണ്ട മുസ്‌ലിം ലീഗിന്റെ തീവ്ര സാമുദായികതയെ നിരാകരിച്ചുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കപ്പെട്ടതുതന്നെ. വര്‍ഗീയതക്ക് ബദല്‍ സാമുദായികതയാണെങ്കില്‍, മുസ്‌ലിം ലീഗ് തന്നെ ധാരാളമായിരുന്നു, ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കപ്പെടേണ്ടതുണ്ടായിരുന്നില്ല. സങ്കുചിത ദേശീയതയെ വാഹനമാക്കിയ വര്‍ഗീയതക്കെതിരായ പോരാട്ടം തീവ്രസാമുദായികതയാണെന്ന് ഇസ്‌ലാമിക പ്രസ്ഥാനം വിശ്വസിക്കുന്നില്ല എന്നതിന്റെ പ്രധാന സാക്ഷ്യം അതിന്റെ രൂപീകരണം തന്നെയാണെന്നര്‍ഥം.

ആദര്‍ശരഹിതമായ കേവല സങ്കുചിത സാമുദായികതക്ക് പല തരം ദൗര്‍ബല്യങ്ങളുമുണ്ട്. അപകടകരമായ തലങ്ങളിലേക്ക് കേവല സാമുദായികത ആപതിക്കുകയെന്നതും സ്വാഭാവികമാണ്. ആദര്‍ശരാഹിത്യം ദൈവിക സഹായത്തിനുള്ള അര്‍ഹത നഷ്ടപ്പെടുത്തും എന്നതാണ് ഒരു അടിസ്ഥാന പ്രശ്‌നം. വര്‍ഗീയതക്കെതിരില്‍ അണിനിരക്കുന്ന കേവല സാമുദായികത, പ്രതിവര്‍ഗീയതയിലേക്ക് വഴിമാറുന്നത് സമയത്തിന്റെ മാത്രം പ്രശ്‌നമായിരിക്കാം. വര്‍ഗീയവാദം എന്തൊക്കെ തിന്മകള്‍ ഉള്‍വഹിക്കുന്നുവോ, പ്രതിവര്‍ഗീയതയായി മാറിയാല്‍ സാമുദായികതയും കൂടിയോ കുറഞ്ഞോ അളവില്‍ അതേ ദൂഷ്യങ്ങള്‍ പ്രകടിപ്പിക്കും. രും തമ്മില്‍ സമീകരണം തെറ്റാകുമ്പോള്‍ തന്നെ, പല തലങ്ങളിലും അവ താദാത്മ്യപ്പെടും എന്നതാണ് വസ്തുത. ഭീതി ഉല്‍പാദിപ്പിക്കുന്നതിലും ചിലപ്പോള്‍ സമാനത സംഭവിച്ചുപോകുന്നു. വര്‍ഗീയ ഫാഷിസം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കകത്ത്  തങ്ങളെ കുറിച്ചും ഭൂരിപക്ഷ സമുദായ മനസ്സില്‍ ന്യൂനപക്ഷത്തെ സംബന്ധിച്ചും പേടി സൃഷ്ടിക്കാനാണ് ശ്രമിക്കുക. ഫാഷിസത്തിന്റെ  ഉപകരണമാണ് ഭീതി. എന്നാല്‍, ഇതിനെതിരായ ന്യൂനപക്ഷങ്ങളുടെ അതിവൈകാരിക പ്രചാരണങ്ങള്‍ സ്വന്തം സമുദായത്തിനകത്ത് വര്‍ഗീയ ഫാഷിസത്തെ സംബന്ധിച്ചും ഭൂരിപക്ഷ സമുദായത്തിനകത്ത് ന്യൂനപക്ഷത്തെ പറ്റിയും ഒരേസമയം ഭയം ഉല്‍പാദിപ്പിക്കുന്നു. ഫാഷിസം ലക്ഷ്യം നിശ്ചയിച്ച് ബോധപൂര്‍വം ഭീതി സൃഷ്ടിക്കുകയാണെങ്കില്‍, മറുവശത്ത് പ്രതിപ്രവര്‍ത്തനമെന്നോണം  ഭീതി ഉണ്ടായിത്തീരുകയാണ്. ഫലത്തില്‍ സംഭവിക്കുന്നത് ഒന്നാകുന്നു എന്നതാണ് പ്രശ്‌നം.

ധാര്‍മികത ചോര്‍ന്നുപോയ ആള്‍ക്കൂട്ടമായി ആദര്‍ശരഹിത സാമുദായിക സംഘങ്ങള്‍ മാറും. സുതാര്യതയും ധാര്‍മികതയും കൈമോശം വരികയോ അവ അനാവശ്യമാണെന്ന് പരിഹസിച്ചുതള്ളുകയോ ചെയ്യും. യുദ്ധഭൂമിയില്‍ ശത്രുസൈന്യത്തോട്  പോലും പാലിക്കേണ്ട ധാര്‍മികതയെ കുറിച്ചാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. എന്നാല്‍, സങ്കുചിത സാമുദായികതയില്‍ ഊന്നി നില്‍ക്കുന്ന സംഘങ്ങള്‍ക്ക് കളവ്, ചതി, വഞ്ചന, ദുഷ്പ്രചാരണം തുടങ്ങിയവയൊക്കെ  സ്വീകാര്യം! ധാര്‍മികതയുടെ തടവറയില്‍ കഴിയുന്നവര്‍ എന്ന പരിഹാസോക്തി കൊണ്ട് ഇത്തരക്കാര്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ അഭിമുഖീകരിക്കുന്നത്  ഇക്കാരണത്താലാണ്. അരണ്ട വെളിച്ചത്തിലെ നിഗൂഢതയല്ല ഇസ്‌ലാമിക സേവനം. വെളിച്ചത്ത് വെക്കാവുന്ന സുതാര്യതയും ആദര്‍ശാധിഷ്ടിതമായ ധാര്‍മികതയും  ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ മുഖമുദ്രയാകണം. ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ പ്രഖ്യാപിത ശത്രുക്കളോട് മാത്രമല്ല അധാര്‍മികമായ സമീപനങ്ങള്‍ സ്വീകരിക്കുക, മുസ്‌ലിം സമൂഹത്തിലെ ഇതര വിഭാഗങ്ങളോടുള്ള  സമീപനത്തിലും ഇസ്‌ലാമിക സംഘങ്ങളോടുള്ള ഇടപെടലുകളിലും  ചതിയും വഞ്ചനയും ഇത്തരം കേവല സാമുദായിക പ്രതിരോധ സംഘങ്ങള്‍ പുലര്‍ത്തും. അതിന്റെ ഉദാഹരണങ്ങള്‍ സമീപകാല ചുറ്റുപാടുകളില്‍നിന്ന് തന്നെ കണ്ടെടുക്കാനാകും. തീവ്രവാദം ഒന്നാം ഘട്ടത്തില്‍ ബാഹ്യശത്രുവിനെയും, രണ്ടാം ഘട്ടത്തില്‍ സ്വന്തം സമുദായത്തെ തന്നെയും ഉന്നം വെക്കുമെന്ന് മൗലാനാ   മൗദൂദി നിരീക്ഷിച്ചിട്ടുണ്ട്. 

അതിനാല്‍, ഫാഷിസം ആഗ്രഹിക്കും വിധമുള്ള സംഘര്‍ഷങ്ങളും സായുധസംഘട്ടനങ്ങളും സമുദായത്തെ അതിജീവന വഴിയില്‍ നടത്തും എന്ന് ധരിച്ചുവശാകാതിരിക്കുക.  ആദര്‍ശരഹിതമായ അതിജീവന ശ്രമങ്ങളൊന്നും വിജയം കാണില്ലെന്ന സത്യം തിരിച്ചറിയേതു്. ഇസ്‌ലാമിക സമൂഹത്തിന്റെ വിജയപരാജയങ്ങളെ കുറിച്ച ഖുര്‍ആനിക വിലയിരുത്തലില്‍ ആദര്‍ശം പ്രധാന ഘടകമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (128 - 140)
എ.വൈ.ആര്‍

ഹദീസ്‌

പരസ്പരം ബഹുമാനിക്കുക
ജുമൈല്‍ കൊടിഞ്ഞി