Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 17

കെ.ടി അബ്ദുര്‍റഷീദ്

ഇക്കഴിഞ്ഞ ബലിപെരുന്നാളിന്റെ പിറ്റെ ദിവസം(2011 നവംബര്‍ 8) രാവിലെ പത്ത് മണിയോടടുത്താണ് സഹോദരന്‍ കെ.ടി അബ്ദുര്‍റഷീദ് നിര്യാതനായത്. ഇന്നാലില്ലാഹി.....
കേരളത്തില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആശീര്‍വാദത്തോടെ പ്രവര്‍ത്തിച്ച വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലെല്ലാം സജീവസാന്നിധ്യമാകാനുള്ള അപൂര്‍വഭാഗ്യം ലഭിച്ച ചുരുക്കം പേരില്‍ ഒരാളായിരുന്നു കെ.ടി. പലകാരണങ്ങളാല്‍ ഇസ്ലാമിക പ്രസ്ഥാനം അങ്ങേയറ്റം പ്രതിസന്ധികളഭിമുഖീകരിച്ച ഒരു ഘട്ടത്തിലായിരുന്നു കേരളത്തില്‍ എസ്.ഐ.ഒവിന്റെ പിറവി. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ രക്ഷാകര്‍തൃത്വം അംഗീകരിച്ചു കൊണ്ട് ഒരു വിദ്യാര്‍ഥി പ്രസ്ഥാനത്തിന് ഇന്ത്യയിലോ കേരളത്തിലോ ചുവടുറപ്പിക്കാന്‍ കഴിയില്ലെന്ന ശക്തമായ വാദവുമായി അന്ന് ചിലര്‍ രംഗത്ത് വന്നു. ജമാഅത്തെ ഇസ്ലാമിയെ പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ 'സര്‍പ്രസ്തി' വിദ്യാര്‍ഥി പ്രസ്ഥാനത്തെ മരവിപ്പിക്കുകയേ ചെയ്യൂ എന്നായിരുന്നു ഇക്കൂട്ടരുടെ വാദം. ഇത്തരം പ്രചാരണങ്ങളെ മറികടന്ന് ചുരുങ്ങിയ കാലത്തിനുള്ളില്‍ എസ്.ഐ.ഒവിനെ കേരളത്തിലെ ശ്രദ്ധേയമായ വിദ്യാര്‍ഥി പ്രസ്ഥാനമായി വളര്‍ത്തിയെടുത്തതില്‍ കെ.ടി റഷീദ് സാഹിബടക്കമുള്ളവരുടെ ത്യാഗപൂര്‍ണമായ അധ്വാന പരിശ്രമങ്ങള്‍ക്കുള്ള പങ്ക് നിസ്സാരമല്ല.
എസ്.ഐ.ഒവിന്റെ പ്രഥമ മീഖാത്തില്‍ സോണല്‍ അസി. സെക്രട്ടറിയായി സേവനമനുഷ്ഠിച്ച കെ.ടി അക്കാലത്ത് അക്ഷരാര്‍ഥത്തില്‍ അണികളുടെ ആവേശമായിരുന്നു. നര്‍മത്തില്‍ ചാലിച്ച ആവേശകരമായ ആ വാഗ്ധോരണി അന്നത്തെ എസ്.ഐ.ഒ പ്രവര്‍ത്തകരുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നുണ്ടാകും.
സോണല്‍ അസി. സെക്രട്ടറി എന്ന നിലക്ക് റഷീദ് സാഹിബും ഓഫീസ് സെക്രട്ടറി എന്‍.കെ ഹുസൈനു(വയനാട്)മായിരുന്നു അന്ന് ഏതാണ്ട് മുഴുസമയം ഓഫീസിലുണ്ടാവുക. ജോലിയുടെ സ്വഭാവം കാരണം സെക്രട്ടറി (ഈ കുറിപ്പുകാരന്‍) മിക്ക ദിവസങ്ങളിലും ഉച്ചക്ക് ശേഷമാണ് ഓഫീസിലെത്തുക. അതിനാല്‍ തന്നെ അസി. സെക്രട്ടറിയും ഓഫീസ് സെക്രട്ടറിയും പല ദിവസങ്ങളിലും 'ഉച്ചപ്പട്ടിണി'യുമാണ് കഴിയുന്നതെന്ന കാര്യം സെക്രട്ടറി അറിയുന്നത് വൈകിമാത്രം. എസ്.ഐ.ഒ ഫണ്ടിന്റെ ദൈന്യതയായിരുന്നു ഈ 'ഉച്ചപ്പട്ടിണി'ക്ക് കാരണമെന്നുകൂടി ഓര്‍ക്കുക.
1984ലെ എസ്.ഐ.ഒ പ്രഥമ സംസ്ഥാന സമ്മേളനം ഓര്‍മയില്‍ തെളിയുന്നു. പുസ്തക പ്രസാധനരംഗത്ത് ഇന്നുള്ള സൌകര്യങ്ങളൊന്നും ലഭ്യമല്ലാത്ത അന്ന് സമ്മേളനത്തിന്റെ മുമ്പായി പ്രതീക്ഷാ പബ്ളിക്കേഷന്റെ ഏതാനും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ റഷീദ് സാഹിബ് അനുഭവിച്ച പെടാപാട് കുറച്ചൊന്നുമായിരുന്നില്ല.
എസ്.ഐ.ഒവിന്റെ രണ്ടാം മീഖാത്തില്‍ പ്രതീക്ഷാ ഡയറിയില്‍ പ്രസിദ്ധീകൃതമായ ഇന്ത്യയുടെ മേപ്പിനെ ചൊല്ലിയുണ്ടായ പൊല്ലാപ്പുകളും അന്നത്തെ ശൂറാ അംഗങ്ങളുടെ അറസ്റും പ്രതിഷേധ പ്രകടനങ്ങളുമൊക്കെ ഇപ്പോള്‍ ഓര്‍ത്തുപോകുന്നു. അവിടെയെല്ലാം നേതൃപരമായ സജീവ സാന്നിധ്യമായിരുന്നു റഷീദ് സാഹിബ്.
വലുപ്പച്ചെറുപ്പമില്ലാതെ ആരോടും ഹൃദ്യമധുരമായി പെരുമാറാനുള്ള അപൂര്‍വ സിദ്ധി, ഏത് പ്രസിസന്ധിയുടെ നടുവിലും കൈമോശം വരാത്ത സ്വതസിദ്ധമായ നര്‍മ ബോധം, ഒരിക്കലും ടെന്‍ഷനടിക്കാത്ത ഇഛാശക്തി, പ്രയാസമനുഭവിക്കുന്ന വ്യക്തികളെയും കുടുംബങ്ങളെയും കണ്ടെത്തി ഉദാരമതികളുമായി ബന്ധപ്പെട്ട് അവര്‍ക്ക് രഹസ്യമായി സഹായമെത്തിക്കാനുള്ള ശുഷ്കാന്തി, സ്നേഹിക്കുന്നവര്‍ക്ക് സ്വന്തം കരള്‍ തന്നെ പറിച്ച് നല്‍കാനുള്ള സന്നദ്ധത, തീക്ഷ്ണമായ ആജ്ഞാശക്തി, ത്യാഗസന്നദ്ധത ഇവയൊക്കെ അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. പക്ഷേ, കെ.ടിയോട് ഏറ്റവും അടുത്തിടപഴകുന്നവര്‍ക്ക് മാത്രമേ ഇവ അനുഭവപ്പെടുമായിരുന്നുള്ളു.
ഇത്തരം സ്വഭാവ സവിശേഷതകള്‍ തന്നെയാവാം ഒരു ബൃഹത് സുഹൃദ് വലയം കെ.ടിക്ക് സമ്മാനിച്ചതും. ആ സുഹൃദ വലയത്തില്‍ പ്രസ്ഥാനക്കാരും പ്രസ്ഥാന ശത്രുക്കളുമുണ്ടായിരുന്നു. മുതിര്‍ന്നവരും കുട്ടികളുമെന്ന വ്യത്യാസമവിടെയുണ്ടായിരുന്നില്ല. ധനികരും ദരിദ്രരും അവരിലുണ്ടായിരുന്നു. കോഴിക്കോട് ടൌണിലെ പല വ്യവസായ പ്രമുഖരും കെ.ടിക്ക് ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകനായും പ്രിന്‍സിപ്പലായും കെ.ടി ജോലി ചെയ്തു. ഒട്ടേറെ മസ്ജിദുകളില്‍ ഇമാമായും ഖത്തീബായും സേവനമനുഷ്ഠിച്ചു. അവിടങ്ങളിലെല്ലാം ധാരാളം സുഹൃത്തുകളെയും സമ്പാദിച്ചു.
കുടുംബപരമായി യാതൊരുവിധ പ്രാസ്ഥാനിക പിന്‍ബലവും ഇല്ലാതിരിക്കെ സ്വയം പ്രേരിതനായാണ് കെ.ടി ശാന്തപുരം ഇസ്ലാമിയാ കോളേജില്‍ വിദ്യാര്‍ഥിയായെത്തുന്നത്. ആ ഒറ്റ കാരണത്താല്‍ നാട്ടില്‍നിന്നും കുടുംബത്തില്‍നിന്നും നേരിടേണ്ടി വന്ന കടുത്ത പ്രയാസങ്ങളെ കുറിച്ച് കെ.ടി ഇടക്ക് അനുസ്മരിക്കാറുണ്ടായിരുന്നു. അക്കാലത്ത് വല്ലപ്പോഴുമൊക്കെ നാട്ടില്‍ വരുമ്പോള്‍ ചില്ലറ ജോലികള്‍ ചെയ്ത് കിട്ടുന്ന നാണയത്തുട്ടുകൊണ്ട് അവിലുവാങ്ങി, മഹല്ല് പള്ളിയിലെ ഹൌദിന്‍ കരയിലെ പാട്ടയിലിട്ട് വെള്ളമൊഴിച്ച് പുതര്‍ത്തി വിശപ്പടക്കിയിരുന്ന 'നല്ലകാല'ത്തെ കുറിച്ചും കെ.ടി പറയുമായിരുന്നു.
സര്‍വശക്തനായ അല്ലാഹു ആ സഹോദരന്റെ ജീവിതത്തില്‍ സംഭവിച്ച് പോയ വീഴ്ചകളും പോരായ്മകളും പൊറുത്തു കൊടുക്കുമാറാകട്ടെ. അദ്ദേഹം ചെയ്ത നല്ലകാര്യങ്ങള്‍ക്ക് ഇരട്ടി പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. സന്തപ്ത കുടുംബാംഗങ്ങളെയും അദ്ദേഹത്തെയും ജന്നാത്തുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ച് കൂട്ടുമാറാകട്ടെ.
സി.എച്ച് അബ്ദുല്‍ ഖാദിര്‍
മുണ്ടുപറമ്പ് മലപ്പുറം

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം