Prabodhanm Weekly

Pages

Search

2017 ജൂണ്‍ 16

3006

1438 റമദാന്‍ 21

ദുരിതക്കടലില്‍ യമന്‍ ജനത

റഹീം ഓമശ്ശേരി

ദിവസങ്ങള്‍ക്കു മുമ്പ് ഹറമിലെ ക്ലോക്ക് ടവറിന് അടുത്തുള്ള കഫ്തീരിയയില്‍നിന്ന് ചായ കുടിക്കുന്നതിനിടെ യമന്‍ സ്വദേശി അദ്‌നാന്‍ സ്വലാഹ് മഹ്മൂദെന്ന ചെറുപ്പക്കാരനെ പരിചയപ്പെട്ടു. സുഊദി-യമന്‍ അതിര്‍ത്തി പങ്കിടുന്ന ജീസാന്‍ പ്രദേശത്തിന് തൊട്ടടുത്തുള്ള യമന്‍ പ്രദേശമായ മായിദില്‍നിന്നാണ് അദ്ദേഹം ഉംറ ചെയ്യാന്‍ എത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി കഅ്ബ കാണാനുള്ള അദമ്യമായ ആഗ്രഹത്തിന്റെ സഫലീകരണമായിരുന്നു അദ്‌നാന്‍ സ്വലാഹിന് ഇത്. ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെ നിന്ന് നടന്നും ലോറിപ്പുറത്തും യാത്ര ചെയ്താണ് ഇത്രയും വഴിദൂരം താണ്ടിയത്. റെസ്റ്റ് ഹൗസുകളില്‍ കയറി അന്തിയുറങ്ങാന്‍ കൈയില്‍ പണമുണ്ടായിരുന്നില്ല. പലപ്പോഴും മരുഭൂമിയില്‍ അങ്ങിങ്ങായി കാണപ്പെടുന്ന ടെന്റുകളിലും ഏതെങ്കിലും സുമനസ്സുകളുടെ ഔദാര്യത്താല്‍ അവര്‍ നല്‍കിയ വിശ്രമ സ്ഥലങ്ങളിലും അന്തിയുറങ്ങിയാണ് അദ്ദേഹം ഇവിടെ എത്തിയത്. 

അദ്‌നാന്‍ സ്വലാഹിന്റെ ഉംറ യാത്ര വിശദീകരിക്കാനല്ല ഇത്രയും എഴുതിയത്. യമന്‍ ജനത ഇന്ന് നേരിടുന്ന ദുരിതപര്‍വം ഇദ്ദേഹത്തില്‍നിന്ന് നേരില്‍ കേള്‍ക്കാനിടയായ സാഹചര്യം അനുസ്മരിക്കാന്‍ മാത്രമാണ്. സുഊദി അറേബ്യയുടെ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് അദ്‌നാന്‍ സ്വലാഹിന്റെ നാട്, മായിദ്. സഅ്ദ, അല്ലുഹയ്യ തുടങ്ങിയ പട്ടണ പ്രദേശങ്ങള്‍ ഏകദേശം അടുത്ത് തന്നെയാണ്. ഹൂതി-സ്വാലിഹ് സഖ്യസേനയും സുഊദി അറേബ്യയുടെ മേല്‍നോട്ടത്തിലുള്ള ഐക്യ അറബ് സഖ്യ സേനയും നിരന്തരമായി ബോംബ് വര്‍ഷിക്കുന്ന പ്രദേശങ്ങളിലൊന്നാണിത്. സുഊദിയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ പലപ്പോഴും ഹൂതികള്‍ തൊടുത്തു വിടുന്ന ബോംബുകള്‍ സഖ്യ സേന വെടിവെച്ചിടുന്നത് ഇവിടെ വെച്ചായിരിക്കും. അതിനാല്‍ ദുരിതക്കടലിലാണ് തങ്ങളുടെ ജനതയെന്ന് അദ്ദേഹം പറയുന്നു. ആശുപത്രികള്‍ മിക്കതും ബോംബ് വര്‍ഷത്തില്‍ തകര്‍ന്നടിഞ്ഞിരിക്കുന്നു. ചെറിയ ഡിസ്‌പെന്‍സറികള്‍ പോലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. കടുത്ത ഏറ്റുമുട്ടലുകള്‍ ഉണ്ടാകുമ്പോള്‍ മുറിവേല്‍ക്കുന്നവരെ പരിചരിക്കാനോ ശുശ്രൂഷിക്കാനോ സംവിധാനങ്ങളൊന്നുമില്ല ഇവിടെ. സ്വന്തം കുടുംബക്കാരില്‍ പലരും മരുന്നും വേണ്ട ചികിത്സയും ലഭിക്കാതെ മരണത്തിന് കീഴടങ്ങിയ കഥകളാണ് അദ്‌നാന്‍ പങ്കുവെച്ചത്. പശിയടക്കാന്‍ ഉണക്ക റൊട്ടി പോലും കിട്ടാതെ ജീവഛവങ്ങളായ ലക്ഷങ്ങളാണ് യമനിന്റെ വിവിധ പ്രദേശങ്ങളിലുള്ളതെന്ന റിപ്പോര്‍ട്ടുകള്‍ അതിശയോക്തിപരമല്ലെന്ന് അദ്‌നാന്റെ സംസാരത്തില്‍നിന്ന് ബോധ്യമായി. 

ബോംബ് വര്‍ഷങ്ങള്‍ക്കിടെ മുറിവ് പറ്റുന്ന പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട് നെട്ടോട്ടമോടുന്ന മാതാക്കളുടെ അതിദയനീയ കാഴ്ച അദ്ദേഹം വിവരിച്ചപ്പോള്‍ ചെവി പൊത്തിപ്പിടിച്ചുപോയി. അദ്‌നാന്‍ പറയുന്നു, ഞങ്ങളുടെ നാട് സമീപകാലത്തൊന്നും പൂര്‍വസ്ഥിതി പ്രാപിക്കുമെന്ന പ്രതീക്ഷ എനിക്കില്ല. തിരിച്ച് ഇനിയും ജന്മനാട്ടിലക്ക് പോകുന്നതിനെ സംബന്ധിച്ച ചോദ്യത്തിന് ദീര്‍ഘനിശ്വാസം മാത്രമായിരുന്നു മറുപടി. 

യമനില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയാവുകയാണ്. നേരത്തേ തന്നെ വലിയ തോതില്‍ സമ്പന്നരാജ്യമൊന്നുമല്ല ഈ അറബ് രാജ്യം. കൃഷി, ആട്- മാട് വളര്‍ത്തല്‍, വ്യാവസായിക ഉല്‍പാദനം തുടങ്ങിയ മേഖലകള്‍ സജീവമായിരുന്നതുകൊണ്ട് സാധാരണ ജനങ്ങള്‍ വലിയ ദുരിതത്തിലായിരുന്നില്ല. എന്നാല്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതോടെ വലിയ വലിയ പട്ടണങ്ങളില്‍നിന്നു പോലും കൂട്ട പലായനത്തിന് ജനങ്ങള്‍ നിര്‍ബന്ധിതരായി. വീടുകളും കെട്ടിടങ്ങളും ബോംബ് വര്‍ഷത്തില്‍ തകര്‍ന്നു തരിപ്പണമായിരിക്കുന്നു. 

പല പ്രദേശങ്ങളിലും ഭക്ഷണ സാമഗ്രികള്‍ എത്തിക്കുന്നതിനുളള വഴികള്‍ തന്നെ നശിപ്പിക്കപ്പെട്ടിരുന്നു. അവശ്യ സാധനങ്ങള്‍ പോലും ലഭ്യമല്ല, ഏറെ പ്രദേശങ്ങളില്‍. ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മരുന്നുകളോ മുറിവുകള്‍ തുന്നിക്കെട്ടാനുള്ള അവശ്യ സാധനങ്ങളോ ഇല്ല. മിക്ക പ്രദേശങ്ങളിലും വൈദ്യുതിയോ വെള്ളമോ ലഭ്യമല്ല. ചൂടിന് ശക്തി കൂടിവരുന്ന സന്ദര്‍ഭത്തില്‍ പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട് തങ്ങള്‍ എവിടേക്ക് പോകുമെന്ന് കേഴുകയാണ് ഈ ജനത. പലതരം മാറാ രോഗങ്ങള്‍ക്ക് കീഴ്‌പ്പെടുകയാണ് പലരും. കോളറ രാജ്യത്ത് പടര്‍ന്നുപിടിച്ചിരിക്കുന്നു. പ്രായം ചെന്നവരും കുട്ടികളുമാണ് കൂടുതലായി രോഗത്തിന് അടിപ്പെടുന്നത്. ഒാരോ പത്തു മിനിറ്റിലും അഞ്ച് കുട്ടികളെങ്കിലും ഇവിടെ മരണപ്പെടുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. രോഗം പിടിപെട്ട് അവശ്യ മരുന്നുകളില്ലാതെ, ഗ്ലൂക്കോസ് പോലും നല്‍കാനില്ലാതെ എല്ലും തൊലിയുമായ കുട്ടികളുടെ ദാരുണ കാഴ്ച ഏതൊരാളുടെയും കരളലിയിപ്പിക്കുന്നതാണ്. 

ഇന്ന് തൊഴിലാളികള്‍ക്കിവിടെ തൊഴിലില്ല. കച്ചവടക്കാര്‍ക്ക് വില്‍ക്കാന്‍ സാധനങ്ങളില്ല. വ്യവസായങ്ങള്‍ക്ക് ഉല്‍പ്പാദനത്തിന് വേണ്ട അസംസ്‌കൃത വസ്തുക്കള്‍ കിട്ടാനില്ല. കൃഷിക്കാര്‍ക്ക് പണിയെടുക്കാനോ എടുപ്പിക്കാനോ പറ്റുന്ന സാഹചര്യങ്ങളില്ല. പല കടകളിലും മാസങ്ങളായി സാധനങ്ങളൊന്നും ഇല്ല. ഖുബ്‌സ് വില്‍ക്കുന്ന കടകളിലാണ് എപ്പോഴെങ്കിലും അനക്കമുള്ളത്. വിവിധ അറബ് രാജ്യങ്ങളില്‍നിന്നുള്ള സന്നദ്ധ സംഘടനകള്‍ ഖുബ്‌സ് ഉണ്ടാക്കുന്നതിനുള്ള പൊടി എത്തിക്കുന്നതിനാല്‍ ഖുബ്‌സ് കടകള്‍ക്ക് മുന്നില്‍ മാത്രം നീണ്ട ക്യൂ എപ്പോഴും കാണാം. ഇതു പോലും എല്ലാ പ്രദേശങ്ങളിലും ലഭ്യമല്ല. 

യമന്‍ അതിശക്തമായ ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലാണ്. മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹ് ജനകീയ വിപ്ലവത്തിലൂടെ പുറത്താക്കപ്പെട്ടപ്പോള്‍ രാജ്യത്തിന്റെ ആയുധ ശേഖരവുമായാണ് പോയത്. വിമത വിഭാഗമായ ഇറാന്‍ പിന്തുണയുള്ള ഹൂതികളുമായി സഹകരിച്ച് നിലവിലെ അബ്ദുല്‍ ഹാദി ഭരണകൂടത്തിനെതിരെ ശക്തമായ ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തലസ്ഥാന നഗരമായ സ്വന്‍ആ പിടിച്ചെടുക്കാനുള്ള രക്തരൂഷിത പോരാട്ടം തുടങ്ങിയിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയാവുകയാണ്. സുഊദി അറേബ്യയുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി ജി.സി.സി അംഗ രാജ്യങ്ങള്‍ സുഊദി നേതൃത്വത്തില്‍ സ്വാലിഹ്-ഹൂതി വിമത സൈനികര്‍ക്കെതിരെ ശക്തമായി തിരിച്ചടിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇറാനില്‍നിന്നുള്ള ശക്തമായ പിന്തുണ ലഭിക്കുന്നതു കാരണം സഖ്യസേനക്ക് വലിയ തോതിലുള്ള മുന്നേറ്റം സാധിക്കുന്നില്ല എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതുവരെ ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.

പരിശുദ്ധ റമദാനില്‍ സ്വസ്ഥമായി നോമ്പെടുക്കാനോ തറാവീഹ് നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാനോ ഇവര്‍ക്ക് കഴിയുന്നില്ല. ഇഫ്ത്വാറുകള്‍ പലപ്പോഴും വെള്ളം പോലും ലഭിക്കാതെ നീണ്ടുപോകുന്നു. അത്താഴവും ഇഫ്ത്വാറും ഒന്നോ രണ്ടോ ചുള കാരക്കയിലും ഒരല്‍പ്പം വെള്ളത്തിലും ഒതുങ്ങിപ്പോകുന്നു. നോമ്പുതുറ വിഭവങ്ങളുടെ പട്ടികയുടെ നീളം  കൂടിക്കൂടി വരുന്ന നമ്മള്‍ക്ക് ഒരുപക്ഷേ ഈ അവസ്ഥ എളുപ്പത്തില്‍ മനസ്സിലായിക്കൊള്ളണമെന്നില്ല. ഒരു കാര്യം നാം എപ്പോഴും ഓര്‍മിക്കുന്നത് നന്നാകും. ഇന്ന് ഈ സമൂഹം അനുഭവിക്കുന്ന കടുത്ത ദുരിതം നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനെങ്കിലുമുള്ള അവസരമായി കാണണം. ഓരോ നിമിഷവും മാനത്ത് ഉയരുന്ന കടുത്ത പുകയും ശബ്ദകോലാഹലങ്ങളും ഈ ജനത്തെ എത്ര മാത്രം അസ്വസ്ഥരാക്കുമെന്ന് ചിന്തിക്കാന്‍ പോലുമാകില്ല. എല്ലും തോലുമായ കൈക്കുഞ്ഞുങ്ങളുമായി മരുന്നിനും ചികിത്സക്കുമായി നെട്ടോട്ടമോടുന്ന ഉമ്മമാരുടെ വേദന സുഖാഡംബരങ്ങളുടെ കണക്ക് പറയുമ്പോള്‍ നമുക്ക് ഓര്‍മയുണ്ടാവണം. യമനിലെയും സിറിയയിലെയും വേദനിക്കുന്ന ഉമ്മമാരുടെ കണ്ണുനീര്‍ ചാലുകള്‍  റമദാനില്‍ നമ്മുടെ ആലോചനകളിലും പ്രാര്‍ഥനകളിലും കടന്നുവരണം.

Comments