Prabodhanm Weekly

Pages

Search

2017 ജൂണ്‍ 16

3006

1438 റമദാന്‍ 21

വിശുദ്ധ ഖുര്‍ആന്‍ എന്റെ വഴിവെളിച്ചം

അസ്മാ നസ്‌റീന്‍

വിശുദ്ധ ഖുര്‍ആന്‍ കാണുന്നതിനു മുമ്പ് തന്നെ ബാങ്കിന്റെ സ്വരമാധുരി എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു. രാത്രിവേളകളില്‍ ബാങ്കൊലി കേള്‍ക്കുമ്പോള്‍ ഞാന്‍ അതീവ ശ്രദ്ധയോടെ കാതോര്‍ക്കുമായിരുന്നു. എന്റെ വീടിനടുത്തോ പരിസരത്തോ മുസ്‌ലിംകളോ മുസ്‌ലിം പള്ളിയോ ഇല്ലാതിരുന്നിട്ടും എനിക്ക് രണ്ടണ്ട് നേരവും ബാങ്കൊലി കേള്‍ക്കാനുള്ള ഭാഗ്യം ലഭിച്ചു. പഠനാവശ്യത്തിന് പണം സമ്പാദിക്കുന്നതിനായി ഞാന്‍  തൊഴില്‍ ചെയ്തിരുന്നപ്പോഴാണ് ആ സ്ഥാപനത്തിന്റെ ചുറ്റുവട്ടത്തുനിന്ന് കൃത്യമായി എനിക്ക് ബാങ്ക് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നത്. അത് ഏറ്റുചൊല്ലാനും  കാണാതെ പഠിക്കാനും ഞാനേറെ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. അതുകൊണ്ടുതന്നെ ആ താളാത്മകമായ ഭാഷ പഠിക്കണമെന്ന് ഞാനാഗ്രഹിച്ചു. അതൊരു മോഹമായി മനസ്സില്‍ വളര്‍ന്നു.

അറബി ഭാഷ പഠിക്കാനായി ചില അറബി അധ്യാപകരെ സമീപിച്ചെങ്കിലും അവരത് കാര്യഗൗരവത്തിലെടുത്തില്ല. അവരുടെ സമീപനം എന്നെ തീര്‍ത്തും നിരാശപ്പെടുത്തി. അക്കാലത്ത് അമുസ്‌ലിംകള്‍ അറബി പഠിക്കുന്നത് അപരാധമായാണ് എന്റെ നാട്ടുകാര്‍ കരുതിയിരുന്നത് ഇന്നും ആ തോന്നലിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല.

ഋതുക്കള്‍ മാറിമാറിവന്നിട്ടും എന്റെ മോഹങ്ങള്‍ക്ക് മങ്ങലേറ്റില്ല.  കാലക്രമത്തില്‍ ഉണങ്ങിവരണ്ട് നശിച്ചുപോകുമായിരുന്ന എന്റെ സ്വപ്‌നത്തിന് ചിറകുമുളപ്പിച്ചത് ആ മാലാഖ കുഞ്ഞുങ്ങളായിരുന്നു.

കുഞ്ഞു പാവാടയും ബ്ലൗസുമൊക്കെയിട്ട് ചെവിയുടെ രണ്ട് സൈഡിലും സ്ലൈഡ് കുത്തി തട്ടം ഉറപ്പിച്ച് കിലുകിലെ ചിരിച്ചുകൊണ്ട് സ്ലേറ്റും പുസ്തകവും നെഞ്ചോടടക്കിപ്പിടിച്ച് ഉറക്കക്ഷീണത്തോടെ നടന്നും തിരിച്ച് വീട്ടിലേക്ക് ഓടിയും എത്തുന്ന സിറാജുല്‍  ഇസ്‌ലാം മദ്‌റസയിലെ കുഞ്ഞുമക്കളില്‍നിന്നാണ് അറബി അക്ഷരമാല ഞാന്‍ എഴുതി വാങ്ങുന്നത്.

എന്റെ വീട്ടില്‍നിന്ന് അഞ്ച് കിലോമീറ്ററിലധികം ദൂരത്ത് താമസിക്കുന്ന കുഞ്ഞമ്മയുടെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് ഈ  സംഭവം നടക്കുന്നത്. ആ കുട്ടികള്‍ ആരാണെന്ന്് ഇന്നും എനിക്ക് അറിയില്ല. ആ കുഞ്ഞുമക്കള്‍ക്ക് അത്ഭുതമായിരുന്നു ഇത്രയും വലിയ ഞാന്‍ അവരുടെയടുക്കല്‍ അക്ഷരം പഠിക്കാന്‍ ചെന്നത്. എന്നാല്‍ ഞാന്‍ ഓര്‍ത്തത് സ്‌കൂളില്‍ പഠിച്ച വി.ടി ഭട്ടതിരിപ്പാടിന്റെ ഒരു പാഠമായിരുന്നു. അദ്ദേഹത്തെ ആദ്യമായി അക്ഷരങ്ങള്‍ പഠിപ്പിച്ചത് ഒരു ചെറിയ പെണ്‍കുട്ടിയായിരുന്നു. അതുപോലെ എനിക്ക് അറബി അക്ഷരം പഠിപ്പിച്ചു തന്നത് അഞ്ചോ ആറോ വയസ്സ് മാത്രം പ്രായമുള്ള ഒരു കൊച്ചുസുന്ദരിയായിരുന്നു.

ഞാന്‍ ആവശേത്തോടെ ആ അക്ഷരങ്ങള്‍ പഠിക്കാനാരംഭിച്ചു. നൂറു പേജിന്റെ ഒരു പുസ്തകം മുഴുവന്‍ ആ അക്ഷരങ്ങള്‍ എഴുതി പഠിച്ചു. ഈ പഠനം ഇവിടെ തീരേണ്ടതല്ല എന്നറിയാമെങ്കിലും വിടരുംമുമ്പേ കൊഴിഞ്ഞ പുഷ്പത്തെപോലെ എന്റെ പഠനവും അവസാനിച്ചു.

ഹിന്ദുമത വിശ്വാസത്തില്‍നിന്ന് ക്രിസ്തീയ വിശ്വാസത്തിലേക്ക് ഞാന്‍ മാറിയെങ്കിലും എന്റെ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ ആ രണ്ട്ണ്ട വിശ്വാസങ്ങള്‍ക്കും കഴിഞ്ഞിരുന്നില്ല.  പിന്നീട് ഞാന്‍ രാഷ്ട്രീയ രംഗത്ത് സജീവമാകാന്‍ തീരുമാനിച്ചു. കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബമായതിനാല്‍ ഞാനും അത് തന്നെയാണ് തിരെഞ്ഞെടുത്തത്. നല്ലൊരു രാഷ്ട്രീയക്കാരിയാകണമെങ്കില്‍ ആദ്യം നല്ലൊരു വായനക്കാരിയാകണമെന്ന് ആരൊക്കെയോ പറഞ്ഞത് കണക്കിലെടുത്ത് എന്റെ വായനയുടെ മേഖല നോവലുകളില്‍നിന്ന് ജീവചരിത്രത്തിലേക്ക് തിരിച്ചുവിട്ടു. അവിടെനിന്നുമാണ് അടിയാര്‍ എഴുതിയ 'ഞാന്‍ സ്‌നേഹിക്കുന്ന ഇസ്‌ലാം' എന്ന പുസ്തകം കിട്ടുന്നത്. വെറുമൊരു കൗതുകത്തിന് തുടങ്ങിയ വായനയാണെങ്കിലും 'ഞാന്‍ സ്‌നേഹിക്കുന്ന ഇസ്‌ലാം' എന്നെ കൊണ്ടെത്തിച്ചത് ഇസ്‌ലാം സ്വീകരിക്കണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. അതിലൂടെ എന്റെ സ്വപ്‌നമായിരുന്ന അറബിഭാഷാ പഠനത്തിലേക്ക് ചിറകു വിരിച്ച് പറക്കാമെന്നും മോഹിച്ചു. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍.

പലവിധ പരീക്ഷണങ്ങള്‍ ഉണ്ടായെങ്കിലും ദൈവാനുഗ്രഹം എന്റെ ആഗ്രഹങ്ങള്‍ക്ക് വര്‍ണങ്ങള്‍ നല്‍കി. സ്വയമൊരു മുസ്‌ലിമാണെന്ന് മനസ്സില്‍ ഉറപ്പിച്ച് ഞാന്‍ കലിമ ചൊല്ലി നമസ്‌ക്കാരവും നോമ്പും അനുഷ്ഠിക്കാന്‍ തീരുമാനിച്ചു. ഇതെല്ലാം സ്വന്തം തന്നെയാണ് ചെയ്തത്.

സഹായത്തിനായി 'നമസ്‌കാരക്രമങ്ങള്‍' എന്ന പുസ്തകവും കിട്ടി. പക്ഷേ ഞാന്‍ കരുതിയിരുന്നപോലെ പുസ്തകം വായിച്ച് നിര്‍വഹിക്കാന്‍ കഴിയുന്നത്ര ലളിതമായിരുന്നില്ല നമസ്‌കാരം. അറബിയില്‍ ചൊല്ലാനുള്ളതെല്ലാം മലയാളത്തില്‍ എഴുതിയിട്ടുണ്ടെങ്കിലും വായിക്കാന്‍ കഴിയുന്നില്ല. നാവിന് വഴങ്ങാത്ത വാക്കുകള്‍. എവിടെ നിര്‍ത്തണമെന്നോ എവിടന്ന് തുടങ്ങണമെന്നോ മനസ്സിലാകുന്നില്ല. താത്കാലികമായി ഞാന്‍ ആ ശ്രമങ്ങളെല്ലാം ഉപേക്ഷിച്ചു. 'ലാഇലാഹ ഇല്ലല്ലാ' എന്ന് മാത്രം ചൊല്ലി നമസ്‌കരിക്കാന്‍ തുടങ്ങി. എന്നാല്‍  മാസങ്ങള്‍ക്കകം എനിക്ക് വിശുദ്ധ ഖുര്‍ആന്‍ പഠിക്കാനുള്ള അവസരം ലഭിച്ചു. അല്‍ഹംദു ലില്ലാഹ്.

പൂര്‍ണമായി മുസ്‌ലിമായി ജീവിക്കാനുള്ള അവസരം എനിക്ക് ചെയ്തുതരാമെന്ന് വാഗ്ദാനം ലഭിച്ചപ്പോള്‍ മുതല്‍ ഞാന്‍ ആഹ്ലാദവതിയായി. എത്രയും പെട്ടെന്ന് ഇസ്‌ലാമിക പഠനം നടത്താന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു. അത് സാധിക്കുന്നതുവരെയുള്ള ഓരോ ദിവസവും യുഗങ്ങള്‍ പോലെയാണ് കഴിഞ്ഞത്. രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലിക്കഴിഞ്ഞപ്പോള്‍ എന്റെ ശരീരത്തിലെ രോമകൂപങ്ങള്‍ എഴുന്നുനിന്ന് എന്തോ ഒരു വെളിച്ചം എന്നിലേക്ക് പ്രവേശിച്ചപോലെ. മനസ്സിന് വല്ലാത്ത ധൈര്യവും ആത്മവിശ്വാസവും കൈവന്നു. ആരുമില്ലാത്തവള്‍ എന്ന തോന്നല്‍ മാറി.

ഇസ്‌ലാമികപഠനം ആരംഭിച്ചപ്പോള്‍ ഞാനാദ്യം പഠിച്ചത് അല്‍ഫാതിഹ അധ്യായമാണ്്. ഒറ്റദിവസം കൊണ്ട് ഞാനാസൂറത്ത് മനഃപാഠമാക്കി. മലയാളത്തില്‍ എഴുതിയാണ് പഠിച്ചതെങ്കിലും ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്. ഞാന്‍ സ്വന്തമാക്കിയ ആ ആയത്തുകള്‍ എന്റെ അമ്മയുടെ ജീവന് പകരമായിരുന്നു.  ഫാതിഹ നിരന്തരം ചൊല്ലിക്കൊണ്ടേയിരുന്നു. ഊണിലും ഉറക്കത്തിലും എന്നുവേണ്ട ഓരോ നിശ്വാസത്തിലും ഫാതിഹയുടെ ആയത്തുകള്‍ ആയിരുന്നു. തജ്‌വീദ് നിയമങ്ങളോ പാരായണശുദ്ധിയോ ഇല്ലാതെ ഞാന്‍ ഫാതിഹ ഓതിക്കൊണ്ടേയിരുന്നു. ഈ കുറവുകള്‍ ഉള്ളതോടൊപ്പം തന്നെ മഹത്തായ എന്തോ കാര്യം നേടിയെടുത്തു എന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചു. ഒരിക്കലും അറബിയില്‍ ഒരു വാക്കുപോലും വായിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അല്ലാഹുവിന്റെ  അപാരമായ അനുഗ്രഹം കൊണ്ട് മാത്രം രണ്ടണ്ട് മാസത്തിനുള്ളില്‍ 27-ല്‍ അധികം ഖുര്‍ആന്‍ അധ്യായങ്ങളും പ്രാര്‍ഥനകളും നബിവചനങ്ങളുമൊക്കെ പഠിക്കാന്‍ കഴിഞ്ഞു. തുടര്‍ച്ചയായി അത് ചൊല്ലിക്കൊണ്ടേയിരുന്നു. ഉറക്കത്തിലേക്ക് വഴുതുന്ന അവസാന നിമിഷത്തിലും ചുണ്ടിലും മനസ്സിലും ഖുര്‍ആനിലെ ആയത്തുകള്‍ ആയിരുന്നു.

എന്റെ മകന്‍ താരാട്ടുപാട്ടിനേക്കാള്‍ കൂടുതല്‍ കേട്ടിട്ടുള്ളത് എന്റെ ഖുര്‍ആന്‍ പാരായണമാണ്. അവനെ ഉറക്കാന്‍ തൊട്ടിലാട്ടുമ്പോള്‍ ഞാന്‍ ഖുര്‍ആന്‍ ഓതിക്കൊണ്ടേയിരിക്കും. പഠനത്തിനായി ഓരോ നിമിഷവും ഞാന്‍ നീക്കിവെച്ചു. എന്റെ മുഹ്‌സിന്‍ ജനിച്ച അഞ്ചാം മാസം മുതല്‍ അവന്‍ കേട്ട ശബ്ദങ്ങളില്‍ ഏറെയും ഖുര്‍ആനും ഹദീസുമൊക്കെയായിരുന്നു. സുന്നത്ത് നമസ്‌കാരങ്ങളും ഫര്‍ദ് നമസ്‌കാരങ്ങളുമായി ഭക്തിനിര്‍ഭരമായ എട്ട് മാസം ഞാന്‍ ഇസ്‌ലാമിക പഠനത്തിനായി മാത്രം മാറ്റിവെച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും അനുഗൃഹീതമായ കാലഘട്ടമായിരുന്നു അത്. മുഹ്‌സിന്  രണ്ടണ്ട് വയസ്സ് ആയപ്പോള്‍ തന്നെ നാലഞ്ച് സൂറത്തുകളും ചെറിയ ചെറിയ പ്രാര്‍ഥനകളുമൊക്കെ പഠിച്ചു. ഇത് എന്നെ ഒരു പാട് സന്തോഷിപ്പിച്ചു. കാരണം എന്റെ ലക്ഷ്യവും അതായിരുന്നു. എനിക്ക് നഷ്ടമായ ഇസ്‌ലാമിക ജീവിതം എന്റെ മക്കള്‍ക്ക് കിട്ടണം. അവര്‍ മദ്‌റസയില്‍  പോകണം. സമൂഹത്തിന് ഉപകരിക്കുന്ന രൂപത്തില്‍ നല്ല മുസ്‌ലിംകളായി അവര്‍ വളരണം.

റബ്ബ് എന്റെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിച്ചുതന്നു. എന്റെ മകന്‍ ഇന്ന് ഖുര്‍ആനും ഹദീസുമൊക്കെ നന്നായി പഠിച്ച് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനും ശ്രമിക്കുന്നു. പത്തു വയസ്സുള്ള മകള്‍ അഫ്‌റാ നസ്‌റീന്‍ വളരെ മനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്യുകയും ആയത്തുകളുടെ അര്‍ഥവും വിശദീകരണവുമൊക്കെ ആരുടെയും പ്രേരണയില്ലാതെ സ്വന്തമായി പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.  ആറ് വയസ്സുള്ള അബ്‌സര്‍ ദൈനംദിന ജീവിതത്തിലെ ദുആകളും കുറച്ച് സൂറത്തുകളും പഠിച്ചിട്ടുണ്ട്. ഇതിലെല്ലാമുപരിയായി ഞാന്‍ ആഗ്രഹിച്ചതുപോലെ അറബി പഠിക്കാനുള്ള എന്റെ ആഗ്രഹത്തെ റബ്ബ് സാക്ഷാത്കരിച്ച്തന്നിരിക്കുന്നു. ഞാനിന്ന് അഫ്ദലുല്‍  ഉലമാ പ്രിലിമിനറി രണ്ടണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. ഈ മുപ്പത്തിനാലാം വയസ്സിലും റഗുലര്‍ കോളേജിലൂടെ അറബി പഠനത്തിന്റെ മാധുര്യം എന്റെ റബ്ബ് എനിക്ക് പകര്‍ന്നുതരുന്നു. നമസ്‌കാരവും പ്രാര്‍ഥനയും മറ്റ് എല്ലാ കാര്യങ്ങളും ജമാഅത്തായി നിര്‍വഹിക്കാന്‍ കഴിയുന്ന  ഇസ്‌ലാമിക അന്തരീക്ഷത്തില്‍തന്നെയാണ് ഞങ്ങള്‍ എല്ലാവരും ഇപ്പോഴുള്ളത്. ജീവിതകാലം മുഴുവന്‍ ഖുര്‍ആന്റെ തണലില്‍ ജീവിക്കാന്‍ കഴിയണേ എന്നാണ് പ്രാര്‍ഥന.

Comments