Prabodhanm Weekly

Pages

Search

2017 ജൂണ്‍ 09

3005

1438 റമദാന്‍ 14

അഖില, ഹാദിയ ആകുമ്പോള്‍ റദ്ദാക്കപ്പെടുന്ന പൗരാവകാശങ്ങള്‍

ബഷീര്‍ തൃപ്പനച്ചി

മത-ജാതി-ലിംഗ പരിഗണനകള്‍ക്കതീതമായി പൗരത്വം എന്ന അടിസ്ഥാനത്തിലാണ് ദേശരാഷ്ട്രങ്ങള്‍ വ്യക്തിയോടുള്ള സമീപനങ്ങള്‍ രൂപപ്പെടുത്തുന്നത്. ഇന്ത്യയിലും പൗരത്വവും പ്രായപൂര്‍ത്തിയും വ്യക്തികള്‍ക്ക് ഭരണഘടനാ അവകാശങ്ങള്‍ ലഭിക്കാനുള്ള മാനദണ്ഡങ്ങളാണ്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇഷ്ടമുള്ള ഇണയോടൊത്ത് ജീവിക്കാനുമുള്ള സ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ളത്. വീട്ടുകാരുടെയും നാട്ടുകാരുടെയും എതിര്‍പ്പ് മറികടന്ന് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്ന യുവതീയുവാക്കള്‍ കോടതിവഴി ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്ന ഭരണഘടനാ അവകാശം കൂടിയാണിത്. പ്രണയത്തിന് പലപ്പോഴും ജാതി-മത അതിരുകള്‍ ബാധകമല്ലാത്തതിനാല്‍ ഇരു മത-ജാതിയില്‍ പെട്ടവരും ഒന്നായി ജീവിക്കാന്‍ കോടതിയില്‍നിന്ന് ആനുകൂല വിധി സമ്പാദിക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇരുവരുടെയും രക്ഷിതാക്കളുടെ വിസമ്മതമോ സങ്കടമോ ആശങ്കകളോ കോടതി പരിഗണിക്കാറില്ല. രേഖപ്പെടുത്തപ്പെട്ട നിയമപുസ്തകത്തില്‍ അത്തരം സാമൂഹിക സമ്മര്‍ദങ്ങള്‍ക്കോ വിലാപങ്ങള്‍ക്കോ പഴുതില്ലാത്തതിനാല്‍ പ്രായപൂര്‍ത്തിയായവരെ അവരുടെ ഇഷ്ടത്തിന് വിടാന്‍ മാത്രമേ നിയമത്തെ ഉപജീവിച്ച് വിധിപറയുന്ന ജഡ്ജിമാര്‍ക്ക് സാധ്യമാവൂ.

പ്രായപൂര്‍ത്തിയായ പൗരന്റെ താല്‍പര്യങ്ങള്‍ പരിഗണിക്കുന്ന, മൗലികാവകാശത്തെ ശക്തിപ്പെടുത്തുന്ന ഇന്ത്യയിലെ ഇക്കാലം വരെയുള്ള ഇത്തരം കോടതിവിധികളെ അട്ടിമറിക്കുന്ന വിധത്തിലാണ് 2017 മെയ് 24-ന് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 'ഹാദിയ' കേസില്‍ വിധിപ്രസ്താവം നടത്തിയത്. 24 വയസ്സായ ഹാദിയ കോടതിയില്‍ നല്‍കിയ മൊഴികളും സത്യാവാങ്മൂലങ്ങളും മുഖവിലക്കെടുക്കാന്‍ തയാറാകാത്ത കോടതി എതിര്‍കക്ഷി ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളെയും ശരിവെക്കുന്ന നിരീക്ഷണങ്ങളാണ് നടത്തിയത്. 'ഹാദിയ' കേസിലെ ഈ വിചിത്ര 'മുന്‍വിധി'യുടെ ആഴം മനസ്സിലാകണമെങ്കില്‍ അവരുടെ കേസ് വഴികളുടെ ലഘുചിത്രം അറിയേണ്ടതുണ്ട്.

വൈക്കം സ്വദേശി അശോകന്റെയും പൊന്നമ്മയുടെയും മകളാണ് 24 വയസ്സുകാരി അഖില. തമിഴ്‌നാട്ടിലെ സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ ബി.എച്ച്.എം.എസിന് പഠിക്കവെ അഖില ഇസ്‌ലാമില്‍ ആകൃഷ്ടയാവുന്നു. പെരിന്തല്‍മണ്ണ സ്വദേശികളായ ജസീന, ഫസീന എന്നീ സഹപാഠികളുടെ ഇസ്‌ലാമിക ജീവിതമാണ് അഖിലയില്‍ മാറ്റങ്ങള്‍ക്ക് കാരണമായത്. ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച അഖിലക്ക് ജസീനയുടെ പിതാവ് അബൂബക്കര്‍ ആവശ്യമായ പുസ്തകങ്ങള്‍ എത്തിച്ചുകൊടുത്തു. ഇസ്‌ലാമികാദര്‍ശങ്ങളും പാഠങ്ങളും മനസ്സിലാക്കിയ അഖില കോളേജില്‍ വെച്ചുതന്നെ ഇസ്‌ലാമിക ജീവിതത്തിന് തുടക്കം കുറിച്ചു. ഇസ്‌ലാമിക വേഷവിധാനവും നമസ്‌കാരവും ആരംഭിച്ചതോടെ അഖിലയുടെ ആദര്‍ശമാറ്റം പരസ്യമായി. സഹപാഠികളില്‍ ചിലര്‍ അത് അഖിലയുടെ പിതാവിനെ അറിയിച്ചു. അഛന്‍ അശോകന്‍ മകളോട് പുതിയ ജീവിതരീതികളില്‍നിന്ന് മാറാന്‍ കര്‍ശനമായി ആവശ്യപ്പെട്ടു. മകള്‍ അതംഗീകരിച്ചില്ല. കോളേജില്‍നിന്ന് വീട്ടിലേക്ക് പോകുന്നതിനു പകരം അഖില സുഹൃത്തായ ജസീനയുടെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനും നിയമപരമായി മതം മാറാനും ആഗ്രഹം പ്രകടിപ്പിച്ച അഖില പല അന്വേഷണങ്ങള്‍ക്കുമൊടുവില്‍ മഞ്ചേരിയിലെ സ്ഥാപനത്തില്‍ ചേര്‍ന്നു.

കോളേജില്‍ പഠിക്കാന്‍ പോയ തന്റെ മകളെ കാണാനില്ല എന്നു കാണിച്ച് 2016 ജനുവരി ആറിന് അഖിലയുടെ അഛന്‍ അശോകന്‍ പെരിന്തല്‍മണ്ണ പോലീസില്‍ കേസ് നല്‍കി. ജസീനയുടെ പിതാവ് അബൂബക്കറിനെ ഈ കേസില്‍ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അഖില അവിടെയില്ലെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. അതോടെ അശോകന്‍ കേരള ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തു. ഈ വിവരമറിഞ്ഞ ഉടനെ അഖില ഹൈക്കോടതിയില്‍ ഹാജരാവുകയും പ്രായപൂര്‍ത്തിയായ താന്‍ സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം സ്വീകരിച്ചെന്നും ഇപ്പോള്‍ മഞ്ചേരിയിലെ മതപാഠശാലയില്‍ വിദ്യാര്‍ഥിനിയാണെന്നും കോടതിയെ അറിയിച്ചു. അഖിലയെ സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതത്തില്‍ തുടരാന്‍ അനുവദിച്ച കോടതി മഞ്ചേരിയിലെ മതപാഠശാലയിലേക്ക് പോകാനും അനുമതി നല്‍കി. 2016 ജനുവരി 25-ന് നടന്ന ഈ അന്തിമ വിധിയോടെ ഈ കേസിന്റെ ഒന്നാം ഘട്ടം അവസാനിച്ചു.

അഖില മഞ്ചേരി മതപാഠശാലയിലെ പഠനം പൂര്‍ത്തിയാക്കി കോട്ടക്കല്‍ സ്വദേശി സൈനബയുടെ സംരക്ഷണത്തില്‍ അവരുടെ വീട്ടില്‍ ജീവിതവും തുടങ്ങി. പിതാവുമായുള്ള അസ്വാരസ്യം പൂര്‍ണമായി അവസാനിച്ചില്ലെങ്കിലും അമ്മയുമായി അഖില ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. അഖിലയുടെ ജീവിതം ഇങ്ങനെ മുന്നോട്ടുപോകവെയാണ് തീവ്ര ഹിന്ദുത്വവാദികളുടെ സമ്മര്‍ദഫലമായി അവരുടെ പിന്‍ബലത്തോടെ അഛന്‍ അശോകന്‍ 2016 ആഗസ്റ്റ് 16-ന് ഹൈക്കോടതിയില്‍ ഒരു റിട്ട് പെറ്റീഷന്‍ നല്‍കുന്നത്. തന്റെ മകളുടേത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്നും അവളെ ഐ.എസ് കേന്ദ്രമായ സിറിയയിലേക്ക് കടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും കാണിച്ചായിരുന്നു ഈ പരാതി. ഐ.എസ് തീവ്രവാദവും മതം മാറിയ പെണ്‍കുട്ടികളടക്കം വിദേശത്തേക്ക് കടന്ന സംഭവവും ചര്‍ച്ചാവിഷയമായ സന്ദര്‍ഭത്തില്‍ കോടതി കേസ് ഫയലില്‍ സ്വീകരിച്ചു. ജസ്റ്റിസ് സുരേന്ദ്ര മോഹനും ജസ്റ്റിസ് മേരി ജോസഫും ജഡ്ജിമാരായ പുതിയ ഡിവിഷന്‍ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. 2016 ആഗസ്റ്റ് 25-ന് ഈ കേസില്‍ അഖില വീണ്ടും കോടതിയിലെത്തി. സ്വമേധയാ ഇസ്‌ലാം സ്വീകരിച്ച തനിക്ക് തന്റെ മതംമാറ്റം അംഗീകരിക്കാത്ത പിതാവിനോടൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നും നിലവില്‍ സംരക്ഷണം നല്‍കുന്ന സൈനബയുടെ കൂടെ പോകാനാണ് ആഗ്രഹമെന്നും ഹാദിയ എന്ന് പേര് മാറ്റിയ അഖില കോടതിയെ അറിയിച്ചു. പുതിയ ഡിവിഷന്‍ ബെഞ്ച് പക്ഷേ ഹാദിയയോട് മാതാപിതാക്കളുടെ കൂടെ പോകാനാണ് ആവശ്യപ്പെട്ടത്. അതംഗീകരിക്കില്ലെന്ന് ഹാദിയ പറഞ്ഞതോടെ കോടതി സംരക്ഷണത്തില്‍ ഹാദിയയെ ഹോസ്റ്റലിലേക്ക് മാറ്റാനാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. സൈനബക്കൊപ്പം പോകാനുള്ള ഹാദിയയുടെ ഇഷ്ടം വകവെക്കാതെ നിലപാടെടുത്ത ഡിവിഷന്‍ ബെഞ്ച് തുടര്‍ന്ന് നടന്ന കോടതി വ്യവഹാരങ്ങളിലധിക സന്ദര്‍ഭങ്ങളിലും ഹാദിയയുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. 35 ദിവസം ഇങ്ങനെ കോടതി ഉത്തരവില്‍ ഹോസ്റ്റല്‍ തടവില്‍ കഴിഞ്ഞ ഹാദിയയെ വീണ്ടും കോടതിയില്‍ ഹാജരാക്കി. അപ്പോഴും മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താന്‍ തയാറല്ലെന്ന് ഹാദിയ കോടതിയെ അറിയിച്ചു. അതോടെ ഹാദിയയുടെ ഇഷ്ടപ്രകാരം സൈനബയുടെ കൂടെ പോകാന്‍ കോടതി അവര്‍ക്ക് അനുമതി നല്‍കി. കേസ് വീണ്ടും കോടതിയില്‍ തുടര്‍ന്നുപോന്നു. ഇതിനിടെയാണ് ഹാദിയ തന്റെ വിവാഹപരസ്യം ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതും വിവാഹം നടക്കുന്നതും. കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനായിരുന്നു വരന്‍. 2016 ഡിസംബര്‍ 19-ന് കോട്ടക്കല്‍ പുത്തൂര്‍ ജുമാ മസ്ജിദില്‍ ഒട്ടേറെ പേര്‍ പങ്കെടുത്ത് പരസ്യമായാണ് നികാഹ് നടന്നത്. ഡിസംബര്‍ 20-നു തന്നെ കോട്ടക്കല്‍ ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹ രജിസ്‌ട്രേഷനും നടന്നു.

2016 ഡിസംബര്‍ 21-ന് കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ഹാദിയ തന്റെ വിവാഹകാര്യവും അതിന്റെ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. ജസ്റ്റിസ് സുരേന്ദ്ര മോഹനും ജസ്റ്റിസ് മേരി ജോസഫുമടങ്ങിയ ഡിവിഷന്‍ ബെഞ്ച് പക്ഷേ, ഹാദിയ സമര്‍പ്പിച്ച വിവാഹ രേഖയിലേക്ക് പ്രവേശിക്കാതെ പിതാവ് സമര്‍പ്പിച്ച, തീവ്രവാദ ബന്ധങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനവുമുന്നെ ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയോട് ആവശ്യപ്പെടുകയായിരുന്നു. ഹാദിയയെ വീണ്ടും കോടതി മേല്‍നോട്ടത്തില്‍ എറണാകുളം എസ്.എന്‍.വി സദനത്തില്‍ താമസിപ്പിക്കാനും ഉത്തരവിട്ടു. ഭര്‍ത്താവടക്കം പുറത്തുനിന്ന് ഒരാളുമായും സംസാരിക്കുന്നതിനും ഫോണ്‍ ഉപയോഗിക്കുന്നതിനും ഹാദിയക്ക് വിലക്കും ഏര്‍പ്പെടുത്തി. ഭര്‍ത്താവിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി പോലീസിനോടാവശ്യപ്പെട്ടു. കോടതിയുടെ ഉത്തരവ് പ്രകാരം കേസ് അന്വേഷിച്ച പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല നടന്നതെന്നും ഐ.എസ് തീവ്രവാദ ബന്ധങ്ങളൊന്നും ഇതിന് പിന്നിലില്ലെന്നും റിപ്പോര്‍ട്ട് നല്‍കി.

ഈ പോലീസ് റിപ്പോര്‍ട്ടിന്റെയും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹാദിയയുടെ വിവാഹ രേഖകളുടെയും ഭര്‍ത്താവിനെക്കുറിച്ചുള്ള പോലീസ് റിപ്പോര്‍ട്ടിന്റെയുമെല്ലാം അടിസ്ഥാനത്തിലാണ് ഇതേ ഡിവിഷന്‍ ബെഞ്ച് 2017 മെയ് 24-ന് വീണ്ടും ഈ കേസ് പരിഗണിച്ചത്. കേസില്‍ വിധി പറയുന്ന സന്ദര്‍ഭത്തില്‍ ഇത്തവണ കോടതി സംരക്ഷണത്തിലുള്ള ഹാദിയയെ കോടതി ഹാജരാക്കിയിരുന്നില്ല. അഛന്‍ അശോകന്റെ ആരോപണങ്ങള്‍ തള്ളിക്കളയുന്ന പോലീസിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടിന്റെയും വിവാഹ രേഖകളുടെയും അടിസ്ഥാനത്തില്‍ ഹാദിയയെ അവളുടെ ഇഷ്ടപ്രകാരം ജീവിക്കാന്‍ അനുവദിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ഡിവിഷന്‍ ബെഞ്ച് അശോകന്റെ ആരോപണങ്ങള്‍ അംഗീകരിച്ച് അവ തെളിയിക്കാനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെടുകയും നിലവില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിക്കുകയുമാണ് ചെയ്തത്. ഇസ്‌ലാമിക നിയമപ്രകാരം നടന്ന നികാഹും മാര്യേജ് ആക്ട് പ്രകാരം നടന്ന രജിസ്‌ട്രേഷനും റദ്ദാക്കിയ കോടതി വിവാഹം തന്നെ അസാധുവാണെന്ന് പ്രഖ്യാപിച്ചു. അതിന് പറഞ്ഞ കാരണങ്ങളിലൊന്ന് വിവാഹസമയത്ത് ഹാദിയയുടെ മാതാപിതാക്കള്‍ സന്നിഹിതരായിരുന്നില്ലെന്നും കോടതിയോട് പ്രത്യേകം അനുമതി വിവാഹത്തിന് വാങ്ങിയില്ലെന്നുമാണ്. ഇതിനെല്ലാമപ്പുറത്ത് മുസ്‌ലിം സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന നിരീക്ഷണങ്ങളും 95 പേജുള്ള വിധിന്യായത്തിലുണ്ട്. മുസ്‌ലിം കൂട്ടായ്മകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്നും അത്തരക്കാരുടെ ഫണ്ടിന്റെ സോഴ്‌സുകളും തീവ്രവാദ ബന്ധങ്ങളും അന്വേഷിക്കണമെന്നും കോടതി ഉത്തരവിലുണ്ട്.

ഹാദിയക്ക് 24 വയസ്സായെങ്കിലും സ്വന്തമായി തീരുമാനമെടുക്കാനുള്ള ശേഷി അവള്‍ക്കില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. സഹപാഠികളായ മുസ്‌ലിം പെണ്‍കുട്ടികളാലും പിന്നീട് മതപാഠശാലയാലും സ്വാധീനിക്കപ്പെട്ടാണവളുടെ മതപരിവര്‍ത്തനമെന്നും അതിനാല്‍ ഈ സഹപാഠികളെയും മതസ്ഥാപനത്തെയും കുറിച്ച് പോലീസ് വീണ്ടും റിപ്പോര്‍ട്ട് തയാറാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മതം മാറിയ ഹാദിയ സമര്‍പ്പിച്ച പല അഫിഡവിറ്റുകളിലും വ്യത്യസ്ത പേരുകള്‍ ഉള്ളത് ചൂണ്ടിക്കാട്ടി സ്വന്തം പേര് പോലും നിര്‍ണയിക്കാനുള്ള ശേഷിയില്ലാത്തവള്‍ സ്വയം മതം മാറിയത് വിശ്വസനീയമല്ലെന്നും ജഡ്ജിമാര്‍ വിലയിരുത്തി. സര്‍ക്കാര്‍ പ്രതിനിധിയായി കോടതിയില്‍ ഹാജരായ ഗവണ്‍മെന്റ് പ്ലീഡര്‍ ഹാദിയ സഹപാഠികളാല്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്നും പരലോകവും സ്വര്‍ഗവും നരകവും വിശദീകരിച്ചുള്ള ക്ലാസ്സുകളാണ് അവളെ മതംമാറ്റിയതെന്നും ഇത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ഭാഗമായി കാണാമെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. ഇത് ഡിവിഷന്‍ ബെഞ്ചിന് തങ്ങളുടെ വിധിക്ക് ശക്തി പകരുകയും ചെയ്തു.

മറ്റൊരു വിചിത്രമായ നിരീക്ഷണം ഹാദിയയുടെ വിവാഹം റദ്ദാക്കുന്ന കാര്യത്തില്‍ കോടതി നടത്തിയതാണ്. ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ഒരു സജീവ സംഘടനാ പ്രവര്‍ത്തകനാണെന്നും ആ സംഘടനയുടെ ഫേസ്ബുക് ആക്ടിവിസ്റ്റാണെന്നും എടുത്തുപറഞ്ഞ കോടതി അവന്റെ ജോലിയും വരുമാനവും എന്തെന്നത് കൃത്യമല്ലെന്നും നിരീക്ഷിച്ചു. ഇപ്പറഞ്ഞതെല്ലാം ഹാദിയയുടെ ഭര്‍ത്താവാകാന്‍ ഭരണഘടനാപരമായി എങ്ങനെയാണ് തടസ്സങ്ങളാകുന്നതെന്ന് മാത്രം കോടതി ചൂണ്ടിക്കാട്ടിയില്ല. മുമ്പ് കോടതിയിലെത്തിയ മറ്റൊരു നിര്‍ബന്ധിത മതപരിവര്‍ത്തന കേസുമായി ഇതിനെ ചേര്‍ത്തു നിര്‍ത്തിയ ഡിവിഷന്‍ ബെഞ്ച് ആ കേസില്‍ കണ്ടെത്തിയ തെളിവുകളും റിപ്പോര്‍ട്ടുകളുമാണ് ഹാദിയ കേസിലും പോലീസ് സമര്‍പ്പിക്കേണ്ടതെന്നും ആവശ്യപ്പെട്ടു.  ഇങ്ങനെ തീര്‍ത്തും വിചിത്രവും തെളിവുകളുടെയും രേഖകളുടെയും പിന്‍ബലമില്ലാത്തതുമായ ഉത്തരവുകളും സാമുദായിക വിദ്വേഷം വളര്‍ത്തുന്ന നിരീക്ഷണങ്ങളുമാണ് ഹാദിയ കേസിന്റെ ഒടുവിലെ വിധിന്യായത്തില്‍ കാണാനാവുന്നത്.

മുസ്‌ലിം സമൂഹത്തെയും അതിലെ കൂട്ടായ്മകളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള മുന്‍വിധികളാണ് കോടതിവിധിയെ സ്വാധീനിച്ചതെന്ന് പറയാം. സമര്‍പ്പിക്കപ്പെട്ട തെളിവുകളോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്വേഷണ റിപ്പോര്‍ട്ടുകളോ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചില്ല. പ്രായപൂര്‍ത്തിയായ ഹാദിയക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇണയെ തെരഞ്ഞെടുക്കാനുമുള്ള  ഭരണഘടന പ്രകാരമുള്ള മൗലികാവകാശം ലഭിക്കേണ്ടതുണ്ട്. അത് നിഷേധിക്കുന്നതാണ് നിലവിലെ കോടതി വിധി. തെറ്റായ ഈ വിധിയെ മറ്റൊരു വിധിന്യായം കൊണ്ട് തിരുത്തേണ്ടത് കോടതി തന്നെയാണ്. അത്തരമൊരു നീതിപൂര്‍വ്വകമായ നിലപാട് കോടതിയില്‍ നിന്നുണ്ടാകുമെന്ന് പ്രത്യാശിക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (111-116)
എ.വൈ.ആര്‍

ഹദീസ്‌

ഇഛാശക്തിയുടെ വ്രതം
സി.എം റഫീഖ് കോക്കൂര്‍