Prabodhanm Weekly

Pages

Search

2017 ജൂണ്‍ 09

3005

1438 റമദാന്‍ 14

ജീവിതം ഖുര്‍ആനാക്കുക

ഡോ. യൂസുഫുല്‍ ഖറദാവി

ഖുര്‍ആനെ പരിഗണിക്കുന്നവനും അവഗണിക്കുന്നവനും ആഘോഷമാക്കുന്നവനും വിസ്മരിക്കുന്നവനും ഒരുപോലെ അശ്രദ്ധരാകുന്ന കാര്യമാണ് ഖുര്‍ആനെ ജീവിതത്തില്‍ പകര്‍ത്തല്‍. 

പതിനായിരങ്ങള്‍ അല്ലെങ്കില്‍ ലക്ഷങ്ങള്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നുണ്ട്. മില്യന്‍ കണക്കിന് ആളുകള്‍ രാപ്പകല്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. വേറെയും ലക്ഷക്കണക്കിനാളുകള്‍ ചുമരുകളിലും കാന്‍വാസുകളിലും സുന്ദരമായി ഖുര്‍ആന്‍ പകര്‍ത്തുന്നുണ്ട്. മറ്റു ചിലര്‍ തങ്ങളുടെ പോക്കറ്റുകളിലും വാഹനങ്ങളിലും മുസ്വ്ഹഫുകള്‍ കൊണ്ടുനടന്ന് ബറകത്തെടുക്കുന്നുണ്ട്. വേറെ ചിലര്‍ തങ്ങളുടെ രോഗശമനത്തിനും ആശ്വാസത്തിനുമായി ഖുര്‍ആനും അതിന്റെ ആയത്തുകളും കൂടെകൊണ്ടുനടക്കാറുണ്ട്. ചിലര്‍ ഖുര്‍ആന്‍ കൊണ്ടുള്ള ചികിത്സയുടെയും രോഗശമനം തേടലിന്റെയും ഉത്സവങ്ങള്‍ തന്നെ സംഘടിപ്പിക്കാറുണ്ട്. മുസ്‌ലിംകളുടെ പരിപാടികളും ചടങ്ങുകളും ഖുര്‍ആന്‍ കൊണ്ട് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും നാം കാണാറുണ്ട്. ഖുര്‍ആന്റെ പഠനത്തിനും പാരായണത്തിനും മാത്രമായി പരിപാടികള്‍ നടത്തപ്പെടാറുണ്ട്. 

ഇതെല്ലാമുണ്ടെങ്കിലും ഖുര്‍ആനിന്റെ അവകാശത്തെ ഏറ്റവും കൂടുതല്‍ ഹനിക്കുന്നത് മുസ്‌ലിംകള്‍ തന്നെയാണെന്നു കാണാം. കാരണം ഖുര്‍ആന്‍ അവരെ ബൗദ്ധികമായി നയിക്കുന്ന സൂചകമാകുന്നില്ല, ഹൃദയങ്ങളെ ആകര്‍ഷിക്കുന്ന  സ്വാധീനശക്തിയാകുന്നില്ല, സ്വഭാവചര്യകളെയും പെരുമാറ്റങ്ങളെയും ചലിപ്പിക്കുന്ന ചാലകശക്തിയാകുന്നില്ല, സ്വന്തത്തെ മാറ്റത്തിലേക്കെത്തിക്കുന്ന പ്രേരണയാകുന്നില്ല. 

മുകളില്‍ സൂചിപ്പിച്ച ഖുര്‍ആനോടുള്ള മുസ്‌ലിംകളുടെ പരിഗണനകളെല്ലാം തൊലിപ്പുറത്തുള്ളതാണ്, കാമ്പിലേക്ക് അവയെത്തുന്നില്ല. രൂപംമാത്രമാണ്, യാഥാര്‍ഥ്യത്തിലേക്കെത്തുന്നില്ല. പ്രത്യക്ഷമാണ്, ഉള്ളിലേക്കെത്തുന്നില്ല. ശാഖകളില്‍ മാത്രമാണ്, അടിസ്ഥാനങ്ങളിലേക്കെത്തുന്നില്ല. അവയില്‍ ചിലത് പ്രമാണങ്ങളുടെ പിന്തുണയേതുമില്ലാത്ത പുത്തന്‍വാദങ്ങളുമാണ്. ഇത്തരം പുത്തന്‍നിര്‍മിതികളെ സൂക്ഷിക്കണമെന്ന് നബി(സ) ഓര്‍മിപ്പിക്കുന്നുണ്ട്. 'പുതുതായുണ്ടാക്കുന്ന കാര്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക. എല്ലാ ബിദ്അത്തുകളും വഴികേടാകുന്നു' (അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്). 

ഖുര്‍ആന്‍ കൊണ്ടുള്ള ചികിത്സകള്‍, മന്ത്രങ്ങള്‍, അവ എഴുതിക്കെട്ടല്‍ ഇവയെല്ലാം പണ്ഡിതര്‍ക്ക് ഭിന്നാഭിപ്രായമുള്ള കാര്യമാണ്. എന്നാല്‍ ഒരു ഭിന്നതക്കും അവസരമില്ലാത്തവിധം ഖുര്‍ആനും സുന്നത്തും ഖുര്‍ആനിനോടുള്ള പരിഗണനയെന്താണെന്ന് പഠിപ്പിക്കുന്നുണ്ട്. സ്വഹാബികളുടെ കാലം മുതല്‍ തന്നെ ഇതിന് മാതൃകകളുമുണ്ട്. ഖുര്‍ആനിന്റെ അനുഗ്രഹവും പുണ്യങ്ങളും നേടാനാവുക അതിനെ പിന്‍പറ്റുകയും അത് ജീവിതശൈലിയായി മാറുകയും ചെയ്യുമ്പോഴാണ്. ഖുര്‍ആന്‍ പറയുന്നു: ''നാം ഇറക്കിയ അനുഗൃഹീതമായ വേദപുസ്തകമാണിത്. അതിനാല്‍ നിങ്ങളിതിനെ പിന്‍പറ്റുക. സൂക്ഷ്മതയുള്ളവരാവുകയും ചെയ്യുക. നിങ്ങള്‍ കാരുണ്യത്തിനര്‍ഹരായേക്കാം''  (അല്‍അന്‍ആം 155). ഇവിടെ അല്ലാഹു വ്യക്തമാക്കുന്നത് അനുഗ്രഹം അവന്‍ ഇറക്കിയതിനെ പിന്തുടരുന്നതിലാണെന്നാണ്. മാത്രമല്ല ഖുര്‍ആന്‍ ജീവിത ശൈലിയായി മാറുന്നത് അല്ലാഹുവിന്റെ കാരുണ്യം കൂടുതല്‍ വര്‍ഷിക്കാന്‍ കാരണമാകുമെന്നും വ്യക്തമാക്കുന്നു. 

ഖുര്‍ആനെ പിന്‍പറ്റുന്നതിന് പകരംവെക്കാന്‍ മറ്റൊന്നും ഈ ലോകത്തില്ലെന്നും അല്ലാഹു പറയുന്നുണ്ട്: ''നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്കിറക്കിയതിനെ പിന്‍പറ്റുക. അവനെ കൂടാതെ മറ്റു രക്ഷകരെ പിന്തുടരരുത്. നിങ്ങള്‍ വളരെ കുറച്ചേ ആലോചിച്ചറിയുന്നുള്ളൂ'' (അല്‍അഅ്‌റാഫ് 3). 

ഖുര്‍ആനിനെ നമ്മുടെ ഇമാമും വഴികാട്ടിയുമാക്കലാണ് ഖുര്‍ആനെ പിന്തുടരല്‍. ഖുര്‍ആന്‍ നമ്മെ നയിക്കുകയും നാം അതിനു പിന്നില്‍ നടക്കുകയുമാണ് ചെയ്യേണ്ടത്. ഖുര്‍ആനെ നമ്മുടെ പിന്നിലാക്കുകയോ, വിധികളില്‍നിന്ന് ഊരിച്ചാടാനുള്ള ഉപാധിയാക്കുകയോ ചെയ്യരുത്. ആരെങ്കിലും ഖുര്‍ആനിനെ അവന്റെ വഴികാട്ടിയാക്കിയാല്‍, അതവനെ സ്വര്‍ഗത്തിലെത്തിക്കും. ആരെങ്കിലും ഖുര്‍ആനിനെ പിന്നോട്ടു തള്ളി അവഗണിച്ചാല്‍ അതവനെ നരകത്തിലെത്തിക്കും, എത്ര ചീത്ത സങ്കേതം! 

ഖുര്‍ആനില്‍ വിവിധ പദവികളിലുള്ള ആളുകളെ അഭിമുഖീകരിക്കുന്നുണ്ട്. നല്ല കാര്യങ്ങളുണ്ട്, ഉത്തമമായവയുണ്ട്. ഉത്തമമായവയെ പിന്‍പറ്റണമെന്നാണ് അല്ലാഹു വിശ്വാസികളെ ഉണര്‍ത്തുന്നത്. അല്ലാഹു പറയുന്നു: ''നിങ്ങള്‍ നിനച്ചിരിക്കാതെ പെട്ടെന്ന് പിടികൂടുന്ന ശിക്ഷക്കു മുമ്പ്, നിങ്ങളുടെ വിധാതാവില്‍നിന്നിറങ്ങിയ ഉത്തമമായതിനെ പിന്‍പറ്റുക'' (അസ്സുമര്‍ 55). ''അതിനാല്‍ എന്റെ ദാസന്മാരെ ശുഭവാര്‍ത്ത അറിയിക്കുക. വചനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും എന്നിട്ടവയിലേറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവരാണവര്‍. അവരെത്തന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. ബുദ്ധിശാലികളും അവര്‍ തന്നെ'' (അസ്സുമ്മര്‍ 18) ഇത്തരം അധ്യാപനങ്ങളിലൂടെ അല്ലാഹു ഉണര്‍ത്തുന്നത് വിശ്വാസികള്‍ നല്ലതില്‍ തൃപ്തിപ്പെടുകയല്ല ചെയ്യേണ്ടത്. ഏറ്റവും ഉത്തമമായതിനെ ഹൃദയത്തിലേക്ക് ചേര്‍ത്ത് ജീവിതശൈലിയാക്കുകയാണ് ചെയ്യേണ്ടത്.              

ഈ ആകാശഭൂമികളുടെയും ജനിമൃതികളുടെയും പ്രപഞ്ചത്തിലെ സകല അലങ്കാരങ്ങളുടെയും സൃഷ്ടിക്ക് പിന്നില്‍ ഒരു ലക്ഷ്യവും യുക്തിയുമുണ്ടെന്ന്  അല്ലാഹു പറയുന്നുണ്ട്. ആരാണ് നന്നായി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതെന്ന പരീക്ഷണമാണത്. ''ആറു നാളുകളിലായി ആകാശഭൂമികള്‍ സൃഷ്ടിച്ചത് അവനാണ്. അവന്റെ സിംഹാസനം ജലപ്പരപ്പിലായിരുന്നു. നിങ്ങളില്‍ സല്‍ക്കര്‍മം ചെയ്യുന്നത് ആരെന്ന് പരീക്ഷിക്കാനാണത്'' (ഹൂദ് 7), ''ഭൂമുഖത്തുള്ളതൊക്കെ നാം അതിന് അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല കര്‍മങ്ങളിലേര്‍പ്പെടുന്നതെന്ന് പരീക്ഷിക്കാനാണിത്'' (അല്‍കഹ്ഫ് 7). ''ആധിപത്യം ആരുടെ കരങ്ങളിലാണോ അവന്‍ മഹത്വത്തിനുടമയത്രെ. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്. മരണവും ജീവിതവും സൃഷ്ടിച്ചവന്‍. കര്‍മനിര്‍വഹണത്തില്‍ നിങ്ങളിലേറ്റം മികച്ചവരാരെന്ന് പരീക്ഷിക്കാനാണത്. അവന്‍ അജയ്യനാണ്. ഏറെ മാപ്പേകുന്നവനും'' (അല്‍മുല്‍ക് 1,2).

ഈ ആയത്തുകളിലെല്ലാം നന്മ ചെയ്യുന്നവനും തിന്മചെയ്യുന്നവനും തമ്മിലല്ല മത്സരമെന്ന് വ്യക്തമാക്കുന്നു. വിശ്വാസികളിലെ തന്നെ നന്മ ചെയ്യുന്നവനും ഉത്തമമായത് ചെയ്യുന്നവനും തമ്മിലാണ് മത്സരം. അതുകൊണ്ടുതന്നെയാണ് ഖുര്‍ആന്‍ പല കാര്യങ്ങള്‍ വിവരിക്കുന്ന സന്ദര്‍ഭങ്ങളിലും ഏറ്റവും ഉത്തമമായതിനെ കുറിക്കുന്ന 'അഹ്‌സന്‍' എന്ന പദം ഉപയോഗിച്ചത്. അനാഥകളുടെ സമ്പത്ത് കൈകാര്യം ചെയ്യല്‍ (അല്‍അന്‍ആം 152), തിന്മയെ തടയല്‍ (അല്‍മുഅ്മിനൂന്‍ 96, ഫുസ്സ്വിലത്ത് 34), സംവാദങ്ങള്‍ (അന്നഹ്ല്‍ 125) എന്നീ വിഷയങ്ങളിലെല്ലാം ഏറ്റവും ഉത്തമമായതിനെ പരിഗണിക്കണമെന്ന് അല്ലാഹു ഉണര്‍ത്തുന്നുണ്ട്. 

സ്വഹാബികളിലും സച്ചരിതരായ മുന്‍ഗാമികളിലും മാതൃകകള്‍ സൃഷ്ടിക്കാനായിട്ടുണ്ട് ഖുര്‍ആനിന്. അതുപോലെ നമ്മുടെ ജീവിതത്തിലും ഖുര്‍ആന്‍ പ്രാവര്‍ത്തികമാകണമെന്നാണ് നാം ആഗ്രഹിക്കുന്നത്. 

ഖുര്‍ആനിക സ്വഭാവം

ഇന്ന് മുസ്‌ലിംകളുടെ ജീവിതത്തില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന മൂല്യമാണ് ഖുര്‍ആനിക സ്വഭാവം. അതെന്താണെന്ന് ആഇശ(റ) നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്. പ്രവാചകന്റെ സ്വഭാവത്തെ കുറിച്ച് ആഇശയോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: 'പ്രവാചകന്റെ സ്വഭാവം ഖുര്‍ആനായിരുന്നു' (മുസ്‌ലിം). പ്രവാചകന്റെ വ്യക്തിജീവിതം, സാമൂഹിക ജീവിതം, പകലിലെ ഇടപാടുകള്‍, രാത്രിയിലെ പ്രവൃത്തികള്‍, വിധാതാവുമായുള്ള ബന്ധം, കുടുംബത്തോടും അനുചരന്മാരോടുമുള്ള പെരുമാറ്റങ്ങള്‍, ശത്രുക്കളോട് സമാധാനത്തിലും യുദ്ധത്തിലുമുള്ള നിലപാടുകള്‍ ഇവയെല്ലാം ആരെങ്കിലും അറിയണമെന്നുദ്ദേശിക്കുന്നുവെങ്കില്‍, അവര്‍ ഖുര്‍ആന്‍ തുറന്നു വായിക്കട്ടെ. അതിലവര്‍ വിശ്വാസികളുടെയും സൂക്ഷ്മാലുക്കളുടെയും സാമീപ്യം സിദ്ധിച്ചവരുടെയും, കാരുണ്യവാന്റെ അടിമകളുടെയും ഗുണങ്ങളും, വിശേഷണങ്ങളും വായിക്കുന്നു. അല്ലാഹുവിന്റെ കല്‍പനകളും വിലക്കുകളും കാണുന്നു. അപ്പോള്‍ അവര്‍ക്ക് മനസ്സിലാക്കാം, ഇതാണ് പ്രവാചകന്റെ സ്വഭാവചര്യകള്‍. മുന്‍കഴിഞ്ഞ ദൈവദൂതന്മാരുടെ ഗുണങ്ങളും ശ്രേഷ്ഠതകളും അവിടെ വായിക്കാം, ഇതെല്ലാം മുഹമ്മദില്‍ സമ്മേളിച്ചിരിക്കുന്നുവെന്നും മനസ്സിലാക്കാം. അതുകൊണ്ടാണ് ധാരാളം പ്രവാചകന്മാരുടെ കഥകള്‍ പറഞ്ഞ ശേഷം അല്ലാഹു ഉണര്‍ത്തുന്നത്, ''അവരെതന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. അതിനാല്‍ അവരുടെ സത്യപാത നീയും പിന്തുടരുക'' (അല്‍അന്‍ആം 90). 'ഞാന്‍ എല്ലാ നല്ല സ്വഭാവങ്ങളും പൂര്‍ത്തീകരിക്കാനാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്' എന്ന് പ്രവാചകന്‍ വ്യക്തമാക്കുന്നതും അതുകൊണ്ടാണ്. 

അല്ലാഹു അന്ത്യദൂതനെ എല്ലാവര്‍ക്കും മാതൃകയും വഴികാട്ടിയുമാക്കിയിരിക്കുന്നു. എല്ലാവര്‍ക്കും പിന്തുടരാനാകുന്ന ഇമാമാണ് അദ്ദേഹം. അദ്ദേഹത്തെ പിന്തുടര്‍ന്നവര്‍ ഒരിക്കലും വഴികേടിലാവില്ല. ''സംശയമില്ല; നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ മികച്ച മാതൃകയുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കാണിത്. അല്ലാഹുവെ ധാരാളമായി ഓര്‍ക്കുന്നവര്‍ക്കും'' (അല്‍അഹ്‌സാബ് 21).

ഇന്നത്തെ മുസ്‌ലിംകളുടെ അവസ്ഥ പരിശോധിക്കുക. പ്രവാചകനോട് എല്ലാവര്‍ക്കും വൈകാരികമായ അടുപ്പമുണ്ട്. അദ്ദേഹത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ എല്ലാവരും ഉച്ചത്തില്‍ സ്വലാത്തും സലാമും ചെല്ലാറുണ്ട്. എല്ലാ വീടുകളിലും മുഹമ്മദ്, അഹ്മദ് അല്ലെങ്കില്‍ പ്രവാചകനെയോ സ്വഹാബികളെയോ സൂചിപ്പിക്കുന്ന മറ്റു പേരുകളോ പതിച്ചിട്ടുണ്ടായിരിക്കും. പ്രവാചകന്റെ ജീവിതത്തിലെ മിക്ക സംഭവങ്ങളും അനുസ്മരിക്കാതെ മുസ്‌ലിംകളില്‍ ഭൂരിപക്ഷത്തിന്റെയും ദിനങ്ങള്‍ കടന്നുപോകുന്നില്ല. എന്നാല്‍ പ്രവാചക സ്വഭാവം അല്ലെങ്കില്‍ ഖുര്‍ആനിക സ്വഭാവം ഇവരിലെത്രത്തോളമുണ്ട്?! പ്രവാചക ജീവിതത്തില്‍നിന്ന് വെളിച്ചം കൊളുത്തിയെടുത്ത, ജനങ്ങള്‍ക്കുവേണ്ടി ഉത്തമസമുദായമായി നിലനിന്ന, സ്വഭാവം കൊണ്ടും കര്‍മങ്ങള്‍ കൊണ്ടും ജനങ്ങള്‍ക്ക് സത്യസാക്ഷ്യം നിര്‍വഹിച്ച, പ്രവാചകാനുയായികളും സച്ചരിതരായ മുന്‍ഗാമികളും കാണിച്ച സ്വഭാവം മുസ്‌ലിംകളുടെ ജീവിതത്തിലുണ്ടോ? മുഹമ്മദ് നബി(സ)യും അനുചരന്മാരും അവരുടെ ഖുര്‍ആനിക സ്വഭാവങ്ങളിലൂടെയാണ് ലോകത്ത് ഇസ്‌ലാം പ്രചരിപ്പിച്ചത്. 

ഖുര്‍ആന്റെ സ്വാധീനം

ജാഹിലിയ്യത്തിന്റെ അന്ധകാരത്തില്‍ ആണ്ടുപോയിരുന്ന അറബികളില്‍ ഖുര്‍ആന്‍ ഉണ്ടാക്കിയ സ്വാധീനങ്ങള്‍ ആലോചിക്കുക. അവരുടെ ജീവിതത്തില്‍ ഭൂകമ്പങ്ങളും അട്ടിമറികളുമാണ് ഖുര്‍ആനുണ്ടാക്കിയത്. യുക്തിയിലും ചിന്തകളിലും ഹൃദയങ്ങളിലും വികാരങ്ങളിലും പ്രവര്‍ത്തനങ്ങളിലും സ്വഭാവങ്ങളിലും പെരുമാറ്റങ്ങളിലുമെല്ലാം ഖുര്‍ആന്‍ വിപ്ലവങ്ങളുണ്ടാക്കി. അവിടെയെല്ലാം ഏറ്റവും ഉത്തമമായ സ്വഭാവഗുണങ്ങള്‍ സ്വീകരിക്കപ്പെട്ടു. 'ഏറ്റവും വിശിഷ്ടമായ വര്‍ത്തമാനമാണ് അല്ലാഹു ഇറക്കിത്തന്നത്. വചനങ്ങളില്‍ പരസ്പര ചേര്‍ച്ചയും ആവര്‍ത്തനവുമുള്ള ഗ്രന്ഥമാണിത്. അതു കേള്‍ക്കുമ്പോള്‍ തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ ഓര്‍ക്കാന്‍ പാകത്തില്‍ വിനീതമാകുന്നു. ഇതാണ് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുവഴി അവനിഛിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കാന്‍ ആര്‍ക്കുമാവില്ല.' ഈ സ്വാധീനങ്ങളെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. 

പ്രവാചകാനുയായികള്‍ ഖുര്‍ആനെ സൂക്ഷിച്ചിരുന്നതും മനഃപാഠമാക്കിയിരുന്നതും ഹൃദയങ്ങളില്‍ മാത്രമല്ല, അവരുടെ ജീവിതത്തില്‍ കൂടിയായിരുന്നു. ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: ''ഞങ്ങളിലൊരാള്‍ ഖുര്‍ആനില്‍നിന്ന് കുറച്ച് ആയത്തുകള്‍ പഠിച്ചാല്‍ അവയുടെ ആശയം ഗ്രഹിച്ച് ജീവിതത്തില്‍ പകര്‍ത്തിയിട്ടല്ലാതെ ബാക്കി പഠിക്കാറുണ്ടായിരുന്നില്ല'' (ത്വബറാനി). ഇതേപ്രകാരം വേറെയും സംഭവങ്ങള്‍ മറ്റു സ്വഹാബികളെ കുറിച്ചും വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്. 

ജീവിതത്തില്‍ എല്ലാ ഖുര്‍ആനിക കല്‍പനകളും പകര്‍ത്തി അതൊരു ജീവിത ശൈലിയായി രൂപപ്പെടുത്താന്‍ കൂടിയാണ് 23 വര്‍ഷങ്ങളിലായി ഘട്ടംഘട്ടമായി ഖുര്‍ആന്‍ അവതരിച്ചത്.     ആളുകള്‍ക്ക് ആശയം ഗ്രഹിച്ച് ജീവിതത്തില്‍ പകര്‍ത്താനുള്ള സാവകാശം നല്‍കുകയായിരുന്നു. അല്ലാഹു പറയുന്നു: ''ഈ ഖുര്‍ആനിനെ നാം പല ഭാഗങ്ങളായി വേര്‍തിരിച്ചിരിക്കുന്നു. നീ ജനങ്ങള്‍ക്ക് സാവധാനം ഓതിക്കൊടുക്കാന്‍ വേണ്ടിയാണിത്. നാമതിനെ ക്രമേണയായി ഇറക്കിത്തന്നിരിക്കുന്നു'' (അല്‍ഇസ്‌റാഅ് 106).

സ്വഹാബികള്‍ ഖുര്‍ആനിനെ ജീവിതത്തിന്റെ മാതൃകയും അവലംബവും പ്രായോഗിക രീതിയുമായാണ് മനസ്സിലാക്കിയത്. ഖുര്‍ആനിന്റെ ഏതൊരു അധ്യാപനവും താമസംവിനാ പ്രാവര്‍ത്തികമാക്കാന്‍ അവര്‍ പരിശ്രമിച്ചു. അതിന് പ്രവാചകശിഷ്യരുടെ ജീവിതത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ കാണാം. 

അബൂത്വല്‍ഹ(റ) ബൈറുഹാഅ് എന്ന തനിക്കേറ്റവും ഇഷ്ടപ്പെട്ട തോട്ടം ദാനം ചെയ്തത് 'നിങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ടവ ചെലവഴിക്കുന്നതുവരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല' (ആലുഇംറാന്‍ 92) എന്ന വാക്യം കേട്ടപ്പോഴായിരുന്നു. ആ അധ്യാപനം അബൂത്വല്‍ഹ ഉടനെ നടപ്പാക്കുകയായിരുന്നു. 

സൂറത്തുസ്സില്‍സാല്‍ പോലുള്ള ഭാഗങ്ങള്‍ സ്വഹാബികളിലുണ്ടാക്കിയ സ്വാധീനം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടു്. അബൂബക്ര്‍(റ) അടക്കമുള്ള സ്വഹാബികള്‍ പലപ്പോഴും ഈ സൂറത്തിനെക്കുറിച്ച് ആലോചിച്ച് കരയാറുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മദ്യത്തിലും അതിന്റെ സുഖങ്ങളിലും മുഴുകിയിരുന്ന സ്വഹാബികള്‍, അത് നിരോധിച്ചുകൊണ്ടുള്ള കല്‍പന വന്നപാടെ അതെല്ലാം ഉപേക്ഷിച്ചതും ചരിത്രം. 

വിശ്വാസികളെ എത്രത്തോളമാണ് ഖുര്‍ആന്‍ സ്വാധീനിച്ചതെന്ന് വിവരിക്കുകയായിരുന്നു നാം. സ്ത്രീ-പുരുഷന്മാരടങ്ങിയ സമൂഹത്തെ സമൂലമായ മാറ്റത്തിനാണ് ഖുര്‍ആന്‍ വിധേയമാക്കിയത്. അവര്‍ ജാഹിലിയ്യത്തില്‍നിന്ന് ഇസ്‌ലാമിലേക്ക് പൂര്‍ണമായി മാറ്റപ്പെടുകയായിരുന്നു. 

(യൂസുഫുല്‍ ഖറദാവിയുടെ കൈഫ നതആമലു മഅല്‍ ഖുര്‍ആന്‍ എന്ന കൃതിയില്‍നിന്ന്)

വിവ: ജുമൈല്‍ കൊടിഞ്ഞി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (111-116)
എ.വൈ.ആര്‍

ഹദീസ്‌

ഇഛാശക്തിയുടെ വ്രതം
സി.എം റഫീഖ് കോക്കൂര്‍