Prabodhanm Weekly

Pages

Search

2017 ജൂണ്‍ 09

3005

1438 റമദാന്‍ 14

നോവ് നിറഞ്ഞ നോമ്പുകാര്‍

ഹകീം പെരുമ്പിലാവ്‌

നോമ്പില്‍ പട്ടിണിയുണ്ട്,  നമസ്‌കാരവും പ്രാര്‍ഥനയുമുണ്ട്. അതിനുമപ്പുറം വിശാലമാണ് നോമ്പിന്റെ ആത്മാവും അതിന്റെ ലക്ഷ്യങ്ങളും. ലോകത്തുടനീളം ജീവിക്കുന്ന തങ്ങളുടെ സഹോദരീസഹോദരന്മാരുടെ കാര്യത്തില്‍ വിശ്വാസസമൂഹത്തിന് ബാധ്യതയുണ്ട്. ചുറ്റും ജീവിക്കുന്നവരുടെ കാര്യത്തില്‍ നോമ്പനുഷ്ഠിക്കുന്നവര്‍ ബദ്ധശ്രദ്ധരാവണം. ലോകത്തുടനീളം പട്ടിണി കിടന്ന് കഷ്ടപ്പെടുന്നവരിലേക്ക് നമ്മുടെ സഹായങ്ങള്‍ പ്രവഹിക്കേണ്ടതുണ്ട്. റമദാനിന്റെ നീതിശാസ്ത്രത്തില്‍ അത് അലിഞ്ഞുചേര്‍ന്നിട്ടുണ്ടല്ലോ. റമദാന്‍ വിശ്വാസികളില്‍ ഉണ്ടാക്കേണ്ട പരിവര്‍ത്തനങ്ങളില്‍ അതും എഴുതിച്ചേര്‍ത്തിട്ടുണ്ട്. അത് നോമ്പിന്റെ ചൈതന്യമാണ്. അതില്‍ വിശ്വാസിലോകത്തിന് ആത്മസംതൃപ്തിയുണ്ട്. റമദാന്‍ പകര്‍ന്നുനല്‍കുന്നത് സഹാനുഭൂതിയില്‍നിന്നുള്ള ആത്മീയ ഉത്കര്‍ഷം കൂടയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെടുതികളനുഭവിക്കുന്ന ജനങ്ങളിലേക്ക് ഏറ്റവും ചുരുങ്ങിയത് നമ്മുടെ പ്രാര്‍ഥനയെങ്കിലും പ്രസരിക്കണം.

ചുറ്റുമുള്ളവര്‍ എങ്ങനെയാണ് നോമ്പെടുക്കുന്നതെന്ന് നമ്മുടെ ചിന്തയില്‍ വരേണ്ടതുണ്ട്.  ഭക്ഷ്യദൗര്‍ലഭ്യം, യുദ്ധങ്ങള്‍,  ആഭ്യന്തര കലാപങ്ങള്‍,  വിഭാഗീയതകള്‍,  ഭരണകൂട ഭീകരത തുടങ്ങിയവയാല്‍ കഷ്ടതകളനുഭവിക്കുന്ന വലിയ സമൂഹങ്ങള്‍ നോമ്പിനോടൊപ്പം നോവുമനുഭവിക്കുന്നു. സ്വന്തം രാജ്യത്ത് ജീവിക്കാനുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട, വര്‍ഷങ്ങളായി നിരന്തര ദുരിതം പേറുന്ന ഫലസ്ത്വീന്‍, മുസ്‌ലിമായതിന്റെ പേരില്‍ ആട്ടിപ്പുറത്താക്കപ്പെടുകയും അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന  മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍, ഭക്ഷ്യക്ഷാമത്തിന്റെ കുരുക്കില്‍പെട്ട  സോമാലിയക്കാര്‍, അധിനിവേശത്തിന്റെയും അനന്തര യുദ്ധങ്ങളുടെയും കെടുതിയിലകപ്പെട്ട ഇറാഖികള്‍,  ആഭ്യന്തര യുദ്ധവും തുടര്‍ യുദ്ധങ്ങളും ശവപ്പറമ്പാക്കി മാറ്റിയ സിറിയ,  അധിനിവേശത്തിന്റെ ബാക്കിപത്രങ്ങളില്‍ ഊര്‍ധശ്വാസം വലിക്കുന്ന അഫ്ഗാനിസ്താന്‍, വിഭാഗീയതയുടെ കനലുകള്‍ എരിയുന്ന യമന്‍ തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ റമദാനിലെ നോമ്പ് വെറും നോമ്പല്ല. സംഘര്‍ഷങ്ങള്‍ക്ക് നടുവില്‍നിന്നാണ് അവര്‍ നോമ്പനുഷ്ഠിക്കുന്നത്. വളരെ പരിതാപകരമാണ് ഇവിടങ്ങളിലെ സ്ഥിതിഗതികള്‍. ഗത്യന്തരമില്ലാതെ നാടുവിട്ട് അഭയാര്‍ഥികളാകാന്‍ വിധിക്കപ്പെട്ട ലക്ഷോപലക്ഷങ്ങള്‍ വേറെയുമുണ്ട്.

ഒരു ഭാഗത്ത് ലോകത്തെ ഏറ്റവും വലിയ സമ്പന്നരില്‍ പെടുന്ന മുസ്‌ലിംകളും മുസ്‌ലിം രാജ്യങ്ങളും. മറുഭാഗത്ത് ജീവിക്കാനുള്ള അവകാശം പോലും ചോദ്യം ചെയ്യപ്പെട്ടു കഴിയുന്നവര്‍,  ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാതെ കഷ്ടപ്പെടുന്നവര്‍. ഈ രണ്ടറ്റങ്ങള്‍ തമ്മിലുള്ള അന്തരമില്ലാതാക്കുന്നതു കൂടിയാകണം റമദാനിന്റെ കര്‍മപരിസരം. അതാണല്ലോ ഇസ്ലാം റമദാനിലൂടെ, സകാത്തിലൂടെ, ദാനധര്‍മങ്ങളിലൂടെ ലക്ഷ്യമിടുന്ന സാമൂഹിക പരിവര്‍ത്തനം. യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പട്ടിണി മാറ്റാന്‍ മുസ്‌ലിംകള്‍ക്കു തന്നെ കഴിയുന്ന ചുറ്റുപാട് അല്ലാഹു ഈ ഭൂമിയില്‍ ഒരുക്കിയിട്ടുണ്ട്. നമുക്കത് കണ്ടെത്താന്‍ ആകുമോ എന്നതാണ് പ്രധാനം. 

ഇന്നും മുസ്‌ലിം രാജ്യങ്ങളിലാണ് യുദ്ധവും കലാപങ്ങളുമൊക്കെ കേന്ദ്രീകരിച്ചിരിക്കുന്നത്. എത്രയെത്ര വിശ്വാസികളാണ് ദിനംപ്രതി മരിച്ചുവീഴുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ആറു ലക്ഷത്തോളം പേര്‍ മരിക്കുകയും 25 ലക്ഷത്തോളം പേരെ നിത്യദുരിതത്തിലേക്ക് തള്ളിവിടുകയും 40 ലക്ഷത്തോളമാളുകള്‍ അഭയാര്‍ഥികളാകാന്‍ വിധിക്കപ്പെടുകയും ചെയ്ത സിറിയ നമ്മോടു പറയുന്നത് വെറും വര്‍ത്തമാനങ്ങളല്ല. ഭരണാധികാരി തന്നെ പ്രയോഗിച്ച രാസായുധങ്ങളുടെ മാരകമായ വിഷപ്പുക ശ്വസിച്ചുകഴിയുകയാണിന്നും സിറിയയിലെ ജനസമൂഹം. ആരാണിതിന്റെ ഉത്തരവാദി എന്ന ചോദ്യത്തിനൊപ്പം  ആരാണിവര്‍ക്കു നേരെ കണ്ണ് തുറക്കുന്നത് എന്നതും പ്രസക്തമാണ്. പട്ടിണി കിടന്ന് നോമ്പനുഷ്ഠിക്കേണ്ടിവരുന്നവരുടെ വാര്‍ത്തകള്‍ നമ്മുടെ ഹൃദയങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിക്കേണ്ടതല്ലേ? അവരുടെ പട്ടിണി മാറ്റാന്‍ ഒന്നും ചെയ്തില്ലെങ്കില്‍പിന്നെ എന്താണ് നോമ്പിന്റെ സാമൂഹിക ധര്‍മം?

പതിനൊന്നു ലക്ഷം കുഞ്ഞുങ്ങളെയാണ് അധിനിവേശം ഇറാഖില്‍നിന്ന് തുടച്ചുനീക്കിയത്. പല നഗരങ്ങളും ഇന്നും പ്രേതസമാനമാണ്. ഐ.എസിന്റെ ആക്രമണത്തില്‍ എല്ലാം നഷ്ടപ്പെട്ട പതിനായിരങ്ങള്‍.... ദുര്‍ഗന്ധം വമിക്കുന്ന അളിഞ്ഞ ജലം കുടിക്കേണ്ടിവരുന്ന ഇറാഖിലെ മൂസ്വില്‍ നഗരത്തിലെ കാഴ്ചകളും വ്യത്യസ്തമല്ല. ഐ.എസിനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ ഇന്നും അവിടെ ഉഗ്രമായ പോരാട്ടങ്ങള്‍ നടക്കുകയാണ്. ഇവരില്‍  വെള്ളം കുടിച്ച് നോമ്പനുഷ്ഠിക്കേണ്ടിവന്നവരുണ്ട്. നോമ്പ് തുറക്കുന്ന സമയവും കഴിഞ്ഞ് ആരെങ്കിലും നല്‍കുന്ന റൊട്ടിയും കഴിച്ച്   പശിയടക്കുന്ന പാവങ്ങള്‍ ഇവിടെയുണ്ട്. ഇറാഖി ജനതക്ക് നിലവാരമുള്ള ജീവിതം നയിക്കാനും അതിലുമേറെയും പ്രകൃതിവിഭവങ്ങള്‍ ഇറാഖിലുണ്ട്. പക്ഷേ അവ അധികവും അധിനിവേശ ശക്തികള്‍ അപഹരിക്കുകയാണ്. രാഷ്ട്രീയക്കാര്‍ അതിന്റെ ഓഹരി പറ്റി സ്വന്തം പോക്കറ്റ് വീര്‍പ്പിക്കുന്നു. ഇറാഖിന്റെ പല ഭാഗങ്ങളിലും രാജകീയ ജീവിതം നയിക്കുന്ന, അഴിമതിയില്‍ മുങ്ങിക്കുളിച്ച പ്രമാണിമാരുടെ കണ്ണെങ്കിലും ഇവര്‍ക്കു നേരെ തുറന്നെങ്കില്‍ ഈയൊരു കാഴ്ച ഒരിക്കലും ലോകം കാണേണ്ടിവരില്ലായിരുന്നു. ഇവരുടെ ദുരിതമവസാനിക്കാന്‍ എന്താണ് ഈ റമദാനില്‍ തന്റെ ധര്‍മമെന്ന് ഓരോരുത്തരും ചിന്തിക്കണം. നിത്യപ്രാര്‍ഥനകളിലെങ്കിലും ഇവരെല്ലാം കടന്നുവരേണ്ടതുണ്ട്.

ക്ഷാമമെന്ന് കേള്‍ക്കുമ്പോള്‍ സോമാലിയ എന്നാണ് നമ്മുടെ മനസ്സില്‍ തെളിയുക. പട്ടിണിയുടെ പാരമ്യതയാണ് ഈ ചെറിയ ആഫ്രിക്കന്‍ രാജ്യത്തെ എന്നും അടയാളപ്പെടുത്തുന്നത്. 900 മില്യന്‍ ഡോളറെ(ഏതാണ്ട് 5850 കോടി രൂപ)ങ്കിലും അടിയന്തരമായി ലഭിച്ചാലേ ഭാഗികമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ഈയിടെ പറഞ്ഞത് സോമാലിയയെ കുറിച്ചാണ്. രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട ഭരണകൂടവും അല്‍ ശബാബ് പോലുള്ള ഭീകരസംഘടനകളും രാജ്യത്തെ വറുതിയിലേക്ക് തള്ളിവിട്ടിരിക്കുന്നു. 2011-ലെ ഭക്ഷ്യക്ഷാമത്തില്‍ ഏതാണ്ട് രണ്ടര ലക്ഷം ആളുകള്‍ മരിച്ച ഒരു രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവുമല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല. ദിനംപ്രതി എത്രയോ കുഞ്ഞുങ്ങള്‍ ഭക്ഷണം ലഭിക്കാതെ മരിക്കുന്നു. പോഷകാഹാരം ലഭിക്കാത്ത അമ്മമാരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ 2011-നേക്കാള്‍ മാരകമായിരിക്കുമെന്ന് മുന്നറിയിപ്പുകളുമുണ്ട്. ഒരു കോടി നാലു ലക്ഷം പേരെ വറുതിയിലേക്ക് തള്ളിവിട്ട് എങ്ങനെയാണ് നമുക്ക് ആശ്വസിക്കാനാവുക? സോമാലിയയോടൊപ്പം മറ്റു ഇരുപതോളം ആഫ്രിക്കന്‍ രാജ്യങ്ങളിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല.

വിശ്വാസത്തിന്റെയും മതത്തിന്റെയും പേരില്‍ ലോകത്തേറ്റവും പീഡനം സഹിക്കേണ്ടിവന്നവരാണ് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍. വര്‍ഷങ്ങളായി ഭരണകൂടത്തിന്റെ ഉന്മൂലന ഭീഷണിയില്‍ കഴിയുന്ന മ്യാന്മറിലെ ഈ വംശീയ ന്യൂനപക്ഷം ലോകത്തിന്റെ അലിവ് തേടുകയാണ്.  ഈ പാവങ്ങളെ ബംഗ്ലാദേശില്‍നിന്നുള്ള വരുത്തന്മാരാണെന്ന് പറഞ്ഞ് മ്യാന്മര്‍ ഭരണകൂടം ആട്ടിയകറ്റുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അവരെ കൂട്ടക്കശാപ്പ് നടത്തുകയും  സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്യുന്നു. അവരുടെ വാസസ്ഥലങ്ങള്‍ ചുട്ടുചാമ്പലാക്കുന്നു. ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ ക്രൂരതകള്‍ സഹിച്ച് അവിടെ കഴിയുന്നുണ്ട്. ഇവര്‍ക്ക് നീതി ലഭ്യമാക്കുന്നതിനു വേണ്ടി നാം ശബ്ദമുയര്‍ത്തേണ്ടതുണ്ട്.

യുദ്ധത്തിന്റെ കനലൊടുങ്ങാത്ത യമനിലെ വര്‍ത്തമാനവും ദയനീയമാണ്. കഴിഞ്ഞ പതിനഞ്ചു മാസങ്ങള്‍ക്കിടെ പതിനായിരത്തിലധികം ആളുകള്‍ക്ക് യമനില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഇരുപതു ലക്ഷത്തോളം പേര്‍ വീടുവിട്ടോടി. മൂന്ന് ലക്ഷം പേരാണ് വിവിധ ആശുപത്രികളില്‍ കോളറയോടും മറ്റു രോഗങ്ങളോടും മല്ലിട്ടു കഴിയുന്നത്. കുട്ടികള്‍ക്ക് പാലുകൊടുക്കാനാകാതെ, കിടക്കാന്‍ ഒരു പായ ലഭിക്കാതെ, കഴുകാന്‍ ഒരു ബക്കറ്റ് പോലുമില്ലാതെ, വീട് നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകള്‍ നരകിക്കുകയാണ്.  ഒരു കോടി 90 ലക്ഷം പേരെയെങ്കിലും യുദ്ധം ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. എന്താണ് നമ്മുടെ റമദാനില്‍ ഇവര്‍ക്കു വേണ്ടി നമുക്ക് ചെയ്യാനൊക്കുക? ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നുള്ള ഒരു പ്രാര്‍ഥനയെങ്കിലും നല്‍കാനാവില്ലേ?

കല്ലെറിഞ്ഞെന്ന ഒറ്റക്കാരണത്താല്‍ ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന ഫലസ്ത്വീനീ കുഞ്ഞുങ്ങളെ നമുക്ക് മറക്കാനാവുമോ? പത്തു ലക്ഷത്തോളം വരുന്ന ഫലസ്ത്വീന്‍ ജനതയെ അഭയാര്‍ഥികളായി ആട്ടിപ്പായിച്ച് രൂപം കൊണ്ട ഇസ്രയേല്‍ ഇന്നും നരമേധം തുടരുമ്പോള്‍  ലബനാന്‍, ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ നാടുകളില്‍ അഭയാര്‍ഥികളായി കഴിയുകയാണ് അവരൊക്കെയും.  അല്ലാഹു നമുക്ക് കനിഞ്ഞരുളിയ അനുഗ്രഹത്തിന്റെ അളവെങ്കിലും അറിയാന്‍ ഈ കരളലിയിക്കുന്ന കാഴ്ചകള്‍ കാരണമാവണം. കഷ്ടപ്പെടുന്നവരുടെ മുന്നില്‍ തുറക്കുന്ന കണ്ണായി നമ്മുടെ റമദാനിനെ നമുക്ക് മാറ്റാന്‍ കഴിയുമെങ്കില്‍ ചൈതന്യവത്തായ ഒരു റമദാന്‍ കൂടി നമുക്ക് ലഭിച്ചേക്കും. 

(കുര്‍ദിസ്താനിലെ ഏര്‍ബിലില്‍ ജോലി ചെയ്യുകയാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (111-116)
എ.വൈ.ആര്‍

ഹദീസ്‌

ഇഛാശക്തിയുടെ വ്രതം
സി.എം റഫീഖ് കോക്കൂര്‍