Prabodhanm Weekly

Pages

Search

2017 ജൂണ്‍ 09

3005

1438 റമദാന്‍ 14

അമേരിക്കയിലെ റമദാന്‍ ദിന രാത്രങ്ങള്‍

ഹാമിദലി കോട്ടപറമ്പന്‍

നാട്ടിലായിരിക്കുമ്പോള്‍  ഇഫ്ത്വാര്‍ പരിപാടികളിലും മറ്റും ഞങ്ങള്‍ ക്ഷണിച്ചിരുന്ന കുറച്ച്  അമുസ്‌ലിം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു അമേരിക്കയില്‍. അവരില്‍ ചിലര്‍ കഴിഞ്ഞ വര്‍ഷത്തെ നോമ്പു കാലത്ത്, ഇന്ത്യന്‍ സമയമനുസരിച്ച് ആറര മണിയാകുമ്പോള്‍ ഇഫ്ത്വാര്‍ വിരുന്നിന് വീട്ടില്‍ വന്നോട്ടേ എന്ന് ചോദിച്ചു. അവരോട് വീട്ടില്‍ വന്നോളാന്‍ പറഞ്ഞു. പക്ഷേ 9 മണിക്കാണെന്നു മാത്രം. വലിയ അത്ഭുതമായിരുന്നു അവര്‍ക്ക്, 16 മുതല്‍ 18 മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള പകലുകള്‍ ഒരു തുള്ളി വെള്ളമിറക്കാതെ എങ്ങനെ കഴിച്ചുകൂട്ടാനാവും എന്നാണ് അവര്‍ ചോദിച്ചത്. എന്നാല്‍, നമ്മെ അത്ഭുതപ്പെടുത്തുക, ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ദൂരെ നിന്ന് കണ്ടുകൊണ്ടിരുന്ന അവരില്‍ ചിലര്‍ ഇസ്‌ലാം സ്വീകരിച്ച ശേഷമുള്ള റമദാനുകളാണ്. വെറും ഒരാഴ്ചത്തെ മുന്നൊരുക്കത്തിനു ശേഷം അവരും പതുക്കെ നോമ്പെടുത്തു തുടങ്ങുന്നു.

18 മണിക്കൂറുള്ള റമദാന്‍ പകലുകള്‍ ഇനി ഒരു പത്ത് വര്‍ഷം കഴിയുമ്പോള്‍ 12 മണിക്കൂറിലും താഴെയായി വരും എന്നതും വടക്കേ അമേരിക്ക പോലുള്ള  പ്രദേശങ്ങളുടെ പ്രത്യേകതയാണ്. സമയ ദൈര്‍ഘ്യത്തെകുറിച്ച് പറയുമ്പോള്‍ അതുകൊണ്ടുള്ള ചില ഗുണങ്ങളും പറയേണ്ടതുണ്ട്. ളുഹ്ര്‍ നമസ്‌കാരമൊഴികെ ബാക്കി എല്ലാ നമസ്‌കാരങ്ങളും സാധാരണ ഓഫീസ് സമയത്തിന് പുറത്താണ്. ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് അടുത്തൊരു പള്ളിയുണ്ടെങ്കില്‍ എല്ലാ ജമാഅത്ത് നമസ്‌കാരങ്ങളും കിട്ടുമെന്നര്‍ഥം. വൈകീട്ട് ആറ്  മണിക്കാണ് അസ്വ്ര്‍ നമസ്‌കാരം. അതിനു ശേഷം ചുരുങ്ങിയത് 3 മണിക്കൂറെങ്കിലുമുണ്ട്, ഖുര്‍ആന്‍ പാരായണത്തിനും അല്‍പം ഉറങ്ങാനും മറ്റുമൊക്കെയായി.

റമദാന്റെ തൊട്ടു മുമ്പുള്ള ജുമുഅ ഖുത്വ്ബയില്‍ ഞങ്ങളുടെ പള്ളിയില്‍ അതിഥിയായി വന്ന ഖത്വീബ്  പറഞ്ഞത്, റമദാന് ശാരീരികവും  ആത്മീയവും മാത്രമല്ല, സാമുദായികമായ പ്രയോജനങ്ങളുമുണ്ട് എന്നാണ്. അത് അമേരിക്കയിലെ പള്ളികളിലുടനീളം കാണാനുമാകും.  ലോകത്തിന്റെ സകല ഭാഗത്തുനിന്നുമുള്ള ആളുകളെ ഇവിടെ നമുക്ക് കാണാം. പലവിധ ഭാഷകളും വ്യത്യസ്ത വേഷങ്ങളും വിവിധ ശരീര  പ്രകൃതിയുമുള്ള മനുഷ്യര്‍. പുറത്തു നിന്ന് വന്നവരെന്നും ഇവിടെയുള്ളവരെന്നുമുള്ള വ്യത്യാസങ്ങളില്ല. മുമ്പ് പരിചയമുള്ളവരെപ്പോലെ ഹൃദ്യമായാണ് പള്ളികളില്‍ വിശ്വാസിസമൂഹം പരസ്പരം പെരുമാറുന്നത്, ഒറ്റപ്പെട്ട ചില സംഭവങ്ങളും അപവാദമായി ഉണ്ടാകാറുണ്ട്.

റമദാനില്‍ പല  പള്ളികളും ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങള്‍ എടുത്തുപറയേണ്ടതാണ്.  മുതിര്‍ന്ന കുട്ടികള്‍ക്കും യുവാക്കള്‍ക്കും കളിക്കാന്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകള്‍ റമദാനില്‍ പ്രത്യേകം സജ്ജീകരിക്കും. നമ്മുടെ നാട്ടില്‍ ഫുട്‌ബോള്‍ പോലെ ഏറ്റവും ജനപ്രിയമായ കായിക ഇനമാണ് ഇവിടെ ബാസ്‌കറ്റ് ബോള്‍. ആവശ്യമായ ലൈറ്റുകളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയാല്‍ യുവാക്കളും കുട്ടികളും ഏതാണ്ട് എല്ലാ സമയത്തും പള്ളിയെ ചുറ്റിപ്പറ്റി തന്നെ ഉണ്ടാകും. 

തറാവീഹിനും മറ്റും മുതിര്‍ന്നവരോടൊപ്പം വരുന്ന കുട്ടികളെ നോക്കാനും പരിചരിക്കാനും വളന്റിയര്‍മാരെ ഏര്‍പ്പെടുത്തും. അവര്‍ കുട്ടികള്‍ക്ക് പള്ളിയില്‍ മിഠായികള്‍, ഐസ്‌ക്രീം എന്നിവ വിതരണം ചെയ്യും.   ശബ്ദമുയരാത്ത തരത്തില്‍ ചെറിയ കളികളും മത്സരങ്ങളും നടത്തും. നന്നായി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന കുട്ടികള്‍ക്കും, ഖുര്‍ആന്‍ മനഃപാഠമാക്കിയ തീരെ ചെറിയ കുട്ടികള്‍ക്കും പ്രോത്സാഹനമെന്നോണം തറാവീഹിന്റെ ഇടവേളകളില്‍ ഒരു ചെറിയ സൂറത്ത് പാരായണം ചെയ്യാനോ പാട്ടു പാടാനോ ഒക്കെ അവസരം നല്‍കുന്നതും കാണാം. ഇത്തരം അനുഭവങ്ങള്‍ കുട്ടികള്‍ക്ക് ഇസ്‌ലാമുമായും പള്ളികളുമായും ശക്തമായ ഹൃദയബന്ധം ഉണ്ടാവാന്‍ സഹായകമാകുന്നു. നമസ്‌കാരത്തിന് വരുന്ന  സ്ത്രീകള്‍ക്ക് വിശ്രമിക്കാനും കുട്ടികള്‍ക്ക് പാല് കൊടുക്കാനും മറ്റും സൗകര്യങ്ങള്‍ ഒരുക്കാറുണ്ട് ചില പള്ളികളില്‍. ഇത്തരം സൗകര്യങ്ങളുള്ളതിനാല്‍  നോമ്പുതുറക്ക്  പള്ളിയിലേക്ക് കുടുംബസമേതം വന്ന്,  പിന്നെ തറാവീഹും കഴിഞ്ഞാണ് അധിക പേരും വീട്ടില്‍ പോവുക. കുറഞ്ഞ രാത്രി സമയം മാത്രം ഉള്ളതുകൊണ്ടാണോ എന്നറിയില്ല, നോമ്പുതുറയുടെയും അത്താഴത്തിന്റെയും ഇടയില്‍ നമ്മുടെ നാട്ടിലെ പോലെ മറ്റു ഭക്ഷണ പരിപാടികള്‍ കാണാറില്ല.  

മിക്ക പള്ളികളിലും ഇഫ്ത്വാര്‍ സൗകര്യം ഏര്‍പ്പെടുത്താറുണ്ട്. അമേരിക്കയാണെന്നു വെച്ച് ഇഫ്ത്വാര്‍ വിഭവം പിസയും ബര്‍ഗറുമൊക്കെയാവും എന്ന് കരുതരുത്. ഏതെങ്കിലും ഒരിനം ചോറും ആട്, കോഴി, പോത്ത് തുടങ്ങി ഏതെങ്കിലുമൊന്നുകൊണ്ടുള്ള ഒരു വിഭവവും വെജിറ്റബ്ള്‍ സാലഡും സൂപ്പുമാണ് മിക്ക സ്ഥലത്തും ഉണ്ടാവുക. പിന്നെ പള്ളിയില്‍ വരുന്ന പാകിസ്താനി, തുര്‍ക്കി, യമനി വംശജര്‍ അവരുടെ സ്പെഷല്‍ ഇഫ്ത്വാറുകളും നടത്താറുണ്ട്. പള്ളികളില്‍ വെച്ച്, ഭാരിച്ച ചെലവ് വരുന്ന സമൂഹ ഇഫ്ത്വാറുകള്‍ എല്ലാ ദിവസവും നടത്തുന്നതിനോട് എതിര്‍പ്പുള്ള ആളുകളുടെ ശ്രമഫലമായി, ഇത്തരം ഇഫ്ത്വാറുകള്‍ ചില പള്ളികളിലെങ്കിലും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി ചുരുക്കിയിട്ടുണ്ട്. കുറേയാളുകള്‍ വിവിധ നോമ്പുതുറ വിഭവങ്ങള്‍ വീട്ടില്‍നിന്ന് പാകം ചെയ്ത് പള്ളിയില്‍ കൊണ്ടുവന്ന് എല്ലാവരും കൂടി കഴിക്കുന്ന പോട്ട്-ലക്ക് രീതിയിലുള്ള ഇഫ്ത്വാറുകളും നടക്കാറുണ്ട്.  ഇത്തരം ഇഫ്ത്വാറുകളില്‍ ഭക്ഷണവൈവിധ്യമുണ്ടാവും.

 ചില നഗരങ്ങളില്‍ അഞ്ചു മുതല്‍ പത്തുവരെ പള്ളികളുണ്ട്. ഈ പള്ളികളില്‍ അധികവും മറ്റു പള്ളികളുടെ നമസ്‌കാര സമയക്രമവും മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുടെ സമയക്രമവും അനുസരിച്ചാണ് തങ്ങളുടെ പരിപാടികള്‍ നിശ്ചയിക്കാറ്. ഇതര പള്ളികളിലെ ബോര്‍ഡംഗങ്ങളെയും മുതിര്‍ന്നവരെയും തങ്ങളുടെ പള്ളിയിലെ ഇഫ്ത്വാര്‍ വിരുന്നുകളിലേക്ക് ക്ഷണിക്കുന്ന പതിവുണ്ട്. ഒരു പള്ളിയില്‍ നടക്കുന്ന പരിപാടിയെക്കുറിച്ച് മറ്റു പള്ളികളില്‍ വിവരമറിയിക്കുകയും അതിലേക്ക് ക്ഷണിക്കുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന രീതി  അമേരിക്കയില്‍ വന്ന ശേഷമാണ് ആദ്യമായി കാണുന്നത്. 

 മാസം മുഴുവന്‍ പള്ളിയില്‍ ഇഅ്തികാഫില്‍ കഴിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ പള്ളികള്‍ ഏര്‍പ്പെടുത്തും. അവസാന പത്തില്‍  ഇഅ്തികാഫുകാര്‍ക്ക് പള്ളിയുടെ പ്രധാന ഹാളില്‍തന്നെ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കും. ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം  കര്‍ട്ടന്‍ വെച്ച് മറച്ച കൊച്ചു മുറികളും അത്താഴത്തിനും ഇഫ്ത്വാറിനും വേണ്ട സൗകര്യങ്ങളും ഒരുക്കുന്നതില്‍ പള്ളികള്‍ക്ക് വലിയ ജാഗ്രതയാണ്.

റമദാനില്‍ ഏതാണ്ട് എല്ലാ പള്ളികളിലും ദഅ്‌വാ ഇഫ്ത്വാറുകള്‍ നടന്നുവരുന്നുണ്ട്. ദഅ്‌വാ ആവശ്യാര്‍ഥം  തയാറാക്കിയ ലഘുലേഖകളും  ഖുര്‍ആന്‍ കോപ്പികളും ഇത്തരം പരിപാടികളില്‍ വിതരണം  ചെയ്യുന്നു. രാജ്യത്തെ പ്രമുഖ പണ്ഡിതന്മാര്‍ ഇത്തരം പരിപാടികളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നടത്തിവരുന്ന ക്ലാസ്സുകളിലും മറ്റും മുസ്‌ലിംകളും അല്ലാത്തവരും ധാരാളമായി പങ്കെടുക്കാറുണ്ട്. കുറച്ചു കാലമായി, പത്രമാധ്യമങ്ങളില്‍ റമദാന്‍ ഫീച്ചറുകളും മറ്റും ധാരാളമായി കണ്ടുവരുന്നു.

മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പള്ളികളില്‍ വരുന്ന ആളുകളുടെ സുരക്ഷക്ക് വേണ്ടിയുള്ള മുന്‍കരുതലുകളും ചെയ്തുവരുന്നു. പോലീസിന്റെയോ സ്വകാര്യ സുരക്ഷാ ഏജന്‍സികളുടെയോ ആയിരിക്കും ഇത്തരം സംവിധാനങ്ങള്‍.  ഇതു സംബന്ധമായി ബോധവത്കരണങ്ങളും ഓര്‍മപ്പെടുത്തലുകളും പള്ളികള്‍ കേന്ദ്രീകരിച്ച് നടക്കുന്നുമുണ്ട്. ഇത്തരം പരിപാടികളില്‍ പൊതുസമൂഹത്തിന്റെ വര്‍ധിച്ച പങ്കാളിത്തം ശുഭലക്ഷണമാണ്. ഏതാണ്ട് എല്ലാ ജുമുഅ നമസ്‌കാരങ്ങളിലും സഹോദര സമുദായാംഗങ്ങള്‍ കാഴ്ചക്കാരായും കേള്‍വിക്കാരായും വരാറുണ്ട്. അതില്‍തന്നെ സ്ത്രീകളും വിദ്യാര്‍ഥികളുമടക്കം ചിലര്‍ ഇസ്‌ലാം സ്വീകരിക്കാന്‍ സന്നദ്ധരായി വരുന്നവരുമായിരിക്കും. 

 ഫിത്വ്ര്‍ സകാത്ത്  ശേഖരിക്കാനും വിതരണം  ചെയ്യാനും  സംവിധാനങ്ങള്‍ പള്ളികളും വിവിധ സംഘടനകളും റമദാന്‍ ആദ്യവാരം മുതല്‍തന്നെ ഏര്‍പ്പെടുത്തിയിരിക്കും. പ്രദേശത്തെ ഏതാണ്ടെല്ലാ പള്ളികളും കൂട്ടായി  സ്റ്റേഡിയമോ കോണ്‍ഫറന്‍സ് ഹാളോ വാടകക്കെടുത്താണ് ഈദ് നമസ്‌കാരം സംഘടിപ്പിക്കാറുള്ളത്. ഞങ്ങളുടെ പ്രദേശമായ ലൂയിവില്ലെയില്‍ രണ്ട് തവണയായി നടക്കുന്ന ഈദ് നമസ്‌കാരത്തിന് പ്രദേശത്തെ രണ്ട് പള്ളികളിലെ  ഇമാമുമാര്‍ നേതൃത്വം നല്‍കുന്നു. 

ഈദ് നമസ്‌കാരാനന്തരം ഏതെങ്കിലുമൊരു പള്ളിയില്‍ പ്രഭാത ഭക്ഷണം ഒരുക്കിയിട്ടുണ്ടാവും. കുട്ടികള്‍ക്ക് ഐസ്‌ക്രീം, ചോളം, മൈലാഞ്ചി തുടങ്ങിയവയും പള്ളിയില്‍ ഒരുക്കാറുണ്ട്. തുടര്‍ന്ന് ആളുകള്‍ ചെറിയ സംഘങ്ങളായി പിരിഞ്ഞ് പ്രദേശത്തെ വിവിധ പാര്‍ക്കുകളില്‍ പോയി സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം ഉച്ചഭക്ഷണവും കുട്ടികളുടെ കളികളും മറ്റുമായി സമയം ചെലവഴിക്കുന്നു.

അമേരിക്കയിലെ റമദാന്റെ പ്രത്യേകതയായി എനിക്ക് തോന്നിയത്, റമദാന്‍ അനുഭവിക്കുക എന്നതോടൊപ്പം മറ്റുള്ളവര്‍ക്കു കൂടി റമദാന്‍ ആസ്വദിക്കാനാവുന്ന തരത്തില്‍ ഇവിടത്തെ ഓരോ വിശ്വാസിയും സ്വയം മാറുന്നു  എന്നതാണ്. 

(മലപ്പുറം ജില്ലയിലെ കാവനൂര്‍ സ്വദേശിയായ ലേഖകന്‍ ലൂയിവില്ലെയില്‍ ഐ.ടി പ്രഫഷണലായി ജോലി ചെയ്യുന്നു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (111-116)
എ.വൈ.ആര്‍

ഹദീസ്‌

ഇഛാശക്തിയുടെ വ്രതം
സി.എം റഫീഖ് കോക്കൂര്‍