Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 17

പ്രജകള്‍ പൗരന്മാരാകുമ്പോള്‍ സംഭവിക്കുന്നത്

പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍

വന്‍കരകളില്‍ പ്രജകള്‍ ക്ഷുഭിതരാവുന്നു. ഭരണകൂടത്തിനെതിരെ, ആരുടെ പിന്തുണയെന്നു നിര്‍വചിക്കാനാവാതെ സര്‍വ മണ്ഡലങ്ങളില്‍ നിന്നും ഭൗതികാര്‍ഥത്തില്‍ അപ്രതീക്ഷിതവും വിസ്മയാവഹവുമായി അത് സംഭവിച്ചു. അറേബ്യന്‍ തെരുവുകളില്‍, ബ്രിട്ടീഷ് ദ്വീപുകളില്‍, അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍, ഗ്രീസില്‍, ഇസ്പനോളയില്‍, സിസിലിയില്‍, ഇന്ത്യയില്‍. ഇവിടെയെല്ലാം വിനീതരായ പ്രജകള്‍ പൗരന്മാരാകാന്‍ കുതറുന്ന ആഹ്ലാദകരമായ നിമിഷാര്‍ധങ്ങള്‍. ഈ സംഘംചേരല്‍ പരമ്പരാഗത രാഷ്ട്രീയ കൂട്ടങ്ങളല്ല, മറിച്ച് കാലത്തിന്റെ നിയോഗം പോലെ അന്നന്ന് ഉരുവം കൊള്ളുന്ന ആത്മബോധത്തിന്റെ സാക്ഷാല്‍ക്കാരമാണ്. ഭരണ വൈകൃതത്തോടുള്ള അഗ്നിരോഷം മാത്രമല്ല, പ്രതിപക്ഷത്തിന്റെ കഴിവുകേടിനെതിരെയുള്ള കലാപവും കൂടിയാണത്. സിദ്ധാന്തങ്ങള്‍ കൊണ്ടു മാത്രം വ്യവഛേദിക്കാനാവാത്ത അതീന്ദ്രിയ രാഷ്ട്രീയം (Meta politics). ഇതു പക്ഷേ ഏറ്റവും ചേതോഹരമായി സംഭവിച്ചത് അറബിത്തെരുവുകളിലാണ്. യൂറോപ്പിലും മറ്റു ഏഷ്യന്‍ നാടുകളിലും ഇതത്ര കടുത്തില്ല. അവിടെ വികലമെങ്കിലും വ്യവസ്ഥയുടെ സുരക്ഷാ വാല്‍വുകള്‍ പ്രവര്‍ത്തിച്ചു. അറബിത്തെരുവുകള്‍ പക്ഷേ പൊട്ടിത്തെറിച്ചു. സേഫ്റ്റി വാല്‍വുകള്‍ ഇല്ലാത്ത അടഞ്ഞ വെപ്പുപാത്രമായിരുന്നു അറേബ്യ. സഞ്ചിത പൗരജനങ്ങളുടെ ഒരുതരം സമ്മതിയുമില്ലാതെ അവരുടെ അരുമ ജീവിതത്തിലേക്കിറങ്ങിയ കരാള ഭരണകൂടം. പൗരജനങ്ങളെയവര്‍ പ്രജകളായിപ്പോലും കണ്ടില്ല. മറിച്ചു കുടില വാഴ്ചയുടെ കൈവശമുള്ള വെറും വസ്തുക്കളായി കണ്ടു. വസ്തുക്കള്‍ ഒരുനാള്‍ പ്രതികരിക്കുമെന്നവര്‍ അറിഞ്ഞില്ല. പ്രതികരണം കൊടുങ്കാറ്റുകളായി ഇരമ്പിയപ്പോള്‍ ഉടമാധികാരത്തിന്റെ പ്രമത്തതകള്‍ വെട്ടിയിട്ട ഈത്തപ്പന മരങ്ങള്‍ കണക്കെ മരുഭൂമിയിലെ പാഴ്‌നിലങ്ങളില്‍ കിടന്നു ജീര്‍ണിച്ചു. സ്വതന്ത്രരായി ജനിച്ച ഞങ്ങളെ എപ്പോഴാണ് താങ്കള്‍ അടിമകളാക്കാന്‍ തുടങ്ങിയതെന്ന മൗലികമായ ചോദ്യം അറേബ്യന്‍ മരുഭൂമിയില്‍ വീണ്ടും പ്രകോപന വിസ്മയത്തിന്റെ വര്‍ണരാജികള്‍ വിരിയിച്ചു. അതോടെ അധികാരത്തിന്റെ കൊട്ടാരക്കെട്ടിലേക്ക് കുടുംബസമേതം ഒളിച്ചുകടന്ന് ജനതയെ തടവില്‍ പിടിച്ച ഭരണകൂടങ്ങള്‍ നിലംപൊത്തി. വിഭവങ്ങളും വിദ്വാന്മാരും വിലാസനൃത്തങ്ങളും അരങ്ങത്താടിയ കൊട്ടാരക്കെട്ടുകളും അന്തപുരങ്ങളുമുപേക്ഷിച്ച് ഉയിരുംകൊണ്ടവര്‍ പിന്‍വാതിലിലൂടെ ചുണ്ടെലികളെപ്പോലെ പുറത്തുചാടി. മറഞ്ഞിരിക്കാന്‍ ഒളിയിടങ്ങളില്ലാതെ, അഭയം നല്‍കാന്‍ ഗോത്രങ്ങളില്ലാതെ നിസ്സഹായമായി പൊള്ളുന്ന തകരപ്പാളിയുടെ പുറത്ത് പായുന്ന പൂച്ചയെപ്പോലെ പൊറുതി കിട്ടാതെ ഓടുന്ന മലിന ദൃശ്യം. ഇത് അറേബ്യന്‍ പനോരമ. ജനാധിപത്യ പാതയിലേക്കുള്ള ഇനിയും പൂര്‍ത്തിയാവാത്ത അറേബ്യന്‍ ശുഭയാത്രയുടെ ആഹ്ലാദങ്ങള്‍. കേവല യാത്രകള്‍ തന്നെ ആഹ്ലാദമാണ്. ജീവിത സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയാവുമ്പോള്‍ അതിരട്ടിയാവുന്നു. ഈ യാത്രക്കൊരു ലക്ഷ്യമുണ്ട്. അറബികള്‍ യാത്ര ഇനിയും മറന്നിട്ടില്ല. ശൈത്യത്തിലും ഉഷ്ണത്തിലും യാത്രകളെ വസന്തോത്സവമാക്കിയവരാണവര്‍.
കുഞ്ഞു തുനീസില്‍, മിസ്വ്‌റില്‍, ലിബിയന്‍ ജമാഹരിയ്യയില്‍, ബില്‍ഖിസിന്റെ സബഇല്‍, സിറിയയില്‍.... ഓരോ നാടുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന അധികാര പരിവര്‍ത്തനം അവരവരുടേതു മാത്രമായ പരിതോവസ്ഥകള്‍ കൊണ്ടേ സമ്പൂര്‍ണമായി വ്യാഖ്യാനിക്കാന്‍ പറ്റൂ. ഇത്തരമൊരു അന്വേഷണ യാത്രയാണു  വി.എ കബീറിന്റെ ക്ഷോഭിക്കുന്ന അറബിത്തെരുവുകള്‍. ഓരോ അറബ് നാടുകളിലും സംഭവിച്ച ഭരണവിരോധ പ്രളയം. അതില്‍ ഗതികിട്ടാതെ മുങ്ങിപ്പോയ അധികാരത്തിന്റെ പ്രതാപങ്ങള്‍, അവസാന നിമിഷത്തിലും സുരക്ഷിതമായ മലമേടുകളെപ്പറ്റിയുള്ള മൂഢ വ്യാമോഹങ്ങള്‍, വിഹ്വലതകള്‍, കുടുംബസംത്രാസങ്ങള്‍, വിധിയുടെ അലംഘനീയമായ തീര്‍പ്പുകള്‍ ഇതത്രയും പ്രളയത്തിരകളില്‍ ആലോലമാടുന്ന പെട്ടകത്തിലിരുന്നു വാങ്മയ ചിത്രങ്ങളായി കബീര്‍ ദൃശ്യവല്‍ക്കരിക്കുന്നു. വിപ്ലവങ്ങളെയും അതിന്റെ സൈദ്ധാന്തിക അടിത്തറകളെയും അധികാരത്തിന്റെ ലഭ്യതയെയും കൈമാറ്റത്തിന്റെ സാധ്യതകളെയും അന്വേഷിച്ച് അതിനിഗൂഢവും സൂക്ഷ്മഗ്രാഹ്യവുമായ വിക്ഷോഭ സ്ഥലികളിലൂടെ കബീര്‍ നടത്തുന്ന സ്‌തോഭയാത്ര. യാത്രയാരംഭിക്കുന്നത് വര്‍ത്തമാനകാല അറബിത്തെരുവുകളിലൂടെയല്ല. ബിന്‍ബത്തൂത്തയെപ്പോലെ അന്നന്നു കാണുന്ന കൗതുകങ്ങളെ അതിഭാവുകത്വത്തോടെ നിരീക്ഷിക്കുകയല്ല, മറിച്ച് വിദൂരവും പലപ്പോഴും നിഗൂഢവുമായ കാലത്തില്‍ നിന്നു അതിസൂക്ഷ്മമായ ചരിത്ര നിരന്തരതയെ കണ്ടെടുക്കുന്ന ശുഭയാത്രയാണ്. പതിനാല് അധ്യായങ്ങളിലായി വികസിക്കുന്ന പുസ്തകം വിവരണത്തിന് ആദിമധ്യാന്തമുള്ള പതിവു രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.
അറേബ്യന്‍ രാഷ്ട്രീയത്തെയും ഭൂമിശാസ്ത്ര പ്രത്യേകതകളെയും വകതിരിച്ചും ഇഴപിരിച്ചും സാധ്യതകളെ പുരസ്‌കരിച്ചും വിശദമായ നിരീക്ഷണമാണ് ആദ്യപര്‍വം. ആഗോള സാമ്പത്തിക പ്രചോദനത്തിന്റെ അടിത്തറയായ പെട്രോള്‍ 72%വും അറേബ്യയില്‍. അതുകൊണ്ടുതന്നെ മറുനാടുകള്‍ക്ക് പ്രത്യേകിച്ച്  യൂറോപ്പിനും അമേരിക്കക്കും അവിടം കുടില താല്‍പര്യങ്ങളുണ്ട്. യൂറോപ്യന്‍ അധിനിവേശം കപ്പലോട്ടമായി വികസിച്ച ദുര്‍ദിനം തൊട്ടേ അവരുടെ ഇഷ്ടഭൂമിയാണ് അറേബ്യ. ജനായത്തവും അഭിപ്രായ സ്വാതന്ത്ര്യവും തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമൊക്കെ യൂറോപ്പിലും അമേരിക്കയിലും മതി, അറബിക്കതു വേണ്ടപോലും. ഗോത്രവര്‍ഗങ്ങള്‍ മേഞ്ഞുനടക്കുന്ന അപ്രധാനമായ അറേബ്യന്‍ അതിര്‍ത്തികളില്‍ വരെ പാശ്ചാത്യര്‍ അവരുടെ സര്‍വായുധി കൊണ്ട് സാക്ഷയിട്ടപ്പോള്‍ യൂറോപ്യന്‍ നാടുകള്‍ക്കിടയിലുള്ള സ്വന്തം അതിരുകള്‍ അതികൗശലത്തോടെ അവര്‍ പിഴുതെറിഞ്ഞു. യൂറോപ്പിനു വേണ്ടാത്ത അതിര്‍ത്തികള്‍ അറേബ്യയിലെത്തിയപ്പോള്‍ കൊടും യുദ്ധങ്ങളായി. ഈ യുദ്ധങ്ങള്‍ക്ക് പടിഞ്ഞാറുനിന്നും ആയുധക്കൂമ്പാരങ്ങള്‍ ഇരമ്പി. പിന്നെ പുനര്‍നിര്‍മിതിയുടെ വമ്പന്‍ കരാറുകള്‍. കൃത്യപ്പെട്ട ഇടവേളകളില്‍ പടിഞ്ഞാറ് ഹിതപരിശോധനകളും തെരഞ്ഞെടുപ്പുകളും. ജയിച്ചു വന്ന ഭരണകൂടങ്ങളൊക്കെയും നാല്‍പതും അമ്പതും വര്‍ഷം നീളുന്ന ഭരണ ഭീകരതകളെ അറബിത്തെരുവുകള്‍ക്ക് സമര്‍പ്പിച്ചു. പരസ്യമായി കുരിശുയുദ്ധത്തെ നിരാകരിച്ച അറേബ്യന്‍ ഭരണകൂടം വരെ രഹസ്യത്തില്‍ അവര്‍ക്കുവേണ്ടി കങ്കാണിപ്പണി ചെയ്തു. ഹരിത പുസ്തക ശാലയില്‍ നിന്നു കണ്ടെടുത്ത രഹസ്യ പ്രമാണങ്ങള്‍ ഇതാണ് കാട്ടിത്തരുന്നത്. ഐക്യപ്പെടാന്‍ നിരവധി പൊതുവേദികള്‍ ഉണ്ടായിട്ടും പരസ്പര കോലാഹലങ്ങളില്‍ മാത്രം ഒന്നിക്കാന്‍ ശ്രമിക്കുന്ന അറേബ്യന്‍ രാജ്യസ്വരൂപങ്ങള്‍. അതിനിസ്സാരമായ മൂപ്പിളമ തര്‍ക്കങ്ങള്‍ക്കുപോലും അങ്കക്കലി പൂണ്ട മുലൂക്കുകള്‍ വടക്കന്‍പാട്ടിലെ ചേകോന്മാരെപ്പോലെ പോര്‍ത്തട്ടുകളില്‍ ഉറുമി വീശി. അപ്പോള്‍ നിലപാടുതറയിലിരുന്ന മദാമ്മമാര്‍ കുലുങ്ങിച്ചിരിച്ചു. കൈയെത്തുന്നേടത്ത് എല്ലാമുണ്ടായിട്ടും എവിടേയും കൈയെത്താത്ത നിസ്സഹായത. അതിനാല്‍ തന്നെ അനുകൂലകങ്ങള്‍ ഏറെ ലഭ്യമായിട്ടും ലോകരംഗത്ത് ബദല്‍ പ്രത്യയശാസ്ത്രമാകാനോ ലോകരാഷ്ട്രീയ രംഗത്ത് ഒരു തിരയിളക്കമുണ്ടാക്കാനോ അറബികള്‍ക്കു സാധിക്കുന്നില്ല. ഇതിന്റെ കാരണം തേടി ഗവേഷകനെപ്പോലെ ചരിത്ര സഞ്ചാരം ചെയ്യുന്ന കബീര്‍ എത്തിച്ചേരുന്നത് അറബി നാടുകളുടെ ചരിത്രഗര്‍ഭത്തിലാണ്. അവര്‍ എറിഞ്ഞുകളഞ്ഞ ആദിവചന ദീപ്തിയിലേക്കാണ്.
മുഹമ്മദ് ബൂ അസീസിന്റെ ബലിദാനത്തോടെ തുനീസില്‍ വീശിയ വഹ്നിജ്വാലയുടെ കാരണം തേടി ബുറഖീബ അടച്ചുപൂട്ടിയ സൈത്തൂന സര്‍വകലാശാല പരിസരത്ത് എത്തുന്നു കബീര്‍. ആ സഞ്ചാരപഥം കൃത്യമാണ്. ആ വഴിയിലൂടെ സഞ്ചരിച്ചാലേ പാതയോരത്ത്  സൈനുല്‍ ആബിദീനെ കണ്ടെത്തുകയുള്ളു. ഫ്രാന്‍സില്‍ നിന്നു തുനീഷ്യ സ്വാതന്ത്ര്യം നേടിയത് ആബിദിന്‍ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ഫ്രഞ്ച് നഗരത്തിനെതിരെ  ജിഹാദിനു ആഹ്വാനംചെയ്ത  ബുറഖീബ സ്വാതന്ത്ര്യപൂര്‍വം ഇസ്‌ലാമിനെ നിരാകരിച്ചു. സ്വാതന്ത്ര്യശേഷവും ബുറഖീബ നടത്തിയ ഫ്രഞ്ചു ഭരണം എല്ലാ ചിട്ടയോടെയും ആബിദിന്‍ തുടര്‍ന്നു. യൂറോപ്യന്‍ മൂല്യബോധത്തിന്റെ പകിട്ടില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പുരാവൃത്തം പാടിയ  ആബിദിന്‍ തിരസ്‌കാരത്തിന്റെ മരുഭൂമിയില്‍ നിര്‍ദയം ഉപേക്ഷിക്കപ്പെട്ടു. അതുകൊണ്ടുതന്നെ ബൂ അസീസിന്റെ സുഹൃത്തുക്കള്‍ കൊട്ടരം കൈയേറിയപ്പോള്‍ ആബിദിനോടൊപ്പം ഓടാന്‍ പട്ടമഹിഷി ഉണ്ടായില്ല. അവര്‍ സ്വത്വവും സ്വത്തും തേടി സ്വന്തം സെര്‍ബിയായിലേക്കാണു ഒളിച്ചുകടന്നത്.
ഇതിലേറെ കഷ്ടമാണ് ഈജിപ്തിലെ വര്‍ത്തമാനം. നിരവധി പ്രവാചകന്മാരാല്‍ പലതവണ വിമോചിപ്പിക്കപ്പെട്ട മിസ്വ്‌റിന്റെ മണ്ണും വിണ്ണും കൊളോണിയല്‍ കാലത്തിനുശേഷം വീണ്ടും ഏകാധിപതികളുടെ അമരത്തിലായി. ഈജിപ്തിന്റെ വിമോചന പോര്‍നിലങ്ങളില്‍ നജീബിനും നാസറിനും ആയുധവും ആത്മവിശ്വാസവും നല്‍കിയത് ഇഖ്‌വാന്റെ ബുദ്ധിയും കരുത്തുമാണ്. അധികാരത്തിന്റെ അടുക്കള സ്വന്തമായപ്പോള്‍ പക്ഷേ നജീബും നാസറും ആദ്യം കൊന്നു വേവിച്ചത് ഇഖ്‌വാന്റെ തരുണാസ്ഥികളാണ്. ഇഖ്‌വാനുമായി തനിക്കുള്ള ഹൃദയബന്ധം ആത്മകഥയില്‍ നാസര്‍ നിരന്തരം അനുസ്മരിക്കുന്നുണ്ടെങ്കിലും.
ഇഖ്‌വാന്റെ പിന്തുണയില്‍ നേടിയ സ്വാതന്ത്ര്യം ദിവസങ്ങള്‍ കൊണ്ടു ഈജിപ്തില്‍ യൂറോപ്പിന്റെ സ്വാതന്ത്ര്യമായി പരകായ പ്രവേശം നേടി. ആയിരത്തി തൊള്ളായിരത്തി അമ്പത്തിനാലിലെ വെടിവെപ്പു നാടകവും ഹസനുല്‍ ബന്നായുടെയും സയ്യിദ് ഖുത്വ്ബിന്റെയും ബലിദാനവും ഇതിന്റെ തുടര്‍ച്ച. പിന്നീടുകണ്ട ഭരണ ഭീകരത ഫറോവന്‍ കാലത്തെ മിസ്വ്‌റിന്റെ ആവര്‍ത്തനം. നഖം പിഴുതും കെട്ടിത്തൂക്കിയും വെടി വെച്ചും തൂക്കിക്കൊന്നും ഒരു നാടിന്റെ സ്വാതന്ത്ര്യ സമര സേനാനികളെ ഭരണകൂടം വേണ്ടവിധം പുരസ്‌കരിച്ചു. നാസറിലൂടെ മുബാറക്കില്‍ എത്തിനില്‍ക്കുന്ന മിസ്വ്‌റിന്റെ അധോമുഖാദേശം വാഈല്‍ ഗുനൈമിന്റെ ട്വിറ്ററില്‍ തട്ടി കമിഴ്ന്നു വീണു. മുബാറക്കും മക്കളും ട്വിറ്റര്‍ എന്ന ഭീകരനെ തിരഞ്ഞു. തഹ്‌രീര്‍ ചതുരത്തില്‍ ഒത്തുകൂടിയ ഈജിപ്ത്യന്‍ ജനം യഥാര്‍ഥ ഭീകരനെ കണ്ടെത്തിക്കഴിഞ്ഞിരുന്നു. മുബാറക്കിനെയവര്‍ കുടുംബസമേതം കയ്‌റോവില്‍ നിന്നു നാടുകടത്തി. എണ്‍പതു കഴിഞ്ഞ മുബാറക് മുടി കറുപ്പിച്ചത് വാര്‍ധക്യം ഒളിക്കാന്‍ മാത്രമല്ല അധികാരത്തിനു തുടര്‍ച്ച ഉണ്ടാക്കാനുമാണ്. ഇത് ജനം തിരിച്ചറിഞ്ഞു. എതിര്‍ ശബ്ദത്തിന്റെ ഭയം കാരണം മുബാറക്ക് കശക്കിയ ഈജിപ്തിലെ കുടുംബങ്ങള്‍  ഏറ്റുവാങ്ങിയ അതേ അന്തഃസംഘര്‍ഷങ്ങളും മാനസിക വിക്ഷോഭങ്ങളും ഇന്ന് അയാളും അനുഭവിക്കുന്നു. മക്കളും പേരമക്കളുമായി നാമംചൊല്ലിക്കഴിയേണ്ട വാര്‍ധക്യത്തില്‍ തഹ്‌രീര്‍ ചത്വരത്തില്‍ കൂടിയ ജനകോടതിയുടെ വിചാരണക്കു മുന്നിലയാള്‍ കുനിഞ്ഞു നില്‍ക്കുന്നു.
ഇതിലും ഏറെ പ്രതീക്ഷിതവും അനിവാര്യവുമാണ് ഖദ്ദാഫിയുടെ വീഴ്ച. ഗറില്ലാ യുദ്ധത്തിലെ സുല്‍ത്താനായ ഉമര്‍മുഖ്താറും സനൂസി ആത്മീയ സരണിയും ഒരുമിച്ചപ്പോള്‍ ലിബിയയില്‍ നിന്നും ഇറ്റലി കുതികുത്തിപ്പാഞ്ഞ കഥ വളരെ കാവ്യാത്മകമായി കബീര്‍ അവതരിപ്പിക്കുന്നു. ആയിരത്തി തൊള്ളായിരത്തി നാല്‍പത്തി രണ്ടില്‍ ഖദ്ദാഫി ഗോത്രത്തിലെ ഇടയനായ അബൂമിനിയാറിനു സിര്‍ത്തിലെ തമ്പില്‍ ഒരു മകന്‍ പിറന്നു. അബൂ മിനിയാറിനന്ന് പ്രായം അറുപത്.  മൂന്നു സഹോദരിമാര്‍ക്കുശേഷം വന്ന പുരുഷ പ്രജ. അവനു സീതി മുഅമ്മര്‍ എന്ന പുണ്യവാളന്റെ പേരു വെച്ചു. കാലം കൊണ്ടു പട്ടാളത്തിലെത്തിയ മുഅമ്മര്‍ വിപ്ലവത്തിലൂടെ ലിബിയയിലെ സനൂസി താവഴിയെ ഉന്തിവീഴ്ത്തി. അധികാരത്തിന്റെ ആദ്യനാളില്‍ മുഅമ്മറും വാഴ്ത്തിപ്പാടിയത് ഇസ്‌ലാമിക ബദല്‍. ഖദ്ദാഫിയുടെ നാട്ടിലെത്തിയപ്പോള്‍  എനിക്കു ഖലീഫയുടെ ആസ്ഥാനത്തെത്തിയ അനുഭവം തോന്നിയെന്നു അന്നു ട്രിപ്പോളിയിലെത്തിയ അന്നഹാ പത്രാധിപര്‍ നിരീക്ഷിച്ചത്. ജനങ്ങളുടെ മനസ്സമ്മതം വാങ്ങിയ ഖദ്ദാഫി പൊടുന്നനെ ചുവടു മാറുന്നു. പിന്നെയവിടെ നിയമങ്ങളില്ലാതെയായി. നാട്ടുമാടമ്പിയെ പോലെ ഒരു ജനതയെ വിധേയരാക്കി. അധികാര പ്രമത്തതയുടെ നൃത്ത താണ്ഡവം. ഒരു കാലത്തെ സോവിയറ്റു കമ്യൂണിസത്തെയും പില്‍കാലത്ത് പടിഞ്ഞാറന്‍ മുതലാളിത്തെത്തയും മാറി മാറി കൂട്ടുപിടിച്ചു. അപ്പോഴൊന്നും ഇസ്‌ലാം ഖദ്ദാഫിക്ക് വിഷയമായില്ല. ഖദ്ദാഫിവിരുദ്ധ പോരാട്ടത്തിന്റെ സമ്പൂര്‍ണത ഈ പുസ്തകത്തിലില്ല. ഖദ്ദാഫിവേട്ട പൂര്‍ണമാകുന്നതിനു മുമ്പേ പുസ്തകം പുറത്തു വന്നതാണു കാരണം. നീണ്ട നാല്‍പതു വര്‍ഷം ഒരാള്‍ അധികാരത്തില്‍. സത്യത്തില്‍ അറബിനാടുകളുടെ മൗലിക പ്രശ്‌നമിതാണ്. ഒരുതരം വ്യവസ്ഥകളും അവിടെ പ്രവര്‍ത്തിക്കുന്നില്ല. വ്യവസ്ഥകള്‍ ഇല്ലാതിരിക്കുമ്പോള്‍ വ്യവസ്ഥ ഇല്ലാത്ത മാര്‍ഗത്തിലൂടെ പൗരന്മാര്‍ വ്യവസ്ഥ പണിയും. ഖദ്ദാഫി വധം യഥാര്‍ഥത്തില്‍ ഇതാണു പ്രതീകവല്‍ക്കരിക്കുന്നത്. തെരുവിലിറങ്ങിയ സ്വന്തം ജനതയെ ഖദ്ദാഫിയും മക്കളും പെരുച്ചാഴികള്‍ എന്നു വിളിച്ചു. സുരക്ഷിതത്വത്തിനായി താന്‍ കെട്ടിയ കൊത്തളങ്ങളും നിഗൂഢ പാതകളും മതിയാകാതെ പ്രജകളില്‍നിന്ന് രക്ഷ കണ്ടെത്താന്‍ കെടുജലക്കുഴിയില്‍ ഒളിച്ചിരിക്കേണ്ടി വന്നു രാഷ്ട്ര നായകന്. പെരുച്ചാഴിയെപ്പോലെ... നിരവധി പേര്‍ ജീവനു വേണ്ടി കേണുവീണ തിരുമുഖം വെറും തെരുവു മനുഷ്യരുടെ മുന്നില്‍ പ്രാണനുവേണ്ടി കെഞ്ചി നിന്നു. കാവ്യനീതിയുടെ പുലര്‍ച്ചപോലെ. നാല് പതിറ്റാണ്ട് നാടു ഭരിച്ച രാഷ്ട്ര നായകനെ  ഇടിച്ചും തൊഴിച്ചും തുപ്പിയും ചവിട്ടിക്കുഴച്ചും ഉടുവസ്ത്രം പറിച്ചും, നാണം തോണ്ടിയും സ്വന്തം  ജനത ദാക്ഷിണ്യമേതുല്ലാതെ ലിബിയന്‍ മരുഭൂമിയില്‍ നിന്നും തുരത്തിവിട്ടു. എഴുപതിലേക്കാഞ്ഞ വൃദ്ധജഡം സിര്‍ത്തിലെ ഗോത്രവര്‍ഗത്തിന്റെ ചന്തത്തിണ്ണയില്‍ ദിവസങ്ങളോളം ജീര്‍ണിച്ചു കിടന്നു. അഴുകി നാറിയ പാഴ്ജഡം സഹാറയുടെ അജ്ഞാത വിദൂരതകളിലെ ഡൂണുകളിലെവിടെയോ ജനം മണലിട്ടു മൂടി. കൂടെ പട്ടാഭിഷേകത്തിന് ഒരുങ്ങിനിന്ന മക്കളും. പിതാവിന്റെ ദൈന്യം കണ്ടു നടുങ്ങിയ മകള്‍ മറുനാട്ടില്‍ മോഹാലസ്യപ്പെട്ടു പോലും. പേരക്കുട്ടികള്‍ പോലും പൊള്ളുന്ന മരുഭൂമിയില്‍  ചിതറിത്തെറിച്ചു. യഥാര്‍ഥത്തില്‍ സ്വന്തം പ്രാണനുവേണ്ടി യാചിച്ചു കരയുന്ന ഖദ്ദാഫി പ്രതീകവല്‍ക്കരിക്കുന്നതു മധ്യ പൗരസ്ത്യ ദേശത്തിലെ അറബികളുടെ ദൈന്യതയും നിസ്സഹായതയുമാണ്. ജനാധിപത്യത്തിലേക്കുള്ള പടിഞ്ഞാറിന്റെ അധികാര യാത്രയില്‍ സ്വന്തം രാജാക്കന്മാരെയൊക്കെയും അവര്‍ കൊട്ടാരങ്ങളില്‍ സുരക്ഷിതരായി സംരക്ഷിച്ചു. മിക്ക യൂറോപ്യന്‍ നാടുകളുടെയും രാഷ്ട്രനായകര്‍ ഇന്നും രാജാക്കന്മാരാണ്. കനഡയുടേയും ആസ്‌ട്രേലിയയുടെയും ഔദ്യോഗിക രാഷ്ട്രത്തലവന്‍ ഇപ്പോഴും ബ്രിട്ടീഷ് രാജ്ഞി. അധികാരത്തിന്റെ ഒരുകൈമാറ്റ യാത്രയിലും യൂറോപ്യന്‍ രാജകുടുംബങ്ങള്‍ ഇങ്ങനെ വേട്ടയാടപ്പെട്ടിട്ടില്ല. അവരുടെ പൂര്‍വികരും അധികാരം പടവെട്ടി വാങ്ങിയവരാണ്. അറബികള്‍ അരക്ഷിതരായിരിക്കണം. അപ്പോഴേ സാമ്രാജ്യത്വത്തിന് പെട്രോള്‍ ഖനിയില്‍ കൈയിട്ടു വാരാന്‍ പറ്റൂ. വിശ്വാസ നവോത്ഥാനങ്ങളെ അരിഞ്ഞെറിയാന്‍ കഴിയൂ. ഇത് വിലയിരുത്താന്‍ അറേബ്യന്‍ രാഷ്ട്രീയത്തിന് പ്രജ്ഞ പോരാ.
സിറിയയുടെയും യമന്റെയും രാഷ്ട്രീയമെഴുതുമ്പോഴാണ് കബീറിന്റെ സര്‍ഗാത്മകതയുടെ നടനശേഷി പീലി വിടര്‍ത്തിയാടുന്നത്. കനത്ത തമസ്‌കരണ ഭീകരതയെ ഭേദിച്ചുകൊണ്ട് ദര്‍അയില്‍ നടന്ന സൈനിക പീഡനം വളരെ വേഗം യൂ റ്റിയൂബിലൂടെ പുറത്തുവരുന്നു. മഹാ ഭൂരിപക്ഷത്തെ ശുഷ്‌ക ന്യൂനപക്ഷമായ അലവികള്‍ ആഞ്ഞു ഭരിക്കുന്നു. മറ്റു നാടുകളില്‍ നിന്നു സിറിയയെ മാറ്റി നിര്‍ത്തുന്നതു അലവിസമെന്ന ഫ്രഞ്ച് കൊളോണിയല്‍ തന്ത്രമാണ്.  ഇത് ഇന്നും സിറിയയില്‍ ഭൂരിപക്ഷത്തിനു മുന്നില്‍ ദുര്‍ഗം തീര്‍ക്കുന്നു.
ഇരുനൂറു പേജുവരുന്ന പുസ്തകം വായിച്ചു തീരുമ്പോള്‍ അറേബ്യന്‍ ഗോത്ര ജീവിതത്തിന്റെ സൂക്ഷ്മ അടരുകളും അടുക്കുകളും നമുക്ക് അഴിഞ്ഞഴിഞ്ഞുകിട്ടുന്നു. ഒപ്പം സാമ്രാജ്യത്വം അറബിത്തെരുവില്‍ ചെലുത്തുന്ന നിഗൂഢവും വിഷഭരിതവുമായ ഇടപെടലുകളുടെ സ്‌തോഭചിത്രങ്ങളും ഇപ്പോഴും തുടരുന്ന ഗൂഢാലോചനകളും.
അറേബ്യന്‍ രാഷ്ട്രീയ നിര്‍ണയങ്ങളില്‍ ഇസ്‌ലാമിന്റെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെയും വര്‍ത്തമാനകാല ശേഷിയല്ലാതെ അതിന്റെ ഭാവി സാധ്യതകളെ കബീര്‍ മൗലികമായി നിരീക്ഷിക്കുന്നില്ല.  റാശിദ് ഗനൂശിയുടെയും അന്നഹ്ദയുടെയും പശ്ചാത്തലത്തിലെങ്കിലും ഇസ്‌ലാമിക ജനാധിപത്യത്തിന്റെ തുറവികളെ സംബന്ധിച്ച് സര്‍ഗാത്മകമായ ഒരന്വേഷണം ആകാമായിരുന്നു.കാവ്യാത്മകമായി മലയാളത്തില്‍ എഴുതാന്‍ കഴിയും കബീറിന്. എന്നിട്ടും അനവധാനത കൊണ്ടാകാം തമ്മില്‍ ചേരാത്ത ഇംഗ്ലീഷ് പദാവലികള്‍ പലേടത്തും ആറാട്ടുമുണ്ടനെപ്പോലെ കോലംകെട്ടു നില്‍ക്കുന്നു. ചില തേഞ്ഞ മലയാള പദങ്ങളുടെ ആവര്‍ത്തനവും. പാരായണ സുഖത്തെ അക്ഷരത്തെറ്റുകള്‍ വേട്ടയാടുന്നു. പുസ്തകത്തിന്റെ മുഖച്ചട്ടയില്‍ വരഞ്ഞ കാര്‍ട്ടൂണ്‍ ചിത്രത്തിനു അടിക്കുറിപ്പു വേണ്ടായിരുന്നു. ഗൗരവമുള്ള പുറം പാരായണത്തെ ഇത്തരം അടിക്കുറിപ്പുകള്‍ പരിഹസിക്കുന്നതുപോലെ. കോഴിക്കോട് വചനം ബുക്‌സ് പ്രസിദ്ധീകരിച്ച ക്ഷോഭിക്കുന്ന അറബിത്തെരുവുകള്‍ നിര്‍മിതിയില്‍ പൊതുവേ മെച്ചമാണ്. സ്വന്തം ആത്മാവിന് തിരികൊളുത്തി വിപ്ലവത്തിന്റെ വിസ്മയപ്പൂക്കള്‍ വിരിയിച്ച തുനീഷ്യന്‍ യുവാവ് മുഹമ്മദ് ബൂ അസീസിനു തന്നെ പുസ്തകം സമര്‍പ്പിച്ചത് ഏറെ പ്രതീകാത്മകമായി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം