Prabodhanm Weekly

Pages

Search

2017 മെയ് 26

3003

1438 ശഅ്ബാന്‍ 29

നവമാധ്യമങ്ങളിലേക്ക് ജാഗ്രതയോടെ

ഹകീം പെരുമ്പിലാവ്

ബ്രിട്ടനിലെ പോള്‍ പ്രിറ്റ്ചാഡ് എന്ന യുവാവ് ചൈല്‍ഡ് ഫ്രീ മൂവ്‌മെന്റ് എന്ന പേരില്‍ ഫേസ്ബുക്കില്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കി. കുട്ടികളുണ്ടാവാന്‍ താല്‍പര്യമില്ലാത്തവരുടെ ഗ്രൂപ്പാണത്. പുരുഷ വന്ധ്യംകരണമാണ് പ്രധാന ലക്ഷ്യം. വെറും വെര്‍ച്വല്‍ ഗ്രൂപ്പ് ആയിരുന്നില്ല. വന്ധ്യംകരണത്തിനു വിധേയമാകുന്നവരുടെ വിവരങ്ങള്‍ ശസ്ത്രക്രിയയുടെ വീഡിയോ സഹിതം ഗ്രൂപ്പില്‍ പ്രദര്‍ശിപ്പിക്കുന്നു. തങ്ങളുടെ സമ്പാദ്യവും സമയവും തങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്നും കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കി ജീവിതം നശിപ്പിക്കാന്‍ തങ്ങളെ കിട്ടില്ലെന്നും അവര്‍ വാദിക്കുന്നു. തങ്ങള്‍ സ്വാര്‍ഥരാണെന്ന് പറയാനും അവര്‍ മടിക്കുന്നില്ല. അടിച്ചു പൊളിക്കാനുള്ളതാണ് ജീവിതമെന്ന സന്ദേശം മുമ്പും പലരും പ്രചരിപ്പിച്ചിരുന്നു. ഇന്നത് നവമാധ്യമങ്ങളില്‍ കൂടിയായതിനാല്‍ മുമ്പെത്തേക്കാളേറെ പ്രചാരവും പരസ്യവും ലഭിക്കുന്നു. തലമുറകളെ നശിപ്പിക്കുന്ന ഇത്തരത്തിലുള്ള ആശയങ്ങള്‍ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഗുണപരമായ ഒട്ടേറെ സവിശേഷതകള്‍ നിരത്തുമ്പോഴും നവമാധ്യമങ്ങള്‍ മനുഷ്യജീവിതത്തെ അപകടകരമായി സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ഏറിയും കുറഞ്ഞും  പ്രായഭേദമന്യേ ഭൂരിഭാഗം ആളുകളും ഇന്ന് നവമാധ്യമങ്ങളുടെ ഭാഗമാണ്.

ഇന്റര്‍നെറ്റിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയും ധ്രുതഗതിയിലുള്ള അതിന്റെ ലഭ്യതയും നവമാധ്യമങ്ങളുമായുള്ള നമ്മുടെ ബന്ധം വളരെയേറെ വര്‍ധിപ്പിച്ചിരിക്കുന്നു. സാധാരണക്കാരുടെ പോലും വിരല്‍തുമ്പില്‍ വൈവിധ്യമാര്‍ന്ന നവമാധ്യമ ശൃംഖലകളുണ്ട്. എല്ലാം നെറ്റ്‌വര്‍ക്കിംഗിലെ വിവിധ ഉദ്ദേശ്യങ്ങള്‍ക്കായി ഉണ്ടാക്കിയവ. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ട്വിറ്റര്‍, ലിങ്ക്ഡിന്‍, ഫേസ്‌ടൈം, ബ്ലോഗര്‍, ഫ്‌ളിക്കര്‍, ഇന്‍സ്റ്റാ ഗ്രാം, മൈ സ്‌പെയ്‌സ്, യൂടൂബ്, ഗൂഗിള്‍ പ്ലസ് തുടങ്ങി നൂറുകണക്കിന് സോഷ്യല്‍ മാധ്യമങ്ങള്‍. അതിനകത്ത് ഒട്ടേറെ ഗ്രൂപ്പുകള്‍, വിവിധ ഭാഷയിലുള്ളവ, വ്യത്യസ്ത മത- ജാതിക്കാര്‍ക്കിടയില്‍, മത-ജാതി ഭേദമന്യേയുള്ളവ, കുടുംബക്കാര്‍ മാത്രമുള്ളത്, കൂട്ടുകാര്‍ക്കിടയില്‍, കൂടെ പഠിച്ചവരുടേത്,  അയല്‍വാസികളുടേത്, കൂടെ ജോലി ചെയ്യുന്നവരുടേത്, കമ്പനിയുടെ ഗ്രൂപ്പ്,  സ്‌പോര്‍ട്‌സ് ഗെയിംസ് തുടങ്ങി സംഘടനകളുടെ, ഹ്രസ്വകാല കമ്മിറ്റികളുടെ......നീണ്ട പട്ടിക അവസാനിക്കുന്നില്ല. വിവരങ്ങളുടെ വ്യാപനകാലത്ത് എന്തിനുമേതിനും ഗൂഗിളില്‍ തിരയുന്നു. ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകളോട് ചോദ്യങ്ങള്‍ ചോദിക്കുകയും സ്വയം കണ്ടെത്തുകയും ചെയ്യുന്നു.

2016-ലെ കണക്കനുസരിച്ച് ലോകത്ത് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ മുന്നൂറ്റി അമ്പത്  കോടി (3.5 ബില്യന്‍) കവിഞ്ഞു. തൊട്ടു മുന്നത്തെ വര്‍ഷത്തേക്കാള്‍ 30 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. മൂന്നില്‍ രണ്ടു ഭാഗം (ഇരുനൂറു കോടിയിലധികം) സജീവരായ ഉപയോക്താക്കളാണെന്നും  അതില്‍ 100 കോടി ആളുകള്‍ ഏഷ്യയില്‍നിന്നുള്ള ഉപയോക്താക്കളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 അവസാനിക്കുമ്പോള്‍ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ എന്ന സ്ഥാനം അലങ്കരിക്കുന്ന ഫേസ്ബുക്കിന് 165 കോടി ഉപഭോക്താക്കളുണ്ട്. അതില്‍ നൂറു കോടിയിലധികം സജീവരാണ്. അമ്പതു ലക്ഷം പേര്‍ കച്ചവടാവശ്യാര്‍ഥം ഫേസ്ബുക്കിനെ ആശ്രയിക്കുന്നു.  യൂടൂബിനും വാട്ട്‌സ്ആപ്പിനും നൂറുകോടിയിലധികം ഉപയോക്താക്കളുണ്ട്. 420 കോടി മെസേജുകള്‍ ദിനേന വാട്ട്‌സ്ആപ്പ് വഴി അയക്കുന്നു. പത്ത് ലക്ഷം പേര്‍ ദിനേന പുതുതായി ചേരുന്നു. 300 കോടിയിലേറെ ഗ്രൂപ്പുകള്‍ നിലവിലുണ്ട്. ട്വിറ്ററിനു 30 കോടിയും ലിങ്ക്ഡിനു 43 കോടിയും ഇന്‍സ്റ്റഗ്രാമിനു 40 കോടിയും സ്‌നാപ്ച്ചാറ്റിനും പിന്‍ട്രസ്റ്റിനും 10 കോടി വീതവും ഉപയോക്താക്കളുണ്ട്. 8 കോടി ചിത്രങ്ങള്‍ ദിനംപ്രതി ഇന്‍സ്റ്റഗ്രാം വഴി അയക്കുന്നതായി കണക്കുകള്‍ പറയുന്നു.    

നമ്മുടെ നിയന്ത്രണം പോലും പടിപടിയായി നവമാധ്യമങ്ങള്‍ ഏറ്റെടുക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. പ്രത്യേകിച്ചും വാട്ട്‌സ്ആപ്പില്‍ ഗ്രൂപ്പുകളുടെ ആധിക്യം കാരണം ചിലര്‍ക്കെങ്കിലും ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യാന്‍ കഴിയാതായിരിക്കുന്നു, അല്ലെങ്കില്‍ മറ്റൊരു സമയത്തേക്ക് നീട്ടിവെക്കേണ്ടിവരുന്നു. മൊബൈല്‍ ഫോണ്‍ നമ്മുടെ ജീവിതവുമായി വല്ലാതെ ബന്ധിതമാണ്. അത്യാവശ്യ കാര്യങ്ങള്‍ എല്ലാം മൊബൈലില്‍ ലഭ്യമാകുന്നുവെന്നത് നല്ലത് തന്നെ. സമയമറിയാന്‍ വാച്ച് നോക്കുന്ന സ്വഭാവം ഇപ്പോള്‍ വളരെ വിരളമാണ്. അലാറം അടിച്ചാലുമില്ലെങ്കിലും മൊബൈല്‍ നോക്കിയിട്ടാണ് ഭൂരിപക്ഷമാളുകളും രാവിലെ എഴുന്നേല്‍ക്കുന്നത്. തീയതി അറിയാനും മൊബൈല്‍ തന്നെ ശരണം. പുതിയ തലമുറയുടെ എഴുത്തും വായനയുമൊക്കെ മൊബൈല്‍ ആപ്പുകള്‍ വഴിയാണ് നടക്കുന്നത്.  നമുക്ക് എന്തും നല്‍കുന്ന ചങ്ങാതിയാണ് കൈയിലിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍. അതില്‍ കൊളുത്തിവെച്ചിട്ടുള്ള സാമൂഹിക മാധ്യമങ്ങളാണ് നമ്മുടെ സമയം നിയന്ത്രിക്കുന്നത്. ചിലപ്പോള്‍ ഒരു സന്ദേശം മതി ഏറെ വിലപ്പെട്ട സമയം നമ്മളറിയാതെ കവരാന്‍. ചിന്തകളെ കൊത്തിവലിക്കാന്‍ യാതൊന്നുമില്ലാത്ത കേവല ചവറുകള്‍ക്കും അറുവഷളന്‍ ഹാസ്യ ക്ലിപ്പുകള്‍ കണ്ടുതീര്‍ക്കാനും നമ്മള്‍ വിനിയോഗിക്കുന്ന സമയം എത്രയാണ്!  ഈ സമയം ഉപയോഗപ്പെടുത്തിയാല്‍ ക്രിയാത്മകമായി എന്തെങ്കിലും നമുക്കു ചെയ്യാനാവില്ലേ? ആസ്വാദനവും ആനന്ദവുമൊന്നുമില്ലെങ്കിലും മൊബൈലിലേക്ക് ഒഴുകിവരുന്ന എല്ലാ ചവറുകള്‍ക്കും നാം വിലപ്പെട്ട സമയം കൊടുക്കേണ്ടതുണ്ടോ? ഒരാള്‍ രാവിലെ എഴുന്നേറ്റതുമുതല്‍ അന്ന് ഉറങ്ങുന്നതുവരെ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന അപ്ഡേറ്റുകള്‍ക്ക് വേണ്ടി എത്ര തവണ മൊബൈല്‍ അമര്‍ത്തിയിട്ടുണ്ട് എന്ന ചോദ്യം വളരെ പ്രസക്തമാണ്. 'സ്വയം നന്നാകണമെന്ന് തീരുമാനിക്കാതെ ഒരു സമൂഹത്തെയും ദൈവം നന്നാക്കുകയില്ല' എന്ന ഖുര്‍ആന്‍ വാക്യം ഇവിടെ സ്മരണീയമാകുന്നു.

വളരെ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കില്‍ നമ്മളും അതിന് അടിമകളാകും. നമ്മെ നിയന്ത്രിക്കാന്‍ നമ്മളല്ലാത്ത ഒരു ശക്തിക്ക് എങ്ങനെ സാധ്യമാവുന്നു എന്നത് പഠനവിധേയമാക്കേണ്ടതുണ്ട്. സോഷ്യല്‍ മീഡിയ ആസക്തിയില്‍നിന്ന് തിരിച്ചുവരാന്‍ ശ്രമിച്ചാല്‍ സാധ്യമാകും. സോഷ്യല്‍ മീഡിയ ജ്വരം ബാധിച്ചവര്‍ ജീവിതത്തിന്റെ ഫോക്കസ് തിരിച്ചുവെച്ചേ മതിയാകൂ. ഒരു തിരിച്ചുപോക്ക് അനിവാര്യമാണ്. അതിലൂടെ നാം  പഴഞ്ചരാവുകയല്ല, കരുത്ത് നേടുകയാണ്.  


നവമാധ്യമ ഉപയോഗത്തിനും വേണം നിയന്ത്രണം

നമ്മുടെ ലൈകും ഡിസ്‌ലൈകും സ്വരവും അപസ്വരവുമൊക്കെ (പ്രതികരണങ്ങള്‍) മറ്റുള്ളവരില്‍നിന്ന് വേറിട്ടുനില്‍ക്കുമ്പോള്‍ മാത്രമാണ് നമ്മള്‍ വ്യതിരിക്തരാവുന്നത്. പരിധിയില്ലാത്ത ഉപയോഗം തന്നെയാണ് ലോകത്തെ ഒട്ടുമിക്ക ഓഫീസുകളിലും നവമാധ്യമങ്ങള്‍ക്ക് വിലക്ക് വീഴാനുള്ള കാരണം. സ്വത്വബോധമുള്ള സമൂഹം എന്ന നിലയില്‍ നവമാധ്യമങ്ങളെ സ്വയം നിയന്ത്രിക്കുകയാണ് വേണ്ടത്. ആദ്യം അതിത്തിരി പ്രയാസമുണ്ടാക്കുമെങ്കിലും, ഫലം പ്രതീക്ഷിച്ചതിനുമപ്പുറമായിരിക്കും. വ്യത്യസ്ത വഴികള്‍ ഇതിനു നമുക്ക് സ്വീകരിക്കാവുന്നതാണ്.

സമയക്രമീകരണം: ചിട്ടപ്പെടുത്തിയ സമയത്ത് മാത്രം നവമാധ്യമങ്ങള്‍ തുറക്കുന്ന ശീലമുണ്ടായാല്‍ കുറേയൊക്കെ സോഷ്യല്‍ മീഡിയയുടെ കെണിയില്‍നിന്ന് രക്ഷ നേടാം. ജീവിതത്തില്‍ നിത്യേന ചെയ്യേണ്ട എല്ലാ സംഗതികള്‍ക്കും സമയമുണ്ടാക്കണം. അതില്‍ അല്‍പസമയം നവമാധ്യമത്തിനും കാണണം. അതിലേക്ക് ഒതുങ്ങിനില്‍ക്കാന്‍ ശീലിക്കുകയും വേണം. ചിട്ടപ്പെടുത്തിയ സമയം നീണ്ടുപോകാതിരിക്കാന്‍ ടൈമര്‍ സെറ്റ് ചെയ്യാനുള്ള സംവിധാനം ഫോണില്‍ തന്നെയുണ്ട്.     

നവമാധ്യമങ്ങളുടെ എണ്ണം ചുരുക്കുക: എല്ലാ മാധ്യമങ്ങളുടെയും കണ്ണിയാകണം എന്നതും ഒരുതരം ആസക്തിയാണ്. നമ്മുടെ  വ്യക്തി, കുടുംബ ജീവിതത്തിലും  തൊഴില്‍ മേഖലയിലും ആവശ്യമായ എണ്ണത്തില്‍ അവയെ പരിമിതപ്പെടുത്തണം. സ്മാര്‍ട്ട് ഫോണുകളുടെ കപ്പാസിറ്റി (ഒരു ഫോണില്‍ സൂക്ഷിക്കാവുന്ന പരമാവധി വിവരശേഖര വ്യാപ്തി) 2 ജിബിയില്‍നിന്ന് 256 ജിബിയിലേക്ക് വളര്‍ന്നിരിക്കുന്നു. നമ്മുടെ ഉറച്ച തീരുമാനം തന്നെയാകും മാധ്യമങ്ങളുടെ എണ്ണത്തിലും കണ്ണി ചേര്‍ക്കലുകളിലുമുണ്ടാകുന്ന നിയന്ത്രണം.   

കിട്ടുന്നതൊക്കെയും തട്ടുന്നവര്‍: ഭൂരിഭാഗം ആളുകളുടെയും റോള്‍ ഫോര്‍വേഡറുടേത് മാത്രമാണ്. കിട്ടുന്നതെല്ലാം മറ്റുള്ളവരിലേക്ക് തട്ടുകയെന്നതാണ് അവരുടെ മുദ്ര. ഇവരെ പ്രത്യേകം സൂക്ഷിക്കണം.  അതുവഴി പലരും നിരന്തരം ശല്യം ചെയ്യുന്നവരായി മാറുകയാണ്. ആ റോള്‍ നമുക്ക് വേ. സമയം നമ്മുടേതും മറ്റുള്ളവരുടേതും വളരെ പ്രധാനപ്പെട്ടതാണെന്ന തിരിച്ചറിവ് ഉണ്ടാകണം. മൂന്നു വട്ടം ആലോചിച്ചുറപ്പിച്ച് മാത്രം മെസേജുകള്‍ ഫോര്‍വേഡ് ചെയ്യുക. ചിലപ്പോള്‍ അയക്കുന്ന സന്ദേശത്തിന്റെയോ ക്ലിപ്പുകളുടെയോ യാതൊരു ഉറവിടവുമറിയാതെ നമ്മള്‍ അയക്കുമ്പോള്‍ അത് സമയം മാത്രമല്ല ചിലരുടെ ജീവിതം വരെ അപകടത്തിലാക്കാനിടയുണ്ട്. സ്വന്തം അമ്മയുടെ മരണം വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയാനിടയായ ഒരു സംഭവം ഈയിടെ വായിക്കുകയുണ്ടായി.

നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്യുക:  ഈ  ഓപ്ഷന്‍ എല്ലാ നവമാധ്യമങ്ങള്‍ക്കുമുണ്ട്. അത് ഉപയോഗപ്പെടുത്തുക. ഒരു ബീപ്പ് സ്വരം മതി നമ്മെ ചിന്തയില്‍നിന്ന് വ്യതിചലിക്കാന്‍, വാഹനമോടിക്കുന്ന ഒരാള്‍ക്ക് ഒരപകടം വരുത്തിവെക്കാന്‍, ഒരു മീറ്റിംഗില്‍ പ്രധാന ആശയം നഷ്ടപ്പെട്ടുപോകാന്‍, നോട്ടിഫിക്കേഷനും അതിന്റെ സ്വരവും വേണ്ട എന്നത് ധീരമായ തീരുമാനമാകും. അല്ലെങ്കിലും എല്ലാ ചവറുകളും അടിഞ്ഞു കൂടുന്നത് നമ്മളെന്തിനു അറിയണം?

മ്യൂട്ട് ആക്കുക: മ്യൂട്ട് ഓഫ് ചെയ്യുന്നതോടുകൂടി ഭൂരിഭാഗം ശല്യവും കുറയും. ഗ്രൂപ്പുകളുടെ ആധിക്യകാലത്ത് എല്ലാ ഗ്രൂപ്പുകളെയും മ്യൂട്ട് ആക്കുകയാണെങ്കില്‍ നമ്മുടെ സമയം കവരാന്‍ ആര്‍ക്കും സാധ്യമല്ലാത്ത വിധമുള്ള നിയന്ത്രണമാകും.

മറുപടി ചുരുക്കുക: പ്രതികരിക്കണമെന്നുള്ളവര്‍ സംക്ഷിപ്തമായി കാര്യം പറയുക. രണ്ടു പേര്‍ തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ക്ക് ഗ്രൂപ്പില്‍നിന്ന് മാറി സ്വന്തം ചാറ്റ് ബോക്‌സിലേക്ക് കടക്കുക. നെടുങ്കന്‍ പ്രഭാഷണത്തിനു പകരം ആവശ്യമെങ്കില്‍ പ്രതികരണങ്ങള്‍ക്ക് ഇമേജിയിലെ സ്‌മൈലികള്‍ (ഫീലിംഗ് സിംബലുകളും) ഉപയോഗിക്കാവുന്നതാണ്.

അരിച്ചുമാറ്റുക: സംസ്‌കരണം എല്ലാ രീതിയിലും നന്മയാണ്. നവ മാധ്യമങ്ങളിലും  ഇടക്കിടെ അരിച്ചുമാറ്റുന്നത് നന്നാവും. നമ്മുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിഘ്നമാവുകയാണെങ്കില്‍ അത്തരം കണ്ണികള്‍ നീക്കുക. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ ഈ മേഖലയില്‍ പ്രത്യേകം ശ്രദ്ധിക്കണം. പല രീതിയില്‍ ചൂഷണങ്ങള്‍ക്ക് സാധ്യതയുള്ള കാലത്താണ് നാം ജീവിക്കുന്നത്. ആവശ്യമില്ലാത്തവരെ ഒഴിവാക്കുകയും ബുദ്ധിമുട്ടിക്കുന്നവരെ ബ്ലോക്ക് ചെയ്യുകയും റിപ്പോര്‍ട്ട് ചെയ്യുകയും വേണം.

ബ്ലോക്കിംഗ് ആപ്പുകള്‍: ഓഫീസുകളില്‍ തൊഴിലാളികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് തടയാനാണ് സാധാരണയായി ബ്ലോക്കിംഗ് ആപ്പുകള്‍  ഉപയോഗിക്കുന്നത്. തങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ഇപ്പോള്‍ രക്ഷിതാക്കളും ഈ ആപ്പുകള്‍ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ക്രോസ് പ്ലാറ്റ്‌ഫോം ബ്ലോക്കര്‍ പോലുള്ള ഒട്ടേറെ ആപ്പുകള്‍ ആന്‍ഡ്രോയിഡ്, ആപ്പിള്‍ സ്റ്റോറുകളില്‍ ലഭ്യമാണ്.

ലിങ്ക്ഡ് ഗ്രൂപ്പുകള്‍ ഒഴിവാക്കുക: വാട്ട്‌സ്ആപ്പ് പോലുള്ളവയുടെ ഗ്രൂപ്പുകളില്‍ ചേരാന്‍ ഇപ്പോള്‍ ലിങ്ക് അമര്‍ത്തുകയേ വേണ്ടൂ. പരമാവധി ഇത് ഒഴിവാക്കുക. ചതിയില്‍ അകപ്പെടുത്താന്‍ ഏറ്റവും എളുപ്പമാണ് ഇത്തരത്തിലുള്ള ലിങ്കുകള്‍. മതത്തിന്റെ സംരക്ഷകരുടെ കുപ്പായമണിഞ്ഞും പാര്‍ട്ടികളുടെ പേരുകളിലുമൊക്കെ ഗ്രൂപ്പുകള്‍ ലിങ്കുകളായി വരുമ്പോള്‍ നമ്മളറിയാതെ നാം ചൂഷണം ചെയ്യപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

നിരന്തര ബോധവത്കരണം: പഠനകാലത്ത് കുട്ടികളുടെ ശ്രദ്ധ തിരിക്കാന്‍ നവമാധ്യമങ്ങള്‍ക്ക് പെട്ടെന്ന് സാധിക്കുമെന്നതിനാല്‍ യഥേഷ്ടം ഉപയോഗിക്കാനായി സ്മാര്‍ട്ട് ഫോണ്‍ നല്‍കാതിരിക്കുക. അതേസമയം കുട്ടികളെ എല്ലാ നവമാധ്യമങ്ങളില്‍നിന്നും വിലക്കുന്നത് വിപരീതഫലമാണുാക്കുക. പകരം നമ്മുടെ നിയന്ത്രണത്തില്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയും ദോഷഫലങ്ങളെക്കുറിച്ച് നിരന്തരം അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക.

കുട്ടികളില്‍, പ്രത്യേകിച്ച് യുവാക്കളിലാണ് കൂടുതല്‍ സോഷ്യല്‍ മീഡിയാ ജ്വരം കണ്ടുവരുന്നത്. അവരുടെ ക്രിയാശേഷി സ്മാര്‍ട്ട് ഫോണില്‍ കുരുങ്ങി നഷ്ടപ്പെടുത്താവതല്ല. സ്മാര്‍ട്ട് ഫോണ്‍ കിട്ടിയാല്‍ ചെറിയ കുട്ടികള്‍ കാര്‍ട്ടൂണിലും മുതിര്‍ന്ന കുട്ടികളും യുവാക്കളും സോഷ്യല്‍ മീഡിയയിലും സമയം ചെലവഴിക്കുന്നു. നിയന്ത്രണമില്ലെങ്കില്‍ മണിക്കൂറുകള്‍ മാത്രമല്ല ദിവസം മുഴുവനും അതില്‍ കഴിച്ചുകൂട്ടുന്നു. അതിലവരുടെ ആരോഗ്യവും സമയവുമെല്ലാം ഒരുപോലെ നഷ്ടപ്പെടുന്നു.  കണ്ണ്, കഴുത്ത്, ഇടുപ്പ് സംബന്ധമായ ഒട്ടേറെ രോഗങ്ങള്‍, കൂടുതല്‍ സമയം ഫോണ്‍ സ്‌ക്രീനില്‍ ചെലവഴിക്കുന്നവരില്‍ കണ്ടുവരുന്നുണ്ടെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. അനുവദിച്ച സമയം ആരോഗ്യകരമായ മേഖലയില്‍ മാത്രം ചെലവഴിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (96-104)
എ.വൈ.ആര്‍

ഹദീസ്‌

ആ പുണ്യ മാസമിതാ....
കെ.സി ജലീല്‍ പുളിക്കല്‍