Prabodhanm Weekly

Pages

Search

2017 മെയ് 26

3003

1438 ശഅ്ബാന്‍ 29

അനന്തരാവകാശ സ്വത്ത് വീതിക്കുന്നതില്‍ കാലതാമസം

ഇല്‍യാസ് മൗലവി

മരണപ്പെട്ട വ്യക്തിയുടെ അനന്തരസ്വത്ത് വീതം വെക്കേണ്ടത് എപ്പോഴാണ്? വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിസ്സാരകാരണങ്ങളാല്‍ സ്വത്ത് ഓഹരിവെക്കാത്ത പല കുടുംബങ്ങളെയും കാണാം. ഇത് ഇസ്ലാമികമായി ശരിയാണോ? ഉപ്പ മരിക്കുകയും ഉമ്മ ജീവിച്ചിരിക്കുകയും ചെയ്യുന്ന മക്കള്‍, ഉമ്മയുടെ കാലശേഷം മതി ഓഹരിവെക്കല്‍ എന്ന് തീരുമാനിക്കുന്നു. അതുവഴി ജീവിതകാലത്ത്  ഉമ്മക്ക് കിട്ടേണ്ട സ്വത്ത്  കിട്ടാതാവുന്ന അവസ്ഥ ഉണ്ടാകുന്നു. ഇത് ശരിയാണോ? സ്വത്ത് ഓഹരിവെക്കുമ്പോള്‍ പൊതുവില്‍ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍ എന്തൊക്കെയാണ്?

ഒരാള്‍ മരിക്കുന്നതോടെ അയാളുടെ ജനാസ സംസ്‌കരണ ചെലവുകള്‍, കടം വീട്ടാനുള്ളത്, വസ്വിയ്യത്ത് ചെയ്തത് എന്നിങ്ങനെ മൂന്ന് കാര്യങ്ങള്‍ മാറ്റിനിര്‍ത്തി ബാക്കിയുള്ളത് അനന്തരാവകാശികളായി ആരൊക്കെയുണ്ടോ അവര്‍ക്കെല്ലാവര്‍ക്കും അവകാശമുള്ള സ്വത്തായി മാറിക്കഴിഞ്ഞു. അത് എത്രയും പെട്ടെന്ന് അവകാശികള്‍ക്ക് വീതിച്ചുനല്‍കല്‍ നിര്‍ബന്ധമായ കടമയാണ്. കുടുംബത്തിലെ മുതിര്‍ന്നവരും കാരണവന്മാരും അതത് പ്രദേശത്തെ പണ്ഡിതന്മാരും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടതാണ്. പക്ഷേ അനന്തരാവകാശം യഥാസമയം വീതിക്കുന്നതില്‍ അക്ഷന്തവ്യമായ വീഴ്ചയാണ് പലരും വരുത്തിക്കൊണ്ടിരിക്കുന്നത്.

വര്‍ഷങ്ങളായിട്ടും ചിലര്‍  മാത്രമാണ് അനന്തരസ്വത്ത് അനുഭവിച്ചതെങ്കില്‍, തന്റെ ഓഹരി കഴിച്ച് ബാക്കി മറ്റുള്ളവരുടേതാകയാല്‍, അവരുടെ സമ്മതമോ തൃപ്തിയോ ഇല്ലാതെയാണതെങ്കില്‍, ഹറാമായ പ്രവൃത്തിയാണ് താന്‍ ചെയ്യുന്നതെന്ന് അത്തരക്കാര്‍  മനസ്സിലാക്കണം. അല്ലാഹുവിന്റെ റസൂല്‍ അരുളി: ''മനപ്പൊരുത്തത്തോടു കൂടിയല്ലാതെ ഒരു മുസ്‌ലിമിന്റെയും മുതല്‍ ഹലാലാവുകയില്ല'' (ബൈഹഖി: 5105, അല്‍ബാനി സ്വഹീഹാണെന്ന് രേഖപ്പെടുത്തിയ ഹദീസ്).

മാതാവിന് തന്റെ മരിച്ചുപോയ ഭര്‍ത്താവിന്റെ സ്വത്തിന്റെ എട്ടിലൊന്ന് സ്ഥിരപ്പെട്ട അവകാശമാണ്. അതവരുടെ കൈവശം വരേണ്ടതും അതിനുള്ള സാവകാശം അവര്‍ക്ക് ലഭിക്കേണ്ടതുമാണ്. എന്നാല്‍, അതിനൊന്നും അവസരം ലഭിക്കാതെ അവര്‍ മരണപ്പെടാന്‍ ഇടയാകുന്നു. അങ്ങനെയൊരു മുതല്‍ തന്റെയവകാശമായി ഉണ്ട് എന്നു പോലും ഒരുവേള അവര്‍ മനസ്സിലാക്കിയിട്ടുണ്ടായിരിക്കില്ല. ഇനി ആ എട്ടിലൊന്നും വീതം വെക്കേണ്ടിവരും. വീതം വെക്കുന്ന നേരത്ത് അവകാശികള്‍ ജീവിച്ചിരിപ്പില്ല എന്നത് അവര്‍ക്ക് സ്ഥിരപ്പെട്ട അവകാശം ഇല്ലാതാക്കുകയില്ല.

നമ്മുടെ സദ്‌വൃത്തരായ മുന്‍ഗാമികളില്‍ പെടുന്ന ഒരു വനിതയെക്കുറിച്ച് ഒരു സംഭവം ഉദ്ധരിക്കപ്പെടുന്നു്. തന്റെ ഭര്‍ത്താവ് മരിച്ചുപോയതായി അവര്‍ക്ക് വിവരം കിട്ടി. റൊട്ടിയുണ്ടാക്കാനായി ധാന്യപ്പൊടി കുഴച്ചുകൊണ്ടിരുന്ന ആ വനിത പെട്ടെന്ന് തന്നെ അതില്‍നിന്ന് കൈയെടുത്തു. എന്നിട്ട് ഇങ്ങനെ ആത്മഗതം ചെയ്തു: ''എന്റെ ഭര്‍ത്താവ് ജീവിച്ചിരിക്കെ ഈ ധാന്യപ്പൊടി ഇഷ്ടാനുസാരം ഉപയോഗിക്കാന്‍ ഭാര്യയെന്ന നിലക്ക് എനിക്ക് അവകാശമുണ്ടായിരുന്നു. എന്നാലീ നിമിഷം മുതല്‍ ആ ധാന്യപ്പൊടി എന്നെ കൂടാതെ മറ്റു ചിലര്‍ക്കു കൂടി അവകാശമുള്ളതായിത്തീര്‍ന്നിരിക്കുന്നു.'' നോക്കൂ, അനന്തരസ്വത്തില്‍ അവര്‍ വെച്ചുപുലര്‍ത്തിയ ജാഗ്രത!

ഇസ്‌ലാമികദൃഷ്ട്യാ സമ്പത്തിന്റെ യഥാര്‍ഥ ഉടമ അല്ലാഹുവാണ്. തല്‍ക്കാലം അത് കൈകാര്യം ചെയ്യാനുള്ള അവകാശമേ മനുഷ്യനുള്ളൂ. അവന്‍ മരിക്കുന്നതോടെ ആ അവകാശം യഥാര്‍ഥ ഉടമയായ അല്ലാഹുവിലേക്ക് നീങ്ങും, ശേഷം ആ സമ്പത്ത് ആര്‍ക്ക്, എങ്ങനെ, എത്ര അളവില്‍ എന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയിരിക്കെ അത് ആ അവകാശികളുടേതായിക്കഴിഞ്ഞു. പിന്നെ മറ്റാര്‍ക്കും അതില്‍ അവകാശമില്ല. വീതിക്കാന്‍ വൈകുന്നതിനനുസരിച്ച് യഥാര്‍ഥ അവകാശികളുടെ മുതല്‍ അര്‍ഹരല്ലാത്തവര്‍ അനുഭവിക്കുക എന്നതാവും ഫലം. അവരുടെ മനഃസംതൃപ്തിയില്ലാതെയാണ് ഈ വൈകലെങ്കില്‍ സ്വര്‍ഗപ്രവേശത്തിനു വരെ തടസ്സമാവാന്‍ അത് കാരണമാവും.

അനന്തരാവകാശം മാത്രമല്ല, ഏതൊരു അവകാശവും അതിന്റെ അവകാശിക്ക് വകവെച്ചുകൊടുക്കല്‍ അനിവാര്യമായ നിര്‍ബന്ധ ബാധ്യതയായിട്ടാണ് ഇസ്ലാം പഠിപ്പിക്കുന്നത്. 'അവകാശികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നിങ്ങള്‍ വകവെച്ചുകൊടുക്കുക' എന്ന് നബി(സ) പല സന്ദര്‍ഭങ്ങളിലും സ്വഹാബിമാരെ ഉണര്‍ത്തിയിട്ടുണ്ട്.

അനന്തരാവകാശികള്‍ ആരൊക്കെയാണെന്നും അവര്‍ ഓരോരുത്തര്‍ക്കുമുള്ള ഓഹരി എത്രയാണെന്നും വിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഏതൊരു വ്യക്തിയും മരണപ്പെടുന്നതോടുകൂടി ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞിട്ടുള്ള അനന്തരാവകാശികള്‍ അയാളുടെ സ്വത്തിന്റെ അവകാശികളായി മാറുകയാണ്. അഥവാ ഒരു പിതാവ് മരണപ്പെടുമ്പോള്‍ ആ പിതാവിന്റെ ഭാര്യയും അദ്ദേഹത്തിന്റെ ആണും പെണ്ണും ഉള്‍പ്പെടെയുള്ള സന്താനങ്ങളും അദ്ദേഹത്തിന്റെ സ്വത്തിന്റെ അവകാശികളായി മാറുന്നു. ഇവര്‍ക്ക് അവകാശം നല്‍കുന്നത് ഒരിക്കലും പുരുഷന്മാരല്ല. അങ്ങനെയൊരു തെറ്റിദ്ധാരണ പൊതുവെ നിലനില്‍ക്കുന്നുണ്ട്. പിതാവ് മരണപ്പെട്ടാല്‍ ആ കുടുംബത്തിലെ മുതിര്‍ന്ന ആണ്‍മക്കളോ പുരുഷന്മാരോ ആണ് സ്വത്ത് വീതം വെക്കേണ്ടത് എന്നത് തെറ്റിദ്ധാരണ മാത്രമാണ്.

ഒരാള്‍ മരണപ്പെടുന്നതോടുകൂടി അയാളുടെ സ്വത്തില്‍ മൂന്ന് തരം അവകാശികളുണ്ടാവും. ജീവിച്ചിരുന്ന കാലത്ത് അയാള്‍ ആരുടെയെങ്കിലും അടുക്കല്‍നിന്ന് കടം വാങ്ങിയിട്ടുണ്ടെങ്കില്‍ ആ കടം തിരിച്ചുകിട്ടാനുള്ളവരാണ് ഒന്നാമത്തെ വിഭാഗം. ആര്‍ക്കെങ്കിലും വസ്വിയ്യത്ത് നല്‍കിയിട്ടുങ്കെില്‍ അവരാണ് രണ്ടാമത്തെ വിഭാഗം. അനന്തരാവകാശത്തെ കുറിച്ച് പറയുന്നിടത്ത്, 'അവരുടെ വസ്വിയ്യത്തുകള്‍ പൂര്‍ത്തീകരിക്കുകയും കടങ്ങള്‍ വീട്ടുകയും ചെയ്തശേഷം' എന്ന് വിശുദ്ധ ഖുര്‍ആന്‍ (അന്നിസാഅ് 12) വ്യക്തമായി പറയുന്നുണ്ട്. ഒരാള്‍ വിട്ടേച്ചുപോകുന്ന സ്വത്തില്‍നിന്ന് കടവും വസ്വിയ്യത്തും പൂര്‍ത്തീകരിച്ച ശേഷം അവശേഷിക്കുന്നത് അനന്തരാവകാശികള്‍ക്കുള്ളതാണ്. അത് ആരെങ്കിലും കനിഞ്ഞു നല്‍കുന്നതോ ആരുടെയെങ്കിലും ഔദാര്യമോ അല്ല, മറിച്ച് അല്ലാഹു കൃത്യമായി നിശ്ചയിച്ചിട്ടുള്ള അനന്തരാവകാശമാണ്.

നാളെ അല്ലാഹുവിന്റെ മുന്നില്‍ ചോദ്യം ചെയ്യപ്പെടുന്ന ഒരു കാര്യമാണ് എന്ന ബോധ്യത്തോടെയായിരിക്കണം ഇതിനെ സമീപിക്കേണ്ടത്. മറ്റൊരാളുടെ അവകാശം അയാള്‍ തൃപ്തിയോടെ നല്‍കിയാലല്ലാതെ അനുവദനീയമാവുകയില്ല. 'അല്ലയോ വിശ്വസിച്ചവരേ, നിങ്ങളുടെ മുതലുകള്‍ നിഷിദ്ധ മാര്‍ഗങ്ങളിലൂടെ പരസ്പരം തിന്നാതിരിക്കുക' എന്ന വിശുദ്ധ ഖുര്‍ആന്റെ താക്കീതും (അന്നിസാഅ് 29) ഹറാമായ സമ്പത്തിലൂടെ വളര്‍ന്ന മാംസം ഒരിക്കലും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്ന പ്രവാചകന്റെ(സ) മുന്നറിയിപ്പും നമ്മുടെ ഓര്‍മയിലുണ്ടാവണം. അതുകൊണ്ട് ഏറ്റവും നീതിയുക്തമായ വീതംവെപ്പാണ് നടത്തേണ്ടത്. 

 

മയ്യിത്ത് കാണല്‍ പുണ്യകര്‍മമാണോ?

സ്ത്രീകള്‍ മഹ്റമല്ലാത്ത പുരുഷന്റെ മയ്യിത്തും പുരുഷന്മാര്‍ മഹ്റമല്ലാത്ത സ്ത്രീകളുടെ മയ്യിത്തും കാണാന്‍ പാടില്ലെന്ന് ചിലര്‍ പറയുന്നു. ജീവിതകാലത്ത് ഇസ്ലാമിക പരിധികള്‍ പാലിച്ചുകൊണ്ടുതന്നെ മക്കളെപ്പോലെയോ സഹോദരങ്ങളെപ്പോലെയോ അയല്‍വാസികള്‍ എന്ന നിലയിലോ ഇടപെട്ടവരാണ് മരണത്തോടെ ഇവ്വിധം തടയപ്പെടുന്നത്. ഇങ്ങനെ മയ്യിത്ത് കാണാന്‍ പാടില്ല എന്ന് ദീനില്‍ നിയമമുണ്ടോ? 

മയ്യിത്ത് കാണുക. അതു കാണിക്കുക, അതിനായി ആളെ ഏര്‍പ്പാടാക്കുക, മയ്യിത്ത് കണ്ടവര്‍ തിരിച്ചുപോരുക. ഈയൊരു സമ്പ്രദായമാണ് നമ്മുടെ നാട്ടില്‍ തുടര്‍ന്നുവരുന്നത്. മയ്യിത്ത് കാണിക്കുക എന്ന സമ്പ്രദായം പൂര്‍വികരില്‍ നമുക്ക് കാണാന്‍ കഴിയില്ല. ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന രീതിയനുസരിച്ച്, മയ്യിത്തിന്റെ തലഭാഗത്ത് രണ്ടോ മൂന്നോ പേര്‍ ഇരിക്കും. അവരാണ് കാണാന്‍ വരുന്നവര്‍ക്ക് മയ്യിത്തിന്റെ മുഖത്തുള്ള തുണി നീക്കി മുഖം കാണിച്ചുകൊടുക്കുക. വന്നവരെല്ലാം കാണുന്നു, കണ്ടു പോവുന്നു, വലിയൊരു പുണ്യം സമ്പാദിച്ചതിന്റെ നിര്‍വൃതിയോടെ! നമസ്‌കാരത്തിനോ ഖബ്‌റടക്കത്തിനോ കാത്തുനില്‍ക്കാതെ.

മയ്യിത്ത് കാണല്‍ സുന്നത്തോ പുണ്യകര്‍മമോ ഒന്നുമല്ല. തിരുനബി(സ) വഫാത്തായി കിടക്കുമ്പോള്‍ പൂര്‍ണമായി ഒരു തുണികൊണ്ട് മൂടിയിട്ടതായി ഹദീസ് വ്യക്തമാക്കുന്നു. എന്നിട്ടാണ് ചില സാധാരണക്കാര്‍ മയ്യിത്ത് കുളിപ്പിച്ച ശേഷവും 'ഇനിയാരാ കാണാനുള്ളത്, വേഗം വരീന്‍' എന്ന് വിളിച്ചു ചോദിക്കുന്നത്. പ്രവാചകനോ സ്വഹാബിമാരോ പരേതന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതായോ, മുഖം കാണാന്‍ അവസരം നല്‍കിയതായോ തെളിയിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല.

മൃതദേഹത്തെ ആര്‍ക്കെല്ലാം കാണാം എന്നതാണ് അടുത്ത പ്രശ്നം. അമുസ്ലിംകളോ സ്ത്രീകളോ മൃതദേഹം കാണരുത് എന്ന് തെളിയിക്കുന്ന സ്ഥിരപ്പെട്ട പ്രമാണങ്ങള്‍ ലഭ്യമല്ല. അതിനാല്‍തന്നെ, ജീവിച്ചിരിക്കുന്ന കാലത്ത് പരസ്പരം കാണല്‍ അനുവദനീയമായ എല്ലാവര്‍ക്കും മരണശേഷവും സന്ദര്‍ശിക്കാവുന്നതാണ്. മാത്രമല്ല, ജീവിച്ചിരിക്കുന്നവര്‍ പരസ്പരം കാണുന്ന വിഷയത്തില്‍ ഉയര്‍ന്നുവരുന്ന ആശങ്കയോ പ്രശ്നമോ ഫിത്നയോ മൃതദേഹത്തെ കാണുമ്പോള്‍ ഇല്ല എന്നതും ഇതിനോട് ചേര്‍ത്ത് മനസ്സിലാക്കേണ്ടതാണ്.

ഇത്തരം വിഷയങ്ങളില്‍, ജീവിച്ചിരിക്കുന്നവരുടെ കാര്യത്തില്‍ പിന്തുടരുന്ന അതേ നിയമങ്ങള്‍ തന്നെയാണ് മരിച്ചു കഴിഞ്ഞാലും പാലിക്കേണ്ടത്. മയ്യിത്തിന്റെ മുഖം കാണുക എന്നത് ഇസ്ലാമില്‍ സുന്നത്തുള്ള കാര്യമല്ല. മയ്യിത്തിനോട് മറ്റുള്ളവര്‍ കാണിക്കേണ്ട വാജിബാത്തുകളില്‍ അത് പെടുകയുമില്ല. അറിയപ്പെട്ട ഒരു മദ്ഹബിലും അങ്ങനെ പറഞ്ഞതായും കാണുന്നില്ല. അത് മയ്യിത്ത് സംസ്‌കരണത്തിന്റെ ഭാഗവുമല്ല. എന്നാല്‍, ഭാര്യാ-സന്താനങ്ങള്‍, ബന്ധുമിത്രാദികള്‍, അനുയായികള്‍, ശിഷ്യന്മാര്‍ തുടങ്ങി പരേതനുമായി അടുത്ത ബന്ധം പുലര്‍ത്തിയവര്‍ക്ക് മയ്യിത്തിനെ അവസാനമായി ഒന്നു കാണുക എന്നത് ഉല്‍ക്കടമായ അഭിലാഷമായിരിക്കും. അതിനെ ഇസ്ലാം വിലക്കിയിട്ടുമില്ല. നബി(സ) വഫാത്തായപ്പോള്‍ അബൂബക്ര്‍ (റ) നബിയുടെ മയ്യിത്ത് കാണാനായി വരികയും തിരുമുഖത്ത് ചുംബനമര്‍പ്പിക്കുകയും 'ജീവിച്ചിരുന്നപ്പോഴും മരണപ്പെട്ടപ്പോഴും അങ്ങ് എത്ര പ്രസന്നവദനന്‍' എന്ന് പറയുകയും ചെയ്തതായി ഹദീസ്  ഗ്രന്ഥങ്ങളില്‍ കാണാം. 'കഫന്‍ ചെയ്യപ്പെട്ടതിനു ശേഷം മൃതദേഹത്തെ സന്ദര്‍ശിക്കല്‍' എന്ന തലക്കെട്ടിനു കീഴില്‍ ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഇപ്രകാരം വിശദീകരിക്കുന്നു: ''ആഇശ (റ) പറയുന്നു: അബൂബക്ര്‍ (റ) സന്‍ഹി (പ്രദേശത്തിന്റെ നാമം)ലുള്ള തന്റെ വീട്ടില്‍നിന്ന് കുതിരപ്പുറത്ത് വന്നു പള്ളിയില്‍ പ്രവേശിച്ചു. ജനങ്ങളോട് സംസാരിക്കാതെ അദ്ദേഹം നേരെ തന്റെ അടുത്തേക്ക് വന്നു, പ്രവാചകനെ ഉദ്ദേശിച്ച്. പ്രവാചകന്‍ (സ) ഒരു തരം യമനീ വസ്ത്രം കൊണ്ട് മൂടപ്പെട്ട നിലയിലായിരുന്നു. അബൂബക്ര്‍ (റ) മുഖത്തുനിന്ന് വസ്ത്രം നീക്കി പ്രവാചകനെ ചുംബിക്കുകയും കരയുകയും ചെയ്തു'' (ബുഖാരി 3157).

മേല്‍സൂചിപ്പിച്ച റിപ്പോര്‍ട്ടില്‍ അബൂബക്ര്‍ (റ) പ്രവാചകന്റെ മുഖം ദര്‍ശിച്ചതായും, അദ്ദേഹത്തെ ചുംബിച്ചതായും വിശദീകരിക്കപ്പെട്ടിരിക്കുന്നു. പ്രവാചകന്റെ കര്‍മമോ, അനുവാദമോ അല്ല പ്രസ്തുത റിപ്പോര്‍ട്ടിലുള്ളതെങ്കില്‍ പോലും വിലക്കപ്പെട്ട കാര്യമായിരുന്നുവെങ്കില്‍ അബൂബക്ര്‍ (റ) അപ്രകാരം ചെയ്യുമായിരുന്നില്ല എന്നും, അദ്ദേഹത്തിന്റെ പ്രവൃത്തി അനുചിതമായിരുന്നുവെങ്കില്‍ മറ്റു സ്വഹാബിമാര്‍ അത് വിലക്കുമായിരുന്നുവെന്നുമാണ് മനസ്സിലാക്കപ്പെടുന്നത്.

ജാബിര്‍ (റ) പറയുന്നു: ''എന്റെ പിതാവ് കൊല്ലപ്പെട്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തുനിന്ന് വസ്ത്രം നീക്കുകയും കരയുകയും ചെയ്തു. അവര്‍ (സ്വഹാബിമാര്‍) എന്നെ അതില്‍നിന്നും വിലക്കി. എന്നാല്‍ പ്രവാചകന്‍ (സ) എന്നെ വിലക്കുകയുണ്ടായില്ല'' (ബുഖാരി 1187).

ആഇശ(റ)യില്‍നിന്ന് തന്നെയുള്ള മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: ''ഉസ്മാനുബ്‌നു മള്ഊന്‍ മരണപ്പെട്ടതിനു ശേഷം പ്രവാചകന്‍ അദ്ദേഹത്തെ ചുംബിക്കുന്നതായി ഞാന്‍ കണ്ടു. അവിടുന്ന് കണ്ണുനീര്‍ ഒഴുക്കുന്നുണ്ടായിരുന്നു.'' 

മേലുദ്ധരിച്ച പ്രമാണങ്ങളില്‍നിന്നും മൃതദേഹത്തിന്റെ ബന്ധുക്കള്‍ക്ക് പ്രയാസമോ വിയോജിപ്പോ ഇല്ലാത്ത പക്ഷം മൃതദേഹം കാണുന്നതിനോ ചുംബിക്കുന്നതിനോ ഇസ്‌ലാം വിലക്കേര്‍പ്പെടുത്തിയിട്ടില്ല എന്ന് മനസ്സിലാക്കാം. 

 

അടുത്ത ബന്ധുക്കളോ പരിചയക്കാരോ അല്ലാത്തവരുടെ മയ്യിത്ത് കാണാന്‍ വേണ്ടി പലരും തിക്കും തിരക്കും കൂട്ടുന്നത് പലയിടത്തും പതിവു കാഴ്ചയാണ്. പുരുഷന്മാരുടെ മയ്യിത്ത് കാണാന്‍ സ്ത്രീകളും നേരെ തിരിച്ചും ഇങ്ങനെ ക്യൂ നില്‍ക്കുന്നത് കാണാറുണ്ട്. അന്യ സ്ത്രീ-പുരുഷന്മാരുടെ മയ്യിത്ത് കാണല്‍ ഇസ്ലാമികമാണോ?

ഇന്ന് പല പ്രദേശങ്ങളിലും കണ്ടുവരുന്ന പ്രവണതയാണ് മയ്യിത്ത് കാണാന്‍ വേണ്ടി ക്യൂ നില്‍ക്കുക എന്നത്. അന്യയായ സ്ത്രീയുടെ മയ്യിത്ത് കാണാന്‍ പുരുഷന്മാര്‍ തിരക്ക് കൂട്ടുന്നതും, അന്യപുരുഷന്റെ മയ്യിത്ത് കാണാന്‍ സ്ത്രീകള്‍ അണിയായി നില്‍ക്കുന്നതും തികച്ചും നിരുത്സാഹപ്പെടുത്തപ്പെടേണ്ട കാര്യമാണ്. ഇസ്ലാം നിര്‍ദേശിച്ച ജനാസ സംസ്‌കരണത്തില്‍പെട്ട കാര്യമാണ് ഇവയെല്ലാം എന്നായിരിക്കാം പരേതന്റെ/പരേതയുടെ സാധാരണക്കാരായ ബന്ധുക്കള്‍ ഒരുപക്ഷേ വിചാരിക്കുന്നുണ്ടാവുക. തിക്കിലും തിരക്കിലും പ്രയാസപ്പെടുന്ന പലരും മരണവീടിന്റെയും ശോകമൂകമായ അന്തരീക്ഷത്തിന്റെയും ഗൗരവം പരിഗണിച്ച് തങ്ങളുടെ അമര്‍ഷവും നീരസവും ഉള്ളിലൊതുക്കി മിണ്ടാതിരിക്കുകയുമാവാം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (96-104)
എ.വൈ.ആര്‍

ഹദീസ്‌

ആ പുണ്യ മാസമിതാ....
കെ.സി ജലീല്‍ പുളിക്കല്‍