Prabodhanm Weekly

Pages

Search

2017 മെയ് 26

3003

1438 ശഅ്ബാന്‍ 29

വ്രതാനുഷ്ഠാനം: ആത്മീയത, ആരോഗ്യം

എം.വി മുഹമ്മദ് സലീം

ലോകത്ത് നൂറ്റിയറുപത് കോടിയിലേറെ മുസ്‌ലിംകള്‍ വിശുദ്ധ റമദാനിനെ സ്വാഗതം ചെയ്യാന്‍ തയാറെടുത്തുകൊണ്ടിരിക്കുന്നു. ആത്മവിശുദ്ധിയാണ് വ്രതത്തിലൂടെ ലക്ഷ്യമിടുന്നത്. വിശുദ്ധ ഖുര്‍ആന്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമായി പ്രഖ്യാപിക്കുന്ന ആദ്യ വചനത്തില്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞത് കാണാം: ''വിശ്വാസികളേ, മുമ്പുള്ളവര്‍ക്കെന്ന പോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്ധമാണ്. നിങ്ങള്‍ ജീവിത വിശുദ്ധി നേടാന്‍'' (2:183).

നോമ്പനുഷ്ഠിക്കുമ്പോള്‍ എങ്ങനെ ആത്മവിശുദ്ധി നേടാനാവുന്നുവെന്നത് ധാരാളം ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതേറ്റം പ്രധാനപ്പെട്ടതുമാണ്. എന്നാല്‍ വ്രതാനുഷ്ഠാനം യഥാവിധി നിര്‍വഹിക്കുന്നവര്‍ക്ക് ലഭിക്കുന്ന സല്‍ഫലങ്ങള്‍ അനേകമാണ്. 

മനസ്സിനും ശരീരത്തിനും ലഭിക്കുന്ന ഗുണങ്ങളാണ് അതിലാദ്യത്തേത്. ഇതിലേക്ക് വെളിച്ചം വീശുന്നത് വിശുദ്ധ ഖുര്‍ആനില്‍ നോമ്പിനെക്കുറിച്ച് പ്രതിപാദിക്കുന്ന 2:184-ാം വചനമാണ്. അതിന്റെ അവസാനം 'നിങ്ങള്‍ നോമ്പനുഷ്ഠിക്കുന്നത് നിങ്ങള്‍ക്ക് ഗുണകരമാണ്, നിങ്ങള്‍ ജ്ഞാനമുള്ളവരെങ്കില്‍' എന്നു കാണാം. നോമ്പിന്റെ സല്‍ഗുണങ്ങള്‍ ഗ്രഹിക്കാന്‍ ഗവേഷണവും ജ്ഞാനവും ആവശ്യമാണെന്ന സൂചനകളും ഈ വചനത്തില്‍ നല്‍കുന്നുണ്ട്. നബിവചനങ്ങളിലും ഈ സല്‍ഫലങ്ങളിലേക്ക് സൂചന കാണാം. നോമ്പ് ആരോഗ്യദായകമാണെന്നും രോഗപ്രതിരോധ മാര്‍ഗമാണെന്നും നബി(സ) പഠിപ്പിച്ചിരിക്കുന്നു.

നോമ്പിന്റെ സല്‍ഫലങ്ങള്‍ ലഭ്യമാവാനുള്ള പ്രധാന നിബന്ധന നബി(സ)യുടെ മാതൃക പിന്തുടരുകയെന്നതാണ്. നോമ്പ് തുറക്കുമ്പോള്‍ ധാരാളം ഭക്ഷണം കഴിക്കരുത്. ഏതാനും ഈത്തപ്പഴം മാത്രമായിരുന്നു നബി ഭക്ഷിച്ചിരുന്നത്. പഴനീരും മറ്റും ആവശ്യം പോലെ-ദാഹമടക്കാന്‍- കഴിക്കാം. മൂന്നു മണിക്കൂര്‍ കഴിഞ്ഞ് ലഘുവായി സാധാരണ കഴിക്കുന്ന രാത്രി ഭക്ഷണം കഴിക്കാം. അത്താഴം പ്രഭാത നമസ്‌കാരത്തിന് മുമ്പ് വളരെ ലഘുവായി കഴിക്കണം; ഉടനെ ഉറങ്ങരുത്. ഫജ്ര്‍ കൃത്യസമയത്ത് നമസ്‌കരിക്കണം. ഉപവാസമനുഷ്ഠിക്കുന്നത് ദൃഢമായ ഒരു തീരുമാനത്തിനു ശേഷമാണ്. സാധാരണ  പോലെ ആഹാരപാനീയങ്ങള്‍ കഴിക്കുകയില്ലെന്ന് മനസ്സില്‍ ഉറച്ചുകഴിഞ്ഞു. അതോടെ ശരീരം ഒരടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. ആഹാരം കഴിക്കാതിരുന്നാലും ശാരീരിക ധര്‍മങ്ങള്‍ വീഴ്ചകൂടാതെ നിര്‍വഹിക്കാന്‍ ആവശ്യമായ തയാറെടുപ്പ് നടക്കുന്നു. ഇതിനായി ശരീരം സ്വീകരിക്കുന്ന പ്രതിപ്രവര്‍ത്തനം ലളിതമായി വിവരിക്കാം.

ശരീരം അതിസങ്കീര്‍ണമായ അനേകം യന്ത്രങ്ങളുള്ള സ്വയം നിയന്ത്രിതമായ ഒരു നിര്‍മാണശാലയാണ്. ഉപയോഗശൂന്യമായതോ പ്രവര്‍ത്തനക്ഷമമല്ലാത്തതോ ആയ ശരീരഭാഗങ്ങളെ പുനര്‍നിര്‍മിച്ചും കേടുപാടുകള്‍ തീര്‍ത്തും പ്രവര്‍ത്തന യോഗ്യമാക്കുന്ന ഒരു സംവിധാനമുണ്ട് ശരീരത്തില്‍. ഓട്ടോഫജി (Autophagy)  എന്ന സാങ്കേതിക നാമത്തില്‍ അറിയപ്പെടുന്ന ഈ നവീകരണ പ്രക്രിയ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ഉപവാസമനുഷ്ഠിക്കുമ്പോള്‍ ശരീരത്തിനു ലാഭിക്കാന്‍ കഴിയുന്ന ഊര്‍ജമുപയോഗിച്ച് ഈ പുനര്‍നിര്‍മാണവും ശുദ്ധീകരണവും പൂര്‍വാധികം വേഗതയില്‍ നടക്കുന്നു. ഉപവാസത്തെക്കുറിച്ച് പഠനം നടത്തിയ നിരീക്ഷകര്‍ ഈ ത്വരിതഗതിയിലുള്ള പ്രവര്‍ത്തനത്തിന്റെ കാരണം ആഹാരത്തിന്റെ ക്രമീകരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനക്ഷമത നിലനിര്‍ത്താനും വികസിപ്പിക്കാനും അത്യന്താപേക്ഷിതമായ ഒരു പ്രോട്ടീന്‍ (മാംസ്യം) ഉല്‍പാദിപ്പിക്കാനുള്ള സംവിധാനമുണ്ട് ശരീരത്തില്‍. Brain Derived Neurotrophic Factor (BDNF)  എന്നാണിതിന്റെ സാങ്കേതിക നാമം. ഈ പ്രോട്ടീനിന്റെ പ്രധാന ധര്‍മങ്ങള്‍ ചുവടെ:

1. മസ്തിഷ്‌ക സെല്ലുകള്‍ നിര്‍ജീവമാകാതെ സൂക്ഷിക്കുക. ഇതര ശരീര ഭാഗങ്ങളിലെല്ലാം സെല്ലുകള്‍ മരിച്ചുപോവുകയും തല്‍സ്ഥാനത്ത് പുതിയവ ഉണ്ടാവുകയും ചെയ്യുന്നു്. തലച്ചോറില്‍ ഇങ്ങനെ സംഭവിക്കാതെ സൂക്ഷിക്കുന്നത് BDNF എന്ന പ്രോട്ടീനാണ്.

2. തലച്ചോറില്‍ അനേകം കോടി ന്യൂറോണുകള്‍ ഉണ്ട്. അവയെ പരസ്പരം ബന്ധിപ്പിക്കുകയും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നത് സിനാപ്‌സിസ് എന്ന ഘടകമാണ്. ഈ രണ്ട് പ്രധാന മസ്തിഷ്‌ക ഭാഗങ്ങളെയും ഉല്‍പാദിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്നത് BDNF പ്രോട്ടീനാണ്.

3. മുകളില്‍ പറഞ്ഞ ധര്‍മങ്ങള്‍ യഥാവിധി നിര്‍വഹിക്കുമ്പോള്‍ ഗ്രാഹ്യശക്തി വര്‍ധിക്കുന്നു. മസ്തിഷ്‌കത്തിന്റെ ഏറ്റവും പ്രധാന ധര്‍മമാണത്. പുതിയ കാര്യങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനും സഹായിക്കുന്നത് ഗ്രാഹ്യശക്തിയാണ്.

BDNF ആവശ്യമായ അളവില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നില്ലെങ്കില്‍ മാരകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവും. പ്രാണശക്തി ക്ഷയിച്ച് അകാല വാര്‍ധക്യം ബാധിക്കുക, മറവിരോഗം (അള്‍ഷിമേഴ്‌സ്) പിടിപെടുക, ബുദ്ധിശക്തി ക്ഷയിക്കുക, വിഷാദരോഗം, മാനസിക വിഭ്രാന്തി(ഷിസോഫ്രീനിയ) മുതലായ മനോരോഗങ്ങളുണ്ടാവുക, പൊണ്ണത്തടി മൂലം ശരീരം ദുര്‍ബലമാവുക എന്നിവയെല്ലാം BDNF പ്രോട്ടീനിന്റെ കുറവ് മൂലം സംഭവിക്കാം.

നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനും പുതിയ നാഡീകോശങ്ങള്‍ ഉല്‍പാദിപ്പിക്കാനും BDNF അനിവാര്യമാണ്. അതിനാല്‍ ഈ പ്രോട്ടീന്‍ ഉല്‍പാദനം സന്തുലിതമായി നിലനിര്‍ത്തിയാല്‍ മാത്രമേ ശരീരാരോഗ്യം സൂക്ഷിക്കാനാവൂ.

BDNF- ന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഗവേഷകര്‍ അനേകം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ ഇതെല്ലാമാണ്: ഉപവാസമനുഷ്ഠിക്കുകയും ആഹാരക്രമം മാറ്റുകയും ചെയ്യുക. കലോറി കുറക്കുക. ഒന്നിടവിട്ട് ദീര്‍ഘകാലം ഉപവസിക്കുന്നതാണുത്തമം. പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ ഉപഭോഗം ഒഴിവാക്കുന്നത് ഈ പ്രോട്ടീന്റെ ഉല്‍പാദനം വര്‍ധിപ്പിക്കും. പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന ഒരാനുകൂല്യമാണ് സൂര്യപ്രകാശം. ധാരാളമായി സൂര്യപ്രകാശം ശരീരത്തിലേല്‍പിച്ചാല്‍ BDNF പ്രോട്ടീന്‍ വര്‍ധിക്കും. വിറ്റമിന്‍ ഡിയുടെ വര്‍ധനവിനും ഇത് സഹായകമാണ്. വെയിലില്‍ ജോലി ചെയ്യുന്നവര്‍ക്കും നടക്കുന്നവര്‍ക്കും ഇതിന്റെ ഫലം ലഭ്യമാകുന്നു.

ശരീരഭാരം കുറക്കുന്നതിലൂടെ BDNF-ന്റെ ഉല്‍പാദനം വര്‍ധിക്കും. പൊണ്ണത്തടിക്ക് ഈ മാംസ്യത്തിന്റെ കുറവ് കാരണമാകുമെന്ന് നാം കണ്ടു. സ്ത്രീകളില്‍ ഭാരനിയന്ത്രണം അനേകം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് ഗവേഷകര്‍ പറയുന്നു. സജീവമായ സാമൂഹിക ഇടപെടലുകള്‍ നടത്തുന്നതും ജനസമ്പര്‍ക്കം വര്‍ധിപ്പിക്കുന്നതും BDNF-ന്റെ വര്‍ധനവിനു സഹായകമാകുന്നു.

മേല്‍പറഞ്ഞ ഉപാധികളെല്ലാം വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനത്തില്‍ ഒത്തുകൂടിയതായി കാണാം. ഉപവാസത്തോടൊപ്പം ആഹാരരീതികള്‍ മാറുന്നു. നോമ്പ് തുറക്കുമ്പോള്‍ ഈത്തപ്പഴം, വെള്ളം, പഴച്ചാറുകള്‍ മുതലായവയാണ് കഴിക്കേണ്ടത്. പഞ്ചസാരക്ക് പകരം ശര്‍ക്കരയാണ് മധുരത്തിനുപയോഗിക്കേണ്ടത്. മധ്യാഹ്ന നമസ്‌കാരത്തിനും അസ്വ്ര്‍ നമസ്‌കാരത്തിനും പള്ളിയിലേക്ക് നടക്കുമ്പോള്‍ വെയില്‍ കൊള്ളാനുള്ള അവസരമുണ്ട്. ആഹാരം നിയന്ത്രിച്ചാല്‍ ശരീരഭാരം ക്രമേണ കുറയും. നമസ്‌കാരം സംഘടിതമായി നിര്‍വഹിക്കാന്‍ പള്ളിയില്‍ ഒത്തുചേരുന്നത് ജനസമ്പര്‍ക്കം മുഖേനയുള്ള സല്‍ഗുണങ്ങള്‍ ലഭിക്കാന്‍ കാരണമാകുന്നു. BDNF വര്‍ധിപ്പിക്കാന്‍ ആവശ്യമായ എല്ലാ ഘടകങ്ങളും ഒത്തുചേര്‍ന്ന കര്‍മമാണ് അതിനാല്‍ വ്രതാനുഷ്ഠാനം.

വര്‍ഷം തോറും ചിട്ടയോടെ നോമ്പനുഷ്ഠിക്കുന്നുണ്ടെങ്കിലും ഈ സല്‍ഫലങ്ങള്‍ മുസ്‌ലിംകള്‍ക്ക് ലഭിക്കാതിരിക്കാനുള്ള കാരണം വ്യക്തമാണ്. ആഹാരം ആമാശയത്തിന്റെ മൂന്നിലൊന്ന്, അത്രതന്നെ പാനീയങ്ങള്‍, ബാക്കി മൂന്നിലൊരു ഭാഗം വായുവിന് എന്നാണ് നബി(സ) പഠിപ്പിച്ചത്. നാം ശീലിച്ച രീതി ഇതല്ലല്ലോ. വയറു നിറയെ ആഹാരം, അതിനു മീതെ പാനീയവും. ശ്വസിക്കാന്‍ പ്രയാസപ്പെട്ടുകൊണ്ടാണെഴുന്നേല്‍ക്കുക. ഇത് നിയന്ത്രിക്കാതെ നോമ്പിന്റെ സല്‍ഫലങ്ങള്‍ നമുക്കെങ്ങനെ ലഭ്യമാകും?

നമ്മുടെ BDNF ന്റെ തോത് വ്രതാനുഷ്ഠാനത്തിലൂടെ വര്‍ധിപ്പിച്ചാല്‍ ശാരീരികമായ അനേകം അസുഖങ്ങള്‍ക്ക് അത് പ്രതിവിധിയാണ്. ഓര്‍മശക്തി വര്‍ധിക്കാനും മറവി കുറക്കാനും സാധിക്കുന്നു. പുതിയ പഠനങ്ങളുടെ വെളിച്ചത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് കാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍ തടയാനും പ്രതിരോധിക്കാനും ആഉചഎ-ന്റെ വര്‍ധനവ് സഹായകമാവുമെന്നാണ്. മസ്തിഷ്‌കത്തിന്റെ സംരക്ഷണത്തിന് അനിവാര്യമായ ഒരു രാസവസ്തുവാണ് കീടോണ്‍. നോമ്പനുഷ്ഠിക്കുമ്പോള്‍ ഈ രാസവസ്തുവിന്റെ ഉല്‍പാദനം വര്‍ധിക്കുന്നു. ഇത് മസ്തിഷ്‌കാഘാതം വരാതിരിക്കാന്‍ സഹായിക്കുന്നു. BDNF-ന്റെ വര്‍ധന ആഘാതത്തിനു ശേഷമുണ്ടാകുന്ന മസ്തിഷ്‌ക ക്ഷതം ഒഴിവാക്കാന്‍ സഹായിക്കുന്നു.

ചുരുക്കത്തില്‍ മനസ്സും നാഡീവ്യൂഹവുമായി ബന്ധപ്പെട്ട എല്ലാവിധ അസുഖങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് വ്രതാനുഷ്ഠാനം. മനസ്സിന്റെ ശാന്തതയും ഓര്‍മശക്തിയും ഗ്രാഹ്യശേഷിയും പഠന സാമര്‍ഥ്യവും അതുമൂലം വര്‍ധിക്കുന്നു. ശാന്തമായ മനസ്സ് അരോഗമായ ഹൃദയം പ്രദാനം ചെയ്യുന്നു.

ഉപവാസരീതികളില്‍ ഏറ്റവും ഉത്തമം ഇസ്‌ലാം പഠിപ്പിക്കുന്ന വ്രതാനുഷ്ഠാനമാണ്. പകല്‍ സമയം മാത്രം പൂര്‍ണമായി ആഹാരപാനീയങ്ങള്‍ ഒഴിവാക്കി 13-14 മണിക്കൂര്‍ ഉപവസിക്കുന്നതാണ് ഏറ്റവും പ്രയോജനപ്രദം. രാത്രി ആഹാരം നിയന്ത്രിച്ച് അതിന്റെ സല്‍ഫലം നിലനിര്‍ത്തണം. ഉപവസിക്കുമ്പോള്‍ ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുക: ദഹനേന്ദ്രിയങ്ങള്‍ക്ക് വിശ്രമം ലഭിക്കുന്നു. ഇത് ശരീരം ശുദ്ധീകരിക്കാനും വിഷമുക്തമാക്കാനും സഹായിക്കുന്നു. ആഹാര രീതിയിലും സമയത്തിലും മാറ്റമുണ്ടാകുന്നു. മനസ്സ് ഏകാഗ്രമാകുന്നു. വൈകാരിക ദുശ്ശീലങ്ങള്‍ ദൂരീകരിക്കുന്നു. ശരീരത്തിന്റെ ഊര്‍ജം വര്‍ധിക്കുന്നു. മനശ്ശാന്തിയും ആത്മീയ ചിന്തയും സജീവമാകുന്നു.

 

ഉപവാസം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ?

ശരീരത്തിന് അനിവാര്യമാണ് ആഹാരം. എന്നാല്‍ ആഹാരം അമിതമാകുമ്പോള്‍ അത് ഗുണത്തിനു പകരം ദോഷമാണ് ചെയ്യുക. അമിതമായാല്‍ അമൃതും വിഷം എന്നാണല്ലോ.

നമ്മുടെ കഴിവിനപ്പുറം ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍ നാമെന്തു ചെയ്യും? ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്തു തീര്‍ക്കും. ബാക്കി മാറ്റിവെക്കും. കുറേനാള്‍ ഇങ്ങനെ മാറ്റിവെച്ചാല്‍ ഒരു വലിയ കൂമ്പാരമായി അത് കുന്നുകൂടും. പിന്നീടത് ചെയ്തുതീര്‍ക്കുക ക്ഷിപ്രസാധ്യമല്ല. ഇതുപോലെത്തന്നെയാണ് ശരീരവും ചെയ്യുന്നത്. അമിതമായി ആഹാരം കഴിക്കുമ്പോള്‍ വളരെ പ്രയാസപ്പെട്ട് അത് ദഹിപ്പിക്കാനും പോഷകങ്ങള്‍ വലിച്ചെടുക്കാനും ശരീരകോശങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാനുമാണ് ആദ്യ പരിഗണന നല്‍കുക. ഇതുപോലെ ആവശ്യമായ മറ്റൊരു ശാരീരിക ധര്‍മമാണ് ശരീരത്തിലടിഞ്ഞുകൂടിയ വിഷങ്ങളില്‍നിന്ന് മുക്തി നേടുകയെന്നത്. നിഷ്‌ക്രിയമായ കോശങ്ങളും പേശീഭാഗങ്ങളും പുനഃസൃഷ്ടിക്കപ്പെടാതിരുന്നാല്‍ അവ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഇതിന് ശരീരത്തിന് അവസരം നല്‍കാതെ നാം ആഹാരം തുടരുകയാണ്. ഇവിടെയാണ് വ്രതാനുഷ്ഠാനം ശരീരത്തിന് അനുഗ്രഹമാകുന്നത്. ഭക്ഷണത്തിന്റെ അനുസ്യൂതമായ പ്രവാഹം നിലക്കുന്നു. ഒരൊഴിവ് കാലം മാറ്റിവെച്ച് പലതും പരിഗണിക്കാന്‍ ലഭിക്കുന്ന ഒരു സുവര്‍ണാവസരം!

ഭക്ഷണമാണ് ശരീരത്തിന് ഊര്‍ജം പകരുന്നത്. എന്നാല്‍ ഭക്ഷണത്തില്‍നിന്ന് ഊര്‍ജസ്രോതസ്സുകള്‍ ശരീര കോശങ്ങളിലെത്തിക്കാന്‍ തുടര്‍ച്ചയായ മൂന്നു പ്രക്രിയകള്‍ ആവശ്യമാണ്. ദഹനം, പോഷകങ്ങള്‍ വലിച്ചെടുക്കല്‍, കോശങ്ങള്‍ക്ക് പോഷകങ്ങള്‍ പകര്‍ന്നു കൊടുക്കല്‍ എന്നിവയാണ് ഈ  പ്രക്രിയകള്‍. ഇതിന് ധാരാളം ഊര്‍ജം ശരീരം ചെലവഴിക്കേണ്ടതുണ്ട്. കനത്ത ആഹാരം കഴിച്ചാല്‍ ശരീരത്തിന്റെ 65 ശതമാനം ഊര്‍ജവും ഈ പ്രക്രിയകള്‍ക്കായി ചെലവാകുന്നു. ഭക്ഷണം കഴിച്ചാല്‍ നമുക്ക് ക്ഷീണം അനുഭവപ്പെടുന്നതിന്റെ കാരണമിതാണ്.

വ്രതമനുഷ്ഠിക്കുമ്പോള്‍ ഇത്രയും ഊര്‍ജം രോഗശമന പ്രവര്‍ത്തനങ്ങള്‍ക്കാണ് ശരീരം ഉപയോഗപ്പെടുത്തുന്നത്. ദുഷിച്ചതും നശിച്ചതുമായ ശരീര ഭാഗങ്ങള്‍ വിഷമാണ്, രോഗ കാരണമാണ്. അവ ശുദ്ധീകരിച്ച് ശരീരത്തില്‍നിന്നും വിസര്‍ജിക്കാനാണ് ഈ ഊര്‍ജം ഉപയോഗിക്കുന്നത്. വ്രതാനുഷ്ഠാനം ആരോഗ്യത്തിന് അനുഗ്രഹമായി മാറുന്നതങ്ങനെയാണ്.

ഉപവാസം ഒരു രോഗശമന കാരണമല്ല. രോഗ ശമനത്തിന് കളമൊരുക്കുക മാത്രമാണത് ചെയ്യുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും രോഗശമന ശക്തിയും പ്രവര്‍ത്തനക്ഷമമാവാന്‍ പ്രതിബന്ധമായി നില്‍ക്കുന്നവയെ ദൂരീകരിക്കുകയാണ് വ്രതാനുഷ്ഠാനം. ശാരീരിക ധര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അടിഞ്ഞുകൂടുന്ന വിസര്‍ജ്യങ്ങള്‍ പുറത്തുപോകുമ്പോള്‍ രോഗശമനശക്തി വര്‍ധിക്കുന്നു. അങ്ങനെ ശരീരത്തിന് പ്രവര്‍ത്തനത്തില്‍ സന്തുലനം വീണ്ടെടുക്കാന്‍ സാധിക്കുന്നു.

ആധുനിക ഔഷധങ്ങള്‍ രോഗത്തെ ചെറുത്തുതോല്‍പിക്കുകയാണല്ലോ. ഇതിന്റെ ഫലമായുണ്ടാകുന്ന വിഷങ്ങള്‍ മറ്റു രൂപത്തില്‍ ശരീരധര്‍മം നിര്‍വഹിക്കുന്നതിന് പ്രതിബന്ധമായിത്തീരുന്നു. ഔഷധങ്ങള്‍ക്ക് സുഖപ്പെടുത്താന്‍ സാധിക്കാത്ത രോഗങ്ങള്‍ക്ക് ശരീരത്തിന്റെ പ്രാണശക്തി പ്രതിവിധി കണ്ടെത്തി രോഗം സുഖപ്പെടുത്തുന്നു. ഇതിനു വേണ്ട സാഹചര്യമൊരുക്കാനും ഉപവാസം സഹായകമാണ്. ശരീരത്തിന്റെ ഊര്‍ജം സ്വതന്ത്രമാകുമ്പോള്‍ അതിന്റെ പ്രവര്‍ത്തനമേഖലയായി മാറുകയാണ് ഈ രോഗശമന പ്രക്രിയകള്‍.

ശരീരഭാരം കൂടുന്നത് അനേകം അസുഖങ്ങള്‍ക്ക് കാരണമാകുന്നു. വര്‍ഷം തോറും വ്യവസ്ഥാപിതമായി വ്രതാനുഷ്ഠാനം നടത്തുന്നവര്‍ക്ക് ഭാരം വര്‍ധിക്കാതെ നിയന്ത്രിക്കാന്‍ ഇത് സഹായകമാണ്. നോമ്പ് നോല്‍ക്കുമ്പോള്‍ ഏതെല്ലാം ഭക്ഷണങ്ങളാണ് ശരീരത്തിന് പഥ്യമെന്ന് സ്വയം കണ്ടെത്താന്‍ അവസരം ലഭിക്കുന്നു. ഇത് ഉപയോഗപ്പെടുത്തി ഒരു വിവേചനബോധത്തോടെ ആഹാരങ്ങള്‍ നിയന്ത്രിക്കുകയാണെങ്കില്‍ ഭാരക്കുറവ് പൂര്‍ണതയിലെത്തിക്കാന്‍ സാധിക്കും. ഭിഷഗ്വരന്മാരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന ഉപവാസത്തിലൂടെ അമിത ഭാരം പൂര്‍ണമായും സുഖപ്പെടുത്താന്‍ സാധിക്കും.

നോമ്പനുഷ്ഠിക്കുന്നത് ഭാരം കുറയാന്‍ വേണ്ടിയല്ല, ആരോഗ്യം വര്‍ധിക്കാനാവണം. അടുത്ത കാലത്ത് നടന്ന ചില പഠനങ്ങളില്‍ മൂന്നു ദിവസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുമ്പോള്‍ നല്ല ഫലമുണ്ടാകുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. നോമ്പിനു ശേഷം കഴിക്കുന്ന ആഹാരങ്ങള്‍ സാധാരണ ഭക്ഷണമാവരുത്. അവയിലും മാറ്റമുണ്ടാവണം. ഈ മാറ്റങ്ങള്‍ ശരീരത്തെ വളരെയേറെ സ്വാധീനിക്കുന്നു. തുടര്‍ന്നും നോമ്പനുഷ്ഠിക്കുമ്പോള്‍ ശരീരശേഷിയും ഉത്സാഹവും വര്‍ധിക്കുന്നു. ഉന്മേഷദായകമായ ഗാഢനിദ്ര ലഭ്യമാകുന്നു. 

വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനത്തിന്റെ മഹത്വം ഇതാണ്. ആദ്യത്തെ പത്തു ദിവസത്തേക്കാള്‍ ഗുണകരമാണ് രണ്ടാമത്തെ പത്തു ദിവസം. അവസാനത്തെ പത്തു ദിവസം ഏറ്റവും കൂടുതല്‍ ശരീരത്തിന് ഗുണകരമാണ്. അതോടൊപ്പം മനസ്സും ആത്മീയ ചിന്തയും ധര്‍മബോധവുമെല്ലാം സജീവമാകുന്നു, ഇതേ ക്രമത്തില്‍.

മനസ്സിനെയെന്ന പോലെ വികാരത്തെയും സ്വാധീനിക്കുന്നുണ്ട് ഉപവാസം. മനസ്സില്‍ ദുഷ്ചിന്തകളുണ്ടാകുന്നതും അസൂയ, പക, ഈര്‍ഷ്യ, വിദ്വേഷം, ക്രോധം തുടങ്ങിയ ദുര്‍വികാരങ്ങളുണ്ടാകുന്നതും ധര്‍മജീവിതത്തെ മാത്രമല്ല, ആരോഗ്യത്തെയും ഹാനികരമായി ബാധിക്കുമെന്ന് വൈദ്യശാസ്ത്രം തെളിയിച്ചിരിക്കുന്നു. ഹൃദയസംബന്ധിയായ മിക്ക രോഗങ്ങളുടെയും കാരണം ദുഷ്ചിന്തകളും ദുര്‍വികാരങ്ങളുമാണ്. വ്രതാനുഷ്ഠാനം എല്ലാ ദുര്‍വികാരങ്ങള്‍ക്കും അറുതിവരുത്തുന്നു. മനസ്സിന് ശാന്തതയും സന്തുഷ്ടിയുമുണ്ടാക്കുന്നു. ഉപവാസത്തിന്റെ ആരംഭത്തില്‍ വികാരവിക്ഷോഭങ്ങള്‍ സംഭവിച്ചേക്കാം. അത് പ്രത്യേകം ശ്രദ്ധിച്ച് നിയന്ത്രിക്കണം. എന്നാല്‍ തുടര്‍നാളുകളില്‍ മനസ്സ് തെളിഞ്ഞുവരും. എല്ലാ ദുഷ്ചിന്തകളും ദുര്‍വികാരങ്ങളും മാറും. ഈ മനോനൈര്‍മല്യം നോമ്പുകാലത്തെ നമസ്‌കാരങ്ങളില്‍ അനുഭവവേദ്യമാണ്. നോമ്പിന്റെ ആത്മചൈതന്യം ഒരു യാഥാര്‍ഥ്യമായി അനുഭവപ്പെടാന്‍ വികാരങ്ങളെ നിയന്ത്രിച്ച് ശീലിക്കണം. മനസ്സിനെയും ഹൃദയവികാരങ്ങളെയും നിര്‍മലമാക്കാന്‍ കെല്‍പുള്ള ഒരു പരിശീലനമാണ് വ്രതാനുഷ്ഠാനം.

വൈദ്യശാസ്ത്ര വിശാരദരായ വ്യക്തിത്വങ്ങള്‍ ഉപവാസത്തെക്കുറിച്ച് രേഖപ്പെടുത്തിയ സാക്ഷ്യങ്ങളാണ് ഇനി ചേര്‍ക്കുന്നത്.

പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ പിതാക്കളില്‍ ഒരാളായ ഫിലിപ്‌സ് പാരാസില്‍സസ്: ''ഉപവാസം ഏറ്റവും നല്ല ഔഷധമാണ്; ശരീരത്തിനകത്തുള്ള ഭിഷഗ്വരന്‍.'' ഹിപ്പോക്രാറ്റസ് (പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ മറ്റൊരു പിതാവാണിദ്ദേഹം): ''രോഗിയായിരിക്കുമ്പോള്‍ ആഹാരം കഴിക്കുന്നത് രോഗത്തിന് ആഹാരം കൊടുക്കലാണ്.''

ഉപവാസത്തെക്കുറിച്ച് ജി.ബി ഷാ എഴുതി: ''ഏതൊരു വിഡ്ഢിക്കും നോമ്പ് നോല്‍ക്കാം, വിജ്ഞര്‍ക്ക് മാത്രമേ എങ്ങനെ നോമ്പ് തുറക്കാമെന്നറിയുകയുള്ളൂ.'' എല്‍സണ്‍ ഹാസ് എം.ഡി: ''ഉപവാസം പ്രകൃതിദത്തമായ ചികിത്സാ രീതിയാണ്. അനേകം അസുഖങ്ങള്‍ക്ക് പുരാതനവും സാര്‍വലൗകികവുമായ ചികിത്സയാണത്. മൃഗങ്ങള്‍ നൈസര്‍ഗികമായി രോഗം വന്നാല്‍ ഉപവസിക്കുന്നു.''

ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍: ''എല്ലാ ഔഷധങ്ങളേക്കാളും ഉത്തമം വിശ്രമവും ഉപവാസവുമാണ്.''

ഹീല്‍സ് ഫഹര്‍സര്‍ എം.ഡി: ''വ്രതാനുഷ്ഠാനമാണ് മനുഷ്യന്റെ പ്രകൃത്യായുള്ള രോഗശമനശേഷി ഏറ്റവും ശക്തിയായി പ്രയോഗിക്കാനുള്ള രീതി. അത് യൗവനം തിരിച്ചുകൊണ്ടുവരും, ആത്മീയമായും ഭൗതികമായും.''

ഉപവാസം രോഗചികിത്സക്കായി ഉപയോഗിക്കുന്ന രോഗികളെ നിരീക്ഷിച്ചുകൊണ്ട് ഗബ്രിയേല്‍ കോസിന്‍സ് എം.ഡി എഴുതുന്നു: ''ഉപവാസം നിര്‍വഹിക്കുന്നവരില്‍ ഞാന്‍ കണ്ടെത്തിയ കാര്യങ്ങള്‍: നാലാമത്തെ ദിവസം അവരുടെ ഏകാഗ്രത പുരോഗമിച്ച് ക്രിയാത്മക ചിന്ത വികസിച്ചു, വിഷാദം അപ്രത്യക്ഷമായി, ഉറക്കക്കുറവ് മാറി, ഉത്കണ്ഠ കുറഞ്ഞു. മനസ്സ് കൂടുതല്‍ ശക്തമായി, നിസര്‍ഗമായ ഒരു സന്തുഷ്ടി പ്രകടമായി. ഞാന്‍ കരുതുന്നതിതാണ്: ശാരീരിക വിഷങ്ങള്‍ ശുദ്ധീകരിച്ച് മസ്തിഷ്‌കം സംസ്‌കൃതമായപ്പോള്‍ മനസ്സും മസ്തിഷ്‌കവും കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. ആത്മീയചൈതന്യവും വര്‍ധിച്ചു.''

അനേകം സാക്ഷ്യങ്ങളില്‍ ചിലതാണ് നാമിവിടെ കണ്ടത്. നോമ്പിലൂടെ രോഗശമനം നേടിയ ചില സാക്ഷ്യങ്ങള്‍ കൂടി കാണുക. ഈജിപ്തുകാരി ഇല്‍ഹാം ഹുസൈന്‍ തന്റെ കഥ പറയുന്നു: ''പത്തു വയസ്സ് പ്രായമുള്ളപ്പോള്‍ എനിക്ക് കഠിനമായ സോറിയാസിസ് ബാധിച്ചു. ത്വക് രോഗ വിദഗ്ധരായ പല ഡോക്ടര്‍മാരെയും കണ്ടു. അവരെല്ലാം പിതാവിനോട് പറഞ്ഞു; ഇത് നിങ്ങള്‍ ഒരു പ്രശ്‌നമാക്കാതെ ശീലിക്കുക മാത്രമേ വഴിയുള്ളൂ. പെട്ടെന്ന് മാറാത്ത അസുഖമാണ് സോറിയാസിസ്. ഇതെല്ലാം കേട്ട് ഞാന്‍ തീര്‍ത്തും നിരാശയായി. ഒരിക്കലും മാറാത്ത ഒരു രോഗമാണ് എന്നെ ബാധിച്ചിരിക്കുന്നതെന്നുറപ്പായി. വിവാഹപ്രായമായപ്പോള്‍ എനിക്ക് കഠിനമായ വിഷാദവും ഏകാന്തതയും അനുഭവപ്പെട്ടു. സമൂഹത്തില്‍നിന്നെല്ലാം ഒറ്റപ്പെട്ട പോലെ തോന്നി. അങ്ങനെയിരിക്കെ പിതാവിന്റെ സുഹൃത്തുക്കളിലൊരാള്‍ എന്നോട് നോമ്പനുഷ്ഠിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു. എന്റെ പത്‌നിക്ക് പല അസുഖങ്ങള്‍ക്കും നോമ്പുകൊണ്ട് ശമനം ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഒന്നു പരീക്ഷിച്ചുനോക്കൂ. ഒന്നിടവിട്ട് നോമ്പനുഷ്ഠിച്ചുനോക്കൂ. അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ച് രോഗശമനം അല്ലാഹുവില്‍നിന്ന് മാത്രമാണെന്നുറപ്പിക്കുക. നോമ്പനുഷ്ഠിക്കുക. എന്തെങ്കിലും ഒരു പോംവഴി തേടിക്കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അങ്ങനെ ഞാന്‍ നോമ്പ് നോറ്റു തുടങ്ങി. നോമ്പ് തുറക്കുമ്പോള്‍ പഴങ്ങളും പച്ചക്കറിയും കഴിക്കും. മൂന്നു മണിക്കൂറിനു ശേഷം പ്രധാന ഭക്ഷണം കഴിക്കും. പിറ്റേന്ന് നോമ്പെടുക്കുകയില്ല. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ടു മാസം കഴിഞ്ഞപ്പോള്‍ രോഗം മാറിത്തുടങ്ങി. അത് തുടര്‍ന്നുകൊണ്ടിരുന്നു. അവസാനം എന്റെ ചര്‍മം സാധാരണ പോലെയായി. രോഗം ബാധിച്ച പാടുപോലും അവശേഷിച്ചില്ല.''

മറ്റൊരനുഭവ കഥ ന്യൂയോര്‍ക്കില്‍നിന്നാണ്. സുലൈമാന്‍ റോജര്‍സ് തന്റെ അനുഭവം വിവരിക്കുന്നു: ''മൂന്നു വര്‍ഷമായി എന്നെ സന്ധിവാതം പിടികൂടി. രോഗം എന്റെ ചലനങ്ങള്‍ക്ക് വിഘാതമായി. അര മണിക്കൂര്‍ ഇരുന്നാല്‍ കാലുകള്‍ മരവിച്ചുപോകും. പല രീതിയിലും ചികിത്സിച്ചു. എല്ലാം വിഫലം. പിന്നീട് ഞാനൊരു സുഹൃത്തിനെ പരിചയപ്പെട്ടു. ഒരു നീഗ്രോ യുവാവ്. അദ്ദേഹം എന്നെ പള്ളിയിലേക്ക് കൊണ്ടുപോയി. എനിക്ക് ഇസ്‌ലാം പരിചയപ്പെടുത്തി. അത് നോമ്പുകാലമായിരുന്നു. നോമ്പ് ഒരു നല്ല കാര്യമായി എനിക്ക് അനുഭവപ്പെട്ടു. ഇസ്‌ലാമാശ്ലേഷിക്കാന്‍ കുറച്ചുകൂടി സാവകാശം വേണമെന്നെനിക്ക് തോന്നി. എന്നാല്‍ നോമ്പ് ഞാനും തുടങ്ങി. പച്ചക്കറികളും പഴങ്ങളും ഈത്തപ്പഴവും മാത്രമേ നോമ്പു തുറക്കുമ്പോള്‍ ഞാന്‍ കഴിച്ചിരുന്നുള്ളൂ. പിന്നീട് അത്താഴസമയത്ത് പ്രധാന ഭക്ഷണം കഴിക്കും. എന്റെ രോഗം പൂര്‍ണമായും സുഖപ്പെട്ടു. എനിക്ക് നന്നായി ഓടാന്‍ കഴിയും. ഇങ്ങനെ ആരോഗ്യം വീണ്ടുകിട്ടിയതിന് അല്ലാഹുവിന് നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ ഇസ്‌ലാമാശ്ലേഷിച്ചു. നോമ്പിനോട് എനിക്ക് വലിയ കടപ്പാടുണ്ട്. ഞാന്‍ വിശുദ്ധ റമദാനിനെ സ്വാഗതം ചെയ്യുന്നതു കണ്ടാല്‍ നിങ്ങള്‍ വിചാരിക്കും ഇതൊരു ശുഭപ്രതീക്ഷയുള്ള കൊച്ചു ബാലനാണ്, നാല്‍പത്തഞ്ച് കഴിഞ്ഞ മധ്യവയസ്‌കനല്ലെന്ന്.''

നിഷ്ഠയോടെ നോമ്പനുഷ്ഠിച്ചാല്‍ ആത്മീയമായ ആനന്ദവും അനുഭൂതിയും ലഭിക്കുന്നതോടൊപ്പം രോഗശമനവും ആരോഗ്യവര്‍ധനവും ജീവിത സന്തുഷ്ടിയും ലഭിക്കുമെന്നാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്. ''നോമ്പനുഷ്ഠിക്കുന്നത് നിങ്ങള്‍ക്ക് ഗുണകരമാണ്, നിങ്ങള്‍ അഭിജ്ഞരാണെങ്കില്‍'' (2:184). ഈ റമദാന്‍ പൂര്‍ണ ചൈതന്യത്തോടെ നോമ്പനുഷ്ഠിക്കാനുള്ള അവസരമാക്കാന്‍ നമുക്ക് തീരുമാനിക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (96-104)
എ.വൈ.ആര്‍

ഹദീസ്‌

ആ പുണ്യ മാസമിതാ....
കെ.സി ജലീല്‍ പുളിക്കല്‍