Prabodhanm Weekly

Pages

Search

2017 മെയ് 19

3002

1438 ശഅ്ബാന്‍ 22

വീഴാത്ത പൂവ്

മനുഷ്യജീവിതത്തിന്റെ ക്ഷണികതയാണ് 'വീണപൂവ്' എന്ന കവിതയിലൂടെ കുമാരനാശാന്‍ ആവിഷ്‌കരിക്കുന്നത്. എന്നാല്‍ വീഴാതെ നില്‍ക്കുന്ന പൂവ് മനുഷ്യന് പല സന്ദേശങ്ങളും നല്‍കുന്നുണ്ട്. 
ചെടിയില്‍ വിരിഞ്ഞുനില്‍ക്കുന്ന പൂവ് മനുഷ്യനോട് പറയുന്നത് 'എന്നെപ്പോലെയാകൂ' എന്നാണ്. ക്ഷണികമെങ്കിലും അഭിമാനാര്‍ഹമായ ജീവിതം, കളങ്കമില്ലാത്ത ജീവിതം, വിവേചനമില്ലാത്ത ജീവിതം. 
പൂവിന്റെ പ്രധാന ഗുണം അതിന്റെ സുഗന്ധമാണ്. പരിസരം സുഗന്ധപൂരിതമാക്കുകയാണ് പൂവ്. രണ്ടാമത്തെ ഗുണം നിറമാണ്. വര്‍ണമനോഹാരിതയില്‍ മനുഷ്യരെയും പ്രാണികളെയും ആകര്‍ഷിക്കുന്നു. മൂന്നാമത്തേത് ഔഷധഗുണമാണ്. പൂവ് ഏതെങ്കിലും വിധത്തില്‍ മറ്റുള്ളവര്‍ക്ക് സേവനം ചെയ്തുകൊണ്ടിരിക്കുന്നുവെന്നര്‍ഥം. ശത്രുവെന്നോ മിത്രമെന്നോ വ്യത്യാസമില്ലാതെയുള്ള നിസ്വാര്‍ഥമായ സേവനം. 
ഭാവിയെക്കുറിച്ച് പൂവ് വേവലാതിപ്പെടുന്നില്ല. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം അന്യര്‍ക്കുവേണ്ടി ജീവിതം മാറ്റിവെക്കാന്‍ പൂക്കള്‍ തയാറാകുന്നു. 
മനുഷ്യന്‍ പലപ്പോഴും അലസനും അധര്‍മിയും അക്രമിയുമായി മാറാറുണ്ടെങ്കിലും പൂക്കള്‍ സ്വന്തം നില മറക്കാറില്ല. ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിച്ച ശേഷമാണ് അത് കൊഴിഞ്ഞുപോകുന്നത്. കാട്ടിലായാലും തോട്ടത്തിലായാലും പൂവ് അതിന്റെ ദൗത്യം നിര്‍വഹിക്കാന്‍ മടിക്കുന്നില്ല. സേവനമെന്ന സന്ദേശമാണ് പൂവിന്റെ പുഞ്ചിരിക്കുന്ന ചുണ്ടുകളില്‍നിന്ന് വായിക്കാനാവുക. 
മരിച്ചുപോകുമല്ലോ എന്ന ദുഃഖം മനുഷ്യനെ വേട്ടയാടുന്നു. കുടുതല്‍ കാലം ജീവിക്കണം എന്ന ആഗ്രഹം സ്വാഭാവികമാണ്. മറ്റുള്ളവര്‍ക്ക് സേവനം ചെയ്യാന്‍ കൂടുതല്‍ സമയം ലഭിക്കണമെന്ന ആഗ്രഹമാണ് മരണത്തെക്കുറിച്ച് വേവലാതിപ്പെടാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതെങ്കില്‍ അത് നല്ല കാര്യമാണ്. എന്നാല്‍ തനിക്കു വേണ്ടി കഴിയുന്നത്ര സുഖാഡംബരങ്ങള്‍ വാരിക്കൂട്ടുക എന്നതാണ് ലക്ഷ്യമെങ്കില്‍ ആ ജീവിതം ഒട്ടും അഭിമാനകരമല്ല. 
എവിടെയായാലും പൂവ് അതിന്റെ വ്യക്തിത്വം പ്രകാശിപ്പിക്കും. പുഞ്ചിരിച്ചുകൊണ്ട് സേവനം നിര്‍വഹിക്കും. വലിപ്പച്ചെറുപ്പം അതിനെ അലട്ടുന്നില്ല. തുമ്പയും താമരയും അവയുടെ ധര്‍മം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. 'ആത്മോദ്യുതിക്കാത്മശരണ്യനാകും അങ്ങേയ്ക്ക് രാവും പകലും സമാനം’ എന്ന് ഉള്ളൂര്‍ തുമ്പപ്പൂവിനെ പ്രശംസിക്കുന്നുണ്ട്. മറ്റുള്ളവരുടെ നിലയെക്കുറിച്ച് വേവലാതിയില്ലാതെ ആത്മാഭിമാനത്തോടെ തന്റെ കടമ നിര്‍വഹിക്കുകയാണ് കൊച്ചുപൂവായ തുമ്പ. 
പ്രൗഢിയോടെ പുഞ്ചിരിക്കുന്ന താമര അനുപമമായ സന്ദേശമാണ് മനുഷ്യന് നല്‍കുന്നത്. ചെളിയിലാണ് ജന്മമെങ്കിലും ആ ചിന്ത പൂവിനെ അലട്ടുന്നില്ല. തടസ്സങ്ങള്‍ തള്ളിമാറ്റി ലോകത്തോട് പുഞ്ചിരിക്കാന്‍ അത് വെമ്പല്‍കൊള്ളുന്നു. കടമ്പകള്‍ ഏറെ താണ്ടി ആകാശത്തിന്റെ അനന്തതയെ നോക്കി ഹൃദ്യമായി പുഞ്ചിരിക്കുന്നു. ചെളിയില്‍ ജനിച്ചതിന്റെ അപമാനഭാരമില്ല, ആകാശത്തിന്റെ അനന്തസൗന്ദര്യം ആസ്വദിക്കാനായതിന്റെ ആഹ്ലാദം മാത്രം. 
എല്ലാം അറിയുന്ന മനുഷ്യനാകട്ടെ സ്വന്തം ദൗത്യം അട്ടിമറിക്കുന്നു. അഭയം നല്‍കേണ്ടവന്‍ അക്രമിയാകുന്നു. വിശ്വസിക്കേണ്ടവന്‍ നിഷേധിയാകുന്നു. സംരക്ഷിക്കേണ്ടവന്‍ പീഡിപ്പിക്കുന്നു. കാവലാളാകേണ്ടവന്‍ കവര്‍ന്നെടുക്കുന്നു. കാരുണ്യം കാട്ടേണ്ടിടത്ത് ക്രൂരനാകുന്നു. സാന്ത്വനിപ്പിക്കേണ്ടിടത്ത് ഭയപ്പെടുത്തുന്നു. വിതരണം ചെയ്യാനേല്‍പ്പിച്ചത് പൂഴ്ത്തിവെക്കുന്നു. വിശ്വസിച്ചവരെ വഞ്ചിക്കുന്നു. രക്ഷിക്കേണ്ടവരെ കൊല്ലുന്നു. സംരക്ഷിക്കേണ്ടവരെ തെരുവില്‍ തള്ളുന്നു. സത്യം ഒളിപ്പിക്കുന്നു. മനുഷ്യന്‍ നന്ദി കെട്ടവനാണെന്ന് ഖുര്‍ആന്‍. 
മണ്ണും വെള്ളവും വായുവുമെല്ലാം മലിനമാക്കി താന്‍ അക്രമി കൂടിയാണെന്നും മനുഷ്യന്‍ തെളിയിച്ചിരിക്കുന്നു. തിരിച്ചു നടന്നുകൂടേ നമുക്ക്, പുഞ്ചിരിക്കുന്ന ജീവിതത്തിലേക്ക്?

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (85 - 95)
എ.വൈ.ആര്‍

ഹദീസ്‌

കോലം മാറിയ കാലം
പി.എ സൈനുദ്ദീന്‍