Prabodhanm Weekly

Pages

Search

2017 മെയ് 19

3002

1438 ശഅ്ബാന്‍ 22

വിവാഹം, കുടുംബ ജീവിതം

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-11

പുണ്യപ്രവാചകന്റെ സത്യസന്ധത മക്കയിലെ ധനാഢ്യയായ വ്യാപാരി പ്രമുഖ ഖദീജയെ എപ്രകാരം വശീകരിച്ചുവെന്ന് നാം മുന്‍ അധ്യായത്തില്‍ വിവരിച്ചു. ഖദീജ വിധവയായിരുന്നു. ഇക്കാലത്ത് അവര്‍ക്ക് പ്രായം നാല്‍പത് വയസ്സായിരുന്നുവെന്നാണ് ഒട്ടുമിക്ക ചരിത്രകാരന്മാരും രേഖപ്പെടുത്തിയിരിക്കുന്നത്. ഇബ്‌നു ഹബീബും ബലാദുരിയും ഉറപ്പിച്ചു പറയുന്നതാകട്ടെ, ഖദീജക്ക് അപ്പോള്‍ ഇരുപത്തിയെട്ട് വയസ്സ് മാത്രമേ ആയിരുന്നുള്ളൂവെന്നും.1 അവര്‍ അസദ് ഗോത്രക്കാരിയായിരുന്നു. ഉസ്മാനുബ്‌നുല്‍ ഹവാരിസും പുരോഹിതന്‍ വറഖതുബ്‌നു നൗഫലും ഈ ഗോത്രക്കാരാണ്. ഇവര്‍ രണ്ടു പേരും പിന്നീട് ക്രിസ്തുമതം സ്വീകരിച്ചു.2 ചില നിവേദകര്‍ പറയുന്നത്, വറഖയുടെ സഹോദരിയും ബൈബിള്‍ വായിക്കാറുണ്ടായിരുന്നു എന്നാണ്.3 ഖദീജയുടെ ആദ്യ ഭര്‍ത്താവ് തൈം ഗോത്രജനായ അബൂഹാല ആയിരുന്നു. ഈ ദാമ്പത്യത്തില്‍ ഒരു മകന്‍ പിറന്നു- ഹിന്ദ്. വിധവയായപ്പോള്‍ അവര്‍ മഖ്ദൂമീ ഗോത്രക്കാരനായ അതീഖുബ്‌നു ആഇദിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഒരു പെണ്‍കുഞ്ഞാണ് പിറന്നത്. ആ പെണ്‍കുട്ടിയുടെയും പേര് ഹിന്ദ് എന്നുതന്നെയായിരുന്നു. പണക്കാരിയും സുന്ദരിയുമായിരുന്ന അവര്‍ തന്റെ മക്കളെ പരിപാലിച്ചും ബിസിനസ് നോക്കി നടത്തിയും കഴിഞ്ഞുവരികയായിരുന്നു. രണ്ടാം ഭര്‍ത്താവും മരണപ്പെട്ടതോടെ പിന്നീട് വന്ന എല്ലാ വിവാഹാലോചനകളും അവര്‍ നിരസിക്കുകയാണുണ്ടായത്.

പ്രവാചകന് അപ്പോള്‍ പ്രായം കഷ്ടിച്ച് ഇരുപത്തിയഞ്ച് വയസ്സ് മാത്രം. അത്യുത്സാഹിയായ യുവാവ്; എന്നാല്‍ എല്ലാറ്റിലും മിതത്വം ദീക്ഷിക്കും. ദരിദ്രനാണെങ്കിലും കൈയയച്ച് ദാനം ചെയ്യും. എഴുത്തും വായനയും അറിയില്ലെങ്കിലും ബുദ്ധിമാനും സത്യസന്ധനും. പ്രവാചകന്റെ ശരീര വര്‍ണന നടത്തുമ്പോള്‍ ചരിത്രകാരന്മാര്‍ ഏകോപിച്ചു പറഞ്ഞ കുറേ സവിശേഷതകളുണ്ട്. വിടര്‍ന്ന കറുത്ത കണ്ണുകളായിരുന്നു അദ്ദേഹത്തിന്. കണ്‍മിഴികളില്‍ നേര്‍ത്ത ചുവന്ന വരകള്‍. കാര്‍ത്തിക നക്ഷത്ര സമൂഹത്തിലെ പതിനൊന്ന് നക്ഷത്രങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന വിധം അസാധാരണമാംവിധം കാഴ്ചശക്തിയുണ്ടായിരുന്നു.4 വെളുത്ത നിറമായിരുന്നു. തിളങ്ങുന്ന പല്ലുകളുള്ള വായ 'മാണിക്യ പെട്ടിയിലെ മുത്തുകള്‍' പോലെ തോന്നിച്ചു. സാമാന്യം വലിയ തല, വിശാലമായ നെറ്റിത്തടം. വളഞ്ഞ പുരികങ്ങള്‍ മൂക്കിന്‍ മുകളില്‍ സംഗമിക്കുന്നു. നെഞ്ചിനു താഴെ ഒതുക്കമുള്ള വയര്‍. നെഞ്ചിന്റെ മുകള്‍ ഭാഗത്തും ചുമലിലും അല്‍പം മുടിയുണ്ടെന്നതൊഴിച്ചാല്‍ തലയൊഴികെയുള്ള ശരീര ഭാഗങ്ങളില്‍ മുടിയുണ്ടായിരുന്നില്ല. തലമുടി ചുരുണ്ടതെന്നോ നേരെ നില്‍ക്കുന്നതെന്നോ പറയാന്‍ കഴിയുമായിരുന്നില്ല. ഉള്ളം കൈകള്‍ കുഴിഞ്ഞതായിരുന്നില്ല. ഉള്ളന്‍ കാലുകള്‍ നിറഞ്ഞതും പരന്നതുമായിരുന്നതിനാല്‍ മണലില്‍ പുതയുന്ന ഓരോ കാലടിപ്പാടും ഒരേ തരത്തിലുള്ളതായിരുന്നു. പിന്നെ വിരിഞ്ഞ മാറും മെലിഞ്ഞ കാലുകളും. നീണ്ട് അല്‍പം വളഞ്ഞ മൂക്ക്, വ്യക്തവും മധുരമൂറുന്നതുമായിരുന്നു പ്രവാചകന്റെ ശബ്ദം. വളരെ സാവധാനമാണ് സംസാരിക്കുക. വാക്കുകളും അക്ഷരങ്ങളും എണ്ണിക്കണക്കാക്കാന്‍ മാത്രം സാവധാനത്തില്‍. മുടി നന്നായി ചീകിവെച്ചിരിക്കും; ചിലപ്പോഴത് ചുമല്‍ വരെ എത്തിയിരിക്കും. വളരെ മനോഹരമായ ഒരു താടിയും അദ്ദേഹം വളര്‍ത്തിയിരുന്നു. മുടിയിലും താടിയിലും സുഗന്ധത്തൈലങ്ങള്‍ പൂശിയിരിക്കും. ശരീരത്തിന്റെ മുകളിലുള്ള രണ്ടാം ഭാഗത്തിനായിരുന്നു ഉയരക്കൂടുതല്‍. അതിനാല്‍ ഏതു സദസ്സില്‍ പ്രവാചകന്‍ ഇരുന്നാലും ഇരിക്കുന്നവരുടെ കൂട്ടത്തില്‍ അദ്ദേഹത്തിനായിരിക്കും ഏറ്റവും കൂടുതല്‍ ഉയരം തോന്നിക്കുക. ഒരു കുന്നിന്റെ ചെരിവ് ഇറങ്ങുന്നതുപോലെ വളരെ വേഗത്തിലാണ് നടത്തം. വളരെ സുമുഖന്‍, 'പതിനാലാം രാവിലെ പൂര്‍ണ ചന്ദ്രനേക്കാള്‍ സുന്ദരന്‍.' ഒരു അനുയായി (കൃത്യമായി പറഞ്ഞാല്‍ തന്റെ വളര്‍ത്തുമകന്‍, അഥവാ ഖദീജയുടെ മകന്‍) നല്‍കിയ ശരീര വര്‍ണനയാണിത്.5 

തന്റെ കച്ചവടത്തിന് മേല്‍നോട്ടം വഹിക്കുന്ന ഈ യുവാവിനോട് ഖദീജക്ക് ഊഷ്മളമായ അനുരാഗം മനസ്സില്‍ മൊട്ടിട്ടു. പലപ്പോഴും വ്യാപാര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഖദീജ അദ്ദേഹത്തെ സ്വന്തം വീട്ടില്‍ വിളിച്ചുവരുത്താറുണ്ടായിരുന്നു. പലതരം പഴങ്ങളും മറ്റു സമ്മാനങ്ങളും നല്‍കാറുമുണ്ടായിരുന്നു. അപ്പോഴൊക്കെയും ലജ്ജാശീലനായ അദ്ദേഹം തലകുനിച്ചിരിക്കാറാണ് പതിവ്. കുറച്ചു കാലം മടിച്ചു മടിച്ച് നിന്ന ശേഷം ഒടുവില്‍ ഖദീജ തന്റെ ഹൃദയരഹസ്യം തന്റെ കൂട്ടുകാരിയായ നുഫൈസയുായി പങ്കുവെച്ചു. വേണ്ട ഏര്‍പ്പാടുകളൊക്കെ വളരെ ബുദ്ധിപൂര്‍വകമായി ചെയ്യാന്‍ നുഫൈസയെ ശട്ടം കെട്ടുകയും ചെയ്തു. നുഫൈസ ഒരു 'വിദേശി' (മൗലാത്)യും അനറബ് മാതാപിതാക്കള്‍ക്ക് പിറന്നവളും (മുവാലദഃ) ആയിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.6 സുഹൈലി പറയുന്നത്, നുഫൈസ ഒരു 'കാഹിന' (പുരോഹിത) ആയിരുന്നുവെന്നാണ്.7 ജൂത പുരോഹിത എന്നായിരിക്കുമോ അതിന്റെ അര്‍ഥം? ഏതായാലും ഗോത്രപരമായി അവരുടെ കുടുംബത്തിന്റെ പദവി വളരെ താഴെയായിരുന്നു എന്ന് മനസ്സിലാക്കാം. അതുകൊണ്ടാണ് നുഫൈസയുടെ പിതാവിനെ എവിടെയും പരാമര്‍ശിക്കാതിരിക്കുന്നത്. മുന്‍യഹ എന്ന സ്ത്രീയുടെ പിന്മുറക്കാരി എന്നാണ് കാണുന്നത്. ഈ സ്ത്രീ നുഫൈസയുടെ മാതാേേവാ മാതാമഹിയോ ആകാം. ഏതായാലും, രഹസ്യദൂതുമായി പോകാന്‍ നുഫൈസയെ തെരഞ്ഞെടുത്തത് ഖദീജയുടെ സാമര്‍ഥ്യം വിളിച്ചോതുന്നുണ്ട്. കുടുംബപരമായി ശ്രേഷ്ഠ പദവികളൊന്നും ഇല്ലാത്ത ഒരു സ്ത്രീ അങ്ങാടിയില്‍ വെച്ച് അന്യ പുരുഷന്മാരുമായി സംസാരിക്കുന്നത് ആരും പ്രശ്‌നമാക്കുകയില്ല. വലിയ തറവാട്ടില്‍ ജനിച്ച സ്ത്രീയാണെങ്കില്‍ ഇത്തരം സംസാരങ്ങളൊന്നും അനുവദിക്കപ്പെടുകയുമില്ല. പ്രവാചകന്‍ തന്നെ ഈ സ്ത്രീയെ ഖദീജയുടെ വീട്ടില്‍ വെച്ചും കണ്ടിരിക്കാനിടയുണ്ട്.

ഒരു ദിവസം പ്രവാചകനുമായി രഹസ്യമായി സംസാരിക്കാന്‍ നുഫൈസക്ക് ഒരവസരം വീണുകിട്ടുകയാണ്. നുഫൈസ പ്രവാചകനോട് പറഞ്ഞു: 'താങ്കള്‍ക്കിപ്പോള്‍ പ്രായമൊക്കെ തികഞ്ഞു. നല്ല കുടുംബത്തില്‍നിന്ന് വരുന്ന ആളുമാണ്. സല്‍സ്വഭാവി എന്ന കീര്‍ത്തിയുമുണ്ട്. എന്തുകൊണ്ട് താങ്കള്‍ക്ക് വിവാഹിതനായിക്കൂടാ?' ഒരു കുടുംബം പുലര്‍ത്താനുള്ള സാമ്പത്തിക ശേഷി തനിക്കില്ലെന്നു പറഞ്ഞ് പ്രവാചകന്‍ ഒഴിഞ്ഞുമാറി. നുഫൈസ വിട്ടുകൊടുത്തില്ല: 'ധനാഢ്യയും സുന്ദരിയും തറവാട്ടുകാരിയുമൊക്കെയായ ഒരു സ്ത്രീയെ കണ്ടെത്തിയാല്‍ വിവാഹം ചെയ്യുന്നതിന് വിരോധമുണ്ടോ?' അത്ഭുതത്തോടെ പ്രവാചകന്‍ അതാരാണ് എന്ന് അന്വേഷിച്ചു. നുഫൈസ പറഞ്ഞു: 'ഖദീജ!' പ്രവാചകന്റെ മറുപടി: 'അത് നടക്കുമെന്ന് തോന്നുന്നില്ല. അവര്‍ എന്നെ സ്വീകരിക്കാന്‍ ഇടയില്ല. എത്ര പണക്കാര്‍ വിവാഹാന്വേഷണവുമായി ചെന്നതാണ്. എല്ലാം അവര്‍ നിരസിക്കുകയല്ലേ ചെയ്തത്?' നുഫൈസ പ്രവാചകനെ സമാശ്വസിപ്പിച്ചു: 'ഈ ആലോചന താങ്കള്‍ക്ക് ഇഷ്ടമാണെങ്കില്‍ ബാക്കി കാര്യങ്ങള്‍ എനിക്ക് വിട്ടേക്കൂ... കൂട്ടുകാരിയോട് ഞാന്‍ സംസാരിച്ചോളാം.' ഇത്ര ആത്മവിശ്വാസത്തോടെ നുഫൈസ സംസാരിക്കുന്നുണ്ടെങ്കില്‍ അത് ഖദീജ പറഞ്ഞയച്ചതുകൊണ്ടുതന്നെയാവണം എന്ന് പ്രവാചകന്‍ ഊഹിച്ചിട്ടുണ്ടാവണം.

ഖദീജ തന്നെയാണ് വിവാഹത്തിന് ദിവസവും നിശ്ചയിച്ചത്. നിശ്ചിത സമയത്ത് വരന്‍ തന്റെ പിതൃസഹോദരന്‍ അബൂത്വാലിബിനെയും അടുത്ത ബന്ധുക്കളെയും കൂട്ടി പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തുന്നു. അവിടെ വലിയൊരു സദ്യക്കുള്ള ഏര്‍പ്പാടുകളൊക്കെ ചെയ്തിട്ടുണ്ട്. നേരത്തേ സൂചിപ്പിച്ച അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു പോരാട്ട(ണമൃ ീള ജൃീളമിമശേീി)ത്തിനിടക്ക് ഖദീജക്ക് തന്റെ പിതാവിനെ നഷ്ടമായതിനാല്‍, ഖദീജയുടെ പിതൃസഹോദരന്‍ അംറുബ്‌നു അസദാണ് വിവാഹത്തിന് അനുവാദം നല്‍കിയത്. ഈ വിവാഹത്തെക്കുറിച്ച് ചില വിവരണങ്ങള്‍ ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. അവ ആധികാരികമാണെങ്കില്‍, അക്കാലത്തെ സാമൂഹിക ജീവിതത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനത്തെക്കുറിച്ച ചില സൂചനകള്‍ അതില്‍നിന്ന് ലഭിക്കുന്നുണ്ട്.

ആധികാരികമാണോ എന്നറിയില്ല, ഒരു റിപ്പോര്‍ട്ട് ഇങ്ങനെയാണ്: തന്റെ പിതൃസഹോദരനോട് വിവാഹത്തിന് മുന്‍കൂട്ടി അനുവാദം ചോദിക്കാന്‍ ഖദീജക്ക് ഭയമായിരുന്നു. മുഹമ്മദ് ദരിദ്രനാണെന്നു പറഞ്ഞ് അദ്ദേഹം ആ കല്യാണം മുടക്കിയേക്കും. അതിനാല്‍ വിവാഹ ചടങ്ങിലേക്ക് ഖദീജ തന്റെ പിതൃസഹോദരനെ ക്ഷണിച്ചിരുന്നുവെങ്കിലും ചടങ്ങ് എന്തു കാര്യത്തിനാണെന്ന് അദ്ദേഹത്തോട് നേരത്തേ പറഞ്ഞിരുന്നില്ല. രണ്ട് പിതൃസഹോദരന്മാരാണ് വിവാഹത്തിന് ഔപചാരികമായി സമ്മതം നല്‍കുന്നതിനായി വധൂവരന്മാരുടെ ഭാഗത്തുനിന്ന് എത്തിച്ചേര്‍ന്നിട്ടുള്ളത്. തന്റെ പിതൃസഹോദരന് വേണ്ടതൊക്കെ കൊടുക്കാന്‍ ഖദീജ തന്റെ പരിചാരകരെ ചുമതലപ്പെടുത്തിയിരുന്നു. അങ്ങനെ അയാള്‍ കുടിച്ച് ഒരു വിധം ലക്കു കെട്ടു. അയാളെ നല്ല വസ്ത്രങ്ങള്‍ ഉടുപ്പിച്ച്, ഖലൂഖ് എന്ന വാസനത്തൈലമൊക്കെ പുരട്ടി ആരോ വേദിയിലെത്തിച്ചു. അപ്പോഴാണ് വധൂകുടുംബത്തിലെ കാരണവരില്‍നിന്ന് വിവാഹത്തിന് ഔപചാരികമായി അനുവാദം വാങ്ങുന്നതിന് അബൂത്വാലിബ് എഴുന്നേറ്റത്. ഒരു ചെറു പ്രഭാഷണം അദ്ദേഹം നടത്തുകയും ചെയ്തു: ''മക്കയിലെ മറ്റേതൊരു യുവാവിനെയും കവച്ചുവെക്കുന്ന സ്വഭാവഗുണങ്ങള്‍ക്ക് ഉടമയാണ് എന്റെ ഈ സഹോദരപുത്രന്‍. അവന്‍ ധനികനല്ലായിരിക്കാം. ധനം നീങ്ങിപ്പോകുന്ന നിഴല്‍ മാത്രമാണല്ലോ. അവര്‍ ഇരുവരും അഗാധമായി സ്‌നേഹിക്കുന്നു എന്നതാണ് കാര്യം. അവര്‍ വളരെ നല്ല നിലയില്‍ ചേര്‍ന്നു പോവുകയും ചെയ്യും. അവരെ ഒന്നിപ്പിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്.'' പിന്നെ എഴുന്നേല്‍ക്കുന്നത് ഖദീജയുടെ ബന്ധു വറഖതുബ്‌നു നൗഫലാണ്. അബൂത്വാലിബിന്റെ വിവാഹാന്വേഷണത്തെ അദ്ദേഹം പിന്തുണച്ചു. ഖദീജയുടെ പിതൃസഹോദരന്‍ അപ്പോഴും മിണ്ടാതെ നില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ മൗനം സദസ്സ് അനുവാദമായി കണക്കാക്കി. പിന്നെ പരമ്പരാഗതമായി നടന്നുവരുന്ന അഭിവാദ്യ പ്രകടനങ്ങളും കൈയടികളും. വരന്റെ ദേഹത്ത് ഉണക്ക കാരക്കയും കല്‍ക്കണ്ടവും ചൊരിയുന്ന ചടങ്ങാണ് അടുത്തത്. അവ കൈക്കലാക്കാനായി അതിഥികള്‍ ഉന്തും തള്ളുമായി. അപ്പോഴൊക്കെ ലഹരി ബാധിച്ച് മയക്കത്തിലായിരുന്ന ഖദീജയുടെ പിതൃസഹോദരന്‍ അംറ് വൈകുന്നേരമായപ്പോള്‍ ഉണര്‍ന്നു. സുഗന്ധത്തൈലങ്ങളുടെയും കുന്തിരിക്കത്തിന്റെയും മണം എവിടെ നിന്നാണ് വരുന്നതെന്നും, ആളുകള്‍ പുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് പാട്ടുകള്‍ പാടുന്നത് എന്തിനാണെന്നും അദ്ദേഹത്തിന് മനസ്സിലാകുന്നില്ല. ഖദീജയാണ് മറുപടി പറഞ്ഞത്: ''ചിറ്റപ്പാ, നിങ്ങളല്ലേ ഇന്ന് അബ്ദുല്ലയുടെ മകന്‍ മുഹമ്മദിന് മുഴുവന്‍ നാട്ടുപ്രമാണിമാരുടെയും സാന്നിധ്യത്തില്‍ വെച്ച് എന്നെ വിവാഹം ചെയ്തു കൊടുത്തത്?'' തുടര്‍ന്ന്, വൃദ്ധനായ പിതൃസഹോദരനും അദ്ദേഹത്തിന്റെ സ്വതന്ത്ര കാഴ്ചപ്പാടുള്ള അനന്തിരവളും തമ്മില്‍ ചില കശപിശകള്‍ ഉണ്ടായതായി ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട് (വധൂവരന്മാരുടെ ഇരുപക്ഷത്തുമുള്ള ചില ചെറുപ്പക്കാര്‍ ആയുധങ്ങള്‍ പുറത്തെടുത്തെന്നും പക്ഷേ അവ പ്രയോഗിച്ചില്ലെന്നും ഇബ്‌നു സഅ്ദ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്). ഖദീജയോട് തര്‍ക്കിച്ചിട്ട് കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടും, വരന്‍ നഗരത്തിലെ ഏറ്റവും മാന്യനായ വ്യക്തിയാണെന്ന് അറിയാവുന്നതുകൊണ്ടും അംറ് പിന്നെയൊന്നും പറയാതെ മണവാട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ വരന് അനുവാദം കൊടുക്കുകയായിരുന്നു.8

ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെന്നും ഇല്ലെന്നും പറയുന്നവരുണ്ട്. എന്നാല്‍ സംഭവിച്ചുകൂടായ്കയുമില്ല. സംഭവിച്ചിട്ടുണ്ടെങ്കില്‍, മക്കന്‍ സമൂഹത്തിലെ അപൂര്‍വ സംഭവമായിരിക്കുമത്. പ്രവാചകനോ അദ്ദേഹത്തിന്റെ കുടുംബമോ പെണ്‍വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്ന യാതൊന്നും ചെയ്തിട്ടില്ല. തന്റെ പ്രതിശ്രുത വരന്‍ സമ്പന്നനല്ല എന്നതിന്റെ പേരില്‍ പലതരം മുന്‍ധാരണകള്‍ക്ക് അടിപ്പെട്ട് തന്റെ പിതൃസഹോദരന്‍ വിവാഹത്തിന് വിലങ്ങ് നില്‍ക്കുമോ എന്ന് ഭയന്ന ഖദീജ തന്റെ അവകാശം അരക്കിട്ടുറപ്പിക്കുക മാത്രമാണ് ചെയ്തത്. പിന്നെ ഇതൊക്കെയും സംഭവിക്കുന്നത് ഇസ്‌ലാമിന്റെ ആഗമനത്തിനു മുമ്പുമാണല്ലോ.

ഇബ്‌നു ഹിശാം9 പറയുന്നത്, വിവാഹത്തില്‍ 'മഹ്ര്‍' ആയി പ്രവാചകന്‍ ഖദീജക്ക് നല്‍കിയത് ഇരുപത് പെണ്ണൊട്ടകങ്ങളെയായിരുന്നു എന്നാണ്. ഇബ്‌നു ഹബീബി10ന്റെ വിവരണത്തില്‍, പന്ത്രണ്ട് ഔണ്‍സ് വെള്ളി(480 ദിര്‍ഹം)യാണ് മഹ്ര്‍. അദ്ദേഹത്തിന്റെ മറ്റൊരു വിവരണത്തില്‍ 500 ദിര്‍ഹം എന്നും വന്നിട്ടുണ്ട്. അറബ് നാട്ടാചാരമനുസരിച്ച് മണവാട്ടി വരന്റെ വീട്ടില്‍ വന്നുകയറിയാല്‍ ഒരു സദ്യ നടത്തുന്ന പതിവുണ്ട്. രണ്ട് ഒട്ടകങ്ങളെ അറുത്താണ് സദ്യ ഒരുക്കിയത്. ഇരുന്നൂറില്‍ കുറയാത്ത ആളുകള്‍ അതിലേക്ക് ക്ഷണിക്കപ്പെടുകയും ചെയ്തു.

ഏതാനും ദിവസങ്ങള്‍ക്കു ശേഷം പ്രവാചകന്‍ അബൂത്വാലിബിന്റെ വീട്ടില്‍നിന്ന് ഭാര്യ ഖദീജയുടെ വീട്ടിലേക്ക് താമസം മാറ്റി. വളരെ സംതൃപ്തമായിരുന്നു അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതം. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ചിലയിടങ്ങളിലൊക്കെ വിവാഹത്തിന് കാര്‍മികത്വം നല്‍കുന്ന ഖാദി ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ട്: ''ആദമിനെയും ഹവ്വയെയും, പ്രവാചകനെയും ഖദീജയെയും ഇണക്കിയതുപോലെ ഈ ദമ്പതികളെയും അല്ലാഹു ഇണക്കുമാറാകട്ടെ.''

പത്തു വര്‍ഷത്തിനകം ഖദീജ ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ആദ്യത്തേത് മകനായിരുന്നു, ഖാസിം എന്ന് പേര്. നടക്കാന്‍ പഠിച്ച് തുടങ്ങുമ്പോള്‍ ആ കുഞ്ഞ് മരണപ്പെട്ടു. വിവാഹം നടക്കുന്നത് ക്രി. 595-ല്‍ (ഹിജ്‌റക്ക് 28 വര്‍ഷം മുമ്പ്, പ്രവാചകത്വലബ്ധിയുടെ 15 വര്‍ഷം മുമ്പ്) ആണ്. അപ്പോള്‍ ഖാസിം ജനിക്കുന്നത് മിക്കവാറും ഹിജ്‌റക്കു മുമ്പ് 27-ാം വര്‍ഷമായിരിക്കണം. ഇബ്‌നു ഹസമിന്റെ അഭിപ്രായത്തില്‍(പേജ് 38), ഖദീജ തന്റെ മൂത്ത മകന് പേരിട്ടത് അബ്ദുല്‍ ഉസ്സ ('ഉസ്സയുടെ അടിമ' എന്നര്‍ഥം) എന്നായിരുന്നു. ഖദീജയുടെ പൂര്‍വികരില്‍ ഉസ്സ എന്നൊരാളുണ്ടായിരുന്നു. പക്ഷേ, പ്രവാചകന് ഇത്തരം പേരുകളൊന്നും ഇഷ്ടമായിരുന്നില്ല. അദ്ദേഹമാണ് പേര് 'ഖാസിം' (എന്തും വീതിച്ചു നല്‍കുന്നവന്‍ എന്നര്‍ഥം; ഉദാരതയെക്കുറിക്കുന്ന പദം) എന്നാക്കി മാറ്റിയത്.

ഖദീജയുടെ ആദ്യ രണ്ട് ഭര്‍ത്താക്കന്മാരില്‍ അവര്‍ക്ക് ജനിച്ച രണ്ട് കുട്ടികളെക്കുറിച്ച് നാം നേരത്തേ പരാമര്‍ശിച്ചിട്ടുണ്ട്. ഖദീജയുമായുള്ള പ്രവാചകന്റെ വിവാഹം കഴിഞ്ഞതിനു ശേഷം അവരെക്കുറിച്ച പരാമര്‍ശങ്ങളൊന്നും കാണാ

ന്‍ കഴിയുന്നില്ല. മക്കയിലെ സമ്പ്രദായമനുസരിച്ച്, ആ കുട്ടികള്‍ അവരുടെ പിതാവിന്റെ ബന്ധുക്കളുടെ വീട്ടിലാവും വളര്‍ന്നിട്ടുണ്ടാവുക. ഉമ്മ ഖദീജയെ സന്ദര്‍ശിക്കാന്‍ അവര്‍ ഇടക്കിടെ ഇങ്ങോട്ട് വരാറുണ്ടായിരുന്നിരിക്കാം. പ്രവാചകന്റെ ശരീര പ്രകൃതിയെക്കുറിച്ച് തൊട്ടുമുമ്പ് നടത്തിയ ആവേശപൂര്‍ണമായ വിവരണങ്ങള്‍ നല്‍കിയത് മറ്റാരുമല്ല, ഖദീജയുടെയും അബൂഹാലയുടെയും പുത്രന്‍ ഹിന്ദ്. പ്രവാചകന്‍ ഹിന്ദിന്റെ വളര്‍ത്തു പിതാവ് കൂടിയാണല്ലോ. ഉമ്മയെ കാണാനായി ഹിന്ദ് വരുമ്പോള്‍ പ്രവാചകന്‍ വളരെ സ്‌നേഹപൂര്‍വമാണ് അവനോട് പെരുമാറിയിരുന്നത് എന്ന് ആ വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാമല്ലോ.

തന്റെ പോറ്റുമകന് സുന്ദരിയായ ഭാര്യയെയും പുറമെ ഐശ്വര്യപൂര്‍ണമായ ജീവിതത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും ലഭിച്ചതില്‍ പോറ്റമ്മയായ ഹലീമയും വളരെയേറെ സന്തോഷിച്ചിരിക്കണം. തന്റെ മരുമകള്‍ തനിക്ക് നല്‍കുന്ന പരിഗണനയിലും അവര്‍ കൂടുതല്‍ സംതൃപ്തിയനുഭവിച്ചിട്ടുണ്ടാവണം. സുഹൈലി11 എഴുതുന്നത് ഇങ്ങനെയാണ്: ''വിവാഹശേഷം പ്രവാചകനെ കാണാന്‍ വന്ന ഹലീമക്ക് ഖദീജ നിരവധി ഒട്ടകങ്ങളെ നല്‍കി. ആ വൃദ്ധ വീട്ടിലേക്ക് തിരിച്ചുപോയത് കൃതാര്‍ഥത നിറഞ്ഞ മനസ്സോടെയാണ്.'' ഇബ്‌നു സഅ്ദിന്റെ12 വിവരണപ്രകാരം, മിക്കവാറും കുറച്ചു കാലത്തിനു ശേഷം, ഹലീമ വീണ്ടും ഖദീജയെ സമീപിക്കുന്നുണ്ട്. വരള്‍ച്ചയെക്കുറിച്ച് പരാതി പറയാനാണ് വന്നത്. അപ്പോള്‍ നാല്‍പത് ഒട്ടകങ്ങളെ ഖദീജ അവര്‍ക്ക് നല്‍കിയത്രെ; യാത്ര ചെയ്യാനായി മറ്റൊരു ഒട്ടകത്തെയും.

പ്രവാചകന്‍ ഖദീജയെ അത്യഗാധമായി സ്‌നേഹിച്ചിരുന്നു എന്നതില്‍ ഒരാള്‍ക്കും സംശയമുണ്ടാവുകയില്ല. ഖദീജയുടെ മരണശേഷം മദീനയിലായിരിക്കെ പ്രവാചകന്റെ യുവതിയായ ഭാര്യ ആഇശ ഈ പ്രണയത്തെച്ചൊല്ലി അരിശപ്പെടുന്നുണ്ട്. ഖദീജയുടെ സ്‌നേഹത്തെയും അലിവിനെയും കുറിച്ച് പ്രവാചകന്‍ വാചാലനാകുമ്പോള്‍ 'ആ പ്രായം ചെന്ന മക്കക്കാരി' എന്ന് ആഇശ പല്ലിറുമ്പും.13

വിവാഹത്തിനു ശേഷം പ്രവാചകത്വലബ്ധി വരെയുള്ള പതിനഞ്ചു വര്‍ഷം അദ്ദേഹത്തിന്റെ പെരുമാറ്റം എങ്ങനെയായിരുന്നു? ഖദീജ അതേക്കുറിച്ച് പറയുന്നുണ്ട്. ദിവ്യവെളിപാട് ആദ്യമായി സംഭവിച്ചപ്പോള്‍ പ്രവാചകന്‍ വല്ലാതെ ചകിതനായിപ്പോയിരുന്നു. വല്ല പിശാചുബാധയുമാണോ ഇതെന്ന് അദ്ദേഹം ഭയപ്പെട്ടു. അപ്പോള്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ട് ഖദീജ പറഞ്ഞു: ''താങ്കള്‍ ഭയപ്പെടേണ്ടതില്ല. ദൈവം താങ്കളെ പിശാചിന് വിട്ടുനല്‍കുകയില്ല. ദൈവം താങ്കളെ സഹായിക്കുക മാത്രമേ ചെയ്യൂ. കാരണം താങ്കള്‍ അയല്‍വാസിയെ സഹായിക്കുന്നു. കുടുംബത്തെ നല്ല നിലക്ക് പരിപാലിക്കുന്നു. വളരെ സത്യസന്ധമായി ജീവിത വിഭവങ്ങള്‍ സമ്പാദിക്കുന്നു. മറ്റുള്ളവരെ സല്‍പാന്ഥാവിലേക്ക് നയിക്കുന്നു. അനാഥകള്‍ക്ക് അഭയമേകുന്നു. സത്യം മാത്രം പറയുന്നു. വിശ്വസിച്ചേല്‍പിച്ച വസ്തുക്കളില്‍ കൃത്രിമം നടത്തുന്നില്ല. അഗതികള്‍ക്ക് താങ്കള്‍ തുണയാകുന്നു. ആവശ്യക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും താങ്കളെ സമീപിക്കാം. എല്ലാവരുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നു.''14

പ്രവാചകന്‍ ചെലവഴിച്ചിരുന്നത് തന്റെ ഭാര്യയുടെ സമ്പത്തായിരുന്നില്ല എന്ന് മേല്‍ പരാമര്‍ശത്തില്‍ സൂചനയുണ്ട്. കുടുംബം പുലര്‍ത്താന്‍ അദ്ദേഹം അധ്വാനിക്കുന്നു എന്ന് വ്യക്തമായി തന്നെ പറയുന്നുമുണ്ടല്ലോ.  അദ്ദേഹത്തിന് സ്വന്തമായി കച്ചവടങ്ങള്‍ ഉണ്ടായിരുന്നു. അതല്ലെങ്കില്‍ ഭാര്യയുടെ കച്ചവട സംരംഭങ്ങളുടെ ചുമതല അദ്ദേഹം ഏറ്റെടുത്തിരിക്കാനും സാധ്യതയുണ്ട്. മക്കയിലെ സമ്പ്രദായമനുസരിച്ച് ഭാര്യയുടെ സ്വത്ത് ഭര്‍ത്താവിന് ലഭിക്കില്ല. വിവാഹശേഷവും സ്വത്ത് പൂര്‍ണമായി അവളുടേത് തന്നെയായിരിക്കും.

ഇക്കാലത്ത് അറേബ്യയില്‍ രൂക്ഷമായ വരള്‍ച്ചയും പട്ടിണിയുമൊക്കെ സംഭവിക്കുന്നുണ്ട്. ആ സമയത്താവണം ഹലീമ സഹായം തേടി തന്റെ പോറ്റുമകന്റെ വീട്ടില്‍ വന്നത്. ത്വബ്‌രി15 ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്. പട്ടിണിയുടെ കാലം വന്നതോടെ വലിയൊരു കുടുംബം പുലര്‍ത്തേണ്ട പിതൃസഹോദരന്‍ അബൂത്വാലിബ് വളരെ പ്രയാസത്തിലായി. ഈ സന്ദര്‍ഭത്തില്‍ പ്രവാചകന്‍ സാമാന്യം ധനശേഷിയുള്ള മറ്റൊരു പിതൃസഹോദരനായ അബ്ബാസിനെ ചെന്നു കാണുന്നു. അദ്ദേഹത്തോടു പറയുന്നു: ''താങ്കള്‍ക്ക് അറിയാമല്ലോ, അബൂത്വാലിബ് ഒരുപാട് പ്രയാസത്തിലാണ്. കുട്ടികളില്‍ ഒന്നു രണ്ട് പേരെ നമ്മള്‍ നമ്മുടെ വീടുകളില്‍ കൊണ്ടുപോയി വളര്‍ത്തുന്നത് നന്നായിരിക്കും.'' അങ്ങനെയാണ് അബൂത്വാലിബിന്റെ മക്കളില്‍ ജഅ്ഫറിനെ അബ്ബാസും അലിയെ പ്രവാചകനും ദത്തെടുത്ത് വളര്‍ത്തുന്നത്.

അറേബ്യയുടെ ഏതോ ഒരു ഭാഗത്തുവെച്ച് നടന്ന ഏറ്റുമുട്ടലില്‍ സൈദുബ്‌നു ഹാരിസ എന്ന കൗമാരക്കാരന്‍ തടവുകാരനായി പിടിക്കപ്പെടുന്നുണ്ട് ഈ സന്ദര്‍ഭത്തില്‍. തടവുകാരെ അടിമച്ചന്തകളില്‍ കൊണ്ടുപോയി വില്‍ക്കുകയാണ് ചെയ്യുക. ഇങ്ങനെ അടിമയാക്കപ്പെട്ട ഈ പാവം കൗമാരക്കാരന്‍ പല യജമാനന്മാരുടെയും കൈകളിലൂടെ മാറി മറിഞ്ഞ് ഒടുവില്‍ മക്കയില്‍ എത്തിപ്പെടുന്നു. ഭാര്യയുമായി ധാരണയിലെത്തിയ ശേഷം പ്രവാചകന്‍ ഈ കൗമാരക്കാരനെ വിലയ്‌ക്കെടുത്ത് വീട്ടിലേക്ക് കൊണ്ടുവരുന്നു. കാലമല്‍പം കഴിഞ്ഞു. അപ്പോഴെല്ലാം സൈദിന്റെ മാതാപിതാക്കള്‍ മകനെ അന്വേഷിച്ച് അറേബ്യ മുഴുവന്‍ അലയുകയായിരുന്നു. ദൗര്‍ഭാഗ്യവാനായ ആ മകന്‍ മക്കയിലെത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പിതാവും അദ്ദേഹത്തിന്റെ സഹോദരനും മക്കയിലെത്തി. പ്രവാചകന്റെ വീട്ടിലെത്തിയ അവര്‍ മോചനദ്രവ്യമായി എന്തു വേണമെങ്കിലും തരാമെന്നും മകനെ വിട്ടു നല്‍കണമെന്നും അപേക്ഷിച്ചു. പ്രവാചകന്‍ അവരോട് പറഞ്ഞു: ''നിങ്ങളുടെ സങ്കടങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു. എനിക്ക് സഹാനുഭൂതിയുണ്ട്. പക്ഷേ നിങ്ങളുടെ കുട്ടി, അവന്‍ ഈ വീട്ടില്‍ എന്റെ കുട്ടിയാണ്. അവനോട് തന്നെ നിങ്ങള്‍ കാര്യങ്ങള്‍ സംസാരിക്കൂ. നിങ്ങളുടെ കൂടെ പോരണമെന്നാണ് അവന്റെ ആഗ്രഹമെങ്കില്‍ നിങ്ങള്‍ക്ക് അവനെ കൊണ്ടുപോകാം. മോചനദ്രവ്യമൊന്നും ആവശ്യമില്ല.'' പിതാവും പിതൃസഹോദരനും സൈദിനോട് സംസാരിച്ചപ്പോള്‍ അവന്റെ മറുപടി ഇങ്ങനെയായിരുന്നു: ''എനിക്ക് എന്റെ യജമാനന്റെ കൂടെ ഇവിടെത്തന്നെ നില്‍ക്കാനാണ് ഇഷ്ടം. ഞാനിനി ആരുടെ കൂടെയും എങ്ങോട്ടേക്കുമില്ല.'' ഈ വാക്കുകള്‍ കേട്ട് തരളിതനായിപ്പോയ പ്രവാചകന്‍ നേരെ കഅ്ബയുടെ മുറ്റത്ത് ചെന്ന് ഇങ്ങനെ പരസ്യമായി പ്രഖ്യാപിച്ചു: ''സൈദിനെ ഞാന്‍ സ്വതന്ത്രനാക്കിയിരിക്കുന്നു. അവന്‍ ഇനി മേല്‍ എന്റെ ദത്തുപുത്രനാണ്.'' സൈദിന്റെ പിതാവിനും ചിറ്റപ്പനും ദുഃഖത്തോടെ തിരിച്ചുപോകേണ്ടിവന്നെങ്കിലും, മകന്റെ ഭാവി സുരക്ഷിതമാണെന്ന് അവര്‍ക്ക് ഉറപ്പ് ലഭിച്ചുകഴിഞ്ഞിരുന്നു.16

(തുടരും)

 

കുറിപ്പുകള്‍

1. മുഹബ്ബര്‍, പേജ് 79, ബലാദുരി- അന്‍സാബ് 1/177

2. ഇബ്‌നു ഹിശാം, പേജ് 143-144, മുസ്വ്അബ്- നസബ്, പേജ് 207-210

3. ബലാദുരി- അന്‍സാബ് 1/139

4. മുര്‍തസ സബീദി- താജുല്‍ ഉറൂസ്

5. തിര്‍മിദി, ശാമിലി. ബലാദുരി 1/831-852, ഇബ്‌നു സഅ്ദ് 1/2 പേജ് 120-131

6. ത്വബ്‌രി 1/129

7. സുഹൈലി 1/123

8. ഇബ്‌നു സഅ്ദ് 1/1 പേജ് 84-85

9. ഇബ്‌നു ഹിശാം, പേജ് 100

10. മുഹബ്ബര്‍, പേജ് 79

11. റൗദ് 1,111

12. ത്വബഖാത്ത് 1/1 പേജ് 71

13. സുഹൈലി 1/159

14. ബലാദുരി 1/190,193

15. ഇബ്‌നു ഹിശാം, പേജ് 159

16. സുഹൈലി 1/164

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (85 - 95)
എ.വൈ.ആര്‍

ഹദീസ്‌

കോലം മാറിയ കാലം
പി.എ സൈനുദ്ദീന്‍