Prabodhanm Weekly

Pages

Search

2017 മെയ് 19

3002

1438 ശഅ്ബാന്‍ 22

ഹിക്മത്തിയാര്‍ കാബൂളില്‍ തിരിച്ചെത്തുമ്പോള്‍

അബൂസ്വാലിഹ

നീണ്ട ഇരുപതു വര്‍ഷത്തെ ഇടവേളക്കു ശേഷം അഫ്ഗാനിസ്താനിലെ ഹിസ്‌ബെ ഇസ്‌ലാമി തലവന്‍ ഗുല്‍ബുദ്ദീന്‍ ഹിക്മത്തിയാര്‍ തലസ്ഥാന നഗരിയായ കാബൂളില്‍ തിരിച്ചെത്തിയിരിക്കുന്നു, ഗവണ്‍മെന്റിന്റെ അതിഥിയായി. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഗംഭീര സ്വീകരണവും നല്‍കി. അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി, മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, ഭരണം നടത്തുന്ന നാഷ്‌നല്‍ യൂനിറ്റി ഗവണ്‍മെന്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുല്ല അബ്ദുല്ല തുടങ്ങിയ രാഷ്ട്രീയ പ്രമുഖരും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമെല്ലാം സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഒരുകാലത്ത് അഫ്ഗാന്‍ രാഷ്ട്രീയത്തിലെ അവഗണിക്കാനാവാത്ത ശക്തിയായിരുന്ന, അഫ്ഗാനിലെ സോവിയറ്റ് അധിനിവേശത്തിനെതിരെ ഏറ്റവും സംഘടിതമായ ചെറുത്തുനില്‍പ് നടത്തിയ ഹിസ്‌ബെ ഇസ്‌ലാമി, രാഷ്ട്രത്തെ ശിഥിലമാക്കിയ ആഭ്യന്തര കലാപങ്ങള്‍ മുതലെടുത്ത് താലിബാന്‍ അധികാരത്തിലെത്തിയതോടെ മുഖ്യധാരയില്‍നിന്ന് ഏറക്കുറെ നിഷ്‌ക്രമിക്കുകയായിരുന്നു. 1992-'96 കാലങ്ങളില്‍ പ്രധാനമന്ത്രിയായിരുന്ന ഹിക്മത്തിയാറും പ്രസിഡന്റായിരുന്ന ജംഇയ്യത്തെ ഇസ്‌ലാമി തലവന്‍ ബുര്‍ഹാനുദ്ദീന്‍ റബ്ബാനിയും - ഇവര്‍ തമ്മില്‍ ഗുരുശിഷ്യ ബന്ധം കൂടിയുണ്ട്- തമ്മിലുണ്ടായ രൂക്ഷമായ അഭിപ്രായ ഭിന്നതകളാണ് ആഭ്യന്തര കലാപങ്ങളിലേക്ക് നയിച്ചത്. ഹിസ്‌ബെ  ഇസ്‌ലാമി മിലീഷ്യ തൊടുത്തുവിട്ട റോക്കറ്റുകള്‍ കാബൂള്‍ നഗരത്തെ ചുടലക്കളമാക്കി. ഒന്നിച്ചു നിന്നവര്‍ ചേരിതിരിഞ്ഞ് പൊരുതിയ ഈ അവസരത്തിലാണ് താലിബാന്‍ കാബൂളില്‍ അധികാരം പിടിച്ചത്. താലിബാനെ തുരത്തി അഫ്ഗാനില്‍ അധിനിവേശം നടത്തിയ അമേരിക്കന്‍ സൈന്യം ഹിക്മത്തിയാറെ 'ആഗോള ഭീകരന്‍' ആയി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഒളിവില്‍ പോവുകയായിരുന്നു. ഇറാനിലും പാകിസ്താനിലെ ഗോത്രവര്‍ഗ പ്രദേശങ്ങളിലും മറ്റും ഒളിവില്‍ കഴിയുകയായിരുന്നു ഇത്രയും കാലം. മാസങ്ങള്‍ക്കു മുമ്പ് ഹിക്മത്തിയാര്‍ അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനിയുമായി ഒരു സമാധാനക്കരാറില്‍ ഒപ്പിട്ടതിനെത്തുടര്‍ന്ന് ഭീകരപ്പട്ടികയില്‍നിന്ന് അമേരിക്ക ഹിക്മത്തിയാറിന്റെ പേര് ഒഴിവാക്കുകയുണ്ടായി. ആ ആനുകൂല്യത്തിലാണ് ഹിക്മത്തിയാര്‍ ഇപ്പോള്‍ കാബൂളില്‍ എത്തിയിരിക്കുന്നത്.

താലിബാനെ സമാധാന ചര്‍ച്ചകളിലേക്ക് കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും തന്റെ പാര്‍ട്ടി ഭരണത്തില്‍ പങ്കാളിത്തം ആഗ്രഹിക്കുന്നില്ലെന്നുമാണ് എഴുപതുകാരനായ ഹിക്മത്തിയാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ പല രാഷ്ട്രീയ വൃത്തങ്ങളും ഈ പ്രസ്താവനകള്‍ മുഖവിലക്കെടുക്കുന്നില്ല. ഹിക്മത്തിയാറിന്റെ തിരിച്ചുവരവിനു പിന്നില്‍ പലതരം രാഷ്ട്രീയ കളികള്‍ അവര്‍ കാണുന്നു. ഇത്തവണ ഹിക്മത്തിയാറെ രംഗത്തിറക്കിയിരിക്കുന്നത് പാകിസ്താനാണെന്ന് ഒരു വിഭാഗം സംശയിക്കുന്നു. വിഷയത്തില്‍ പാകിസ്താന്‍ ഒന്നും പ്രതികരിക്കാതിരിക്കുന്നത് അതിന്റെ സൂചനയായാണ് അവര്‍ കാണുന്നത്.

പക്ഷേ, അതിനേക്കാളൊക്കെ യുക്തിസഹമായി തോന്നുന്നത്, പ്രസിഡന്റ് അശ്‌റഫ് ഗനി തന്നെയാണ് ഇതിനൊക്കെ ചുക്കാന്‍ പിടിച്ചത് എന്ന നിരീക്ഷണമാണ്. ഒരര്‍ഥത്തില്‍ പഷ്തൂണ്‍ വിഭാഗത്തിന്റെ സംഘടനയാണ് ഹിസ്‌ബെ ഇസ്‌ലാമി എന്നു പറയാം. താജിക്കുകള്‍ക്ക് പ്രാമുഖ്യമുള്ള ജംഇയ്യത്തെ ഇസ്‌ലാമിയുമായി അവര്‍ കൊമ്പുകോര്‍ക്കുന്നതില്‍ വംശീയ ചേരിതിരിവും ഒരു കാരണമാണ്. ഇപ്പോഴത്തെ പ്രസിഡന്റ് അശ്‌റഫ് ഗനിയും വംശീയതയെ കൂട്ടുപിടിക്കുകയാണ് എന്നാണ് ആരോപണം. ഹിസ്‌ബെ ഇസ്‌ലാമിക്ക് ഏറ്റവും കൂടുതല്‍ ശക്തിയുള്ളത് കിഴക്കന്‍ മേഖലയില്‍ അധിവസിക്കുന്ന ഗില്‍സായി പഷ്തൂണുകള്‍ക്കിടയിലാണ്. അശ്‌റഫ് ഗനിയും ഈ വിഭാഗത്തില്‍ പെടുന്നയാളാണ്. 2014-ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ഒത്താശയോടെ കൃത്രിമം കാണിച്ചാണ് അശ്‌റഫ് ഗനി പ്രസിഡന്റായത് എന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നുണ്ട്. അതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ 'തോറ്റ' അബ്ദുല്ല അബ്ദുുല്ലയെ പ്രസിഡന്റിനോളം അധികാരങ്ങളുള്ള ചീഫ് എക്‌സിക്യൂട്ടീവ് ആയി നിയമിക്കേണ്ടിവന്നത്. ഇവര്‍ തമ്മില്‍ തീരെ സ്വരച്ചേര്‍ച്ചയില്ല. അബ്ദുല്ല അബ്ദുല്ലയാകട്ടെ ജംഇയ്യത്തെ ഇസ്‌ലാമി പക്ഷക്കാരനുമാണ്. അതിനാല്‍, അബ്ദുല്ല അബ്ദുല്ലക്ക് തടയിടാന്‍ ഹിക്മത്തിയാറെ ഇറക്കിക്കളിക്കുകയാണ് അശ്‌റഫ് ഗനി എന്നാണ് ആരോപണം. മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിക്കും പ്രസിഡന്റിന്റെ കസേരയില്‍ തന്നെയാണ് നോട്ടം. ഈ രാഷ്ട്രീയ നീക്കത്തിലൂടെ അദ്ദേഹത്തെയും ഒരു പരിധിവരെ ഒതുക്കാം. പക്ഷേ, ഇത് തീ കൊണ്ട് തല ചൊറിയിലാണന്നും അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നും കരുതുന്നവരും ധാരാളം. 

 

ഹനിയ്യയുടെ സ്ഥാനാരോഹണവും പുതിയ നയരേഖയും

ഫലസ്ത്വീനിലെ ചെറുത്തുനില്‍പു പ്രസ്ഥാനമായ ഹമാസിന്റെ പോളിറ്റ് ബ്യൂറോ തലവനായി അബൂഅബ്ദ് എന്ന് അനുയായികള്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന ഇസ്മാഈല്‍ ഹനിയ്യ തെരഞ്ഞെടുക്കപ്പെട്ടതും, ഹമാസിന്റെ പുതിയ രാഷ്ട്രീയ നയരേഖ പുറത്തിറക്കിയതും ഏതാണ്ട് ഒരേ സമയത്തായത് യാദൃഛികമാകാനിടയില്ല. കഴിഞ്ഞ പത്തു വര്‍ഷമായി ഹമാസിനെ നയിക്കുന്ന ഖാലിദ് മിശ്അലിന്റെ പിന്‍ഗാമിയായാണ് ഹനിയ്യ എത്തുന്നത്. സംഘടനാ ചട്ടപ്രകാരം പരമാവധി ഒരാള്‍ക്ക് അധ്യക്ഷ സ്ഥാനത്ത് ഇരിക്കാനാവുക പത്തു വര്‍ഷമാണ്. മിശ്അലിന്റെ തന്നെ നിര്‍ബന്ധബുദ്ധിയാണ് തെരഞ്ഞെടുപ്പ് സമയത്തുതന്നെ നടത്താന്‍ സാഹചര്യമൊരുക്കിയതും. മൂസ മുഹമ്മദ് അബൂ മര്‍സൂഖ്, മഹ്മൂദ് സഹ്ഹാര്‍ തുടങ്ങിയ മുതിര്‍ന്ന ഹമാസ് നേതാക്കള്‍ മത്സരരംഗത്ത് ഉണ്ടായിരുന്നുവെങ്കിലും അമ്പത്തിനാലുകാരനായ ഹനിയ്യ തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയ കാരണങ്ങളുണ്ട്.

ഒരുപക്ഷേ ഇന്ന് ഫലസ്ത്വീനിലെ ഏറ്റവും ജനകീയനായ നേതാവാണ് ഇസ്മാഈല്‍ ഹനിയ്യ. വിവിധ അറബ് രാഷ്ട്ര നേതാക്കളുമായി മാത്രമല്ല, വിമോചനത്തിനു വേണ്ടി പൊരുതുന്ന മറ്റു ഫലസ്ത്വീന്‍ ഗ്രൂപ്പുകളുമായും അദ്ദേഹത്തിന് നല്ല ബന്ധമാണ്. മുന്‍ സാരഥി ഖാലിദ് മിശ്അല്‍ ഖത്തറില്‍ പ്രവാസ ജീവിതം നയിച്ചുകൊണ്ടാണ് ഹമാസിന് നേതൃത്വം നല്‍കിയതെങ്കില്‍, ഗസ്സ മുനമ്പില്‍ ഇസ്രയേലിന്റെ അതിക്രമങ്ങളെയും വധഗൂഢാലോചനകളെയും അതിജീവിച്ചുകൊണ്ട് പൊരുതുന്ന ആ ജനതക്ക് നേതൃത്വം നല്‍കുകയായിരുന്നു ഹനിയ്യ. 2006-ലെ തെരഞ്ഞെടുപ്പില്‍ 'ഫത്ഹി'നെ പിന്തള്ളി ഹമാസ് ഗസ്സയില്‍ ഭൂരിപക്ഷം നേടിയപ്പോള്‍ പ്രധാനമന്ത്രിയെ കണ്ടെത്താന്‍ ഹമാസ് നേതൃത്വത്തിന് അധികം ആലോചിക്കേണ്ടിവന്നില്ല. പ്രധാനമന്ത്രിയായി ചുമതലയേറ്റ ഹനിയ്യയെ കാത്തിരുന്നത് പ്രതിസന്ധികളുടെ ഒരു പരമ്പര തന്നെയായിരുന്നു. ഗസ്സക്കെതിരെ ഇസ്രയേല്‍ ഉപരോധം ശക്തമാക്കി. ഈജിപ്തില്‍ മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് സീസി എന്ന സൈനിക ഏകാധിപതി അധികാരം പിടിച്ചെടുത്തപ്പോള്‍ ഉപരോധക്കുരുക്ക് ഒന്നുകൂടി മുറുകി. അതിനിടെ പലതരം കള്ളങ്ങള്‍ പറഞ്ഞ് ഇസ്രയേല്‍ ഒന്നിലധികം തവണ ഗസ്സക്ക് മേല്‍ നിര്‍ദയം ബോംബുകള്‍ വര്‍ഷിക്കുകയും ചെയ്തു. ഈ പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ സ്വന്തം ജീവന്‍ പണയം വെച്ചും ഈ മര്‍ദിത ജനതക്ക് ആത്മവിശ്വാസം പകര്‍ന്നുകൊണ്ട് ഹനിയ്യ അവര്‍ക്കിടയിലെ ഒരാളായി ജീവിച്ചു. അഭയാര്‍ഥി ക്യാമ്പില്‍ പിറന്നുവീഴുകയും പലതവണ ഇസ്രയേല്‍ തടവറകളില്‍ അടക്കപ്പെടുകയും 'മറജുസ്സുഹൂര്‍' എന്ന 'നോമാന്‍സ് ലാന്റി'ലേക്ക് നാടുകടത്തപ്പെടുകയും ചെയ്ത ഹനിയ്യക്ക് പ്രതിസന്ധികള്‍ പുത്തരിയായിരുന്നില്ല. പലപ്പോഴും വധശ്രമങ്ങളില്‍നിന്ന് തലനാരിഴക്കാണ് അദ്ദേഹം രക്ഷപ്പെടുക. ഇതിനിടെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഹമാസ് ഗവണ്‍മെന്റിനെ ഫലസ്ത്വീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പുറത്താക്കിയപ്പോള്‍ അത് ഫത്ഹ്-ഹമാസ് തുറന്ന പോരിന് വഴിവെക്കുകയും ചെയ്തു.

ഹമാസ് പോളിറ്റ് ബ്യൂറോ മേധാവിയായി ചുമതലയേറ്റ ഹനിയ്യയുടെ ആദ്യ പ്രഖ്യാപനം വിവിധ പോരാട്ട സംഘങ്ങളുമായി സമവായത്തിലെത്തുകയും ഫലസ്ത്വീന്‍ രാഷ്ട്ര രൂപവത്കരണത്തിന് ഒന്നിച്ച് ശബ്ദമുയര്‍ത്തുകയും ചെയ്യും എന്നതായിരുന്നു. ഈ പശ്ചാത്തലത്തില്‍ വേണം ഹമാസിന്റെ പുതിയ നയരേഖയെ കാണാന്‍. ഹമാസ് എന്ന സംഘടന രൂപവത്കരിച്ച് എട്ടു മാസം മാത്രം പിന്നിട്ടപ്പോള്‍, അതായത് 1988 ആഗസ്റ്റ് 18-നായിരുന്നു ആദ്യ നയരേഖ. അക്കാലത്ത് അലയടിച്ച ശക്തമായ ഫലസ്ത്വീന്‍ ഇന്‍തിഫാദയായിരുന്നല്ലോ ഹമാസ് രൂപവത്കരണത്തിന് വഴിവെച്ചത്. കാര്യമായ രാഷ്ട്രീയ പരിചയം ആര്‍ജിക്കുന്നതിനു മുമ്പ് നയരേഖ പുറത്തുവിടുകയും ചെയ്തു. അതിനാല്‍ പദപ്രയോഗങ്ങളില്‍ ഒട്ടും മയമുണ്ടായിരുന്നില്ല. ഇസ്രയേലിന്റെ രാഷ്ട്രം എന്ന അസ്തിത്വം തന്നെ നയരേഖ ചോദ്യം ചെയ്തു. ഫലസ്ത്വീനിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ പ്രതിനിധാനമാണ് തങ്ങള്‍ എന്ന സൂചനകളും അതില്‍ ഉണ്ടായിരുന്നു. പിന്നീടുള്ള രാഷ്ട്രീയ അനുഭവങ്ങളുടെ വെളിച്ചത്തില്‍ മറ്റൊരു സംഘടനയുമായും ബന്ധമില്ലാത്ത ഒരു സ്വതന്ത്ര ദേശീയ സംഘടനയായി ഹമാസ് വളരുന്നതാണ് നാം കാണുന്നത്. അതിനാല്‍ 2017 മെയ് ഒന്നിന് പുറത്തിറക്കിയ രണ്ടാം നയരേഖയില്‍ അത്തരം മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് കാണുക.

പ്രായോഗിക രാഷ്ട്രീയത്തിനാണ് രണ്ടാം നയരേഖയില്‍ മുഖ്യ ഊന്നല്‍. 1967-ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തിന് മുമ്പുള്ള അതിര്‍ത്തി ഇതാദ്യമായി ഹമാസ് ഈ നയരേഖയില്‍ അംഗീകരിക്കുന്നു. ഇസ്രയേലിന്റെ അസ്തിത്വത്തെ അംഗീകരിക്കുന്നു എന്നര്‍ഥം. ഫത്ഹുമായി അനുരഞ്ജനത്തിലെത്താനും ഇസ്രയേലുമായുള്ള ചര്‍ച്ചകളില്‍ ഒരു പൊതു നിലപാട് സ്വീകരിക്കാനും ഇത് വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയ നയരേഖയിലെ 'ജൂതന്മാര്‍', 'ജൂതരാഷ്ട്രം' പോലുള്ള പ്രയോഗങ്ങള്‍ 'സയണിസം', 'സയണിസ്റ്റ് രാഷ്ട്രം' എന്നിങ്ങനെയായി രൂപം മാറും. ഒരു മതസമൂഹത്തോടല്ല, സയണിസം എന്ന ഫാഷിസത്തോടാണ് തങ്ങള്‍ പൊരുതുന്നത് എന്ന് പ്രഖ്യാപിക്കുകയാണിവിടെ. ഇഖ്‌വാനെക്കുറിച്ച പരാമര്‍ശങ്ങളോ സൂചനകളോ പുതിയ നയരേഖയിലില്ല. ഇസ്‌ലാമിക മൂല്യാടിത്തറയുള്ള ഒരു സ്വതന്ത്ര ദേശീയ സംഘടനയായിരിക്കും ഹമാസ് എന്നര്‍ഥം.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (85 - 95)
എ.വൈ.ആര്‍

ഹദീസ്‌

കോലം മാറിയ കാലം
പി.എ സൈനുദ്ദീന്‍