Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 17

ഗ്രൗണ്ട് സീറോയില്‍ നിന്ന് തഹ്‌രീര്‍ സ്‌ക്വയറിലേക്കുള്ള ദൂരം

ടി.കെ.എം ഇഖ്ബാല്‍

അല്‍ജസീറയുടെ വളര്‍ച്ചയെക്കുറിച്ചും സ്വാധീനത്തെക്കുറിച്ചും പഠനം നടത്തിയ അമേരിക്കന്‍ ബുദ്ധിജീവികളില്‍ പ്രമുഖനാണ് ഡോ. ഷോണ്‍ പവേഴ്‌സ് (Dr Shawn Powers). അല്‍ജസീറയുടെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനായി പവേഴ്‌സ് ഈയിടെ ദോഹയില്‍ വന്നു. ഒരു അഭിമുഖത്തിനിടെ, അറബ് വസന്തത്തെക്കുറിച്ചും അല്‍ജസീറയെക്കുറിച്ചുമുളള്ള അമേരിക്കന്‍ കാഴ്ചപ്പാടുകളെപറ്റി ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഭീകരവാദവും തീവ്രവാദവും കേട്ടുമടുത്ത അമേരിക്കക്കാരില്‍ അറബ് വിപ്ലവങ്ങള്‍ ആകാംക്ഷയുളവാക്കിയിട്ടുണ്ട്. അല്‍ജസീറ, വിശേഷിച്ചും ഇംഗ്ലീഷ് ചാനല്‍ മിഡില്‍ ഈസ്റ്റിനെക്കുറിച്ച് ഒരു പുതിയ നറേറ്റീവ് അവര്‍ക്ക് പ്രദാനം ചെയ്തിരിക്കുന്നു. സി.എന്‍.എന്നിനേക്കാളും ഫോക്‌സ് ന്യൂസിനേക്കാളും വിശ്വാസയോഗ്യമായിട്ടാണ് പല അമേരിക്കക്കാരും ഇപ്പോള്‍ അല്‍ജസീറയെ കാണുന്നത്.''
അമേരിക്കന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ അറബ്, മുസ്‌ലിം ലോകത്തോട് പക്ഷപാതപരമായി പെരുമാറുന്നു എന്ന ആക്ഷേപത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പവേഴ്‌സിന്റെ മറുപടി ഇങ്ങനെ: ''പ്രശ്‌നം പക്ഷപാതിത്വത്തേക്കാള്‍ നെഗറ്റീവ് വാര്‍ത്തകള്‍ക്ക് നല്‍കുന്ന അമിത പ്രാധാന്യമാണ്. ഇസ്‌ലാമിക ലോകത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തീവ്രവാദം, ഭീകരവാദം, പട്ടിണി, തൊഴിലില്ലായ്മ, ഇസ്‌ലാമിന്റെ രാഷ്ട്രീയവത്കരണം തുടങ്ങിയ കാര്യങ്ങള്‍ മാത്രമേ അമേരിക്കന്‍ മീഡിയ ഹൈലേറ്റ് ചെയ്യുന്നുള്ളൂ. ഇതില്‍ നിന്നുള്ള ആശാവഹമായ ഒരു വ്യതിയാനമായിട്ടാണ് അല്‍ജസീറയെ പലരും കാണുന്നത്.''
അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തില്‍ അറബ് വിപ്ലവങ്ങളുടെ സ്വാധീനം വളരെ പ്രകടമാണെന്ന് പവേഴ്‌സ് പറയുന്നു. ഫേസ്ബുക്കും ട്വിറ്ററും കണ്ടുപിടിച്ച അമേരിക്കക്കാര്‍ക്ക്, സോഷ്യല്‍ മീഡിയയിലൂടെ എങ്ങനെ പ്രക്ഷോഭം നയിക്കണമെന്ന് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുന്നത് തുനീഷ്യയിലെയും ഈജിപ്തിലെയും യുവാക്കളാണത്രെ.  Occupy Wall Street ന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ തന്നെ, പ്രക്ഷോഭത്തിന്റെ പ്രചോദനം അറബ് വിപ്ലവങ്ങളാണെന്ന് വ്യക്തമായി പറയുന്നുണ്ട്.
പവേഴ്‌സ് പങ്കെടുത്ത അതേ സമ്മേളനത്തില്‍ തുനീഷ്യയിലെ ഇസ്‌ലാമിസ്റ്റ് നേതാവ് റാശിദ് ഗനൂശിയുമുണ്ടായിരുന്നു. നിഷ്പക്ഷമതികളായ പാശ്ചാത്യ ബുദ്ധിജീവികള്‍ക്ക് വളരെ മതിപ്പാണ് ഗനൂശിയുടെ വിശാല നിലപാടുകളോട്. തുനീഷ്യയില്‍ ആദ്യമായി നടന്ന സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ ഗനൂശി നയിക്കുന്ന അന്നഹ്ദ പാര്‍ട്ടിയുടെ വിജയം പലരിലും അസ്വാസ്ഥ്യമുളവാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പഴേവ്‌സ്, അറബ് വിപ്ലവത്തിലെ ഇസ്‌ലാമിസ്റ്റ് സ്വാധീനത്തെക്കുറിച്ച പടിഞ്ഞാറന്‍ ഭയാശങ്കകള്‍ താന്‍ പങ്കുവെക്കുന്നില്ലെന്ന്, ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. രാഷ്ട്രീയത്തില്‍ മതം കലര്‍ത്തുന്നതിലാണ് പലര്‍ക്കും ആക്ഷേപം. പക്ഷേ, പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ ഒരു പുതിയ മാതൃകയാണ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ തുര്‍ക്കി കാഴ്ചവെക്കുന്നത്. തുനീഷ്യയും തുര്‍ക്കി മോഡല്‍ പിന്തുടരുമെന്നാണ് പവേഴ്‌സിന്റെ അഭിപ്രായം.
ഉര്‍ദുഗാന്റെ തുര്‍ക്കിയോടുള്ള മതിപ്പ് പലതവണ പ്രകടിപ്പിച്ചിട്ടുള്ള ഗനൂശി, പക്ഷേ പത്രക്കാരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്, തുനീഷ്യ സാമ്പത്തികരംഗത്ത് സ്വീഡിഷ് മോഡല്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. സ്വതന്ത്ര വിപണിയോടൊപ്പം സാമൂഹിക സുരക്ഷിതത്വ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കുന്ന ഒരു ജനാധിപത്യ സംവിധാനം എന്നദ്ദേഹം വിശദീകരിക്കുകയും ചെയ്തു. മറ്റു അറബ് നാടുകളിലും സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ തുനീഷ്യയിലെ അനുഭവം ആവര്‍ത്തിക്കുമെന്ന് ഗനൂശി വിശ്വസിക്കുന്നു. ഇതിനദ്ദേഹം കാരണമായി പറഞ്ഞത്, ഏകാധിപത്യ ഭരണകൂടങ്ങള്‍ക്ക് കീഴില്‍ ഏറ്റവുമധികം പീഡനങ്ങളനുഭവിച്ചത് ഇസ്‌ലാമിസ്റ്റുകളായതുകൊണ്ട്, ജനങ്ങള്‍ക്ക് അവരോട് അനുഭാവമുണ്ട് എന്ന വസ്തുതയാണ്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അധികാരത്തിലെത്തുന്ന ഇസ്‌ലാമിസ്റ്റ് കക്ഷികള്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ക്ക് ഭരണത്തില്‍ തുടരാന്‍ കഴിഞ്ഞേക്കും. അല്ലെങ്കില്‍ ജനം അവരെ കൈയൊഴിയും.
ഗനൂശിയുടെയും പവേഴ്‌സിന്റെയും നിരീക്ഷണങ്ങള്‍ അറബ് വസന്തം തിരികൊളുത്തിയിരിക്കുന്ന പുതിയ ഇസ്‌ലാം സംവാദങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇസ്‌ലാമിനെക്കുറിച്ച ചര്‍ച്ചകള്‍ മുഴുവന്‍ ഭീകരവാദം എന്ന ഒരേയൊരു ബിന്ദുവില്‍ തളച്ചിടപ്പെട്ട ഒരു ചരിത്രസന്ധിയിലാണ് അറബ് ലോകത്ത് ജനകീയ വിപ്ലവത്തിന്റെ വസന്തം വിടരുന്നത്. അല്‍ഖാഇദയും ബിന്‍ലാദിനും പ്രതിനിധീകരിച്ച ജിഹാദിന്റെ അതിസങ്കുചിതവും സംഹാരാത്മകവുമായ ഒരു വായനയില്‍ നിന്ന്, ഇസ്‌ലാമിന്റെ വിമോചന രാഷ്ട്രീയത്തിലേക്കും ഇസ്‌ലാമിക ബഹുസ്വരതയിലേക്കും ചര്‍ച്ച വഴിമാറാന്‍ അറബ് വിപ്ലവങ്ങള്‍ കാരണമായി. അല്‍ഖാഇദയെ ദുര്‍ബലമാക്കുന്നതില്‍, അമേരിക്കയുടെ ഡ്രോണ്‍ ആക്രമണങ്ങളേക്കാള്‍ നിര്‍ണായകമായത് അറബ് വസന്തമാണെന്ന് കൃത്യമായി തന്നെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

തീവ്രവാദത്തിന്റെ വേരുകള്‍
അറബ്‌നാടുകളിലെ ഏകാധിപത്യ മര്‍ദക ഭരണകൂടങ്ങളോടും അവയെ താങ്ങിനിര്‍ത്തുന്ന പാശ്ചാത്യ ശക്തികളോടുമുള്ള-പ്രത്യേകിച്ച് അമേരിക്കയോട്- പ്രതികരണമായിട്ടാണ് ഈ നാടുകളില്‍ തീവ്രവാദവും ഭീകരവാദവും മുളപൊട്ടിയത്. അമേരിക്ക ഇപ്പോഴും അറിഞ്ഞില്ലെന്ന് നടിക്കുന്ന, എന്നാല്‍ സ്വതന്ത്ര ചിന്തകരായ പാശ്ചാത്യ ബുദ്ധിജീവികളും ജനങ്ങളോട് അല്‍പമൊക്കെ കൂറുള്ള ചില അറബ് ഭരണാധികാരികളും അംഗീകരിച്ചുകഴിഞ്ഞ ഒരു യാഥാര്‍ഥ്യമാണിത്.
റഷ്യന്‍ അധിനിവേശത്തിനെതിരെ നടന്ന അഫ്ഗാന്‍ ചെറുത്തുനില്‍പില്‍ ഹീറോ ആയിരുന്ന ഉസാമാ ബിന്‍ലാദിനും ഈജിപ്തിലെ തീവ്രവാദ ഗ്രൂപ്പായ ഇസ്‌ലാമിക ജിഹാദിന്റെ തലവന്‍ അയ്മന്‍ അല്‍സവാഹിരിയും ചേര്‍ന്ന് ബീജാവാപം നല്‍കിയ അല്‍ഖാഇദ തീര്‍ത്തും ഒരു അറബ് പ്രതിഭാസമാണ്. അല്‍ഖാഇദയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരില്‍ ബഹുഭൂരിഭാഗവും വരുന്നത് അറബ് നാടുകളില്‍ നിന്നാണെന്ന് ദ സീക്രട്ട് ഹിസ്റ്ററി ഓഫ് അല്‍ഖാഇദ എന്ന പുസ്‌കത്തില്‍ പ്രശസ്ത അറബ് പത്രപ്രവര്‍ത്തകനായ അബ്ദുല്‍ബാരി അത്‌വാന്‍ ചൂണ്ടിക്കാണിക്കുന്നു. അഫ്ഗാനിസ്താനിലെ ദുര്‍ഘടമായ തോറാബാറാ മലമടക്കുകളില്‍ അല്‍ഖാഇദയുടെ താവളത്തില്‍ ചെന്ന്, ബിന്‍ലാദിനുമായി അഭിമുഖം നടത്തിയ, ലണ്ടനിലെ അല്‍ഖുദ്‌സുല്‍ അറബിയുടെ പത്രാധിപരായ അത്‌വാന്റെ പുസ്തകം അല്‍ഖാഇദയെക്കുറിച്ച ഏറ്റവും ആധികാരികമായ പഠനം എന്നാണ് വിലയിരുത്തപ്പെടുന്നത്. പടിഞ്ഞാറന്‍ അധിനിവേശനയങ്ങളില്‍ അമര്‍ഷം പൂണ്ട മുസ്‌ലിം ചെറുപ്പക്കാര്‍ എന്തുകൊണ്ട് അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു എന്ന് പാശ്ചാത്യ ലോകത്തെ ബോധ്യപ്പെടുത്താനാണ് ബിന്‍ലാദിന്‍ വധിക്കപ്പെടുന്നതിനും വളരെ മുമ്പ്, 2006-ല്‍ പുറത്തിറങ്ങിയ ഈ പുസ്തകത്തിലുടനീളം ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്.
അമേരിക്കന്‍ സാമ്രാജ്യത്വവും അതിന്റെ അധിനിവേശകര്‍ക്കെതിരെ സായുധമായ ചെറുത്തുനില്‍പിന്റെ പ്രതീകമായി ഉയര്‍ന്നുവന്ന അല്‍ഖാഇദയും പരസ്പരം ശക്തിപ്പെടുത്തിക്കൊണ്ട് വളരുന്നതാണ് പിന്നീട് നാം കാണുന്നത്. മുസ്‌ലിം ലോകത്ത് സ്വന്തം അജണ്ടകള്‍ നടപ്പിലാക്കാന്‍, അല്‍ഖാഇദ നടത്തിയതും അല്ലാത്തതുമായ ഭീകരാക്രമണങ്ങളെ അമേരിക്ക മറയാക്കിയപ്പോള്‍, അമേരിക്കയുടെ ഇറാഖ്, അഫ്ഗാന്‍ അധിനിവേശങ്ങള്‍ സ്വന്തം പാളയത്തിലേക്ക് ആളെ കൂട്ടാന്‍ അല്‍ഖാഇദക്ക് അവസരമൊരുക്കി. വിനാശകരമായ ഈ കളിയില്‍ തോറ്റത് മുസ്‌ലിം ലോകവും, കളങ്കപ്പെട്ടത് ഇസ്‌ലാമിന്റെ പ്രതിഛായയും.
'ഇസ്‌ലാമിക ഭീകരവാദം' ഉണ്ടാക്കിയതും വളര്‍ത്തിയും അവര്‍ തന്നെയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ, അല്‍ഖാഇദയുടെ വേരുകള്‍ ഇസ്‌ലാമിലേക്ക് ആരോപിച്ചുകൊണ്ട് ആഗോള വ്യാപകമായ പ്രചാരവേലക്ക് അമേരിക്ക തുടക്കമിട്ടു. 9/11 ലോകചരിത്രത്തിലെ തന്നെ ഒരു വഴിത്തിരിവായി ചിത്രീകരിക്കപ്പെട്ടു. അല്‍ഖാഇദയുടെ ഫിലോസഫിയില്‍ പ്രചോദിതരായി ലോകത്തിന്റെ പല കോണുകളില്‍ മുളച്ചുപൊന്തിയ 'ജിഹാദീ ഗ്രൂപ്പുകള്‍' സ്വന്തം അത്യാചാരങ്ങള്‍ക്ക്, ഖുര്‍ആനിലും ഇസ്‌ലാമിക ചരിത്രത്തിലും പ്രമാണങ്ങള്‍ പരതിയപ്പോള്‍ ഈ പ്രചാരവേലക്ക് ആക്കം കൂടി. ഇസ്‌ലാമിനു വേണ്ടി നിലകൊള്ളുന്നവരെയെല്ലാം പ്രതിരോധാവസ്ഥയിലേക്ക് തള്ളിവിടുന്നതായിരുന്നു ഈ സ്ഥിതിവിശേഷം. ജിഹാദിന്റെ എന്തെല്ലാം വികൃത വേഷങ്ങളാണ് ഈ കാലയളവില്‍ ലോകമൊട്ടുക്കുമുള്ള ഇസ്‌ലാംവിരോധി മീഡിയ കെട്ടിയാടിച്ചത്!
സാമ്രാജ്യത്വത്തിനും ഭരണകൂട ഭീകരതക്കുമെതിരായ പോരാട്ടത്തില്‍ സായുധമായ ചെറുത്തുനില്‍പിന്റെ പ്രസക്തി ആരും നിഷേധിക്കുകയില്ല. ലോകചരിത്രത്തിലും ഇസ്‌ലാമിക ചരിത്രത്തിലും ഇതിന് തിളക്കമാര്‍ന്ന എത്രയോ മാതൃകകളുണ്ട്. ലിബിയന്‍ വിപ്ലവം ഏറ്റവും പുതിയ ഉദാഹരണമാണ്. പക്ഷേ, അമേരിക്കയുടെ വന്‍ ആയുധസന്നാഹങ്ങളോട് നേര്‍ക്കു നേരെ ഏറ്റുമുട്ടാന്‍ കഴിയാതിരുന്നപ്പോള്‍ നിരപരാധികളുടെ ജീവന്‍ കൊണ്ട് വിലപേശുന്ന ഒരു യുദ്ധമുറ ആവിഷ്‌കരിക്കുകയാണ് അല്‍ഖാഇദ ചെയ്തത്. അല്‍ഖാഇദയുടെ മനുഷ്യ ബോംബുകളുടെ ഉത്ഭവം തെരയേണ്ടത് ഇസ്‌ലാമിക ചരിത്രത്തിലല്ല, വിയറ്റ് കോംഗുകള്‍ മുതല്‍ തമിഴ് പുലികള്‍ വരെയുള്ള ഇരുപതാം നൂറ്റാണ്ടിലെ പോരാട്ട പ്രസ്ഥാനങ്ങളിലാണ്. ഹിംസയും രക്തച്ചൊരിച്ചിലും സ്ട്രാറ്റജിയാക്കിയ ഏതൊരു പ്രസ്ഥാനവും ജനങ്ങളില്‍ നിന്ന് വളരെ വേഗം അന്യവത്കരിക്കപ്പെടും. ഈയൊരു പ്രതിസന്ധിയാണ് അല്‍ഖാഇദയും ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.

ഭീകരവാദം എന്ന വടി
ഇസ്‌ലാമിനെതിരായ പ്രചാരവേലയില്‍ സാമ്രാജ്യത്വത്തിന് ലഭിച്ച ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായിരുന്നു ബിന്‍ലാദിനും അല്‍ഖാഇദയും. കോര്‍പറേറ്റ് മീഡിയയുടെ പിന്തുണയോടു കൂടി സ്വന്തം ക്രൂരതകള്‍ വെള്ളപൂശാനും മറുവശത്ത് 'ഇസ്‌ലാമിക ഭീകരത'യെ പര്‍വതീകരിച്ച് ലോകമുസ്‌ലിംകളെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താനും അമേരിക്കക്ക് കഴിഞ്ഞു. 9/11-നു ശേഷം ജൂനിയര്‍ ബുഷ് തുടങ്ങിവെച്ച ഭീകരവിരുദ്ധ യുദ്ധം (War on Terror) എത്ര പെട്ടെന്നാണ് ലോകമെമ്പാടുമുള്ള ഭരണകൂടങ്ങള്‍ ഏറ്റുപിടിച്ചത്! പടിഞ്ഞാറ് നിന്ന് വരുന്നതെന്തും പഥ്യം എന്ന് കരുതുന്ന നമ്മുടെ ദേശീയ, പ്രാദേശിക മാധ്യമങ്ങള്‍ എന്തൊരു ആവേശത്തോടെയാണ് ഈ കാമ്പയിനില്‍ പങ്കുചേര്‍ന്നത്! സെന്‍സേഷനലിസവും വിപണന മൂല്യവും ഒത്തുചേര്‍ന്ന സ്റ്റോറികളായി ടെററിസത്തെ മീഡിയ ആഘോഷിച്ചു.
ലോകത്തെവിടെ ബോംബ് പൊട്ടിയാലും അതിന്റെ പിതൃത്വം വിചിത്രമായ പേരുകളുള്ള ഏതെങ്കിലും മുസ്‌ലിം ഗ്രൂപ്പില്‍ ആരോപിക്കാമെന്നായി. ഭീകരവിരുദ്ധ യുദ്ധത്തിന്റെ മറപിടിച്ച് മുസ്‌ലിം നാടുകളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളെ പോലും നിയന്ത്രിക്കാനും മരവിപ്പിക്കാനും അമേരിക്കക്ക് കഴിഞ്ഞു. പടിഞ്ഞാറന്‍ നാടുകളില്‍ അറബ്, മുസ്‌ലിം കുടിയേറ്റക്കാര്‍ക്കെതിരായ നിയമക്കുരുക്കുകള്‍ മുറുകി. മുസ്‌ലിം പേരുള്ള ഏതൊരാള്‍ക്കും അത് ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ആയാല്‍ പോലും അമേരിക്കന്‍ യാത്ര പീഡനമായി മാറുന്നത് ഈ പശ്ചാത്തലത്തിലാണ്.
മറുവശത്ത്, അറബ് നാടുകളിലെ ഏകാധിപതികള്‍ക്ക് തങ്ങളുടെ കിരാതവാഴ്ച തുടര്‍ന്നുകൊണ്ടുപോകാന്‍ തീവ്രവാദ ഭീഷണി നല്ലൊരു തുറുപ്പുചീട്ടായിരുന്നു. രാഷ്ട്രീയ അസ്ഥിരത മറ്റെന്തിനേക്കാളും വലിയ ആപത്തായി എടുത്തുകാണിക്കപ്പെട്ടു. നിലവിലുള്ള ഭരണകൂടങ്ങള്‍ നിലംപതിച്ചാല്‍ ഇസ്‌ലാമിസ്റ്റുകള്‍ അധികാരം കൈയടക്കുമെന്ന ലളിത യുക്തിയില്‍ അറബ് സമൂഹങ്ങളുടെ സ്വാതന്ത്ര്യാഭിലാഷങ്ങളെ ഞെരിച്ചുകൊല്ലാന്‍ ഈ ഏകാധിപതികള്‍ക്ക് പടിഞ്ഞാറ് കൂട്ടുനിന്നു. 'പൊളിറ്റിക്കല്‍ ഇസ്‌ലാം'ഏറ്റവും വലിയ ആഗോള ഭീഷണിയായി അവതരിപ്പിക്കപ്പെട്ടപ്പോള്‍, ഇസ്‌ലാമിക നവോത്ഥാന നായകന്മാര്‍ ഭീകരവാദത്തിന്റെ അപ്പോസ്തലന്മാരായി. ഇസ്‌ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ ഊന്നിപ്പറയാനുള്ള ഏതൊരു ശ്രമവും തീവ്രവാദമായി മുദ്രയടിക്കപ്പെട്ടു. കാടടച്ചുള്ള ഈ വെടികണ്ട് പേടിച്ചുപോയ പല മുസ്‌ലിം സംഘടനകളും സ്വന്തം 'നിരപരാധിത്വം' തെളിയിക്കാനുള്ള ബദ്ധപ്പാടില്‍ ഈ പടിഞ്ഞാറന്‍ കാമ്പയിന്‍ സ്വയം ഏറ്റെടുത്തു. മൗദൂദിക്കും ജമാഅത്തെ ഇസ്‌ലാമിക്കുമെതിരെ ഭീകരവാദ വിരുദ്ധ പ്രചാരവേലയുമായി രംഗത്തിറങ്ങിയ നമ്മുടെ നാട്ടിലെ സലഫികള്‍ ഓര്‍ക്കാതെ പോയ ഒരു കാര്യമുണ്ട്. അല്‍ഖാഇദയെയും അതിന്റെ വകഭേദങ്ങളെയും വിശേഷിപ്പിക്കാന്‍ ഇന്നും ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വിശേഷണം 'സലഫി ജിഹാദിസ്റ്റുകള്‍' എന്നാണ്!
ഇസ്‌ലാമിക ലോകം അതിന്റെ ചരിത്രത്തില്‍ തന്നെ സമാനതകളേറെ ഇല്ലാത്ത ഒരു പ്രതിസന്ധിയുടെ മുമ്പില്‍, മുന്നോട്ടുള്ള വഴിയെന്ത് എന്നറിയാതെ പകച്ചുനില്‍ക്കുന്ന ഒരു ഘട്ടത്തിലാണ് ഒരു നിയോഗം കണക്കെ അറബ് വിപ്ലവങ്ങള്‍ സംഭവിക്കുന്നത്.

പുതിയ സംവാദങ്ങള്‍
തുനീഷ്യയില്‍നിന്ന് തുടങ്ങി, ഈജിപ്തിലൂടെ പടര്‍ന്ന് യമനിലും ലിബിയിയലും പിന്നീട് സിറിയയിലും ആളിക്കത്തിയ ജനകീയപ്രക്ഷോഭങ്ങള്‍, അത്ഭുതത്തോടും അവിശ്വസനീയതയോടും കൂടിയാണ് ലോകം നോക്കിക്കണ്ടത്. എവിടെയോ മറ്റൊരു മനുഷ്യ ബോംബ് പൊട്ടിത്തെറിക്കുന്ന വാര്‍ത്തകള്‍ക്കായി കാതോര്‍ത്ത മാധ്യമങ്ങളില്‍ തികച്ചും വ്യത്യസ്തമായ കാഴ്ചകളും ചിത്രങ്ങളും നിറഞ്ഞു. ചര്‍ച്ചയോ ഭീകരവാദത്തില്‍ നിന്ന് പൊടുന്നനെ ജനാധിപത്യത്തിലേക്കും ജനകീയ സമരങ്ങളിലേക്കും വഴിമാറി. അറബ് വസന്തം സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി, ലോകം മുഴുക്കെയുള്ള അസ്വതന്ത്രരും അടിച്ചമര്‍ത്തപ്പെട്ടവരും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുമായ ജനസമൂഹങ്ങളെ പ്രചോദിപ്പിച്ചു. അണ്ണാ ഹസാരെയുടെ സഹനസമരം മുതല്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭം വരെ മുല്ലപ്പൂ വിപ്ലവത്തിലേക്ക് കണ്ണിചേര്‍ക്കപ്പെട്ടു. അല്‍ഖാഇദയുടെ മനുഷ്യബോബുകള്‍ക്ക് നേടാന്‍ കഴിയാത്തത് തുനീഷ്യയിലെയും ഈജിപ്തിലെയും യുവതീയുവാക്കള്‍ സമാധാനപൂര്‍ണമായ സംഘശക്തിയിലൂടെ നേടിയെടുത്തപ്പോള്‍, ദുര്‍ബലമായത് തീവ്രവാദത്തിന്റെ പ്രത്യയശാസ്ത്രമാണ്. ഏകാധിപത്യത്തിനെതിരായ ലിബിയന്‍ ജനതയുടെ സായുധമായ ചെറുത്ത് നില്‍പ്, ഭീകരാക്രമണങ്ങളില്‍നിന്ന് എങ്ങനെ വ്യത്യസ്തമാവുന്നുവെന്ന് ലോകം കൃത്യമായി തിരിച്ചറിയുന്നുണ്ട്.
സ്വേഛാധിപത്യത്തിനും കുടുംബവാഴ്ചക്കുമെതിരെ ജനകീയമായ ചെറുത്തുനില്‍പ് സാധ്യമാണ് എന്ന തിരിച്ചറിവ്, ഇനിയും വിപ്ലവം നടന്നിട്ടില്ലാത്ത നാടുകളില്‍ പോലും തീവ്രവാദത്തിന്റെ വളര്‍ച്ചക്ക് തടയിടുമെന്നാണ് മനസ്സിലാക്കേണ്ടത്. അറബ് വസന്തം ഒരു വശത്ത് തീവ്രവാദപ്രവണതകളെ പ്രായോഗികമായി ദുര്‍ബലപ്പെടുത്തിയപ്പോള്‍, മറുവശത്ത് ഇസ്‌ലാമിനെക്കുറിച്ച ചര്‍ച്ച നിഷേധാത്മകമായ ഒരു തലത്തില്‍ നിന്ന് ഗുണപരമായ തലങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.
സ്വന്തം മേല്‍ക്കോയ്മയെ ചോദ്യംചെയ്യുന്ന ഇസ്‌ലാമിന്റെ സാമൂഹിക, രാഷ്ട്രീയ പ്രതിനിധാനങ്ങളാണ് പടിഞ്ഞാറിന്റെ എക്കാലത്തെയും പ്രശ്‌നം. ഭീകരതാ വിരുദ്ധ യുദ്ധത്തിലൂടെ അവര്‍ ഉന്നം വെച്ചത് ഇസ്‌ലാമിനെത്തന്നെയാണ്. അറബ് വസന്തത്തില്‍ അവര്‍ ദര്‍ശിച്ച ഏറ്റവും വലിയ ഭീഷണി ഇസ്‌ലാമിസ്റ്റുകളുടെ ഉയിര്‍ത്തെഴുന്നേല്‍പായിരുന്നു. പടിഞ്ഞാറിന്റെ ഭയം അസ്ഥാനത്തല്ല എന്നാണ് തുനീഷ്യന്‍ തെരഞ്ഞെടുപ്പില്‍ അന്നഹ്ദ നേടിയ വ്യക്തമായ മേല്‍ക്കൈ തെളിയിക്കുന്നത്. മുല്ലപ്പൂ വിപ്ലവത്തില്‍ മതത്തിന് യാതൊരു പങ്കുമില്ല എന്ന ചില മതേതരവാദികളുടെ കണ്ടെത്തലിനുള്ള മറുപടി കൂടിയാണിത്. മതവും രാഷ്ട്രീയവും ജനകീയ പ്രശ്‌നങ്ങളുമൊക്കെ കൂടിക്കുഴഞ്ഞുകിടക്കുന്ന ഒരു സാമൂഹികാവസ്ഥയാണ് അറബ് നാടുകളിലുള്ളത്. സ്വാതന്ത്ര്യവും ഭൗതികാഭിവൃദ്ധിയും മാത്രമല്ല, തങ്ങളുടെ മതാഭിലാഷങ്ങളുടെ പൂര്‍ത്തീകരണം കൂടിയാണ് ഏകാധിപത്യത്തിന് കീഴില്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ, മര്‍ദക ഭരണകൂടങ്ങള്‍ക്ക് കീഴില്‍ ഏറ്റവുമധികം പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ തങ്ങളുടെ സ്വാതന്ത്ര്യാഭിലാഷങ്ങളുടെ പ്രതീകങ്ങളായി ജനം കാണുന്നുവെങ്കില്‍ അതില്‍ അസ്വാഭാവികതയൊന്നുമില്ല.
ഇസ്‌ലാമിസ്റ്റുകളെ മുഴുവന്‍ തീവ്രവാദികളായി മുദ്രകുത്തി, ശത്രുപക്ഷത്ത് നിര്‍ത്തി ആക്രമിക്കുന്ന സമീപനമാണ് അമേരിക്ക സ്വീകരിച്ചുപോന്നത്. ഇപ്പോള്‍ ഇസ്‌ലാമിസ്റ്റുകളുമായി സംവാദം ആകാമെന്ന് ഹിലരി ക്ലിന്റന്‍ പറയുന്നുവെങ്കില്‍ അതിന്റെ അര്‍ഥം, അത്തരം ഒരു തിരിച്ചറിവിലേക്ക്- അത് നിവൃത്തികേടില്‍ നിന്ന് ഉണ്ടായതാണെങ്കില്‍ പോലും- അറബ് വസന്തം അമേരിക്കയെ കൊണ്ടെത്തിച്ചിരിക്കുന്നു എന്നു മാത്രമാണ്. അള്‍ജീരിയയിലെയും ഫലസ്ത്വീനിലെയും ഇസ്‌ലാമിസ്റ്റ് അനുകൂല ജനവിധി അംഗീകരിക്കാന്‍ കഴിയാതിരുന്നവര്‍ക്ക്, തുനീഷ്യന്‍ തെരഞ്ഞെടുപ്പ് ഫലം സ്വീകാര്യമായിത്തീര്‍ന്നത് അറബ് ലോകത്ത് ഇപ്പോള്‍ കാര്യങ്ങള്‍ പഴയതുപോലെയല്ല എന്ന് വ്യക്തമാക്കിത്തരുന്നു.

വിപ്ലവത്തിനു ശേഷം
വിപ്ലവാനന്തര അറബ് സമൂഹങ്ങളില്‍ എല്ലാം ശുഭം എന്ന് ആരും വിശ്വസിക്കുന്നില്ല. ഏകാധിപത്യത്തിലും കുടുംബവാഴ്ചയിലും ഗോത്രവ്യവസ്ഥയിലും ഊട്ടപ്പെട്ടുപോയ അറബ് സമൂഹങ്ങള്‍ക്ക് ജനാധിപത്യത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള പരിവര്‍ത്തനം സങ്കീര്‍ണമായ പ്രക്രിയയായിരിക്കും. തുനീഷ്യയില്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ സുഗമമായി മുന്നോട്ടു നീങ്ങുമ്പോള്‍, ഈജിപ്ത് ഇപ്പോഴും സൈനിക നേതൃത്വത്തിന്റെ പിടിയിലാണ്. തഹ്‌രീര്‍ സ്‌ക്വയറില്‍ തിരിച്ചെത്തിയ പതിനായിരക്കണക്കിന് പ്രക്ഷോഭകാരികള്‍ വിപ്ലവത്തെ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ തയാറല്ല എന്ന ശുഭസൂചനയാണ് നല്‍കുന്നത്. ലിബിയ നിരവധി വൈരുധ്യങ്ങളുടെ നടുവില്‍ നിന്ന് രാഷ്ട്രീമായ ഒരു സമന്വയം നേടിയെടുക്കാനുള്ള കഠിനശ്രമത്തിലാണ്. വെല്ലുവിളികള്‍ കനത്തതാണ്. പക്ഷേ, സ്വന്തം ഭാഗധേയം തിരുത്തിക്കുറിക്കാന്‍ മുന്നിട്ടിറങ്ങിയ ജനസമൂഹങ്ങള്‍ എന്നെങ്കിലും അത് ഏറ്റെടുത്തേ മതിയാവൂ.
അറബ് വന്തസത്തെക്കുറിച്ച അശുഭ ചിന്തകള്‍ ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന ബുദ്ധിജീവികളെ, പ്രശസ്ത ഈജിപ്ഷ്യന്‍-അമേരിക്കന്‍ ചിന്തകനായ ഡോ. ഫുആദ് അജമി ദോഹയില്‍ ഈയിടെ നടത്തിയ പ്രഭാഷണത്തില്‍ കണക്കിന് കളിയാക്കുകയുണ്ടായി. I am disappointed about the arab spring എന്ന് ഗര്‍വോടെ പറയുന്ന അറബികളും പാശ്ചാത്യരുമായ ബുദ്ധിജീവികളോട് അദ്ദേഹം ചോദിച്ചു: ഇങ്ങനെ 'disappointed' ആവാന്‍ ആരാണ് നിങ്ങളെ 'appoint' ചെയ്തത്? ജനങ്ങള്‍ സ്വാതന്ത്ര്യത്തിനും നിലനില്‍പിനും വേണ്ടി പൊരുതുമ്പോള്‍ പുരപ്പുറത്തിരുന്ന് വിധി പറയുന്നത് സൂക്ഷിച്ചുവേണം. Give them a break. They will make their own way.
ഇസ്‌ലാമിസ്റ്റ് ഭീഷണിയെ പരാമര്‍ശിക്കവെ അദ്ദേഹം പറഞ്ഞു: പൊളിറ്റിക്കല്‍ ഇസ്‌ലാമിന് വരാന്‍ പോകുന്ന ജനാധിപത്യ സംവിധാനത്തില്‍ ഒരു പങ്കുവേണമെന്ന് ജനം തീരുമാനിക്കുകയാണെങ്കില്‍ അത് വേണ്ടെന്ന് പറയാന്‍ നമുക്കെന്തധികാരം?
തുനീഷ്യക്ക് പിറകെ മോറോക്കോയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി നേടിയ വിജയം, ഇസ്‌ലാമിസ്റ്റുകളുടെ ഭരണപങ്കാളിത്തത്തെക്കുറിച്ച ചര്‍ച്ച ഒരു പടികൂടി മുന്നോട്ടു നയിച്ചിരിക്കുന്നു. ഈജിപ്തും ഇതേ വഴി പിന്തുടരുന്നുവെന്നാണ് ഒന്നാം റൗണ്ട് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന വ്യക്തമായ സൂചന. ജോര്‍ദാനിലെയും മൊറോക്കോയിലെയും രാജഭരണകൂടങ്ങള്‍ ജനാധിപത്യ പരിഷ്‌കാരങ്ങളിലൂടെ ജനകീയ വിപ്ലവത്തെ തടയിടാനുള്ള ശ്രമത്തിലാണ്. അറബ് വസന്തത്തിന്റെ പ്രത്യക്ഷമായ സ്വാധീനം തന്നെയാണിതും. ഓരോ അറബ് രാജ്യവും അവരുടേതായ ജനാധിപത്യ മോഡലുകള്‍ സൃഷ്ടിച്ചെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.
മുസ്‌ലിം സമൂഹത്തിലെ വിവിധ ഗ്രൂപ്പുകളെയും അമുസ്‌ലിം ന്യൂനപക്ഷത്തെയും ഉള്‍ക്കൊള്ളുന്ന ഒരു ബഹുകക്ഷി-ബഹുസ്വര രാഷ്ട്രീയ സംവിധാനത്തെക്കുറിച്ചാണ് ഗനൂശിയെ പോലുള്ളവര്‍ സംസാരിക്കുന്നത്. ഇസ്‌ലാമിക ബഹുസ്വരത എന്ന ആശയത്തെ പുതിയ സാഹചര്യത്തില്‍ ഇസ്‌ലാമിസ്റ്റുകള്‍ ഇനിയും ബഹുദൂരം മുന്നോട്ടുകൊണ്ടുപോവേണ്ടിവരും. ആഗോളതലത്തില്‍ മാറ്റങ്ങളോടൊപ്പം, ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളും മാറിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം കാണാതിരിക്കരുത്.
അറബ് വസന്തത്തിന്റെ രാഷ്ട്രീയം പോലെത്തന്നെ പ്രധാനമാണ് അതിന്റെ സാമ്പത്തിക മാനം. അപ്പത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് ജനങ്ങള്‍ സമരം ചെയ്യുന്നത്. ദാരിദ്ര്യം, തൊഴിലില്ലായ്മ, അവസര നിഷേധം, സാമ്പത്തികമായ അസമത്വം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളാണ് യുവതീയുവാക്കളെ തെരുവിലേക്ക് ഇറക്കിവിട്ടത്. അറബ് വസന്തം വാള്‍സ്ട്രീറ്റ് പ്രക്ഷോഭവുമായി കണ്ണിചേരുന്നത് ഈ ബിന്ദുവിലാണ്. 99 ശതമാനത്തിന്റെ ചെലവില്‍, ഒരു ശതമാനം തടിച്ചുകൊഴുക്കുന്ന മുതലാളിത്ത അനീതിക്കെതിരായ പ്രക്ഷോഭങ്ങളാണ് ഇപ്പോള്‍ പടിഞ്ഞാറന്‍ ലോകത്തുടനീളം അലയടിക്കുന്നത് ('We are the 99'എന്ന മുദ്രാവാക്യം ശ്രദ്ധിക്കുക). അറബ് വസന്തവും 'യൂറോപ്യന്‍ ശൈത്യ'വും ഒരുമിച്ചുവന്നത് ഒരു യാദൃഛികതയാവാം. മുതലാളിത്തം ദുര്‍ബലമാവുമ്പോള്‍ ഇസ്‌ലാം പരിവര്‍ത്തനത്തിന്റെ ചാലകമാവുന്നു എന്ന വലിയ പാഠം ഈ യാദൃഛികതയുടെ അടിയിലുണ്ട്. പലിശയിലും അമിതമായ ലാഭക്കൊതിയിലും അധിഷ്ഠിതമായ മുതലാളിത്ത സാമ്പത്തിക സംവിധാനമാണ് ഇപ്പോഴത്തെ കടപ്രതിസന്ധിയുടെ (debt crisis) അടിസ്ഥാനകാരണമെന്ന് പാശ്ചാത്യ സാമ്പത്തിക വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. പലിശവിമുക്തവും മാനവിക മൂല്യങ്ങളില്‍ അധിഷ്ഠിതവുമായ ഇസ്‌ലാമിക സാമ്പത്തിക കാഴ്ചപ്പാടുകളെ ഒരു പരിഹാരമായി നിര്‍ദേശിക്കുന്നവരും അവരുടെ കൂട്ടത്തിലുണ്ട്. ഇസ്‌ലാമിക് ബാങ്കിംഗ് അമുസ്‌ലിം സമൂഹങ്ങളില്‍ വരെ സ്വീകാര്യത നേടുന്നു. രാഷ്ട്രീയം, വിദ്യാഭ്യാസം, തൊഴില്‍, ശാസ്ത്രം, സാങ്കേതിക വിദ്യ, സാമൂഹിക-സാമ്പത്തിക വികസനം തുടങ്ങി നാനാ മേഖലകളില്‍ മനുഷ്യര്‍ക്ക് ഗുണകരമായ പുതിയ മാതൃകകള്‍ സൃഷ്ടിക്കാനുള്ള വലിയ അവസരമാണ് അറബ് വസന്തം തുറന്നിട്ടിരിക്കുന്നത്. അറബ് വിപ്ലവങ്ങളുടെ സ്വാധീനത്തില്‍ നിന്ന് പരിമിതമായ അളവില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനില്‍ക്കുന്ന ഇതര മുസ്‌ലിം നാടുകള്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്ന് മനസ്സിലാക്കണം.
tkmiqbal@yahoo.com

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം