Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 30

പൂച്ചക്ക് നേര്‍ന്ന ഒരു പിടി വറ്റ്

അബ്ദുല്ല മണിമ

മദീന തെരുവിലൂടെ നടന്നുപോവുകയായിരുന്ന അമീറുല്‍ മുഅ്മിനീനെ ഒരു സ്ത്രീ തടഞ്ഞുവെച്ചു. 'ഉമര്‍, താങ്കളോടെനിക്ക് ചിലത് പറയാനുണ്ട്. ഉക്കാളിലെ ചന്തയില്‍ ഗുസ്തി പിടിച്ചു നടന്ന കാലത്ത് ആളുകള്‍ നിങ്ങളെ വിളിച്ചത് ഉമൈര്‍ (ഉമറുട്ടി) എന്നായിരുന്നു. പിന്നീട് നിങ്ങള്‍ ഉമറായി. പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അമീറുല്‍ മുഅ്മിനീനായി. ജനങ്ങളുടെ കാര്യത്തില്‍ താങ്കള്‍ അല്ലാഹുവിനെ ഭയപ്പെടണം. മരണത്തെക്കുറിച്ചോര്‍മയുള്ളവന് അവസരങ്ങള്‍ പാഴാകുന്നതിനെക്കുറിച്ച് ആശങ്കയുണ്ടാകും'- ഖുര്‍ആന്‍ സ്മരിക്കുന്ന സ്ത്രീകളിലൊരാളായ ഖൗല ബിന്‍ത് സഅ്‌ലബായിരുന്നു അത്. ഉമറിനോടൊരു സ്ത്രീ ഇവ്വിധം സംസാരിച്ചതില്‍ അതൃപ്തി കാണിച്ച ചിലരോടദ്ദേഹം പറഞ്ഞു: 'ഉപരിലോകങ്ങള്‍ക്ക് മീതെ അല്ലാഹു അവരെ കേട്ടിട്ടുണ്ട്, അവരെ കേള്‍ക്കാന്‍ ഉമറും ബാധ്യസ്ഥനാണ്.' പാതിരാവില്‍ പേറ്റുനോവനുഭവിക്കുന്ന വീടുകള്‍ക്ക് മുമ്പില്‍ പരിചാരകനായും തെരുവുകളില്‍ ഭാരമേറ്റിക്കുഴങ്ങുന്ന മനുഷ്യര്‍ക്ക് താങ്ങുകാരനായും യതീമുകളുടെ കുടിലുകള്‍ക്ക് മുന്നില്‍ അന്നദാതാവായും പ്രതാപികളായ ഗവര്‍ണര്‍മാരുടെ ശീര്‍ഷകങ്ങളില്‍ ജനങ്ങള്‍ക്ക് വേണ്ടി നീതിയുടെ ചാട്ടവാറു വീശുന്ന ന്യായാധിപനായും അല്ലാഹുവിന്റെ നിയമം നടപ്പാക്കേണ്ടിവന്നപ്പോള്‍ ശിക്ഷ തീരും മുമ്പെ ജീവന്‍ വെടിഞ്ഞ മകന്റെ ഖബ്‌റിന്റെ മേല്‍ അറച്ചുനില്‍ക്കാതെ ബാക്കി കൂടി പൂര്‍ത്തിയാക്കുകയും ചെയ്ത ഉമറെന്ന നീതിമാനെയായിരുന്നു ഖൗല താക്കീത് ചെയ്തത്. അബൂബക്കറി(റ)ല്‍നിന്ന് ഖിലാഫത്തിന്റെ അധികാരദണ്ഡിനോടൊപ്പം താന്‍ പരിചരിച്ചുപോന്ന അശരണരുടെ ശൗചപാത്രങ്ങള്‍ കൂടിയാണ് ഉമര്‍ ഏറ്റുവാങ്ങിയത്. പാതിരാ പ്രസംഗങ്ങളെ ത്രസിപ്പിക്കാനുള്ള ചരിത്ര കഥനങ്ങള്‍ മാത്രമായി ആ പേരുകള്‍ ചുരുങ്ങിപ്പോയ ഒരു സമൂഹത്തെ കുറിച്ചെഴുതുമ്പോള്‍ ഖൗലയെ ഓര്‍ത്തുപോയി. കാരുണ്യത്തെ ഔദാര്യമായി വ്യാഖ്യാനിച്ച ജനമാണ് നാം. അവകാശങ്ങളെക്കാള്‍ ഔദാര്യത്തെക്കുറിച്ചാണ് നാം സംസാരിച്ചിട്ടുള്ളത്. ഇസ്‌ലാം നമുക്ക് സാരോപദേശങ്ങളുടെ ഒരു സമാഹാരം മാത്രമാണ്. മതം ആത്മാവിന്റെ മാത്രം കാര്യമാകുമ്പോള്‍ ഉടല്‍ വാഴുന്ന ഉലകത്തില്‍ അതിന് പങ്കേതുമുണ്ടാവുകയില്ലെന്നത് സ്വാഭാവികം. ആര്‍ത്തിയുടെ കൊഴുത്ത ഉമിനീരൊലിപ്പിച്ച് മനുഷ്യര്‍ തലങ്ങും വിലങ്ങും പായുന്നേടത്ത് മതത്തെ അനുഷ്ഠാനങ്ങളില്‍ ബന്ധിച്ചിടുന്നതിന് ഒരുപാട് സൗകര്യങ്ങളുമുണ്ട്. പാച്ചിലിനിടയില്‍ തട്ടിവീഴുന്നതാര്, കെണി വെച്ചു വീഴ്ത്തുന്നതാരെ എന്ന പരിഗണനകള്‍ക്കൊന്നും സ്ഥാനമില്ല. ഗോപുരങ്ങളും മട്ടുപ്പാവുകളും എടുത്തു പിടിച്ച് നില്‍ക്കുന്ന മാളികകളുടെ ചുറ്റുമതിലുകള്‍ക്കപ്പുറം ഉയരുന്ന നേര്‍ത്ത നൊമ്പരങ്ങളും കടുത്ത മൗനങ്ങളും അവഗണിക്കാനും എളുപ്പമാണ്. ഉള്ളവനെഴുതിക്കൊടുത്ത ലോകത്തിരുന്നുകൊണ്ട് അറാക്ക് മരത്തണലില്‍ വിശ്രമിക്കുകയും ഉണക്ക കാരക്ക തിന്ന് വിശപ്പൊതുക്കുകയും ചെയ്ത വിശ്വവിമോചകന്റെ ആര്‍ഭാടരഹിതമായ ജീവിതത്തെക്കുറിച്ച് നാം വാചാലമാകുന്നു. ഇടുങ്ങിയ മച്ചിന്റെ ചുവട്ടില്‍ ഈൗന്തപ്പനയോലയുടെ പരുത്ത വാരിയെല്ലുകള്‍ വടു വീഴ്ത്തുന്ന ഓലപ്പായയില്‍ ഒരായുസ്സ് മുഴുവന്‍ കിടന്നു മരിച്ചുപോയ തിരുജീവിതത്തിന്റെ ശേഷിപ്പ് എന്നവകാശപ്പെടുന്ന ഒരു മുടിച്ചുരുളിന് വേണ്ടി 48 കോടി ഉറുപ്പിക ചെലവഴിച്ച് അറ പണിയുന്നതിന്റെ അശ്ലീലം നമുക്കെന്തോ ബോധ്യമാകുന്നതേയില്ല. ആരെങ്കിലുമല്ല അത് ചെയ്യുന്നത്, മുസ്‌ലിം സാമൂഹിക ജീവിതത്തില്‍ കഴിഞ്ഞ ഒരു ദശകത്തില്‍ വിപ്ലവകരമായ തിരുത്തുകള്‍ നിര്‍മിച്ചവരാണവര്‍. എങ്കിലും ചില സൂത്രങ്ങളെ ഖബ്‌റോളം ചുമക്കാന്‍ നാം ധൈര്യപ്പെടുന്നു. അല്‍ഹാകു മുത്തകാസുര്‍.... വെണ്ണക്കല്‍ മേടകള്‍ അല്ലാഹുവിന്റെ അന്തസ്സ് തെല്ലുമുയര്‍ത്തുന്നില്ല. കഅ്ബയെ തങ്കം തുന്നിയ പട്ടുപുതപ്പിക്കുന്നതില്‍ ചാരിതാര്‍ഥ്യം കണ്ടെത്തുന്ന വിഡ്ഢികളെയല്ലാതെ അതനുസ്മരിപ്പിക്കുന്നുമില്ല. ഭൂമിയിലെ ഏറ്റവും ലളിതവും പവിത്രവുമായ ദൈവ സിംബലിന്മേലാണ് നാമീ അവമതികള്‍ നിക്ഷേപിക്കുന്നത്. തിരുവുടല്‍ നേരിട്ട് പങ്കെടുത്ത യുദ്ധങ്ങളില്‍, അല്ലാഹുവിന്റെ സവിശേഷമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ പരാജയം രുചിച്ചിട്ടുണ്ട്. എന്നിരിക്കെ, വിശുദ്ധ ദീനിന് മാര്‍ക്കറ്റ് ഒരുക്കാന്‍ തിരുകേശം തുന്നിച്ചേര്‍ത്ത ഖാലിദിന്റെ തൊപ്പിയുടെ വീരഗാഥ വേണമായിരുന്നോ എന്ന് ചോദിക്കുന്നവരെ വിശ്വാസത്തിന് പുറത്തേക്ക് പടിയടച്ച് ഇറക്കി വിട്ടുകളയരുത്. പ്രവാചകരുടെ മുടിനാരുകളും നബിയോരുടെ മേല്‍ ചൊരിയുന്ന സ്വലാത്തുകളും, മനുഷ്യന്റെ അവസാനിക്കാത്ത ആര്‍ത്തിയെ തണുപ്പിക്കാനുള്ള വിപണനച്ചരക്കാകുന്ന കാഴ്ചക്ക് മുന്നില്‍ നാം ചോദിക്കണം 'നമുക്കും തിരുനബിയോര്‍ക്കും ഇടയിലെന്ത്?' ഉല്‍പതിഷ്ണുക്കളും യാഥാസ്ഥിതികരും പലപാട് കാര്‍ന്നു തിന്ന് വികൃതമാക്കിക്കൊണ്ടിരിക്കുന്ന മതത്തിന്റെ അസ്ഥിപഞ്ജരത്തിന് കാവലിരുന്ന് കൊണ്ടു വേണം നാമിന്ന് മഹല്ലുകളുടെ കാരുണ്യ പര്‍വത്തെക്കുറിച്ചെന്തെങ്കിലും കുറിക്കാന്‍. ചേറുമ്പോള്‍ ചിതറി വീഴുന്ന അരിമണികള്‍ക്ക് കാത്തിരിക്കുന്നവര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഭാഷാ സംജ്ഞകളായിരിക്കുന്നു ദയ, കരുണ, കനിവ്, സാന്ത്വനം എന്നിവയൊക്കെ. ഔദാര്യത്തെക്കാള്‍ അവകാശത്തെക്കുറിച്ചും അലിവിനെക്കാള്‍ ഉത്തരവാദിത്വത്തെക്കുറിച്ചും കരുണയെക്കാള്‍ അഭിമാനത്തെക്കുറിച്ചും അളവ് നിര്‍ണയിച്ച ഓഹരികളെക്കുറിച്ചും സംസാരിച്ച ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. മഹല്ല് പൊളിച്ച് പള്ളി പണിയുകയും മതിലുകെട്ടി മുസ്‌ലിംകളെ അതിരിന് പുറത്താക്കുകയും നിഷേധികളോട് സൗഹാര്‍ദവും സഹവിശ്വാസികളോട് പാരുഷ്യവും കാണിക്കാന്‍ പരിശീലിപ്പിക്കപ്പെടുകയും ചെയ്യുന്ന കൂട്ടരെ സംബന്ധിച്ചേടത്തോളം ഖുര്‍ആന്‍ എന്നും അന്യമായിത്തന്നെ ഇരിക്കും. ഉമ്മയുടെ ആശുപത്രിച്ചെലവ് കൊടുക്കാനില്ലാതെ ഒരു പിടി ഉമ്മത്തിന്‍ കായ ചവച്ച് ലോകത്തോടുള്ള തന്റെ കണക്ക് തീര്‍ത്ത യുവതിയെ മുമ്പില്‍ വെച്ച്, വിറകുപുരയില്‍ പുഴുവരിക്കാന്‍ ഉമ്മയെ വിട്ടുകൊടുത്ത മക്കളെ മുന്‍നിര്‍ത്തി, മഹര്‍ നല്‍കി കൊണ്ടുപോകേണ്ടവര്‍ തീര്‍ത്ത സ്ത്രീധനക്കുരുക്കില്‍ മുറുകിപ്പിടയുന്ന സമുദായത്തിന്റെ കാരുണ്യത്തെ നോക്കി, ആരാന്റെ കൈയും തന്റെ വായയുമായി യത്തീംഖാനകളെന്ന ഗ്വാണ്ടനാമോകളില്‍ മുടിഞ്ഞുതീരുന്ന സമുദായ ബാല്യങ്ങളെ ചേര്‍ത്തുനിര്‍ത്തി മഹല്ലുകള്‍ക്ക് ഒരു 'ജീവകാരുണ്യ'(!) അജണ്ടനിശ്ചയിക്കേണ്ടിവരുമ്പോള്‍ കാരുണ്യം പകുത്ത് തൊണ്ണൂറ്റൊമ്പതും തനിക്ക് മാറ്റി വെച്ച അല്ലാഹുവിന്റെ ഭൂമിയിലെ പ്രതിപുരുഷന്മാര്‍ നന്നായി പകക്കേണ്ടിവരും. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, തൊഴില്‍, ഇണ, രോഗചികിത്സ, സുരക്ഷ (ഒരു ജീവകാരുണ്യ/ ജൈവാവകാശ പ്രസ്ഥാനത്തിനും അവഗണിക്കാനാകാത്ത) ഈ ആവശ്യങ്ങളൊക്കെ ഔദാര്യങ്ങളുടെ കണക്കിലാണ് കാലാകാലങ്ങളായി നാം ഉള്‍ക്കൊള്ളിച്ചുപോന്നിട്ടുള്ളത്. അതുകൊണ്ടാണ് പാര്‍പ്പിടം നല്‍കുന്നതും ഭക്ഷണം കൊടുക്കുന്നതും ചികിത്സക്ക് സഹായിക്കുന്നതും ജീവകാരുണ്യത്തിന്റെ ലഡ്ജറില്‍ നാം എഴുതിവെക്കുന്നത്. അതുകൊണ്ട് തന്നെയാണ് മഹല്ലുകളുടെ ഇസ്‌ലാമിക ജീവിതം പൊളിച്ചു പണിയുന്നേടത്ത് സമീപനങ്ങള്‍ അടിസ്ഥാനപരമായി മാറണമെന്ന് ശഠിക്കേണ്ടിവരുന്നതും. അസംഘടിതമായ ജീവിതമോ ക്രമരഹിതമായ പ്രവര്‍ത്തനങ്ങളോ ഒരു മുസ്‌ലിമിന് പറഞ്ഞിട്ടില്ല. ഓരോ ദിവസവും അഞ്ചു നേരം അവന്റെ പള്ളിയില്‍ ഒരു കണക്കെടുപ്പ് നടക്കുന്നു. ആഴ്ചയില്‍ ഒരു വെള്ളിയാഴ്ച വിപുലമായ തോതിലും. റമദാനുകള്‍ വാര്‍ഷിക അക്കൗണ്ടിംഗിന്റെ കാലമാണ്. വ്യക്തികള്‍ക്ക് മാത്രമല്ല, മഹല്ലുകള്‍ക്കും. പട്ടിണിയും ദുരിതങ്ങളും കൊല്ലത്തില്‍ ഒരു മാസത്തേക്ക് മാത്രമാണെന്ന മട്ടില്‍ നടക്കുന്ന റമദാന്‍ റിലീഫുകള്‍ വിശുദ്ധമായ ഒരു വ്യവസ്ഥയോടുള്ള പരിഹാസമാണ്. ക്രമവും വ്യവസ്ഥയും മുസ്‌ലിംകള്‍ക്കൊരനുഷ്ഠാനമായിക്കൂടായിരുന്നു. പക്ഷേ, കാലാന്തരത്തില്‍ ഇമാമുമാരെ നിയമിക്കലും പിരിച്ചുവിടലും, കല്യാണവും കുറിക്കല്യാണവും നിശ്ചയിച്ചു കൊടുക്കലും, വരിസംഖ്യ പിരിക്കലും മാത്രമായി മഹല്ല് നേതൃത്വം സ്വയം വിലകെട്ടു. ഏതെങ്കിലും ഇടപെടലുകള്‍ നടക്കുന്നുവെന്നാണെങ്കില്‍ അതിന് സാമൂഹിക പ്രതിബദ്ധതയെക്കാള്‍ അതിവൈകാരികതയോടുള്ള ആഭിമുഖ്യമായിരുന്നു കാരണം. തറവാടിത്തത്തിന്റെയും കുലീനത്വത്തിന്റെയും ഫ്യൂഡല്‍ ശിഷ്ടങ്ങള്‍ പല മഹല്ല് അധികാരികളും ഇന്നും ചുമന്ന് നടക്കുകയും ചെയ്യുന്നു. ഉല്‍പതിഷ്ണുക്കളും യാഥാസ്ഥിതികരുമായി സമൂഹം പിരിഞ്ഞ് പോരടിക്കുന്നതും മഹല്ലുകളുടെ ശിഥിലീകരണത്തിലേക്കാണ് ഒടുവില്‍ എത്തിച്ചേര്‍ന്നത്. അനൈക്യത്തിന് 'സൈദ്ധാന്തികതലം' കല്‍പിച്ച് അതിനെ ആദര്‍ശവത്കരിക്കാന്‍ കഴിഞ്ഞുവെന്നത് മാത്രമാണ് മുസ്‌ലിം പൊതുസമൂഹത്തിന് അതുകൊണ്ട് ലഭിച്ച ഗുണം. കടലിനക്കരെ വിയര്‍ത്തു പണിതവരുടെ ചോരയും നീരും സമുദായത്തിന് വികസന-വിദ്യാഭ്യാസ വളര്‍ച്ച മാത്രമല്ല നല്‍കിയത്, അനൈക്യത്തെ മൂര്‍ത്തവത്കരിക്കുകയും കൂടിയാണത് ചെയ്തത്. അങ്ങനെയാണ് കവലകളില്‍ പരസ്പരം അല്ലാഹുവിനെ കളിയാക്കുന്ന മിനാരങ്ങള്‍ പൊന്തിയതും മഹല്ലുകളുടെ അടിവേര് മാന്തിപ്പോയതും -ആരുടെയെങ്കിലും ആളായില്ലെങ്കില്‍ എല്ലാവരും കൂടി എതിരാവുന്ന അവസ്ഥ സാധാരണക്കാരന് വന്നുപെട്ടു. അതിന്റെ ഫലമോ, മഹല്ലില്‍ ചേരിതിരിഞ്ഞ് മത്സരിച്ചു നടക്കുന്ന 'സാമൂഹികാശ്വാസ'(!?) പദ്ധതികളില്‍ നിന്ന് ഒഴിഞ്ഞുപോകാതിരിക്കാന്‍ അബലരും അശരണരുമായവര്‍ കൂടി ഈ മൂപ്പിളമപ്പോരില്‍ പക്ഷം പിടിക്കാന്‍ നിര്‍ബന്ധിതരായി. പട്ടിണി കിടന്ന് മരിക്കേണ്ടിവന്നാല്‍ പോലും മറ്റൊരു ഉപജാതിയുടെ സഹായം സ്വീകരിച്ചു പോകരുതെന്നാണ് കല്‍പന. അല്ലെങ്കില്‍ ഊരുവിലക്കപ്പെടാം! മദ്യപാനവും സ്ത്രീധനവും മുതല്‍ പലിശയും വ്യഭിചാരവും വരെ സര്‍വ ദുരാചാരങ്ങളും പള്ളിമിനാരങ്ങളിലെ 'ബാങ്കലമുറകളെ'യും ചേരിതിരിഞ്ഞ സമുദായോദ്ധാരണ യത്‌നങ്ങളെയും വഞ്ചിച്ച് പുരോഗമിക്കുകയും ചെയ്തു. ആദര്‍ശത്തിന്റെ പൊയ്മുഖമണിഞ്ഞു നടക്കുന്ന വീറുറ്റ ഈ തെരുവ് പോരാട്ടം മഹല്ല് എന്ന അജണ്ടയെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് നാം ഈ ലേഖനത്തിന്റെ പ്രമേയം ചര്‍ച്ച ചെയ്യേണ്ടിവരുന്നത്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തില്‍ ഒരു സ്ഥിതിവിവരക്കണക്ക് കൃത്യമായി സൂക്ഷിക്കുന്ന മഹല്ലുകള്‍ എത്രയുണ്ടെന്ന് നമുക്കറിയില്ല. അനേകം യുവ-വിദ്യാര്‍ഥി സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന നാട്ടില്‍ ഇത് സംഭവിച്ചുകൂടാത്തതായിരുന്നു. മഹല്ലധികാരികളുടെ നേതൃത്വത്തില്‍ യുവ-വിദ്യാര്‍ഥി പരിഷത്തുകള്‍ നടത്തുന്ന കണക്കെടുപ്പ് മഹല്ല് നവീകരണ അജണ്ടകളുടെ അടിസ്ഥാനമാണ്. മഹല്ലിലെ കുടുംബങ്ങള്‍, കുടുംബസ്ഥിതി, വൃദ്ധന്മാര്‍, സ്ത്രീകള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, സ്ഥിരവരുമാനക്കാര്‍, പരാശ്രിതര്‍, നിത്യരോഗികള്‍, അവിവാഹിതര്‍, സ്വന്തമായി പാര്‍പ്പിടമില്ലാത്തവര്‍, വിദ്യാഭ്യാസ നിലവാരം ഇതൊക്കെ കണക്കെടുപ്പില്‍ ഉള്‍പ്പെടണം. മഹല്ലിന്റെ വരുമാന സ്രോതസ്സുകളും സാമൂഹിക മൂലധനവും കൃത്യമായി നിര്‍ണയിക്കപ്പെടണം. പരസ്പര സഹായത്തിലധിഷ്ഠിതമായ അയല്‍പക്കങ്ങളുടെയും കുടുംബങ്ങളുടെയും ഉപസംഘങ്ങളായി മഹ്ലല് പുനഃസംഘടിപ്പിക്കണം. പഠനം/ദാരിദ്ര്യ നിവാരണം/ചികിത്സ/പാര്‍പ്പിട പദ്ധതികള്‍/ തൊഴില്‍ സാധ്യതകള്‍ ഇവയിലെല്ലാം ഉപസംഘങ്ങള്‍ പരസ്പരം സഹകരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കണം. നിത്യരോഗികള്‍ക്കും ശേഷികെട്ട് വീട്ടിലോ കിടക്കയിലോ ആയവര്‍ക്കും പ്രത്യേക സേവന പരിചരണ പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടണം. ചികിത്സാ സഹായം, മരുന്നുകള്‍, ഗൃഹ കേന്ദ്രീകൃത പരിചരണ സൗകര്യങ്ങള്‍ (ഹോംകെയര്‍), ബന്ധുക്കള്‍ക്ക് രോഗിയുടെ പരിചരണത്തില്‍ പ്രത്യേക പരിശീലനം, ആഹാരം തേടിപ്പോകുന്നവരെയോ തൊട്ടടുത്ത ആശ്രിതരെയോ രോഗം ബാധിക്കുന്ന ഘട്ടത്തില്‍ അവര്‍ക്ക് ഭക്ഷണം, ഗൃഹനാഥന്റെ/നാഥയുടെ രോഗം കാരണം പഠനം മുടങ്ങിപ്പോയ കുട്ടികളുടെ തുടര്‍പഠനം, രോഗം കാരണം പതിവുപോലെ ജോലിക്ക് പോയി സമ്പാദിക്കാന്‍ കഴിയാത്തവര്‍ക്ക് തൊഴില്‍ പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ക്കും പ്രത്യേകം സംവിധാനങ്ങള്‍ മഹല്ലുകള്‍ ഒരുക്കേണ്ടതുണ്ട്. ഒരു ക്ഷേമ മഹല്ല് ലക്ഷ്യമാക്കി മഹല്ലിലെ ഓരോരുത്തരുടെയും ശേഷിയനുസരിച്ചുള്ള പങ്കാളിത്തത്തോടെ ഒരു വെല്‍ഫയര്‍ ഫണ്ട് രൂപവത്കരിക്കുകയും അതില്‍ നിന്ന് പലിശരഹിതവായ്പകള്‍ക്ക് സൗകര്യമേര്‍പ്പെടുത്തുകയും ചെയ്യണം. പലിശരഹിത നിധിയുടെ തിരിച്ചടവ് ചെറിയ തുകകളായി ആഴ്ചയില്‍ രണ്ട് തവണയോ ഒരു തവണയോ ആയി ക്ലിപ്തപ്പെടുത്താവുന്നതാണ്. രോഗം കലശലായി തിരിച്ചടവ് സാധ്യത ഇല്ലാതായവര്‍ക്ക് ഓരോ കേസും പ്രത്യേകം പരിഗണിച്ച് മഹല്ല് നിവാസികളുടെ സകാത്ത് വിഹിതത്തില്‍നിന്ന് ചില ഗഡുക്കളുടെ ഇളവനുവദിക്കാവുന്നതുമാണ്. ഒരു വീട്ടില്‍ ഒന്നിലധികം രോഗികളുണ്ടാവുകയോ രോഗിയുടെ മുഖ്യ പരിചാരകന്‍ അവശരോ വാര്‍ധക്യം ബാധിച്ചവരോ ആണെങ്കില്‍ അവരുടെ പരിചരണത്തില്‍ സഹകരിക്കാന്‍ സവിശേഷം പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കണം. ഇവരുടെ പരിചരണത്തില്‍ സാമ്പത്തിക മൂലധനം മാത്രമല്ല, സാമൂഹിക മൂലധനവും (മാനവശേഷി, ഗതാഗതം മുതലായവ) മഹല്ലില്‍ നിന്ന് തന്നെ സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ സമാഹരിക്കാന്‍ ശ്രമിക്കണം. മഹല്ല് മസ്ജിദ് കേന്ദ്രീകരിച്ച് അഗതികള്‍, പരിചരിക്കാനാളില്ലാത്ത രോഗികള്‍/വൃദ്ധജനങ്ങള്‍ എന്നിവര്‍ക്കായി (ഒരു സമയം അഞ്ചില്‍ കവിയാത്ത എണ്ണം) കെയര്‍ സെന്ററുകള്‍ തുടങ്ങാവുന്നതാണ്. കോടികളുടെ പള്ളിക്കെട്ടിടങ്ങള്‍ വര്‍ഷത്തില്‍ പ്രവര്‍ത്തനക്ഷമമായ മണിക്കൂറുകള്‍ കണക്കു കൂട്ടിയാല്‍ രണ്ട് മാസത്തിലേറെ വരില്ല. ബാക്കി പത്ത് മാസവും അടഞ്ഞു കിടക്കുന്ന ഈ ബഹുനില മന്ദിരങ്ങള്‍ പ്രാവുകള്‍ക്കും നരിച്ചീറുകള്‍ക്കും കൂടുകൂട്ടാനുള്ള ഇടങ്ങളായി മാത്രം ചുരുങ്ങിപ്പോകേണ്ടതല്ല. പ്രവാചക തിരുമേനിയുടെ മാതൃകയെക്കുറിച്ച് വാചാലരാകുന്ന നമുക്ക് 'സുഫ്ഫയുടെ' ചരിത്രവും ദര്‍ശനവും വഴി കാണിക്കണമായിരുന്നു. മലപ്പുറം ജില്ലയിലെ ഒരു ജുമുഅത്ത് പള്ളി ഈ രൂപത്തില്‍ സമൂഹത്തിന്റെ സ്വത്തുപയോഗിക്കുന്നതിന് മാതൃക കാണിച്ചിട്ടുണ്ട്. അതിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ വെള്ളിയാഴ്ചകളില്‍ മാത്രമാണ് പ്രാര്‍ഥനക്ക് ഉപയോഗിക്കുക. മറ്റു ദിവസങ്ങളില്‍ പതിവ് ജമാഅത്തുകള്‍ ഒന്നാം നിലയിലാണ് നടക്കുക. തറനില കൈത്തൊഴില്‍ പരിശീലന കേന്ദ്രവും ട്യൂഷന്‍ സെന്ററും ജമാഅത്ത് കമ്മിറ്റിയുടെ ഓഫീസും ഒക്കെയായി ഉപയോഗിക്കപ്പെടുന്നു. ഡേ കെയര്‍ സെന്ററായും ഇത് ഉപയോഗിക്കാവുന്നതാണ്. പള്ളിയോടനുബന്ധിച്ച് ഇമാമിന്റെയും/ ദര്‍സ് വിദ്യാര്‍ഥികളുടെയും മേല്‍നോട്ടത്തില്‍ മഹല്ലിലെ സന്നദ്ധ പ്രവര്‍ത്തകരായ യുവാക്കളുടെ പങ്കാളിത്തത്തോടെ ആരും നോക്കാനില്ലാത്ത അവശരായവര്‍ക്കുള്ള ശരണ ഗൃഹങ്ങള്‍ (ഡോര്‍മിറ്ററികള്‍) ആരംഭിക്കാം. പകല്‍ സമയത്ത് പള്ളിയില്‍ ജമാഅത്തിനെത്തുന്നവരുടെ ശ്രദ്ധയും പരിചരണവും അവര്‍ക്ക് ലഭിക്കും. ആഹാരം/മരുന്നുകള്‍ എന്നിവ മഹല്ലിന്റെ കൂട്ടുത്തരവാദിത്വത്തിലും നിര്‍വഹിക്കാം. മതത്തിന്റെ ആര്‍ദ്ര പാഠങ്ങള്‍ പുസ്തകത്തില്‍ മാത്രം തെരഞ്ഞ് പരിചയമുള്ള വിദ്യാര്‍ഥികള്‍ക്കും ഇതൊരു പ്രായോഗിക പരിശീലന കേന്ദ്രമായിരിക്കും. സാര്‍വത്രികമായാല്‍ പൊതുവില്‍ വൃദ്ധരെയും അബലരും രോഗികളുമായ ബന്ധുക്കളെയും ദൂരെ അഗതി മന്ദിരങ്ങളില്‍ കൊണ്ടുപോയി തള്ളി ഉത്തരവാദിത്വമൊഴിയുന്ന പ്രവണതക്ക് ഇതുകൊണ്ടറുതി വരുത്താനും കഴിയും. വൃദ്ധരും രോഗികളുമായവര്‍ പരിചരണത്തിനപ്പുറം പരിഗണനയും സ്‌നേഹവും ആഗ്രഹിക്കുന്നവരാണ്. കുട്ടികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പങ്കാളിത്തം രണ്ടും ഉറപ്പ് വരുത്തുകയും ചെയ്യും. സ്ത്രീധനത്തിനെതിരായ പോരാട്ടങ്ങള്‍ മതത്തിലെ എല്ലാ വിഭാഗക്കാരും കൊണ്ടുപിടിച്ചു നിര്‍വഹിക്കുന്നു. വിവാഹത്തിലെ ആര്‍ഭാടങ്ങള്‍ക്കെതിരെ പ്രചാരണം നടക്കുന്നു. പക്ഷേ, പ്രമാണികളായ തങ്ങന്മാരും മൗലവിമാരും പോലും മൂന്നും നാലും ദിവസം സമ്പന്നര്‍ക്കും ഇടത്തരക്കാര്‍ക്കും സാധാരണക്കാര്‍ക്കും വ്യത്യസ്ത ദിവസങ്ങളില്‍ സദ്യയൊരുക്കി കല്യാണം നടത്തുന്നതും നാം കാണുന്നു. നിലമ്പൂരില്‍ നിന്നെത്തുന്ന ഒറ്റത്തടി തേക്കില്‍ തന്നെ വീടിന്റെ പൂമുഖവും മുഖവാതിലും തീര്‍ക്കണമെന്ന വാശിക്കാരും മത-സമുദായ രാഷ്ട്രീയ നേതാക്കളിലുണ്ട്. നൂറും നൂറും എന്ന് പ്രാസമൊപ്പിച്ച് പറയുന്ന ശീലുകള്‍ നൂറ് പവനും നൂറായിരവുമായിരുന്നത് നൂറ് പവനും നൂറ് ലക്ഷവും ആക്കി മാറ്റുന്നതാണ് ഇവര്‍ സമുദായത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവന. ഈ പോക്കിരിരാജാക്കന്മാരുടെ വാഴ്ചക്കിടയിലാണ് ഞങ്ങളെയും കേള്‍ക്കണേ എന്ന് വിവാഹപ്രായം കഴിഞ്ഞ് പുരനിറഞ്ഞ് കവിഞ്ഞൊഴുകുന്ന സമുദായത്തിന്റെ താരുണ്യം വാര്‍ത്താ മാധ്യമങ്ങളിലൂടെ കെഞ്ചുന്നത്. ഒടുവില്‍ ചിലരെങ്കിലും പരദേശികളായ തൊഴിലന്വേഷകരുടെ കൂട്ടത്തില്‍ ചാടിപ്പോയി ശരീരത്തിന്റെ അടിസ്ഥാന കാമനകളെ ഒരു വട്ടത്തേക്ക് ശമിപ്പിച്ച് കുപ്പകളിലെറിയപ്പെടുമ്പോള്‍, ശേഷിക്കുന്ന കുടുംബത്തിന് ഊരുവിലക്കും ധര്‍മ സദാചാരങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞതിന്റെ വിദൂര വിലാപവുമായി മഹല്ലധികൃതര്‍ ഇറങ്ങിവരികയും ചെയ്യും. സമുദായത്തിലെ പടിഞ്ഞാറുനോക്കികളായ ഒറ്റുകാരാകട്ടെ, നിയന്ത്രിത ബഹുഭാര്യാത്വം പോലുള്ള ഇസ്‌ലാമിക നിലപാടുകളെ പകയോടെ കാണുമ്പോഴും ഉദാര ലൈംഗികതയുടെയും സമാന്തര ലൈംഗികതയുടെയും തീച്ചീളകള്‍ സമുദായത്തിന്റെ കിടപ്പറകളിലേക്കും ഒളിച്ചു കടക്കുന്നതടക്കമുള്ള ധര്‍മഭംഗങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. ഭയത്തില്‍ നിന്നും പൈദാഹത്തില്‍ നിന്നുമുള്ള സുരക്ഷ പോലെ തന്നെ പ്രധാനമാണ് ശരീരത്തിന്റെ അടിസ്ഥാന ചോദനകളുമെന്ന് തിരിച്ചറിയുന്നുമില്ല. കുടുംബബന്ധങ്ങളുടെ/ വിവാഹത്തിന്റെ ഇസ്‌ലാമിക വഴികള്‍ ആരായുമ്പോള്‍ ഉത്തരവാദിത്വ ബന്ധമായ ബന്ധങ്ങളെ കളിയാക്കുകയും ഉദാര ലൈംഗികതയുടെ ഹൈവേകള്‍ തുറന്നിടാന്‍ വാദിക്കുകയും ചെയ്യുന്ന ഉത്തരാധുനിക നവലൈംഗിക സൈദ്ധാന്തികരെ നാം ഭയപ്പെടേണ്ടതുണ്ടോ എന്നും ചിന്തിക്കേണ്ടതാണ്. ഏതായാലും മഹല്ലുകളുടെ കുടുംബ പ്രശ്‌നപരിഹാര സമിതികള്‍ അവിവാഹിതരായ യുവതീ യുവാക്കളുടെ ഉത്കണ്ഠകള്‍ കൂടി പരിഗണിക്കുന്നതാകണം. മഹല്ലിലെ പരാശ്രിതരായ അന്തേവാസികളെ ആഴ്ചയിലൊരിക്കല്‍ സന്ദര്‍ശിച്ച് അവരുടെ അവസ്ഥ മഹല്ലധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനവും ഉണ്ടാകണം. ഇതിന് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കണം. ആഹാരം, മഴയും വെയിലുമേല്‍ക്കാത്തൊരു മേല്‍ക്കൂര, ഒരു ജീവനോപാധി, അടിസ്ഥാന വിദ്യാഭ്യാസം, ശുചിത്വവും വെടിപ്പുമുള്ള വിസര്‍ജന സൗകര്യങ്ങള്‍, ശുദ്ധമായ കുടിവെള്ളം, വിവാഹ പ്രായമായവര്‍ക്ക് ഒരിണ, നിത്യ രോഗിക്ക് മരുന്നും പരിചരണവും ഇവ മഹല്ലിലെ എല്ലാ കുടുംബങ്ങള്‍ക്കും ഉറപ്പാക്കണം. ഒരഗതിയോ വൃദ്ധനോ യതീമോ തൊട്ടടുത്ത ബന്ധുവിന്റെ സ്‌നേഹസ്പര്‍ശന മേല്‍ക്കാനിടയാകാതെ, അഗതി മന്ദിരങ്ങളുടെയും വൃദ്ധസദനങ്ങളുടെയും യതീംഖാനകളുടെയും അലിവും നനവുമില്ലാത്ത 'കവാത്തുകള്‍ക്കും പരിശീലന മുറകള്‍ക്കും' വിധേയമാകാന്‍ വിട്ടു കൊടുക്കാതെ സ്വന്തം വീടുകളില്‍ തന്നെ ശ്രദ്ധിക്കപ്പെടാനുള്ള സംവിധാനം മഹല്ലടിസ്ഥാനത്തില്‍ രൂപപ്പെടുത്തണം. കോഴിക്കോട് എയര്‍പോര്‍ട്ടിന് സമീപം 'ബിസ്മി' എന്ന സന്നദ്ധ പ്രവര്‍ത്തക സംഘത്തിന്റെ പ്രവര്‍ത്തന രീതി ഇക്കാര്യത്തില്‍ മഹല്ലുകള്‍ക്ക് മാതൃകയാക്കാവുന്നതാണ്. ഈവിധം മഹല്ലിലെ ഓരോ കുടുംബത്തിന്റെയും ഓരോ അംഗത്തിന്റെയും ആവശ്യങ്ങളെക്കുറിച്ച് ഇമാമും കമ്മിറ്റി ഭാരവാഹികളും അറിഞ്ഞിരിക്കണം. ദുര്‍ബലര്‍ക്ക് നേരെ നടക്കുന്ന അവഗണനകളും നിന്ദകളും ഇല്ലാതാക്കാന്‍ നിരന്തരമായ ബോധവത്കരണ ശ്രമങ്ങളും, ചിട്ടയായ ഗൃഹസന്ദര്‍ശനങ്ങളിലൂടെ അവരുടെ പരിചരണത്തില്‍ അരുതാത്തതൊന്നും കുടുംബങ്ങളില്‍ സംഭവിക്കുന്നില്ലെന്നതുറപ്പുവരുത്താനുള്ള ശ്രമവും നടക്കണം. ഇത്തരമൊരു ഗൃഹസന്ദര്‍ശനത്തില്‍, ഒരു മുസ്‌ലിം പ്രദേശത്ത് 14 വര്‍ഷമായി ഒരു വൃദ്ധയെ ബന്ധുക്കള്‍ പ്രധാന വീടുമായി ഒരു ബന്ധവുമില്ലാത്തവിധം വീടിന്റെ പിന്‍ഭാഗത്തൊരു ചരുവില്‍ താമസിപ്പിക്കുന്നത് കണ്ടു. കാഴ്ചക്കുറവും കാലിന് വിറയലും തലകറക്കവുമുള്ള അവര്‍ വടിയുടെ സഹായത്തോടെ വേണം 10 മീറ്റര്‍ ദൂരെ മുറ്റത്തുള്ള കക്കൂസിലേക്ക് പോകാന്‍. വൃദ്ധയുടെ മുറിയില്‍ നിന്ന് മുറ്റത്തേക്കിറങ്ങാന്‍ ചെങ്കുത്തായ നാല് സിമന്റ് പടികള്‍ ചവിട്ടിയിറങ്ങണം. കാലം കൊണ്ട് സിമന്റ് പൊളിഞ്ഞ് കല്ലുകള്‍ പലതും വെളിയിലായിരിക്കുന്നു. എവിടെയും ചികിത്സിക്കാത്ത, വര്‍ഷങ്ങളായുള്ള മൂത്രവാര്‍ച്ച രോഗം കാരണമാണത്രെ ബന്ധുക്കള്‍ അവരെ ഈവിധം മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നതും. ഏത് സമയത്തും സംഭവിക്കാവുന്ന ഒരു വീഴ്ച അവര്‍ക്കേത് നേരത്തും പരലോകത്തേക്കുള്ള ടിക്കറ്റാവാം. പനിനീര് മൂത്രമൊഴിക്കുകയും കസ്തൂരി കാഷ്ടിക്കുകയും ചെയ്യുന്നവരായിരുന്നില്ല അവരോടീ വിധം പെരുമാറുന്ന ബന്ധുക്കള്‍. കഴിഞ്ഞവാരം കൂടി വെള്ളിയാഴ്ച പ്രസംഗത്തില്‍ മദീനയില്‍നിന്ന് 4000 കിലോമീറ്റര്‍ അകലെ യൂഫ്രട്ടീസിന്റെ തീരത്ത് വിശന്ന് കരയുന്ന ആട്ടിന്‍ കുട്ടിയെ ഓര്‍ത്ത് വേവലാതിപ്പെടുന്ന ഖലീഫ ഉമറിനെക്കുറിച്ച് നിരുദ്ധകണ്ഠനായിരുന്നു പ്രദേശത്തെ പള്ളിയിലെ ഇമാം. കല്യാണത്തിനും കുറിക്കല്യാണത്തിനും തീയതി നിശ്ചയിച്ച വകയിലെ കമീഷനിലും, വരിസംഖ്യയും ശ്മശാനം വാടകയും പിരിക്കുന്നതിലെ ശുഷ്‌കാന്തിയിലും പരിമിതപ്പെടാന്‍ ഇമാമിനും കമ്മിറ്റിക്കും അവകാശമില്ല. ഖുര്‍ആന്‍ ക്ലാസ്സുകളും ദിക്‌റ് ഹല്‍ഖകളും സ്വലാത്ത് മജ്‌ലിസുകളും ദഅ്‌വാ കാമ്പയിനുകളുമാണ് ദീനുല്‍ ഇസ്‌ലാം എന്നും നിനച്ചുകൂടാ. * * * * * * * വര്‍ഷങ്ങളോളം നാട്ടുമ്പറത്ത് കഴിയുകയും പൂച്ചയും നായയും കോഴിയും പശുവുമൊക്കെ കുടുംബത്തില്‍ അംഗങ്ങളായി ജീവിക്കുകയും ചെയ്ത കാലം പിന്നിട്ടാണ് അവര്‍ നഗരത്തിലെ ഒരു ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍ ജീവിത സാഹചര്യങ്ങളുടെ നിര്‍ബന്ധത്തില്‍ എത്തിപ്പെടുന്നത്. ചക്കിക്കും ചിരുതക്കും കുഞ്ഞുട്ടനുമെല്ലാം പതിവ് പോലെ അവര്‍ ആ ഫ്‌ളാറ്റിന്റെ മൂന്നാം നിലയിലെ അടുക്കളയിലും ഓരോ പിടി വറ്റ് നീക്കിവെച്ചിരുന്നു; അവരൊരിക്കലും നഗര കാന്താരത്തിലെ ഈ ആകാശ മാളികയുടെ സെക്യൂരിറ്റികള്‍ വെട്ടിച്ച് കടന്നുവരികയില്ല എന്നറിഞ്ഞുതന്നെ, അനേകം തവണ തന്റെ അടുക്കളയിലെ വേസ്റ്റ് ബിന്നിലേക്കത് തട്ടിക്കളയേണ്ടിവന്നിട്ടുള്ള അനുഭവം വെച്ചുതന്നെ. തന്റെ പ്രിയപ്പെട്ട പൂച്ചകളെക്കുറിച്ച് പറയുമ്പോള്‍ അവരുടെ കണ്ണിമകള്‍ നനഞ്ഞിരുന്നു; സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റിന്റെ ഒരു വക്ക് കീറിപ്പോയതുപോലെ അവരുടെ വാക്കുകള്‍ ഇടറിയിരുന്നു. ഹദീസ് ഗ്രന്ഥങ്ങളുടെ വരണ്ട പേജുകളില്‍ നിന്ന് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റുവരുന്നത് പോലെ കാരുണ്യത്തിന്റെ മഹാ പ്രഭുവിന്റെ വചനങ്ങള്‍ അന്തരീക്ഷത്തില്‍ എഴുതിത്തെളിയുന്നത് ഞാനും കണ്ടു- 'അറിയുക, പച്ചക്കരളുള്ള ഒരു ജീവിയുടെ പേരിലും നിങ്ങള്‍ക്ക് പ്രതിഫലം നിഷേധിക്കപ്പെടുകയില്ല. അറിയുക, ഒരു പൂച്ചയെ കെട്ടിയിട്ട് പട്ടിണിക്കിട്ടതിന്റെ പേരില്‍ ഭക്തയായൊരു സ്ത്രീ നരകത്തില്‍ പോയി, ഒരു നായക്ക് ദാഹം തീര്‍ത്തതിന്റെ പേരില്‍ ഒരു വേശ്യയെ അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചു.' (ഹദീസുശ്ശരീഫ്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം