Prabodhanm Weekly

Pages

Search

2017 മെയ് 12

3001

1438 ശഅ്ബാന്‍ 15

മാറ്റത്തിനായുള്ള ദൃഢനിശ്ചയം: സണ്‍റൈസ് കൊച്ചി

മുഹമ്മദ് ഉമര്‍

മട്ടാഞ്ചേരിയുടെ പ്രശ്‌നങ്ങള്‍ പറഞ്ഞ് കാലം കളയാതെ, പരിഹാരങ്ങള്‍ക്ക് മുന്നിട്ടിറങ്ങുക എന്ന ഉദ്ദേശ്യത്തോടെയാണ്  സോളിഡാരിറ്റി പുരാതന കൊച്ചിയെ മാറ്റിപ്പണിയുന്നതിന്  സണ്‍റൈസ് കൊച്ചി പദ്ധതിക്ക് രൂപം നല്‍കിയത്. 2012 ഏപ്രില്‍ 1-ന് മട്ടാഞ്ചേരി കരിപ്പാലം മൈതാനിയില്‍ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി വിഷന്‍ 2016-ന്റെ ശില്‍പിയും ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീറുമായിരുന്ന പ്രഫ. സിദ്ദീഖ് ഹസനാണ് സണ്‍റൈസ് കൊച്ചി പ്രഖ്യാപനം നടത്തിയത്. പിന്നിട്ട 5 വര്‍ഷം സംഭവബഹുലമാണ്. 

സപ്ത സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയായി അറിയപ്പെടുന്ന മട്ടാഞ്ചേരി ഉള്‍ക്കൊള്ളുന്ന പുരാതന കൊച്ചി ദാരിദ്ര്യത്തിന്റെ പിടിയിലമര്‍ന്നതിന് പിന്നില്‍ ചരിത്രപരവും അല്ലാത്തതുമായ നിരവധി കാരണങ്ങളുണ്ട്. പുരാതന കൊച്ചി പ്രദേശത്ത് ചേരികളധികവും മട്ടാഞ്ചേരിയിലാണ്. അതും ഒരു പ്രത്യേക സമുദായം തിങ്ങിക്കഴിയുന്ന പ്രദേശങ്ങളില്‍. മട്ടാഞ്ചേരി അനുഭവിക്കുന്ന യഥാര്‍ഥ ദൈന്യത പുറംലോകം അറിഞ്ഞിരുന്നില്ല. മെട്രോ നഗരത്തിന്റെ വികസനപ്പാച്ചിലിന്റെ കെട്ടുകാഴ്ച്ചകള്‍ക്കിടയില്‍ ഒരു ജനതയുടെ നിലവിളി കേള്‍ക്കാന്‍ ആര്‍ക്കും സമയമുണ്ടായിരുന്നില്ല. 

 

പദ്ധതി പ്രവര്‍ത്തനങ്ങള്‍

സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ പ്രഥമമായി നടത്തിയത് ചേരികള്‍ കേന്ദ്രീകരിച്ചുള്ള സര്‍വേകളാണ്. രാജഗിരി ഔട്ട്‌റീച്ച് സര്‍വീസ് സൊസൈറ്റി പ്രൊജക്ട് ഡയറക്ടര്‍ എം.പി ആന്റണി പോലുള്ളവരുടെ ഉപദേശ നിര്‍ദേശങ്ങള്‍  സര്‍വേ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുന്നതിന് ഉപകരിച്ചു. ഞെട്ടിക്കുന്ന വിവരങ്ങളാണ് അതിലൂടെ വെളിപ്പെട്ടത്. കേരളത്തിലെ ഏറ്റവുമധികം ഭവനരഹിതര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശവും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ചേരിയും ജനസാന്ദ്രത കൂടിയ പ്രദേശവും മട്ടാഞ്ചേരിയാണ്. കേരളത്തിലെ ശരാശരി ജനസാന്ദ്രത ഒരു സ്‌ക്വയര്‍ കിലോമീറ്ററില്‍ 859 ആണെങ്കില്‍ മട്ടാഞ്ചേരിയിലത് ഒരു സ്‌ക്വയര്‍ കിലോമീറ്ററില്‍ 9,550 ആണ്. ജനസംഖ്യയില്‍ പകുതിയിലധികവും വാടകക്കും പണയത്തിനുമാണ് കഴിയുന്നത്. അത് തന്നെയും ഒറ്റമുറി വീടുകളാണ്. സര്‍ക്കാര്‍ വക പദ്ധതികളേറെ പ്രഖ്യാപിക്കുമെങ്കിലും നടപ്പിലാകുന്നത് വളരെ വിരളമാണ്. മേല്‍പറഞ്ഞ വസ്തുതകളുടെയും വിവരങ്ങളുടെയും വെളിച്ചത്തില്‍ അനുയോജ്യമായ പദ്ധതികള്‍ പ്രഥമഘട്ടത്തില്‍ ആവിഷ്‌കരിച്ചു. കുടുംബശ്രീ ഡയറക്ടറായി വിരമിച്ച അബൂബക്കറിന്റെ സേവനം ഇതിനായി ഉപയോഗപ്പെടുത്തി. പാര്‍പ്പിടം, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, കുടുംബ ശാക്തീകരണം, ശുചിത്വം എന്നീ പദ്ധതികളായി തിരിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.

 

പാര്‍പ്പിട പദ്ധതി

മട്ടാഞ്ചേരിയുടെ അടിസ്ഥാന പ്രശ്‌നം പാര്‍പ്പിടമാണ്. ഭവനരാഹിത്യം മൂലം കുടുംബങ്ങള്‍ക്ക് മതിയായ സുരക്ഷയും  സൗകര്യവുമില്ലാത്തതിനാല്‍ വിദ്യാഭ്യാസപരമായി അവര്‍ പിന്തള്ളപ്പെടുന്നു. തൂലം വിദഗ്ധ തൊഴില്‍ മേഖലയില്‍നിന്നും അവര്‍ പുറത്താകുന്നു. അങ്ങനെ ദാരിദ്ര്യം അവരുടെ കൂടെപ്പിറപ്പായി. അതുകൊണ്ട് സണ്‍റൈസ് കൊച്ചിയുടെ പ്രധാന പരിഗണന പാര്‍പ്പിട പദ്ധതിക്കായിരുന്നു. പുരാതന കൊച്ചിയില്‍ മാത്രം 6,000-ലധികം കുടുംബങ്ങള്‍ ഭവനരഹിതരായി കഴിയുന്നുണ്ട്. ഗവണ്‍മെന്റിന് മാത്രമേ ഈ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുകയുള്ളൂ. ഭവനപദ്ധതികള്‍ക്ക് മട്ടാഞ്ചേരിയില്‍ സ്ഥലമില്ല എന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ ഏജന്‍സികള്‍ കൈയൊഴിയുകയാണ് പതിവ്. സ്ഥലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ ഫളാറ്റ്‌ പദ്ധതികളാണല്ലോ അനുയോജ്യം. മട്ടാഞ്ചേരിയുടെ ഹൃദയഭാഗത്ത് 12 സെന്റ് സ്ഥലം സണ്‍റൈസ് കൊച്ചി വാങ്ങി അവിടെ ഫളാറ്റ്‌ പദ്ധതിക്ക് രൂപകല്‍പ്പന ചെയ്തു. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് മെമ്പറായിരുന്ന ആര്‍ക്കിടെക്റ്റ് പത്മശ്രീ ജി. ശങ്കറാണ് ഫളാറ്റ്‌ പദ്ധതി രൂപകല്‍പ്പന ചെയ്തത്. പിന്നീടദ്ദേഹത്തിന്റെ തിരുവനന്തപുരത്തുള്ള ഹാബിറ്റാറ്റ് ഓഫീസില്‍ വെച്ച് കേരളത്തിലെ സേവനസന്നദ്ധരായ യുവ ആര്‍ക്കിടെക്റ്റുകളുടെ ഒരു യോഗം വിളിച്ചുചേര്‍ത്ത് കൊച്ചിക്ക് അകത്തും പുറത്തും നടപ്പാക്കാന്‍ സാധിക്കുന്ന വിവിധ പാര്‍പ്പിട പദ്ധതികളെക്കുറിച്ച ചര്‍ച്ചയും രൂപകല്‍പ്പനാ ശില്‍പശാലയും നടത്തി. തൃശ്ശൂര്‍ സ്വദേശി യുവ ആര്‍ക്കിടെക്റ്റ് ഷിയാദ് മജീദ് ഫളാറ്റ്‌ പദ്ധതിയില്‍ താല്‍പര്യം കാണിക്കുകയും ശങ്കറിന്റെ അനുവാദത്തോടെ അദ്ദേഹം 21 ഫഌറ്റുകളും അനുബന്ധ സൗകര്യങ്ങളും ചെറുകിട തൊഴില്‍ സംരംഭത്തിനുള്ള സൗകര്യങ്ങളും ഉള്‍കൊള്ളുന്ന സണ്‍റൈസ് കൊച്ചി ഫളാറ്റ്‌ പദ്ധതിക്ക് അന്തിമ രൂപകല്‍പന നടത്തുകയും ചെയ്തു. 2013 ജൂലൈ മാസത്തില്‍ ഫളാറ്റ്‌ പദ്ധതിക്ക് തറക്കല്ലിട്ട് 3 വര്‍ഷം കൊണ്ട് എല്ലാ നിര്‍മാണവും പൂര്‍ത്തീകരിച്ച് സര്‍ക്കാര്‍ ഏജന്‍സികളുടെ ആവശ്യമായ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കി കൈമാറ്റത്തിനായി തയാറായി. 

2017 മെയ് 13, 14 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന സണ്‍റൈസ് കൊച്ചിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങില്‍ ഈ ഫഌറ്റുകളുടെ കൈമാറ്റം നടക്കും.  മെയ് 14-ന് നടക്കുന്ന പരിപാടിയില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ന്‍, പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍, കെ.വി തോമസ് എം.പി, എം.ഐ ഷാനവാസ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ജില്ലാ കലക്ടര്‍ വൈ. സഫീറുല്ല തുടങ്ങിയവര്‍ പങ്കെടുക്കും.

ഇതിനിടയില്‍ അര സെന്റ് മുതല്‍ 1 സെന്റ് സ്ഥലം സ്വന്തമായി കൈവശമുള്ള 20 കുടുംബങ്ങള്‍ക്ക് ഒറ്റയൊറ്റ വീടുകള്‍ അഭ്യുദയകാംക്ഷികളുടെയും പീപ്പിള്‍സ് ഫൗണ്ടേണ്‍ഷന്റെയും സഹകരണത്തോടെ സണ്‍റൈസ് കൊച്ചി  നിര്‍മിച്ചു നല്‍കി. 21-ാമത്തെ വീടിന്റെ നിര്‍മാണം മട്ടാഞ്ചേരി ഓടത്തപ്പറമ്പില്‍ ഒരു വിധവയുടെ കുടുംബത്തിന് വേണ്ടി നടന്നുകൊണ്ടിരിക്കുകയാണ്. കേവലം അര സെന്റ് സ്ഥലത്ത് 400 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന വീടിന്റെ താക്കോല്‍ദാനവും പ്രസ്തുത ചടങ്ങില്‍ നിര്‍വഹിക്കും. 

 

വിദ്യാഭ്യാസം

മതിയായ സൗകര്യങ്ങളില്ലാത്ത ഒറ്റമുറി വീടുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്ക് ഗൃഹപാഠം ചെയ്യുന്നതിന് ഹോംവര്‍ക്ക് ക്ലബുകള്‍ ആരംഭിച്ചിട്ടു്. ഇതില്‍ 40 കുട്ടികള്‍ പഠിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷമായി ഇത് വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു. ആണ്‍കുട്ടികള്‍ക്കായുള്ള ഹോംവര്‍ക്ക് ക്ലബുകള്‍ വിഭാവനം ചെയ്തതും സ്‌പോണ്‍സര്‍ ചെയ്തതും പ്രഫ. ബഹാവുദ്ദീന്റെ മകള്‍ ലുലു ബഹാവുദ്ദീനാണ്. ഹോംവര്‍ക്ക് ക്ലബിലെ സൗകര്യം ഉപയോഗിച്ച് പകല്‍സമയത്ത് കമ്പ്യൂട്ടര്‍ കോഴ്‌സുകളും നടത്തിവരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ബീസ് ഇന്ത്യ എന്ന എന്‍.ജി.ഒയുമായി സഹകരിച്ച് തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ നടത്തിവരുന്നു. വെക്കേഷന്‍ കാലയളവില്‍ രണ്ട് ഹോംവര്‍ക്ക് ക്ലബുകളിലുമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇംഗ്ലീഷ്, മാത്‌സ് വിഷയങ്ങളില്‍ സ്‌പെഷ്യല്‍ ട്യൂഷന്‍ നടത്തിവരുന്നു. 

 

തൊഴില്‍

എറണാകുളത്തെ പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗന്റായ സി.എച്ച് അബ്ദുര്‍റഹീമിന്റെ കുടുംബ ട്രസ്റ്റാണ് തൊഴില്‍ പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്. ചെറുകിട തൊഴില്‍ സംരംഭങ്ങളും നിലവില്‍ നടത്തികൊണ്ടിരിക്കുന്ന തൊഴിലിന് സഹായവുമായി ഇതിനകം 152 ഓളം പേര്‍ക്ക് 58 ലക്ഷം രൂപയുടെ തൊഴില്‍ സഹായങ്ങള്‍ ചെയ്തു. തീരദേശവാസികളായതിനാല്‍ മത്സ്യബന്ധനത്തിനായി വഞ്ചി, വല, എഞ്ചിന്‍, മത്സ്യ വിപണന വാഹനം, ചെറുഷോപ്പുകള്‍, ഓട്ടോറിക്ഷ, തയ്യല്‍ പരിശീലന കേന്ദ്രം, ധാന്യപൊടി നിര്‍മാണം, ലെതര്‍ ഉല്‍പന്ന നിര്‍മാണം, സ്‌കൂള്‍ ബാഗ് നിര്‍മാണം തുടങ്ങിയ വിവിധ മേഖലകളില്‍ തൊഴില്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. തൊഴില്‍ സഹായ പദ്ധതികളുടെ ഉദ്ഘാടനം 2014 ജൂണ്‍ മാസം അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ ഇബ്‌റാഹീം കുഞ്ഞ്  നിര്‍വഹിച്ചു. 100-ാമത് തൊഴില്‍ സഹായ പദ്ധതിയുടെ വിതരണോദ്ഘാടനം 2015 ആഗസ്റ്റ് മാസത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനംഗം അഡ്വ. വി.വി ജോഷി നിര്‍വഹിച്ചു. 

 

ആരോഗ്യം

ആരോഗ്യ മേഖലയില്‍ പ്രഖ്യാപന സമ്മേളനത്തില്‍ തന്നെ യു.എ.ഇ യൂത്ത് ഇന്ത്യയുമായി സഹകരിച്ച് ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള ആംബുലന്‍സ് & റെസ്‌ക്യൂവാന്‍ ലോഞ്ച് ചെയ്തിരുന്നു. നിരവധി പേരുടെ മരണത്തിനിടയാക്കിയ ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്ത സമയത്ത് സ്തുത്യര്‍ഹമായ ജീവന്‍ രക്ഷാ സേവന പ്രവര്‍ത്തനമാണ് ആംബുലന്‍സ് സര്‍വീസ് നടത്തിയത്. കൊച്ചിയിലെ പ്രമുഖ ഹോസ്പിറ്റലായ ഗൗതം ഹോസ്പിറ്റലുമായി സഹകരിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പ് ഈ കാലയളവില്‍ സംഘടിപ്പിച്ചു. 300 ലധികം പേര്‍ ഈ സേവനം ഉപയോഗപ്പെടുത്തി. ക്യാന്‍സര്‍ രോഗികള്‍ക്ക് ഇതിനകം 6 ലക്ഷം രൂപയുടെ ചികിത്സാ സഹായങ്ങള്‍ നല്‍കി. മറ്റു രോഗികള്‍ക്കുള്ള ചികിത്സാ സഹായങ്ങള്‍ സ്ഥിരമായി നല്‍കിവരുന്നു.

 

ശുചിത്വം

ഓരോ വീട്ടിലും സ്വന്തമായി ടോയ്‌ലറ്റ് എന്നത് ഈ ചേരി പ്രദേശത്ത് ചിന്തിക്കാനാവില്ല. പത്തോളം വീടുകള്‍ക്ക് ഒരു ടോയിലറ്റ് എന്നതാണ് പല ചേരികളിലെയും സ്ഥിതി. എങ്കിലും ലഭ്യമായ സ്ഥലത്ത് 15 ടോയ്‌ലറ്റുകള്‍ എറണാകുളത്തെ പ്രമുഖ ബില്‍ഡേഴ്‌സ് ഗ്രൂപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിര്‍മിച്ചു നല്‍കിയിട്ടു്.

 

കുടിവെള്ളം

കൊച്ചിയില്‍ കുടിവെള്ളം കിട്ടാക്കനിയാണ്. ദിവസവും ഒരു മണിക്കൂര്‍ മാത്രമാണ് പൈപ്പിലൂടെ വളരെ ചുരുങ്ങിയ പ്രഷറില്‍ കുടിവെള്ളം ലഭിക്കുന്നത്. മറ്റാവശ്യങ്ങള്‍ക്കായി കുഴല്‍ കിണര്‍ ജലമാണ് ഉപയോഗിക്കുന്നത്. നിരവധി കുഴല്‍ കിണര്‍ പൈപ്പുകള്‍ വിവിധ ചേരികളിലായി സണ്‍റൈസ് കൊച്ചി സ്ഥാപിച്ചു. 5 ലക്ഷം രൂപയുടെ കുടിവെള്ള വാട്ടര്‍ടാങ്ക് പദ്ധതി പൂര്‍ത്തീകരിച്ച് ഒന്നാം ഘട്ട പൂര്‍ത്തീകരണ ചടങ്ങില്‍ കൈമാറും.

 

കുടുംബ ശാക്തീകരണം/മൈക്രോഫിനാന്‍സ്

സണ്‍റൈസ് കൊച്ചി ഒരോ ചേരിപ്രദേശത്തും കുടുംബ യൂനിറ്റുകള്‍ രൂപീകരിക്കുകയാണ് ആദ്യ ഘട്ടത്തില്‍ ചെയ്തത്. ഓരോ കുടുംബത്തിനും അംഗത്വ കാര്‍ഡ് നല്‍കി. സണ്‍റൈസ് കൊച്ചിയുടെ കാര്‍ഡ് നമ്പറിന്റെ അടിസ്ഥാനത്തില്‍ ഓരോ കുടുംബത്തിന്റെയും പൂര്‍ണമായ വിവരങ്ങള്‍ പ്രത്യേക സോഫ്റ്റ് വെയറിന്റെ സഹായത്തോടെ സണ്‍റൈസ് കൊച്ചി ഓഫീസില്‍ സൂക്ഷിക്കുന്നു. 5,548 കുടുംബങ്ങള്‍ക്ക് ഇതിനകം അംഗത്വം നല്‍കി. ഇത്തരം സ്വയം സഹായ സംഘങ്ങള്‍ക്ക് പ്രത്യേകം കണ്‍വീനര്‍മാരെ അയല്‍ക്കൂട്ട യോഗങ്ങളിലൂടെ തെരഞ്ഞെടുത്തിട്ടുണ്ട്.  ഇവരാണ് സണ്‍റൈസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സവര്‍ണരായി അറിയപ്പെടുന്ന ഗൗഢ സരസ്വതി ബ്രാഹ്മണ വിഭാഗത്തില്‍പ്പെടുന്ന നിരവധി കുടുംബങ്ങള്‍ മട്ടാഞ്ചേരിയിലെ ഒറ്റ മുറി വീടുകളില്‍ നരകയാതന അനുഭവിക്കുന്നുണ്ട്. ആ കുടുംബങ്ങളും സണ്‍റൈസ് കൊച്ചി അയല്‍ക്കൂട്ടത്തിലെ അംഗങ്ങളാണ്. രണ്ട് അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വവും അവര്‍ക്കാണ്.

സണ്‍റൈസ് കൊച്ചിയുടെ രണ്ടാംഘട്ട പ്രഖ്യാപന വേളയില്‍ കൊച്ചി കോര്‍പ്പറേഷനില്‍ ചേരികളധികമുള്ള 3-ാം ഡിവിഷന്‍ പൂര്‍ണമായും പലിശമുക്ത പ്രദേശമാക്കി മാറ്റുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കും. സൗജന്യ കൗണ്‍സിലിംഗ് സെന്ററിന്റെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടു്. അതിന്റെ ഉദ്ഘാടനം രാജഗിരി ഔട്ട് റീച്ച് സര്‍വീസ് സൊസൈറ്റി പ്രൊജക്ട് ഡയറക്ടര്‍ എം.പി ആന്റണിയാണ് നിര്‍വഹിച്ചത്. എല്ലാ വര്‍ഷവും റമദാന്‍ കിറ്റുകള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നു്. പീപ്പിള്‍സ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് കിറ്റുകളും റേഷന്‍ വിതരണവും നടത്തുന്നത്. ഉളുഹിയ്യ മാംസ വിതരണവും നടന്നുവരുന്നു.

 

ഇടപെടലുകള്‍

'സണ്‍റൈസ് കൊച്ചി' എന്നത് Solidartiy's Urban Neighbourhood Rebuilding Initiative for Social Empowerment, Kochi(SUNRISE KOCHI)  എന്നതിന്റെ ചുരുക്കപ്പേരാണ്. പേര് സൂചിപ്പിക്കുന്നത് പോലെ, കൊച്ചി ജനതയുടെ സാമൂഹിക ഉന്നമനത്തിനായി സോളിഡാരിയുടെ മുന്‍കൈ മാത്രമാണ് ഈ പദ്ധതി. യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കിയാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. സര്‍ക്കാര്‍ പദ്ധതികള്‍ പലപ്പോഴും ഒന്നുപോലും നടപ്പാവാറില്ല.  2012-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം അപേക്ഷകരുണ്ടായിരുന്നത് കൊച്ചിയില്‍ നിന്നായിരുന്നെങ്കിലും കൊച്ചിയില്‍ ഒരാള്‍ക്ക് പോലും സ്ഥലം ലഭിച്ചില്ല. സര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുകയെന്നതും സണ്‍റൈസ് കൊച്ചിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. 

നഷ്ടപ്പെട്ടുപോകുമായിരുന്ന കേന്ദ്ര സര്‍ക്കാറിന്റെ ചേരി നിര്‍മാര്‍ജന പദ്ധതിയായ കൊച്ചിയിലെ 200 ഭവനരഹിത കുടുംബങ്ങള്‍ക്കുള്ള പന്ത്രണ്ട് നില ഫളാറ്റ്‌ പദ്ധതി തിരിച്ചുപിടിച്ചതിന് പിന്നില്‍ സണ്‍റൈസ് കൊച്ചിക്ക് നിരവധി പോരാട്ടങ്ങളുടെ കഥ പറയാനുണ്ട്. ആദ്യമായാണ് കൊച്ചി ചേരിയില്‍ രാജീവ് ആവാസ് യോജന പദ്ധതി പ്രകാരം 400 ഭവനരഹിത കുടുംബങ്ങള്‍ക്കായി 12 നിലകളുള്ള 2 ഫളാറ്റ്‌ സമുച്ചയങ്ങള്‍ ഉള്‍കൊള്ളുന്ന ബൃഹത്പദ്ധതിക്ക് കൊച്ചി നഗരസഭ തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ചേരിനിര്‍മാര്‍ജന പദ്ധതിയാണിത്. പക്ഷേ പദ്ധതി നടപ്പിലാക്കുന്നതില്‍ കാലതാമസം വരുത്താന്‍ ഉദ്യോഗസ്ഥര്‍ മിടുക്കരാണ്. ഭരണനേതൃത്വത്തിന് താല്‍പര്യമില്ലാത്ത പ്രദ്ധതിയാകുമ്പോള്‍ പ്രത്യേകിച്ചും. മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണ് വെച്ചുതാമസിപ്പിച്ചത്. പദ്ധതി ഇഴയുകയാണെന്ന് ബോധ്യമായ ഘട്ടത്തില്‍ സണ്‍റൈസ് കൊച്ചിയുടെ നേതൃത്വത്തില്‍ ഗുണഭോക്താക്കളെ സംഘടിപ്പിച്ചു. ബന്ധപ്പെട്ടവര്‍ക്കൊക്കെ പരാതി നല്‍കി. എന്നിട്ടും കാര്യമായ മാറ്റമുണ്ടായില്ല. പദ്ധതി പ്രകാരം പ്രഥമമായി ആരംഭിക്കേണ്ട 12 നില ഫളാറ്റ്‌ പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ റേ ഫളാറ്റ്‌ സംരക്ഷണ സമിതിയും ഫളാറ്റ്‌ഗുണഭോക്താക്കളും ചേര്‍ന്ന് നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. അവസാനം തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് കൊച്ചി നഗരസഭ 12 നിലകളുള്ള ഫളാറ്റ്‌ സമുച്ചയത്തിന്റെ ആദ്യ ടവറിന്റെ നിര്‍മ്മാണത്തിന് ടെണ്ടര്‍ ക്ഷണിച്ചു. പിന്നെയും തല്‍പരകക്ഷികള്‍ പലതരം പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചുകൊിരുന്നു. അങ്ങനെ നിരന്തര പരിശ്രമത്തിനൊടുവില്‍ അവയൊക്കെ മറികടന്ന് ആദ്യ ഫളാറ്റ്‌ സമുച്ചയത്തിന്റെ ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി 199 ഫഌറ്റുകള്‍ ഉള്‍ക്കൊള്ളുന്ന പന്ത്രണ്ട് നിലകളുള്ള കേരളത്തിലെ ഏറ്റവും വലിയ ഭവനപദ്ധതിയുടെ നിര്‍മാണം 2017 മാര്‍ച്ചില്‍ കൊച്ചി കോര്‍പ്പറേഷന്‍ ആരംഭിച്ചു. 

പാര്‍പ്പിട മേഖലയില്‍ ഒരു എന്‍.ജി.ഒ എന്ന രീതിയില്‍ കൊച്ചി ചേരിയിലെ പാവപ്പെട്ടവര്‍ക്കായി 21 ഫഌറ്റുകളും 21 ഒറ്റയൊറ്റ വീടുകളും സ്വന്തമായി നിര്‍മിച്ചു നല്‍കിയെന്നു മാത്രമല്ല, 200 ഭവനരഹിത കുടുംബങ്ങള്‍ക്ക് പന്ത്രണ്ട് നിലകളുള്ള ഫളാറ്റ്‌ സമുച്ചയം കൊച്ചിയില്‍ തന്നെ ലഭ്യമാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കാന്‍ കഴിഞ്ഞതിലും സണ്‍റൈസ് കൊച്ചിക്ക് അഭിമാനമു്.

 

ഭാവി പരിപാടികള്‍

ഒരു പാര്‍പ്പിട വിപ്ലവം തന്നെയാണ് കൊച്ചിക്കു വേണ്ടി സണ്‍റൈസ് വിഭാവന ചെയ്യുന്നത്. കൊച്ചിയുടെ വിദ്യാഭ്യാസ വളര്‍ച്ചക്കായി കൊച്ചി എജൂവിഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. പേരും പെരുമയുമുള്ള കൊച്ചിയുടെ പഴയകാല പ്രതാപം തിരിച്ചുപിടിക്കാന്‍, സിനിമയിലൂടെയും മറ്റും അവമതിക്കപ്പെടുന്ന കൊച്ചിയല്ല യഥാര്‍ഥ കൊച്ചി എന്ന് തെളിയിക്കാന്‍ കൊച്ചിയുടെ ഇന്നത്തെ ചെറുപ്പം സടകുടഞ്ഞെഴുന്നേല്‍ക്കേണ്ടതുണ്ട്. അതിനാണ് കൊച്ചിയുടെ ഉശിരും ചൂരും സേവന മനസ്ഥിതിയും കൈമുതലാക്കിയ സണ്‍റൈസ് കൊച്ചിയുടെ ആഭിമുഖ്യത്തില്‍ രൂപീകൃതമായ തൊണ്ണൂറ്റി ഒമ്പതു പേരടങ്ങുന്ന ടീം-99 എന്ന യുവാക്കളുടെ കൂട്ടം. അതിന്റെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടത്തിലുണ്ടാകും. വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചു നടപ്പിലാക്കുന്ന പദ്ധതികളിലൂടെയും സര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമാക്കുന്നതിലൂടെയും സമീപഭാവിയില്‍ തന്നെ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

(സണ്‍റൈസ് കൊച്ചി പ്രൊജക്ട് ഡയറക്ടറാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (78 - 84)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആനിനെ നെഞ്ചേറ്റുക
കെ.സി ജലീല്‍ പുളിക്കല്‍