Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 28

2999

1438 ശഅ്ബാന്‍ 01

പിതൃസഹോദരന്റെ വീട്ടിലെ അനാഥന്‍

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-8

ഒരു എട്ടു വയസ്സുകാരന് നല്‍കാനാവുന്ന എല്ലാ സ്‌നേഹവും ബാലനായ മുഹമ്മദ് തന്റെ പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബിന് നല്‍കിയിട്ടുണ്ട്. പിതാമഹനില്‍നിന്ന് തനിക്ക് ലഭിച്ച സ്‌നേഹവാത്സല്യങ്ങള്‍ മുഹമ്മദ് തിരിച്ചുനല്‍കുകയായിരുന്നു എന്നും പറയാം. മുഹമ്മദ് ഒപ്പമില്ലെങ്കില്‍ അദ്ദേഹം ഭക്ഷണം കഴിക്കാന്‍ പോലും കൂട്ടാക്കിയിരുന്നില്ല.1 പിതാമഹന്‍ മരിക്കുമ്പോള്‍, എട്ടു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മുഹമ്മദ് ദുഃഖത്താല്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായാണ് മൃതദേഹത്തെ അനുഗമിച്ചത്.2

നിരവധി പിതൃസഹോദരന്മാരുണ്ടെങ്കിലും അവരില്‍ അബൂത്വാലിബിനെ തന്നെ മുഹമ്മദിന്റെ സംരക്ഷണ ചുമതല ഏല്‍പിച്ചത് ഭാഗ്യമായി. ഒരേ മാതാവിന് പിറന്ന സഹോദരന്മാരായിരുന്നു അബൂത്വാലിബും മുഹമ്മദിന്റെ പിതാവായ അബ്ദുല്ലയും. അസാധാരണമാംവിധം ഹൃദയ വിശാലതയുണ്ടായിരുന്നു അബൂത്വാലിബിന്. മറ്റൊരു പിതൃസഹോദരനായിരുന്നു അബൂലഹബും. അദ്ദേഹം പക്ഷേ, അബ്ദുല്‍ മുത്ത്വലിബിന്റെ മരണശേഷം, മദ്യത്തിനടിപ്പെട്ട് തികഞ്ഞ അരാജക ജീവിതത്തിലേക്ക് വഴുതിവീഴുകയായിരുന്നു. മദ്യം വാങ്ങാനും പാട്ടുകാരികള്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കാനും അബൂലഹബ് കഅ്ബയിലേക്ക് സമര്‍പ്പിക്കപ്പെട്ട ആഭരണങ്ങള്‍ മോഷ്ടിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്.3 അബൂത്വാലിബാകട്ടെ, തന്റെ സ്വഭാവ വൈശിഷ്ട്യങ്ങള്‍ കാരണം ജനങ്ങള്‍ക്കിടയില്‍ സര്‍വ സ്വീകാര്യനാവുകയും ചെയ്തു. പരിധിവിട്ട ഉദാരതയായിരുന്നു അദ്ദേഹത്തിന്റെ ഒരു ദൗര്‍ബല്യം. ചോദിച്ചുവരുന്നവര്‍ക്ക് എന്തും എടുത്തുകൊടുക്കുന്ന പ്രകൃതമായതുകൊണ്ട് കുടുംബകാര്യങ്ങള്‍ നോക്കി നടത്താന്‍ അദ്ദേഹത്തിന് പലപ്പോഴും കടം വാങ്ങേണ്ടിവന്നു.

പില്‍ക്കാലത്ത്, അബൂത്വാലിബിന്റെ ഭാര്യ മരണപ്പെട്ടപ്പോള്‍ വളരെ ദുഃഖിതനായി കാണപ്പെട്ട പ്രവാചകനോട് ഒരാള്‍ ചോദിച്ചു: ''പ്രവാചകരേ, വളരെ പ്രായം ചെന്ന സ്ത്രീയല്ലേ അവര്‍. താങ്കള്‍ ഇത്രമാത്രം ദുഃഖിതനാവുന്നത് എന്തിന്?'' അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ''ഞാന്‍ എങ്ങനെ സങ്കടപ്പെടാതിരിക്കും! ഒരു അനാഥനായി ഞാന്‍ അവരുടെ വീട്ടിലെത്തിയപ്പോള്‍, സ്വന്തം മക്കളുടെ വിശപ്പ് വകവെക്കാതെ അവര്‍ എന്നെ ഊട്ടിയിട്ടുണ്ട്. സ്വന്തം മക്കളെ ശ്രദ്ധിക്കാതെ എന്റെ മുടി ചീകിവെച്ചു തന്നിട്ടുണ്ട്. അവര്‍ എനിക്ക് മാതാവ് തന്നെയായിരുന്നു.'' 4 ഇബ്‌നു സഅ്ദ് രേഖപ്പെടുത്തിയ ഒരു സംഭവമുണ്ട്. അബൂത്വാലിബിന്റെ വീട്ടില്‍ താമസിച്ചുകൊണ്ടിരിക്കെ, രാവിലെ ഭക്ഷണം വിളമ്പിക്കഴിഞ്ഞാല്‍ അബൂത്വാലിബിന്റെ കുട്ടികള്‍ (അവര്‍ കുറേ പേരുണ്ട്) ഓടിവന്ന് അതെല്ലാം വാരിയെടുത്ത് കൊണ്ടുപോകും. മുഹമ്മദിന് ഭക്ഷണം ഒന്നു തൊടാന്‍ പോലും അവസരം കിട്ടില്ല. ഈ കൂട്ടപ്പൊരിച്ചിലില്‍ തന്റെ സഹോദരപുത്രന് ഒന്നും കിട്ടുന്നില്ലെന്ന് കണ്ടെത്തിയ അബൂത്വാലിബ്, മുഹമ്മദിന് പ്രത്യേകമായി ഭക്ഷണം വിളമ്പാന്‍ ഉത്തരവിടുകയായിരുന്നു.5

അക്കാലത്ത് മക്കയില്‍ പാഠശാലകളുണ്ടായിരുന്നില്ല. അതുകൊണ്ടാണ് മുഹമ്മദിന് എഴുത്തും വായനയും അഭ്യസിക്കാന്‍ കഴിയാതെ പോയത്. ഏറെ വൈകാതെ ഈ ബാലന്‍ ഒരു മക്കക്കാരന്റെ കാലികളെ മേയ്ക്കാന്‍ തുടങ്ങി. തന്റെ പിതൃസഹോദരന്റെ ശുഷ്‌ക വരുമാനത്തിലേക്ക് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാമല്ലോ എന്ന ചിന്തയായിരുന്നു ഇതിനു പിന്നില്‍.6 ഇക്കാലത്ത് നടന്ന ഒരു സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നഗരത്തിലെ ഒരു പ്രമുഖന്റെ വീട്ടില്‍ ഒരു സല്‍ക്കാരം നടക്കുകയാണ്. തന്നോടൊപ്പം കാലികളെ മേയ്ക്കുന്ന സുഹൃത്തിനോട് മുഹമ്മദ് പറഞ്ഞു: 'ഞാനിതുവരെ ഒരു സല്‍ക്കാരത്തില്‍ പങ്കെടുത്തിട്ടില്ല. എന്റെ ഈ ആട്ടിന്‍പറ്റങ്ങളെ കൂടി നീ നോക്കുമെങ്കില്‍, നഗരത്തില്‍ സല്‍ക്കാരം നടക്കുന്ന സ്ഥലം വരെ ഞാനൊന്ന് പോയി വരാം. പകരം മറ്റൊരു ദിവസം ഞാന്‍ നിന്റെ ആട്ടിന്‍പറ്റങ്ങളെ മേയ്ച്ചാല്‍ മതിയാവുമല്ലോ.' സുഹൃത്ത് സമ്മതിച്ചു. മുഹമ്മദ് ആ സ്ഥലത്തേക്ക് പുറപ്പെട്ടു. അവിടെയെത്തിയപ്പോള്‍ സല്‍ക്കാരവും അനുബന്ധ പരിപാടികളും തുടങ്ങിയിട്ടില്ല. കടുത്ത ചൂടോ മറ്റോ ആകാം കാരണം. അതിനു വേണ്ടി കാത്തിരിക്കവെ അദ്ദേഹം ഉറങ്ങിപ്പോയി. എണീറ്റപ്പോഴേക്കും സല്‍ക്കാരവും ആഘോഷവുമെല്ലാം കഴിഞ്ഞുപോയിരുന്നു. തിരിച്ചുപോരുകയേ നിവൃത്തിയുള്ളൂ. ഇതുപോലെ മറ്റൊരു സംഭവവും നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആത്മാഭിമാനത്തിന് മുറിവേറ്റതിനാല്‍, ഇത്തരം ആഘോഷ പരിപാടികളില്‍ ഇനി പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ആ ബാലന്‍ എത്തിച്ചേരുകയായിരുന്നു.7

മറ്റൊരു സംഭവം. ഒരിക്കല്‍ പ്രവാചകന്‍ അനുയായികളെ ഉപദേശിച്ചു: ''കറുപ്പ് പടര്‍ന്ന അറാക് എന്ന മുള്‍മരത്തിന്റെ കായ്കള്‍ നിങ്ങള്‍ കഴിക്കുക.'' അപ്പോള്‍ ഒരാള്‍ ചോദിച്ചു: ''ഇതിനെക്കുറിച്ചൊക്കെ താങ്കള്‍ക്ക് എങ്ങനെ അറിയാം?'' പ്രവാചകന്റെ മറുപടി: ''കാലികളെ മേച്ചുകൊണ്ടിരിക്കെ ഞാനവ തിന്നിട്ടുണ്ട്.''8 മറ്റൊരിക്കല്‍ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു: ''കത്തിക്കാളുന്ന മധ്യാഹ്ന സൂര്യനില്‍നിന്ന് രക്ഷ തേടി ഞാന്‍ അബ്ദുല്ലാഹിബ്‌നു ജുദ്ആന്‍ സ്ഥാപിച്ച വലിയ കുടിവെള്ള സംഭരണിയുടെ ചുവട്ടില്‍ അഭയം തേടാറുണ്ടായിരുന്നു'' (ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്ന യാത്രക്കാര്‍ക്കു വേണ്ടിയുള്ളതായിരുന്നു ഇത്).9

മുഹമ്മദിന് ഒമ്പതു വയസ്സുള്ളപ്പോഴാണ് അബൂത്വാലിബ് സിറിയയിലേക്ക് ഒരു കച്ചവട യാത്ര പോകുന്നത്. യാത്ര കുറച്ച് കാലത്തേക്കാണെങ്കിലും അബൂത്വാലിബുമായി പിരിഞ്ഞിരിക്കാന്‍ മുഹമ്മദിന് വളരെ വിഷമം. അവര്‍ തമ്മിലെ ഹൃദയ ബന്ധം അത്രക്ക് ആഴത്തിലുള്ളതായിരുന്നു. യാത്രയില്‍ താനും കൂടെ വരട്ടേ എന്ന് മുഹമ്മദ് ആരാഞ്ഞു. അബൂത്വാലിബ് സമ്മതിച്ചു. ഇതാണ് അറേബ്യക്ക് പുറത്തെ ഒരു നാട്ടിലേക്കുള്ള മുഹമ്മദിന്റെ ആദ്യയാത്ര. തന്റെ സഹോദരപുത്രന്‍ ഈ യാത്രയില്‍ അബൂത്വാലിബിന് ഒരു ഭാരമായിട്ടുണ്ടാവില്ലെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പല നിലക്ക് അദ്ദേഹത്തിന് ഈ ബാലന്റെ സേവനങ്ങള്‍ പ്രയോജനപ്പെട്ടിട്ടുമുണ്ടാവും.

ജറൂസലമിനും ദമസ്‌കസിനുമിടക്ക്, ചാവുകടലിനപ്പുറത്ത് ബസ്വ്‌റ എന്ന സ്ഥലത്ത് വ്യാപാരസംബന്ധമായ കാര്യങ്ങള്‍ക്കും മറ്റുമായി ഈ യാത്രാ സംഘം തമ്പടിച്ചു. സ്വാഭാവികമായും നഗരപ്രാന്തത്തിലാണ് അവര്‍ തങ്ങിയത്; അതായത് ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ അതിര്‍ത്തിയില്‍. അതിനാല്‍ യാത്രാ സംഘം തമ്പടിച്ച സ്ഥലത്തിന് സമീപം ഒരു ക്രിസ്ത്യന്‍ മഠം ഉണ്ടായിരുന്നെങ്കില്‍ അത്ഭുതപ്പെടേണ്ട. മഠത്തിലെ ബഹീറ എന്ന പുരോഹിതന്‍ ഈ താല്‍ക്കാലിക താമസക്കാരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പതിവിനു വിപരീതമായി, ഈ യാത്രാ സംഘത്തില്‍നിന്ന് നല്ല പെരുമാറ്റമാണ് അദ്ദേഹത്തിന് അനുഭവപ്പെട്ടത്. അദ്ദേഹം അവരെ ഭക്ഷണത്തിന് ക്ഷണിച്ചു;10 മതപ്രബോധനം നടത്തുക എന്ന വിശുദ്ധ ലക്ഷ്യത്തോടെയാവണം ഈ ക്ഷണം. കാസനോവ11 നമ്മോട് പറയുന്നത്, ഈ കാലത്ത് ക്രിസ്ത്യാനികള്‍ (ഒരുപക്ഷേ ജൂതന്മാരും) വളരെ അക്ഷമരായി ഒരു പ്രവാചകനെ, ഒരു മിശിഹായെ, ഒരു ആശ്വാസദായകനെ12 കാത്തിരിക്കുകയായിരുന്നു എന്നാണ്. ഒരുപക്ഷേ ബഹീറ എന്ന ഈ ക്രിസ്ത്യന്‍ പുരോഹിതന്‍ ഇതേക്കുറിച്ചെല്ലാം തന്റെ അതിഥികളോട് സംസാരിച്ചിട്ടുണ്ടാവണം. എന്നാല്‍, മരുഭൂമിയില്‍ ഗ്രാമീണ ജീവിതം നയിക്കുന്ന ഒരു ഒമ്പതു വയസ്സുകാരന്റെ ശരീരപ്രകൃതിയില്‍ ഈ പുരോഹിതന്‍ വരാന്‍ പോകുന്ന പ്രവാചകന്റെ ലക്ഷണങ്ങള്‍ ദര്‍ശിച്ചുവെന്നും അത് ആ ബാലനില്‍ താന്‍ പ്രവാചകനാകുന്നതിനെ കുറിച്ച ചിന്ത ഉണര്‍ത്തി എന്നുമൊക്കെ കരുതുന്നത് ബാലിശമെന്നേ പറയാനാകൂ.13

സിറിയയിലേക്കുള്ള ഈ കച്ചവട യാത്രക്കു ശേഷം പിന്നീടുള്ള പത്തു വര്‍ഷത്തെക്കുറിച്ച് നമുക്ക് കാര്യമായൊന്നും അറിഞ്ഞുകൂടാ. അബൂത്വാലിബിന് മക്കയില്‍ എന്തെങ്കിലും തരത്തിലുള്ള കച്ചവടം ഉണ്ടായിരിക്കണം.14 മുഹമ്മദ് അദ്ദേഹത്തെ അതിന്റെ നടത്തിപ്പിലും മറ്റും സഹായിച്ചിട്ടുമുണ്ടാകണം. ഇബ്‌നുല്‍ ജൗസി പറയുന്നത് (വഫാഅ്, പേജ് 101), പത്തു വയസ്സ് കഴിഞ്ഞ ഉടനെ മുഹമ്മദ് മറ്റൊരു പിതൃസഹോദരനായ സുബൈറിന്റെ കൂടെ ഒരു യാത്ര പോയിട്ടുണ്ടെന്നാണ്. ഒരുപാട് അത്ഭുത സംഭവങ്ങള്‍ ഈ യാത്രയില്‍ ഉണ്ടായതായി പറയപ്പെടുന്നുണ്ട്. എങ്ങോട്ടേക്കാണെന്ന് വ്യക്തമല്ല. അത് ബഹ്‌റൈനിലേക്ക് (അബ്ദുല്‍ ഖൈസിന്റെ നാടായ ഉമാന്‍ ആണ് ഉദ്ദേശ്യം) ആയിക്കൂടെന്നില്ല. ഒരുപക്ഷേ, നേരത്തേ അബൂത്വാലിബുമൊന്നിച്ച് സിറിയയിലേക്ക് നടത്തിയ അതേ യാത്രയെക്കുറിച്ചു തന്നെയാവാം ഈ പരാമര്‍ശവും. അബൂത്വാലിബ്, സുബൈര്‍ എന്നീ രണ്ട് സഹോദരന്മാരും ആ യാത്രയില്‍ ഉണ്ടായിരിക്കണം. ഇബ്‌നുല്‍ ജൗസിയുടെ അഭിപ്രായത്തില്‍ (വഫാഅ്, പേജ് 131), അന്ന് മുഹമ്മദിന് പ്രായം ഒമ്പതല്ല, പന്ത്രണ്ടാണ്.

ഓരോ വര്‍ഷവും മക്കയില്‍ നടത്തപ്പെട്ടിരുന്ന, മക്കക്കാര്‍ ആവേശത്തോടെ പങ്കെടുത്തിരുന്ന ഒരു ആഘോഷത്തെപ്പറ്റി ഹലബി15 രേഖപ്പെടുത്തുന്നു്. ഈ ആഘോഷങ്ങളില്‍ പങ്കെടുക്കാതിരിക്കാന്‍ മുഹമ്മദ് ഓരോ ഒഴികഴിവ് കണ്ടെത്താറുണ്ടായിരുന്നുവത്രെ. പങ്കെടുക്കാതിരുന്നാല്‍ ദൈവശാപമിറങ്ങുമെന്ന് പിതൃസഹോദരന്മാരുടെ ഭാര്യമാര്‍ ഒരു വര്‍ഷം ആ ബാലന് താക്കീത് നല്‍കി. അങ്ങനെ ആ വര്‍ഷത്തെ ആഘോഷത്തില്‍ പങ്കെടുക്കാമെന്ന് കരുതി അങ്ങോട്ടേക്ക് പുറപ്പെട്ട മുഹമ്മദ് ഉത്സവത്തിനിടെ മുഖമാകെ വിളറിയും വിറച്ചുകൊണ്ടും കുടുംബക്കാര്‍ തൊട്ടപ്പുറത്ത് കെട്ടിയുണ്ടാക്കിയ കൂടാരത്തിലേക്ക് തിരിച്ചുപോന്നു. ഇത്തരം ബഹുദൈവത്വപരമായ ഉത്സവങ്ങളില്‍ പങ്കെടുക്കരുതെന്നു പറഞ്ഞ് ചില വിചിത്ര രൂപങ്ങള്‍ തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു എന്നാണ് മുഹമ്മദ് നല്‍കിയ വിശദീകരണം. പിന്നീടുള്ള വര്‍ഷങ്ങളില്‍ പിതൃസഹോദര ഭാര്യമാരൊന്നും അത്തരം അനുഷ്ഠാനങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചുമില്ല. വാഖിദി ഈ വിവരണം അവസാനിപ്പിക്കുന്നത്, കുഞ്ഞായിരിക്കുമ്പോള്‍ മുഹമ്മദിനെ വളര്‍ത്തിയ ഉമ്മു അയ്മന്‍ എന്ന അടിമസ്ത്രീയുടെ ഒരു സാക്ഷ്യത്തോടെയാണ്. അവര്‍ പറയുന്നത്, ബുവാനയിലെ ഉത്സവത്തെക്കുറിച്ചാണ് മേല്‍ പരാമര്‍ശം എന്നാണ്. അതില്‍ പങ്കെടുത്തവര്‍ തലമുണ്ഡനം നടത്തുകയും മൃഗങ്ങളെ ബലിനല്‍കുകയും വേണം. ഇബ്‌നുല്‍ അസീറിന്റെ16 വിവരണ പ്രകാരം ബുവാന മല യമ്പൂഇന്റെ അടുത്താണ്. ഇബ്‌നു മന്‍സൂര്‍ ഉദ്ധരിച്ച ഒരു കവിതാശകലം ഇങ്ങനെയാണ്: ''(കവി ഉവാച) വിശുദ്ധ ഈത്തപ്പന മരങ്ങളുടെ കാവല്‍ക്കാര്‍ ഉറങ്ങും വരെ എനിക്ക് കാത്തിരിക്കേണ്ടതുണ്ട്; ആ രണ്ട് വിശുദ്ധ ഈത്തപ്പനകളില്‍നിന്ന് കാരക്കകള്‍ മോഷ്ടിക്കാന്‍.'' ഇസ്‌ലാമിനു മുമ്പ് തവിട്ടു നിറമുള്ള ഒരു ആടിനെ ബലി കൊടുക്കാന്‍ മുഹമ്മദിനെ ആരോ നിര്‍ബന്ധിച്ചിരുന്നു എന്ന ഇബ്‌നുല്‍ കല്‍ബിയുടെ17 പരാമര്‍ശം ഒരുപക്ഷേ ബുവാനയിലെ ബലിയെക്കുറിച്ചാവാം. ആടിനെ നല്‍കിയിട്ടുണ്ടാവുക അന്ധവിശ്വാസികളായ പിതൃസഹോദര ഭാര്യമാരുമായിരിക്കാം. മുഹമ്മദ് ഒരിക്കല്‍ തന്റെ നാട്ടുകാരനായ സൈദുബ്‌നു അംറിനെ ബല്‍ദക്കടുത്തു വെച്ച് കണ്ടുവെന്നും- അത് ആരാണെന്ന് വ്യക്തമാക്കുന്നില്ല- വിഗ്രഹങ്ങള്‍ക്കു വേണ്ടി നിവേദിക്കപ്പെട്ട മാംസം അപരന് നല്‍കിയെന്നും അത് അയാള്‍ സ്വീകരിച്ചില്ലെന്നും ബുഖാരി18 റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഖസ്തല്ലാനി (ഇര്‍ശാദ്, 8/277) ഇതേക്കുറിച്ച് പറയുന്നത് വിമുക്ത അടിമ സൈദുബ്‌നുല്‍ ഹാരിസയാണ് വിഗ്രഹങ്ങള്‍ക്കു വേണ്ടി അറുത്ത മാംസം സൈദുബ്‌നു അംറിന് നല്‍കിയത് എന്നാണ്; അംറ് അത് തല്‍ക്ഷണം നിരസിക്കുകയും ചെയ്തു. രണ്ട് സംഭവങ്ങളും ഒന്നാണോ എന്ന് നമുക്ക് അറിഞ്ഞുകൂടാ. ഈ സംഭവങ്ങളില്‍നിന്നൊക്കെ സാമൂഹിക ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായി വരുന്ന ഒരു കൗമാര മനസ്സിനെ കണ്ടെത്താന്‍ പ്രയാസമില്ല.

നിസ്സാരമെങ്കിലും അല്‍പം പ്രാധാന്യമുള്ള താഴെ പറയുന്ന സംഭവം ഇതേകാലത്ത് നടന്നതായി നമുക്ക് സ്ഥാനപ്പെടുത്തിക്കൂടേ? സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബലാദുരി19യാണ്. ഒരു ദിവസം സഹോദരന്മാരായ അബൂത്വാലിബും അബൂലഹബും തമ്മില്‍ വഴക്കായി. അബൂലഹബ് അബൂത്വാലിബിനെ നിലത്ത് വീഴ്ത്തുകയും അദ്ദേഹത്തിന്റെ നെഞ്ചില്‍ കയറിയിരുന്ന് മുഖത്ത് അടിക്കാന്‍ തുടങ്ങുകയും ചെയ്തു. കൗമാരക്കാരനായ മുഹമ്മദ് ഓടിച്ചെന്ന് അബൂലഹബിനെ തള്ളിമാറ്റി. ഉടന്‍ അബൂത്വാലിബ് എഴുന്നേല്‍ക്കുകയും അബൂലഹബിനെ തള്ളിത്താഴെയിട്ട് നെഞ്ചത്ത് കയറിയിരുന്ന് അടിക്കുകയും ചെയ്തു. സംഭവം കഴിഞ്ഞ ശേഷം അബൂലഹബ് ക്രുദ്ധനായി മുഹമ്മദിന്റെ നേരെ തിരിഞ്ഞു: ''അബൂത്വാലിബിനെപ്പോലെ ഞാനും നിന്റെ പിതൃസഹോദരനാണ്. എന്നെ നീ തള്ളിമാറ്റി. എന്നാല്‍ അബൂത്വാലിബ് എന്റെ നെഞ്ചില്‍ കയറി ഇരുന്നപ്പോള്‍ നീ തള്ളിമാറ്റാന്‍ വരാത്തതെന്തേ? ദൈവമാണ, നിന്നെ സ്‌നേഹിക്കാന്‍ എനിക്കൊരിക്കലും കഴിയില്ല.'' മുഹമ്മദ് നബിയുടെ ബന്ധുക്കളില്‍ അദ്ദേഹത്തോട് ഏറ്റവുമധികം വ്യക്തിവൈരാഗ്യം പുലര്‍ത്തിയിരുന്നത് അബൂലഹബായിരുന്നു എന്ന് നമുക്കറിയാം. പിന്നീടുണ്ടായ വേറെ ചില സംഭവങ്ങളും ഇവര്‍ തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

മുഹമ്മദിന് ഇരുപത് വയസ്സാകുമ്പോള്‍ കുറേക്കൂടി ഗൗരവതരമായ മറ്റൊരു സംഭവം നടക്കുന്നുണ്ട്. പക്ഷേ, അതിന്റ ഫലം സന്തോഷകരമായിരുന്നു.

(തുടരും)

 

കുറിപ്പുകള്‍

1. ബലാദുരി, അന്‍സാബ് 1/143, ഇബ്‌നു സഅ്ദ് 1/1 പേജ് 74

2. ബലാദുരി, 1/148, ഇബ്‌നു സഅ്ദ് 1/1 പേജ് 75

3. ഇബ്‌നു ഹബീബ്, മുനമ്മഖ്, പേജ് 54-67, ദിവാന്‍ ഹസ്സാനുബ്‌നു സാബിത്, പേജ് 51-57, 39-ാം കവിത, ത്വബരി 1/1135

4. യഅ്ഖൂബി 2/14, സുഹൈലി 1/112

5. ഇബ്‌നു സഅ്ദ് 1/1 പേജ് 46, മഖ്‌രീസി, ഇംതാഅ് 1/7

6. ഇബ്‌നു ഹിശാം പേജ് 106, സുഹൈലി 1/112, ഇബ്‌നു സഅ്ദ് 1/1 പേജ് 80

7. സുഹൈലി 1/112, ത്വബരി 1/1126-7

8. ഇബ്‌നു സഅ്ദ് 1/1 പേജ് 80

9. സുഹൈലി 1/92

10. ഇബ്‌നു ഹിശാം  പേജ് 115-117

11. ഇമമെിീ്മ, ങീവമാാലറ ല േകമ ളശി റൗ ാീിറല, ു 28

12. ഇമൃൃമ റല ഢമൗഃ എന്നൊരാള്‍ 'ബഹീറ എന്ന മിത്ത്, അഥവാ ഖുര്‍ആന്‍ രചിച്ച ക്രിസ്ത്യന്‍ പുരോഹിതന്‍' (പാരീസ്, 1898) എന്ന പേരില്‍ ഒരു പുസ്തകമെഴുതിയിട്ടുണ്ടെങ്കിലും ഗ്രന്ഥകാരന്റെ മാന്യതക്ക് ഒട്ടും ചേര്‍ന്നതായില്ല ആ കൃതി. ക്രിസ്ത്യന്‍ പുരോഹിതനാണ് ഖുര്‍ആന്‍ രചിച്ചതെങ്കില്‍ ആ കൃതി എങ്ങനെയാണ് ക്രിസ്ത്യന്‍ വിശ്വാസങ്ങളെ തള്ളിപ്പറയുക?

13. ജാഹിളിന്റെ അഭിപ്രായത്തില്‍ (മഹാസിന്‍, പേജ് 165) അബൂത്വാലിബ് ഒരു തുണിക്കച്ചവടക്കാരന്‍ (ബസ്സാര്‍) ആയിരുന്നു.

14. ഹലബി, ഇന്‍സാന്‍ 1/164

15. ലിസാനുല്‍ അറബില്‍ ഉദ്ധരിച്ചത്

16. അതേ കൃതി

17. ഇബ്‌നുല്‍ കല്‍ബി, കിതാബുല്‍ അസ്‌നാം, പേജ് 12

18. ബുഖാരി 63/64, സുഹൈലി 1/146-7

19. ബലാദുരി 1/263

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (53 - 71)
എ.വൈ.ആര്‍

ഹദീസ്‌

ദീനും ജിഹാദും
കെ.സി ജലീല്‍ പുളിക്കല്‍