Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 28

2999

1438 ശഅ്ബാന്‍ 01

ഇല്ലത്തൊടി കുഞ്ഞഹമ്മദ് മൗലവി

പി. അബൂബക്കര്‍, വെസ്റ്റ് കോഡൂര്‍

ഇല്ലത്തൊടി കുഞ്ഞഹമ്മദ് മൗലവി പ്രസ്ഥാനത്തിന്റെ മുന്‍കാല പ്രവര്‍ത്തകനായിരുന്നു. പ്രസ്ഥാന പ്രവര്‍ത്തകരായ എസ്.ഐ.ഒ മുന്‍ ദേശീയ സെക്രട്ടറി ഇ. യാസിര്‍, എസ്.ഐ.ഒ മെമ്പര്‍മാരായ ഹൈദരാബാദ് ഇഫഌ ഗവേഷണ വിദ്യാര്‍ഥി സബാഹ്, ജെ.എന്‍.യു ഗവേഷണ വിദ്യാര്‍ഥി ജലീസ് എന്നിവരുടെ പിതാവ്, എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് നഹാസ് മാളയുടെ ഭാര്യാപിതാവ് എന്നീ നിലകളിലാണ് കുഞ്ഞഹമ്മദ് മൗലവി പുതുതലമുറക്ക് പരിചയമെങ്കിലും അദ്ദേഹത്തിന്റെ മുന്‍കാല ചരിത്രം കോഡൂരിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രാരംഭഘട്ടവുമായി കൂടി ബന്ധപ്പെട്ടുകിടക്കുന്നതാണ്. സംഘടനാപരമായി ജമാഅത്തുമായി അദ്ദേഹം വഴിപിരിഞ്ഞിരുന്നുവെങ്കിലും ഇസ്‌ലാമിക പ്രസ്ഥാനത്തോടുള്ള ബന്ധം അദ്ദേഹം എന്നും കാത്തുസൂക്ഷിച്ചിരുന്നു. ജീവിതകാലം മുഴുവനും പ്രബോധനം വാരിക മുടങ്ങാതെ വായിക്കുമായിരുന്ന മൗലവി, ഇസ്‌ലാമിക പ്രബോധന സംസ്‌കരണ രംഗത്ത് പ്രസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങളെയും മനംനിറഞ്ഞ് പിന്തുണച്ചു. 

തന്റെ പതിമൂന്നു മക്കളില്‍ അധികപേരെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കലാലയങ്ങളില്‍ വിദ്യയഭ്യസിപ്പിക്കാന്‍ അയച്ച അദ്ദേഹം മക്കളുടെ വിവാഹത്തിലും ഈ നിലപാട് തന്നെയാണ് സ്വീകരിച്ചത്. മക്കള്‍ക്ക് ഭൗതിക വിദ്യാഭ്യാസവും ഇസ്‌ലാമിക വിദ്യാഭ്യാസവും നല്‍കാന്‍ മൗലവി പ്രത്യേകം ശ്രദ്ധിച്ചു. 

വിവിധ സ്‌കൂളുകളിലും മദ്‌റസ്സകളിലും അധ്യാപകനായിരുന്ന മൗലവിക്ക് വിശാലമായ ശിഷ്യവലയം തന്നെയുണ്ട്. സരസനും സല്‍ഗുണസമ്പന്നനുമായിരുന്ന മൗലവിയെ പരിചയപ്പെട്ടവരൊക്കെ എന്നും ഓര്‍ക്കുന്ന സ്വഭാവത്തിനുടമയായിരുന്നു.  

അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഏറ്റവും വശ്യമായ ഭാഗം അദ്ദേഹത്തിന്റെ ആത്മീയതയിലൂന്നിയ ജീവിത ശൈലിയും ശീലവും അതിന് മാറ്റുകൂട്ടുന്ന സാമൂഹികബന്ധവുമായിരുന്നു. മത, ജാതി, സംഘടനാ പരിമിതികള്‍ക്കപ്പുറം പ്രവിശാലമായ വ്യക്തിബന്ധങ്ങളായിരുന്നു അദ്ദേഹത്തിന്റേത്.

കോഡൂര്‍, മലപ്പുറം പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞുനിന്നിരുന്ന മൗലവിയുടെ വിയോഗം പ്രദേശത്ത് വലിയ വിടവ് തന്നെയാണ്. 

പി. അബൂബക്കര്‍, വെസ്റ്റ് കോഡൂര്‍ 

 

മര്‍യം മാടവന

തൃശൂര്‍ മാടവനയില്‍ പ്രസ്ഥാനപ്രവര്‍ത്തനങ്ങള്‍ക്ക് തണലായി നിന്ന വ്യക്തിത്വമായിരുന്നു ഞങ്ങളുടെ ഉമ്മ മര്‍യം. മാടവന അത്താണിയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സാരഥി ആയിരുന്നു ഞങ്ങളുടെ ഉപ്പ മര്‍ഹൂം വി.പി സെയ്ത് മുഹമ്മദ് മൗലവി. ഉപ്പ ഉമ്മയെ വിവാഹം കഴിച്ചുകൊണ്ടുവരുമ്പോള്‍ ഉപ്പയുടെ നാല് ഇളയ സഹോദരങ്ങളാണ് ഉമ്മാക്ക് കൂട്ടിനുണ്ടായിരുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ടുപോയ അവരെ ആ ദുഃഖമൊന്നും അറിയിക്കാതെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഉമ്മ ശ്രദ്ധിച്ചു. മക്കളായ ഞങ്ങളുടെ സംരക്ഷണവും നിര്‍വഹിച്ചു. ഇസ്‌ലാമിക പ്രസ്ഥാനപ്രവര്‍ത്തകന്റെ തണലില്‍ ജീവിച്ച ഉമ്മാക്ക് അതിനനുഗുണമായ കരുത്തുറ്റ ഈമാനും തവക്കുലും ഉണ്ടായിരുന്നു. സ്വുബ്ഹ് മുതല്‍ പള്ളിയും മദ്‌റസയും അത് കഴിഞ്ഞാല്‍ തുടര്‍ച്ചയായി പ്രസ്ഥാന പ്രവര്‍ത്തനങ്ങളുമായി നടന്നിരുന്ന ഉപ്പയെ പ്രാരാബ്ധങ്ങളും പ്രയാസങ്ങളും അറിയിക്കാതെ എല്ലാം സ്വന്തം ചുമലില്‍ ഏറ്റെടുത്ത് ഉപ്പയുടെ പ്രസ്ഥാന പ്രവര്‍ത്തനത്തെ സഹായിക്കുകയായിരുന്നു ഉമ്മ. മദ്‌റസയിലെ ചെറിയ ശമ്പളവും ഇത്തിരിയോളം പറമ്പിലെ ചില്ലറ വരുമാനങ്ങളുമല്ലാതെ മറ്റൊരു സമ്പാദ്യവും ഉപ്പാക്ക് ഉണ്ടായിരുന്നില്ല. അതില്‍ ഒതുങ്ങി ഞങ്ങളുടെ എല്ലാവരുടെയും വയറ് നിറച്ചപ്പോഴും ഉമ്മ കലത്തിന്റെ അടിയിലെ വെള്ളവും വറ്റും കോരിക്കുടിച്ചാണ് നാളുകള്‍ നീക്കിയിരുന്നത്. പ്രാരാബ്ധങ്ങള്‍ കൂടിവന്നപ്പോള്‍ ഉപ്പയെ സഹായിക്കാന്‍ ഉമ്മ പായ നെയ്തുതുടങ്ങി. പ്രസ്ഥാനത്തിന്റെയും പ്രബോധനം വാരികയുടെയും പ്രചാരകനായതിന്റെ പേരില്‍ യാഥാസ്ഥിതിക വിഭാഗക്കാര്‍ ഉപ്പാക്കെതിരില്‍ കള്ളക്കേസ് കൊടുത്ത സംഭവം ഉമ്മ അനുസ്മരിക്കാറുണ്ടായിരുന്നു. മാരകായുധങ്ങളുമായിട്ടാണ് മൗലവിയുടെ സഞ്ചാരം എന്നായിരുന്നു കള്ളക്കേസിലെ ഒരാരോപണം. അതിന്റെ പേരില്‍ കോടതിയില്‍ ഹാജരാകേണ്ടിവന്ന സമയത്ത് മാരകായുധങ്ങള്‍ എവിടെ എന്ന കോടതിയുടെ ചോദ്യത്തിന് പോക്കറ്റില്‍നിന്ന് പേനയും കണ്ണടയും എടുത്ത് മേശപ്പുറത്തുവെച്ചു. ഉപ്പയുടെ ആദര്‍ശനിഷ്ഠയിലും നിശ്ചയദാര്‍ഢ്യത്തിലും കോടതിക്കുതന്നെ ആശ്ചര്യം തോന്നി. ഇങ്ങനെയുള്ള പ്രയാസങ്ങളിലും ഉപ്പാക്ക് താങ്ങും തണലുമായിരുന്നു ഉമ്മ. അതുകൊണ്ടുതന്നെ ഉപ്പയുടെ മരണശേഷം മക്കളുടെ മരണവും കടുത്ത രോഗങ്ങള്‍കൊണ്ടുള്ള പരീക്ഷണങ്ങളും മേല്‍ക്കുമേല്‍ വന്നപ്പോഴൊക്കെയും അസാമാന്യമായ ഈമാനും തവക്കുലും കൊണ്ട് പതറാതെ നില്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഞങ്ങള്‍ എട്ടു മക്കളും പേരമക്കളും കൊച്ചാപ്പമാരും മക്കളും അമ്മായിമാരും മക്കളുമടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ ചുക്കാന്‍ പിടിച്ചുകൊണ്ട്-ഇന്നത്തെ തലമുറക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത തരത്തില്‍-വിശാലഹൃദയത്തോടെ നിലകൊണ്ടു എന്നതാണ് ഉമ്മയുടെ മാതൃക. 

വി.എസ് ഹഫ്‌സത്ത്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (53 - 71)
എ.വൈ.ആര്‍

ഹദീസ്‌

ദീനും ജിഹാദും
കെ.സി ജലീല്‍ പുളിക്കല്‍