Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 28

2999

1438 ശഅ്ബാന്‍ 01

വെറുപ്പിന്റെ രാഷ്ട്രീയം

നന്ദിത ഹക്‌സര്‍

ഒരു വിചാരണയുടെ വിധിയും, വിചാരണ നടക്കണമോ എന്നതു പോലും മാധ്യമങ്ങള്‍, രാഷ്ട്രീയ സാഹചര്യം, ന്യായാധിപന്റെ മുന്‍വിധി, പൊതുജനങ്ങളുടെ മനോഭാവം തുടങ്ങി നിരവധി ജുഡീഷ്യറിബാഹ്യമായ സംഗതികളെ ആശ്രയിച്ചാണിരിക്കുന്നത്.  ഇന്ത്യയിലെ ഭീകരതക്കെതിരെയുള്ള യുദ്ധം മനുഷ്യാവകാശ മാനദണ്ഡങ്ങളെയാണ് ആദ്യമായി പരിക്കേല്‍പിച്ചത്. ഭീകരവിരുദ്ധ നിയമങ്ങള്‍ നിരപരാധിത്വം തെളിയിക്കുക എന്ന വലിയ ഭാരം കുറ്റാരോപിതരാകുന്നവരുടെ തലയില്‍ വെക്കുന്നു. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, തന്റെ നിരപരാധിത്വം തെളിയിക്കുന്നതുവരെ കുറ്റാരോപിതന്‍ കുറ്റവാളിയായി ചിത്രീകരിക്കപ്പെടുന്നു. 

TADA (The Terrorist and Disruptive Activities -Prevention- Act 1985‑)  ചുമത്തപ്പെട്ട നിരവധി സിഖുകാരെയും മുസ്‌ലിംകളെയും ആമിര്‍ ജയിലില്‍ വെച്ച് കണ്ടു. 1995-ല്‍ ഈ നിയമം എടുത്തുകളഞ്ഞുവെങ്കിലും ഈ നിയമത്തിനു കീഴില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആളുകളെ അതേ നിയമത്തിന്റെ മാനദണ്ഡങ്ങളനുസരിച്ചു തന്നെയാണ് കൈകാര്യം ചെയ്യുന്നത്. 

ഭീകരവിരുദ്ധ നിയമങ്ങള്‍ ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാന്‍ പര്യാപ്തമല്ല എന്ന് തെളിയിക്കപ്പെട്ട സന്ദര്‍ഭത്തില്‍, യാതൊരുവിധ ഭീകരപ്രവര്‍ത്തനമോ പ്രശ്‌നങ്ങളോ ഇല്ലാതിരുന്നിട്ടുപോലും ഗുജറാത്തില്‍നിന്ന് നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി.

1994 ആഗസ്റ്റ് 24-ന് ആഭ്യന്തര സഹമന്ത്രി ആയിരുന്ന രാജേഷ് പൈലറ്റ് പാര്‍ലമെന്റില്‍ പറഞ്ഞതിങ്ങനെ: ''TADA നിലവില്‍വന്നതിനു ശേഷം 67000-ത്തോളം പേര്‍ തടവിലാക്കപ്പെടുകയും അതില്‍നിന്ന് 8000 പേരെ വിചാരണ ചെയ്യുകയും വെറും 725 പേരെ കുറ്റക്കാരായി കണ്ടെത്തുകയും ചെയ്തു. ഇതില്‍ 59,509 പേരെ കേസൊന്നുമില്ലാതെയാണ് തടവിലിട്ടത്. 5000 കേസുകളിലൊഴികെ TADA ചുമത്തിയത് തെറ്റായിരുന്നുവെന്ന് TADA റിവ്യു കമ്മിറ്റി കണ്ടെത്തുകയും കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പീഡനങ്ങള്‍ക്കിടയില്‍ കുറ്റാരോപിതരെക്കൊണ്ട് പോലീസിന് മുമ്പാകെ നടത്തിച്ച കുറ്റസമ്മതം തെളിവായി ഹാജരാക്കിയെങ്കിലും, കുറ്റവാളികളായി തെളിയിക്കപ്പെട്ട ആളുകളുടെ നിരക്ക് ഒരു ശതമാനത്തിലും താഴെ മാത്രമാണ്. എങ്കിലും കുറ്റം തെളിയിക്കപ്പെടാതെ ആയിരക്കണക്കിനാളുകള്‍ നീണ്ട തടവുജീവിതം നയിക്കുന്നു. TADA-ക്കു കീഴില്‍ ഏറ്റവും കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തപ്പെട്ടത് പഞ്ചാബിലോ ജമ്മു- കശ്മീരിലോ വടക്കു കിഴക്കന്‍ ഇന്ത്യയിലോ ആയിരുന്നില്ല. മറിച്ച് ഭീകരവാദത്തിന് ഒരു റെക്കോര്‍ഡുമില്ലാത്ത ഗുജറാത്തിലാണ്. ഇരകളില്‍ മഹാ ഭൂരിപക്ഷവും മതന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവരാണ്.''  

ജയിലിലേക്ക് പ്രവേശിക്കുന്ന നിമിഷം മുതല്‍ ഒരു ഭീകരവാദിയായിട്ടാണ് ആമിര്‍ പരിഗണിക്കപ്പെട്ടത്. കേവലം ഇരുപതു വയസ്സുകാരനായ, ആദ്യമായി ഒരു കേസില്‍ കുടുങ്ങുന്ന അവനെ ഹൈ റിസ്‌ക് സെല്ലില്‍ പാര്‍പ്പിക്കാനായിരുന്നു ജയിലധികൃതര്‍ തീരുമാനിച്ചത്. അവന്‍ ആദ്യമായി ജയിലിലേക്ക് അയക്കപ്പെട്ടപ്പോള്‍, ഏകാന്ത വാര്‍ഡുകളില്‍ താമസിക്കാനുള്ള നിലയിലാണ് ആമിര്‍ എന്ന്  സാക്ഷ്യപ്പെടുത്താന്‍ ഡോക്ടര്‍ തയാറായിരുന്നില്ല. പക്ഷേ, തടവുജീവിതത്തിന്റെ രണ്ട് വര്‍ഷത്തിനു ശേഷം ആമിറിനെ ഹൈ റിസ്‌ക് സെല്ലിലേക്ക് തന്നെ അയച്ചു. അവിടെയായിരുന്നു തന്റെ ജയില്‍ ജീവിതത്തിന്റെ കൂടുതല്‍ കാലവും ആമിര്‍ ചെലവഴിച്ചത്. ആ സെല്ല് ഒരു കൂട് പോലെയായിരുന്നു. പഠിക്കുക, ലൈബ്രറി ഉപയോഗപ്പെടുത്തുക, ഗെയിമുകള്‍ കളിക്കുക തുടങ്ങിയ അവന്റെ അവകാശങ്ങള്‍ അവിടെ നിഷേധിക്കപ്പെട്ടു. അവന്റെ ചെറിയ സെല്ലില്‍നിന്ന് ദിവസവും രണ്ടു മുതല്‍ നാല് മണിക്കൂര്‍ സമയം മാത്രമേ അവന് പുറത്തുപോവാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ബാക്കി മുഴുവന്‍ സമയവും അതിനുള്ളില്‍ കഴിയണമായിരുന്നു. 

ഒരാള്‍ വിചാരണത്തടവുകാരനായിരിക്കെ, ആ വ്യക്തിയെ ഒരു സെല്ലിലോ അല്ലെങ്കില്‍ കൂട്ടിലോ ഏകാന്തനായി പാര്‍പ്പിക്കുക എന്നത് ശിക്ഷ വിധിക്കുന്നതിനു മുമ്പേ തന്നെയുള്ള കൊടിയ പീഡനമാണ്. തടവുപുള്ളി രക്ഷപ്പെടാന്‍ ശ്രമിക്കും, മറ്റുള്ളവരെ ഉപദ്രവിക്കും തുടങ്ങിയ ന്യായങ്ങള്‍ പറഞ്ഞാണ് ജയിലധികൃതര്‍ ഇങ്ങനെ ചെയ്യുന്നത്. തന്റെ ഹൈ റിസ്‌ക് സെല്ലിലെ തടവുജീവിതത്തില്‍ ഖലിസ്താനു വേണ്ടി പോരാടിയ സിഖുകാരും ഖിലാഫത്ത് സ്വപ്‌നം കണ്ട മുസ്‌ലിംകളുമടങ്ങിയ നിരവധി രാഷ്ട്രീയ തടവുകാരെ ആമിര്‍ കണ്ടു.

 

ജയില്‍ ജനസംഖ്യയിലെ വിന്യാസം 

ലോകത്ത് 9 ദശലക്ഷം തടവുകാരുണ്ട്. ഈ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യയിലുമുള്ള ജയിലുകളിലെ മുസ്‌ലിം യുവാക്കളുടെ ക്രമാതീതമായ എണ്ണം ഈയടുത്ത കാലത്തുണ്ടായ ജയില്‍ സംവിധാനത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ഒരു കാര്യമായിരുന്നു. വ്യാജ ഭീകവാദ കേസുകളിലാണ് മിക്ക യുവാക്കളും കുടുങ്ങിയിരിക്കുന്നത്. ദേശീയ സുരക്ഷയുടെ പേരില്‍ ഇത്തരം വ്യാജ കേസുകളെ ഭരണകൂടം ന്യായീകരിക്കുകയാണ്. ഇതിന്റെ ഫലമെന്നോണം ഭീകരവിരുദ്ധ നിയമങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. Prison Population Statistics പ്രകാരം ബ്രിട്ടീഷ് ജയിലുകളില്‍ മുസ്‌ലിം കുറ്റവാളികളുടെ എണ്ണം ആദ്യമായി 11000  കടന്നത് എല്ലാവരെയും ആശ്ചര്യപ്പെടുത്തി.

ഈ സ്ഥിതിവിവരകണക്കു പ്രകാരം, 1997-ല്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമുള്ള ജയിലുകളിലെ മുസ്‌ലിം തടവുകാരുടെ എണ്ണം 1997-ല്‍ 3681 ആയിരുന്നുവെങ്കില്‍ 2012-ല്‍ അത് 11248 ആയി വര്‍ധിച്ചു. മറ്റൊരു വിധം പറഞ്ഞാല്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടയില്‍ ബ്രിട്ടീഷ് ജയിലുകളിലെ മുസ്‌ലിംകളുടെ എണ്ണം ഇരുനൂറ് ശതമാനത്തിലധികം വര്‍ധിച്ചു എന്നര്‍ഥം. 

ബ്രിട്ടീഷ് ജയിലുകളിലെ മൊത്തം ജയില്‍ ജനസംഖ്യയിലുണ്ടാവുന്ന വര്‍ധനവിന്റെ എട്ടിരട്ടിയാണ് മുസ്‌ലിം തടവുകാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ്. മുസ്‌ലിം തടവുകാരുടെ അമിത പ്രാതിനിധ്യമാണ് ഇതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് ജനസംഖ്യയുടെ കേവലം അഞ്ച് ശതമാനം മാത്രമുള്ള മുസ്‌ലിംകള്‍, ബ്രിട്ടീഷ് ജയില്‍ ജനസംഖ്യയുടെ പതിമൂന്ന് ശതമാനമാണ് (1997-ല്‍ ഇത് വെറും ആറ് ശതമാനം മാത്രമായിരുന്നു).

ഇന്ത്യയിലും സമാനമായ രൂപത്തിലുള്ള അവസ്ഥയാണ് നിലനില്‍ക്കുന്നത്. നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2001 മുതല്‍ 2012 വരെയുള്ള സ്ഥിതിവിവരകണക്കു പ്രകാരം, രാജ്യത്തിന്റെ ജനസംഖ്യയില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കുള്ള പങ്കിനേക്കാള്‍ കൂടുതലാണ് എല്ലായ്‌പ്പോഴും ജയില്‍ ജനസംഖ്യയിലുള്ള മുസ്‌ലിംകളുടെ പ്രാതിനിധ്യം. 

മുസ്‌ലിം തടവുകാരില്‍ 55 ശതമാനവും മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നി നാല് സംസ്ഥാനങ്ങളിലെ ജയിലുകളിലാണ്. 

അന്യായമായ നീതിന്യായ വ്യവസ്ഥയില്‍ എല്ലായ്‌പ്പോഴും പാവങ്ങളാണ് ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത്. രാജ്യത്തിന്റെ വികസനത്തില്‍ തങ്ങളുടെ സമുദായത്തിന് അര്‍ഹമായ പങ്ക് ലഭിക്കുന്നില്ല എന്നതാണ് മുസ്‌ലിംകളുടെ അമര്‍ഷത്തിനുള്ള പ്രധാന കാരണം. തടവുപുള്ളികളുടെ അവകാശത്തെ കുറിച്ചുള്ള പുതിയ ചര്‍ച്ചകളില്‍ ഇത്തരം കാര്യങ്ങളൊക്ക വളരെ പ്രധാന വിഷയങ്ങളാണ്. 

കുറ്റവിമുക്തരാക്കപ്പെട്ടതിനു ശേഷവും സമൂഹവും കുടുംബവും അവരെ മറന്നു എന്നതിനാല്‍ ജയിലില്‍തന്നെ കഴിയുന്ന നിരവധി പാവങ്ങളുണ്ട്. കുറ്റവിമുക്തനാക്കപ്പെട്ടതിനു ശേഷവും പതിനാലു വര്‍ഷം ജയിലില്‍തന്നെ കഴിഞ്ഞ റുദുല്‍ സാഹ് എന്ന വ്യക്തിക്ക് 1983-ല്‍ സുപ്രീംകോടതി  ജയിലില്‍നിന്ന് പുറത്തുപോവാനുള്ള സംവിധാനമൊരുക്കി. 2005-ല്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍, 1951 മുതല്‍ അസമിലെ ഒരു ജയിലില്‍ കഴിഞ്ഞിരുന്ന മാച്ചുങ് ലാലംഗ് എന്ന വ്യക്തിയെ  ജയിലില്‍നിന്ന് സ്വതന്ത്രനാക്കാന്‍ വഴിതുറന്നു. അദ്ദേഹം തന്റെ ശിക്ഷ കഴിഞ്ഞതിനു ശേഷവും നാല്‍പത് വര്‍ഷം ജയിലില്‍ തന്നെ കഴിയുകയായിരുന്നു. കാണ്‍പൂരിലെ വിജയകുമാരി എന്ന സ്ത്രീ ജാമ്യം ലഭിച്ച് പത്തൊമ്പത് വര്‍ഷത്തിനു ശേഷം 2013 മെയ് മാസത്തിലാണ് ജയിലില്‍നിന്ന് മോചിതയായത്. അവര്‍ക്ക് ജയിലില്‍ വെച്ച് ജനിച്ച മകന്‍ വളര്‍ന്ന് വലുതായി അമ്മയെ പുറത്തിറക്കാനുള്ള ജാമ്യത്തുകയുമായി വന്നതിനു ശേഷമാണ് മോചിതയായത്. 

ആഗോള ശരാശരി പ്രകാരം ഇന്നും ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറച്ചാളുകളെ മാത്രമേ തടവില്‍ വെക്കുന്നുള്ളൂ എന്നത് സത്യമാണ്. 1400-ഓളം ജയിലുകളില്‍ 3,70000-ത്തോളം തടവുപുള്ളികളാണ് (ഇതില്‍ മൂന്നില്‍ രണ്ടും വിചാരണ കാത്തിരിക്കുന്നവരാണ്) ഇന്ത്യയിലുള്ളത്. ഒരു ലക്ഷം ജനങ്ങള്‍ക്ക് മുപ്പതു പേര്‍ എന്ന തോതില്‍. എന്നാല്‍ ചൈനയിലിത് ഒരു ലക്ഷത്തിന് 170 പേരും അമേരിക്കയില്‍ 730 പേരുമാണ്. 

യു.എസ് ജയില്‍ സ്ഥിതിവിവരകണക്കു പ്രകാരം തടവുപുള്ളികളില്‍ 50 ശതമാനം കറുത്ത വര്‍ഗക്കാരും 15 ശതമാനം ഹിസ്പാനിക്കുകളുമാണ്. പക്ഷേ, മിക്ക ജയിലുകളും സ്ഥിതിചെയ്യുന്നത് വെള്ളക്കാര്‍ ധാരാളമുള്ള സ്ഥലത്താണ്. അവിടങ്ങളിലുള്ളതുപോലെ,  ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനുള്ള ഉപകരണങ്ങളായി ജയിലുകളെ ഉപയോഗിക്കുന്ന അവസ്ഥ ഇന്ത്യയില്‍ അത്ര വ്യാപകമല്ല. 

ജയിലുകള്‍ നിരവധി ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സമ്പാദിക്കാനുള്ള മാര്‍ഗം കൂടിയാണ്. യു.എസിലെ ഒരു ജയില്‍ വാര്‍ഡന് അയാളുടെ കൈയില്‍ ഒരു ഫോണുണ്ടെങ്കില്‍  ലക്ഷപ്രഭു ആകാന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. യു.എസ് ടെലി കമ്യൂണിക്കേഷന്‍സ് കോര്‍പറേഷന്‍ AT&Tയുടെ കണക്കുകള്‍ പ്രകാരം രാജ്യത്തെ വിവിധ ജയിലുകളിലെ തടവുപുള്ളികള്‍ ഫോണുകളില്‍ നടത്തുന്ന നീണ്ട സംഭാഷണങ്ങള്‍ വര്‍ഷത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ്. 

ഇതുമായി താരതമ്യപ്പെടുത്താന്‍ പറ്റുന്ന കണക്കുകളൊന്നും ഇന്ത്യയിലില്ല. എങ്കിലും, ഈ അടുത്ത കാലത്ത്  തിഹാര്‍ ജയിലില്‍ അധികൃതര്‍ തടവുപുള്ളികള്‍ക്ക് ഫോണ്‍ ചെയ്യാന്‍ അനുവാദം കൊടുത്തത് എന്തിനാണെന്ന് ഇപ്പോള്‍ വ്യക്തമാണ്. ബേക്കറി, റസ്റ്റോറന്റ് തുടങ്ങിയ സാമ്പത്തിക സംരംഭങ്ങള്‍ ജയിലില്‍ തുടങ്ങുന്നതിന്റെ കാരണങ്ങള്‍ ഇത് വ്യക്തമാക്കുന്നു. ഈ അടുത്ത കാലത്ത് ഒരു മൊബൈല്‍ ഫാക്ടറി അതിന്റെ ഒരു യൂനിറ്റ് തിഹാര്‍ ജയിലില്‍ ആരംഭിച്ചു. കുറഞ്ഞ വേതനത്തിന് ജോലിക്കാരെ ലഭിക്കുന്ന വലിയ ഇടമാണ് ജയിലുകളെന്ന് പലരും തിരിച്ചറിഞ്ഞിരിക്കുന്നു.    

തങ്ങളുടെ മേല്‍ ചുമത്തിയ കുറ്റത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയുടെ പകുതി അനുഭവിച്ച എല്ലാ വിചാരണത്തടവുകാരെയും മോചിപ്പിക്കണമെന്ന് സുപ്രീംകോടതി ഈയടുത്ത കാലത്ത് ഉത്തരവിറക്കിയിരുന്നു. താഴെ റാങ്കിലുള്ള ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്മാരോട് തങ്ങളുടെ നിയമപരിധിയിലുള്ള എല്ലാ ജയിലുകളും 2014 ഒക്‌ടോബര്‍ 1 മുതല്‍ സന്ദര്‍ശിക്കാനും ഇത്തരത്തിലുള്ള വിചാരണത്തടവുകാരെ രണ്ടു മാസത്തിനുള്ളില്‍ മോചിപ്പിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. പക്ഷേ, ഈ ദൗത്യം എത്രത്തോളം മുന്നോട്ടുപോയി എന്നതിനെ കുറിച്ച് യാതൊരുവിധ രേഖകളുമില്ല. 

 

ദേശീയ പ്രക്ഷോഭം 

ആമിറിന്റെ കഥ കേട്ടതോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ അവനോട് അനുകമ്പ പ്രകടിപ്പിച്ചു. ആത്യന്തികമായി നീതി നിലനില്‍ക്കുന്നു എന്നതിനുള്ള ഉദാഹരണമായും അവന്റെ കേസ് ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. അവനു വേണ്ടി വാദിച്ച അഭിഭാഷകരെയും, അവനെ വിട്ടയച്ച ന്യായാധിപന്മാരെയും, തൊഴില്‍ നല്‍കിയ എന്‍.ജി.ഒകളെയും മാധ്യമങ്ങള്‍ പുകഴ്ത്തി. പക്ഷേ, ആരും തന്നെ നീതിന്യായ വ്യവസ്ഥയില്‍ പരിഷ്‌കരണമുണ്ടാവേണ്ടതിനെക്കുറിച്ച് ആവശ്യമുന്നയിച്ചില്ല. 

ആമിറിന്റെ വിഷയത്തില്‍ നമ്മുടെ രാജ്യത്ത് ധാര്‍മിക രോഷമൊന്നും ഉണ്ടായില്ല. പോലീസിനെ ഉത്തരവാദിത്ത ബോധമുള്ളവരാക്കണമെന്നതും ജയില്‍ പരിഷ്‌കരണം നടത്തണമെന്നതും രാഷ്ട്രീയ പാര്‍ട്ടികളുടെയോ മനുഷ്യാവകാശ സംഘടനകളുടെയോ പോലും രാഷ്ട്രീയ അജണ്ടയിലില്ല. എക്‌സ്ട്രാ ജുഡീഷ്യല്‍ നീതിയും പോലീസ് ക്രൂരതകളും ബോളിവുഡ് ആഘോഷിച്ചുകൊണ്ടിരിക്കുകയുമാണ്. ആമിര്‍ ഇപ്പോള്‍ അഴികള്‍ക്കു പിന്നിലല്ല എങ്കിലും യഥാര്‍ഥത്തില്‍ അവന്‍ സ്വതന്ത്രനല്ല.

ഇപ്പോഴും അവന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി അവന്‍ പോരാടിക്കൊണ്ടിരിക്കുകയാണ്. പതിനേഴ് കേസുകളില്‍ അവന്‍ കുറ്റവിമുക്തനായി. എന്നിരുന്നാലും മൂന്ന് കേസുകളില്‍ വിചാരണാ കോടതി അവനെ ശിക്ഷിച്ചിട്ടുണ്ട്. പക്ഷേ, അവന്‍ അതിനെതിരെ ഹരജികള്‍ ഫയല്‍ ചെയ്തു. അവന് ജീവപര്യന്തം നല്‍കപ്പെട്ട കരോള്‍ബാഗിലെ ബോംബ് സ്‌ഫോടന കേസില്‍ ദല്‍ഹി കോടതി അവനെ കുറ്റവിമുക്തനാക്കി. 1997-ലെ ഈ കേസില്‍ 2003-ല്‍ വിചാരണാ കോടതി അവന് ശിക്ഷ വിധിച്ചുവെങ്കിലും 2006-ല്‍ ദല്‍ഹി ഹൈക്കോടതി അവനെ കുറ്റവിമുക്തനാക്കി ഇങ്ങനെ അഭിപ്രായപ്പെട്ടു: ''കുറ്റാരോപിതനായ വ്യക്തിയുടെ മേല്‍ ചുമത്തപ്പെട്ട കാര്യങ്ങള്‍ക്ക് എന്തെങ്കിലും തെളിവ് ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിരിക്കുന്നു. ഈ വ്യക്തി കുറ്റക്കാരനാണ് എന്ന വിധിയെ ഈ കോടതി റദ്ദ് ചെയ്യുന്നു.'' 

എന്നിരുന്നാലും ദല്‍ഹി ഹൈക്കോടതിയുടെ മുമ്പാകെ രണ്ട് ഹരജികള്‍ തീരുമാനമാക്കപ്പെടാതെ നില്‍ക്കുകയാണ്. ചെയ്യാത്ത കുറ്റത്തിനുള്ള ശിക്ഷ പോലും അനുഭവിച്ചതിനാല്‍ തനിക്കെതിരെയുള്ള മറ്റു കള്ളക്കേസുകള്‍ റദ്ദ് ചെയ്യണമെന്ന് അവന്‍ കോടതിയോട് ആവശ്യപ്പെട്ടു. നാലാമത്തെ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കേസ് തെളിയിക്കാന്‍ സാധിച്ചില്ലെങ്കിലും 5000 രൂപ അവന് പിഴ നല്‍കേണ്ടിവന്നു. 

ജനങ്ങളുടെ അനുകമ്പയും പിന്തുണയും ലഭിച്ചുവെങ്കിലും മുഹമ്മദ് ആമിര്‍ ഖാന് തന്റെ ചെറിയ കുടുംബത്തെ സംരക്ഷിക്കാനോ തന്റെ കുട്ടിക്കു വേണ്ടി മാന്യമായ ഭാവി ആസൂത്രണം ചെയ്യാനോ, തന്റെതന്നെ സുരക്ഷിതവും ഭദ്രവുമായ ഒരു ഭാവിയെ സ്വപ്‌നം കാണാനോ സാധിക്കുന്നില്ല. 

വ്യാജ കേസുകളില്‍ കുടുക്കപ്പെട്ട് തടവുശിക്ഷ അനുഭവിക്കേണ്ടിവരുന്ന ജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ അളന്ന് തിട്ടപ്പെടുത്താനുള്ള സംവിധാനം ഇന്ത്യയിലെ നിയമത്തിലില്ല.  നിരപരാധിത്വം തെളിയിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് നിയമപരവും അന്വേഷണാത്മകവുമായ സേവനങ്ങള്‍ ലഭ്യമാക്കുന്ന അമേരിക്കയിലെ ദ ഇന്നസെന്റ് പ്രോജക്ട് തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആമിറിനെ പോലെ കള്ളക്കേസുകളില്‍ കുടുക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്ന ആളുകള്‍ക്ക് ഉപകാരപ്രദമാണ്. ആ മാര്‍ഗനിര്‍ദേശങ്ങള്‍ താഴെ പറയുന്നവയാണ്:

1) എല്ലാ അടിസ്ഥാന ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ള പെട്ടെന്നുള്ളതും തുടര്‍ന്ന് ലഭിക്കേണ്ടതുമായ സാമ്പത്തിക സഹായം ലഭ്യമാക്കണം.

2) സൗജന്യ മെഡിക്കല്‍, ദന്ത, മാനസികാരോഗ്യ ചികിത്സ, മനഃശാസ്ത്രപരമായ പരിചരണം, മെഡിക്കേഡ് പോലെയുള്ള സൗജന്യ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് എന്നിവയും ലഭ്യമാക്കണം. 

3) പാര്‍പ്പിടം. 

4) കുടുംബക്കാരുമായും സമുദായാംഗങ്ങളുമായുള്ള പുനരേകീകരണത്തിനായുള്ള സഹായം, വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത പരിശീലനം എന്നിവ ഉറപ്പുവരുത്തണം.

5) അന്യായമായി തടവിലാക്കപ്പെടുന്ന വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിശീലനം ലഭ്യമായ പ്രഫഷണലുകളെ ഉപയോഗിച്ചുള്ള കക്ഷികേന്ദ്രീകൃതമായ കേസ് മാനേജ്‌മെന്റിനുള്ള സാഹചര്യം ലഭ്യമാക്കണം.

6) ഭരണകൂടത്തില്‍നിന്നോ മറ്റു ഔദ്യോഗിക സ്ഥാപനങ്ങളില്‍നിന്നോ അന്യായതടവിനെ കുറിച്ചുള്ള ഔദ്യോഗിക കുറ്റസമ്മതം ലഭ്യമാക്കണം. 

7) അന്യായ തടവിനെ തുടര്‍ന്നുണ്ടയ നിയമപരമായ പ്രശ്‌നങ്ങള്‍ക്കുള്ള സൗജന്യമായ നിയമസഹായത്തിന്റെ ലഭ്യത, കുട്ടികളുടെ ആവശ്യത്തിനുവേണ്ടിയുള്ള സാമ്പത്തിക സഹായം തുടങ്ങിയവ ഉറപ്പുവരുത്തണം.

8) അന്യായ തടവിന് യാതൊരുവിധ വ്യവസ്ഥയുമില്ലാതെ തന്നെ യു.എസ് ഫെഡറല്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ചെങ്കിലുമുള്ള നാമ്പത്തിക നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. വര്‍ഷം തോറും അമ്പതിനായിരം ഡോളറാണ് ഇപ്പോഴത്തെ നിരക്കില്‍ നല്‍കേണ്ടത് (innocencenetwork.org).

ഇതു കൂടാതെ ആമിറിനു മേല്‍ കെട്ടിച്ചമച്ച കേസുകള്‍ക്ക് പിന്നിലുള്ള പോലീസ് ഉദ്യോഗസ്ഥരെയും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരികയും ശിക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമല്ല, ജയിലധികൃതരും ആമിറിനുണ്ടായ നഷ്ടങ്ങള്‍ക്ക് ഉത്തരം ബോധിപ്പിക്കേണ്ടവരാണ്.  ജയിലധികൃതര്‍ ആമിറിന് നിര്‍ബന്ധമായും നഷ്ടപരിഹാരം നല്‍കണമെന്ന് പറയുന്നതിനുള്ള കാരണം ഇനി പറയുന്നവയാണ്:

1) ഹൈ റിസ്‌ക് സെല്ലില്‍ അവനെ ഏകാന്ത തടവുകാരനായി പാര്‍പ്പിച്ച്, അവനു മേല്‍ അക്രമങ്ങളും ക്രൂര മര്‍ദനങ്ങളും നടത്തിയതിനാല്‍. 

2) വേഗത്തില്‍ അവന്റെ വിചാരണ ഉറപ്പുവരുത്തുന്നതിന് അവന്റെ പേപ്പറുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് അയക്കാതിരുന്നതിന്. 

3) ജയിലിനുള്ളില്‍ അവന്റെ ജീവനു തന്നെ ഭീഷണിയാവുന്ന രൂപത്തില്‍ അക്രമം അഴിച്ചുവിട്ടതിന്. 

4) ഇഗ്‌നോയില്‍ പഠിക്കാനുള്ള അവന്റെ അവകാശം നിഷേധിച്ചതിനും ഗെയിമുകളില്‍ ഏര്‍പ്പെടുക, സിനിമ കാണുക തുടങ്ങിയ അവന്റെ അവകാശങ്ങള്‍ നിഷേധിച്ചതിന്. 

5) വര്‍ഗീയമായ മുന്‍വിധിയും വെറുപ്പും അവനോട് കാണിച്ചതിന്. 

6) ആവശ്യമായ ചികിത്സ അവന് നിഷേധിച്ചതിന്. 


നന്ദിയുടെ ഒരു വാക്ക് 

ഞാന്‍ നന്ദിപറയാന്‍ ആഗ്രഹിക്കുന്ന മൂന്ന് വ്യക്തികള്‍ക്കും ഞാനുമായി ഒരു വിഷയത്തില്‍ സാമ്യമുണ്ട്. എല്ലാ സമുദായാംഗങ്ങള്‍ക്കും അന്തസ്സോടും ആത്മാഭിമാനത്തോടും കൂടി ഒരുമിച്ച് ജീവിക്കാന്‍ കഴിയുമെന്ന അനശ്വരമായ വിശ്വാസമുള്ള ദല്‍ഹിക്കാരാണ് ഞങ്ങള്‍. ആമിറിനെ എനിക്ക് പരിചയപ്പെടുത്തിയതിന് എന്‍.ഡി പഞ്ചോളിക്ക്, ആമിറിന് എന്റെ അടുത്ത് വരാനും അവന്റെ കഥ പറയാനും സമയം അനുവദിച്ചു നല്‍കിയ ശബ്‌നം ഹാശ്മിക്ക്, എല്ലാറ്റിലുമുപരി ആമിറിന്; അവന്റെ വിശ്വാസത്തിനും സ്‌നേഹത്തിനും ഒരുപാട് നന്ദി.

(അവസാനിച്ചു)

പരിഭാഷ: എസ്.വി.പി സുലൈഖ


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (53 - 71)
എ.വൈ.ആര്‍

ഹദീസ്‌

ദീനും ജിഹാദും
കെ.സി ജലീല്‍ പുളിക്കല്‍