Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 28

2999

1438 ശഅ്ബാന്‍ 01

മഹല്ലുകളില്‍ വെളിച്ചം വിതറട്ടെ

സിദ്ദീഖ് കുറ്റിക്കാട്ടൂര്‍

'മഹല്ല് ശാക്തീകരണത്തിന്റെ പ്രായോഗിക വഴികള്‍' (ലക്കം 45) അഡ്വ. എസ്. മമ്മു/ബഷീര്‍ തൃപ്പനച്ചി ലേഖനം ശ്രദ്ധേയവും അവസരോചിതവുമായി. കണ്ണൂര്‍ ജില്ലയിലെ നടുവില്‍, കൂട്ടുമുഖം, നൊച്ചിയാട്, കണ്ണപുരം, മയ്യില്‍, കുഞ്ഞിമംഗലം തുടങ്ങിയ മഹല്ലുകളില്‍ കൊണ്ടുവന്ന വിപ്ലവകരമായ സംവിധാനങ്ങള്‍ അസൂയാര്‍ഹവും കേരളത്തിലെ മുഴുവന്‍ മഹല്ലുകളുടെയും കണ്ണ് തുറപ്പിക്കേണ്ടതുമാണ്.

മഹല്ല് ഭാരവാഹികള്‍ക്ക് തങ്ങളുടെ മഹല്ല് നിവാസികളുടെ സാമൂഹികവും സാംസ്‌കാരികവും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കാനും സര്‍വോപരി നാടിന് ഗുണം ചെയ്യുന്ന മാതൃകകള്‍ കാഴ്ചവെക്കാനും കഴിയണം. അതിന് കേരളത്തില്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുക 'സമസ്ത'ക്കാണ്. മിക്ക മഹല്ലുകളിലും ഭരണാധികാരികള്‍ അവരാണ്. വിവിധ മുസ്‌ലിം ഗ്രൂപ്പുകള്‍ പള്ളി-മദ്‌റസ തര്‍ക്കങ്ങളുടെ പേരില്‍ കോടതി കയറിക്കൊണ്ടിരിക്കുമ്പോള്‍ പക്ഷേ, ഇത്തരം ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് എവിടെ സമയം! വരിസംഖ്യ പിരിക്കല്‍, ആണ്ടറുതി നേര്‍ച്ചകള്‍, നികാഹിനും ത്വലാഖിനും കാര്‍മികത്വം വഹിക്കല്‍, ഖബ്‌റടക്ക ചടങ്ങുകള്‍ തുടങ്ങിയവ നടന്നാല്‍ മഹല്ല് ഭരണം പൂര്‍ത്തിയാകുമെന്ന മട്ടിലാണ് ഇപ്പോള്‍ ഭൂരിപക്ഷത്തിന്റെയും കാഴ്ചപ്പാട്. 

ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയപോലെ കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഇടപെടാതെത്തന്നെ കൂട്ടായ പരിശ്രമങ്ങളിലൂടെ നമ്മുടെ മഹല്ലുകളെ ശാക്തീകരിക്കാന്‍ കഴിയും എന്നതിന്റെ തെളിവാണ് ലേഖനത്തില്‍ സൂചിപ്പിച്ച മഹല്ലുകളുടെ അനുഭവങ്ങള്‍. നിര്‍ധനരായ പെണ്‍മക്കളുടെ വിവാഹം, വീട്, കുടിവെള്ളം, രോഗശുശ്രൂഷ, വിദ്യാഭ്യാസ സഹായം എന്നിവക്കൊക്കെ മഹല്ലിന്റെ ലെറ്റര്‍പാഡില്‍ 'ഈ വരുന്ന ആളെ' സഹായിക്കണമെന്ന സെക്രട്ടറിയുടെ ഒപ്പും സീലുമായി നാടുതെണ്ടുന്ന സമ്പ്രദായത്തിനും അറുതിവരുത്താന്‍ മഹല്ല് ശാക്തീകരണത്തിലൂടെ കഴിയും. ഇരുളടഞ്ഞു കിടക്കുന്ന മഹല്ലുകളിലേക്ക് 'ഇമേജി'ന്റെ വെളിച്ചം എത്തിക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ഔന്നത്യം വര്‍ധിക്കും, തീര്‍ച്ച. കേരളത്തിലെ മുഴുവന്‍ മഹല്ല് ഭാരവാഹികള്‍ക്കും പ്രബോധനത്തിന്റെ പ്രസ്തുത ലക്കം എത്തിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

 

ഉപദേശികളുടെ നടുവില്‍

കേരള സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണെന്ന് തോന്നുന്നു ഒരു മുഖ്യമന്ത്രിക്ക് ഇത്രയധികം ഉപദേശകര്‍ നിയമിക്കപ്പെടുന്നത്. മാധ്യമ ഉപദേഷ്ടാവ്, സാമ്പത്തിക ഉപദേഷ്ടാവ്,  രാഷ്ട്രീയ ഉപദേഷ്ടാവ് അങ്ങനെ നീളുന്നു പട്ടിക! ഒടുവില്‍ പോലീസ് ഉപദേഷ്ടാവും വന്നിരിക്കുന്നു, വിവാദ നായകന്‍ രമണ്‍ ശ്രീവാസ്തവ. പോലീസിന്റെ പ്രവര്‍ത്തനം മോശമാണെന്ന ധാരണയിലാണോ ഈ നിയമനം എന്ന് ചോദിച്ചാല്‍ 'ഇരിക്കട്ടെ' എന്ന് മാത്രമാണ് മുഖ്യമന്ത്രിയുടെ  മറുപടി. രമണ്‍ ശ്രീവാസ്തവയുടെ ചെയ്തികള്‍ മുഖ്യമന്ത്രി മറന്നാലും മലയാളി മറക്കാനിടയില്ല.  1991 ഡിസംബര്‍ 15. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നിരപരാധിയായ സിറാജുന്നിസ എന്ന പതിനൊന്നുകാരിയെ വെടിവെച്ചുവീഴ്ത്താന്‍ പ്രേരകമായത് പാലക്കാട് ഐ.ജി രമണ്‍ ശ്രീ വാസ്തവയുടെ മുസ്ലിം രക്തദാഹമായിരുന്നു എന്ന് ആര്‍ക്കാണ് അറിയാത്തത്? തുടര്‍ന്നുവന്ന ഒറ്റപ്പാലം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി എസ്. ശിവരാമന്‍ ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം വോട്ടുകള്‍ നേടി വിജയിച്ചത് അന്നത്തെ യു.ഡി.എഫ് ഭരണത്തില്‍ നടന്ന ഈ അപരാധം ഉയര്‍ത്തിക്കാട്ടിയാണെന്നത് രാഷ്ട്രീയ കേരളം മറന്നിട്ടുണ്ടാകില്ല. 

ബഹുമാന്യനായ മുഖ്യമന്ത്രീ, അങ്ങ് അധികാരത്തില്‍ എത്തിയിട്ട് ഒരു വര്‍ഷം തികയുമ്പോഴേക്കും പോലീസ് നേടിയെടുത്ത ചീത്തപ്പേരുകള്‍ ചില്ലറയല്ലെന്ന് പറയാതിരിക്കാന്‍ കഴിയില്ല.  മാവോവാദികളുടെ 'ഏറ്റുമുട്ടല്‍' കൊലപാതകം, കൊടിഞ്ഞി ഫൈസല്‍, റിയാസ് മൗലവി വധം, സ്ത്രീകള്‍ക്കെതിരെ  ആക്രമണങ്ങള്‍, താനൂരിലെ പോലീസ് അതിക്രമവും മറൈന്‍ ഡ്രൈവിലെ ശിവസേനാ അതിക്രമവും തുടങ്ങി എത്രയോ പാളിച്ചകള്‍ ചുരുങ്ങിയ കാലം കൊണ്ട് സംസ്ഥാനത്ത് അരങ്ങേറി. സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ 'കേഡര്‍' പാര്‍ട്ടിയുടെ വ്യക്തമായ ഭൂരിപക്ഷത്തോടെ  അധികാരത്തിലിരിക്കുന്ന  മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. എന്നിട്ടുമെന്തേ ഭരണ നിയന്ത്രണം മുഖ്യമന്ത്രിയില്‍നിന്നും വഴുതിപ്പോകുന്നു എന്ന് സാമാന്യജനം ചിന്തിച്ചാല്‍ പഴിപറയാനാകില്ല. നൂലില്‍ കെട്ടിയിറക്കിയ ബെഹ്റ 'വലിയ മുതലാളി'ക്കു വേണ്ടി നടത്തുന്ന 'കൊട്ടാര സേവ' ഇടതുപക്ഷത്തിന്റെ അടിവേര് മാന്തുകയാണെന്ന്  പകല്‍ പോലെ വ്യക്തം. ഊരിപ്പിടിച്ച വാളിനു നടുവിലൂടെ നെഞ്ചും വിരിച്ച് നടന്ന സഖാവ്,  ലാവ്ലിന്‍ എന്ന വാളിനു താഴെ നിസ്സഹായനാവുന്നത് മതേതര കേരളത്തിന് ചെറുതല്ലാത്ത പരിക്കേല്‍പ്പിക്കുന്നുണ്ട്. പുരക്കു മേല്‍ ചാഞ്ഞാല്‍ സ്വര്‍ണം കായ്ക്കുന്ന മരമായാലും വെട്ടും എന്ന പഴംചൊല്ല്  പാര്‍ട്ടിക്കാരെങ്കിലും ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്.

സി.പി.എമ്മില്‍ പാര്‍ട്ടി സെക്രട്ടറിയായി ഒരാള്‍ക്ക് എത്ര കാലം വേണമെങ്കിലും ഇരിക്കാം, ജനങ്ങളുടെ മുഖ്യമന്ത്രിയായി ഇരിക്കാനാണ് ഇപ്പോള്‍ പൊല്ലാപ്പ്.  കോണ്‍ഗ്രസിലാവട്ടെ നേരെ തിരിച്ചും.

സലീംനൂര്‍ ഒരുമനയൂര്‍

 

പ്രവാചകവൈദ്യത്തിന്റെ കച്ചവട സാധ്യതകള്‍

പ്രവാചകവൈദ്യം എന്ന ചികിത്സാരീതി സമീപകാലത്ത് വ്യാപകമായും ആസൂത്രിതമായും കേരള മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിക്കപ്പെടുന്നതായി കാണുന്നു. മുമ്പ് ചില കോണുകളില്‍ മാത്രം ഒതുങ്ങിയിരുന്ന ഈ ചികിത്സാ രീതി ഇന്ന് നവ സാമൂഹിക-അച്ചടി മാധ്യമങ്ങളിലും പ്രചാരം നേടിയിരിക്കുന്നു. തെരുവോരങ്ങളിലും സമൂഹത്തിനിടയിലും ഇത് ചര്‍ച്ചയാക്കി നിയമസാധുത നേടിയെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. 

പ്രവാചകവൈദ്യമെന്ന പേരില്‍ പ്രചരിക്കുന്ന ചികിത്സാരീതി പ്രാമാണികവും ശാസ്ത്രീയവുമായി സ്ഥാപിതമായതാണെന്ന് പറയാനാകില്ല. ചില വിഷയങ്ങള്‍  നബി(സ) തന്റെ അനുചരന്മാരോട് മൊഴിഞ്ഞ കൂട്ടത്തില്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്ന നിര്‍ദേശങ്ങളും സൂചനകളും പ്രയോഗങ്ങളും കാണാം. അതില്‍തന്നെ ചില നിവേദനങ്ങളുടെ പ്രാബല്യവും പ്രാമാണികതയും പരിശോധിക്കേണ്ടതുണ്ട്. പ്രവാചകന്റെ ഇത്തരം ചില പ്രയോഗങ്ങള്‍ മതവിശ്വാസം കൂട്ടി 'ഗുളിക' പരുവത്തിലാക്കി, ഏച്ചുകൂട്ടി പ്രവാചകവൈദ്യം എന്ന പേരില്‍ സാമാന്യവത്കരണം നടത്തി, മുസ്‌ലിം സമൂഹത്തില്‍ പരീക്ഷിക്കാനുള്ള ശ്രമങ്ങള്‍ തെറ്റിദ്ധാരണാജനകമാണ്. പ്രബുദ്ധ സമൂഹത്തില്‍ ഇസ്‌ലാമിനെ സംബന്ധിച്ച് ഇത് ഉണ്ടാക്കുന്ന തെറ്റിദ്ധാരണകള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കേണ്ടത് വിശ്വാസികളുടെ കടമയാണ്. രോഗം വന്ന് പീഡ അനുഭവിക്കുന്നവരോട് പ്രവാചകന്‍ നിര്‍ദേശിക്കുന്നത് വൈദ്യന്മാരെ കണ്ട് ചികിത്സിക്കാനാണ്. 

ഇസ്‌ലാമിക പരിസരങ്ങളില്‍ വ്യവഹരിക്കപ്പെടുന്ന കണ്ണേറ്, മന്ത്രം, മാരണം, ഏലസ്സ് തുടങ്ങിയവയും ഈത്തപ്പഴം, തേന്‍, കരിഞ്ചീരകം, ഒലീവ് എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത്, വിശ്വാസത്തിന്റെ ചേരുവകള്‍ ചേര്‍ത്ത്, വിലക്ഷണമായ രീതിയില്‍ മുസ്‌ലിം സമൂഹത്തിന്റെ വികാരങ്ങളെ ചൂഷണം ചെയ്ത് തങ്ങളുടെ പോക്കറ്റുകള്‍ നിറക്കുകയാണ്. സൂക്ഷ്മതലത്തില്‍ പൊതുസമൂഹത്തില്‍ ഇസ്‌ലാമിന്റെ സൗന്ദര്യബോധത്തിനും വൈചാരിക-വിജ്ഞാനാന്വേഷണത്തിനും അവമതിപ്പ് സൃഷ്ടിക്കുന്ന നടപടിയാണിത്. 

ഇത്തരം വാദങ്ങള്‍ക്ക് സാധൂകരണം ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍, ഇസ്‌ലാമിക സാമൂഹിക പരിസരത്തെ സങ്കീര്‍ണമാക്കിയ ജിന്ന് ചികിത്സ, തിരുകേശം, തിരുവസ്ത്രം എന്നിവയുടെ പേരിലുള്ള വികലമായ ന്യായീകരണങ്ങള്‍ക്ക് കൂടുതല്‍ ബലം ലഭിക്കും. ഇത്തരം ഹിതകരമല്ലാത്ത വാദങ്ങള്‍ മുസ്‌ലിം ഉമ്മത്തിന്റെ സക്രിയതയെ ഇല്ലാതാക്കാനേ ഉപകരിക്കൂ. ഇത്തരം വാദഗതികള്‍ക്ക് തഴച്ചുവളരാനുള്ള അനുകൂല സാഹചര്യമൊരുക്കുന്നതിന് നമ്മുടെ നിസ്സംഗതയും മൗനവും ഒരിക്കലും കാരണമാകാതിരിക്കട്ടെ.

വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി 

 

മഖ്ദൂം തങ്ങള്‍ അസ്ഹറില്‍ പോയോ?

അജയ് ശേഖറിന്റെ ലേഖനം (ലക്കം 44) ഭാഷാശൈലികളും വേറിട്ട ചിന്തകളും കൊണ്ട് ശ്രദ്ധേയമായി. എന്നാല്‍ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ ഈജിപ്തിലെ അസ്ഹറില്‍ പോയി ഉപരിപഠനം നടത്തിയെന്ന് സൂചിപ്പിച്ചത് വസ്തുതാപരമായി എത്രമാത്രം ശരിയാണെന്നറിയില്ല. പ്രബോധനം പലരും അവലംബിക്കുന്ന ഒരു വാരികയായതിനാല്‍ തിരുത്ത് പ്രതീക്ഷിക്കുന്നു.

ഹഫീദ് നദ്‌വി കൊച്ചി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (53 - 71)
എ.വൈ.ആര്‍

ഹദീസ്‌

ദീനും ജിഹാദും
കെ.സി ജലീല്‍ പുളിക്കല്‍