Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 21

2998

1438 റജബ് 24

'പൊതു സിവില്‍കോഡ്, ഹിന്ദുകോഡ്, മുത്ത്വലാഖ്' പുസ്തകം വായിക്കുമ്പോള്‍

സാലിഹ് കോട്ടപ്പള്ളി

ഇന്ത്യയിലെ പൊതു സിവില്‍കോഡ് സംവാദങ്ങള്‍ക്ക് ഭരണഘടനാ നിര്‍മാണഘട്ടത്തോളം പഴക്കമുണ്ട്. ഭരണഘടനാ അസംബ്ലിയില്‍ ഏറ്റവും ചൂടുപിടിച്ച ചര്‍ച്ച നടന്ന വിഷയങ്ങളിലൊന്നും ഇതായിരുന്നു. ഭരണഘടനയിലെ മാര്‍ഗനിര്‍ദേശക തത്ത്വങ്ങളില്‍ ഇടംപിടിച്ച ഇക്കാര്യം ചര്‍ച്ചക്കുവന്നപ്പോള്‍ ഭരണഘടനാ അസംബ്ലിയില്‍ മതപരമായി ചേരിതിരിഞ്ഞ് അഭിപ്രായപ്രകടനങ്ങള്‍ നടന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഹിന്ദു ഭൂരിപക്ഷ രാജ്യത്ത് സമുദായത്തിന്റെ സ്വത്വം ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതകള്‍ മുന്നില്‍കണ്ട് അസംബ്ലിയിലെ മുസ്‌ലിം അംഗങ്ങള്‍ ഇക്കാര്യം ശക്തമായി തന്നെ ഉന്നയിച്ചു. പൊതു സിവില്‍കോഡ് അടിച്ചേല്‍പിക്കില്ലെന്ന അസംബ്ലി ചെയര്‍മാന്‍ കൂടിയായ ഡോ. ബി.ആര്‍ അംബേദ്കറിന്റെ ഉറപ്പിലാണ് പൊതു സിവില്‍കോഡ് ആര്‍ട്ടിക്ക്ള്‍ 44-ല്‍ ചേര്‍ക്കാന്‍ തീരുമാനമായത്. സ്വാതന്ത്ര്യാനന്തരം 1980-കളുടെ മധ്യത്തില്‍ ശാബാനു കേസിലെ സുപ്രീംകോടതിവിധിയെ തുടര്‍ന്ന് വിഷയം പൊതുസമൂഹത്തില്‍ വീണ്ടും ചര്‍ച്ചയായി. ശരീഅത്തുവിരുദ്ധ കാമ്പയിനായി മാറിയ ഈ സംവാദകാലത്ത് ഇന്ത്യയിലെ സെക്യുലര്‍ പണ്ഡിറ്റുകളായിരുന്നു പൊതു സിവില്‍കോഡിനായി കൂടുതല്‍ ഒച്ചവെച്ചത്. എന്നാല്‍ ഇതിന്റെ രാഷ്ട്രീയ നേട്ടം സംഘ് പരിവാറിനായിരുന്നു. 'അപരിഷ്‌കൃത ഇസ്‌ലാമിക നിയമം' മാറ്റി 'പരിഷ്‌കൃത സിവില്‍കോഡി'നുള്ള മുറവിളികള്‍ ആത്യന്തികമായി ഹിന്ദു ദേശീയതയുടെ ശക്തിപ്പെടലിനാണ് വഴിവെച്ചത്.

ഇന്ത്യയില്‍ എല്ലാ കാലത്തും മുസ്‌ലിം വിഷയം എന്ന നിലയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഇക്കാര്യം, യഥാര്‍ഥത്തില്‍ മുസ്‌ലിം സമൂഹത്തെ മാത്രം ബാധിക്കുന്ന ഒന്നായിരുന്നില്ല. ഇസ്‌ലാമിക വ്യക്തിനിയമങ്ങളെ ചുറ്റിപ്പറ്റി മാത്രം ചര്‍ച്ച പുരോഗമിക്കുന്നതിനാല്‍ ഈ വശം ശ്രദ്ധിക്കപ്പെടാറുമില്ല. പൊതു സിവില്‍കോഡ് എങ്ങനെയായിരിക്കും എന്നതിന്റെ രൂപരേഖ പോലും മുമ്പിലില്ലെന്നിരിക്കെ, അതു സംബന്ധമായ  വാക്‌പോരുകള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമുള്ളതാണെന്ന് വ്യക്തം. മുമ്പ് പൊതു സിവില്‍കോഡിനെ പിന്തുണച്ചിരുന്ന സെക്യുലറിസ്റ്റുകളും ഫെമിനിസ്റ്റുകളും ഇപ്പോള്‍ ചേരി മാറി സംസാരിക്കുന്നുണ്ട് എന്നതാണ് പ്രകടമായ ഒരു മാറ്റം. സംഘ്പരിവാര്‍ അധികാര രാഷ്ട്രീയത്തില്‍ മേല്‍കൈ നേടിയ ഘട്ടത്തില്‍ രൂപംകൊള്ളുന്ന സിവില്‍കോഡിനെ കുറിച്ച ആധിയായിരിക്കാം ഈ മാറ്റത്തിനു കാരണം. അതിനാല്‍ പൊതു സിവില്‍കോഡ് സംവാദങ്ങളിലും രാഷ്ട്രീയ ഇടപെടലുകളിലും മുസ്‌ലിം സമുദായം ഇന്ന് ഒറ്റക്കല്ല.

മലയാളത്തില്‍ ഏകസിവില്‍കോഡ്, ശരീഅത്ത്, മുസ്‌ലിം വ്യക്തിനിയമം എന്നീ വിഷയങ്ങളില്‍ കനപ്പെട്ട എഴുത്തുകള്‍ പലതും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ചിലത് പുസ്തകങ്ങളായി ക്രോഡീകരിക്കപ്പെട്ടിട്ടുമുണ്ട്. ഈ ഗണത്തില്‍ അവസാനം പുറത്തിറങ്ങിയ പുസ്തകമാണ് വി.എ കബീര്‍ എഡിറ്റ് ചെയ്ത 'പൊതു സിവില്‍കോഡ്, ഹിന്ദുകോഡ്, മുത്ത്വലാഖ്'. ദേശീയതലത്തില്‍ ശ്രദ്ധേയരായ രാഷ്ട്രീയ നേതാക്കള്‍, നിയമജ്ഞര്‍, അക്കാദമീഷ്യന്മാര്‍, സ്ത്രീവാദികള്‍ എന്നിവരുടെ ഏറ്റവും പുതിയ വിലയിരുത്തലുകള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്. പൊതുവെ പഠനാര്‍ഹമാണ് അവ. 

പൊതു സിവില്‍കോഡ് സംബന്ധമായ എല്ലാ വശങ്ങളും പരിശോധിക്കാന്‍ മോദി സര്‍ക്കാര്‍ നിയമ കമീഷനോട് നിര്‍ദേശിച്ച ഘട്ടത്തില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എഴുതിയ ലേഖനമാണ് ഒന്നാമതായി ചേര്‍ത്തിരിക്കുന്നത്. സ്വാഭാവികമായും  സര്‍ക്കാര്‍ നടപടിയെ ന്യായീകരിക്കുന്ന വെങ്കയ്യ നായിഡു, പൊതു സിവില്‍കോഡിലൂടെ ഒരു മതേതര നിയമസംഹിതയാണ് ലക്ഷ്യം വെക്കുന്നതെന്നും ഏതെങ്കിലും മതത്തെയോ ആചാരങ്ങളെയോ ഇത് ഉന്നംവെക്കുന്നില്ലെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു അവകാശവാദം നടത്തിയ ശേഷം ലേഖനത്തില്‍ പിന്നീട് മുത്ത്വലാഖ്, ബഹുഭാര്യത്വം എന്നിവ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഭാരതീയ മുസ്‌ലിം ആന്തോളന്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ സവിസ്തരം എടുത്തുചേര്‍ത്തിട്ടുണ്ട്! അഥവാ പ്രസ്തുത 'മതേതര നിയമസംഹിതയുടെ' ഉദ്ദേശ്യം  മുസ്‌ലിംകളെ 'ശുദ്ധീകരിക്കലാ'ണെന്ന് വെങ്കയ്യ നായിഡു പറയാതെ പറയുന്നു. 

ആര്‍.എസ്.എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കര്‍ 1970-കളുടെ തുടക്കത്തില്‍ നല്‍കിയ ഒരഭിമുഖമാണ് പിന്നീട് ചേര്‍ത്തിരിക്കുന്നത്. പൊതു സിവില്‍കോഡ് ആവശ്യമില്ലെന്ന അഭിപ്രായമാണ് അദ്ദേഹത്തിന്. സംഘ് പരിവാറിനകത്തെ വ്യത്യസ്ത അഭിപ്രായമെന്ന നിലക്ക് ഇതിന് പ്രസക്തിയുണ്ട്. അഭിമുഖത്തിലെ അവസാന ചോദ്യം, 'മുസ്‌ലിം സ്ത്രീകളെ രക്ഷിക്കാതിരിക്കുന്നത് ശരിയാണോ' എന്നാണ്. അഥവാ പൊതു സിവില്‍കോഡ് മുസ്‌ലിം സ്ത്രീയെ 'രക്ഷിക്കാനാ'ണ് എന്ന ധാരണ അന്നുതന്നെ രൂപപ്പെട്ടിട്ടുണ്ട്.

പ്രമുഖ നിയമജ്ഞന്‍ എ.ജി നൂറാനിയുടെ ലേഖനം പൊതു സിവില്‍കോഡ് വിഷയത്തില്‍ കോടതികളുടെ അത്യാവേശം തുറന്നുകാണിക്കുന്നു. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്ത്വങ്ങള്‍ കോടതിക്ക് നിര്‍ബന്ധിച്ച് നടപ്പാക്കാന്‍ കഴിയുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പൊതു സിവില്‍കോഡ് സംബന്ധമായി ഭരണഘടനാ നിര്‍മാതാക്കള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ഭരണഘടനാ നിര്‍മാണ സഭയിലെ ചര്‍ച്ചകള്‍ ഉദ്ധരിച്ച് നൂറാനി വിശദീകരിക്കുന്നുണ്ട്. കോടതി ഉത്തരവിലൂടെ നടപ്പാക്കേണ്ട ഒന്നല്ല ഇത്. പാര്‍ലമെന്റിലാണ് ചര്‍ച്ചകള്‍ വരേണ്ടത്. സംഘ് പരിവാര്‍ സിവില്‍കോഡ് അടിച്ചേല്‍പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും, നിര്‍ഭാഗ്യവശാല്‍ 1985 മുതല്‍ ഇതേ കടുത്ത സമീപനമാണ് സുപ്രീം കോടതി ജഡ്ജിമാരും സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു. 

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ ന്യായാധിപനായിരുന്ന ജസ്റ്റിസ് കെ. കണ്ണന്റെ ലേഖനത്തില്‍, വ്യക്തിനിയമങ്ങളില്‍നിന്ന് ഏറ്റവും നല്ലതിനെ സ്വാംശീകരിച്ച് ക്രമപ്രവൃദ്ധമായി ഒരു പൊതു സിവില്‍കോഡിലെത്തണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെക്കുന്നത്. മുസ്‌ലിം വ്യക്തി നിയമത്തിലെ നീതിപൂര്‍വകമായ ഭാഗങ്ങള്‍ അംഗീകരിക്കാന്‍ തുനിഞ്ഞാല്‍ ന്യൂനപക്ഷപ്രീണനം എന്ന മുറുമുറുപ്പായിരിക്കും കേള്‍ക്കേണ്ടിവരികയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഹൈദരാബാദിലെ നെല്‍സാര്‍ യൂനിവേഴ്‌സിറ്റി ഓഫ് ലോയുടെ വൈസ് ചാന്‍സ്‌ലറായ ഡോ. ഫൈസാന്‍ മുസ്തഫയുടെ രണ്ട് ലേഖനങ്ങള്‍ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. പൊതു സിവില്‍കോഡ് സംബന്ധിച്ച് മുസ്‌ലിംകള്‍ക്കിടയിലെ അവ്യക്തതയെയും തെറ്റിദ്ധാരണകളെയും കുറിച്ചാണ് ഒന്നാം ലേഖനം. ഏക സിവില്‍കോഡിന് വ്യക്തിപരമായി എതിരല്ലെന്ന് വ്യക്തമാക്കുന്ന രണ്ടാമത്തെ ലേഖനത്തില്‍ ഭാരതീയ മുസ്‌ലിം ആന്തോളന്‍ വ്യക്തിനിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തയാറാക്കിയ റിപ്പോര്‍ട്ടുകളുടെ അശാസ്ത്രീയത വ്യക്തമാക്കുന്നുണ്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകയും ആക്ടിവിസ്റ്റുമായ ഫഌവിയ ആഗ്‌നസിന്റെ മൂന്ന് എഴുത്തുകളും പഠനാര്‍ഹവും വിഷയത്തില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതുമാണ്. 

ജെ.എന്‍.യുവിലെ പ്രഫസര്‍ നിവേദിത മേനോന്റെ ലേഖനത്തില്‍ പൊതു സിവില്‍കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ലിംഗനീതിയുമായി ബന്ധമില്ലെന്നും മുസ്‌ലിംകളെ 'അച്ചടക്കം' പഠിപ്പിക്കാനുള്ള ഹിന്ദു ദേശീയ അജണ്ട മാത്രമാണിതെന്നും പറയുന്നുണ്ട്. ലിംഗനീതിയാണ് നിയമ പരിഷ്‌കരണത്തിന്റെ കേന്ദ്രബിന്ദുവെങ്കില്‍ ബഹുഭാര്യത്വമോ മുത്ത്വലാഖോ അല്ലായിരുന്നു ചര്‍ച്ച ചെയ്യേപ്പെടേണ്ടതെന്നും അവര്‍ വാദിക്കുന്നു. 

ഗോവയിലെ അഭിഭാഷകയും ആക്ടിവിസ്റ്റുമായ ആല്‍ബര്‍ട്ടിനാ അല്‍മിഡ, മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍, ഹൈദരബാദ് ഇഫഌവിലെ അസോ. പ്രഫസര്‍ ഡോ. ബി.എസ് ഷെറിന്‍, ഗവേഷകയായ ഉമ്മുല്‍ ഫായിസ എന്നിവരുടെ ലേഖനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. 

പൊതു സിവില്‍കോഡ് സംബന്ധമായ നിയമ കമീഷന്റെ ചോദ്യാവലിയും, ശരീഅത്തിനെ കുറിച്ച സയ്യിദ് ഖുത്വ്ബിന്റെയും സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെയും ലേഖനങ്ങളും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.

കോഴിക്കോട് പ്രതീക്ഷാ ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില: 165 രൂപ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (54 - 62)
എ.വൈ.ആര്‍

ഹദീസ്‌

ആരാണ് സമര്‍ഥന്‍?
കെ.സി ജലീല്‍ പുളിക്കല്‍