Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 14

2997

1438 റജബ് 17

'യഥാര്‍ഥ സംഭവങ്ങ'ളെ മലയാള സിനിമ പകര്‍ത്തുമ്പോള്‍

ഐ. സമീല്‍

2014 ജൂലൈയില്‍ ഇറാഖിലെ സായുധരായ സുന്നി വിമതരുടെ പിടിയില്‍നിന്ന് മലയാളി നഴ്‌സുമാരെ മോചിപ്പിച്ച 'യഥാര്‍ഥ സംഭവ'ത്തെ അടിസ്ഥാനമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'ടേക് ഓഫ്' (2017) സിനിമയുടെ അവസാനത്തില്‍ നായികാ കഥാപാത്രമായ സമീറയെ അവതരിപ്പിച്ച നടി പാര്‍വതി 'യഥാര്‍ഥ' നായിക കോട്ടയം സ്വദേശിനി മെറിന്‍ എം. ജോസിനൊപ്പം നില്‍ക്കുന്ന ചിത്രം കാണിക്കുന്നുണ്ട്. മെറിന്‍ ആണ് സമീറ എന്ന നായികാ കഥാപാത്രത്തിന്റെ പൂര്‍വരൂപമെന്ന് സിനിമ തന്നെ സ്വയം അടയാളപ്പെടുത്തുന്ന സന്ദര്‍ഭം. അപ്പോള്‍ ന്യായമായ ചോദ്യം, രണ്ട് മണിക്കൂര്‍ 19 മിനിറ്റ് നേരം തിരശ്ശീലയില്‍ കാണിച്ച യഥാര്‍ഥ 'സമീറ' ആരാണ്? 

ഈ ചോദ്യം യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി മലയാള സിനിമ എടുക്കാന്‍ തുടങ്ങിയ കാലം മുതലുണ്ട്. അല്ല, യഥാര്‍ഥ സംഭവങ്ങളില്‍നിന്ന് 'ഊര്‍ജ'മുള്‍ക്കൊണ്ട് മലയാള സാഹിത്യരചനകള്‍ പിറക്കുന്ന കാലം തൊട്ടേയുണ്ട്. കുറച്ചുകൂടി വ്യക്തമാക്കി പറഞ്ഞാല്‍ മലയാള സാഹിത്യത്തിന്റെയും കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും 'മുസ്‌ലിം ഭീതി'യില്‍ ഒളിഞ്ഞുകിടപ്പുണ്ട്. വടക്കന്‍ പാട്ടുകള്‍, ടിപ്പു സുല്‍ത്താന്റെ മലബാറിലെ പടയോട്ടം, 1921-ലെ മലബാര്‍ സമരം എന്നീ സംഭവങ്ങളെ മലയാള സാഹിത്യലോകം സമീപിച്ചതില്‍നിന്ന് ഇക്കാര്യം വ്യക്തമാവും. വടക്കന്‍ പാട്ടുകളില്‍ പോര്‍ച്ചുഗീസ് കാലത്തെ രാഷ്ട്രീയ ചെറുത്തുനില്‍പിന്റെ പ്രതീകമായിരുന്ന കുഞ്ഞാലി മരക്കാര്‍ നാലാമനെ ചിത്രീകരിച്ചതിലും ടിപ്പു സുല്‍ത്താന്റെ മലബാര്‍ പടയോട്ടത്തെ കുറിച്ച വിവരണങ്ങളിലും (ഉദാ: എ.ആര്‍ രാജരാജ വര്‍മയുടെ സാഹിത്യ സഹ്യത്തിലെ -1911- 'പടയോട്ടം' എന്ന ഭാഗം) 1921-ലെ മലബാര്‍ സമരത്തെ മുന്‍നിര്‍ത്തി വന്ന മഹാകവി കുമാരനാശാന്റെ 'ദുരവസ്ഥ' (1922) എന്ന ഖണ്ഡകാവ്യത്തിലും ഇതു കാണാം. 

ഇറാഖില്‍നിന്ന് മോചിതരായ 46 നഴ്‌സുമാരില്‍ ഒരാള്‍പോലും മുസ്‌ലിമായിരുന്നില്ലെന്ന് തിരിച്ചറിയുമ്പോഴാണ് 'സമീറ' എന്ന നായികാ കഥാപാത്ര സൃഷ്ടിയിലൂടെ ഈ സിനിമ നടത്തുന്ന മുസ്‌ലിം വംശവെറിയുടെ ആഴം മനസ്സിലാവുക. കേരളത്തില്‍ മുസ്‌ലിം സമുദായം മുസ്‌ലിം സ്ത്രീകളുടെയും ഇറാഖില്‍ ഇസ്‌ലാമിക തീവ്രവാദികള്‍ മൊത്തം സ്ത്രീകളുടെയും ജീവിതത്തെ ഒരുപോലെ അപായപ്പെടുത്തുകയാണെന്ന ഗുരുതര ആരോപണമാണ് സമീറ എന്ന സാങ്കല്‍പിക കഥാപാത്ര സൃഷ്ടിയിലൂടെ സിനിമ മുന്നോട്ടുവെക്കുന്നത്. യഥാര്‍ഥ സംഭവങ്ങളോട് ഒരു തരത്തിലും ബന്ധമില്ലാത്ത കേരളീയ മുസ്‌ലിം കുടുംബ പശ്ചാത്തലം ഈ സിനിമയില്‍ ചേര്‍ത്തുവെക്കുന്നത് മുസ്‌ലിം ഭീതിയുടെ പുതിയ കാലത്തെ അടയാളപ്പെടുത്തുന്നുണ്ട്. 

സിനിമയുടെ ആദ്യപാതി മുഴുവന്‍ സ്വന്തം കുടുംബത്തില്‍നിന്നും മുസ്‌ലിം സമുദായത്തില്‍നിന്നും സമീറയെന്ന തന്റേടിയായ പെണ്ണിന് നേരിടേണ്ടിവരുന്ന ദുരിതങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്. ഗള്‍ഫില്‍ ഭര്‍ത്താവിന്റെ കൂട്ടുകുടുംബത്തില്‍ കഴിയുന്ന സമീറ പുറത്തുപോയി തൊഴിലെടുത്ത് സ്വന്തം പിതാവിനെയും സഹോദരിമാരെയും പോറ്റുന്നത് ഭര്‍ത്താവ് ഫൈസലിനും (ആസിഫലി) കുടുംബത്തിനുമുണ്ടാക്കുന്ന അതൃപ്തിയില്‍നിന്നാണ് സമീറയുടെ വിവാഹമോചനമെന്ന കഥപറച്ചിലിലൂടെ മുസ്‌ലിം സമുദായം അടിമുടി സ്ത്രീവിരുദ്ധമാണെന്ന പല്ലവി ആവര്‍ത്തിക്കുന്നത്. ഫൈസലിന്റെ കുടുംബത്തിന്റെ ദൃശ്യപരിചരണത്തില്‍ തന്നെ ഈ മുസ്‌ലിം വംശവെറി അടങ്ങിയിരിക്കുന്നു. സമീറയെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഫൈസലിനെ സ്വുബ്ഹ് നമസ്‌കാരത്തിനായി പിതാവ് വിളിച്ചുണര്‍ത്തിക്കൊണ്ടുപോകുന്ന ദൃശ്യം/ഭര്‍തൃപിതാവടക്കമുള്ളവരിരിക്കുന്ന (ആണധികാര കേന്ദ്രം) ഡൈനിംഗ് ടേബിളില്‍നിന്ന് 'തലയില്‍ തട്ടമിടാത്ത' സമീറ ഭക്ഷണമെടുത്ത് സ്വന്തം മുറിയില്‍ പോകുന്നത്/ ഫഌറ്റില്‍നിന്ന് പര്‍ദയിടാതെ ജോലിക്ക് പോകുന്ന സമീറയെ ജനലിലൂടെ നോക്കുന്ന 'മഫ്തയിട്ട' ഭര്‍തൃമാതാവിന്റെയും സഹോദര ഭാര്യമാരുടെയും ദൃശ്യം എന്നിവയിലെല്ലാം കാമറയുടെ വംശീയബോധം കാണാം. 

പര്‍ദയോടും മഫ്തയോടുമുള്ള സിനിമയുടെ അതൃപ്തി സമീറ പര്‍ദ ധരിക്കാനെടുക്കുന്ന തീരുമാനത്തില്‍ പ്രതിഫലിക്കുന്നുണ്ട്. രണ്ടാം ഭര്‍ത്താവായ ശഹീദില്‍നിന്ന് താന്‍ ഗര്‍ഭിണിയാണെന്ന വിവരം കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നും 'മറച്ചുപിടിക്കാ'നാണ് സമീറ പര്‍ദയിടുന്നത്. മുസ്‌ലിം സ്ത്രീ സ്വമനസ്സാലെയല്ല, എന്തെങ്കിലും മറച്ചുപിടിക്കേണ്ട സാഹചര്യത്തിലാണ് പര്‍ദയും മഫ്തയും അണിയുന്നതെന്നും സിനിമ പറഞ്ഞുവെക്കുന്നു. വിവാഹമോചിതയായി കേരളത്തിലെത്തിയ ശേഷം അമ്മാവനടക്കമുള്ള 'മുസ്‌ലിം പുരുഷന്മാരുടെ' അധികാരകേന്ദ്രവുമായി ഏറ്റുമുട്ടേണ്ട അവസ്ഥയിലാണ് സമീറ. തന്നിലെ സ്ത്രീയുടെ സ്വതന്ത്ര വ്യക്തിയെ 'അംഗീകരിക്കുന്ന' സഹപ്രവര്‍ത്തകനായ ശഹീദിനെ (കുഞ്ചാക്കോ ബോബന്‍) രണ്ടാമത് വിവാഹം കഴിക്കുന്നതുതന്നെ ഈ 'മുസ്‌ലിം ആണധികാര' കേന്ദ്രത്തില്‍നിന്ന് ഇറാഖിലേക്ക് രക്ഷപ്പെടാമെന്ന വ്യാമോഹം കൊണ്ടാണെന്നും സിനിമ പറഞ്ഞുവെക്കുന്നു. 

 

സമീറ മറച്ചുവെക്കുന്നത് ആരുടെ ജീവിതങ്ങളെ?

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലുമടക്കം ജോലിചെയ്യുന്ന മലയാളി നഴ്‌സുമാരില്‍ എത്ര ശതമാനമാണ് മുസ്‌ലിം സമുദായത്തില്‍നിന്നുള്ളവര്‍ എന്ന ചെറിയൊരു കണക്കെടുപ്പ് നടത്തിയാല്‍ തന്നെ 'ടേക് ഓഫ്' സിനിമയുടെ സ്രഷ്ടാക്കള്‍ മറച്ചുവെക്കുന്നത് ആരുടെ ജീവിതമാണെന്ന് പിടികിട്ടും. മധ്യകേരളത്തില്‍നിന്ന് വിശേഷിച്ച് ക്രിസ്ത്യന്‍ സമുദായത്തില്‍നിന്നുള്ളവരാണ് മലയാളി നഴ്‌സുമാരില്‍ ഭൂരിഭാഗവുമെന്ന് മനസ്സിലാക്കാന്‍ ഇറാഖില്‍നിന്ന് മടങ്ങിയ 46 നഴ്‌സുമാരുടെ ഒറ്റ ഉദാഹരണം മാത്രം മതിയാകും. സമീറ എന്ന സാങ്കല്‍പിക മുസ്‌ലിം നഴ്‌സും അവളുടെ യാഥാസ്ഥിതിക മുസ്‌ലിം കുടുംബവും ഇല്ലാതാകുന്നതോടെ സിനിമയുടെ കാമറ തിരിക്കേണ്ടിവരുന്നത് ആരുടെ ജീവിതങ്ങളിലേക്കാകും? ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാഖിലേക്ക് സ്വന്തം പെണ്‍മക്കളെ പറഞ്ഞയച്ച മധ്യകേരളത്തിലെ ആ കുടുംബങ്ങളിലേക്ക് എന്നാണുത്തരം. 

അങ്ങനെ വരുമ്പോള്‍ അത് മധ്യകേരളത്തിലെ ഏതെങ്കിലും നഴ്‌സുമാരുടെ വീട്ടിലേക്ക് മാത്രമായി പരിമിതപ്പെടില്ല. നഴ്‌സിംഗ് മേഖലയിലെ കഴുത്തറപ്പന്‍ ഫീസും പഠനത്തിന് ചെലവായ പണം ഈടാക്കാനായി കൂടുതല്‍ ശമ്പളം കിട്ടുന്ന ഏത് നരകത്തിലേക്കും മക്കളെ പറഞ്ഞയക്കുന്ന മാതാപിതാക്കളിലേക്കും ഭര്‍ത്താക്കന്മാരിലേക്കുമെല്ലാം കാമറ പതിയേണ്ടിവരും. സിനിമയിലൊരിടത്ത് ഒരു കഥാപാത്രമിത് പറയുന്നുണ്ട്, 'കാശില്ലാതെ അങ്ങോട്ട് വരേണ്ടെന്നാണ് അഛന്‍ പറയുന്നത്'. കുടുംബത്തിന്റെ ഊഷ്മളതയേക്കാളും സ്വന്തം പെണ്‍മക്കളുടെ ജീവനേക്കാളും പണമാണ് വലുത് എന്നു കരുതുന്ന 'യഥാര്‍ഥ' കുടുംബങ്ങളിലേക്ക് കാമറ ഒരിക്കലും തിരിയരുതെന്ന് ഈ സിനിമക്ക് നിര്‍ബന്ധമുണ്ട്. ബാധ്യതകള്‍ തീര്‍ക്കാന്‍ വിവാഹവും കുടുംബ ജീവിതവും നീട്ടിവെക്കപ്പെടുന്ന മലയാളി നഴ്‌സുമാരുടെ 'യഥാര്‍ഥ' മനുഷ്യാവകാശ പ്രശ്‌നങ്ങളും മുസ്‌ലിം വംശവെറിയുടെ ചെലവില്‍ ഈ സിനിമ മൂടിവെക്കുന്നുണ്ട്. 

 

'അവര്‍ ഞങ്ങളോട് സ്‌നേഹത്തോടെ പെരുമാറി'

'തിക്‌രീതിലെ ടീച്ചിംഗ് ആശുപത്രിയില്‍നിന്ന് മൂസ്വിലിലേക്കുള്ള യാത്രയിലും പിന്നീടും സുന്നി വിമതര്‍ ഞങ്ങളോട് സ്‌നേഹത്തോടെയാണ് പെരുമാറിയതെന്ന് നഴ്‌സുമാരിലൊരാളായ മാവേലിക്കര സ്വദേശി ജയലക്ഷ്മി പറഞ്ഞു.' നഴ്‌സുമാര്‍ കേരളത്തിലെത്തിയ ദിവസത്തെ പത്രവാര്‍ത്തയാണിത്. 'അവര്‍ സഹോദരന്മാരെ പോലെയാണ് പെരുമാറിയതെ'ന്ന് മറ്റു നഴ്‌സുമാരും പറഞ്ഞതായി പത്രങ്ങളും ചാനലുകളും അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂസ്വിലില്‍നിന്ന് ഇര്‍ബില്‍ വിമാനത്താവളത്തിലേക്കുള്ള യാത്രക്കായി നഴ്‌സുമാരുടെ ലഗേജുകള്‍ ബസില്‍ കയറ്റാന്‍ സഹായിച്ചത് മൂസ്വില്‍ പ്രാദേശിക ഭരണകൂടത്തിലെ സൈനികര്‍ (പടിഞ്ഞാറന്‍ മാധ്യമഭാഷയില്‍ ഐ.എസ് ഭീകരര്‍) ആണെന്ന് കോട്ടയം സ്വദേശി ശ്രുതിയും പറഞ്ഞിരുന്നു. 

ഇറാഖീസൈന്യം ആശുപത്രി ബോംബിട്ട് തകര്‍ക്കുന്നതിനു മുമ്പായി നഴ്‌സുമാരെ മൂസ്വിലിലേക്ക് മാറ്റിയ (നഴ്‌സുമാരുടെ വാക്കുകളില്‍ അക്ഷരാര്‍ഥത്തില്‍ തന്നെ തങ്ങളുടെ ജീവന്‍ രക്ഷിച്ച) വിമത സൈനികരെ 'ടേക് ഓഫ്' സിനിമയില്‍ കാണാന്‍ കഴിയില്ല. പകരം നഴ്‌സുമാര്‍ ഇതുവരെ ആരോപിക്കാത്ത വംശവെറിയുല്‍പാദിപ്പിക്കുന്ന പെരുംനുണകളാണ് സിനിമയുടെ രണ്ടാം പാതിയിലുള്ളത്. 

മുസ്‌ലിംകളല്ലാത്ത നഴ്‌സുമാരെ മൂസ്വിലിലേക്ക് മാറ്റില്ലെന്നാണ് സിനിമയില്‍ വിമതസൈനികര്‍ പറയുന്നത്. നഴ്‌സുമാരില്‍ ഒരാള്‍പോലും മുസ്‌ലിമല്ലെന്ന് വിമതര്‍ക്ക് അറിയാമായിരുന്നുവെന്നതാണ് 'യാഥാര്‍ഥ്യം'. എന്നിട്ടും സമീറ എന്ന സാങ്കല്‍പിക കഥാപാത്രത്തെ ഉപയോഗിച്ച് സിനിമ കടുത്ത മുസ്‌ലിം വിദ്വേഷം ഉല്‍പാദിപ്പിക്കുന്നു. തങ്ങളെല്ലാം മുസ്‌ലിംകളാണെന്ന് വിമതസൈനികരെ ധരിപ്പിക്കാന്‍ സമീറയാണ് മറ്റുള്ളവര്‍ക്ക് മഫ്ത ധരിക്കുന്നതും നമസ്‌കരിക്കുന്നതുമെല്ലാം പഠിപ്പിക്കുന്നത്. മുസ്‌ലിം തീവ്രവാദികളുടെ ബജയണറ്റിന് കീഴില്‍ സമീറയുടെ നേതൃത്വത്തില്‍ നമസ്‌കരിക്കുന്ന നഴ്‌സുമാരുടെ ദൃശ്യം സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന 'നിര്‍ബന്ധിത മതപരിവര്‍ത്തന' കഥകളേക്കാള്‍ ആയിരം മടങ്ങ് സ്‌ഫോടക ശേഷിയുള്ളതാണ്. 

 

യസീദി മുസ്‌ലിം പ്രത്യക്ഷമാക്കുന്നതും യു.എസ് സൈന്യം അപ്രത്യക്ഷമാക്കുന്നതും

ഇറാഖ് സംഘര്‍ഷത്തെ കുറിച്ച ഏതൊരു സംസാരവും തുടങ്ങുന്നത് അമേരിക്കന്‍ സൈന്യത്തിന്റെ ഇറാഖ് അധിനിവേശത്തോടെയാണ്. ലക്ഷങ്ങളെ കൂട്ടക്കൊല ചെയ്ത മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും രക്തരൂഷിതമായ അധിനിവേശങ്ങളിലൊന്നിന്റെ ബാക്കിപത്രം മാത്രമാണ് ഇറാഖില്‍ ഇപ്പോഴും തുടരുന്ന സംഘര്‍ഷങ്ങള്‍. വിസ്മയകരമെന്നു പറയട്ടെ, 'ടേക് ഓഫ്' അബദ്ധത്തില്‍പോലും അക്കാര്യം പരാമര്‍ശിക്കുന്നില്ല. എന്നുമാത്രമല്ല, നഴ്‌സുമാര്‍ക്ക് ഭക്ഷണമെത്തിക്കുന്ന റെഡ് ക്രോസ് വളന്റിയര്‍മാരായാണ് ഇറാഖിലെ 'നല്ലവരായ' പാശ്ചാത്യരുടെ സാന്നിധ്യം സിനിമ അടയാളപ്പെടുത്തുന്നത്. 

അമേരിക്കന്‍ സൈനിക സാന്നിധ്യത്തെ കുറിച്ച് ബോധപൂര്‍വം മറക്കുന്ന സിനിമ ഇറാഖിലെ മുസ്‌ലിംകള്‍ക്കിടയിലെ ഭാഷാ-ദേശ വൈരുധ്യങ്ങളെയും അതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെയും ഒട്ടും മറക്കുന്നില്ല. സമീറക്കും ശാഹിദിനുമൊപ്പം ജോലിചെയ്യുന്ന ഡോക്ടര്‍ ദമ്പതികളില്‍പെട്ട യസീദി വനിതക്ക് ഇറാഖി സൈന്യത്തില്‍നിന്നും വിമതരില്‍നിന്നും നേരിടേണ്ടിവരുന്ന വിവേചനം സിനിമ അവസാനം വരെയും പിന്തുടരുന്നു. 

സമാനമായി നഴ്‌സുമാരുടെ മോചനശ്രമങ്ങളില്‍ ഇന്ത്യന്‍ മിഷനെയും അംബാസഡറെയും വിദേശകാര്യ മന്ത്രാലയത്തെയും അന്നത്തെ മുഖ്യമന്ത്രിയെയും വരെ ഓര്‍മിക്കുന്ന 'ടേക് ഓഫ്', മോചനത്തില്‍ സുപ്രധാന നയതന്ത്ര നീക്കങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ മുന്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹ്മദിനെ ബോധപൂര്‍വം മറക്കുന്നു. നഴ്‌സുമാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട നയതന്ത്രനീക്കത്തെക്കുറിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വാരാജ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും നടത്തിയ വിശദീകരണത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം ഇ. അഹ്മദിന്റെ സേവനങ്ങളെയും പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. സിനിമയുടെ 'ബോധപൂര്‍വമായ മറവി'(Selective Amnesia)യില്‍ ഇ. അഹ്മദ് ഉള്‍പ്പെട്ടത് സ്വാഭാവികം മാത്രം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (46 - 53)
എ.വൈ.ആര്‍

ഹദീസ്‌

പരീക്ഷണങ്ങളെ നേരിടേണ്ടത്
കെ.സി ജലീല്‍ പുളിക്കല്‍