Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 14

2997

1438 റജബ് 17

സാമൂഹിക നിര്‍മിതിയിലേക്ക് വാതില്‍ തുറക്കുന്ന മസ്ജിദുകള്‍

എം.എസ് ഷൈജു

ഇസ്ലാമിന്റെ അവിഭാജ്യ ഘടകങ്ങളാണ് മസ്ജിദുകള്‍. ഇസ്ലാം വിഭാവനം ചെയ്യുന്ന പുണ്യസങ്കല്‍പത്തില്‍ മസ്ജിദുകളുടെ നിര്‍മിതികളോളം പോന്ന പദാര്‍ഥപരമായ വലിയ പുണ്യങ്ങള്‍ വേറെയില്ല. വിശുദ്ധവും ഉദാത്തവുമായ പദവിയാണ് ഇസ്ലാം മസ്ജിദുകള്‍ക്ക് നല്‍കുന്നത്. ഒരേ സമയം വ്യക്തിയുടെ അകത്തേക്കും സമൂഹങ്ങളിലേക്ക് പുറത്തേക്കും തുറന്നുവെച്ചിരിക്കുന്ന വാതിലുകളാണ് ഓരോ മസ്ജിദിലുമുള്ളത്. ഭൂമിയിലെ മനുഷ്യ പ്രതിനിധാനവുമായി ബന്ധപ്പെട്ട മസ്ജിദുകളുടെ സ്ഥാനത്തെയും വിശുദ്ധിയെയും സൂചിപ്പിക്കാനായി പ്രയോഗിക്കുന്നത് 'ദൈവത്തിന്റെ ഭവനങ്ങള്‍' എന്നാണ്. ഇസ്‌ലാം നിര്‍വഹിക്കുന്ന ബഹുമുഖ ദൗത്യങ്ങളിലോരോന്നിലും മസ്ജിദുകള്‍ക്ക് സുപ്രധാന സ്ഥാനമുണ്ട്.

ആത്മീയ സായൂജ്യത്തിനും സംസ്‌കരണത്തിനുമുള്ള കേന്ദ്രങ്ങളായി മാത്രമല്ല ഇസ്ലാം മസ്ജിദുകളെ പരിഗണിച്ചിരിക്കുന്നതെന്നും ഓരോ കാലത്തും അവക്ക് നിര്‍വഹിക്കാനുള്ളത് വലിയ സാമൂഹിക ദൗത്യങ്ങള്‍ കൂടിയാണെന്നും മനസ്സിലാക്കാന്‍ മസ്ജിദുകളുമായി ബന്ധപ്പെട്ട് പ്രവാചകന്‍ (സ) നടത്തിയിരിക്കുന്ന പരാമര്‍ശങ്ങളും പ്രവാചക ചരിത്രത്തിലെ ആദ്യത്തെ മസ്ജിദിന്റെ നിര്‍മാണം മുതല്‍ അതിലൂടെ നിര്‍വഹിക്കപ്പെട്ടിട്ടുള്ള വിവിധ ഇടപെടലുകളും സാക്ഷ്യം നില്‍ക്കുന്നു. ഒരിടത്ത് വിശുദ്ധവും ആത്മീയപോഷണപരവുമായ ആരാധനകള്‍ അതിന്റെ സമ്പൂര്‍ണമായ വിശുദ്ധിയോടെ നടക്കുമ്പോള്‍ തന്നെ മറ്റൊരു ഭാഗത്ത് അശരണര്‍ക്ക് അത്താണിയാകുന്ന ആശ്വാസ ഭവനമായും സന്ധിചര്‍ച്ചകള്‍ നടക്കുന്ന നയതന്ത്രകാര്യാലയമായും വൈദേശിക ബന്ധങ്ങളെ കോര്‍ത്തിണക്കുന്ന തന്ത്രപ്രധാനമായ കേന്ദ്രമായും ആലോചനകളും ചര്‍ച്ചകളും ചൂടുപിടിക്കുന്ന ആഭ്യന്തര കേന്ദ്രമായും ഭൂമിയിലെ മനുഷ്യ ഭാഗധേയത്തെ നിര്‍വചിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന സാമൂഹിക കേന്ദ്രങ്ങളായുമൊക്കെയാണ് പ്രവാചക കാലഘട്ടത്തില്‍  മസ്ജിദുകള്‍ വര്‍ത്തിച്ചിട്ടുള്ളത്. 

ദേശരാഷ്ട്ര വ്യവസ്ഥകളും സാമൂഹിക ഘടനകളും രൂപപ്പെടുന്നതിനു മുമ്പാണ് പ്രവാചകന്‍(സ) മസ്ജിദുകള്‍ നിര്‍മിക്കുന്നത്. അക്കാലത്ത് നിലനിന്ന പ്രാദേശികവും ഗോത്രാധിഷ്ഠിതവുമായ സാമൂഹിക ഘടനയുടെ പശ്ചാത്തലത്തിലുള്ള ഇടപെടലുകളാണ് മസ്ജിദുകളിലൂടെ പ്രവാചകന്‍ സാധ്യമാക്കിയത്. ഇസ്ലാം രൂപപ്പെടുത്തിയ നാഗരിക നിര്‍മിതിയുടെ കേന്ദ്രസ്ഥാനവും ഇവ തന്നെയായിരുന്നു. മസ്ജിദുകളില്‍  ആത്മീയാന്വേഷണങ്ങള്‍ ദിശതെറ്റാതെ തുടരുമ്പോഴും അവിടെ നിന്ന് രൂപപ്പെടേണ്ട സാമൂഹികവും വൈജ്ഞാനികവുമായ ഇടപെടലുകള്‍ ഇസ്ലാമിന്റെ ജ്ഞാനപ്രകാശനമെന്ന മാനദണ്ഡത്തില്‍, നിലനില്‍ക്കുന്ന സാമൂഹിക ഘടനകളോട് അനുപൂരകങ്ങളാകുമ്പോള്‍ മാത്രമേ മസ്ജിദുകള്‍ പ്രതിനിധാനം ചെയ്യുന്ന സാമൂഹിക ദൗത്യങ്ങള്‍ നിര്‍വഹിക്കപ്പെടുകയുള്ളൂ. 

സാമൂഹിക വളര്‍ച്ചക്ക് ഉതകുംവിധം ചലനാത്മകത ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമ്പോഴാണ് മസ്ജിദുകളുമായി ബന്ധപ്പെട്ട പ്രവാചകചര്യകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത്.  അക്കാലത്ത് നിലനിന്നിരുന്ന മറ്റു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുമായി തുലനപ്പെടുത്തുമ്പോഴാണ് പ്രവാചകന്‍ നിര്‍മിച്ചതും നിര്‍മിക്കാന്‍ പ്രോത്സാഹിപ്പിച്ചതുമായ മസ്ജിദുകള്‍ ആരാധനാ കേന്ദ്രങ്ങള്‍ മാത്രമല്ലായിരുന്നുവെന്നും അവക്കപ്പുറം വലിയ ചുമതലകള്‍ മസ്ജിദുകള്‍ ഏറ്റെടുത്തിട്ടുണ്ടായിരുന്നുവെന്നും ബോധ്യപ്പെടുക. മദീനയില്‍ പ്രവാചകന്‍ (സ) കഴിച്ചുകൂട്ടിയ പത്തു വര്‍ഷം കൊണ്ട് ചരിത്രത്തില്‍ എക്കാലത്തും പ്രശോഭിച്ചു നില്‍ക്കുന്ന ഉജ്ജ്വലമായ ഒരു വിപ്ലവം സാധ്യമാക്കുന്നതിനായി അദ്ദേഹം ഉപയോഗപ്പെടുത്തിയ സാമൂഹിക ഉപകരണം മസ്ജിദുകളല്ലാതെ മറ്റൊന്നുമല്ലായിരുന്നു. 

ഇസ്ലാം വിഭാവനം ചെയ്യുന്ന നാഗരികത സംയോജനത്തിന്റേതാണ്. ആ സംയോജനത്തിന് വേണ്ട വിഭവങ്ങളെയും സേവനങ്ങളെയും മസ്ജിദുകളിലൂടെ പൊതുസമൂഹത്തിലേക്ക് പ്രസരിപ്പിച്ചിരുന്നതിന് പ്രവാചക ചരിത്രത്തില്‍ ധാരാളം തെളിവുകളുണ്ട്. ഒരാള്‍ മസ്ജിദുമായി ബന്ധിക്കപ്പെട്ടവനായല്ലാതെ സമൂഹത്തില്‍ ജീവിക്കുന്നത് ഇസ്ലാം നിരാകരിക്കാനുള്ള കാരണം ആത്മീയതയോടൊപ്പം സാമൂഹികം കൂടിയാണെന്ന് മനസ്സിലാക്കാന്‍ കഴിയും.  

സുദീര്‍ഘമായ പതിമൂന്ന് വര്‍ഷം പ്രവാചകനും സഖാക്കളും മക്കയില്‍ ഇസ്ലാമിക ജീവിതം നയിച്ചിട്ടും ഒരു പള്ളിയുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. നിര്‍ബന്ധ നമസ്‌കാരങ്ങളടക്കമുള്ള നിരവധി ആരാധനകള്‍ മക്കയില്‍ വെച്ച് തന്നെ മുസ്ലിംകള്‍ അനുഷ്ഠിച്ചുതുടങ്ങിയിരുന്നു. എന്നിട്ടും അക്കാലത്തൊന്നും ഒരു ആരാധനാലയം ഉണ്ടാക്കാനായി പ്രവാചകന്‍ ഒരു ആഹ്വാനവും ഉയര്‍ത്തിയിരുന്നില്ല. മുസ്ലിം ജീവിതം ഇത്രമേല്‍ മസ്ജിദുകളുമായി ബന്ധിക്കപ്പെട്ട നിലയിലുള്ളതായിട്ടും എന്തുകൊണ്ട് പ്രവാചകന്‍ മക്കാ കാലഘട്ടത്തില്‍ ഇത്തരമൊരാഹ്വാനം ഉയര്‍ത്തിയില്ല എന്നത് ഇസ്ലാമിന്റെ സാമൂഹിക പ്രതിനിധാനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന ഒരു സംശയമാണ്. മക്കയില്‍ കഅ്ബാലയം നിലനില്‍ക്കുന്നതുകൊണ്ടാണ് പ്രവാചകന്‍ പുതിയൊരു ആരാധനാലയത്തിനായി തുനിയാതിരുന്നത് എന്നൊരു ന്യായം ഉയര്‍ന്നുവന്നേക്കാമെങ്കിലും, അക്കാലത്ത് കഅ്ബയിലോ പരിസരങ്ങളിലോ ആരാധനകളര്‍പ്പിക്കാന്‍ പ്രവാചകനോ വിശ്വാസികള്‍ക്കോ യാതൊരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ലെന്നതും കഅ്ബക്ക് വിദൂരമായതും മക്കയുടെ പ്രാന്തപ്രദേശങ്ങളില്‍പെട്ടതുമായ ചിലയിടങ്ങളില്‍ വിശ്വാസികള്‍ പാര്‍ത്തിരുന്നുവെന്നതും ഇവര്‍ക്കും പ്രത്യേകമായ ആരാധനാലയങ്ങളൊന്നും പ്രവാചകന്‍ നിശ്ചയിച്ചു നല്‍കിയിട്ടില്ലെന്നതും ഈ വാദങ്ങളെ അപ്രസക്തമാക്കുന്നു. ആരാധനകള്‍ക്ക് മാത്രമായി ഒരു കേന്ദ്രമെന്ന സങ്കല്‍പത്തെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് മനസ്സിലാക്കിത്തരുന്ന സൂചനകളും ഖുര്‍ആനില്‍ കാണാന്‍ സാധിക്കും. ഭൂമി മുഴുവന്‍ ദൈവപ്രണാമത്തിന് യോഗ്യമാണെന്നും നിങ്ങളുടെ മുഖം ഏതെങ്കിലും പ്രത്യേകമായ ദിക്കിലേക്ക് മാത്രമായി തിരിക്കുന്നതിലല്ല പുണ്യമെന്നും വ്യക്തമാക്കുന്ന ആയത്തുകള്‍ ഈ ആശയത്തെ ബലപ്പെടുത്തുന്നു.

മക്കയില്‍നിന്ന് ആരംഭിച്ച ഹിജ്റ പ്രവാചകന്‍ അവസാനിപ്പിക്കുന്നത് മദീനയിലെത്തി, ഒരു പള്ളിയുടെ നിര്‍മാണത്തിലൂടെയാണ്. മദീനയിലെത്തിയ ഉടന്‍ പ്രവാചകന്‍ ഒരു മസ്ജിദ് നിര്‍മിച്ചത് എന്തുകൊണ്ടായിരിക്കും? വലിയ ആലോചനകള്‍ക്ക് ഈ ചോദ്യം വഴിതുറക്കുന്നുണ്ട്. ഇസ്ലാമിന് നിര്‍വഹിക്കാനുള്ള ബൃഹത്തായ ഒരു ദൗത്യത്തിന്റെ പ്രത്യക്ഷ പ്രതീകമായിരുന്നു പ്രവാചകന്റെ ആ നിര്‍മിതി. ഒരു ജനതയെ മുഴുവന്‍ കേന്ദ്രീകരിക്കാന്‍ ഉതകുന്ന വിധം പ്രവാചകന്‍ മസ്ജിദിനെ ചിട്ടപ്പെടുത്തി. ഇന്നലെവരെ സ്വന്തം ഭവനങ്ങളിലും സ്വകാര്യതകളിലുമായി ആരാധനകള്‍ നിര്‍വഹിച്ചുപോന്ന വിശ്വാസികളെ സംബന്ധിച്ചേടത്തോളം ഒരു പുതിയ അനുഭവമായിരുന്നു മസ്ജിദ്. പക്ഷേ, പള്ളിയിലേക്കുള്ള വിളിക്ക് അന്ന് നല്‍കപ്പെട്ട ഉത്തരങ്ങളുടെ അന്തസ്സാരവും ലക്ഷ്യങ്ങളും ഉള്‍ക്കൊണ്ട് ഇന്നത്തെ കാലത്ത് ആ ആഹ്വാനത്തോട്് പ്രതികരിക്കാന്‍ നമുക്ക് എത്രമാത്രം സാധിക്കുന്നുണ്ടെന്നത് മറ്റൊരു കാര്യം. കേവലം പ്രാര്‍ഥനകള്‍ നിര്‍വഹിക്കാന്‍ മാത്രമുള്ള വിളിയായിരുന്നില്ല അതെന്ന് വ്യക്തം. ആ വിളി കേട്ട് കടന്നുവന്നവര്‍ ഏതൊക്കെ വിധത്തില്‍ അവരുടെ ജീവിത ദൗത്യങ്ങള്‍ നിര്‍വഹിച്ചുവെന്നും അതിലേക്ക് അവരുടെ ചിന്തകളെ പാകപ്പെടുത്തിയെടുക്കുന്നതിന് മസ്ജിദുകള്‍ എന്ത് പങ്കുവഹിച്ചിരുന്നുവെന്നും അക്കാലത്തെ ചരിത്രവായനകള്‍ നമ്മെ ബോധ്യപ്പെടുത്തും. സ്വന്തം ജീവിതവിജയത്തിന്റെ വ്യത്യസ്ത മാര്‍ഗങ്ങളെ സംബന്ധിച്ചുള്ള അന്വേഷണങ്ങളുയര്‍ത്തുന്ന ആ ആഹ്വാനങ്ങള്‍ക്ക് സാമൂഹികമായി വലിയ ആഴങ്ങളുണ്ടായിരുന്നു. ഇസ്ലാം മദീനയിലും തുടര്‍ന്ന് അറേബ്യന്‍ ഉപദ്വീപിലും സാധ്യമാക്കിയ സാമൂഹിക വിപ്ലവത്തില്‍ ഈ ആഹ്വാനങ്ങള്‍ നിര്‍വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. 

മക്കയില്‍ വെച്ച് ഒറ്റക്കും വികേന്ദ്രീകൃതമായും നിര്‍വഹിക്കപ്പെട്ടിരുന്ന നമസ്‌കാരങ്ങളെ പ്രവാചകന്‍ മദീനയില്‍ വെച്ച് സമ്പൂര്‍ണമായും മസ്ജിദുമായി ബന്ധിപ്പിച്ചു. ഘട്ടം ഘട്ടമായി മസ്ജിദിന്റെ ഉത്തരവാദിത്തങ്ങള്‍ വികസിപ്പിക്കപ്പെട്ടുകൊണ്ടേയിരുന്നു. മദീനയെ ഒരു ക്ഷേമ രാഷ്ട്രവും മാതൃകാ സമൂഹവുമായി പരിവര്‍ത്തിപ്പിക്കുന്നതില്‍ മദീനയിലെ പ്രവാചകന്റെ മസ്ജിദ് നിര്‍വഹിച്ചത് ബഹുമുഖമായ ചുമതലകളാണ്. മസ്ജിദിന്റെ വികാസം ഒരര്‍ഥത്തില്‍ അവിടത്തെ സമൂഹത്തിന്റെ വികാസമായിരുന്നു. മദീനയിലെ സാമൂഹിക സാഹചര്യങ്ങള്‍ മസ്ജിദുകള്‍ക്കുള്ളില്‍ ചലനങ്ങളുണ്ടാക്കിയിരുന്നു. സാമൂഹിക നിര്‍മിതിയുടെ ഓരോ ഘട്ടത്തിലും  പ്രവാചകന്റെ മസ്ജിദ്, അതിന്റെ പങ്ക് നിര്‍വഹിച്ചുകൊണ്ടേയിരുന്നു. മദീനയിലെ വിശ്വാസിസമൂഹത്തിന്റെ പരിഛേദമായിരുന്നു പ്രവാചകന്‍ നിര്‍മിച്ച മസ്ജിദ്.  പള്ളിയിലെ മിമ്പറുകള്‍ പള്ളിക്കുള്ളില്‍ മാത്രമല്ല, സമൂഹത്തിലും ഉയര്‍ന്നുതന്നെ നിന്നു. വര്‍ത്തമാന കാലത്ത് സാമൂഹികമായ വളര്‍ച്ചക്കൊപ്പം സഞ്ചരിക്കാന്‍ മിമ്പറുകള്‍ക്ക് സാധിക്കാതെപോയതിന്റെയും സാമൂഹികമായ ഔന്നത്യങ്ങള്‍ പ്രാപിക്കാന്‍ സാധിക്കാതെ മിമ്പറുകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപോയതിന്റെയും കെടുതികള്‍ മുസ്ലിം സമൂഹങ്ങള്‍ ഇന്ന് അനുഭവിക്കുന്നു്.

ഇസ്ലാമിന്റെ സ്ത്രീപക്ഷ ഇടപെടലുകള്‍ക്കും പ്രവാചകന്‍ വേദിയാക്കിയത് മസ്ജിദുകളെത്തന്നെയായിരുന്നു. മസ്ജിദുകള്‍ പുരുഷന്മാരുടെ മാത്രം ആത്മീയ പോഷണത്തിനും ആരാധനകള്‍ക്കും മാത്രമല്ലെന്ന് തെളിയിക്കുന്ന സുപ്രധാനമായ ഒരു ഇടപെടലായിരുന്നു മസ്ജിദുകളിലേക്ക് സ്ത്രീകളെക്കൂടി കൊുവരുന്നതിലൂടെ പ്രവാചകന്‍ നടത്തിയത്. ഇസ്ലാം വിഭാവനം ചെയ്യുന്ന സാമൂഹിക നിര്‍മിതിയിലും അതിനുള്ള പരിശ്രമങ്ങളിലും സ്ത്രീകള്‍ക്ക് പുരുഷന്മാരെപ്പോലെ അവകാശങ്ങളുണ്ടെന്ന പ്രഖ്യാപനമായിരുന്നു അവിടെ നടന്നത്. 

മസ്ജിദുകളില്‍ നടക്കുന്ന ആത്മീയാനുഷ്ഠാനങ്ങളുടെ ഫലസത്തകള്‍ വൈയക്തികമായി കണ്ടെത്തേണ്ടതും അനുഭവിക്കേണ്ടതുമാണെങ്കില്‍ മസ്ജിദുകള്‍ ഉല്‍പ്പാദിപ്പിക്കേണ്ട സാമൂഹിക ലക്ഷ്യങ്ങള്‍ അവ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന് മുഴുവന്‍ അവകാശപ്പെട്ടതാണ്. സാമുദായികതകളുടെയും വര്‍ഗബോധങ്ങളുടെയും അടിസ്ഥാനത്തിലല്ലാതെയുള്ള വിശാലമായ മാനവികതയുടെ പ്രതിബിംബങ്ങളാകാന്‍ ദൈവത്തിന്റെ ഭവനങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്. പക്ഷപാതിത്വമില്ലായ്മയുടെ പ്രതീകങ്ങളാകാന്‍ നമ്മുടെ മസ്ജിദുകള്‍ക്ക് എന്നാണ് സാധിക്കുക? ദൗത്യങ്ങള്‍ നിര്‍വഹിക്കപ്പെടാത്ത മസ്ജിദുകള്‍ ദൈവിക ഭവനങ്ങളെന്ന വിശേഷണങ്ങള്‍ക്ക് അര്‍ഹമാണോ എന്ന ചിന്തക്കും പ്രസക്തിയുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (46 - 53)
എ.വൈ.ആര്‍

ഹദീസ്‌

പരീക്ഷണങ്ങളെ നേരിടേണ്ടത്
കെ.സി ജലീല്‍ പുളിക്കല്‍