Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 14

2997

1438 റജബ് 17

മഹല്ല് ശാക്തീകരണത്തിന്റെ പ്രായോഗിക വഴികള്‍

അഡ്വ. എസ്. മമ്മു/ ബഷീര്‍ തൃപ്പനച്ചി

മുഴുസമയ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കാലം. വെള്ളിയാഴ്ചകളിലാണ് കസ്റ്റഡി പ്രതികളെ കോടതിയില്‍ ഹാജരാക്കുക. മോഷണവും അടിപിടിയുമടക്കമുള്ള ക്രിമിനല്‍ കേസുകളിലെ പ്രതികളധികവും മുസ്‌ലിംകളായിരിക്കും. അവരുടെ പേരുകള്‍ വായിക്കുമ്പോള്‍ സഹപ്രവര്‍ത്തകരായ വക്കീലുമാര്‍ എന്നെയൊന്ന് പാളി നോക്കും. 'എന്താടോ നിന്റെ സമുദായം ഇങ്ങനെ' എന്നാണ് ആ നോട്ടത്തിന്റെ അര്‍ഥം. പല പ്രാവശ്യം ഈ നോട്ടത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ തലതാഴ്ത്തി നിന്നിട്ടുണ്ട്. അഭിഭാഷക ജീവിതത്തില്‍ ചില നിയന്ത്രണങ്ങള്‍ വരുത്തിയപ്പോള്‍ സമുദായത്തിന്റെ ധാര്‍മിക പുരോഗതിക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയുണ്ടായി. ജീവിതവൃത്തിക്കായുള്ള ജോലിക്കൊപ്പം, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എന്തു ചെയ്തുവെന്ന ചോദ്യത്തിന് നാളെ പരലോകത്ത് മറുപടി പറയേതുല്ലോ. മഹല്ലാണല്ലോ മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ പ്രഥമവും മുഖ്യവുമായ കൂട്ടായ്മ. ഒരു മഹല്ല് നന്നായാല്‍ അവിടെയുള്ള വ്യക്തികളും നന്നാവും. നിലവിലുള്ള മഹല്ല് പ്രവര്‍ത്തനങ്ങള്‍ വളരെ പരിമിതമായ അജണ്ടകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവ വിപുലപ്പെടുത്താനുള്ള മാര്‍ഗങ്ങളെ കുറിച്ച് ആലോചിച്ചു. മഹല്ല് എന്ന അധികാര വ്യവസ്ഥക്കു കീഴില്‍ അനേകം പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുമെന്നും അവയെല്ലാം മുസ്‌ലിം സമുദായം ഏറ്റെടുക്കുമെന്നും പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. 

രാഷ്ട്രീയമായി മുസ്‌ലിം ലീഗും മതപരമായി സമസ്തയുമാണ് മുസ്‌ലിം സമുദായത്തിലെ പ്രബല കക്ഷികള്‍. ഈ രണ്ട് വിഭാഗത്തിന്റെയും പിന്തുണയോടെ നടപ്പിലാകുന്ന ശാക്തീകരണ അജണ്ടകളേ സമുദായം ഏറ്റെടുക്കൂ. ഇതര പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന മാതൃകകള്‍ സംശയത്തോടെയാകും പരമ്പരാഗത  മഹല്ലുകള്‍ വീക്ഷിക്കുക. അവ നിരാകരിക്കപ്പെടുക സ്വാഭാവികം. തങ്ങളുമായി മത വിഷയങ്ങളില്‍ തര്‍ക്കത്തിലേര്‍പ്പെടുന്ന ഒരു കക്ഷിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാന്‍ അവര്‍ക്കാവില്ലല്ലോ. അതിനാല്‍തന്നെ മഹല്ലുകളുടെ നിലനില്‍ക്കുന്ന സംവിധാനവും ഫിഖ്ഹീ-മദ്ഹബ് കാഴ്ചപ്പാടുകളും തകര്‍ക്കാതെയും പരിക്കേല്‍പിക്കാതെയുമുള്ള മഹല്ല് ശാക്തീകരണ അജണ്ടകളാണ് ആസൂത്രണം ചെയ്യേണ്ടിയിരുന്നത്. അത്തരം പരിപാടികള്‍ മാതൃകാപരമായി നടപ്പിലാക്കാന്‍ പറ്റിയത് ലീഗിനും സമസ്തക്കും സ്വാധീനമുള്ള മഹല്ലുകളാണ്. 

വിദ്യാര്‍ഥികാലത്ത് എം.എസ്.എഫിന്റെ സംസ്ഥാന നേതൃരംഗത്ത് ഞാനുണ്ടായിരുന്നെങ്കിലും അതിനു ശേഷം മുസ്‌ലിം ലീഗില്‍ മെമ്പര്‍ഷിപ്പ് എടുത്തിരുന്നില്ല. 'സമസ്ത'യുടെ നേതാക്കളുമായി അടുത്ത ബന്ധമുെണ്ടങ്കിലും അംഗത്വമുായിരുന്നില്ല. അഭിഭാഷക ജീവിതകാലത്ത് തന്നെ പല പരിപാടികളിലൂടെയും എനിക്ക് നല്ല ബന്ധമുണ്ടായിരുന്ന കണ്ണൂര്‍ നടുവില്‍ മഹല്ല് കമ്മിറ്റിയുമായാണ് മഹല്ല് ശാക്തീകരണ ചിന്തകള്‍ ആദ്യമായി പങ്കുവെച്ചത്. അവരത് അവതരിപ്പിക്കാന്‍ മഹല്ല് കമ്മിറ്റിയംഗങ്ങളും ഉസ്താദുമാരും മറ്റു പൗരപ്രമുഖരും ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ചുചേര്‍ത്തു. ഉസ്താദിന്റെ ദുആയും ആമുഖവുമെല്ലാം പിന്നിട്ട് യോഗം പകുതിയായപ്പോള്‍ അദ്ദേഹത്തിന് ഫോണ്‍ വന്നു. 'അവിടെ മഹല്ല് ശാക്തീകരണ പദ്ധതിയുമായി വന്നിരിക്കുന്ന മമ്മു മുജ-ജമ ആശയത്തില്‍പെട്ട പുത്തന്‍വാദിയാണ്' എന്നായിരുന്നു അതിന്റെ സന്ദേശം. അതോടെ ആ യോഗം പിരിച്ചുവിട്ടതായി ഉസ്താദ് പ്രഖ്യാപിച്ചു. പക്ഷേ, ഞാന്‍ നിരാശനായി പിന്തിരിഞ്ഞില്ല. എന്റെ പുത്തന്‍വാദ ബന്ധങ്ങള്‍ അന്വേഷിക്കാന്‍ അവരോട് പറഞ്ഞു. തുടര്‍ന്നും നിരന്തരമായി  മഹല്ല് ഭാരവാഹികളോട് ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ ആറു മാസത്തിനു ശേഷം അവര്‍ വീണ്ടും യോഗം വിളിച്ചുചേര്‍ത്ത് അതിലേക്ക് എന്നെ ക്ഷണിച്ചു.

മഹല്ലില്‍ എത്ര വീടുകളുണ്ടെന്ന് തിട്ടപ്പെടുത്താനും അവരുടെ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തികാവസ്ഥകള്‍ മനസ്സിലാക്കാനും ഒരു പ്രാഥമിക സര്‍വേ നടത്താന്‍ മഹല്ല് കമ്മിറ്റി തീരുമാനിച്ചു. 535 വീടുകളുണ്ടെന്ന് തിട്ടപ്പെടുത്തിയ ശേഷം പ്രഥമ പരിപാടിയെക്കുറിച്ച് ആലോചിച്ചു. ആ വര്‍ഷം പത്താം ക്ലാസ്സും പ്ലസ്ടുവും എഴുതുന്ന കുട്ടികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ്സും ട്യൂഷനും നല്‍കാന്‍ തീരുമാനിച്ചു. 2010-ലാണ് ഈ പരിപാടി നടപ്പിലാക്കിയത്. ആ വര്‍ഷത്തെ പൊതു പരീക്ഷയില്‍ പതിവില്‍ കവിഞ്ഞ വിജയം മഹല്ലിലെ വിദ്യാര്‍ഥികള്‍ നേടിയതോടെ ശാക്തീകരണ പരിപാടികളുടെ തുടര്‍ച്ചക്ക് മഹല്ല് നേതൃത്വവും നിവാസികളും ആവേശപൂര്‍വം മുന്നോട്ടുവന്നു. മഹല്ലിലെ മുഴുവന്‍ പേരെയും വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സ്ത്രീകള്‍, വിവാഹിതര്‍, അവിവാഹിതര്‍, കൗമാരപ്രായക്കാര്‍ എന്നിങ്ങനെ തരം തിരിച്ച് വ്യത്യസ്ത സൈക്കോളജിക്കല്‍ മോട്ടിവേഷന്‍ ക്ലാസ്സുകള്‍ നല്‍കി.

നടുവില്‍ മഹല്ലിലെ പ്രായ-ലിംഗ ഭേദമന്യേ മുഴുവന്‍ പേര്‍ക്കും ശാക്തീകരണ പദ്ധതികളുടെ ആവശ്യം ബോധ്യമായതോടെ ഒരു സമ്പൂര്‍ണ മഹല്ല് സംഗമം വിളിച്ചുചേര്‍ത്തു. 2011-ല്‍ നടന്ന ഈ സംഗമത്തില്‍ വെച്ച് മഹല്ല് കമ്മിറ്റിക്കു കീഴില്‍ ഒരു സെന്‍ട്രല്‍ സെക്ടര്‍ കമ്മിറ്റിയും 16 സെക്ടര്‍ കമ്മിറ്റികളും രൂപീകരിച്ചു. 30-40 വീടുകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ഒരു സെക്ടര്‍. പള്ളി-മദ്‌റസാ നടത്തിപ്പും ആരാധനാനുഷ്ഠാനങ്ങളുടെ മേല്‍നോട്ടവുമൊന്നും സെക്ടര്‍ കമ്മിറ്റികളുടെ ഉത്തരവാദിത്തമായിരുന്നില്ല. അതിനാല്‍ ഐകകണ്‌ഠ്യേന വനിതകളും സെക്ടര്‍ കമ്മിറ്റികളുടെ നേതൃസ്ഥാനത്തേക്ക് നിയമിക്കപ്പെട്ടു. ചെയര്‍മാന്‍, കണ്‍വീനര്‍, ട്രഷറര്‍, രണ്ട് വനിതാ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഒരു സെക്ടര്‍ നിയന്ത്രിച്ചിരുന്നത്. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തില്‍ സജീവമായ വനിതകള്‍ ചില സെക്ടറുകളുടെ നടത്തിപ്പില്‍ മുഖ്യപങ്കാളിത്തം വഹിക്കുന്നു. ഓരോ സെക്ടറിനു കീഴിലെ കുടുംബങ്ങളുടെയും സര്‍വതലത്തിലുമുള്ള ശാക്തീകരണമായിരുന്നു അവരുടെ ചുമതല. സെന്‍ട്രല്‍ കമ്മിറ്റി തീരുമാനിക്കുന്ന പരിപാടിക്കൊപ്പം സ്വതന്ത്രമായി പദ്ധതികളാവിഷ്‌കരിക്കാനും സെക്ടറുകള്‍ക്ക് അനുവാദം നല്‍കി.

സെന്‍ട്രല്‍ കമ്മിറ്റിയും സെക്ടറുകളും മാസത്തില്‍ യോഗം ചേര്‍ന്നുതുടങ്ങിയതോടെ വ്യത്യസ്ത പരിപാടികള്‍ ആവിഷ്‌കരിക്കപ്പെട്ടു. ഒരു കുടുംബത്തില്‍നിന്ന് 25 രൂപ വീതം നിക്ഷേപമായി സ്വീകരിച്ച് 2011-ല്‍ ആരംഭിച്ച 'മിതവ്യയ നിക്ഷേപ ഫണ്ട്' സാമ്പത്തിക സഹായ രംഗത്തെ ആദ്യ പ്രോജക്ടായിരുന്നു. നിശ്ചിത മാസം വരെ നിക്ഷേപം മാത്രമായിരുന്നു ഈ ഡെപ്പോസിറ്റ് സ്‌കീമില്‍ ഉണ്ടായിരുന്നത്. നല്ലൊരു മൂലധനം സ്വരൂപിച്ചപ്പോള്‍ പലിശരഹിത ലോണ്‍ പദ്ധതി ആരംഭിച്ചു. തുടക്കത്തില്‍ പതിനായിരവും പിന്നീട് 25000 രൂപയും ലോണ്‍ അനുവദിച്ചു തുടങ്ങി. ലോണ്‍ അനുവദിക്കുന്ന സെന്‍ട്രല്‍ കമ്മിറ്റി വ്യക്തികള്‍ക്കല്ല, സെക്ടറുകള്‍ക്കാണ് സംഖ്യ കൈമാറിയിരുന്നത്. സംഖ്യ തിരിച്ചടക്കേണ്ടതും സെക്ടറുകളായിരുന്നു. അതോടെ നടത്തിപ്പിന് യാതൊരു പ്രയാസവും ഈ പദ്ധതി നേരിട്ടില്ല. 2015-ല്‍ ഡെപ്പോസിറ്റ് സ്‌കീം ഓഡിറ്റിംഗിന് വിധേയമാക്കുമ്പോള്‍ 45 ലക്ഷം രൂപയായി മൂലധനം വര്‍ധിച്ചിരുന്നു. 10 മാസം കൊണ്ട് തിരിച്ചടക്കുന്ന വിധത്തിലായിരുന്നു ലോണ്‍ വ്യവസ്ഥയുണ്ടായിരുന്നത്. മാസത്തിലെ വരിസംഖ്യക്ക്  പുറമെ ലോണ്‍ അടവും കൂടി വന്നതോടെ പണം ഒരിടത്ത് കെട്ടി നില്‍ക്കാതെ സര്‍ക്കുലേറ്റ് ചെയ്തുതുടങ്ങി. അതിന്റെ ഫലമായി 56 ലക്ഷം രൂപ മൂലധനം കൊണ്ട് ആറു വര്‍ഷത്തിനുള്ളില്‍ ഒരു കോടി 48 ലക്ഷം രൂപയുടെ ലോണ്‍ അനുവദിക്കാന്‍ ഈ സംരംഭത്തിന് സാധിച്ചു. ഇപ്പോള്‍ വ്യക്തിഗത ലോണുകള്‍ക്കു പുറമെ കൂട്ടുസംരംഭങ്ങള്‍ക്കും മറ്റു പ്രോജക്ടുകള്‍ക്കും രണ്ടോ മൂന്നോ ലക്ഷം വരെ ലോണ്‍ കൊടുക്കാമെന്ന ആലോചനയിലേക്ക് ഈ സാമ്പത്തിക സഹായനിധി വളര്‍ന്നു. നടുവില്‍ മഹല്ലിന്റെ മാതൃകയില്‍ പിന്നീട് പല മഹല്ലുകളിലും ഈ പദ്ധതി നടപ്പിലാക്കി. അന്നത്തെ 25 രൂപക്ക് പകരം 200 രൂപ വരെ ഇപ്പോള്‍ മാസസംഖ്യ ഈടാക്കുന്നുവെന്നു മാത്രം. ഡെപ്പോസിറ്റ് സ്‌കീമിന് പുറമെ പ്രതിമാസം 250 രൂപ നല്‍കാന്‍ കഴിയാത്തവരെ ഉള്‍പ്പെടുത്തി ഒരു പൊതു നന്മ ഫണ്ടിനും നടുവില്‍ മഹല്ല് രൂപം നല്‍കിയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ഇങ്ങനെയാണ് സ്വരൂപിച്ചിരുന്നത്. ഈ ആവശ്യാര്‍ഥം മുഴുവന്‍ വീടുകളിലും കലക്ഷന്‍ ബോക്‌സ് സ്ഥാപിക്കുകയും ചെയ്തു.

എല്ലാ നാട്ടിലെയും പോലെ മഴക്കാല രോഗങ്ങള്‍ നടുവില്‍ മഹല്ലിലും സാധാരണമായിരുന്നു. ഇതില്‍ പല രോഗങ്ങള്‍ക്കും വൃത്തിഹീനമായ ചുറ്റുപാടും പരിസരവുമായിരുന്നു കാരണം. സെക്ടര്‍ യോഗങ്ങളില്‍ ഇത് ചര്‍ച്ചയായി. അതോടെ മഹല്ലിലെ മുഴുവന്‍ വീടും പരിസരവും പൊതുവഴികളും തോടും ഓവുചാലുകളും അങ്ങാടിയും വൃത്തിയാക്കാന്‍ തീരുമാനിച്ചു. ഇതിനായി 2011 ജൂണ്‍ ഒന്നു മുതല്‍ 31 വരെ ശുചീകരണ മാസമായി മഹല്ല് പ്രഖ്യാപിച്ചു. ഈ കാലയളവില്‍ ഏറ്റവും മികച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സെക്ടറിനും കുടുംബത്തിനും മഹല്ല് അവാര്‍ഡ് പ്രഖ്യാപിച്ചു. ശുചീകരണ പദ്ധതിയില്‍ പങ്കെടുക്കാത്ത കുടുംബങ്ങളുടെ പേര് മഹല്ല് നോട്ടീസ് ബോര്‍ഡില്‍ പതിക്കുമെന്ന മുന്നറിയിപ്പും നല്‍കി. അതോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒരു മത്സരമായി സെക്ടറുകള്‍ ഏറ്റെടുത്തു. തുടക്കത്തില്‍ മുസ്‌ലിം വീടുകളും പരിസരങ്ങളും മാത്രമാണ് ശുചീകരണത്തില്‍ ഉള്‍പ്പെടുത്തിയത്. ആദ്യഘട്ട അവലോകന യോഗത്തില്‍ ഇത് ചര്‍ച്ചക്ക് വന്നു. അയല്‍പ്പക്കക്കാര്‍ മുസ്‌ലിംകള്‍ അല്ല എന്നതിന്റെ പേരില്‍ അവരുടെ വീടും പരിസരവും വൃത്തിയാക്കാതെ ഒഴിവാക്കിയാല്‍ കാമ്പയിനിന്റെ ലക്ഷ്യം നേടാനാവില്ലെന്ന് അവര്‍ സ്വയം തിരിച്ചറിഞ്ഞു. അതോടെ രണ്ടാം ഘട്ടത്തില്‍ മഹല്ല് ഇറക്കിയ ബോധവത്കരണ നോട്ടീസുമായി  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുവേി അവര്‍ സഹോദര സമുദായ വീടുകളിലേക്കും കയറിച്ചെന്നു. അതോടെ മത-ജാതി ഭേദമന്യേ എല്ലാവരും എല്ലായിടവും വൃത്തിയാക്കാനിറങ്ങി. ഒരു മുസ്‌ലിം മഹല്ലിന്റെ പരിപാടി ഒരു നാട് മൊത്തം ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 2011-നു ശേഷം എല്ലാ ജൂണ്‍ മാസത്തിലും ഈ ശുചിത്വ കാമ്പയിന്‍ തുടര്‍ന്നുപോരുന്നു. 30-40 ശതമാനത്തോളം ജലജന്യ രോഗങ്ങള്‍ മഹല്ലില്‍ കുറഞ്ഞുവെന്ന് പറയുന്നത് ആരോഗ്യവകുപ്പാണ്. സമ്പൂര്‍ണ ക്ലീന്‍ മഹല്ല് പ്രഖ്യാപനത്തിനുള്ള തയാറെടുപ്പിലേക്ക് നടുവില്‍ മഹല്ലിനെ ഈ ശുചീകരണ കാമ്പയിന്‍ ഇപ്പോള്‍ എത്തിച്ചിരിക്കുന്നു.

ഇത്തരം പദ്ധതികള്‍ നടക്കുന്നതിനൊപ്പം തന്നെ ഓരോ സെക്ടറും സ്വതന്ത്രമായ പരിപാടികളും ആവിഷ്‌കരിച്ചു മുന്നോട്ടുവന്നു. തയ്യല്‍ മെഷീന്‍ വിതരണം, സ്വയം തൊഴില്‍ പദ്ധതികള്‍, ടെറസുകളില്‍ അടക്കമുള്ള കൃഷി രീതികള്‍ തുടങ്ങിയവ മാതൃകാ പദ്ധതികളാണ്. സെക്ടറുകള്‍ വ്യവസ്ഥാപിതമായി മാസത്തില്‍ യോഗം ചേര്‍ന്നു തുടങ്ങിയതോടെ അതൊരു നല്ല അയല്‍ക്കൂട്ട സംവിധാനമായി മാറി. കുട്ടികളും സ്ത്രീകളുമടക്കം മുഴുവന്‍ പേരും സെക്ടര്‍ യോഗങ്ങളില്‍ പങ്കെടുക്കുമായിരുന്നു. 15 വയസ്സിനു മുകളിലുള്ള ഒരു വ്യക്തി തുടര്‍ച്ചയായി മൂന്ന് സെക്ടറില്‍ ഹാജരാവാതിരുന്നാല്‍ അവനോട് സംസാരിച്ച് ആ കൂട്ടായ്മയിലേക്ക് തിരിച്ചുകൊണ്ടുവരുമായിരുന്നു. ഈ മാസത്തെ സംഗമത്തിന്റെ ഫലമായി അയല്‍പ്പക്കബന്ധം ദൃഢമായി. പ്രശ്‌നങ്ങളും പ്രയാസങ്ങളും പരസ്പരം പങ്കുവെക്കുകയും പരിഹാരമാര്‍ഗങ്ങള്‍ സ്വയം കണ്ടെത്തുകയും ചെയ്തു. അതോടെ മഹല്ലിലെ സിവില്‍-ക്രിമിനല്‍ -കുടുംബ തര്‍ക്കങ്ങള്‍ രമ്യമായി മഹല്ലിനകത്തു തന്നെ പരിഹരിക്കപ്പെട്ടു. കോടതിയിലേക്കോ പോലീസിലേക്കോ പരാതി പറയേണ്ടതില്ലാത്ത വിധം വ്യവഹാരരഹിത മഹല്ലായി (Litigation Free Mahal) നടുവില്‍  മഹല്ല് മാറി. സെക്ടറുകളാണ് നടുവില്‍ മഹല്ലിന്റെ ശക്തികേന്ദ്രം. സെക്ടറുകള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കായി തറാവീഹ് നമസ്‌കാരത്തിന് പ്രത്യേക സംവിധാനങ്ങളുണ്ടായി. ഇഫ്ത്വാര്‍ സംഗമങ്ങളും കലാ-കായിക മത്സരങ്ങളുമെല്ലാം ഓരോ വര്‍ഷവും സെക്ടറുകള്‍ സംഘടിപ്പിച്ചുതുടങ്ങി. സെന്‍ട്രല്‍ സെക്ടര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബലിമൃഗങ്ങളെ ഒന്നിച്ച് അറുക്കുകയും വ്യവസ്ഥാപിതമായി ഉദുഹിയ്യത്ത് സെക്ടറുകള്‍ വഴി വിതരണം ചെയ്യുകയും ചെയ്തു.

ദന്തപരിചരണ രംഗത്ത് നടുവില്‍ മഹല്ല് ആവിഷ്‌കരിച്ച രണ്ട് പദ്ധതികള്‍ പങ്കുവെക്കേണ്ടതാണ്. പ്രശസ്ത ദന്തരോഗ വിദഗ്ധനായ ഡോ. രവീന്ദ്രന്റെ നേതൃത്വത്തില്‍ മഹല്ലിലെ 535 വീടുകളിലെയും കുട്ടികളെ പരിശോധനക്ക് വിധേയമാക്കി. അതിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ദന്തചികിത്സ ആവശ്യമായ 396 കുട്ടികളുണ്ടെന്ന് കണ്ടത്തി. പൂര്‍ണ ദന്തരോഗ വിമുക്ത തലമുറ എന്ന ലക്ഷ്യത്തോടെ ഡോ. രവീന്ദ്രന്റെ നേതൃത്വത്തില്‍ അഞ്ചു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദന്തപരിചരണ ചികിത്സ അതോടെ ആരംഭിച്ചു. റിട്ടയേര്‍ഡ് ഡി.ജി.പി ജോസഫ് ആയിരുന്നു ഈ കാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതിന്റെ തന്നെ തുടര്‍ച്ചയായി ഡോ. ഔസാഫ് അഹ്‌സന്റെ നേതൃത്വത്തില്‍ സര്‍ സയ്യിദ് കോളേജിലെ എന്‍.എസ്.എസ് വളന്റിയര്‍മാരുടെ സഹായത്തോടെ മഹല്ലിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് സ്റ്റഡി ഓണ്‍ ഓറല്‍ ഹെല്‍ത്ത് സ്റ്റാറ്റസ് എന്ന പേരില്‍ പരിശോധനയും സര്‍വേയും നടത്തി. വായില്‍ കാന്‍സര്‍ ബാധിച്ചവരുണ്ടോ എന്നറിയാനായിരുന്നു ഈ പരിശോധന. അങ്ങനെയൊരാളും മഹല്ലില്‍ ഇല്ലെന്ന് കണ്ടത്തി. ചെറിയ മറ്റു ചില അസുഖം ബാധിച്ചവര്‍ക്ക് അതിനുള്ള ചികിത്സയും നല്‍കി. എന്റെ കുട്ടിയുടെ പല്ല് നോക്കാനും എന്റെ വായ പരിശോധിക്കാനും എന്റെ ടെറസിനു മുകളില്‍ കൃഷിയൊരുക്കാനും എന്നെ സാമ്പത്തികമായി സഹായിക്കാനും കൂടിയുള്ള കൂട്ടായ്മയുടെ പേരാണ് മഹല്ലെന്ന് നടുവില്‍ നിവാസികള്‍ അതോടെ തിരിച്ചറിഞ്ഞു. അമുസ്‌ലിം സഹോദരന്മാരാകട്ടെ തങ്ങള്‍ക്കു കൂടി ഉപകാരപ്പെടുന്ന ഒരു സംവിധാനമാണ് മഹല്ലെന്ന് തിരിച്ചറിഞ്ഞു. ബഹുസ്വരതയും സൗഹൃദവും ഒരു തത്ത്വമെന്നതിനപ്പുറം പ്രയോഗമാവുകയായിരുന്നു ഇവിടെ. കൗമാരക്കാര്‍ ടൂവീലര്‍ ആക്‌സിഡന്റില്‍ പെടുന്നത് വര്‍ധിച്ചപ്പോള്‍ കൂട്ടുമുഖം മഹല്ല് മദ്‌റസാ അങ്കണത്തില്‍ മഹല്ല് ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചിരുന്നു. മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്‌പെക്ടറാണ് ആ ക്ലാസിന് നേതൃത്വം നല്‍കിയത്. മഹല്ലിലെ മത-ജാതി ഭേദമന്യേ മുഴുവന്‍ പേരും ആ പരിപാടി കേള്‍ക്കാന്‍ എത്തിയിരുന്നു. മദ്‌റസാ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ അമുസ്‌ലിം സഹോദരന്മാരും പങ്കെടുക്കുകയുായി. അതോടെ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന പൊതു പരിപാടികളാവിഷ്‌കരിക്കാനും കൂട്ടുമുഖം മഹല്ല് മുന്നോട്ടുവെന്നു. ബഹുസ്വര സമൂഹത്തില്‍ ഒരു മഹല്ല് എങ്ങനെയാവണമെന്ന പ്രായോഗിക മാതൃക കാണിക്കുകയാണ് ഇതുവഴി അവര്‍ ചെയ്തത്. കെ. നൂറുദ്ദീന്‍, ശൗകത്ത് ഫൈസി, സി.എച്ച് അബ്ദുല്‍ മജീദ്, കെ. മുഹമ്മദ് കുഞ്ഞി, വി.പി മൂസാന്‍ കുട്ടി തുടങ്ങിയവരാണ് നടുവില് മഹല്ലില്‍ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

നടുവില്‍ മഹല്ലിന്റെ മാതൃകാ പദ്ധതികള്‍ മറ്റു മഹല്ലുകള്‍ക്കും പരിചയപ്പെടുത്താനുള്ള ശ്രമങ്ങള്‍ നിരന്തരം നടത്തിയിരുന്നു. അതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ തന്നെ കൂട്ടുമുഖം, പുതുവാശ്ശേരി, കണ്ണപുരം, ചന്തപ്പുര, നൊച്ചിയാട്, കുഞ്ഞിമംഗലം, മയ്യില്‍, താണ, മാനന്തവാടി ചെറ്റപാലം മഹല്ലുകള്‍ ഈ രംഗത്തേക്ക് കടന്നുവന്നു. എല്ലായിടത്തും സമ്പൂര്‍ണ മഹല്ല് സംഗമം വിളിച്ചുകൂട്ടി സെക്ടറുകള്‍ രൂപീകരിച്ചു. അതിന്റെ നേതൃത്വത്തിന് ആവശ്യമായ ലീഡര്‍ഷിപ്പ് ട്രെയ്‌നിംഗും നല്‍കി. ഓരോ മഹല്ലും അവരുടെ സാധ്യതയും വിഭവങ്ങളും മുന്നില്‍ വെച്ച് മാതൃകാ ശാക്തീകരണ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. പ്രീമാരിറ്റല്‍ കൗണ്‍സലിംഗ്, ഫാമിലി കൗണ്‍സലിംഗ്, തര്‍ക്കപരിഹാര വേദികള്‍, ട്യൂഷന്‍ സംവിധാനങ്ങള്‍, ഡെപ്പോസിറ്റ് പദ്ധതികള്‍, പലിശരഹിത ലോണുകള്‍ എന്നിവ മിക്ക മഹല്ലുകളും ആരംഭിച്ചുകഴിഞ്ഞു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന സമസ്തക്ക് കീഴിലുള്ള മഹല്ലാണ് കൂട്ടുമുഖം. 98 വീടുകളാണ് മഹല്ലിലുള്ളത്. അവര്‍ നടത്തിയ ഊര്‍ജ സംരക്ഷണ പദ്ധതി ശ്രദ്ധേയമാണ്. മഹല്ലിലെ വീടുകളില്‍ കറന്റ് ബില്ല് എങ്ങനെ കുറക്കാമെന്ന ചിന്തയില്‍നിന്നാണ് ഈ പദ്ധതി ആരംഭിച്ചത്. വൈദ്യുതി ഡിപ്പാര്‍ട്ട്‌മെന്റിലെ ഹരിദാസ് എന്ന ഉദ്യോഗസ്ഥനെ വിളിച്ച് പള്ളിയങ്കണത്തില്‍ ഈ വിഷയത്തില്‍ ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പുലര്‍ത്തേണ്ട കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കറന്റ് ലാഭിക്കാവുന്ന വിധവും അശ്രദ്ധമായ ദുരുപയോഗങ്ങളും ഹരിദാസ് സവിസ്തരം വിശദീകരിച്ചു. മഹല്ലിലെ മുഴുവന്‍ കുടുംബങ്ങളും പങ്കെടുത്ത ആ പരിപാടിക്കു ശേഷം 18000 യൂനിറ്റ് കറന്റ് ഉപയോഗം കുറച്ചുകൊണ്ടുവരാന്‍ മഹല്ലിന് സാധിച്ചു. 128000 രൂപയാണ് ഇതിലൂടെ ലാഭിച്ചത്. കറന്റ് ഉപയോഗം കുറയുമ്പോള്‍ കാശ് മാത്രമല്ല, പരിസര മലിനീകരണവും കുറയുമെന്ന് ഹരിദാസ് വിശദീകരിച്ചിരുന്നു. ഒരു യൂനിറ്റ് കറന്റ് ഉല്‍പാദിപ്പിക്കുമ്പോള്‍ ഒന്നേകാല്‍ കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് വരുന്നുണ്ട്. 18000 യൂനിറ്റ് കറന്റ് ലാഭിക്കുക വഴി 20 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലെത്തിക്കാതെ ഒരു മഹല്ല് പ്രതിരോധിച്ചു നിര്‍ത്തിയെന്നര്‍ഥം. ഇസ്‌ലാമിന്റെ പരിസ്ഥിതിസൗഹൃദ പാഠമാണിവിടെ മഹല്ല് പ്രായോഗികമാക്കിയത്. ഹാഷിം സഅ്ദി, കെ.പി മൂസാന്‍ കുട്ടി, ഇബ്‌റാഹീം കുട്ടി തുടങ്ങിയവരാണ് കൂട്ടുമുഖം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 

നടുവില്‍, കൂട്ടുമുഖം, നൊച്ചിയാട്, കണ്ണപുരം, മയ്യില്‍, കുഞ്ഞിമംഗലം മഹല്ലുകളിലാണ് സെക്ടര്‍ സംവിധാനം നിലവില്‍ വന്നിട്ടുള്ളത്. 250 വീടുകളുള്ള മയ്യില്‍ മഹല്ലില്‍ ഒന്നര വര്‍ഷം കൊ് 6 ലക്ഷത്തോളം രൂപ സമാഹരിക്കാന്‍ സാധിച്ചു. മാനന്തവാടി ചെറ്റപ്പാലം മഹല്ലില്‍ സംഘടിപ്പിച്ച 30 വയസ്സുള്ള ഉമ്മമാര്‍ക്കു വേിയുള്ളള ബോധവത്കരണ ക്ലാസ് വേറിട്ട അനുഭവവും ഏറെ പ്രയോജനകരവുമായിരുന്നു. കൂട്ടുമുഖം മഹല്ലില്‍ നടക്കുന്ന മറ്റൊരു ശ്രദ്ധേയ സംരംഭം പാഴ്‌വസ്തുക്കളുടെ ശേഖരമാണ്. നാടോടികളും മറ്റും പഴയ സാധനങ്ങള്‍ ശേഖരിക്കാന്‍ വീടുകളില്‍ കയറിയിറങ്ങുമ്പോള്‍ ഉാകുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ പലതാണ്. ഇത് ഒഴിവാക്കുകയെന്ന മുഖ്യ ലക്ഷ്യത്തോടെ, മഹല്ലിന്റെ നേതൃത്വത്തില്‍ പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് വില്‍ക്കാന്‍ തുടങ്ങുകയും അത് മഹല്ലിന് ഒരു വരുമാന മാര്‍ഗമാവുകയും ചെയ്തു. നോമ്പുകാലത്ത് സ്ത്രീകള്‍ കൂടുതല്‍ സമയം അടുക്കളയില്‍ ചെലവഴിക്കുന്നതും ഭക്ഷണ ധൂര്‍ത്തും തടയാന്‍ ഒരു പരിപാടിയും മഹല്ല് ആവിഷ്‌കരിച്ചു. നോമ്പുതുറ സമയത് ഒന്നോ രാേ പലഹാരത്തില്‍ കൂടുതല്‍ ഉാക്കരുത്. പുരുഷന്മാരും കുട്ടികളും പള്ളിയില്‍നിന്ന് നോമ്പ് തുറക്കണം തുടങ്ങിയയവയായിരുന്നു നിര്‍ദേശം. ഇതും വലിയ വിജയമായി. പാറോട് മഹല്ലില്‍ സുബ്ഹി നമസ്‌കാരത്തിന് പള്ളിയിലെത്തുന്നത് സജീവമാക്കുകയും നമസ്‌കാരാനന്തരം ഇമാമിന്റെ നേതൃത്വത്തില്‍ പ്രഭാത നടത്തം സംഘടിപ്പിക്കുകയും ചെയ്യുന്നതും നല്ല മാതൃകയാണ്. നാലോ അഞ്ചോ പേരില്‍നിന്ന് സുബ്ഹി ജമാഅത്തിലെ പങ്കാളിത്തം 30-ലേറെ ആളുകളിലേക്ക് വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിച്ചിട്ടു്.

കണ്ണൂര്‍ ജില്ലയിലെ ചില മഹല്ലുകളെങ്കിലും ഈ രംഗത്തേക്ക് വന്നതോടെ ഈ ശാക്തീകരണ ചിന്തകള്‍  മറ്റുള്ളവരുമായി പങ്കുവെക്കാന്‍ 'മഹല്‍' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടങ്ങി. അതിന്റെ കീഴില്‍ ഈ സംരംഭത്തെ പരിചയപ്പെടുത്താന്‍ കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ മത സംഘടനാ പ്രതിനിധികളെയും വിളിച്ചുചേര്‍ത്തു. ഏഴു മതസംഘടനകള്‍ അതില്‍ പങ്കെടുത്തു. തര്‍ക്കരഹിത വിഷയങ്ങളില്‍ പരസ്യമായ വാദപ്രതിവാദങ്ങള്‍ അവസാനിപ്പിക്കാനും ആ യോഗത്തില്‍ രേഖാമൂലം തീരുമാനമായി. അതിന്റെ തുടര്‍ച്ചയായി ഏഴു തവണ ഈ സംഘടനാ പ്രതിനിധികള്‍ യോഗം ചേര്‍ന്നെങ്കിലും പിന്നീട് പല കാരണങ്ങളാല്‍ അതിന് തുടര്‍ച്ചയില്ലാതെ പോയി. മഹല്ല് ശാക്തീകരണ ശ്രമങ്ങള്‍ക്ക് ഇത്തരം സംഘടനാ കൂട്ടായ്മകളിലൂടെ സാധ്യമല്ലെന്ന് അനുഭവിച്ചറിഞ്ഞതോടെ 'മഹല്‍' എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മയിലൂടെ പ്രചാരണം നടത്തി ക്യാമ്പുകള്‍ നടത്താന്‍ തീരുമാനിച്ചു. ഇങ്ങനെ വയനാട് നടന്ന ക്യാമ്പില്‍ 40 മഹല്ലുകളില്‍നിന്നായി 76 പ്രതിനിധികള്‍ പങ്കെടുത്തു. 'സമസ്ത'യുടെ മഹല്ല് പ്രതിനിധികള്‍ക്കൊപ്പം മറ്റു സംഘടനകള്‍ക്കു കീഴിലുള്ള മഹല്ല് പ്രതിനിധികളും അവിടെയെത്തിയിരുന്നു. അവിടെ നടന്ന വിശദമായ ചര്‍ച്ചയില്‍ വ്യത്യസ്ത മഹല്ല് ശാക്തീകരണ മാതൃകകളും ആശയങ്ങളും പരസ്പരം പങ്കുവെക്കുകയുണ്ടായി. വയനാട് ക്യാമ്പില്‍ വെച്ചാണ് 'മഹല്‍' എന്ന കൂട്ടായ്മ 'ഇനീഷ്യേറ്റീവ് ഫോര്‍ മഹല്‍ ആന്റ് ഗ്രാസ്‌റൂട്ട്‌സ് എംപവര്‍മെന്റ്' അഥവാ IMAGE എന്ന പേര് സ്വീകരിച്ചു. 'മഹല്ലുകള്‍ മനുഷ്യ നന്മക്ക്' എന്നതാണ് 'ഇമേജ്' ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം. ഇമേജിന്റെ കീഴില്‍ മഹല്ല് ശാക്തീകരണ പരിപാടികള്‍ പങ്കുവെക്കാനായി ജില്ലാ ചാപ്റ്ററുകള്‍ രൂപീകരിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, തൃശൂര്‍ ചാപ്റ്ററുകള്‍ നിലവില്‍വന്നുകഴിഞ്ഞു. തൃശൂര്‍ ജില്ലയിലെ മാള, പാവറട്ടി മഹല്ലുകളില് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.

നിലനില്‍ക്കുന്ന മഹല്ല് സംവിധാനത്തിലും ഘടനയിലും യാതൊരുവിധ ഇടപെടലും നടത്താതെ അവയെല്ലാം അങ്ങനെതന്നെ നിലനിര്‍ത്തി, ബഹുവിധ ശാക്തീകരണ പദ്ധതികള്‍ക്ക് പുറത്തുനിന്ന് പിന്തുണയും മാര്‍ഗദര്‍ശനവും നല്‍കുക മാത്രമാണ് പദ്ധതികളാണ് ഇമേജ് ചെയ്യുന്നത്. മഹല്ലുകളുടെ ഫിഖ്ഹീ-മദ്ഹബ് കാഴ്ചപ്പാടുകളിലോ ഭരണ സംവിധാനങ്ങളിലോ ഇടപെടുക 'ഇമേജി'ന്റെ ലക്ഷ്യമേ അല്ല. നിലവിലെ മഹല്ല് ഭാരവാഹികള്‍ തന്നെ നേതൃത്വം നല്‍കുന്ന പദ്ധതികളാണ് 'ഇമേജ്' പരിചയപ്പെടുത്തുന്നത്. അതിനായി അവര്‍ക്ക് പിന്തുണ നല്‍കുകയും മാതൃകാപദ്ധതികള്‍ പരിചയപ്പെടുത്തുകയുമാണ് ഇമേജ് ചെയ്യുന്നത്. മഹല്ല് ശാക്തീകരണ രംഗത്ത് ശ്രദ്ധ പതിപ്പിക്കുന്ന മറ്റു കൂട്ടായ്മകളും വ്യക്തികളുമായി പരസ്പര ധാരണയോടെ പരിപാടികള്‍ സംഘടിപ്പിക്കാനും ഇമേജ് ആഗ്രഹിക്കുന്നുണ്ട്. മുഖ്യധാരാ മത സംഘടനകള്‍ അവരുടെ അജണ്ടയിലേക്ക് മഹല്ല് ശാക്തീകരണ പരിപാടികള്‍ സജീവമായി ചേര്‍ത്തുവെക്കുമ്പോള്‍ അവരെ സഹായിക്കുന്ന സംഘടനാതീതമായ ടീമായി മാറാനാണ് ഇമേജ് ആഗ്രഹിക്കുന്നത്. ഇമേജിന് ഏതെങ്കിലും സംഘടനാ ബന്ധമോ ആശയ ധാരകളുമായി അടുപ്പമോ ഇല്ല.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി മഹല്ല് ശാക്തീകരണ കാമ്പയിനുകള്‍ നടത്തി മുന്നോട്ടു പോവുകയാണ് 'ഇമേജ്.' എല്ലാ സംഘടനാ നേതാക്കളും മഹല്ല് നേതൃത്വങ്ങളും 'ഇമേജി'നെ അവരുടെ മഹല്ലുകളിലേക്ക് ക്ഷണിക്കുന്നുണ്ട്. ഭാവിയില്‍ കേരള മുസ്‌ലിംകള്‍ ഒന്നടങ്കം ഈ മഹല്ല് ശാക്തീകരണ പദ്ധതികള്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (46 - 53)
എ.വൈ.ആര്‍

ഹദീസ്‌

പരീക്ഷണങ്ങളെ നേരിടേണ്ടത്
കെ.സി ജലീല്‍ പുളിക്കല്‍