Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 07

2996

1438 റജബ് 10

പ്രാസ്ഥാനികാനുഭവങ്ങള്‍ നിറഞ്ഞുതൂവുന്ന ജീവിതം

കൊല്ലം അബ്ദുല്ല മൗലവി/ ശിബു മടവൂര്‍

1960-കളുടെ അവസാന കാലം. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളിലൊന്നിന്റെ മൂലയില്‍ ഇടക്കിടെ ഒരു കെട്ട് പ്രത്യക്ഷപ്പെടാറുണ്ട്. പത്രക്കാടലാസിലോ ന്യൂസ് പ്രിന്റിലോ നന്നായി  പൊതിഞ്ഞ ഒരു കെട്ട്. മലബാറില്‍നിന്ന് അയക്കുന്ന ഈ കെട്ടില്‍ ലഭിക്കേണ്ടയാളിന്റെ വിലാസവും രേഖപ്പെടുത്തിയിരിക്കും. അക്കാലത്ത് ജനയുഗം വാരിക പോലുള്ള തലയെടുപ്പുള്ള പ്രസിദ്ധീകരണാലയങ്ങളുണ്ടായിരുന്ന പട്ടണമാണ് കൊല്ലം. മലബാറിലേക്കും മദിരാശിയിലേക്കും  ചെല്ലേണ്ട ജനയുഗത്തിന്റേതടക്കം കൂറ്റന്‍ കെട്ടുകള്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി കാത്തുകിടക്കുന്നതിനിടയിലാണ് ഈ ചെറിയ മാസികക്കെട്ട് ഒരു മൂലക്ക് വന്ന് കിടക്കുന്നത്. ആര് ശ്രദ്ധിക്കാന്‍. തീവണ്ടി ജീവനക്കാര്‍  എവിടെയെങ്കിലും വലിച്ചെറിയും. 

പക്ഷേ, മലബാറില്‍നിന്ന്  കെട്ടുമായെത്തുന്ന ട്രെയ്ന്‍ ശാസ്താംകോട്ട പിന്നിടുമ്പോഴേക്കും സമയമെണ്ണി ഒരു മനുഷ്യന്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍പ്പുണ്ടാകും. ട്രെയിന്‍ വന്നു നിന്നാല്‍ പിന്നെ കെട്ടിനായുള്ള തിക്കിത്തെരയലാണ്. കൈയില്‍ കിട്ടാതായാല്‍ ഇരു ഭാഗത്തെയും വിലാസം ഉറപ്പുവരുത്തും. ഒരു ഭാഗത്ത് പ്രബോധനം എന്നും മറുഭാഗത്ത് 'കൊല്ലം എ. അബ്ദുല്ല മൗലവി, കൊല്ലം' എന്നും കണ്ടാല്‍ പിന്നെ അത് എത്തേണ്ടവരുടെ കരങ്ങളിലെത്തിക്കാനുള്ള ഓട്ടപ്പാച്ചിലാണ്. ടാബ്ലോയിഡ് രൂപത്തിലുള്ള പ്രബോധനത്തിന്റെ അമ്പതോളം കോപ്പികളും വഹിച്ചുള്ള കെട്ടുമായി നടന്നോ സൈക്കിളിലോ ആവും യാത്ര.  ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദ്യ സ്പന്ദനങ്ങള്‍ ചുമലിലും പ്രാസ്ഥാനിക വികാരത്തിന്റെ ആളുന്ന കനലുകള്‍ നെഞ്ചിലും സൂക്ഷിച്ചുള്ള ഈ യാത്രകള്‍ കൊല്ലത്തിന്റെ ഇസ്‌ലാമിക പ്രവര്‍ത്തന ചരിത്രത്തിലെ കൃത്യമായ അടയാളപ്പെടുത്തലുകളാണ്. ഇരുളടഞ്ഞ കാലത്തിന്റെ കറുത്തിരുണ്ട കാഴ്ചകള്‍ക്കിടയില്‍ വെളിച്ചം നിറച്ച ജീവിതവും ഉറച്ച കാലടികളുമായുള്ള ഈ പ്രയാണം ആലസ്യത്തിന്റെയോ വിശ്രമത്തിന്റെയോ വഴിയമ്പലങ്ങളില്‍ അഭയം തേടാന്‍ ഒരുക്കമായിരുന്നില്ല.പ്രസ്ഥാനികാനുഭവങ്ങള്‍ നിറഞ്ഞുതൂവുന്ന ജീവിതം തന്നെയാണ് ഇതിനുള്ള ഏറ്റവും  വലിയ സാക്ഷ്യം. ആ ജീവിതത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും അബ്ദുല്ല മൗലവി സംസാരിക്കുന്നു. 

വെളിയങ്കോട്ടെ വേരുകള്‍

തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്താണ് എന്റെ ജനനം. കണിയാപുരം മണക്കാട്‌വിളാത്ത് വീട്ടില്‍ അബൂബക്കര്‍ മുസ്‌ലിയാരുടെയും ആസിയയുടെയും അഞ്ച് മക്കളില്‍ നാലാമനായിട്ട്. അന്ന് തീയതികളൊക്കെ കൊല്ല വര്‍ഷക്കണക്കിലാണല്ലോ ഉപയോഗിച്ചിരുന്നത്. എന്റെ ജന്മവര്‍ഷമായി വാപ്പ സ്വലാത്ത് കിതാബില്‍ എഴുതിവെച്ചിരുന്നത് 12.12.112 എന്നായിരുന്നു. അതായത് ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം 1937. പിന്നീട് കണക്ക് കൂട്ടിയെടുത്തതാണിത്. സ്‌കൂളില്‍ ജോലിക്ക് ചേരുന്ന സമയത്ത് കൊല്ലവര്‍ഷം പരിഗണിച്ചില്ല. പിന്നെ പഞ്ചാംഗമൊക്കെ എടുത്തുവെച്ച് കണക്ക് കൂട്ടുകയായിരുന്നു. എന്റെ പൂര്‍വികരൊക്കെ മലബാറുകാരാണ്. കൃത്യമായി പറഞ്ഞാല്‍ പൊന്നാനിക്കടുത്തുള്ള വെളിയങ്കോട്. മോശം ജീവിതസാഹചര്യങ്ങളെ തുടര്‍ന്നാണ്  വാപ്പയും രണ്ട് സഹോദരങ്ങളും ഒരു സഹോദരിയുമടക്കം നാല്  പേര്‍ മലബാറില്‍നിന്ന് കണിയാപുരത്ത് എത്തുന്നത്.  വാപ്പയായിരുന്നു ഏറ്റവും ഇളയത്. മുഹമ്മദ് മുസ്‌ലിയാര്‍, മൊയ്തുണ്ണി മുസ്‌ലിയാര്‍ എന്നിവരാണ് മൂത്താപ്പമാര്‍.  

വാപ്പയോടൊപ്പം ചില ബന്ധുക്കളും മലബാറില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോന്നിരുന്നു.   വാപ്പയുടെ സഹോദരിയുടെ മകളാണ് മുജാഹിദ് നേതാവ് ഉമര്‍ മൗലവിയുടെ ഉമ്മ. എന്റെ വാപ്പ ഇവിടെ വന്ന ശേഷമാണ് വിവാഹം കഴിച്ചത്.  അന്ന് കണിയാപുരം ദീനീ ചുറ്റുപാടുള്ള  പ്രദേശമാണ്. പുരാതനവും പരമ്പരാഗതവുമായ കാരണങ്ങള്‍ ഇതിനുണ്ട്. ലബ്ബമാരുടെ കേന്ദ്രമായിരുന്നു കണിയാപുരം. ഇവര്‍ പൊതുവെ മതബോധമുള്ളവരായിരുന്നു.

എനിക്ക് നാല് സഹോദരിമാരാണ്. ആണായി ഞാന്‍ മാത്രം. ഈയിടെ മരണപ്പെട്ട  പ്രഫ. എ. സഹീദിന്റെ ഉമ്മ ആമിനയാണ് ഏറ്റവും മൂത്ത സഹോദരി. അവര്‍ ഇപ്പോള്‍ ഞാറയില്‍കോണത്ത് മകന്റെ ഒപ്പമാണ്. ഖദീജ (തിരൂര്‍ക്കാട്),  ഫാത്വിമ (പാങ്ങോട്, തിരുവനന്തപുരം), സൈനബ (പാങ്ങോട്) എന്നിവരാണ് മറ്റു സഹോദരിമാര്‍. 

വാപ്പ നല്ലൊരു  പണ്ഡിതനായിരുന്നു. വഅഌ പറയാനൊക്കെ പോകും.  ദിവസങ്ങളോളം നീളുന്ന വഅഌ പരമ്പര നടത്തിയതായി ഓര്‍മയുണ്ട്. ഓച്ചിറക്ക് സമീപത്തെ ക്ലാപ്പന പള്ളിയില്‍ മുദര്‍രിസായിരുന്നു. ഇതിനു പുറമെ കാഞ്ഞിരപ്പുഴയിലും മുദര്‍രിസായി സേവനമനുഷ്ഠിച്ചിരുന്നു. 

കണിയാപുരത്തായിരുന്നു എന്റെ പ്രാഥമിക സ്‌കൂള്‍ പഠനം. കണിയാപുരം റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഹൈസ്‌കൂളിലായിരുന്നു ആദ്യം ചേര്‍ന്നത്. അവിടെയുള്ള മദ്‌റസകളിലായിരുന്നു ദീനീ വിദ്യാഭ്യാസം. നൂഹ് മൗലവിയൊക്കെ എന്നെ പഠിപ്പിച്ചിട്ടുണ്ട്.  ഇതിനിടെ ഞങ്ങള്‍ കുടുംബ സമേതം കണിയാപുരത്ത് നിന്ന്  കല്ലറക്ക് സമീപം പാങ്ങോടേക്ക് താമസം മാറി. വാപ്പാക്ക് പാങ്ങോട്ടെ ലബ്ബമാരുമായൊക്കെ നല്ല ബന്ധമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പങ്ങോടേക്കെത്തുന്നത്. കണിയാപുരത്തെ വസ്തുവെല്ലാം വിറ്റ ശേഷമാണ് പാങ്ങോട് പുലിപ്പാറയില്‍ സ്ഥലം വാങ്ങിയത്. അപ്പോഴേക്കും വാപ്പ അസുഖബാധിതനായി കഴിഞ്ഞിരുന്നു. ആസ്ത്മയുടെ പ്രശ്‌നമുണ്ടായിരുന്നു. ക്ലാപ്പനയിലെ മുദര്‍രിസിന്റെ ജോലിയൊക്കെ  മതിയാക്കി. പിന്നെ വീട്ടില്‍ തന്നെ വിശ്രമത്തില്‍ കഴിയുകയായിരുന്നു. ഇതോടെ വാപ്പയെ ശുശ്രൂഷിക്കലായി എന്റെ ജോലി.  സ്‌കൂളിലോ പള്ളിയിലോ ഒന്നും പോകാനായില്ല. ഇത് ശരിയല്ലെന്ന് തോന്നിയിട്ടാവണം എന്നെ കൊല്ലം കണ്ണനല്ലൂരിലുള്ള കൊച്ചുവിള ഉസ്താദിന്റെ  ദര്‍സില്‍ ചേര്‍ക്കാന്‍ വാപ്പ തീരുമാനിച്ചത്.  വാപ്പയുടെ പരിചയക്കാരനായിരുന്നു കൊച്ചുവിള ഉസ്താദ്. അവശത കാരണം  ഒറ്റക്ക് വരാന്‍ കഴിയാത്തതിനാല്‍ പുലിപ്പാറ  സ്വദേശി ഇബ്‌റാഹീം ലബ്ബക്കൊപ്പമാണ് എന്നെയും കൂട്ടി വാപ്പ കണ്ണനല്ലൂരിലേക്ക് പോയത്.  നഹ്‌വും സ്വര്‍ഫും മറ്റു കിതാബുകളുമൊക്കെയായിരുന്നു ഇവിടെ പഠനം. രണ്ടു വര്‍ഷം ഇവിടെ തുടര്‍ന്നു. സഹോദരി ആമിനയുടെ ഭര്‍ത്താവ് അലി മൗലവി അന്ന് രണ്ടാംകുറ്റി പള്ളിയില്‍  മുദര്‍രിസാണ്. കണ്ണനല്ലൂരില്‍നിന്ന് ഞാന്‍ പിന്നെ അലി മൗലവിയുടെ കൂടെ ചേര്‍ന്നു. കുറച്ചു നാളുകള്‍ക്കു ശേഷം കായംകുളം ഹസനിയയില്‍ േചര്‍ന്നു. ഫത്ഹുല്‍ മുഈന്‍, അല്‍ഫിയ എന്നീ കിതാബുകളൊക്കെ ഇവിടെ നിന്നാണ് ഓതിയത്. രണ്ടര വര്‍ഷത്തെ പഠനത്തിനു േശഷം കാഞ്ഞിരപ്പള്ളി ദര്‍സില്‍ ചേര്‍ന്നു. പല കിതാബുകള്‍ ഒാതുന്ന പല നിലകളിലുള്ളവര്‍ ദര്‍സുകളിലുണ്ടാകും.  നിശ്ചയിച്ചു നല്‍കിയ സമയത്ത് ഉസ്താദിന്റെ അടുത്ത് കിതാബുമായെത്തിയാണ് ഓതിയിരുന്നത്. ഭക്ഷണമൊക്കെ  ഓേരാ വീടുകളിലാണ് ഏര്‍പ്പെടുത്തിയിരുന്നത്. നിശ്ചയിച്ച സമയത്ത് അതത് വീടുകളില്‍ പോയി ഭക്ഷണം കഴിക്കണം. ദര്‍സ് ജീവിതത്തിന്റെ എല്ലാ രീതികളും അനുഭവിക്കാന്‍  കഴിഞ്ഞിട്ടുണ്ട്. 

എനിക്ക് 15 വയസ്സുള്ളപ്പോഴാണ് വാപ്പ മരിച്ചത്. അമ്പത് വയസ്സില്‍ താഴെയേ വാപ്പക്ക് മരിക്കുമ്പോള്‍ പ്രായമുണ്ടായിരുന്നുള്ളൂ എന്നാണ് ഓര്‍മ. ദര്‍സിലെ പഠനമൊക്കെ പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും കിളിക്കൊല്ലൂരിലുള്ള മച്ചയുടെ (അലി മൗലവി -സഹോദരീ ഭര്‍ത്താവ്) അടുത്തേക്ക് പോന്നു. ഇവിടെ വെച്ചാണ് അറബിക് ലോവര്‍- ഹയര്‍ പരീക്ഷകള്‍ പ്രൈവറ്റായി  എഴുതി പാസാകുന്നത്. പ്രൈവറ്റായി എസ്.എസ്.എല്‍.സിയും വിജയിച്ചു. തുടര്‍ന്ന് അഫ്ദലുല്‍ ഉലമാ കോഴ്‌സും എഴുതിയെടുത്തു. 

 

കണിയാപുരത്തുകാരന്‍ കൊല്ലം അബ്ദുല്ല മൗലവിയാകുന്നു

ഇങ്ങനെയിരിക്കുമ്പോഴാണ്  വിവാഹം നടക്കുന്നത്. അന്ന് എനിക്ക് ഏതാണ്ട് 20-22 വയസ്സു കാണും.  കൊല്ലത്തെ സര്‍വസ്വീകാര്യനായ പണ്ഡിതനായിരുന്ന അഹ്മദ് കോയ മൗലവിയുടെ മകള്‍ റൈഹാനത്തിനെയാണ് വിവാഹം കഴിച്ചത്. അഹ്മദ് കോയ മൗലവി വായനയും എഴുത്തുമൊക്കെയുള്ള ആളായിരുന്നു. മ്രദാസ് ജമാലിയ്യയില്‍ പഠനം പൂര്‍ത്തിയാക്കിയ പണ്ഡിതന്‍. ജോനകപ്പുറം വലിയ പള്ളിയുടെ ഉത്തരവാദിത്തമൊക്കെ വഹിച്ചിട്ടുണ്ട്. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഖമാസികയായ അന്നസീമിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു അദ്ദേഹം. വിവാഹശേഷം ഞാന്‍ കൊല്ലത്ത് സ്ഥിരതാമസമാക്കി. തിരുവനന്തപുരം കണിയാപുരം സ്വദേശിയായ ഞാന്‍ 'കൊല്ലം അബ്ദുല്ല മൗലവി'യാകുന്നത്   അങ്ങനെയാണ്. അന്നുതൊട്ടേ 'കൊല്ലം' എന്റെ പേരിനു മുന്നില്‍ സ്ഥാനം പിടിച്ചു. ഇപ്പോള്‍ കണിയാപുരത്തുള്ളവരും പറയുന്നത് കൊല്ലം അബ്ദുല്ല മൗലവി എന്നാണ്. പഠനമൊക്കെ പൂര്‍ത്തിയാക്കിയ ശേഷം കൊല്ലം അയത്തിലെ മദ്‌റസയില്‍ അധ്യാപകനും പള്ളിയില്‍ ഖത്വീബുമൊക്കെയായി തലേക്കെട്ടുള്ള തനി മുസ്‌ലിയാരായി കഴിയുകയായിരുന്നു ഞാന്‍.  തലയില്‍ക്കെട്ടിനോട് ആദ്യം മുതലേ താല്‍പര്യമില്ലായിരുന്നു. തലേക്കെട്ടില്ലെങ്കില്‍ വലിയ ഉസ്താദുമാര്‍ വഴക്കു പറയും. അതുകൊണ്ട് കെട്ടും. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ഇന്നത്തെപ്പോലെ അന്നും സജീവമാണ്. നിരവധി പണ്ഡിതപ്രമുഖര്‍ സംഘടനയിലുണ്ടായിരുന്നു. 

മനംമാറ്റത്തിന് വഴിതുറന്ന കൊച്ചന്നൂര്‍ ജീവിതം

ഇതിനിടയിലാണ് എനിക്ക് സര്‍ക്കാര്‍ അധ്യാപകനായി ജോലി കിട്ടുന്നത്. തൃശൂര്‍ കുന്നംകുളത്തിനടുത്ത് കൊച്ചന്നൂരില്‍ എല്‍.പി സ്‌കൂളിലാണ് ആദ്യ പോസ്റ്റിംഗ്. എന്റെ ജീവിതത്തില്‍ മാറ്റങ്ങളുടെ വഴിമരുന്നിട്ടത് കൊച്ചന്നൂരിലെ മൂന്നു വര്‍ഷത്തെ ജീവിതമാണ്. പ്രസ്ഥാനവുമായി ഞാന്‍ ബന്ധപ്പെടുന്നതും കൊച്ചന്നൂരില്‍ വെച്ചാണ്. സ്‌കൂളില്‍ പഠിപ്പിക്കുന്നതിനൊപ്പം തന്നെ സമീപത്തെ ഒരു സുന്നി മദ്‌റസയില്‍ പഠിപ്പിക്കുകയും ചെയ്തിരുന്നു. കുറേനാള്‍ കഴിഞ്ഞപ്പോഴേക്കും എന്റെ അഭിപ്രായങ്ങളും നിലപാടുകളുമൊക്കെ അവര്‍ക്കിഷ്ടപ്പെടാതെ വന്നു. ഹൈസ്‌കൂള്‍ അധ്യപകനായ അലി മൗലവി എന്നൊരാള്‍ അന്ന് കൊച്ചന്നൂരിലുണ്ടായിരുന്നു. പരിഷ്‌കരണാശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്ന അദ്ദേഹം വഴിയാണ് നാട്ടില്‍ നവോത്ഥാന ആശയങ്ങള്‍ക്ക് വേരിറക്കമുണ്ടാകുന്നത്. നല്ലൊരു വിഭാഗം പരിഷ്‌കരണ ആശയക്കാരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇവര്‍ ചേര്‍ന്ന് മദ്‌റസയും പള്ളിയുമൊക്കെ അവിടെ സമാന്തരമായി ഉണ്ടാക്കിയിരുന്നു. ഇന്നത്തെപ്പോലെ അന്ന് മുജാഹിദ്-ജമാഅത്ത് വിഭാഗങ്ങള്‍ക്കിടയില്‍ വിടവില്ല. പരസ്പര വൈരവുമില്ല. ജമാഅത്തുകാരും മുജാഹിദുകാരുമൊക്കെ ചേര്‍ന്നാണ് അന്ന് പറയപ്പെട്ട പള്ളിയും  മദ്‌റസയുമൊക്കെ നടത്തുന്നത്. മാത്രമല്ല ജമാഅത്തിനാണ് അവിടെ സ്വാധീനം കൂടുതല്‍. ഈ പരിഷ്‌കരണ ആശയക്കാരുമായുള്ള സമ്പര്‍ക്കവും സംസാരവുമൊക്കെയാണ് എന്നെ പ്രാസ്ഥാനിക ജീവിതത്തിലേക്ക് വഴി നടത്തിയത്. സുന്നി മദ്‌റസയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇതെന്ന് ഓര്‍ക്കണം. ക്രമേണ സുന്നി മദ്‌റസക്കാരുമായി യോജിക്കാതെയായി. പിന്നെ അധികം താമസിച്ചില്ല, പരിഷ്‌കരണ ആശയക്കാര്‍ നടത്തുന്ന മദ്‌റസയിലേക്ക് മാറി. ഖുത്വ്ബ നടത്താനും ക്ലാസിനുമൊക്കെ എനിക്ക് അവസരം തന്നു. മദ്‌റസയോട് ചേര്‍ന്ന ഒരു പ്രത്യേക ഭാഗമായിരുന്നു അന്ന് പള്ളി. ഖുത്വ്ബ  നടത്തുമ്പോള്‍ ഒരു കസേര ഇടുമെന്ന് മാത്രം. ഇങ്ങനെ പോകുന്നതിനിടെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ കൊച്ചന്നൂര്‍ ഹല്‍ഖയിലേക്ക് ക്ഷണം ലഭിക്കുന്നത്. ഒട്ടും മടിക്കാതെ ഞാന്‍ ക്ഷണം സ്വീകരിക്കുകയും ചെയ്തു. പിന്നെ ക്രമേണ ഹല്‍ഖയുടെ സ്ഥിരം സാന്നിധ്യമായി. ഹല്‍ഖയിലെ അംഗങ്ങളെ ചേര്‍ക്കുന്നതിലടക്കം ഞാന്‍ പങ്കാളിയായി. ഫര്‍ഖാ സമ്മേളനത്തിനൊക്കെ എന്നെ അയക്കും. പ്രസ്ഥാന നേതാക്കള്‍ ഇടക്കൊക്കെ കൊച്ചന്നൂരില്‍ വരും. അവരുമായിട്ടുള്ള ബന്ധവും സഹകരണവുമൊക്കെ ഞാനറിയാതെ എന്റെ മനസ്സിലും മാറ്റങ്ങള്‍ സൃഷ്ടിച്ചു. എന്റെ പ്രകൃതവും നിലപാടുമെല്ലം കേന്ദ്രത്തില്‍നിന്നെത്തുന്ന നേതാക്കള്‍ക്കും അനുയോജ്യമായി തോന്നിത്തുടങ്ങി. വായനയിലൊക്കെ ആദ്യമേ താല്‍പര്യമുണ്ടായിരുന്നു. ഹല്‍ഖയിലുള്ള ചില പ്രവര്‍ത്തകര്‍ തങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചിരുന്ന പ്രബോധനത്തിന്റെ  പഴയ ലക്കങ്ങള്‍ എനിക്ക് വായിക്കാന്‍ തരുമായിരുന്നു. ഹല്‍ഖയില്‍ ഉറക്കെയുള്ള വായനക്ക് പുറമെ ഒഴിവുവേളകളിലും വായന ഒരു ശീലമാക്കി. ഈ വായന പ്രസ്ഥാന മാര്‍ഗത്തില്‍ എനിക്ക് ഏറെ വെളിച്ചവും ഉള്‍ക്കാഴ്ചയും പകര്‍ന്നുനല്‍കിയിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ സുന്നി മുസ്‌ലിയാരില്‍നിന്ന് ഞാനൊരു ജമാഅത്തെ ഇസ്‌ലാമിക്കാരനിലേക്ക് പടിപടിയായി വളരുകയായിരുന്നു. ഹല്‍ഖയില്‍ ഖുര്‍ആന്‍ ക്ലാസും സ്‌ക്വാഡുമൊക്കെയായി പ്രാസ്ഥാനിക സംസ്‌കാരത്തിലേക്ക് ഞാന്‍  പടികടന്നെത്തി. കുഞ്ഞുമുഹമ്മദ്, നൂറുദ്ദീന്‍ എന്നിവരൊക്കെയാണ് അന്ന് ഹല്‍ഖയിലെ സഹപ്രവര്‍ത്തകര്‍. ഇതിനിടെ യാഥാസ്ഥിതിക സുന്നി വിഭാഗങ്ങള്‍ കടുത്ത എതിര്‍പ്പും വിമര്‍ശനവുമൊക്കെയായി രംഗത്തുവന്നു. അവരില്‍െപട്ട ഒരു മുസ്‌ലിയാര്‍ പുരോഗമനവാദികളുടെ കൂടെ കൂടിയത് വല്ലാതെ അവരെ ഹാലിളക്കിയിരുന്നു. മുസ്‌ലിയാക്കന്മാര്‍ അറബിക് പരീക്ഷ എഴുതുന്നതിനോടു തന്നെ ഒരു വിഭാഗം യാഥാസ്ഥിതിക പണ്ഡിതന്മാര്‍ക്ക് വിയോജിപ്പായിരുന്നു. വഴിപിഴച്ചുപോകുമെന്നാണ് അവരുടെ നിലപാട്. ഉസ്താദുമാര്‍ അറിയാതെ ഒളിച്ചും പതുങ്ങിയുമെല്ലാമാണ് അന്ന് പലരും പരീക്ഷയെഴുതിയത്. ഇതെല്ലാം നിലനില്‍ക്കുമ്പോഴാണ് ഞാന്‍ തട്ടകം കൂടി മാറുന്നത്. അവരില്‍ ചിലര്‍ സര്‍ക്കാര്‍ ജീവനക്കാരനായ എനിക്കെതിെര ഗവണ്‍മെന്റില്‍ പരാതിയൊക്കെ നല്‍കി. സ്‌കൂളില്‍ പഠിപ്പിക്കുന്നതിനൊപ്പം ഞാന്‍ മറ്റു ജോലികളും ചെയ്യുന്നുവെന്നായിരുന്നു ആരോപണം. എ.ഇ.ഒ വന്ന് ഇക്കാര്യം അന്വേഷിക്കുകയൊക്കെ ചെയ്തു. അവര്‍ക്ക് കാര്യമായൊന്നും കണ്ടെത്താനായില്ല. നടപടിയുമുണ്ടായില്ല.

അങ്ങനെ മൂന്ന് കൊല്ലം ഞാന്‍ കൊച്ചന്നൂരില്‍ തുടര്‍ന്നു. ഇതിനിടെ എനിക്ക്  നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടി. കൊല്ലത്ത് കന്റോണ്‍മെന്റ് സ്‌കൂളിലേക്കായിരുന്നു ്രടാന്‍സ്ഫര്‍. 

 

ഇസ്‌ലാമിക് സ്റ്റഡി സര്‍ക്ക്ള്‍: പ്രസ്ഥാന വളര്‍ച്ചയുടെ ആദ്യ സ്പന്ദനം

ഞാന്‍ കൊല്ലത്തേക്ക് മടങ്ങിവന്നുവെന്ന കാര്യം ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്ര നേതൃത്വം മനസ്സിലാക്കി. കെ.സിയായിരുന്നു അമീര്‍.അന്ന് പ്രസ്ഥാനത്തിന് കൊല്ലത്ത്‌ വേരുകളൊന്നുമില്ല, ഞാന്‍ ഒറ്റക്ക്.  തിരുവനന്തപുരം ശൈഖ് അഹ്മദിനെ പോലെ കുറച്ച് പേരുണ്ടെന്നല്ലാതെ വ്യവസ്ഥാപിതമായ ഹല്‍ഖയൊന്നുമില്ല. ഞാന്‍ പ്രസ്ഥാനക്കാരനാണ് എന്ന വിവരം ഇവിടത്തെ മൗലവിമാരൊക്കെ എങ്ങനെയോ മനസ്സിലാക്കി. അതും മനസ്സില്‍ വെച്ച്  പ്രത്യേക രീതിയിലായി പിന്നീട് എന്നോടുള്ള പരുമാറ്റം. ഒറ്റക്കാണെങ്കിലും പ്രസ്ഥാനികമായി എങ്ങനെ മുന്നോട്ടുപോകണമെന്ന ചിന്തയിലായിരുന്നു ഞാന്‍. മുജാഹിദ് ആശയക്കാരായ േതാല്‍ക്കട എ.കെ.എസ് ബുഖാരിയടക്കം പരിഷ്‌കരണ മനസ്സുള്ളവര്‍ ഒന്നു രണ്ട് പേര്‍ അന്ന് ഇവിടെ ഉണ്ടായിരുന്നു.  ഞാന്‍ കൊല്ലത്തെത്തി കുറച്ച് നാളുകള്‍ കഴിയുന്നതിനിടക്ക് അബ്ദുസ്സലാം മൗലവിയും നീര്‍ക്കുന്നം ഹസന്‍ ബാവയും കൂടി  എന്നെത്തേടി കൊല്ലത്തേക്ക് വന്നു. കേന്ദ്ര നിര്‍ദേശമനുസരിച്ചായിരുന്നു വരവ്. അവരത് വെളിപ്പെടുത്തിയിരുന്നില്ല. പ്രസ്ഥാനം വളര്‍ത്തുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ആവശ്യവുമായായിരുന്നു വരവ്. 

അബ്ദുസ്സലാം മൗലവിയും നീര്‍ക്കുന്നം ഹസന്‍ ബാവയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം എന്തായാലും പ്രവര്‍ത്തനം തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. നേരത്തേ  പറഞ്ഞ പുരോഗമന ആശയക്കാരായ കുറച്ചു പേരെ കൂട്ടി എങ്ങനെ ഇസ്‌ലാമിക പ്രവര്‍ത്തനം നടത്താം എന്നത് സംബന്ധിച്ച് ആലോചിക്കുന്നതിന് ഒരു യോഗം ചേര്‍ന്നു. കൊല്ലം മെയിന്‍ റോഡില്‍ അന്ന് തലശ്ശേരിക്കാര്‍  നടത്തിയിരുന്ന മെട്രോ ഹോട്ടലിലെ ഒരു മുറിയിലായിരുന്നു യോഗം. 1960-1965 ആയിരിക്കും കാലമെന്നാണ് എന്റെ ഓര്‍മ. ഇസ്‌ലാമിക പ്രസ്ഥാനത്തിന് ജില്ലയില്‍ വിത്ത് പാകുന്നതിന് ധൈഷണികമായി മണ്ണൊരുങ്ങിയത് ഒരുപക്ഷേ ഈ യോഗത്തില്‍നിന്നായിരിക്കും. ഈ കൂടിയിരുത്തത്തിലാണ് ഇസ്‌ലാമിക് സ്റ്റഡി സര്‍ക്ക്ള്‍ എന്ന സംരംഭത്തിന് തുടക്കം കുറിക്കാന്‍ തീരുമാനിച്ചത്. എ.കെ.എസ് ബുഖാരി (ചിന്നക്കട), അബ്ദുല്‍ ഖാദര്‍ (ചിന്നക്കട), മുഹമ്മദ് കുഞ്ഞ് തുടങ്ങിയവരാണ് ആ യോഗത്തില്‍ പങ്കെടുത്തത്. എല്ലാവരുടെയും പേര് ഇപ്പോള്‍ ഓര്‍മയിലില്ല. 

ആദ്യഘട്ടത്തില്‍ ഇസ്‌ലാമിക് സ്റ്റഡി സര്‍ക്ക്ള്‍ യോഗം ചേരുന്നതിന് കൃത്യമായ സ്ഥലമുണ്ടായിരുന്നില്ല. സൗകര്യപ്രദമായി സ്ഥലം കത്തെി യോഗം ചേരും. ഇത് പോരെന്നും സ്ഥിരമായി ഒരു സ്ഥലം വേണമെന്നും അഭിപ്രായങ്ങളുയര്‍ന്നു. അങ്ങനെയാണ് ചിന്നക്കട പള്ളിയുടെ  നേരെ മുന്നിലുള്ള കെട്ടിടത്തിന്റെ മുകള്‍ഭാഗം വാടകക്കെടുക്കുന്നത്. കെട്ടിടത്തിന്റെ താഴെ കടയൊക്കെയുണ്ട്. അച്ചുമഠം എന്ന തറവാട്ട് കുടുംബത്തിന്റെ വകയായിരുന്നു കെട്ടിടം.  അന്ന് മാസം മുപ്പത് രൂപയായിരുന്നു വാടക. അത് തന്നെ ഒപ്പിക്കുന്ന കാര്യം വലിയ പാടായിരുന്നു. എല്ലാവരും പിരിവിടും. എന്നാല്‍ ഒന്നു രണ്ട് വര്‍ഷത്തിനു ശേഷം ആ കെട്ടിടം ഒന്നാകെ തന്നെ  വിലയ്ക്ക് വാങ്ങിച്ചു. 80000 രൂപയായിരുന്നു വില. 30000 രൂപ അന്ന് കേന്ദ്രത്തില്‍നിന്ന് കെ.സി അബ്ദുല്ല മൗലവി തന്നു. അന്ന് അത് വലിയ തുകയാണ്. ബാക്കി തുക ഇവിടെന്നെല്ലാം കൂടി സംഘടിപ്പിച്ചു. ക്ലാപ്പന ലത്വീഫ് സാഹിബും അന്ന് ഒപ്പമുണ്ടായിരുന്നു. ഇപ്പോഴും നമ്മുടെ അധീനതയിലാണ് ആ കെട്ടിടം. 

സ്റ്റഡി സര്‍ക്ക്‌ളും സ്വന്തം കെട്ടിടവുമൊക്കെ ഉണ്ടായതോടെ ഇസ്‌ലാമിക ്രപവര്‍ത്തനങ്ങള്‍ക്ക് വലിയ സ്വാതന്ത്ര്യവും സൗകര്യവുമൊക്കെയുണ്ടായി. അന്ന് ഇങ്ങനെയൊരു ഇരിയ്ക്കാടം (ഇരിക്കാനുള്ള ഇടം) ലീഗ് അടക്കം ഒരു പാര്‍ട്ടിക്കുമില്ല. പള്ളിയുടെ നേരെ എതിര്‍വശത്താണ് ഈ കെട്ടിടമെന്നതും എടുത്തുപറയണം. ഇൗ കെട്ടിടമായിരുന്നു ഇസ്‌ലാമിക പ്രസ്ഥാനത്തിന്  ആദ്യ സ്പന്ദനങ്ങളുടെ ഉറവിടം. അറബിക് അധ്യാപകരടക്കം പലരും ഇവിടെയെത്തുകയും യോഗം ചേരുകയുമൊക്കെ ചെയ്തിട്ടുണ്ട്. മലബാറില്‍നിന്ന് കൊല്ലം കന്റോണ്‍മെന്റില്‍ നടന്നിരുന്ന അറബിക് അധ്യാപക പരിശീലനത്തിന് വരുന്നവര്‍ നമ്മുടെ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. ഇവരുടെ സഹകരണവും പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയാണ് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ 'സ്റ്റഡി സര്‍ക്ക്ള്‍' എന്നേ അന്നുപയോഗിച്ചിരുന്നുള്ളൂ. വൈ.എം ഹനീഫ്, അബ്ദുസ്സലാം തുടങ്ങിയ ചെറുപ്പക്കാരെയും അന്ന് കൊല്ലത്തുനിന്ന് സ്റ്റഡി സര്‍ക്കഌന് കിട്ടി. യാഥാസ്ഥിതികരായ ചിലരും കണ്ടും  കേട്ടും  വായിച്ചുമെല്ലാം മനം മാറി സ്റ്റഡി സര്‍ക്കഌന്റെ ഭാഗമായി. ഇത്തരത്തില്‍ സ്റ്റഡി സര്‍ക്ക്ള്‍ വഴി പ്രസ്ഥാനത്തിന്ഒത്തിരി വളര്‍ച്ചയുണ്ടായി. 

മുസ്‌ലിയാക്കന്മാര്‍ അന്ന് എന്നോട് നേരിട്ട് തര്‍ക്കിക്കാനൊന്നും വരില്ലായിരുന്നു.അന്ന് പ്രസംഗമൊക്കെ ഒളിച്ചുനിന്ന് കേള്‍ക്കുന്നത് കണ്ടിട്ടുണ്ട്. ഭാര്യാ പിതാവ് സുന്നി ആശയക്കാരനാണെങ്കിലും എന്നെ എതിര്‍ത്തിരുന്നില്ല. മാത്രമല്ല, പുറത്ത് കാണിച്ചിട്ടില്ലെങ്കിലും ഉള്ളാലെ പിന്തുണയുമുണ്ടായിരുന്നു.  അങ്ങനെ പല ഭാഗങ്ങളില്‍നിന്ന് പടച്ചവന്റെ അന്ന് അപ്രതീക്ഷിത സഹായങ്ങളും ഈ മാര്‍ഗത്തിലുണ്ടായി. ഇങ്ങനെെയാക്കെയാണ് ഇസ്‌ലാമിക പ്രസ്ഥാനം കൊല്ലത്ത് മുളക്കുകയും മൊട്ടിടുകയുമൊക്കെ ചെയ്തത്. 

എ.കെ.എസ് ബുഖാരി സാഹിബ് ചിന്നക്കട പള്ളിയിലെ കാരണവരില്‍ ഒരാളായിരുന്നു. പണ്ടുമുതലേ ചിന്നക്കട പള്ളിയില്‍ ജുമുഅ ഖുത്വ്ബ മലയാളത്തില്‍ നടന്നിരുന്നു. ആദ്യം മലയാളത്തില്‍ പ്രസംഗിക്കും. പിന്നെ ഈ പ്രഭാഷണത്തിന്റെ സംക്ഷിപ്തം അറബിയില്‍ അവതരിപ്പിക്കുന്നതായിരുന്നു രൂപം. 

അബ്ദുസ്സലാം മൗലവിയും നീര്‍ക്കുന്നം ഹസന്‍ ബാവയുമായുള്ള കൂടിക്കാഴ്ചക്കു മുമ്പു തന്നെ പ്രബോധനം എന്റെ പേരില്‍ കൊല്ലത്തേക്ക് വരുമായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ പോയി എടുക്കണം. തീവണ്ടി ജീവനക്കാര്‍ എവിടെയെങ്കിലും വലിച്ചെറിയും. പിന്നെ ട്രെയ്ന്‍ വരുന്ന സമയം മുന്‍കൂട്ടി മനസ്സിലാക്കി സ്റ്റേഷനില്‍ പോയി നില്‍ക്കും. പിന്നെപ്പിന്നെ സ്റ്റേഷനിലെ ഒരു റെയില്‍വേ ജീവനക്കാരനുമായി ചങ്ങാത്തത്തിലായി. പ്രബോധനക്കെട്ട് അയാള്‍ എടുത്തുവെക്കും. സാവകാശം പോയി വാങ്ങിയാല്‍ മതി. റെയില്‍വേ സ്റ്റേഷനില്‍ കയറി ഇങ്ങനെ കെട്ട് എടുക്കുകയും മറ്റും ചെയ്യുന്നതിന് പ്രത്യേക പാസൊക്കെ എടുക്കണം. ഏറെ പാടുപെട്ട് അതൊക്കെ അന്ന് സംഘടിപ്പിച്ചിരുന്നു. മൗലവിമാര്‍ക്ക് മാത്രമേ പ്രസ്ഥാനത്തെ അറിയുമായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍നിന്ന് മാത്രമേ ആദ്യകാലത്ത് എതിര്‍പ്പുമുയര്‍ന്നിരുന്നുള്ളൂ. മൗലവിമാരുടെ ഈ എതിര്‍പ്പ് കനത്ത   പ്രചാരണ രൂപത്തിലേക്ക് അങ്ങനെയങ്ങ്   മാറിയിരുന്നുമില്ല. 

സാധാരണക്കാര്‍ക്ക് ഇത് എന്താണ് എന്ന് അറിയില്ല. പ്രബോധനം കണ്ടപ്പോ 'വായിക്കാനൊക്കെ കൊള്ളാം, പുതിയ അവതരണം' എന്നൊക്കെയുള്ള മനോവിചാരത്തോടെ പലരും വരിക്കാരായി. അന്നുവരെ വായിച്ച അറബി മലയാളത്തില്‍നിന്നും മറ്റു പത്രപ്രസിദ്ധീകരണങ്ങളില്‍നിന്നും വേറിട്ട രചനാരീതിയാണല്ലോ പ്രബോധനത്തിന്റേത്. അതുകൊണ്ട് അധികം എതിര്‍പ്പില്ലാതെ കുറച്ച് പൊതു വായനക്കാരെ ആദ്യം തന്നെ കൊല്ലത്ത് പ്രബോധനത്തിന് കിട്ടിയിരുന്നു. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (41 - 45
എ.വൈ.ആര്‍

ഹദീസ്‌

ദിക്‌റും ശുക്‌റും
പി.എ സൈനുദ്ദിന്‍