Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 31

2995

1438 റജബ് 03

താനൂരിലെ പോലീസ് അതിക്രമങ്ങളും രാഷ്ട്രീയ ഒളിയജണ്ടകളും

സി.പി ഹബീബുര്‍റഹ്മാന്‍

മലപ്പുറം ജില്ലയിലെ തീരദേശങ്ങളില്‍ ജനസാന്ദ്രത കൂടുതലുള്ള പ്രദേശമാണ് താനൂര്‍. തീരദേശ സംസ്‌കാരത്തിന്റെ പാരമ്പര്യവും ജൈവികതയും കൈമാറ്റം ചെയ്യപ്പെട്ടുപോരുന്ന ഇവിടെ ബഹുഭൂരിഭാഗവും മുസ്‌ലിംകളാണ് അധിവസിക്കുന്നത്. ഗള്‍ഫിലേക്ക് തൊഴില്‍ തേടിപോയ കുറച്ചു കുടുംബങ്ങള്‍ക്ക് സാമാന്യം നല്ല വീടുകളും സൗകര്യങ്ങളുമുണ്ടെങ്കിലും ബാക്കിയുള്ള സാധാരണക്കാര്‍ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പ്രയാസപ്പെടുന്നവരാണ്. ജീവിത പ്രയാസങ്ങളും തൊഴില്‍ സാഹചര്യങ്ങളും  പരസ്പരാശ്രിതത്വത്തിന്റെയും ഐക്യത്തിന്റെയും ശീലങ്ങള്‍ സമ്മാനിച്ച തീരദേശ സാമൂഹത്തില്‍ മത-രാഷ്ട്രീയ വിഭാഗീയതകള്‍ സൃഷ്ടിച്ച ആഘാതങ്ങള്‍ ഗുരുതരമാണ്. കുടുംബക്കാരും സഹോദരങ്ങളും അയല്‍ക്കാരും തമ്മില്‍ കക്ഷി രാഷ്ട്രീയത്തിന്റെയും മതസംഘടനാ പക്ഷപാതിത്വത്തിന്റെയും പേരില്‍ കൊലവിളിയുയര്‍ത്തി  നാട് കുട്ടിച്ചോറാക്കുമ്പോള്‍ സര്‍വനാശത്തിലേക്കുള്ള വഴിയാണ് തുറക്കുന്നത്.

മുസ്‌ലിം ലീഗും സി.പി.എമ്മും തമ്മിലുള്ള പോര്‍വിളികളും സംഘട്ടനങ്ങളും ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും പോലീസോ ജനപ്രതിനിധികളോ അവ അവസാനിപ്പിക്കാനോ ഇരുവിഭാഗങ്ങളെയും യോജിപ്പിലെത്തിക്കാനോ ഇതുവരെ ആത്മാര്‍ഥമായ ശ്രമങ്ങളുമൊന്നും നടത്തിയിട്ടില്ല. തുടര്‍ സംഘട്ടനങ്ങളുടെ അവസാന എപ്പിസോഡില്‍ പോലീസിനു പരിക്ക് പറ്റിയതോടെ സംഭവിച്ച അനര്‍ഥങ്ങള്‍ വലുതായിരുന്നു. കേരളത്തിലെ അധികാര സംവിധാനങ്ങളുടെയും ഭരണകൂടത്തിന്റെയും മുഖ്യധാരാ രാഷ്ട്രീയ സംവിധാനങ്ങളുടെയും പോലീസിന്റെയും മുസ്‌ലിം വിരുദ്ധതയുടെ നേര്‍ചിത്രമായി താനൂര്‍ അടയാളപ്പെട്ടുകഴിഞ്ഞു.

പോലീസ്-സി.പി.എം-ലീഗ് അഴിഞ്ഞാട്ടങ്ങള്‍ക്ക്് ശേഷമുള്ള താനൂര്‍ തീരദേശത്തെ തെരുവുകള്‍ ആരെയും ഭീതിപ്പെടുത്തുന്നതാണ്. പോലീസിനും സൈന്യത്തിനുമൊക്കെ പ്രത്യേക അധികാരങ്ങളുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെയും കശ്മീരിനെയും അനുസ്മരിപ്പിക്കുന്ന തരത്തില്‍ വിജനമായ തെരുവകള്‍, എങ്ങും ഭീതിനിറഞ്ഞ അന്തരീക്ഷം. കണ്ടാലറിയാവുന്ന ആരെയും തൂക്കിയെടുത്ത് തുറുങ്കിലടക്കാമെന്നതിനാല്‍ പുരുഷന്മാരൊക്കെ വീടു വിട്ടുപോയിരിക്കുന്നു. സ്ത്രീകളും കുട്ടികളും വീടുകളില്‍ കഴിയുന്നത് ഒറ്റക്കാണ്. കലാപം നടത്തിയ പാര്‍ട്ടി ഗുണ്ടകളും നേതാക്കളും ഒളിവില്‍, കുറെ നിരപരാധികള്‍ പോലീസ് കസ്റ്റഡിയിലും. 

പാതിരാവിലെ പാര്‍ട്ടി ഗുണ്ടകളുടെ അഴിഞ്ഞാട്ടം അറിയാതെ വീടുകളില്‍ അന്തിയുറങ്ങിയിരുന്ന പുരുഷന്മാരെ നാല്‍പതും അമ്പതും പോലീസുകാര്‍ വീടുകളുടെ വാതിലുകള്‍ തകര്‍ത്തു തൂക്കിയെടുത്ത് ക്രൂരമായി മര്‍ദിച്ചു പോലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയി. ഒരു വനിതാ പോലീസുപോലുമില്ലാതെ പാതിരാവില്‍ വീടുകളില്‍ ഇരച്ചു കയറി സ്ത്രീകളെയും കൗമാരക്കാരായ പെണ്‍കുട്ടികളെയും കേട്ടാലറക്കുന്ന ഭാഷയില്‍ തെറിവിളിച്ചും ആക്രമിച്ചും സാധനസാമഗ്രികള്‍ നശിപ്പിച്ചും ജനലുകളും വാതിലുകളും തച്ചുതകര്‍ത്തും അക്രമികളും പോലീസും അഴിഞ്ഞാടി. പോലീസിനെപ്പേടിച്ച് പാതിരാവ് മുതല്‍ പുലര്‍ച്ച വരെ കുഴികളിലും പൊന്തക്കാടുകളിലും കഴിച്ചുകൂട്ടേണ്ട ഗതികേട്. ഗര്‍ഭിണികളും രോഗികളും വരെ ആക്രമിക്കപ്പെടുമെന്നായി. ഭാര്യയുടെയും മാതാപിതാക്കളുടെയും പിഞ്ചു മക്കളുടെയും മുന്നിലിട്ട് നിരപരാധികളായ പുരുഷന്മാരെയും യുവാക്കളെയും തല്ലിച്ചതക്കുകയായിരുന്നു പോലീസ്. പിതാക്കളെയും സഹോദരങ്ങളെയും വലിച്ചിഴച്ചു കൊണ്ടുപോകുമ്പോള്‍ വാവിട്ടു നിലവിളിക്കുന്ന സ്ത്രീകളും പിഞ്ചു കുഞ്ഞുങ്ങളും പോലീസ് ഭീകരതയുടെ വ്യാപ്തി അടയാളപ്പെടുത്തി. വിദ്യാര്‍ഥികളോട് പോലും മോശമായ രീതിയിലായിരുന്നു പോലീസിന്റെ പെരുമാറ്റം. 

ചാപ്പപ്പടി മുതല്‍ ഫാറൂഖ് പള്ളി വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരത്തിനിടയില്‍ റോഡരികിലുള്ള ഭൂരിഭാഗം വീടുകളിലെയും ജനലുകള്‍, വാതിലുകള്‍, ഗെയ്റ്റുകള്‍, കുടിവെള്ള സ്രോതസ്സുകള്‍ തുടങ്ങിയവ തകര്‍ത്തത് പോലീസ് ആയിരുന്നു. വീട്ടു മുറ്റത്തും റോഡ് സൈഡിലും  നിര്‍ത്തിയിട്ടിരുന്ന കാറുകള്‍, ബൈക്കുകള്‍, തൊഴില്‍ വാഹനങ്ങള്‍, ബസുകള്‍, പിക്കപ്പ് വാനുകള്‍ തുടങ്ങി നൂറോളം വാഹനങ്ങളാണ് തകര്‍ത്തത്. ഒരു വിഭാഗത്തോടുള്ള അടങ്ങാത്ത പകയും വിദ്വേഷവുമാണ് പോലീസിന്റെ അക്രമത്തില്‍ തെളിയുന്നത്. ലക്ഷക്കണക്കിന് രൂപ വിലയുള്ള മത്സ്യബന്ധന ഉപകരണങ്ങള്‍ തീയിട്ട് നശിപ്പിച്ചും മിണ്ടാപ്രാണികളായ 75 പ്രാവുകളെ പച്ചക്ക് ചുട്ടുകൊന്നും അക്രമകാരികളും പോലീസും താണ്ഡവമാടുകയായിരുന്നു.

പോലീസിനെ അക്രമിച്ചു എന്ന കാരണം പറഞ്ഞ് പോലീസ് സൃഷ്ടിച്ച ഭീകരാന്തരീക്ഷം വര്‍ഗീയ കലാപങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു. കലാപങ്ങളും സമരങ്ങളും നടക്കുന്ന പ്രദേശങ്ങളില്‍  പ്രശ്‌നങ്ങളെ നിയന്ത്രിക്കേണ്ടതും നാട്ടുകാര്‍ക്ക് സംരക്ഷണം നല്‍കേണ്ടതും പോലീസും പട്ടാളവുമൊക്കെയാണ്. പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിനിടയില്‍ പോലീസിനു പരിക്ക് പറ്റുക എന്നതും സ്വാഭാവികമാണ്. സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷങ്ങള്‍ക്കിടയില്‍ ബോംബ് സ്‌ഫോടനത്തില്‍ വരെ പരിക്കേല്‍ക്കുന്ന നിയമപാലകരുണ്ട്. അവിടെയൊന്നും കലാപകാരികളെ കിട്ടാത്തതുകൊണ്ട്  നിരപരാധികളെ തുറുങ്കിലടക്കുകയോ സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയോ സ്വത്തുക്കള്‍ നശിപ്പിക്കുകയോ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയോ ചെയ്ത ചരിത്രം കേരളത്തിനില്ല.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആരംഭിച്ച സംഘര്‍ഷത്തിന് പരിഹാരം കാണാതെ  പേരിനൊരു പോലീസ് പിക്കറ്റിംഗും ഏര്‍പ്പെടുത്തി മാസങ്ങളായി തീരദേശത്ത് അഴിഞ്ഞാടാന്‍ അക്രമികള്‍ക്ക് അവസരം നല്‍കിയത് പോലീസ് തന്നെയാണ്. ചെറിയ ചെറിയ അക്രമങ്ങള്‍ ശ്രദ്ധിക്കാതെ അതിനെ വലിയ അക്രമത്തിലേക്ക് എത്തിച്ചതില്‍ പോലീസിനുള്ള പങ്ക് നിഷേധിക്കാനാവില്ല.  

താനൂരിലെ സി.പി.എം-ലീഗ് സംഘര്‍ഷത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നേരത്തെ രൂക്ഷമായിരുന്ന എ.പി-ഇ.കെ സമസ്തക്കാര്‍ തമ്മിലുള്ള സംഘര്‍ഷം പിന്നില്‍നിന്ന് സി.പി.എമ്മും ലീഗും തന്നെയാണ്  നിയന്ത്രിച്ചിരുന്നത്. ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള തീരദേശത്ത് പ്രശ്‌നങ്ങളുണ്ടാക്കി പാര്‍ട്ടി വളര്‍ത്താന്‍ സി.പി.എം സ്വീകരിക്കുന്ന തന്ത്രത്തെ  ബുദ്ധിപരമായി പ്രതിരോധിക്കാതെ അക്രമത്തിന്റെ പാത സ്വീകരിക്കുന്നുവെന്നതാണ് പകയടങ്ങാത്ത തീരമായി താനൂരും ഉണ്ണിയാലും മാറിയതിന്റെ പ്രധാന കാരണം. ഓരോ അക്രമത്തിന്റെയും രാഷ്ട്രീയ ലാഭം സി.പി.എമ്മിനാണെന്ന തിരിച്ചറിവ് ലീഗിന് ഇല്ലാത്തതിനാലും സി.പി.എമ്മിന് അതേക്കുറിച്ച് നല്ല ബോധ്യമുള്ളതിനാലും ഈ അക്രമപരമ്പര അവസാനിക്കാന്‍ പോകുന്നില്ല. നിലവിലെ എം.എല്‍.എയെ മുന്നില്‍ നിര്‍ത്തി ഭരണത്തിന്റെ മറവില്‍ പരമാവധി രാഷ്ട്രീയ നേട്ടത്തിനായിരിക്കും സി.പി.എം ശ്രമിക്കുകയെന്നത് വ്യക്തമാണ്. തീരദേശ വോട്ട്ബാങ്കിനെ രണ്ടായി പിളര്‍ത്തുകയെന്നത് സി.പി.മ്മിന്റെ അജണ്ടയായതിനാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് അക്രമം വ്യാപിക്കാനും സാധ്യതയുണ്ട്. രണ്ടു പാര്‍ട്ടികളും മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ട ഗുണ്ടാസംഘങ്ങളെ തന്നെ തീരദേശത്ത് നട്ടുനനച്ച് വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. നേതൃത്വത്തിനു പോലും നിയന്ത്രിക്കാന്‍ കഴിയാത്ത അക്രമിക്കൂട്ടങ്ങളായി ഇവര്‍ സൈ്വരവിഹാരം നടത്തുന്നുവെന്നത് അത്യന്തം അപകടകരമാണ്. 

താനൂര്‍ മണ്ഡലത്തിലെ മത-ജാതി സമവാക്യങ്ങള്‍ പരിശോധിക്കുമ്പോള്‍ സി.പി.എമ്മിന്റെ  രാഷ്ട്രീയ മുന്നേറ്റത്തിന് മുസ്‌ലിം ലീഗിന്റെ കോട്ടകളില്‍ വിള്ളലുണ്ടാക്കേണ്ടത് അനിവാര്യമാണ്. സി.പി.എമ്മിന്റെ എക്കാലത്തെയും ഉറച്ച വോട്ട് ബാങ്കുകളായ പിന്നാക്ക ഹിന്ദു വിഭാഗങ്ങളുടെ പിന്തുണ കാലങ്ങളായി മണ്ഡലത്തില്‍ കൂടുതലായും ബി.ജെ.പിക്കാണ്. 44 അംഗ താനൂര്‍ മുനിസിപ്പാലിറ്റിയില്‍ ബി.ജെ.പിക്ക് 10 കൗണ്‍സിലര്‍മാരുള്ളപ്പോള്‍ എല്‍.ഡി.എഫിനുള്ളത് രണ്ട് സ്വതന്ത്രര്‍ മാത്രമാണ് (താനൂരിലെ ബി.ജെ.പി വളര്‍ച്ചയുടെ സുപ്രധാന കാരണം 1985-ല്‍ നടന്ന ലീഗ്-ആര്‍.എസ്.എസ് സംഘര്‍ഷമായിരുന്നു). ഉറച്ച വോട്ട് ബാങ്കുകള്‍ ഉണ്ടാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം കലാപങ്ങളും അക്രമ രാഷ്ട്രീയവുമാണെന്ന ഇന്ത്യന്‍ ജനാധിപത്യത്തിലെ പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ് താനൂര്‍ തീരദേശങ്ങളില്‍.  തീരദേശവാസികളെ അക്രമങ്ങളിലൂടെ തമ്മിലകറ്റി വോട്ട് ബാങ്കുകള്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഓരോ കലാപവും. തീരദേശത്ത് അശാന്തി വിതക്കുന്നതിലൂടെ സംഘ്

പരിവാര്‍ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യംകൂടി സി.പി.എമ്മിന് ഉണ്ടാകാം. കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ സി.പി.എം താനൂര്‍ ഏരിയാ സെക്രട്ടറിയുടെ നിലപാട് ആര്‍.എസ്.എസിനെ സുഖിപ്പിക്കുന്നതാവുന്നത്  അതുകൊണ്ടാണ്.

60 വര്‍ഷം താനൂരില്‍  ഭരിക്കാന്‍ അവസരം ലഭിച്ചിട്ടും തീരദേശത്ത് സുസ്ഥിര വികസനം കൊണ്ടുവരാന്‍ കഴിയാതെ അണികളെ പിടിച്ചുനിര്‍ത്താന്‍ ഇന്നും അക്രമത്തിന്റെ വഴിതേടുകയാണ് ലീഗ് എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. വീട്, തൊഴില്‍, സാമ്പത്തിക പുരോഗതിക്കുള്ള പദ്ധതികള്‍, വിദ്യാഭ്യാസ പുരോഗതി, ധാര്‍മിക-സാംസ്‌കാരിക ഉന്നമനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളോ ചിന്തകളോ പദ്ധതികളോ മത-രാഷ്ട്രീയ-അധികാര പിന്തുണയുണ്ടായിട്ടും ഉണ്ടായില്ലെന്നത് അതീവ ദയനീയമാണ്. കൊട്ടിഘോഷിക്കപ്പെട്ട പൊള്ളയായ വികസനപ്പെരുമഴക്കിടയിലും പാര്‍ട്ടി  വോട്ടുകളടക്കം ഒലിച്ചുപോയി ഇടതു സ്വതന്ത്രന്‍ ജയിക്കാനുണ്ടായ സാഹചര്യം അറുപതു കൊല്ലം കൊണ്ട് ലീഗിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല എന്ന യാഥാര്‍ഥ്യം ജനം ഉള്‍ക്കൊണ്ടതുകൊണ്ടായിരുന്നു.

ഇതുവരെ ഉണ്ടായ ആക്രമണങ്ങളേക്കാള്‍ തീരദേശ സമൂഹത്തില്‍ ആഴത്തില്‍ മുറിവുകളുണ്ടാക്കിയ അക്രമ പരമ്പരയാണ് ഇപ്പോള്‍ അരങ്ങേറിയത്. ഒരു സമൂഹത്തിന്റെ സാമ്പത്തിക സ്രോതസ്സിനെ കൃത്യമായി ടാര്‍ഗറ്റ് ചെയ്ത് ഭരണകൂടം തന്നെ കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നത് അതീവ ഗുരുതരമാണ്. താനൂരിലെ പോലീസ് ഭീകരതയെ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയേക്കാള്‍ തരംതാഴ്ന്ന രീതിയില്‍ മുഖ്യമന്ത്രി ന്യായീകരിച്ചതും അക്രമങ്ങള്‍ക്കുള്ള സാമ്പത്തിക സ്രോതസ്സ് വിദേശപണവും കള്ളപ്പണവുമാണെന്ന മണ്ഡലം എം.എല്‍.എയുടെ പ്രസ്താവനയും ആര്‍ക്കു വേണ്ടിയുള്ള കുഴലൂത്താണെന്ന് പ്രത്യേകം പറയേണ്ടതില്ല. 

സംഘര്‍ഷത്തിനു ശേഷം മുഖ്യമന്ത്രിയോ മന്ത്രിമാരോ സ്ഥലം എം.എല്‍.എ പോലുമോ പ്രദേശത്തേക്ക് എത്തി നോക്കിയില്ല. കലാപം നടന്ന സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ അകലെ എളാരം കടപ്പുറത്ത് എം.ഇ.എസിന്റെ വക്കം ഖാദര്‍ സ്മാരകം ഉദ്ഘാടനം ചെയ്യാന്‍ തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി എത്തിയെങ്കിലും പ്രശ്‌നബാധിത പ്രദേശത്തെക്ക് തിരിഞ്ഞുനോക്കിയില്ല. അതിനുശേഷം താനൂരില്‍ നടന്ന സി.പി.എം പൊതുസമ്മേളനത്തിലും പ്രശ്‌നത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാന്‍ മുഖ്യമന്ത്രി തയാറായില്ല. കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു പോലീസ് അതിക്രമം നടന്നിട്ടും നിരപരാധികളായ നൂറുകണക്കിന് പേര്‍ പീഡിപ്പിക്കപ്പെട്ടിട്ടും പോലീസിനെ പേടിച്ച് പുരുഷന്മാരെല്ലാം നാടു വിട്ടു പോയിട്ടും അങ്ങനെയൊരു പ്രശ്‌നമേ അവിടെയില്ല എന്ന മട്ടിലാണ് മുഖ്യമന്ത്രി പെരുമാറുന്നത്. എന്നുമാത്രമല്ല ഒരുവശത്ത് പട്ടിണിയും ഭയവും നാശനഷ്ടവും പേറി തീരദേശം വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍  മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ആനയും തെയ്യവും ബാന്റ് വാദ്യങ്ങളും മുത്തുക്കുടകളും ശിങ്കാരിമേളവും അണിനിരത്തിയുള്ള വിജയ ഘോഷയാത്രയാണ് സി.പി.എം സംഘടിപ്പിച്ചത്.

സി.പി.എം-ലീഗ് സംഘട്ടനവും പോലീസ് ഭീകരതയും മറച്ചുവെക്കാനാണ് ആദ്യംമുതലേ പാര്‍ട്ടികളും മാധ്യമങ്ങളും ശ്രമിച്ചത്. തീരദേശത്ത് സംഭവിക്കാറുള്ള സ്ഥിരം സംഘര്‍ഷം എന്ന രീതിയില്‍ പ്രശ്‌നത്തെ ഒതുക്കാന്‍ കഴിയുമെന്നായിരുന്നു ഭരണകൂടത്തിന്റെ പ്രതീക്ഷ. മീഡിയയില്‍ ആദ്യം വന്ന  വാര്‍ത്തകളും ആ രീതിയിലായിരുന്നു. എന്നാല്‍ മാധ്യമവും മീഡിയാ വണും മറ്റു ചില മാധ്യമങ്ങളും യഥാര്‍ഥത്തില്‍ സംഭവിച്ചത് പുറത്തുകൊണ്ടുവന്നപ്പോഴാണ് പ്രശ്‌നത്തിന്റെ രൂക്ഷത പൊതുസമൂഹമറിഞ്ഞത്. അതുകൊണ്ടുതന്നെ ആദ്യഘട്ടത്തില്‍ പോലീസിന് വീഴ്ചപറ്റി എന്നുപറഞ്ഞ സി.പി.എം ഏരിയാ സെക്രട്ടറി തന്നെ പിന്നീട് പോലീസിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. തീരദേശത്ത് നടന്ന ചെറിയൊരു പ്രശ്‌നത്തെ പര്‍വതീകരിച്ച് അവതരിപ്പിക്കുന്നത് മീഡിയ വണും മാധ്യമവും ജമാഅത്തെ ഇസ്‌ലാമിയുമാണെന്നാണ് ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകകളിലും പൊതുപരിപാടികളിലും സി.പി.എം പറഞ്ഞുകൊണ്ടിരിക്കുന്നത്! 

അതേസമയം, താനൂരില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന ബി.ജെ.പി ജില്ലാ കമ്മറ്റിയുടെ പ്രസ്താവന നിസ്സാരമായി തള്ളിക്കളയാന്‍ സാധിക്കില്ല. 

തീരദേശത്തെ അനന്ത സാധ്യതകളില്‍ കണ്ണുനട്ട് കരുക്കള്‍ നീക്കുന്ന റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പുകളുടെ കച്ചവട താല്‍പര്യങ്ങളും മറ്റും തീരദേശ സംഘട്ടനങ്ങളുടെ പിന്നാമ്പുറ അജണ്ടകളായി സംശയിക്കുന്നുണ്ട്. കോഴിക്കോട്ടു നിന്നും എറണാകുളത്തേക്കുള്ള യാത്രാദൂരം 60 കിലോമീറ്റര്‍ കുറക്കുന്ന നിര്‍ദിഷ്ട വെങ്ങളം-പൊന്നാനി തീരദേശ പാത താനൂരിലൂടെയാണ് കടന്നുപോകുന്നത്. നിലവിലെ ടിപ്പു സുല്‍ത്താന്‍ റോഡിലൂടെ പാത കൊണ്ടുപോകണമെങ്കില്‍ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. വികസനരംഗത്ത് വലിയ സാധ്യതകള്‍ തുറന്നുതരുന്ന പാതക്ക് സമീപമുള്ള സ്ഥലങ്ങള്‍ റിയല്‍ എസ്‌റ്റേറ്റ് ലോബികള്‍ കണ്ണുവെച്ചുകഴിഞ്ഞിട്ടുണ്ട്. നിലവില്‍ പറവണ്ണ മുതല്‍ കൂട്ടായി കോതപറമ്പ് വരെ തീരദേശ പാതയുടെ ഡെമോ ട്രാക്ക് നിര്‍മിച്ചുകഴിഞ്ഞിട്ടുണ്ട്. അത്രയും സൗകര്യങ്ങളോടെ തീരദേശ പാത കൊണ്ടുപോകണമെങ്കില്‍ നൂറുകണക്കിന് വീടുകള്‍ താനൂര്‍ കടപ്പുറത്ത് നാല് കിലോമീറ്ററിനുള്ളില്‍മാത്രം കുടിയൊഴിപ്പിക്കേണ്ടിവരും. ഏക്കര്‍കണക്കിന് ഭൂമിയും ഏറ്റെടുക്കേണ്ടിവരും. നിലവിലെ സാഹചര്യത്തില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കാവുന്ന ഒന്നായിരിക്കും താനൂര്‍ തീരദേശത്തെ സ്ഥലമേറ്റെടുപ്പ്. ടൂറിസം മേഖലയിലും മത്സ്യബന്ധന മേഖലയില്‍ ഹാര്‍ബര്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും വരുന്നതോടെ താനൂരിനു ഏതാനും വര്‍ഷങ്ങള്‍ക്കകം വലിയ വളര്‍ച്ച കൈവരിക്കാനുള്ള സാധ്യത കൂടുതലാണ്.

പോലീസ് അതിക്രമം വലിയ ആഘാതങ്ങളുണ്ടാക്കിയ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പരസ്പരം ഐക്യപ്പെടുന്നതിന് വഴിയൊരുക്കേണ്ടത് അനിവാര്യമായിരിക്കുന്നു. പ്രദേശത്തിന്റെ സമാധാനവും സ്വസ്ഥതയും വീണ്ടെടുക്കാന്‍ ബോധപൂര്‍വമായ പരിശ്രമങ്ങള്‍ വേണം. ഇക്കാര്യത്തില്‍ മതസംഘടനകള്‍ക്കും പണ്ഡിതന്മാര്‍ക്കും വലിയ പങ്ക് നിര്‍വഹിക്കാനുണ്ട്. കേരളത്തിലെ പ്രബലമായ രണ്ട് 'സമസ്ത' വിഭാഗങ്ങളിലെ നേതൃത്വം തീരുമാനിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ താനൂര്‍ തീരദേശത്തുള്ളൂ. ഇനിയും രാഷ്ട്രീയ പാര്‍ട്ടികളുടെ വാലായി തുടരാനാണ് മത സംഘടനകളുടെയും പണ്ഡിതന്മാരുടെയും താല്‍പര്യമെങ്കില്‍ കനലുകള്‍ കെട്ടടങ്ങില്ല. നാശനഷ്ടങ്ങള്‍ക്ക്  സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണം. മനുഷ്യാവകാശ കമീഷന്‍ പ്രശ്‌നത്തില്‍ സ്വയമേവ ഇടപെടണം. ജനങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മഹല്ലുകളും മതസംഘടനകളും ഒരുമിച്ച് പ്രക്ഷോഭത്തിനിറങ്ങണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (32 - 40)
എ.വൈ.ആര്‍

ഹദീസ്‌

സമര പാതയില്‍ തളരാതെ
കെ.സി ജലീല്‍ പുളിക്കല്‍