Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 31

2995

1438 റജബ് 03

അല്‍കിന്ദി ഇസ്‌ലാമിക തത്ത്വചിന്തയുടെ ആരംഭം

എ.കെ അബ്ദുല്‍ മജീദ്

അറബ്-മുസ്‌ലിം തത്ത്വചിന്തയുടെ, സംസം മുതല്‍ സിന്ധു വരെ നീണ്ടുകിടക്കുന്ന പാടശേഖരങ്ങളില്‍ ആദ്യത്തെ വിത്തു പാകിയത് 'അറബികളുടെ തത്ത്വചിന്തകന്‍' എന്ന വിളിപ്പേരു പതിഞ്ഞ അബൂയൂസുഫ് യഅ്ഖൂബ് ഇബ്‌നു ഇസ്ഹാഖ് അസ്സ്വബാഹ് അല്‍ കിന്ദിയാണ്. ജനിച്ചത് ക്രി.വ 801-ല്‍. മരിച്ചത് ക്രി. വ 866-ല്‍. അബ്ബാസീ ഖലീഫമാരായ അല്‍ മഅ്മൂന്‍, അല്‍ മുഅ്തസ്വിം, അല്‍ വാത്വിഖ് എന്നിവരുമായുള്ള സൗഹൃദം വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് തുണയായി. എന്നാല്‍ ഖലീഫ അല്‍ മുതവക്കില്‍ (847-861) തന്റെ മുന്‍ഗാമികളും അല്‍ കിന്ദിയും പിന്തുടര്‍ന്ന തത്ത്വചിന്തയുടെയും ദൈവശാസ്ത്രത്തിന്റെയും വഴി ഇഷ്ടപ്പെട്ടില്ല. മുഅ്തസിലീ ചിന്തകളോടായിരുന്നു അല്‍ കിന്ദിക്ക് ആഭിമുഖ്യം.

അല്‍ കിന്ദിയുടെ പിതാവ് ഇസ്ഹാഖ് കൂഫയില്‍ അബ്ബാസികളുടെ പ്രതിപുരുഷനായി ഭരണം നടത്തിയിരുന്നു. കൂഫയിലാണ് അല്‍ കിന്ദി ജനിച്ചത്. കൂഫയും ബസ്വറയും ബഗ്ദാദുമെല്ലാം ശാസ്ത്ര, സാഹിത്യ, ദാര്‍ശനിക ചര്‍ച്ചകളാല്‍ തിളച്ചുമറിയുന്ന കാലം. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും മതമീമാംസയുടെ മഹാ സാഗരം മുറിച്ചുകടക്കുകയും വ്യാകരണം തലനാരിഴ കീറി പഠിക്കുകയും ചെയ്തശേഷം അല്‍ കിന്ദി ഗണിതം, ഖഗോള വിജ്ഞാനീയം, വൈദ്യം, ചരിത്രം, തത്ത്വചിന്ത തുടങ്ങി അക്കാലത്തറിയപ്പെട്ട ജ്ഞാന സരിത്തുകളിലെല്ലാം ഊളിയിട്ടു. ഒടുവില്‍ ശാസ്ത്രവും തത്ത്വചിന്തയുമാണ് തന്റെ നിയോജക മണ്ഡലം എന്നു നിശ്ചയിച്ചു. ഗ്രീക്ക്്, സുറിയാനി ഭാഷകള്‍ പ്രത്യേക താല്‍പര്യമെടുത്തു പഠിക്കുകയും അവ കരതലാമലകമാക്കുകയും ചെയ്തു. ഖലീഫാ മഅ്മൂന്‍ തുടക്കം കുറിച്ച വിവര്‍ത്തന പ്രസ്ഥാനത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ ഇത് അല്‍ കിന്ദിക്ക് അവസരമൊരുക്കി.

ഭാഷയുടെ മതില്‍ തകര്‍ത്ത് സുറിയാനി വഴി പ്രവഹിച്ച തത്ത്വചിന്തയുടെ മലവെള്ളപ്പാച്ചില്‍ കണ്ട് അമ്പരന്നുപോയില്ല അല്‍ കിന്ദി. പൈതൃകമായി തനിക്കു ലഭിച്ച മതവിജ്ഞാനവുമായി അതിനെ സമീകരിക്കാമെന്ന് അദ്ദേഹം കണ്ടു. അതിനായി അല്‍ കിന്ദി രണ്ടു വിജ്ഞാനധാരകളുടെയും അടിവേരുകള്‍ അന്വേഷിച്ചുപോയി. വിഫലമായിരുന്നില്ല ആ ജ്ഞാന പര്യവേക്ഷണം. ഇരുനൂറ്റി എഴുപത് കൃതികള്‍ ആ അന്വേഷണ ഫലമായി അറബി ഭാഷക്ക് ലഭിച്ചു, അവയില്‍ നല്ല പങ്കും ഇന്നു ലഭ്യമല്ലെങ്കിലും. ഗണിതവും സംഗീതവുമുള്‍പ്പെടെ ആകാശത്തിനു താഴെയും മീതെയുമുള്ള സകല വിഷയങ്ങളും ആ  പൊന്‍തൂലിക അനായാസം കൈകാര്യം ചെയ്തിരുന്നു. തത്ത്വചിന്ത, തര്‍ക്കശാസ്ത്രം, ഗണിതം, വൈദ്യം, സംഗീതം, ജ്യോതിശാസ്ത്രം, മനശ്ശാസ്ത്രം, കാലാവസ്ഥാ പഠനം, രാഷ്ട്രതന്ത്രം, ഗോളങ്ങള്‍ എന്നിങ്ങനെ പതിനേഴ് വിഷയങ്ങളായി അല്‍ കിന്ദി കൃതികളുടെ ഉള്ളടക്കം ഗവേഷകര്‍ വര്‍ഗീകരിച്ചിട്ടുണ്ട്. ചില കൃതികള്‍ ലാറ്റിനിലേക്കും ഗ്രീക്കിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. ടൈഗ്രീസ്-യൂഫ്രട്ടീസ് നദികളെ ബന്ധിപ്പിക്കുന്ന പാലം പണിയാന്‍ ആധാരമായത് അല്‍ കിന്ദിയുടെ ഗ്രന്ഥത്തില്‍ തദ്‌സംബന്ധമായി നടത്തിയ പരാമര്‍ശങ്ങളാണ്. വൈദ്യശാസ്ത്രത്തിലും പ്രകാശ ശാസ്ത്രത്തിലുമാണ് അല്‍ കിന്ദിയുടെ മൗലിക സംഭാവനകള്‍ അധികമുള്ളത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

'പണക്കൊതിയന്‍' എന്ന് അറബി ഹാസ്യ സാഹിത്യകാരന്‍ ജാഹിള് പരിഹസിച്ച അല്‍ കിന്ദി സുഖാഡംബരപൂര്‍ണമായ ജീവിതം നയിച്ചതായാണ് രേഖ. സ്വന്തം തോട്ടത്തില്‍ പല വിചിത്ര ജന്തുക്കളെയും അദ്ദേഹം പോറ്റി വളര്‍ത്തിയിരുന്നുവത്രെ. ജനബന്ധം തീരെ ഉണ്ടായിരുന്നില്ല. തൊട്ടടുത്ത അയല്‍വാസിക്കു പോലും വലിയൊരു പ്രതിഭാശാലിയുടെ അയല്‍ക്കാരനാണ് താന്‍ എന്ന കാര്യം അറിയാമായിരുന്നില്ല. സമ്പന്നനായ ഒരയല്‍വാസി, മകന് തളര്‍വാതം പിടിപെട്ടു നാടു മുഴുവന്‍ ചികിത്സ തേടിയലഞ്ഞ കഥയുണ്ട്. വളരെ വൈകിയാണ് തന്റെ തൊട്ടടുത്ത് താമസിക്കുന്ന അല്‍ കിന്ദി തളര്‍വാദം ചികിത്സിക്കുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ള ഭിഷഗ്വരനാണെന്ന് ആരോ പറഞ്ഞറിയുന്നത്. സംഗീത ചികിത്സയിലൂടെ അല്‍ കിന്ദി ആ കുട്ടിയെ സുഖപ്പെടുത്തി.

 

മതവും തത്ത്വചിന്തയും

തത്ത്വചിന്തയെ നിര്‍വചിച്ചുകൊണ്ട് അല്‍ കിന്ദി തന്റെ 'ഒന്നാമത്തെ തത്ത്വചിന്ത' എന്ന നിബന്ധത്തില്‍ എഴുതി: ''മനുഷ്യന്റെ സാധ്യതയില്‍ നിന്നുകൊണ്ട് വസ്തുക്കളുടെ യാഥാര്‍ഥ്യം അറിയലാണ് തത്ത്വചിന്ത. കാരണം, തന്റെ സൈദ്ധാന്തിക ജ്ഞാനത്തിലൂടെ സത്യം കണ്ടെത്തുകയും പ്രയോഗജ്ഞാനത്തിലൂടെ ആ സത്യത്തിനനുസരിച്ച് പെരുമാറുകയുമാണ് തത്ത്വജ്ഞാനിയുടെ ലക്ഷ്യം.''

സത്യത്തെ ദൈവവുമായാണ് ഇതേ നിബന്ധത്തിന്റെ അവസാനത്തില്‍ അല്‍ കിന്ദി സമീകരിക്കുന്നത്. സകല ചരാചരങ്ങളുടെയും സ്രഷ്ടാവാണ് ഏക സത്യം (അല്‍ വാഹിദുല്‍ ഹഖ്). എല്ലാ ഹേതുക്കളുടെയും ഹേതുവായി, എല്ലാ പ്രഭാവങ്ങളുടെയും പ്രഭാവമായി, എല്ലാ തുടക്കങ്ങളുടെയും തുടക്കമായി അല്‍ കിന്ദി ദൈവത്തെ കാണുന്നു. 

തത്ത്വചിന്തയെ അല്‍ കിന്ദി രണ്ട് പ്രധാന വിഭാഗങ്ങളായി തിരിക്കുന്നു: ഒന്ന് സൈദ്ധാന്തികം. മറ്റൊന്ന് പ്രായോഗികം. ഊര്‍ജതന്ത്രം, ഗണിത ശാസ്ത്രം, അതിഭൗതിക ശാസ്ത്രം എന്നിവയെ ഒന്നാമത്തെയും ധര്‍മമീമാംസ, ധനതത്ത്വശാസ്ത്രം, രാഷ്ട്രതന്ത്രം എന്നിവയെ രണ്ടാമത്തെയും ഗണത്തിലാണ് അദ്ദേഹം ഉള്‍പ്പെടുത്തിയത്. ടോളമിയുടെ അല്‍മാജെസ്ത് ആധാരമാക്കിയാവാം അല്‍ കിന്ദിയുടെ ഈ വിഭജനം എന്ന് റോസന്താള്‍ അഭിപ്രായപ്പെടുന്നു. തത്ത്വചിന്താ പഠനത്തെ ഇതേ രീതിയില്‍ തന്നെയാണ് പില്‍ക്കാല മുസ്‌ലിം പണ്ഡിതന്മാരും വിഭജിച്ചുപോന്നത്. ശാസ്ത്രത്തെയും മാനവിക വിഷയങ്ങളെയും തത്ത്വചിന്തയുടെ ഉപവിഭാഗങ്ങളായേ അവര്‍ ഗണിച്ചിരുന്നുള്ളൂ. തര്‍ക്കവും ദര്‍ശനവും സത്യാന്വേഷണത്തിന്റെ പ്രഥമോപാധികളായി പരിഗണിക്കപ്പെട്ടു. അല്‍ കിന്ദി തര്‍ക്കശാസ്ത്രത്തെ ഒരു ആശയ നിര്‍ധാരണ രീതിയായി സ്വീകരിച്ചില്ല എന്ന വിമര്‍ശനം ചിലര്‍ ഉന്നയിച്ചിട്ടുണ്ട്.

മതവും തത്ത്വചിന്തയും തമ്മില്‍ സമവായം സാധ്യമാവുമോ എന്ന ചിന്ത അല്‍ കിന്ദിയെ അലട്ടിയിരുന്നിരിക്കണം. തര്‍ക്കത്തെ പ്രധാന ജ്ഞാനോല്‍പാദന മാര്‍ഗമായി സ്വീകരിക്കാതിരുന്നത് ഒരുപക്ഷേ ബോധപൂര്‍വം തന്നെയാവാം. മതത്തിന്റെ മുഖ്യ ജ്ഞാനമാര്‍ഗം വെൡാടാണ്. തത്ത്വചിന്തയുടെ ആധാരശിലയായ യുക്തിയെയും മതത്തിന്റെ ആധാരശിലയായ വിശ്വാസത്തെയും യോജിപ്പിക്കാതെ ഇരു ധാരകളെയും പൊരുത്തപ്പെടുത്തുക എളുപ്പമല്ല. മതമീമാംസകര്‍ പൊതുവെ തത്ത്വചിന്തയെ തള്ളിപ്പറയുകയാണ് ചെയ്തത്. അവരെ സംബന്ധിച്ചേടത്തോളം അതായിരുന്നു എളുപ്പം. തത്ത്വചിന്തകര്‍ മതവിരുദ്ധരായി ചിത്രീകരിക്കപ്പെട്ടു. സ്വാഭാവികമായും സ്വയം പ്രതിരോധിക്കാനുള്ള ബാധ്യത അല്‍ കിന്ദിക്കു വന്നുചേര്‍ന്നു. മൂന്നു വാദങ്ങളാണ് തന്നെ എതിര്‍ത്ത മതപണ്ഡിതന്മാര്‍ക്കെതിരെ അല്‍ കിന്ദി മുന്നോട്ടുവെച്ചത്:

ഒന്ന്) വിശ്വാസശാസ്ത്രം അഥവാ ദൈവശാസ്ത്രം തത്ത്വചിന്തയുടെ ഭാഗമാണ്. തത്ത്വചിന്തയെ മാറ്റിനിര്‍ത്തിക്കൊണ്ട് ദൈവത്തിന്റെ സത്താഗുണങ്ങള്‍, പ്രവൃത്തികള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ച സാധ്യമല്ല. ഈശ്വരീയതയെക്കുറിച്ചുള്ള അന്വേഷണം, ഏകദൈവത്വം, ധാര്‍മികതത്ത്വങ്ങളെ സംബന്ധിക്കുന്ന പഠനം ഇവക്കെല്ലാം തത്ത്വചിന്തയിലൂടെ മാത്രമേ പുരോഗമിക്കാനാവൂ.

രണ്ട്) പ്രവാചകനു ലഭിച്ച വെളിപാടും തത്ത്വചിന്തയുടെ സത്യാന്വേഷണവും പരസ്പരപൂരകമാണ്. വെളിപാടിനെ തത്ത്വചിന്ത നിഷേധിക്കുന്നില്ല. മറിച്ച് വെളിപാടിലൂടെ നല്‍കപ്പെട്ടിട്ടുള്ള വിജ്ഞാനത്തെ തെളിവുകളുടെയും ന്യായങ്ങളുടെയും അടിസ്ഥാനത്തില്‍ ബലപ്പെടുത്തുകയാണ് തത്ത്വചിന്തകര്‍ ചെയ്യുന്നത്.

മൂന്ന്) ആശയരൂപീകരണത്തിന് ദൈവശാസ്ത്രവും തത്ത്വചിന്തയെപ്പോലെ യുക്തിയെ ആശ്രയിക്കുന്നുണ്ട്. അതിനാല്‍ ദൈവശാസ്ത്രത്തെ സ്വീകരിച്ച്. തത്ത്വചിന്തയെ ഉപേക്ഷിക്കണമെന്ന് പറയുന്നതില്‍ അര്‍ഥമില്ല. സത്യാന്വേഷണവും ധര്‍മാചരണവുമാണ് പ്രവാചകന്‍ അനുശാസിച്ചിട്ടുള്ളത്. തത്ത്വചിന്തയുടെ ഉദ്ദേശ്യവും മറ്റൊന്നല്ല.

നന്മയുള്ളതും പ്രയോജനകരമായതും സ്വാംശീകരിക്കുക, തിന്മ നിറഞ്ഞതും പ്രയോജനരഹിതമായതും ഉപേക്ഷിക്കുക-ഇവയാണ് മതത്തിന്റെയെന്ന പോലെ തത്ത്വചിന്തയുടെയും താല്‍പര്യം. ദൈവത്തിന്റെ നാമത്തില്‍ എല്ലാ പ്രവാചകന്മാരും പ്രഘോഷിച്ചിട്ടുള്ളത് ഇതത്രെ. ദൈവത്തിങ്കല്‍ സ്വീകാര്യമായ നന്മയിലേക്കാണ് പ്രവാചകന്മാര്‍ ക്ഷണിച്ചത്. തിന്മകള്‍ക്കെതിരെയായിരുന്നു അവരുടെ മുന്നറിയിപ്പുകള്‍.

മേല്‍ സൂചിപ്പിച്ച സാമ്യങ്ങള്‍ ഉള്ളതോടൊപ്പം തന്നെ, മതത്തിന്റെയും തത്ത്വചിന്തയുടെയും മാര്‍ഗങ്ങള്‍ ഭിന്നമാണെന്ന് അല്‍ കിന്ദി പ്രസ്താവിക്കുന്നുണ്ട്. 'അരിസ്റ്റോട്ടില്‍ കൃതികളുടെ എണ്ണം' എന്ന കൃതിയില്‍ വിശദമായി അദ്ദേഹം ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. മതവും തത്ത്വചിന്തയും തമ്മില്‍ പ്രധാനമായും നാലു വ്യത്യാസങ്ങളാണ് അല്‍ കിന്ദി ചൂണ്ടിക്കാണിച്ചത്:

ഒന്ന്: തത്ത്വചിന്തയെ അപേക്ഷിച്ച് ഉയര്‍ന്നതാണ് മതത്തിന്റെ സ്ഥാനം. മതത്തിന്റെ തത്ത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ശാസനകള്‍ക്കും പ്രഥമ പരിഗണന കൊടുക്കണം. അതിനു ശേഷമേ തത്ത്വചിന്തയെ പരിഗണിക്കേണ്ടതുള്ളൂ.

രണ്ട്: മതം ദൈവത്തില്‍നിന്നുള്ളതാണ്. തത്ത്വചിന്ത മനുഷ്യനുണ്ടാക്കുന്നതും. മനുഷ്യന്‍ ഗവേഷണം ചെയ്തു കണ്ടെത്തുന്നതല്ല മതം. മനുഷ്യനിര്‍മിതമായ ശാസ്ത്രത്തിന് 'അല്‍ ഇല്‍മുല്‍ ഇലാഹി' (ദൈവികമായ ശാസ്ത്രം) എന്നു പറയാനാവില്ല. പ്രവാചകന്മാര്‍ക്ക് ദൈവം നല്‍കുന്ന ജ്ഞാനമാണ് മതം. അതിനാല്‍ മതം സദാ സത്യോന്മുഖമായിരിക്കും. എല്ലാ മനുഷ്യര്‍ക്കും പ്രാപ്യമല്ല മതജ്ഞാനം. പ്രവാചകന്മാര്‍ക്കു മാത്രമാണ് അത് ദൈവത്തില്‍നിന്ന് നേരിട്ടു ലഭിക്കുക.

മൂന്ന്: മതത്തിന്റെ അടിസ്ഥാനം വിശ്വാസമാണ്. തത്ത്വചിന്തയുടേത് യുക്തിയും. പ്രവാചകന്മാര്‍ വഴി ലഭിച്ച സത്യത്തെ വിശ്വാസപൂര്‍വം സ്വീകരിക്കുകയും അതിനനുസരിച്ചു പ്രവര്‍ത്തിക്കുകയുമാണ് മതത്തിന്റെ മാര്‍ഗം. അനുസരണമാണ് മതം ആവശ്യപ്പെടുന്നത്. എന്നാല്‍, തത്ത്വചിന്തകരുടെ മാര്‍ഗം യുക്തിയിലൂടെ സ്വന്തം വാദം സ്ഥാപിക്കുക എന്നതാണ്. മനുഷ്യന്‍ തന്റെ യുക്തി ഉപയോഗിച്ച് എത്തിച്ചേരുന്ന നിഗമനങ്ങളേക്കാള്‍ തീര്‍ച്ചയുള്ളത് ദൈവം പ്രവാചകന്മാര്‍ക്കു നല്‍കിയ വെളിപാടുകള്‍ക്കാണ്.

നാല്: പ്രവാചകന്മാര്‍ ദൈവിക പ്രചോദനത്തെ ആശ്രയിക്കുമ്പോള്‍ തത്ത്വചിന്തകര്‍ സ്വന്തം യുക്തിയെ അവലംബമാക്കുന്നു.

മതത്തെ തത്ത്വചിന്തയുടെ മീതെ സ്ഥാപിക്കുകയും തത്ത്വചിന്തയെ മതത്തിന്റെ ദാസിയാക്കുകയുമാണ് ഫലത്തില്‍ അല്‍ കിന്ദി ചെയ്തത്. സോക്രട്ടീസിനെയും അരിസ്റ്റോട്ടിലിനെയും പ്ലാറ്റോയെയും തര്‍ജമ ചെയ്യുക മാത്രമാണ് അല്‍ കിന്ദിയുടെ പൂര്‍വികര്‍ ചെയ്തത്. അല്‍ കിന്ദി അവയെ തന്റേതായ രീതിയില്‍ മൂല്യവിചാരണ നടത്തുകയും മൗലികമായ തത്ത്വങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം മതാത്മക സത്യത്തില്‍നിന്ന് ഭിന്നമായിരുന്നില്ല ദാര്‍ശനിക സത്യം. ഏക സത്യത്തെ അഥവാ ഏകനായ ദൈവത്തെ കണ്ടെത്തുന്നതിനുള്ള രണ്ട് ഉപാധികളായാണ് മതത്തെയും തത്ത്വചിന്തയെയും അല്‍ കിന്ദി കണ്ടത്.

 

സ്രഷ്ടാവ് അഥവാ പ്രഥമ ഹേതു

ദൈവത്തെ സൂചിപ്പിക്കുന്നതിന് അറബികള്‍ സാധാരണ ഉപയോഗിക്കുന്ന 'അല്ലാഹു'വിനു പകരം ഖുര്‍ആന്‍ ഒരിടത്തു മാത്രം ഉപയോഗിച്ച 'ബാരിഅ്' (സ്രഷ്ടാവ്) എന്ന വാക്കാണ് അല്‍ കിന്ദി ഉപയോഗിച്ചത്. തത്ത്വചിന്തകരുടെ ചുവടു പിടിച്ച് 'അല്‍ ഇല്ലത്തുല്‍ ഊലാ' (പ്രഥമ ഹേതു) എന്ന പദവും അദ്ദേഹം ഉപയോഗിച്ചു. സര്‍വ ചരാചരങ്ങളുടെയും സ്രഷ്ടാവായ ദൈവമാണ് എല്ലാറ്റിന്റെയും ഹേതു. പല കാരണങ്ങളില്‍ ആദ്യത്തേതായി ദൈവത്തെ കാണുന്നതില്‍ ബഹുദൈവത്വത്തിന്റെ നിഴല്‍ പതിയുന്നതായി തത്ത്വചിന്തയെ എതിര്‍ക്കുന്നവര്‍ ഭയക്കുന്നു. അല്‍ കിന്ദിയുടെ അഭിപ്രായത്തില്‍ സ്രഷ്ടാവാണ് ഏക സത്യവും ഏക ഹേതുവും. മറ്റുള്ളതെല്ലാം ആ ഏക സത്യത്തോട് കടപ്പെട്ടിരിക്കുന്നു. എന്നാല്‍ മറ്റെല്ലാറ്റില്‍നിന്നും ഭിന്നനും വ്യതിരിക്തനുമാണ് സ്രഷ്ടാവ്. ബഹുത്വമാണ് സൃഷ്ടിപ്രപഞ്ചത്തിന്റെ പ്രത്യേകത. എന്നാല്‍ സൃഷ്ടിക്ക് കാരണമായ പ്രഥമ ഹേതു ഒന്നു മാത്രം. ലോകം സൃഷ്ടിക്കപ്പെട്ടതാണ് എന്ന കാര്യത്തിലും അതിന് തുടക്കമുണ്ട് എന്ന കാര്യത്തിലും അല്‍ കിന്ദിക്ക് തര്‍ക്കമില്ല. മതപരമായ വിശ്വാസം മാത്രമല്ല തത്ത്വചിന്താപരമായ ബോധ്യം കൂടിയാണ് അദ്ദേഹത്തിനിത്.

അല്ലാഹുവിന്റെ ഏകത്വം, ഒന്നുമില്ലായ്മയില്‍നിന്നുള്ള സൃഷ്ടിപ്പ്, എല്ലാ സൃഷ്ടികള്‍ക്കും അവനോടുള്ള ആശ്രിതത്വം എന്നീ ഖുര്‍ആനികാശയങ്ങളെ സ്ഥാപിക്കുകയാണ് അല്‍ കിന്ദി ചെയ്യുന്നത്. സത്യമായ ഒന്നായി ദൈവത്തെ കാണുന്ന അല്‍ കിന്ദി നിഷേധ പ്രസ്താവങ്ങളിലൂടെയാണ് ദൈവത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. 'ദൈവം ദ്രവ്യമല്ല, രൂപമല്ല, ഏതെങ്കിലും സംവര്‍ഗത്തില്‍ ഉള്‍പ്പെടുന്നവനല്ല. എണ്ണമോ ഗുണമോ ബന്ധുവോ ഇല്ല' എന്നിങ്ങനെയാണാ നിഷേധ വാക്യങ്ങള്‍. പരമമായ ഏകത്വമാണവന്‍. അഥവാ ഏകത്വ(വഹ്ദത്ത്)മല്ലാതെ മറ്റൊന്നുമല്ല അവന്‍. 

അല്ലാഹുവിന്റെ ഗുണങ്ങളെ (സ്വിഫാത്ത്)ക്കുറിച്ചുള്ള പരികല്‍പനയില്‍ മുഅ്തസിലീ ദൈവശാസ്ത്രത്തോടാണ് അല്‍ കിന്ദിക്ക് ആഭിമുഖ്യം. 'അല്ലാഹുവിന്റെ ഗുണങ്ങള്‍' എന്ന ആശയത്തെ മുഅ്തസിലികള്‍ നിഷേധിച്ചിരുന്നു. അല്ലാഹുവിന്റെ സത്താപരമായ ഏകത്വത്തെ നിഷേധിക്കലാവും ഗുണങ്ങളെ അംഗീകരിക്കല്‍ എന്ന നിലപാടായിരുന്നു അവരുടേത്. ഗുണങ്ങളെ സത്തയില്‍നിന്ന് വേര്‍തിരിക്കാനാവില്ല എന്നര്‍ഥം. അല്‍ കിന്ദിയും ഇതേ നിലപാട് സ്വീകരിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ പ്രശ്‌നം ദൈവത്തിന്റെ സത്തയുമായി ബന്ധപ്പെട്ടതായിരുന്നില്ല. പ്രത്യുത ദൈവത്തെ ഏതെങ്കിലും സംവര്‍ഗത്തിന്റെ ഭാഗമായി കാണുന്നതിനോടായിരുന്നു അദ്ദേഹത്തിന്റെ എതിര്‍പ്പ്. മതപരം എന്നതിനേക്കാളേറെ തത്ത്വചിന്താപരമായിരുന്നു അതിനുള്ള ന്യായം.

ദൈവാസ്തിത്വത്തിനനുകൂലമായി അല്‍ കിന്ദി ഉയര്‍ത്തിക്കാട്ടിയ തെളിവ് ഹേതുവാദമായിരുന്നു. ഏതു കാര്യത്തിനും ഒരു കാരണം ഉണ്ടായേ തീരൂ. ഹേതു പരമ്പര നിര്‍ണിതമാണ്. അതിനാല്‍ എല്ലാ ഹേതുക്കള്‍ക്കും മൂലഹേതുവായ ഒരു യഥാര്‍ഥ ഹേതു ഉണ്ടാവണം. ആ മൂലഹേതുവാണ് സത്യം. അതാണ് സ്രഷ്ടാവ്. ഒന്നുമില്ലായ്മയില്‍്‌നിന്നുള്ള സൃഷ്ടിപ്പ് (ഇബ്ദാഅ്) ആണ് ദൈവം നടത്തുന്നത്.

പ്രപഞ്ചം സൃഷ്ടി ആയതിനാല്‍ അതിനൊരു സ്രഷ്ടാവ് അനിവാര്യമാണ്. സ്രഷ്ടാവിന് തുടക്കമോ ഒടുക്കമോ ഇല്ല. സൃഷ്ടിക്ക് തുടക്കമുണ്ട്. അതിനാല്‍ ഒടുക്കവുമുണ്ട്. മുഴുവന്‍ സൃഷ്ടികളും കാലക്രമത്തില്‍ നശിക്കും. നശിക്കാത്തതായി സ്രഷ്ടാവ് മാത്രമേയുള്ളൂ. സ്ഥകാല പരിമിതമായതൊന്നും അനശ്വരമല്ല.

പ്രപഞ്ചത്തിലെ സകല പ്രതിഭാസങ്ങള്‍ക്കും ക്രമവും വ്യവസ്ഥയുമു് എന്നതാണ് ദൈവാസ്തിക്യത്തിന് അല്‍ കിന്ദി ചൂണ്ടിക്കാണിക്കുന്ന മറ്റൊരു ന്യായം. എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ഒരു മഹാ ശക്തിവിശേഷത്തിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട് സകല ഉണ്മകളിലും അന്തഃസ്ഥിതമായിട്ടുള്ള ക്രമം എന്ന് അല്‍ കിന്ദി പറയുന്നു.  ഉണ്മകള്‍ക്ക് ഉണ്മദാതാവായ സ്രഷ്ടാവിനെ സദാ ആവശ്യമു്. സ്രഷ്ടാവിനെ ആശ്രയിക്കാതെ സൃഷ്ടിയായ ഉണ്മക്ക് നിലനില്‍ക്കാനാവില്ല. സൃഷ്ടിയുടെ ഘടനയെ സംബന്ധിക്കുന്ന നിരീക്ഷണത്തില്‍ മുഅ്തസിലീ വാദങ്ങളെ അല്‍ കിന്ദി നിരാകരിക്കുന്നത് ശ്രദ്ധേയമാണ്. ചെറുതും അവിഭാജ്യവുമായ അണുക്കളാല്‍ നിര്‍മിതമാണ് വസ്തുക്കള്‍ എന്നാണ് മുഅ്തസിലികള്‍ വിശ്വസിച്ചിരുന്നത്. ഈ വാദത്തെ ഖണ്ഡിക്കുന്നതിനു മാത്രമായി അല്‍ കിന്ദി ഒരു നിബന്ധം രചിച്ചിട്ടുണ്ട്. പദാര്‍ഥത്തിന്റെ അനുസ്യൂത ഘടന എന്ന അരിസ്റ്റോട്ടിലിയന്‍ ആശയമാണ് അദ്ദേഹം സ്വീകരിച്ചത്.

 

പ്രപഞ്ചത്തിന്റെ നശ്വരത

പ്രപഞ്ചം അനാദിയും അക്കാരണത്താല്‍ തന്നെ അന്ത്യമില്ലാത്തതുമാണെന്ന യവന ചിന്തകരുടെ വാദത്തെ അതേപടി പകര്‍ത്തിയതിന്റെ പേരില്‍ ഏറെ പഴികേട്ടവരാണ് മുസ്‌ലിം തത്ത്വചിന്തകരില്‍ അല്‍ കിന്ദിയുടെ പിന്മുറക്കാരായ അല്‍ ഫാറാബിയും ഇബ്‌നു സീനയും. എന്നാല്‍ അറബ് ലോകത്ത് തത്ത്വചിന്തക്ക് തുടക്കം കുറിച്ച അല്‍ കിന്ദി പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിയാണെന്നും സൃഷ്ടികള്‍ക്കെല്ലാം തുടക്കമുണ്ടെന്നും തുടക്കമുള്ളതിനെല്ലാം ഒടുക്കമുണ്ടെന്നും സിദ്ധാന്തിക്കുക വഴി തത്ത്വചിന്തയെ നേരത്തേ തന്നെ മതത്തിനു വിധേയമാക്കിയിരുന്നു. കാലം, സ്ഥലം, ചലനം ഇവയെ ഗണിതത്തിന്റെ സഹായത്തോടെ വിശകലനം ചെയ്താണ് പ്രപഞ്ചത്തിന്റെ നശ്വരത എന്ന ആശയം അല്‍ കിന്ദി മുന്നോട്ടുവെച്ചത്. ഭൗതിക വസ്തുക്കള്‍ ദ്രവ്യം, രൂപം എന്നിവ ചേര്‍ന്നുണ്ടായതാണ്. സ്ഥലകാലങ്ങളില്‍ സഞ്ചരിക്കാന്‍ ഇവക്ക് കഴിവുണ്ട്. അഥവാ ഓരോ വസ്തുവിലും അഞ്ച് ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഇവയാണവ:

1. ദ്രവ്യം അഥവാ പദാര്‍ഥം. 2. രൂപം. 3. സ്ഥലം. 4. ചലനം. 5. കാലം.

ഇവയില്‍ സ്ഥലവും കാലവും ഭൗതിക വസ്തുവിനോട് ചേരുമ്പോള്‍ നിശ്ചിത പരിധിയുള്ളതായിത്തീരുന്നു. പരിമിതപ്പെടുത്തപ്പെട്ട സ്ഥലത്തിലും കാലത്തിലുമേ ഒരു ഭൗതിക വസ്തുവിന് നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ.

കാലം/സമയം ചലനമല്ല; ചലനത്തെ അളക്കുന്ന സംഖ്യയാണ്. മുമ്പു കഴിഞ്ഞതോ ശേഷം വരുന്നതോ ആവാം അത്. സംഖ്യ തുടര്‍ച്ചയുള്ളത്, തുടര്‍ച്ചയില്ലാത്തത് എന്നിങ്ങനെ രണ്ടു തരമുണ്ട്. അതിനാല്‍ ഭൂതകാലത്തില്‍നിന്ന് ഭാവികാലത്തിലേക്ക് പുരോഗമിക്കുന്ന സംഭവങ്ങള്‍ എന്ന നിലക്ക് സമയത്തെ തിട്ടപ്പെടുത്താനും നിര്‍വചിക്കാനും സാധിക്കും. മറ്റു രീതിയില്‍ പറഞ്ഞാല്‍ കഴിഞ്ഞതോ വരാനിരിക്കുന്നതോ ആയ സംഭവങ്ങളെ സമയരേഖയില്‍ പ്രതിനിധാനം ചെയ്യുന്ന സംഖ്യയാണ് കാലം. എണ്ണത്തെക്കുറിച്ച ജ്ഞാനത്തിന്റെ ഭാഗമാണ് കാലം എന്നര്‍ഥം. സ്ഥലം, ചലനം, കാലം എന്നിവ സംഖ്യകളാകുന്നു. ദ്രവ്യം, രൂപം എന്നിവ ഗുണങ്ങളും. സദൃശമായിരിക്കാനോ വ്യതിരിക്തമായിരിക്കാനോ ഉള്ള കഴിവാണ് ഗുണം. വസ്തുവിന്റെ എണ്ണം/ അളവ്, ഗുണം എന്നിവയെക്കുറിച്ച് അറിവില്ലാത്തവന് ആ വസ്തുവെക്കുറിച്ച് ഒന്നും മനസ്സിലാക്കാനാവുകയില്ല. ഒരു വസ്തു പരിമിതമാണോ അപരിമിതമാണോ, അല്ലെങ്കില്‍ നിര്‍ണിതമാണോ അനന്തമാണോ എന്ന് തീരുമാനിക്കുന്നതില്‍ അതിന്റെ ഗുണവും ഗണവും പ്രധാനമാണ്. നിശ്ചിത ഗുണമുള്ളതും ഏതെങ്കിലുമൊരു ഗണത്തില്‍ ഉള്‍പ്പെടുന്നതുമായ ഏതൊരു വസ്തുവും പരിമിതവും നിര്‍ണിതവുമായിരിക്കും. അങ്ങനെയുള്ളവയെല്ലാം നശ്വരമാണ്.് പ്രാപഞ്ചിക വസ്തുക്കളുടെ നശ്വരത മറ്റു രീതികളിലും അല്‍ കിന്ദി സമര്‍ഥിക്കുന്നുണ്ട്.

സൃഷ്ടിക്കും സംഹാരത്തിനും വിദൂരവും സമീപസ്ഥവുമായ കാരണങ്ങളുണ്ടാവാം എന്ന് അല്‍ കിന്ദി അഭിപ്രായപ്പെടുന്നു. വേടന്‍ മൃഗത്തെ അമ്പെയ്തു കൊല്ലുമ്പോള്‍ ഈ രണ്ടു കാരണങ്ങളും സംഭവിക്കുന്നു. വേടന്‍ വിദൂര ഹേതുവാണ്. അമ്പ് സമീപസ്ഥ ഹേതുവും. അമ്പു കൊണ്ട് മുറിവേല്‍പിക്കുന്നതു കാരണമായാണ് മൃഗം ചാവുന്നത്. എന്നാല്‍ അമ്പ് എയ്ത ആളാണ് അമ്പ് എന്ന കാരണത്തെ നിയന്ത്രിച്ചത്. ഋതുഭേദങ്ങള്‍ ഭൂമിയില്‍ സസ്യലതാദികളുടെ വളര്‍ച്ചക്കും നാശത്തിനും കാരണമാവുന്നു. ഇതു സമീപസ്ഥ ഹേതുവാണ്. സൂര്യന്റെ ചലനങ്ങളാണ് ഈ സമീപസ്ഥ കാരണത്തെ നിയന്ത്രിക്കുന്ന വിദൂര ഘടകം. സൂര്യനും ചന്ദ്രനും ഉള്‍പ്പെടെയുള്ള പ്രപഞ്ചത്തിലെ മുഴുവന്‍ ഘടകങ്ങള്‍ക്കും സൃഷ്ടി-സ്ഥിതി-സംഹാര പ്രക്രിയയില്‍ ദൈവം പങ്ക് നിശ്ചയിച്ചിട്ടുണ്ട്. കാലാവസ്ഥയില്‍ സംഭവിക്കുന്ന മാറ്റം ഇതിനു തെളിവാണ്. സ്രഷ്ടാവിന്റെ നിയന്ത്രണത്തിലാണ് എല്ലാ ഹേതുക്കളും.

 

ബുദ്ധിയും ആത്മാവും

'ബുദ്ധിയെ സംബന്ധിച്ച് സമാദരണീയരായ ഗ്രീക്ക് ഗുരുനാഥന്മാര്‍ എന്താണ് പറയുന്നത് എന്ന് വിശദീകരിക്കാം' എന്ന് പ്രസ്താവിച്ചുകൊണ്ടാണ് അല്‍ കിന്ദി തദ്വിഷയകമായ തന്റെ പ്രബന്ധം ആരംഭിക്കുന്നത്. അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തില്‍ നാലുതരം ബുദ്ധികളുണ്ടെന്ന് തുടര്‍ന്ന് അദ്ദേഹം പറയുന്നു. സദാ സക്രിയമായ ബുദ്ധിയാണ് ഒന്നാമത്തേത്. രണ്ടാമത്തെ ബുദ്ധി ആത്മാവിന്റെ ഭാഗവും പ്രവര്‍ത്തനക്ഷമവുമാണ്. ആത്മാവില്‍ നിക്ഷിപ്തമായതിനെ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവരുമ്പോഴുണ്ടാവുന്നതാണ് മൂന്നാമത്തേത്. നാലാമത്തെ ബുദ്ധി ഇന്ദ്രിയസംവേദനവുമായി സാമ്യമുള്ളതാണ്. ഇതിനെ അദ്ദേഹം 'ദ്വിതീയം' അഥവാ കര്‍മക്ഷമം എന്നു വിളിക്കുന്നു.

പ്ലോട്ടിനസിനെ ഉപജീവിച്ചാണ് അല്‍ കിന്ദി ആത്മാവ് എന്താണെന്ന് വിശദീകരിക്കുന്നത്. സൂര്യനില്‍നിന്ന് കിരണങ്ങള്‍ എന്ന പോലെ സ്രഷ്ടാവില്‍നിന്ന് നിസ്സരിക്കുന്ന ചൈതന്യമാണ് ആത്മാവ്. ശരീരത്തില്‍നിന്ന് ഭിന്നവും വ്യതിരിക്തവുമാണത്. ശരീരത്തില്‍നിന്ന് വേറിടുമ്പോള്‍ അതിന് ലോകത്തിലെ സകല കാര്യങ്ങളും അറിയാന്‍ സാധിക്കുന്നു. പ്രകൃത്യാതീതമായ കാര്യങ്ങള്‍ അറിയാനുള്ള കഴിവുണ്ട് ആത്മാവിന്. ശരീരവുമായി വേര്‍പിരിഞ്ഞാല്‍ ആത്മാവ് ബ്രഹ്മബുദ്ധിയുടെ ലോകത്തിലേക്ക് പ്രവേശിക്കുകയും സ്രഷ്ടാവിന്റെ പ്രകാശത്തിലേക്ക് മടങ്ങുകയും ചെയ്യും.

ആത്മാവിന് ഉറക്കമില്ല. ശരീരം ഉറങ്ങുമ്പോള്‍ ആത്മാവിന്റെ സംവേദനേന്ദ്രിയങ്ങള്‍ വിശ്രമാവസ്ഥയിലായിരിക്കും. ആത്മാവ് പരിശുദ്ധമാണെങ്കില്‍ നല്ല സ്വപ്‌നങ്ങളുണ്ടാവും. 'നിദ്രയും സ്വപ്‌നവും' എന്ന ശീര്‍ഷകത്തില്‍ അല്‍ കിന്ദി രചിച്ച പ്രബന്ധം ലാറ്റിന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ദ്രിയങ്ങളുടെ ഉപയോഗം നിര്‍ത്തിവെക്കലാണ് നിദ്ര എന്ന് പ്രസ്തുത പ്രബന്ധത്തില്‍ അദ്ദേഹം വിശദീകരിക്കുന്നു. ശരീരത്തിന്റെ ആനന്ദങ്ങള്‍ വര്‍ജിച്ച് കാര്യങ്ങളുടെ യാഥാര്‍ഥ്യം ഗ്രഹിക്കുന്നതിനായി ധ്യാനമനനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ആത്മാക്കള്‍ ഉത്കൃഷ്ടത നേടുകയും ദൈവസാമീപ്യം അനുഭവിക്കുകയും ചെയ്യുന്നു. സംവേദന ശക്തി ആത്മാവില്‍നിന്ന് ഭിന്നമോ ശാരീരികാവയവം പോലെ ആത്മാവിന്റെ ഒരു ഘടകമോ അല്ല. ആത്മാവിന്റെ അനുഭവങ്ങളാണ് സംവേദനങ്ങള്‍.

ബുദ്ധിയും ആത്മാവും തമ്മില്‍ ബന്ധമുണ്ട്. ബുദ്ധിയുടെ പ്രഭവവും പ്രഭാവവും ആത്മാവുതന്നെയാണ്. ബുദ്ധി പ്രവര്‍ത്തിപ്പിക്കപ്പെടുന്നതിനു മുമ്പുള്ള ക്ഷമതാവസ്ഥയാണ് ആത്മാവിന്റേത്. ബുദ്ധി ഉണരുകയും പ്രവര്‍ത്തിച്ചുതുടങ്ങുകയും ചെയ്യുമ്പോള്‍ ആത്മാവ് സക്രിയമാവുന്നു. ബുദ്ധിയും ആത്മാവും സമ്പര്‍ക്കം സ്ഥാപിക്കുമ്പോള്‍ രണ്ടും ഒന്നായിത്തീരുകയാണ്. രണ്ടും അഭേദ്യവും ഒന്നിനെ മറ്റൊന്നില്‍നിന്ന് വേര്‍തിരിക്കാനാവാത്തതുമാവുന്നു. യഥാര്‍ഥത്തില്‍ ബുദ്ധിയും ആത്മാവും രണ്ടല്ല. ബുദ്ധി ആത്മാവില്‍ സ്ഥിതി ചെയ്യുന്ന ഒരു വൈഭവമാണ്. പക്ഷേ, ഫലത്തില്‍ രണ്ടും ഒന്നായിത്തീരുന്നു. എഴുത്തുകാരനും എഴുത്തുകാരന് എഴുതാനുള്ള കഴിവും പോലെയാണിതെന്ന് അല്‍ കിന്ദി വിശദീകരിക്കുന്നു. എഴുത്തുകാരന്‍ എഴുതാനുള്ള തന്റെ സിദ്ധിയെ പ്രവര്‍ത്തന ക്ഷമമാക്കുമ്പോഴാണ് എഴുത്ത് സംഭവിക്കുന്നത്. എഴുതുന്നില്ലെങ്കിലും ആ കഴിവ് അയാളിലുണ്ട്. എഴുത്തും എഴുതാനുള്ള കഴിവും ഫലത്തില്‍ ഒന്നായിത്തീരുന്നു. ആത്മാവില്‍ അന്തഃസ്ഥിതമായ സിദ്ധിയാണ് ബുദ്ധി. അത് പ്രവര്‍ത്തിക്കുമ്പോള്‍ രണ്ടും പ്രയോഗതലത്തില്‍ ഒന്നായി മാറുന്നു.

ഇന്ദ്രിയ സംവേദനങ്ങളില്‍ രുചി, മണം, സ്പര്‍ശം എന്നിവ പ്രത്യക്ഷത്തില്‍ ആഹാരം സമ്പാദിക്കുന്നതുമായും പരോക്ഷമായി ജീവികളുടെ വളര്‍ച്ചയുമായും ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ കാഴ്ച, കേള്‍വി എന്നിവക്ക് കുറേകൂടി ഉയര്‍ന്ന ധര്‍മമാണുള്ളത്. ജ്ഞാനസമ്പാദനത്തില്‍ ഇവ പ്രധാന പങ്കു വഹിക്കുന്നു.

ആത്മാവിന് മൂന്നു ശേഷികളുണ്ട്. യുക്തിവിചിന്തനം, വികാരം, അനുഭവിക്കാനുള്ള ആശ എന്നിവയാണവ. ഒടുവില്‍ പറഞ്ഞ രണ്ടും ജീവികളുടെ വളര്‍ച്ചക്കും നിലനില്‍പിനും അനിവാര്യമാണ്. ആദ്യത്തേതാണ് പൂര്‍ണത നേടാന്‍ സഹായിക്കുന്നത്. ആത്മാവിനെയും ശരീരത്തെയും സംബന്ധിച്ച അല്‍ കിന്ദിയുടെ ആശയങ്ങള്‍ പൈതഗോറിയന്‍-പ്ലാറ്റോണിക് ചിന്താഗതിയുമായി പൊരുത്തപ്പെടുന്നതാണ്. ശരീരബാഹ്യമായ ഒരസ്തിത്വമായാണ് ഈ ദര്‍ശനം ആത്മാവിനെ കാണുന്നത്.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (32 - 40)
എ.വൈ.ആര്‍

ഹദീസ്‌

സമര പാതയില്‍ തളരാതെ
കെ.സി ജലീല്‍ പുളിക്കല്‍