Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 24

2994

1438 ജമാദുല്‍ ആഖിര്‍ 25

മൗദൂദിയുടെ ഉട്ടോപ്യന്‍ ചിന്തകള്‍?

മുജീബ്‌

''അറബ്-ഇസ്‌ലാമിക ലോകത്ത് പോലും ആത്യന്തികവും അപ്രായോഗികവുമാണെന്ന് ബോധ്യമായ സയ്യിദ് മൗദൂദിയുടെ ചിന്തകള്‍ ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിലേറെ ദോഷം മറ്റെന്തുണ്ട്? സ്വതന്ത്ര ഭാരതത്തില്‍ ഏകദേശം  മുപ്പത് സംവത്സരത്തോളം ജമാഅത്ത് അതാണ് ചെയ്തത്. എല്ലാറ്റിലും വ്യക്തമായ നിലപാടുണ്ടെന്ന് വാദിക്കുന്ന പ്രസ്ഥാന നായകര്‍ക്കും അറിയാം. പക്ഷേ അത് തുറന്നുപറയാന്‍ അവരുടെ മനസ്സ് അനുവദിക്കുന്നില്ല. ഇസ്‌ലാമിക പ്രബോധനം തന്നെ ഭീകരവാദമായി കാണാന്‍ തത്രപ്പെടുന്ന ഒരു സാമൂഹികാന്തരീക്ഷത്തില്‍ മൗദൂദിയുടെ ഉട്ടോപ്യന്‍ സിദ്ധാന്തങ്ങള്‍ അപ്രായോഗികമാണെന്നതിലുപരി ആത്മഹത്യാപരം കൂടിയാണ്'' (എം.ഐ മുഹമ്മദലി സുല്ലമി, വിചിന്തനം വാരിക, 2017 ഫെബ്രുവരി 1). പ്രതികരണം?

പി.കെ അലവിക്കുട്ടി, പെരുമണ്ണ

 

ദൈവാധിപത്യത്തിന് വിധേയമായി മനുഷ്യ പ്രാതിനിധ്യ വ്യവസ്ഥ എന്ന ഇസ്‌ലാമിക ഖിലാഫത്തിന്റെ വിവക്ഷ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി (1903-1979)യുടെ ഭാവനയില്‍ വിരിഞ്ഞതോ അദ്ദേഹം കണ്ടെത്തിയതോ ആയ ഒന്നല്ല. വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക ചര്യയുടെയും വെളിച്ചത്തില്‍ മഹാന്മാരായ ഖലീഫമാരും പൂര്‍വികരായ പണ്ഡിതന്മാരും ആവിഷ്‌കരിച്ചതും നടപ്പാക്കി കാണിച്ചതുമാണ്. പില്‍ക്കാലത്ത് രാജഭരണത്തിലേക്കും കുടുംബവാഴ്ചയിലേക്കും ഖിലാഫത്ത് വഴുതിയെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഉസ്മാനിയാ ഖിലാഫത്ത് കഥാവശേഷമാവുന്നതുവരെ ഇസ്‌ലാമിന്റെ രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥ ലോകത്ത് നിലനിന്നിരുന്നുതാനും. 1920-കളില്‍ ഇസ്‌ലാമിക ഖിലാഫത്തിന്റെ അന്ത്യം കുറിക്കുന്നതില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വവും അതിന്റേതായ പങ്കു വഹിച്ചപ്പോള്‍ അതിനെതിരെയാണ് മൗലാനാ മുഹമ്മദലിയുടെയും ശൗക്കത്തലിയുടെയും മറ്റു ഇന്ത്യന്‍ പണ്ഡിതന്മാരുടെയും നേതൃത്വത്തില്‍ വ്യാപകമായ പ്രക്ഷോഭം നടത്തിയത്, കേരളത്തിലെ ഉലമാക്കളടക്കം അതിനെ പിന്തുണക്കുകയായിരുന്നു. ഇതൊന്നും മൗദൂദി ചിന്തയുടെ സ്വാധീനമല്ല. അതേയവസരത്തില്‍ ഇംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ ജിഹ്വയായിരുന്ന അല്‍ ജംഇയ്യത്തില്‍ ജോലി ചെയ്യവെ ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച സയ്യിദ് മൗദൂദി, താമസിയാതെ അതില്‍നിന്ന് പിന്തിരിയാനുള്ള കാരണം ആത്മകഥാകഥനത്തില്‍ വിവരിച്ചിട്ടുണ്ട്. ഏതൊരു ഖിലാഫത്തിന്റെ പുനഃസ്ഥാപനത്തിനു വേണ്ടി ഇന്ത്യന്‍ മുസ്‌ലിംകള്‍ പ്രക്ഷോഭരംഗത്തിറങ്ങിയോ ആ ഖിലാഫത്ത് അതിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന തുര്‍ക്കികള്‍ക്ക് വേണ്ട എന്ന് തിരിച്ചറിഞ്ഞതാണ് കാരണം. തുടര്‍ന്നങ്ങോട്ട് ഖിലാഫത്തിന്റെ അര്‍ഥവും ദര്‍ശനവും പ്രായോഗിക മാതൃകയും സമുദായത്തിന് ബോധ്യമാക്കിക്കൊടുക്കാനും അതിന്റെ പ്രഥമ പടിയായി ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ അവരെ പഠിപ്പിക്കാനുമാണ് അദ്ദേഹം ഇറങ്ങിത്തിരിച്ചത്. ആ യത്‌നമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ രൂപവത്കരണത്തില്‍ കലാശിച്ചതും.

ഇസ്‌ലാമിന്റെ വിശ്വാസപരമായ അടിസ്ഥാനങ്ങളും അതിന്മേല്‍ കെട്ടിപ്പടുത്ത അതിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, ധാര്‍മിക വ്യവസ്ഥയും ചരിത്രത്തിലുടനീളം ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ പ്രായോഗികമായിരുന്നെങ്കില്‍ ഇന്ത്യയിലും അത് പ്രായോഗികമാണ്. യുക്തിഭദ്രമായ പ്രബോധനവും മുന്‍ഗണനാ ക്രമങ്ങളും വേണമെന്നു മാത്രം. ഇക്കാര്യങ്ങളൊക്കെ മൗദൂദിയുടെ കൃതികളിലും ജമാഅത്തെ ഇസ്‌ലാമിയുടെ സാഹിത്യങ്ങളിലും വിശദമായി പ്രതിപാദിച്ചിട്ടുള്ളതാണ്. ബഹുദൈവാരാധകരോ അവിശ്വാസികളോ ജൂതരോ ക്രൈസ്തവരോ ആയ മനുഷ്യരെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ ശേഷിയും വശ്യതയുമുള്ള ഇസ്‌ലാമിന് ഇന്ത്യയില്‍ മാത്രം പ്രായോഗികതയില്ലെന്ന് കരുതുന്നതാണ് ശുദ്ധ മൗഢ്യം. അഥവാ ഒരാളെയും ലഭിച്ചില്ലെങ്കില്‍ പോലും സത്യപ്രബോധനം നിര്‍വഹിക്കാന്‍ ചുമതലപ്പെട്ടവരാണ് മുസ്‌ലിംകള്‍ എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചുണര്‍ത്തുന്നു. സമാധാനപരമായും യുക്തിഭദ്രമായും സംവാദത്തിലൂടെയും മുക്കാല്‍ നൂറ്റാണ്ടായി സമ്പൂര്‍ണ ഇസ്‌ലാമിന്റെ പ്രബോധനം ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നടത്തിവരുന്ന ജമാഅത്തെ ഇസ്‌ലാമിയില്‍ തീവ്രവാദമോ ഭീകരതയോ കണ്ടെത്താന്‍ ഇന്നേവരെ ഒരു സര്‍ക്കാറിനും ഏജന്‍സിക്കും കഴിഞ്ഞിട്ടില്ലെന്നിരിക്കെ സലഫി സുഹൃത്തുക്കള്‍ അവരുടെ കാര്യം നോക്കുന്നതാണ് നല്ലത്. എന്തുകൊണ്ടെന്നാല്‍ ലോകവ്യാപകമായും ഇന്ത്യയിലും ഇന്ന് സലഫികളാണ് പ്രതിക്കൂട്ടില്‍. അതപ്പടി ശരിയാണെന്ന് ജമാഅത്തെ ഇസ്‌ലാമിക്ക് അഭിപ്രായമില്ലെന്നത് വേറെ കാര്യം. 

സാകിര്‍ നായികിന്റെ പ്രബോധനശൈലി

ഡോ. സാകിര്‍ നായിക് തന്റെ മതം മാത്രമാണ് ശരിയെന്ന് ലോകത്തുടനീളം പ്രസംഗിച്ച് നടക്കുകയും സമര്‍ഥിച്ച് വരികയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ ഇത്തരം സമര്‍ഥനങ്ങള്‍ ഇതര മതക്കാരെയും സംസ്‌കാരങ്ങളെയും അവഹേളിക്കുന്നതിന് തുല്യമല്ലേ? ഇന്ത്യന്‍ ഭരണഘടന മത പ്രചാരണത്തിനും മത സ്വാതന്ത്ര്യത്തിനും മതപരിവര്‍ത്തനത്തിനും അനുമതി നല്‍കുന്നുണ്ടെങ്കിലും സാകിര്‍ നായികിനെ പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രസ്തുത ഭരണഘടനാ സ്വാതന്ത്ര്യത്തിന് ഹാനി സംഭവിക്കാനും സാധ്യതയില്ലേ? ഇത്തരം മതപ്രചാരണമല്ലേ യഥാര്‍ഥത്തില്‍ സാകിര്‍ നായികിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്?

എന്‍.പി പള്ളിക്കല്‍

ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും വിധേയമായി താന്‍ നടത്തുന്ന മത പ്രബോധനം ഒരിക്കലും പരിധി ലംഘിച്ചിട്ടില്ലെന്ന് ഡോ. സാകിര്‍ നായിക് അവകാശപ്പെടുന്നു. സമാധാനഭഞ്ജനത്തിനിടയാക്കുന്നതോ സാമുദായിക സ്പര്‍ധ വളര്‍ത്തുന്നതോ ആയ ഒന്നും തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും അദ്ദേഹത്തിന്റെ സ്ഥാപനം നിയമലംഘനം നടത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാറുകളുടെ ആരോപണം. അന്തിമമായി ഇക്കാര്യം തീരുമാനിക്കേണ്ടത് കോടതികളാണ്. ആഗോളാടിസ്ഥാനത്തില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തപ്പെടുകയും ഇന്ത്യയില്‍ ഇസ്‌ലാംവിരുദ്ധ പ്രചാരണങ്ങള്‍ ശക്തിപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സത്യപ്രബോധനം പൂര്‍വാധികം സൂക്ഷ്മതയും അവധാനതയും ആവശ്യപ്പെടുന്നുണ്ട് എന്നതാണ് ശരി. 

ഉത്തരവാദി അറബ് വസന്തം?

ബശ്ശാറുല്‍ അസദിന്റെ അത്യാചാരങ്ങള്‍ക്കും ഹുസ്‌നി മുബാറകിന്റെ ഭരണകൂട ഭീകരതക്കും യമനിലെ സാലിഹിന്റെ സ്വേഛാധിപത്യത്തിനും നടുവിലും ഒരു കൃത്രിമ സമാധാനം മിഡിലീസ്റ്റില്‍ നിലനിന്നിരുന്നു. അതില്ലാതാക്കി ഐ.എസിന് രംഗത്തുവരാനും കൂട്ടക്കൊലകള്‍ക്കും കൂട്ട പലായനത്തിനും ഇടയാക്കിയത് മുല്ലപ്പൂ വിപ്ലവമാണ് എന്ന നിരീക്ഷണത്തോട് എങ്ങനെ പ്രതികരിക്കുന്നു?

അബ്ദുര്‍റസാഖ് മുന്നിയൂര്‍

 

കടുത്ത തൊഴിലില്ലായ്മക്കും ജീവിത പ്രാരാബ്ധങ്ങള്‍ക്കുമെതിരെ തുനീഷ്യയില്‍ ആരംഭിച്ച അറബ് വസന്തം അഥവാ മുല്ലപ്പൂ വിപ്ലവം ക്രമത്തില്‍ ഏകാധിപത്യത്തിനും തജ്ജന്യമായ അഴിമതിക്കുമെതിരായ പ്രക്ഷോഭമായി വളരുകയായിരുന്നു. പ്രക്ഷോഭെത്ത ചോരയില്‍ മുക്കിക്കൊല്ലാന്‍ പ്രസിഡന്റ് ബിന്‍ അലി പരമാവധി ശ്രമിച്ചുവെങ്കിലും പരാജിതനായി നാടുവിടേണ്ടിവന്നു. തുടര്‍ന്ന് രാജ്യത്ത് ജനാധിപത്യ ഭരണഘടന നിലവില്‍വന്നു. തദടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പും നടന്നു. റാശിദുല്‍ ഗന്നൂശിയുടെ അന്നഹ്ദ വിവേകപൂര്‍വം രാഷ്ട്രീയം കൈയാളിയതാണിതിന് വഴിയൊരുക്കിയത്.

മുല്ലപ്പൂ വിപ്ലവം ഈജിപ്തിലേക്ക് പടര്‍ന്നപ്പോഴും ഏകാധിപതിയായി ഹുസ്‌നി മുബാറക് പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ സര്‍വ ശ്രമവും നടത്തിയെങ്കിലും വിഫലമായി. ജനകീയ വിപ്ലവം യാഥാര്‍ഥ്യവുമായി. തുടര്‍ന്ന് നടന്ന ജനാധിപത്യപരമായ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ബ്രദര്‍ ഹുഡിന്റെ രാഷ്ട്രീയ മുഖമായ ഫ്രീഡം ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സി അധികാരത്തില്‍ അവരോധിതനുമായി. പക്ഷേ, വിദേശ സഹായത്തോടെ പട്ടാളം എല്ലാം അട്ടിമറിച്ചു. മുര്‍സിയും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും തടവിലാക്കപ്പെട്ടു, കൂട്ടക്കശാപ്പും അന്യായമായ വിചാരണകളും അരങ്ങേറി. ഗന്നൂശിയില്‍നിന്ന് ഭിന്നമായി മുര്‍സിക്ക് തന്ത്രപരമായ ചില പാളിച്ചകള്‍ സംഭവിച്ചുവെന്നത് വസ്തുതയാണ്. എന്നാല്‍, പിന്നീടുണ്ടായ അരക്ഷിതാവസ്ഥക്കും അട്ടിമറികള്‍ക്കും അദ്ദേഹമല്ല ഉത്തരവാദി. ചില അറബ് ഭരണാധികാരികളുടെ എണ്ണപ്പണവും സാമ്രാജ്യത്വ-സയണിസ്റ്റ് ഗൂഢാലോചനകളുമാണ് രംഗം വഷളാക്കിയത്. ലിബിയയിലും യമനിലും സിറിയയിലും ഇതേ ദുശ്ശക്തികളുടെ ഇടപെടലാണ് അശാന്തിക്ക് കാരണം. അതിന് സമാധാനപരമായ മാറ്റത്തിന് ശ്രമിച്ചവര്‍ ഉത്തരവാദികളല്ല. ഐ.എസിനെ പോലുള്ള ഭീകര സംഘങ്ങള്‍ ഇസ്‌ലാമിന്റെ സൃഷ്ടികളുമല്ല, ശത്രുക്കളുടെ സൃഷ്ടിയാണ്. പതിറ്റാണ്ടുകളായി സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടുന്നവര്‍ അതിനായി പ്രക്ഷോഭ രംഗത്തിറങ്ങുന്നത് കുറ്റമായി കാണാനാവില്ല. 

ഖാദിയാനിസത്തോട് മൃദുലത

ഹമീദ് ചേന്ദമംഗല്ലൂര്‍ 2016 ഡിസംബര്‍ 19-ന്റെ സമകാലിക മലയാളം വാരികയില്‍ ഖാദിയാനികള്‍ക്കു വേണ്ടി വാദിച്ചുകൊണ്ടെഴുതിയ ലേഖനത്തിനുള്ള പ്രതികരണമായി ഒരാള്‍ എഴുതിയ കുറിപ്പിലെ പ്രസക്ത ഭാഗം ഇങ്ങനെ: ''..... മുജാഹിദുകളില്‍ ഗണ്യമായ വിഭാഗം അഹ്മദിയാ വിഭാഗത്തോട് മൃദുല നയവും സൗഹാര്‍ദവും പുലര്‍ത്തുന്നവരാണ്. കേരളത്തില്‍ മൗദൂദിസ്റ്റുകള്‍ മാത്രമാണ് അഹ്മദിയ്യാ(ഖാദിയാനികള്‍) വിഭാഗത്തോട് അങ്ങേയറ്റം കഠിനമായ എതിര്‍പ്പ് നിരന്തരം പുലര്‍ത്തുന്നത്. ഖത്മുന്നുബുവ്വത്ത് എന്ന മൗദൂദിയുടെ കൃതി അഹ്മദിയാക്കള്‍ക്കെതിരെ മൗദൂദി എഴുതിയതാണ്. വിവിധ ഭാഷകളില്‍ ധാരാളമായി പ്രചരിപ്പിക്കപ്പെട്ട ഈ കൃതി വളരെയേറെ വിഷലിപ്തമാണ്. സത്യത്തില്‍ ഭരണകൂടം കണ്ടുകെട്ടേണ്ടതാണിത്.

സുന്നികളേക്കാള്‍ ഭേദം അഹ്മദിയാക്കളാണെന്ന് മുജാഹിദുകള്‍ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. 'ഏകദൈവ വിശ്വാസ(തൗഹീദ്)ത്തില്‍ ഗുരുതരമാംവിധം പിഴച്ച യാഥാസ്ഥിതിക സുന്നികളേക്കാള്‍ വളരെ ഭേദമാണ് 'രിസാലത്തി'ല്‍ (പ്രവാചകത്വം) ആശയക്കുഴപ്പമോ അബദ്ധമോ സംഭവിച്ച അഹ്മദിയാക്കള്‍' എന്നതാണ് നദ്‌വത്തുല്‍ മുജാഹിദീനിലെ പല പണ്ഡിതരും പലവുരു നടത്തിയ പ്രസ്താവന. അഹ്മദിയാക്കള്‍ എല്ലാവരും ഒന്നല്ല എന്നതും മനസ്സിലാക്കേണ്ടതുണ്ട്. മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി ഒരു പ്രവാചകനല്ല, മറിച്ച് ഒരു പരിഷ്‌കര്‍ത്താവ് മാത്രമാണെന്ന് വാദിക്കുന്നവരാണ് അഹ്മദിയാക്കളിലെ ലാഹോരി വിഭാഗം. കേരളത്തിലെ നല്ലൊരു വിഭാഗം ഇങ്ങനെ ചിന്തിക്കുന്നവരാണ്. ഖാദിയാനികള്‍ക്കെതിരെ ജമാഅത്തെ ഇസ്‌ലാമി പുലര്‍ത്തുന്ന നിലപാട് മുജാഹിദുകള്‍ക്കോ മുസ്‌ലിം ലീഗിനോ ഇല്ലെന്നതാണ് വസ്തുത''(ടി ജംഷാദ്, കോഴിക്കോട്-മലയാളം വാരിക 2017 ജനുവരി 16).

ഹബീബുര്‍റഹ്മാന്‍ മയ്യഴി

 

ബ്രിട്ടീഷ് ഭരണത്തിനെതിരെ പൊരുതിക്കൊണ്ടിരുന്ന മുസ്‌ലിം സമൂഹത്തെ ആഴത്തില്‍ പിളര്‍ക്കാന്‍ വേണ്ടി സാമ്രാജ്യത്വം നിയോഗിച്ചയച്ച വ്യാജ പ്രവാചകനായിരുന്നു മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി എന്ന സത്യം ആദ്യമായി തുറന്നുകാട്ടിയത് മഹാകവി മുഹമ്മദ് ഇഖ്ബാലാണ്. പ്രാമാണികമായി അയാളുടെ പ്രവാചകത്വ വാദത്തിന്റെ മുനയൊടിച്ചത് സനാഉല്ലാ അമൃതസരിയെപ്പോലുള്ള പണ്ഡിത ശ്രേഷ്ഠന്മാരും. ഇന്ത്യക്കകത്തോ പുറത്തോ ഉള്ള ഒരു മുസ്‌ലിം പണ്ഡിതസഭയും ആധികാരിക പണ്ഡിതന്മാരില്‍ ഒരാളും മീര്‍സാ ഗുലാമിന്റെ വാദഗതികളെ തരിമ്പും അംഗീകരിച്ചിട്ടുമില്ല. ഇക്കാര്യത്തില്‍ സലഫി-സുന്നി-സൂഫി ഭിന്നാഭിപ്രായവുമില്ല. കേരള നദ്‌വത്തുല്‍ മുജാഹിദീനോ അതിന്റെ പണ്ഡിത സഭയായ കേരള ജംഇയ്യത്തുല്‍ ഉലമായോ അവരിലെ ഏതെങ്കിലും പണ്ഡിതനോ ഖാദിയാനിയുടെ പ്രവാചകത്വവാദമോ മഹ്ദിവാദമോ മസീഹു ഈസാ വാദമോ ഒന്നും അംഗീകരിച്ചിട്ടില്ലെന്ന് മാത്രമല്ല, തുറന്നെതിര്‍ത്തിട്ടുണ്ടു താനും. അയാള്‍ പ്രവാചകനായിരുന്നില്ല, പരിഷ്‌കര്‍ത്താവ് ആയിരുന്നു എന്ന വാദം അഹ്മദികളിലെ ലാഹോരി വിഭാഗത്തിന്റേതു മാത്രമാണ്, മുസ്‌ലിം ലോകം അത് പങ്കിടുന്നില്ല.

പ്രധാനമായും രണ്ട് വാദങ്ങളിലാണ് ഖാദിയാനിസം അടിയുറപ്പിച്ചിട്ടുള്ളത്. ഒന്ന്, മുഹമ്മദ് നബി അന്ത്യ പ്രവാചകനല്ല. നബിയോട് കൂടി പ്രവാചകത്വ പരമ്പര അവസാനിച്ചിട്ടുമില്ല. രണ്ട്, മുസ്‌ലിംകളില്‍ ഗണ്യമായ വിഭാഗം വിശ്വസിക്കുന്ന പോലെ ഈസാ നബി അന്ത്യനാളിനോടടുത്ത് ഭൂമിയില്‍ വീണ്ടും ആഗതനാവുകയില്ല. അദ്ദേഹം മരിച്ചുപോയിരിക്കുന്നു. അദ്ദേഹത്തിന്റെ പുനരാഗമനമല്ല, അദ്ദേഹത്തെ പോലുള്ള ആളുടെ നിയോഗമാണ് സംഭവിക്കാനിരുന്നത്. അത് മീര്‍സാ ഗുലാം അഹ്മദ് ആണ്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി തന്റെ 'ഖത്മുന്നുബുവ്വത്ത്' (പ്രവാചകത്വ പരിസമാപ്തി) എന്ന കൃതിയില്‍ ഈ രണ്ട് വാദഗതികളുടെയും അടിസ്ഥാനരാഹിത്യം വിശുദ്ധ ഖുര്‍ആന്റെയും പ്രവാചക ചര്യയുടെയും പിന്‍ബലത്തോടെ പ്രാമാണികമായും ആധികാരികമായും വിശകലനം ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. പുസ്തകത്തില്‍ ഖാദിയാനിയുടെയോ അയാളുടെ മതത്തിന്റെയോ അനുയായികളുടെയോ പേര്‍ പോലും പരാമര്‍ശിച്ചിട്ടില്ല. വിഷലിപ്തമോ സഭ്യേതരമോ അമാന്യമോ ആയ ഒരു വരി പോലും അതിലില്ല താനും. വിവിധ ഭാഷകളിലായി അനേകം പതിപ്പുകള്‍ പുറത്തിറങ്ങിയ ഈ മൗദൂദികൃതി പണ്ഡിതന്മാരുടെ മുക്തകണ്ഠമായ പ്രശംസയും പിടിച്ചുപറ്റിയുള്ളതാണ്. സെക്യുലര്‍ പാര്‍ട്ടിയായ മുസ്‌ലിം ലീഗ് ഈവക വിഷയങ്ങളില്‍ പ്രത്യേക നിലപാട് സ്വീകരിക്കേണ്ടതില്ല, സ്വീകരിച്ചിട്ടുമില്ല. ദുന്‍യാവില്‍ മോശമായി തോന്നുന്ന എന്തിന്റെയും ഉത്തരവാദിത്തം ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ വെച്ചുകെട്ടുന്നത് ചിലരുടെ മാറാരോഗമാണ്. അതിന് ചികിത്സയില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (23 - 31)
എ.വൈ.ആര്‍