Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 24

2994

1438 ജമാദുല്‍ ആഖിര്‍ 25

വിരക്തിയുെട സിദ്ധാന്തങ്ങള്‍

മുഹമ്മദ് ശമീം

മതപാരമ്പര്യങ്ങളില്‍ സ്ത്രീ-2

ആത്മീയതയും മതവും ഉല്‍പാദിപ്പിച്ച, ജീവിതവിരക്തിയെക്കുറിച്ച സിദ്ധാന്തങ്ങള്‍ പെണ്ണിന് ചെകുത്താന്റെ സ്ഥാനമാണ് നല്‍കിയത്. ജ്ഞാനവാദം (Gnosticism) പോലുള്ള തത്ത്വചിന്തകള്‍ മതങ്ങളെ സ്വാധീനിച്ചത് ഇതിന് നിമിത്തമായി. നോസ്റ്റിക് വിശ്വാസമനുസരിച്ച്, ഈ ലോകം തിന്മയാണ്. ദൈവമല്ല ലോകത്തെ സൃഷ്ടിച്ചത്. അറിയപ്പെടാത്തവനും ശുദ്ധനും സൃഷ്ടികള്‍ക്കപ്പുറത്ത് നിലകൊള്ളുന്നവനും സൃഷ്ടികര്‍മത്തില്‍ ഏര്‍പ്പെടാത്തവനുമാണ് ജ്ഞാനവാദികളുടെ ദൈവം. ആ ദൈവത്തെ അവര്‍ പ്ലെരോമ (Pleroma) എന്നു വിളിച്ചു. പൂര്‍ണത, നിറവ് എന്നൊക്കെയാണ് ഈ ഗ്രീക്ക് വാക്കിനര്‍ഥം. എന്നാല്‍ ലോകത്തെ സൃഷ്ടിച്ചത് നേരിട്ടല്ലാതെയാണെങ്കിലും പ്ലെരോമയില്‍ നിന്നുതന്നെ ഉത്ഭവിച്ച ഡെമിയര്‍ജ് (Demiurge) എന്ന ദുഷ്ടദൈവമാണ്. പ്ലെരോമയുടെ സ്ഫുലിംഗങ്ങളായ മനുഷ്യാത്മാക്കളെ ബന്ധനസ്ഥരാക്കുന്നതിനു വേണ്ടിയാണ് ദുഷ്ടദൈവമായ ഡെമിയര്‍ജ് പദാര്‍ഥലോകത്തെ നിര്‍മിച്ചത്. രഹസ്യജ്ഞാനം വഴി പദാര്‍ഥബന്ധനത്തില്‍നിന്ന് മുക്തരാകണമെന്ന് ആഹ്വാനം ചെയ്യുന്ന ജ്ഞാനവാദികള്‍ സ്വാഭാവികമായും സ്ത്രീയെ പ്രലോഭനമായാണ് വിലയിരുത്തുന്നത്. 

ശങ്കരാചാര്യരുടെ പ്രശസ്തമായ ഭജഗോവിന്ദം (മോഹമുദ്ഗരം) എന്ന കവിത തൃഷ്ണാനിയന്ത്രണം, ജീവിതത്തിന്റെ പൊരുള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒട്ടേറെ നല്ല ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതോടൊപ്പം തന്നെ അതിലും കര്‍മബന്ധനത്തിന്റെയും കാമാതുരതയുടെയും പ്രതീകമായി സ്ത്രീശരീരത്തെ വര്‍ണിച്ചിരിക്കുന്നതായി കാണാം. അതിലെ വിഖ്യാതമായ ഒരു ശ്ലോകം ഇങ്ങനെ വായിക്കാം. 'നാരീസ്തനഭരനാഭീദേശം, ദൃഷ്ട്വാ മാഗാ മോഹാവേശം, ഏതെന്മാംസവസാദിവികാരം, മനസ്സി വിചിന്തയ വാരം വാരം.' അര്‍ഥം: പെണ്ണിന്റെ സ്തനഭാരവും നാഭിപ്രദേശവും കണ്ട് മനസ്സില്‍ മോഹാവേശം കൊള്ളാതിരിക്കൂ. ഇത് മജ്ജയുടെയും മാംസത്തിന്റെയും കൊഴുപ്പിന്റെയും സമ്മേളനം മാത്രമാണെന്ന് വീണ്ടും വീണ്ടും മനസ്സില്‍ ചിന്തിച്ചുറപ്പിക്കൂ. 

അതായത്, മോക്ഷത്തെക്കുറിച്ച ചര്‍ച്ചയില്‍ ഇത്തരം തത്ത്വവിചാരങ്ങള്‍ പുരുഷനെ മാത്രമേ പരിഗണിക്കുന്നുള്ളൂ. കാമനകളോടും ജീവിതാസക്തികളോടും പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനം പ്രവാചകന്മാരാരും സ്വീകരിച്ചിട്ടില്ല. മോഹത്തെ ധര്‍മബദ്ധമായ ജീവിതത്തിലൂടെ ശുദ്ധീകരിക്കാനുള്ള പരിശീലനമാണ് വേദപാഠങ്ങള്‍ പകര്‍ന്നുതരുന്നത്. അതിനു പകരം മോഹത്തെത്തന്നെ പാപമായും മോഹം ജനിപ്പിക്കുന്ന പെണ്ണുടലിനെ നീചവും കര്‍മബന്ധനത്തിന്റെ ഹേതുവുമായും കാണുന്ന സിദ്ധാന്തങ്ങള്‍ക്ക് ആദരവര്‍ഹിക്കുന്ന സ്വത്വമായി സ്ത്രീയെ അംഗീകരിക്കാനാവില്ല. 

നരകത്തിലെ സ്ത്രീ 

ഇത്തരം പാരമ്പര്യങ്ങള്‍ തന്നെ മുസ്‌ലിംകളെയും സ്വാധീനിച്ചു. പെണ്ണിനോടൊപ്പം സാത്താന്‍, പെണ്ണുങ്ങള്‍ കൂടുതല്‍ നരകത്തില്‍ തുടങ്ങിയ ഹദീസുകള്‍ അതാണ് കാണിക്കുന്നത്. പെണ്‍സ്വത്വം, പെണ്ണുടല്‍, പെണ്‍ സാന്നിധ്യം, നരകം തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിക്കുന്ന തത്ത്വങ്ങളാണിവ. വീടും കുതിരയും പെണ്ണും ദുശ്ശകുനങ്ങളെ വഹിക്കുന്നതായും, നമസ്‌കരിക്കുന്ന മനുഷ്യന്നും ഖിബ്‌ലക്കും ഇടയില്‍ നായയും കഴുതയും പെണ്ണും കടന്നുവന്ന് തടസ്സമുണ്ടാക്കും എന്നുമൊക്കെ കൊണ്ടാടപ്പെടുന്ന പ്രമാണങ്ങളുണ്ട്. ഒരേ ആത്മരൂപത്തില്‍നിന്നാണ് ആണും പെണ്ണും ജനിച്ചത് എന്ന ഖുര്‍ആനിക തത്ത്വം ഇരുവര്‍ക്കും നല്‍കുന്ന അന്തസ്സിനെ സാന്ദര്‍ഭികമോ ദുര്‍ബലമോ ആയ പ്രമാണങ്ങള്‍ വെച്ചുകൊണ്ട് ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 

പരസ്പരാദരവ് എല്ലാ മനുഷ്യരുടെ കാര്യത്തിലും ദീക്ഷിക്കേണ്ടതായ മര്യാദയാണ്. അല്ലാഹു എല്ലാ മനുഷ്യരെയും ആദരിച്ചിരിക്കുന്നു എന്നാണല്ലോ ഖുര്‍ആന്റെ പരാമര്‍ശം. ഈ ആദരവ് പുരുഷന് ഏതൊരളവില്‍ ലഭിക്കുന്നുണ്ടോ, അതേ അളവില്‍തന്നെ സ്ത്രീയും അതിന് അര്‍ഹയാണ്. അതേസമയം ഭര്‍ത്താവിനുള്ള സുജൂദ്, തല്ലി മര്യാദ പഠിപ്പിക്കാനുള്ള അവകാശം തുടങ്ങിയ കാര്യങ്ങളില്‍ അക്ഷരവ്യഗ്രരാവാനാണ് സമുദായം ഉദ്യുക്തരാകാറുള്ളത്. 

തങ്ങളുടെ പ്രവാചകന്മാരുടെ അധ്യാപനങ്ങളെ അട്ടിമറിച്ച്, അരിസ്റ്റോട്ടിലിന്റെയും നോസ്റ്റിക്കുകളുടെയുമൊക്കെ തത്ത്വചിന്തകളുടെയും പ്രാകൃത മതാചാരങ്ങളുടെയും അടിസ്ഥാനത്തില്‍ സ്ത്രീ സ്വത്വത്തെ വ്യാഖ്യാനിക്കുകയും ആ വ്യാഖ്യാനങ്ങളെ ആധാരമാക്കി സ്ത്രീ പദവിയും ദൗത്യവും അതുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിര്‍മിക്കുകയുമാണ് യൂദ, ക്രൈസ്തവ പാരമ്പര്യങ്ങള്‍ ചെയ്തതെങ്കില്‍, ഇതേ ചട്ടങ്ങളുടെ പിന്തുടര്‍ച്ചയില്‍ പെണ്ണിനെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുകയാണ് മുസ്‌ലിം പാരമ്പര്യം ഒരു പരിധി വരെ ചെയ്തിട്ടുള്ളത് എന്നു കാണാം. 

ഖുര്‍ആനില്‍ നിയമങ്ങളും മൂല്യങ്ങളും ഉണ്ട്. നിയമങ്ങളേക്കാള്‍ പ്രാധാന്യം മൂല്യങ്ങള്‍ക്ക് നല്‍കുന്നുമുണ്ട്. നിയമപരാമര്‍ശങ്ങള്‍ വളരെക്കുറവാണ് വേദപുസ്തകത്തില്‍. അതേസമയം മൂല്യങ്ങള്‍, വിശേഷിച്ചും സാമൂഹികനീതി എന്നത് ആവര്‍ത്തിച്ചും ധാരാളമായും പരാമര്‍ശിക്കപ്പെടുന്നുണ്ട്. സ്വാഭാവികമായും മൂല്യങ്ങളാണ് നിയമങ്ങളുടെ ആധാരം. എന്നാല്‍ നിയമങ്ങളെ മൂല്യങ്ങളുടെ ആധാരമാക്കി വായിക്കുന്ന പ്രവണത സമുദായ പാരമ്പര്യം രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. സാമൂഹികനീതി പോലെ പ്രാധാന്യമുള്ള മൂല്യമാണ് മനുഷ്യന് നല്‍കപ്പെടുന്ന കറാമത്ത്. അല്ലാഹു ആദം മക്കളെ, മനുഷ്യരെ ആദരിച്ചിരിക്കുന്നു എന്ന് പ്രസ്താവിക്കുമ്പോള്‍, ഈ ആദരവ് അഥവാ കറാമ കാത്തുസൂക്ഷിക്കാന്‍ അല്ലാഹുവിന്റെ അടിയാറുകളും തയാറാകേണ്ടതാണ്. സ്വാഭാവികമായും കറാമയുമായി ബന്ധപ്പെട്ട ബാധ്യതകള്‍ (ഹഖുല്‍ കറാമ) സകല മനുഷ്യബന്ധങ്ങളിലും നിറവേറ്റപ്പെടണം. ബനൂ ആദം എന്നതാകട്ടെ, അന്നാസ് എന്നതുപോലെത്തന്നെ, വിഭജനങ്ങളെ നിരാകരിക്കുന്ന ഒരു സംവര്‍ഗമാകുന്നു. അതിനാല്‍തന്നെ ഇതില്‍ വംശപരമോ ലിംഗപരമോ ആയ വിവേചനങ്ങളുമില്ല. ജെന്‍ഡര്‍ ബയാസ്, അപ്പാര്‍തീഡ് തുടങ്ങിയ സകല മനോഭാവങ്ങളെയും നിരാകരിക്കുന്ന ഒന്നാണ് ഇത്. 

കറാമ എന്നത് മൂല്യവും ഹഖുല്‍ കറാമ എന്നത് ബാധ്യതയും ആയിത്തീരുന്ന സമൂഹത്തില്‍ അടിമത്തമോ ലിംഗവിവേചനമോ ഉണ്ടാകാന്‍ പാടില്ല. അടിമത്തത്തെ മാനുഷിക പരിഗണനകളില്‍ പൊതിയാന്‍ ശ്രമിച്ചാലും അടിമ അടിമ തന്നെയാണ്. അത് മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്ന ആദരവിന് ചേര്‍ന്നതല്ല. ഇതുപോലെ സ്ത്രീ പുരുഷന്മാര്‍ പരസ്പരമുള്ള ബാധ്യതകളെയും അവകാശങ്ങളെയും പരാമര്‍ശിക്കുന്ന വേദസൂക്തങ്ങള്‍ ഇതേ ആദരവിന്റെ തന്നെ ആധാരത്തില്‍ വായിക്കപ്പെടേണ്ടതാണ്. ദാമ്പത്യ ബാധ്യതകള്‍ ലംഘിക്കുമ്പോള്‍ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച, സൂറഃ അന്നിസാഅ് മുപ്പത്തിനാലാം ആയത്തിലെ ആശയത്തെയും ഇതേ മൂല്യത്തിന്റെയും ബാധ്യതയുടെയും ആധാരത്തില്‍ വായിക്കേണ്ടതാണ്. ഭാര്യമാരില്‍നിന്ന് അനുസരണക്കേട് ആശങ്കിക്കുമ്പോള്‍ എന്നൊക്കെ ഇതിന് അര്‍ഥം പറഞ്ഞുപോകുമ്പോള്‍, കേവലം ആശങ്കയുടെ പേരില്‍ നടപടി സ്വീകരിക്കാനുള്ള അധികാരം നേടുന്ന പുരുഷന്‍ തന്റെ മേല്‍ക്കോയ്മയെ അരക്കിട്ടുറപ്പിക്കുകയാണ് ചെയ്യുന്നത്. ആ ആയത്തിലെ ഖൗഫ്, നുശൂസ്, ദര്‍ബ് തുടങ്ങിയ ആശയങ്ങളെല്ലാം തന്നെ പരസ്പരാദരവ് എന്ന മൂല്യത്തിന്റെ ആധാരത്തില്‍ വായിക്കപ്പെടുകയാണ് ചെയ്യേണ്ടത്. ഒരാളുടെ ഉടമസ്ഥതക്ക് കീഴിലുള്ളതും അയാളില്‍നിന്ന് അനന്തരമെടുക്കാവുന്നതും ആയ സ്വത്ത് എന്ന കാഴ്ചപ്പാടില്‍നിന്ന് പെണ്ണിനെ മോചിപ്പിക്കുകയാണ് അടിസ്ഥാനപരമായി ഖുര്‍ആന്‍ ചെയ്തിട്ടുള്ളത് എന്നതും, ഒരിക്കലും മുന്നോട്ടു പോകാനാവാത്ത വിധം ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ പൊരുത്തക്കേടുണ്ടാകുന്ന പക്ഷം പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ പിരിയാനാണ് അതാവശ്യപ്പെട്ടിട്ടുള്ളത് എന്നതും ഇതോടൊപ്പം ഓര്‍ക്കേണ്ടതാണ്. വിവാഹ ഉടമ്പടിയെക്കുറിച്ച് പറയുമ്പോള്‍തന്നെയും ഇംസാഖുന്‍ ബി മഅ്‌റൂഫ് ഔ തസ്‌രീഹുന്‍ ബി ഇഹ്‌സാന്‍ എന്നാണല്ലോ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. ഒരുമിച്ച് ജീവിക്കുകയാണെങ്കിലും പിരിയുകയാണെങ്കിലും പരസ്പരം ആദരിച്ചുകൊണ്ട് വേണം എന്ന് കര്‍ക്കശമായി ആവശ്യപ്പെടുന്ന വേദഗ്രന്ഥം കേവലം ആശങ്കിക്കപ്പെടുന്ന അനുസരണക്കേടിന്റെ പേരില്‍, തന്റെ ഇണക്കെതിരെ നടപടി കൈക്കൊള്ളാനും തല്ലി മര്യാദ പഠിപ്പിക്കാനും പുരുഷന് അധികാരം നല്‍കി എന്ന് കരുതുന്നതിലെ അയുക്തികത അത്ര ചെറുതല്ല. 

അക്ഷരാഭ്യാസം നിഷേധിച്ചുകൊണ്ടുള്ള ഫത്‌വകള്‍ മുതല്‍ വിവാഹ-വിവാഹമോചന സമ്പ്രദായങ്ങള്‍ വരെയുള്ള മുസ്‌ലിം പാരമ്പര്യവും സ്ത്രീവിരുദ്ധ നിലപാടുകളുടെ സൂചകങ്ങളായിത്തീരുന്നു. ദമ്പതിമാര്‍ തമ്മിലുള്ള തര്‍ക്കങ്ങളുടെ മേലുള്ള സമവായ ചര്‍ച്ചകള്‍, കൗണ്‍സലിംഗ് തുടങ്ങിയവ ഖുര്‍ആന്‍ ഉപദേശിച്ച നടപടികളാണെങ്കില്‍ ഇന്ന് മതേതര കോടതികളും സമ്പ്രദായങ്ങളുമാണ് ഇവ നടപ്പില്‍ വരുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇവയെസ്സംബന്ധിച്ച പാഠങ്ങള്‍ക്കു ശേഷവും മൂന്ന് ഘട്ടങ്ങളിലായാണ് ത്വലാഖ് നടക്കേണ്ടത് എന്നതും ദാമ്പത്യ കരാറിന് ഖുര്‍ആന്‍ നല്‍കുന്ന പവിത്രതയെ (മീസാഖുന്‍ ഗലീള് എന്നാണല്ലോ ആ കരാറിന് വേദഗ്രന്ഥം തന്നെ നല്‍കുന്ന വിശേഷണം) സ്ഥാപിക്കുന്നതാണ്. തൊട്ടു മുകളില്‍ സൂചിപ്പിച്ച രീതിയനുസരിച്ച് ദാമ്പത്യ പവിത്രത എന്നത് ഖുര്‍ആന്‍ ഉന്നയിക്കുന്ന മൂല്യമാണ്. നേര്‍ക്കുനേരെ ഇതിന്റെ ആധാരത്തില്‍തന്നെയാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട അതിന്റെ നിയമങ്ങള്‍. ആത്യന്തികമായ വേര്‍പിരിയലിനു മുമ്പ് ത്വലാഖ് രണ്ടു വട്ടം വേണം എന്ന് സൂറ അല്‍ബഖറ 229-ല്‍ പറയുന്നു. ത്വലാഖിലെ വേര്‍പെടലിനും റജ്ഇയായ (റദ്ദ് ചെയ്യാവുന്ന) ത്വലാഖിലെ തിരിച്ചെടുക്കലിനും രണ്ട് സാക്ഷികള്‍ വേണം എന്ന് അത്ത്വലാഖ് രണ്ടാം ആയത്തില്‍ കല്‍പിക്കുന്നുമുണ്ട്. വളരെ വ്യക്തവും ശക്തവുമായ, ഖുര്‍ആനിലെ ഈ നിയമങ്ങളെ സമുദായ പാരമ്പര്യം അട്ടിമറിച്ചു. മൂന്ന് വ്യത്യസ്ത ഘട്ടങ്ങളില്‍ നിര്‍വഹിക്കപ്പെടേണ്ടുന്ന, റജ്ഇയ്യായ രണ്ടും ബാഇനായ ഒന്നും എന്ന് മൂന്ന് ഘട്ടങ്ങളില്‍ മാത്രം നടക്കേണ്ട മൂന്ന് ത്വലാഖുകളെ, അനിവാര്യമായ പുനര്‍ വിചിന്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന മൂന്ന് സന്ദര്‍ഭങ്ങളെ സമുദായം മുത്ത്വലാഖ് എന്ന കടുത്ത നിയമലംഘനത്തിലേക്ക് ചുരുക്കിക്കെട്ടി. ത്വലാഖിന്റെ സാക്ഷികള്‍ എന്ന നിര്‍ബന്ധത്തെ കേവലം അഭികാമ്യത മാത്രമാക്കുകയും ചെയ്തു. വിവാഹത്തേക്കാള്‍ സങ്കീര്‍ണമാണ് ശരീഅത്തില്‍ വിവാഹമോചനം എന്ന പ്രക്രിയ. എന്നാല്‍ മുസ്‌ലിം മതപാരമ്പര്യത്തില്‍ വിവാഹം അതീവ സങ്കീര്‍ണവും ത്വലാഖ് അയത്‌നലളിതവും ആയിത്തീരുന്നു. 

ഇപ്പറഞ്ഞ മുത്ത്വലാഖിനേക്കാള്‍ മാരകം മൊഴിത്ത്വലാഖ് ആണ് എന്നും വിലയിരുത്താവുന്നതാണ്. ത്വലാഖ് മൊഴിയുന്ന സമ്പ്രദായം നബിയുടെ കാലത്ത് ഉണ്ടായിരുന്നിരിക്കാം. സങ്കീര്‍ണതകള്‍ തീരെക്കുറഞ്ഞ, ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധ എല്ലാ കാര്യങ്ങളിലും താരതമ്യേന എളുപ്പത്തില്‍ പതിയുന്ന, നിയമലംഘന സാധ്യതകള്‍ തീരെക്കുറഞ്ഞ ഒരു സമൂഹത്തിലെ രീതിയല്ല ആധുനിക കാലത്ത് പിന്തുടരേണ്ടത്. ഒരുപക്ഷേ, ഇന്ത്യയില്‍ ദാമ്പത്യബന്ധത്തെ മൊഴിഞ്ഞൊഴിവാക്കാന്‍ അവകാശമുള്ള ഏക വിഭാഗം മുസ്‌ലിം പുരുഷന്മാര്‍ മാത്രമായിരിക്കും. ഇതിനെതിരെ സ്ത്രീക്ക് കോടതിയില്‍ പോകാന്‍ പറ്റും എന്ന് മറുവാദമുന്നയിക്കപ്പെടാറുണ്ട്. അത് മുഖവിലക്കെടുത്താല്‍ പോലും മൊഴി അംഗീകരിക്കപ്പെടുന്നു എന്നത് വാസ്തവമാണ്. അത് സംഭവിച്ചാലാകട്ടെ, നിയമപരമായി അതിനെ ചെറുക്കേണ്ട ബാധ്യത സ്ത്രീയുടേതായിത്തീരുന്നു. പേഴ്‌സണല്‍ ലോ അനുസരിച്ച് സോഷ്യല്‍ മീഡിയ വഴിയുള്ള ത്വലാഖ് പോലും സാധുവാകും എന്ന് AIMPLB കോര്‍ കമ്മിറ്റി മെമ്പര്‍ ഡോ അസ്മ സഹ്‌റ പറയുന്നുണ്ട് (അല്‍ ജസീറ ഡോട്‌കോം 2016 ജൂലൈ 1). അത് അഭികാമ്യമായ രീതിയല്ല എന്ന് അഭിപ്രായപ്പെടുന്നതോടൊപ്പം അതില്‍ ഭേദഗതി വേണ്ടതില്ല എന്നും അവര്‍ പറയുന്നു. നിയമസാക്ഷരത വേണ്ടത്ര ഇല്ലാത്ത, ഉണ്ടെങ്കില്‍തന്നെയും മതനിയമം എന്ന ധാരണ നിലനില്‍ക്കുന്ന പ്രവണതക്കെതിരെ ശബ്ദിക്കാന്‍ സാധ്യതയില്ലാത്ത സ്ത്രീകള്‍ വാക്കാല്‍ ത്വലാഖ് ചെയ്യുന്ന പുരുഷന്മാര്‍ക്കെതിരെ കോടതിയെ സമീപിക്കുന്നത് അപൂര്‍വം മാത്രമായിരിക്കും. 

വ്യത്യസ്ത മതപാരമ്പര്യങ്ങളില്‍ നിലനില്‍ക്കുന്ന അധീശത്വ, പൗരോഹിത്യ പ്രവണതകളുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരകള്‍ എപ്പോഴും സ്ത്രീകളാണ്. ഒരു നൂറ്റാണ്ട് മുമ്പ് വരെ കേരളത്തിലെ നമ്പൂതിരി സമുദായത്തില്‍ കുടുംബത്തിലെ മൂസാമ്പൂരിക്ക് (മൂത്താള്‍) മാത്രമേ സ്വജാതിയില്‍നിന്ന് വേളി പാടുണ്ടായിരുന്നുള്ളൂ. താഴെയുള്ള അപ്ഫന്‍ നമ്പൂതിരിമാരുടെ വിവാഹത്തെ പരിവേദനം എന്നാണ് പറയുക. അത് പക്ഷേ നിഷിദ്ധമായിരുന്നു. അതേസമയം അപ്ഫന്‍ നമ്പൂതിരിമാര്‍ ഗാന്ധര്‍വ വിവാഹവിധി പ്രകാരം നായര്‍ സ്ത്രീകളുമായി സംബന്ധത്തിലേര്‍പ്പെട്ട് ലൈംഗിക സംതൃപ്തി വരുത്തിയിരുന്നു. ഈ നിയമം നിമിത്തം നമ്പൂതിരി സ്ത്രീകളില്‍ ഏതാണ്ട് മുക്കാല്‍ പങ്കിനും വിവാഹജീവിതം തടയപ്പെടുന്നു. ഒരു പരിധി വരെ ഇത് കുറക്കാന്‍ വേണ്ടി മൂത്താള്‍ തന്നെ അധിവേദനം എന്നറിയപ്പെടുന്ന ബഹുവിവാഹസമ്പ്രദായത്തിലേര്‍പ്പെട്ടു. അത് നിമിത്തം വിവാഹിതരാകുന്ന സ്ത്രീകളില്‍തന്നെ വളരെക്കുറച്ച് പേര്‍ക്കേ യുവാക്കളായ ഭര്‍ത്താക്കന്മാരെ ലഭിക്കുന്നുള്ളൂ. സമുദായത്തിലെ പരിഷ്‌കര്‍ത്താക്കള്‍ ഇത്തരം സമ്പ്രദായങ്ങള്‍ക്കും വിധവാ വിവാഹ നിഷേധത്തിനും എതിരായി കലാപമുയര്‍ത്തി. ഇതിന്റെ ഫലമായി അധിവേദനം, പരിവേദന നിരോധം, സംബന്ധം തുടങ്ങിയവ അവസാനിച്ചു. അതേസമയം വിധവകളുടെ വിവാഹത്തോട് കേരളത്തിലെ പല സമുദായങ്ങളും നല്ല സമീപനമല്ല പുലര്‍ത്തുന്നത്.  

സന്യാസവും ജ്ഞാനവാദങ്ങളും രതിയോട് സ്വീകരിച്ച വൈരാഗ്യവും അതിലൂടെ സ്ത്രീ ശരീരത്തോടും സ്ത്രീ സ്വത്വത്തോടു തന്നെയും അവര്‍ കൈക്കൊണ്ട ജുഗുപ്‌സയും പോലെത്തന്നെ സാമ്പ്രദായിക മത കുടുംബങ്ങള്‍ തീര്‍ത്തും പുരുഷാധിപത്യപരമായ ഘടനയിലാണ് പടുക്കപ്പെട്ടിട്ടുള്ളത്. അതിന്റെ ഭാഗമാണ് മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍. പഴയ നിയമത്തില്‍ (യൂദന്മാര്‍ തനാക്ക് എന്ന് വിളിക്കുന്നു) പുറപ്പാട് 20 ആം അധ്യായത്തിലും ആവര്‍ത്തനം 5 ആം അധ്യായത്തിലും മോശക്ക് ദൈവം നല്‍കിയ പത്ത് കല്‍പനകള്‍ വിവരിക്കുമ്പോള്‍ അതില്‍ അവസാനത്തേതായി (പുറപ്പാട് 20: 17, ആവര്‍ത്തനം 5: 21) നിന്റെ അയല്‍ക്കാരന്റെ ഭാര്യയെയോ ഭവനത്തെയോ വയലിനെയോ അടിമയെയോ കാളയെയോ കഴുതയെയോ മോഹിക്കരുത് എന്ന് പറഞ്ഞതായി കാണാം. സ്ഥാവരവും ജംഗമവുമായ സ്വത്തുക്കളുടെ കൂട്ടത്തിലാണ് ഇതില്‍ ഭാര്യയെ പെടുത്തിയിട്ടുള്ളത്. 

തനി വിടനും വിഷയാസക്തനും അധര്‍മിയുമായ ഉഗ്രശ്രവസ്സിന്റെ ഭാര്യയായി ജീവിച്ച ശീലാവതിയെ സ്ത്രീകളുടെ പതിവ്രതാഭാവശുദ്ധിയുടെ മാതൃകയായി പലപ്പോഴും ഹിന്ദു പുനരുത്ഥാനവാദികള്‍ മാത്രമല്ല, ചില സാംസ്‌കാരിക നായകന്മാര്‍ പോലും എടുത്തുകാട്ടാറുണ്ട്. അവസാനത്തില്‍ കുഷ്ഠരോഗത്തിനടിപ്പെട്ട് നടക്കാനോ ഇരിക്കാനോ വയ്യാതായിക്കിടക്കുമ്പോഴും വിഷയാസക്തിക്ക് ഒരു കുറവും വന്നിട്ടില്ലാത്ത ഉഗ്രശ്രവസ്സിനെ അയാളുടെ ഇംഗിതപ്രകാരം കുട്ടയില്‍ കിടത്തി തലയിലേന്തി വേശ്യാലയത്തിലേക്ക് കൊണ്ടുപോകുന്ന മഹതീരത്‌നം പാതിവ്രത്യത്തിന്റെ മാതൃകയാകുന്നേടത്തു തന്നെ മതപാരമ്പര്യങ്ങളില്‍ കുടുംബം എന്ന സ്ഥാപനം എത്രത്തോളം സ്ത്രീവിരുദ്ധമായിത്തീരുന്നു എന്ന് കാണാവുന്നതാണ്. 

ജാതകം പോലുള്ള സമ്പ്രദായങ്ങളും ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ലഗ്നത്തില്‍നിന്ന് ഏഴാം ഭാവത്തിലോ എട്ടാം ഭാവത്തിലോ ചൊവ്വ വന്നാല്‍ ദോഷം ആരോപിക്കപ്പെടുന്നത് സ്ത്രീക്ക് മാത്രമാണ്. ഏഴില്‍ ചൊവ്വ നില്‍ക്കുന്നത് ജാതകന്റെ കാര്യത്തിലാണെങ്കില്‍ കുഴപ്പമില്ലാതിരിക്കുകയും ജാതകയുടെ കാര്യത്തിലാണെങ്കില്‍ വിവാഹം നടക്കാതിരിക്കുകയും ചെയ്യുന്നു. മൂന്നാം ഭാവത്തില്‍ ശുക്രന്‍ നില്‍ക്കുന്ന പുരുഷനില്‍ ജാതകാനുസാരിയും അതിനാല്‍തന്നെ വിഹിതവുമായ സ്ത്രീജിതത്വവും വിഷയാസക്തിയും തുടങ്ങിയ വിചിത്രമായ പരികല്‍പനകളും കണ്ടെത്താന്‍ പറ്റും. 

സമാപനം 

മതതത്ത്വങ്ങളെ അവയുടെ യഥാര്‍ഥ മൂല്യങ്ങളില്‍നിന്നു കൊണ്ട് പഠിക്കുക, അതിനെ കാലാനുബന്ധിയായി വികസിപ്പിക്കുക, അവയുടെ ആചാര്യന്മാര്‍ എങ്ങനെയാണോ അതിനെ പ്രാക്ടീസ് ചെയ്തത് അതേ ചൈതന്യത്തില്‍ അവയെ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുക എന്നീ നിലപാടുകള്‍ പില്‍ക്കാല പാരമ്പര്യങ്ങളില്‍ സ്ഥാപിക്കപ്പെട്ട, സ്ത്രീവിരുദ്ധത ഉള്‍പ്പെടെയുള്ള പിന്തിരിപ്പത്തങ്ങളില്‍നിന്നുള്ള മുക്തിക്ക് സഹായകമായേക്കും എന്നതാണ് ഈ പ്രബന്ധത്തിന്റെ നിഗമനം. 

 

(അവസാനിച്ചു)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (23 - 31)
എ.വൈ.ആര്‍