Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 24

2994

1438 ജമാദുല്‍ ആഖിര്‍ 25

യ്രന്തങ്ങള്‍ ഒളിപ്പിച്ചതും ന്യൂനപക്ഷ വോട്ടും

എ. റശീദുദ്ദീന്‍

മുസ്‌ലിം നേതൃത്വം ഇത്തവണ യു.പിയില്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് എപ്പോഴത്തെയുമെന്ന പോലെ വ്യത്യസ്തമായ മൂന്നോ നാലോ മുഖങ്ങളുണ്ടായിരുന്നു. അതിലൊന്ന് സമാജ്‌വാദി-കോണ്‍ഗ്രസ് സഖ്യത്തിനും രണ്ടാമത്തേത് മായാവതിക്കും അനുകൂലമായി നിന്നു. സ്വാഭാവികമായും മുസ്‌ലിം വോട്ടുകളെ ഈ നിലപാട് സംസ്ഥാനത്തുടനീളം പിളര്‍ത്തിയെന്നാണ് വിലയിരുത്തപ്പെട്ടത്. സമാജ്‌വാദി-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ അതിശക്തമായി രംഗത്തുണ്ടായിരുന്ന ചില മുസ്‌ലിം സംഘടനകളാണ് ഈ പട്ടികയിലെ അവസാന വിഭാഗം. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമൂനും ബറേലി ആസ്ഥാനമായ ഇത്തിഹാദെ മില്ലത്ത് കൗണ്‍സിലുമാണ് ഇതില്‍ പ്രധാനപ്പെട്ടവര്‍. ഡോ. അയ്യൂബിന്റെ പീസ് പാര്‍ട്ടിയും അവര്‍ ഒപ്പം കൂട്ടിയ ഈര്‍ക്കിള്‍ സംഘടനകളും ഏതാണ്ട് ഇതേ ഫലം തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്. അവരൊന്നും യു.പിയില്‍ അക്കൗണ്ട് തുറക്കുക പോയിട്ട് എടുത്തു പറയാവുന്ന പ്രകടനം കാഴ്ചവെച്ചതുപോലും ഒന്നോ രണ്ടോ മണ്ഡലങ്ങളില്‍ മാത്രം. ഈ നിലപാടുകള്‍ അഖിലേഷിനും മായാവതിക്കും നല്‍കുമെന്ന് പ്രതീക്ഷിച്ച നേട്ടങ്ങള്‍ക്കും ഭയപ്പെട്ട കോട്ടങ്ങള്‍ക്കുമപ്പുറത്തെ ചിത്രമാണ് തെരഞ്ഞെടുപ്പിന്റെ അന്തിമഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ യു.പിയില്‍ തെളിഞ്ഞത്. ആ ചിത്രത്തില്‍ ബി.ജെ.പി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലെങ്കിലും മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി ബി.ജെ.പിക്കെതിരെ വോട്ടു ചെയ്യുക എന്ന സാങ്കല്‍പ്പികമായ സാഹചര്യം യു.പിയിലെ പോളിംഗ് ബൂത്തുകളില്‍ ഒരിക്കലും ഉണ്ടാവാറില്ലായിരുന്നു. അപ്പോള്‍ പോലും മുസ്‌ലിം വോട്ട് ധ്രുവീകരണം ഏറ്റവും മൂര്‍ത്തമായ രീതിയില്‍ സംഭവിച്ചാലും ബി.ജെ.പിക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത നേട്ടമാണ് ഇത്തവണ കൈവന്നത്.

ഇത് എങ്ങനെ സംഭവിച്ചു എന്ന ചര്‍ച്ചക്ക് മുമ്പ് മതേതര കക്ഷികളെക്കുറിച്ച ചില തിരിച്ചറിവുകള്‍ പങ്കുവെക്കേണ്ടതുണ്ട്. രാഷ്ട്രീയ ഉലമാ കൗണ്‍സില്‍ നേതാവ് ആമിര്‍ റശാദി പറഞ്ഞ ഒരു അനുഭവം മാത്രം സൂചിപ്പിക്കട്ടെ. അദ്ദേഹത്തെ കാണണമെന്ന് മായാവതി ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് മൗലാന ഏതാനും അനുയായികളോടൊപ്പം ലഖ്‌നൗവിലെ വസതിയില്‍ ചെന്നു. ക്ഷണിച്ചിട്ടു പോലും സമാജ്‌വാദിയുടെ നേതാക്കളെയോ ഷിലാ ദീക്ഷിതിനെയോ കാണാന്‍ റശാദി പോയിരുന്നില്ല. പക്ഷേ ദലിതരുടെ നേതാവിനെ താന്‍ അങ്ങോട്ടു ചെന്നു കാണുമെന്നത് അദ്ദേഹത്തിന്റെ നിലപാടിന്റെ ഭാഗമായിരുന്നു. ഈ അനുഭവം എടുത്തു പറയുന്നത് മറ്റൊന്നിനുമല്ല, യു.പിയിലെ ഓരോ നേതാവും അധികാരം എത്ര കണ്ട് തലക്കു പിടിച്ചവരാണ് എന്നു ചൂണ്ടിക്കാണിക്കാന്‍ വേണ്ടി മാത്രമാണ്. മായാവതിയുടെ വീട്ടിനകത്തേക്ക് ആരെയും ചെരിപ്പിട്ട് കയറ്റാറില്ലെന്ന് ഗേറ്റിലെ പാറാവുകാരന്‍ അറിയിച്ചു. വീട്ടിനകത്ത് മായാവതി ചെരിപ്പിടാതെയാണോ നടക്കുന്നതെന്ന ചോദ്യത്തിന് അതിന് പ്രത്യേകതരം ചെരിപ്പുകള്‍ ഉണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. എങ്കില്‍ അത്തരമൊരു ചെരിപ്പ് തനിക്കും തന്നാല്‍ അകത്തേക്ക് കയറിവരാം, അല്ലെങ്കില്‍ മടങ്ങിപ്പോകുമെന്ന് മൗലാന അറിയിച്ചതോടെ അകത്തുനിന്നും പ്രത്യേക അനുവാദം വാങ്ങി ഒരു ജോടി ചെരിപ്പുകള്‍ ഗേറ്റിലേക്ക് എത്തിക്കുകയാണ് ഉണ്ടായത്. തന്നെ അധികാരത്തിലേറാന്‍ സഹായിച്ചാല്‍ എന്തൊക്കെ മുസ്‌ലിംകള്‍ക്കു വേണ്ടി ചെയ്യുമെന്നും മറ്റെന്തൊക്കെ പദവികള്‍ നല്‍കുമെന്നും മറ്റും മായാവതി 40 മിനിറ്റോളം സംസാരിച്ചു. എല്ലാം കേട്ടു നില്‍ക്കുക മാത്രം ചെയ്ത മൗലാനയും സംഘവും മുസ്‌ലിംകളോട് പ്രത്യേകമായ അവഗണന കാണിക്കാതിരുന്നാല്‍ മാത്രം മതിയെന്നായിരുന്നു ചര്‍ച്ചക്കൊടുവില്‍ മുന്നോട്ടുവെച്ച ആവശ്യം. താന്‍ രംഗത്തിറക്കിയ 84 സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് ബി.എസ്.പിക്ക് പിന്തുണ പ്രഖ്യാപിച്ച ഈ നേതാവിനോട് പക്ഷേ മായാവതി ഒരിക്കല്‍കൂടി തന്റെ അഹങ്കാരം പ്രകടിപ്പിച്ചു. അഅ്‌സംഗഢിനു സമീപം നടന്ന റാലിയില്‍ റശാദി പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്റ്റേജില്‍ മായാവതിക്കൊപ്പം ഇരിക്കുന്ന കാര്യവും ചെരിപ്പിന്റെ കാര്യവുമൊക്കെ വീണ്ടും ചര്‍ച്ച ചെയ്യേണ്ടിവന്നു. കസേര അനുവദിക്കാമെന്ന് ഒടുവില്‍ മൗലാനയെ അറിയിച്ചുവെങ്കിലും ചെരിപ്പിടാന്‍ അനുവാദം കിട്ടിയില്ല. ദലിതനോട് ഒരു കാലത്ത് സവര്‍ണന്‍ ചെയ്തതു മുഴുവനും അതേമട്ടില്‍ തിരിച്ചു ചെയ്യുന്ന ഈ രാഷ്ട്രീയത്തോട് കൂട്ടുകൂടുന്നതിനെയായിരുന്നു യു.പിയിലെ മുസ്‌ലിംകള്‍ മതേതരത്വം എന്ന ഓമനപ്പേരിട്ട് വിളിച്ചു കൊണ്ടിരുന്നത്. പക്ഷേ സംഗീത് സോമും ആദിത്യനാഥും സുരേഷ് റാണയും സാക്ഷി മഹാരാജും വരുണ്‍ ഗാന്ധിയുമൊക്കെ പറയുന്ന 'സബ്കാ വികാസി'നേക്കാള്‍ ഈ അപമാനം ഭേദമെന്നാണ് മുസ്‌ലിംകള്‍ വിശ്വസിച്ചത്.

രണ്ടാമതായി, സമാജ്‌വാദിയെ മുസ്‌ലിംകള്‍ എന്തു കൊണ്ട് സ്വീകരിച്ചു എന്നതിനുള്ള വിശദീകരണം. അഖിലേഷ് യാദവിന്റെ കാലത്ത് ചെറുതും വലുതുമായ എണ്ണമറ്റ വര്‍ഗീയകലാപങ്ങള്‍ അരങ്ങേറിയ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. മുസഫര്‍ നഗര്‍ തന്നെയായിരുന്നു അതിന്റെ മകുടോദാഹരണം. ഒട്ടും മോശമായ കലാപമായിരുന്നില്ല സഹാരന്‍പൂര്‍. എന്നിട്ടും മുസ്‌ലിംകള്‍ അഖിലേഷിനെ അംഗീകരിക്കാനുണ്ടായ കാരണം? കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് യു.പിയുടെ ചരിത്രത്തിലാദ്യമായി നഷ്ടപരിഹാരം ലഭിച്ചതും കുറ്റവാളികള്‍ക്കെതിരെ പേരിനെങ്കിലും നിയമനടപടികള്‍ക്ക് തുടക്കം കുറിച്ചതുമാണ് അഖിലേഷിന്റെ നന്മയായി മുസ്‌ലിംകള്‍ കണ്ടത്. എന്നാല്‍ ഏതെങ്കിലുമൊരു കലാപം മുന്‍കൂട്ടി തടയാന്‍ അദ്ദേഹത്തിന്റെ കാലത്ത് കഴിഞ്ഞിരുന്നില്ല. പോലീസില്‍ മുസ്‌ലിം ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്ത് സന്തുലിതത്വം ഉറപ്പാക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടിരുന്നില്ല. 2012-ല്‍ നല്‍കിയ വാഗ്ദാനങ്ങളില്‍പെട്ട സംവരണം മുതല്‍ക്കിങ്ങോട്ടുള്ള പ്രധാനപ്പെട്ട കാര്യങ്ങളൊന്നും നടപ്പാക്കിയതിന്റെ ഉപകാരസ്മരണ ആയിരുന്നില്ല മുസ്‌ലിംകളുടെ സമാജ്‌വാദി പിന്തുണ. സമാജ്‌വാദി കഴിഞ്ഞാല്‍ പിന്നെ വരാനുള്ളത് ബി.ജെ.പിയാണെന്ന തിരിച്ചറിവില്‍നിന്നാണ് അവരുടെ സമ്മതിദാനാവകാശത്തിന്റെ ദിശ നിര്‍ണയിക്കപ്പെട്ടുകൊണ്ടിരുന്നത്.

യു.പിയില്‍ താന്‍ തന്നെയാണ് രാജ്യവും രാജാവുമെന്ന മായാവതിയുടെ അഹങ്കാരം ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാക്കികൊടുത്തതില്‍ വലിയ പങ്കു വഹിച്ചു. ബിഹാര്‍ മാതൃകയില്‍ മഹാസഖ്യം രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കാമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് മായാവതിയെ അറിയിച്ചിരുന്നുവെങ്കിലും തനിക്കതിന്റെ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു അവര്‍. കോണ്‍ഗ്രസും സമാജ്‌വാദിയും സഖ്യമുണ്ടാക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ബി.എസ്.പി അധ്യക്ഷ. അതു പിഴച്ചെങ്കിലും മായാവതിയും സമാജ്‌വാദിയും കോണ്‍ഗ്രസും മൂന്നായി പിളര്‍ത്തിക്കൊണ്ടിരുന്ന മുസ്‌ലിം വോട്ടുബാങ്കിന്റെ പിളര്‍പ്പ് ഇക്കുറി രണ്ടായി ചുരുങ്ങിയത് മതേതര രാഷ്ട്രീയത്തിന് 2014-ലേതിനേക്കാള്‍ മെച്ചപ്പെട്ട സാധ്യതകള്‍ ബാക്കിവെക്കുന്നുണ്ടായിരുന്നു. മുസ്‌ലിംകള്‍ക്ക് പരമാവധി സീറ്റുകള്‍ നല്‍കിയും ദലിത്-ബ്രാഹ്മണ്‍ കൂട്ടായ്മകളും ഹിന്ദു-മുസ്‌ലിം സൗഹൃദ സംഘങ്ങളുാക്കിയും ഒന്നര വര്‍ഷമായി സംസ്ഥാനത്തുടനീളം പുതിയ പാര്‍ട്ടി ഘടകങ്ങള്‍ രൂപീകരിച്ചും അതുവരെ ബഹുദൂരം മുന്നില്‍നിന്ന മായാവതിക്കു മുന്നില്‍ മുസ്‌ലിം വോട്ടുബാങ്ക് കുത്തനെ പിളരുന്ന ചിത്രം ഡിസംബറില്‍ തന്നെ രൂപപ്പെട്ടിരുന്നു. എന്നിട്ടും ഒരു ധാരണയുണ്ടാക്കാന്‍ പോലും അവര്‍ തയാറായില്ല. അവസാന നിമിഷത്തില്‍ മാത്രമാണ് മായാവതി റശാദിയെ പോലുള്ള മുസ്‌ലിം നേതാക്കളുടെ പിന്തുണ തേടിയത്. അപ്പോഴും അല്‍പ്പം പോലും വിട്ടുവീഴ്ചക്കു തയാറാവാതെ നിന്ന ആ അധികാരമോഹം തന്നെയാണ് യു.പിയില്‍ ദലിത് രാഷ്ട്രീയത്തിന്റെ ചരമക്കുറിപ്പ് എഴുതുന്നിടത്തേക്ക് പിന്നീട് കാര്യങ്ങളെ എത്തിച്ചത്.

 

2

പ്രത്യേകിച്ച് ഒരു തരംഗവും ഉണ്ടായിട്ടില്ലാത്ത, ഭരണവിരുദ്ധ വികാരം അനുഭവപ്പെട്ടിട്ടില്ലാത്ത, വിഷയാധിഷ്ഠിത ചര്‍ച്ചകള്‍ നടന്നിട്ടില്ലാത്ത യു.പി തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ യുക്തിഭദ്രമായ എല്ലാ വിശദീകരണങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും അപ്പുറമാണ് നില്‍ക്കുന്നത്. ഗുണ്ടാരാഷ്ട്രീയത്തെ ചൊല്ലി മറ്റുള്ളവരെ റാലികളില്‍ കുറ്റം പറഞ്ഞ ബി.ജെ.പിയാണ് ഇത്തവണ ഏറ്റവുമധികം ക്രിമിനലുകള്‍ക്ക് യു.പിയില്‍ ടിക്കറ്റ് നല്‍കിയത്, 29 പേര്‍ക്ക്. സമാജ്‌വാദി 15 കുറ്റവാളികളെ മാത്രമേ രംഗത്തിറക്കിയിരുന്നുള്ളൂ. വിലക്കയറ്റത്തെ കുറിച്ച് കാര്യമായ ഒരു പരാമര്‍ശവും ബി.ജെ.പി നടത്തിയിരുന്നില്ല. കര്‍ഷകരുടെ കടബാധ്യത എഴുതിത്തള്ളുമെന്ന മോദിയുടെ അവകാശവാദം മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും ചത്തീസ്ഗഢിലെയും സര്‍ക്കാറുകളെ മുന്നില്‍ വെച്ച് എതിരാളികള്‍ തുറന്നുകാട്ടുന്നുണ്ടായിരുന്നു. കരിമ്പ് കര്‍ഷകര്‍ക്ക് കുടിശ്ശിക മുഴുവനും നല്‍കിയെന്ന് പ്രധാനമന്ത്രി മീറത്തിലെ റാലിയില്‍ പറഞ്ഞത് രണ്ടു മാസം കൊണ്ട് കൊടുത്തുതീര്‍ക്കുമെന്ന് അദ്ദേഹത്തിന് മറ്റൊരു റാലിയില്‍ തിരുത്തിപ്പറയേണ്ടിവന്നു. വോട്ടു കിട്ടാനായി ഹിന്ദു ശ്മശാനവും മുസ്‌ലിം ഖബ്ര്‍സ്ഥാനും ഹിന്ദു വൈദ്യുതിയും മുസ്‌ലിം വൈദ്യുതിയുമൊക്കെ ഒരു പ്രധാനമന്ത്രിയുടെ നിലവാരത്തിനു നിരക്കാത്ത രീതിയില്‍ നരേന്ദ്ര മോദി പ്രചാരണ വിഷയമാക്കിയിരുന്നു. എല്ലാറ്റിനുമുപരി ഡസന്‍ കണക്കിന് വിമത സ്ഥാനാര്‍ഥികളും ശിവസേന മുതല്‍ ഹിന്ദു യുവവാഹിനി വരെയും ബി.ജെ.പിയെ പാഠം പഠിപ്പിക്കാന്‍ രംഗത്തിറങ്ങിയിരുന്നു.

എന്നിട്ടും വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ മതേതര കക്ഷികള്‍ കൂട്ടത്തോടെ തകര്‍ന്നടിഞ്ഞു. നേരത്തേ ചൂണ്ടിക്കാട്ടിയ മായാവതിയുടെ നിലപാട് അടക്കമുള്ളവ മുന്നില്‍ വെച്ച് ബി.ജെ.പി വിരുദ്ധ മുന്നണികള്‍ നേട്ടമുണ്ടാക്കാനിടയില്ലെന്ന് ആര്‍ക്കും പ്രവചിക്കാമായിരുന്നു. പക്ഷേ അവരുടെ സമ്പൂര്‍ണമായ തകര്‍ച്ച ചിത്രത്തില്‍ എവിടെയും ഉണ്ടായിരുന്നില്ല. ദലിതന്റെ രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു ഇപ്പോഴത്തെ ജനവിധിയുടെ ഏറ്റവും വലിയ രക്തസാക്ഷിയായി മാറിയത്. ദലിത് രാഷ്ട്രീയത്തിനെതിരെ അങ്ങനെയൊരു വിജയം നേടാന്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ സഹായിക്കുന്ന ആള്‍ബലം കടലാസില്‍ പോലും യു.പിയില്‍ ഉണ്ടായിരുന്നില്ല. സംസ്ഥാനത്തെ ഓരോ മണ്ഡലത്തിലും ചുരുങ്ങിയത് അരലക്ഷത്തില്‍ കുറയാത്ത ദലിത് വോട്ടര്‍മാര്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അവരുടെ മറുപക്ഷത്ത് സവര്‍ണനും യാദവനും മുസ്‌ലിമും എം.ബി.സിയും ഒ.ബി.സിയുമല്ലാത്ത കൃത്യമായ ഒരു വോട്ട്ബാങ്ക് ഈ സമവാക്യങ്ങളെയെല്ലാം മറികടക്കുന്ന രീതിയില്‍ ബി.ജെ.പിക്ക് ഉണ്ടായിരുന്നെങ്കിലാണ് ഇപ്പോഴത്തെ 326 സീറ്റിന്റെ വിജയം എന്‍.ഡി.എക്ക് സാധിക്കുമായിരുന്നത്. ഇപ്പോള്‍ പറയപ്പെടുന്ന കാരണങ്ങളെല്ലാം ഒരു വാദത്തിന് അംഗീകരിച്ചാല്‍ പോലും 61 ശതമാനം ജനങ്ങള്‍ മാത്രം സമ്മതിദാനാവകാശം വിനിയോഗിച്ച സംസ്ഥാനത്ത് ഏറിയാല്‍ ബി.ജെ.പിക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാനേ കഴിയുമായിരുന്നുള്ളൂ. കൂടിപ്പോയാല്‍ 220 സീറ്റുകള്‍. സംഭവിച്ച മഹാത്ഭുതത്തിലേക്ക് വഴിവെച്ച സാഹചര്യങ്ങളെ കുറിച്ച ബി.ജെ.പിയുടെ അവകാശവാദങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിം പിന്തുണയുമായി ബന്ധപ്പെട്ടവ, അടിസ്ഥാന യാഥാര്‍ഥ്യങ്ങളുമായി ഒരു നിലക്കും പൊരുത്തപ്പെടുന്നതായിരുന്നില്ല.

യു.പിയിലെ മുസ്‌ലിംകള്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം തമസ്‌കരിച്ച് ബി.ജെ.പിയെ പിന്തുണച്ചു എന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ ഈ പ്രതിഭാസത്തിന് നല്‍കിയ വിശദീകരണം. ദയൂബന്ത്, ചാന്ദ്പൂര്‍, മുറാദാബാദ് നഗരം, പഡ്രോണ, നൂര്‍പൂര്‍, മീരാപ്പൂര്‍, ഹസന്‍പൂര്‍, ബിജ്‌നൂര്‍, ഖത്തോലി, ഷംലി തുടങ്ങി സംസ്ഥാനത്തെ തലങ്ങും വിലങ്ങുമുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പി ജയിച്ചുകയറി എന്നത് വസ്തുതയാണെങ്കിലും മുസ്‌ലിം വോട്ടുകള്‍ ഈ മണ്ഡലങ്ങളിലൊരിടത്തും ബി.ജെ.പിയിലേക്ക് പോയതിന് തെളിവുകളില്ല. മാത്രവുമല്ല ബി.എസ്.പിയും എസ്.പി-കോണ്‍ഗ്രസ് സഖ്യവും ഒരുപോലെ മുസ്‌ലിംകളെ രംഗത്തിറക്കിയ മണ്ഡലങ്ങളിലും അല്ലാത്തവയിലുമൊക്കെ വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങാത്ത രീതിയില്‍ ബി.ജെ.പി ജയിച്ചുകയറിയിട്ടുമുണ്ട്. ആദ്യഘട്ടങ്ങളില്‍ സ്ഥാനാര്‍ഥിയുടെ വിജയ സാധ്യത നോക്കിയാണ് മുസ്‌ലിം മണ്ഡലങ്ങളില്‍ നിലപാട് തീരുമാനിക്കപ്പെട്ടത്. കൈരാനയില്‍ ബി.ജെ.പി കെട്ടഴിച്ചുവിട്ട വര്‍ഗീയ വിഷ പ്രചാരണത്തിനിടയിലും മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി നിന്ന് ഹുക്കുംസിംഗിന്റെ മകള്‍ക്കെതിരെ സമാജ്‌വാദി പാര്‍ട്ടിയെ ജയിപ്പിച്ചത് ഉദാഹരണം. ഇത് എല്ലാ മുസ്‌ലിം മണ്ഡലങ്ങളുടെയും പൊതുമാതൃക ആക്കാന്‍ കഴിയുന്ന ചിത്രമല്ലെങ്കിലും കടുത്ത ആശയക്കുഴപ്പങ്ങള്‍ക്കിടയിലും മുസ്‌ലിം വോട്ടുബാങ്ക് സമാജ്‌വാദി-കോണ്‍ഗ്രസ് സഖ്യത്തെ നല്ലൊരളവില്‍ പിന്തുണച്ചതായി കാണാം. ബി.എസ്.പി മുസ്‌ലിം സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയിട്ടു പോലും എസ്.പി-കോണ്‍. സഖ്യത്തിന്റെ അമുസ്‌ലിം സ്ഥാനാര്‍ഥികള്‍ ജയിച്ച മണ്ഡലങ്ങളുണ്ട്. മുസ്‌ലിം വോട്ടുകളോ ദലിത് വോട്ടുകളോ അല്ല രോഹില്‍ഖണ്ട്, തെറായി മേഖലയില്‍ ബി.ജെ.പിയെ തുണച്ചതെന്നത് വ്യക്തം. വിശദീകരിക്കാനാവാത്ത ഒരു വിടവ് സ്വന്തം വോട്ടുബാങ്കിനകത്തും മണ്ഡലങ്ങളിലെ സാമുദായിക സമവാക്യങ്ങളിലും കാണാനുള്ളതുകൊണ്ടാണ് ബി.ജെ.പി അത് മുസ്‌ലിംകളുടെ കണക്കില്‍ വരവു വെക്കാന്‍ മെനക്കെട്ടത്.

മുസ്‌ലിംകള്‍ കൂട്ടത്തോടെ ബി.ജെ.പിക്ക് വോട്ടു ചെയ്തുവെന്ന് ഒരു വാദത്തിന് സമ്മതിക്കുക. ജനസംഖ്യയിലെ ഓരോ അഞ്ചു പേരിലൊരാള്‍ വീതവും ഇസ്‌ലാം വിശ്വാസികളായ ഉത്തര്‍ പ്രദേശില്‍ 403-ല്‍ ഒറ്റ സീറ്റു പോലും ബി.ജെ.പി കൊടുക്കാതിരുന്നിട്ടും അതിലടങ്ങിയ വെറുപ്പിന്റെ സന്ദേശം മുസ്‌ലിംകള്‍ക്ക് മനസ്സിലായില്ലെന്നല്ലേ അങ്ങനെയെങ്കില്‍ അര്‍ഥമാക്കേണ്ടത്? മുത്ത്വലാഖ് വിഷയത്തില്‍ മുസ്‌ലിം സ്ത്രീകള്‍ ബി.ജെ.പിയുടെ നീക്കത്തെ അനുകൂലിക്കുന്നുണ്ടെന്നും പുരുഷന്മാര്‍ വിലക്കിയാല്‍ പോലും വോട്ട് നല്‍കുമെന്ന് ഉറപ്പുകൊടുത്തുവെന്നുമാണ് വൈശ്യസമുദായ സംഘടനയുടെ ഉപാധ്യക്ഷയും അമേത്തി മേഖലയിലെ അറിയപ്പെടുന്ന വനിതാ ബി.ജെ.പി നേതാവുമായ പൂജാ കസോദന്‍ ഈ ലേഖകനോട് അവകാശപ്പെട്ടത്. ഇതേ വാക്കുകള്‍ തെരഞ്ഞെടുപ്പിനു ശേഷം ദല്‍ഹിയില്‍ അമിത് ഷായും പറഞ്ഞുകൊണ്ടിരുന്നു. 'സ്ഥാനാര്‍ഥി പട്ടികയില്‍ മുസ്‌ലിംകളെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ അവരുടെ പിന്തുണ കൂടി ലഭിക്കുമായിരുന്നു' എന്ന അഭിപ്രായമാണ് സംസ്ഥാന മുഖ്യമന്ത്രി പദവിയില്‍ വരെ ഇരുന്ന പാരമ്പര്യമുള്ള രാജ്‌നാഥ് സിംഗ് ആദ്യ മൂന്നു ഘട്ടങ്ങള്‍ക്കു ശേഷം പ്രകടിപ്പിച്ചത്. കുറേക്കൂടി മികച്ച പ്രകടനം കാഴ്ച വെക്കാനാവുമായിരുന്നു എന്നാണ് ഉദ്ദേശിച്ചതെന്ന് ഇപ്പോഴിതിനെ വ്യാഖ്യാനിച്ച് ഒപ്പിക്കാനാവുമെങ്കിലും അതായിരുന്നില്ല അന്നത്തെ പ്രസ്താവനയുടെ രാഷ്ട്രീയ പരിസരം. ഏറ്റവുമൊടുവില്‍ ഈ കാപട്യത്തെ മറച്ചുവെക്കാനായി ഒരു മുസ്‌ലിമിനെ യു.പി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് പാര്‍ട്ടി പറയാന്‍ തുടങ്ങിയിരിക്കുന്നു. നന്ദിപ്രകടനമാണെന്ന് സമുദായം മനസ്സിലാക്കിക്കൊള്ളണം.

മുത്ത്വലാഖ് ഭീതിയില്‍ ജീവിക്കുന്ന സ്ത്രീകള്‍ പോകട്ടെ വോട്ടു ചെയ്ത മൊത്തം മുസ്‌ലിം സ്ത്രീകളുടെ എണ്ണത്തേക്കാള്‍ പോലും കുടുതലാണ് ബി.ജെ.പിക്ക് അധികമായി കിട്ടിയ വോട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിഛായ ആയിരുന്നു ഈ വിജയമൊരുക്കിയതെങ്കില്‍ പഞ്ചാബിലും ഗോവയിലുമൊക്കെ ആ തരംഗം ഉണ്ടാവണമായിരുന്നു. നന്നേ ചുരുങ്ങിയത് രണ്ടു തവണ ഭരിച്ച ഗോവയിലെങ്കിലും മോദി മാഹാത്മ്യം ആര്‍ത്തലക്കേണ്ടിയിരുന്നില്ലേ? അതല്ലെങ്കില്‍ അത്രയേറെ പൊതുജനത്തെ വെറുപ്പിച്ച ഭരണം ആവണമായിരുന്നു അഖിലേഷ് യാദവിന്റേത്. ബി.എസ്.പി എന്ന പേരുകേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്ന ഓര്‍മകളായിരിക്കണം മായാവതി ജനത്തിന് നല്‍കിയിട്ടുണ്ടാവുക. ഇതൊന്നും ആ സംസ്ഥാനത്തെവിടെയും പ്രത്യക്ഷമായി അനുഭവപ്പെട്ടിരുന്നില്ല. കഴിഞ്ഞ രണ്ടര വര്‍ഷക്കാലയളവില്‍ യു.പിയിലെ ജനങ്ങള്‍ക്കു മാത്രം മനസ്സിലാകുന്ന ഭാഷയില്‍ ബി.ജെ.പി എന്തെങ്കിലും പറയുകയോ ചെയ്യുകയോ ഉണ്ടായോ എന്ന ചോദ്യത്തിനും തൂത്തെറിയപ്പെടാന്‍ മാത്രം കടുത്ത അപരാധങ്ങള്‍ അഖിലേഷോ കോണ്‍ഗ്രസോ മായാവതിയോ ചെയ്‌തോ എന്ന ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതാവുകയും അഗോചരമായ എന്തോ പ്രതിഭാസത്തിന്റെ ചിറകിലേറി നരേന്ദ്രമോദിയും ബി.ജെ.പിയും വോട്ടര്‍മാരെ അത്ഭുതപ്പെടുത്തുന്ന വിജയം നേടുകയുമാണുണ്ടായത്. അവസാനഘട്ടങ്ങളില്‍ ബി.ജെ.പി നടത്തിയ വര്‍ഗീയച്ചുവയുള്ള പരാമര്‍ശങ്ങള്‍ ആദിത്യനാഥിന്റെയും സാക്ഷി മഹാരാജിന്റെയും നാടായ യു.പിയില്‍ ഇത്ര കടുത്ത ധ്രുവീകരണം ഉണ്ടാക്കിയെന്നു വിശ്വസിക്കുന്നതും അത്ര എളുപ്പമായിരുന്നില്ല. പ്രധാനമന്ത്രി റോഡിലിറങ്ങിയും മന്ത്രിമാര്‍ നാടുതെണ്ടിയും നേടിയെടുത്ത വിജയം എന്നതും വെറും കാട്ടിക്കൂട്ടലുകള്‍ മാത്രമായിരുന്നു. 95 സീറ്റുകളില്‍ മായാവതി മുസ്‌ലിംകള്‍ക്ക് സീറ്റ് നല്‍കിയതില്‍ അസ്വസ്ഥത പൂണ്ട ദലിതുകള്‍ ബി.എസ്.പിയെ കൈയൊഴിച്ച് ബി.ജെ.പിയില്‍ എത്തിയെന്നാണ് ഒടുവില്‍ പുറത്തുവരുന്ന സിദ്ധാന്തങ്ങളിലൊന്ന്. സിദ്ധാന്തം ആദ്യം രൂപീകരിച്ചതിനു ശേഷം അതിനൊപ്പിച്ച വ്യാഖ്യാനമുണ്ടാക്കുകയായിരുന്നു ഇത്.

 

3

ആദ്യഘട്ടങ്ങള്‍ക്ക് വിരുദ്ധമായ നിലപാടായിരുന്നു അഞ്ച്, ആറ്, ഏഴ് ഘട്ടങ്ങളില്‍ ഇത്തവണ മുസ്‌ലിംകള്‍ സ്വീകരിച്ചത്. മായാവതിക്ക് വോട്ടു നല്‍കാന്‍ കിഴക്കന്‍ മേഖലയിലെ മുസ്‌ലിം പണ്ഡിതര്‍ ആഹ്വാനം ചെയ്തു. ദലിതരുടെ രാഷ്ട്രീയത്തോട് അകമേ പുഛവും പുറമെ സ്‌നേഹവും കാണിക്കുന്നവരാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെന്നും മായാവതി ഇല്ലാതാകണമെന്നത് ഈ സംഘടനകളുടെയെല്ലാം പൊതുനിലപാടാണെന്നും ഉലമാ കൗണ്‍സില്‍ നേതാവ് ആമിര്‍ റശാദി പറഞ്ഞിരുന്നു. സമാജ്‌വാദിയോ കോണ്‍ഗ്രസോ ഒരര്‍ഥത്തിലും മുസ്‌ലിം താല്‍പര്യങ്ങളോട് നീതിപൂര്‍വം പ്രതികരിച്ചിരുന്നില്ല. എന്നിട്ടും മുസ്‌ലിംകളെ വഞ്ചിക്കാന്‍ പലപ്പോഴും ഈ പാര്‍ട്ടികള്‍ക്കു കഴിഞ്ഞു. ബി.ജെ.പി പോലും ആ അര്‍ഥത്തില്‍ കോണ്‍ഗ്രസിനേക്കാളും ഭേദമാണെന്ന പക്ഷക്കാരനായിരുന്നു റശാദി. മായാവതിയുടെ പാര്‍ട്ടി യു.പിയില്‍ എന്നല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ യഥാര്‍ഥ പ്രതിപക്ഷമാണെന്നും അവരുടെ ശബ്ദം നിലനില്‍ക്കേണ്ടത് ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു കൊണ്ടാണ് അദ്ദേഹം ബി.എസ്.പിക്കു വേണ്ടി 83 സീറ്റുകളിലെ തന്റെ സ്ഥാനാര്‍ഥികളെ പിന്‍വലിച്ചത്. കിഴക്കന്‍ മേഖലയില്‍ ദലിത്-മുസ്‌ലിം വോട്ടുകള്‍ സമാജ്‌വാദിയെ വിട്ട് ബി.എസ്.പിയിലേക്കു തിരിയാന്‍ ചില ജില്ലകളില്‍ ഇത് വഴിയൊരുക്കി. വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുന്നതിനിടയിലും മൗവില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായി മല്‍സരിച്ച മുഖ്താര്‍ അന്‍സാരിയും മേഖലയിലെ മുസ്‌ലിംകളെ മായാവതിയിലേക്ക് ആകര്‍ഷിക്കുന്നതില്‍ പങ്കു വഹിച്ചു. ദല്‍ഹി ഇമാമും കല്‍ബെ ജവാദും അസദുദ്ദീന്‍ ഉവൈസിയും തൗഖീര്‍ റസാ ഖാനുമൊക്കെ ഈ ഘട്ടത്തില്‍ മായാവതിയോടൊപ്പം നിന്നു. എന്നാല്‍ അവസാനഘട്ടങ്ങളുടെ മാത്രം സവിശേഷതയായിരുന്നു ഇത്.

സമാജ്‌വാദി-കോണ്‍ഗ്രസ് സഖ്യം ഏശിയില്ല എന്നു പറയുമ്പോള്‍ ഇരുവരും ഒന്നിക്കുമ്പോഴുള്ള സ്വാഭാവികമായ നേട്ടം പോലും ഇല്ലാതായി എന്ന് അര്‍ഥമുണ്ടാവരുതല്ലോ. 12 ശതമാനത്തില്‍ അധികം കഴിഞ്ഞ തവണ വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസും 29 ശതമാനത്തില്‍പരം വോട്ടുകളുണ്ടായിരുന്ന സമാജ്‌വാദിയും ഒന്നിക്കുമ്പോള്‍ 28 ശതമാനമായി കുറയുകയാണ് യു.പിയില്‍ സംഭവിച്ചത്. ഇത് വിമത ശല്യവും ആശയക്കുഴപ്പവുമാണെന്ന് വാദത്തിന് സമ്മതിക്കുക. വിമതര്‍ കൂട്ടത്തോടെ ചേക്കേറിയ ആര്‍.എല്‍.ഡിക്ക് കഴിഞ്ഞ തവണ കിട്ടിയ 2.2 ശതമാനം വോട്ടുകള്‍ ഇത്തവണ 1.9 ആയി കുറയുകയല്ലല്ലോ വേണ്ടത്. മുസഫര്‍ നഗര്‍, കൈരാന, ഭാഗ്പത് മേഖലകളിലെല്ലാം ബി.ജെ.പിക്കെതിരെ രാഷ്ട്രീയ ലോക്ദള്‍ ശക്തമായി തന്നെ മത്സരരംഗത്തുണ്ടായിരുന്നു. ജാട്ടുകളുടേതല്ലാത്ത മറ്റൊരു വോട്ടും ഈ മേഖലയില്‍ കിട്ടാനില്ലാതിരുന്ന പാര്‍ട്ടി ഒരു സീറ്റില്‍ ജയിക്കുകയും നാലിടത്ത് രണ്ടാമതെത്തുകയും ചെയ്തു. അങ്ങനെയെങ്കില്‍ എല്ലാറ്റിനെയും കീഴ്‌മേല്‍ മറിച്ച ആ ജാട്ട് പിന്തുണ ബി.ജെ.പി എവിടെ നിന്നും സംഘടിപ്പിച്ചു? 11-ാം തീയതി ഫലങ്ങള്‍ പുറത്തു വന്നതിനു ശേഷം 13-ാം തീയതി ബി.ജെ.പി വമ്പന്‍ ഹോളി ആഘോഷിക്കുമെന്ന് അമിത് ഷാ നേരത്തേ പറഞ്ഞത് വെറും വാക്കായിരുന്നില്ല. മായാവവതിക്കാകട്ടെ 19.8 ശതമാനമുണ്ടായിരുന്ന വോട്ട് 22.2 ശതമാനമായി വര്‍ധിക്കുകയാണുണ്ടായത്. അപ്പോള്‍ ദലിതര്‍ എവിടെയാണ് ബി.ജെ.പിക്കൊപ്പം പോയത്? യു.പിയിലെ അങ്കത്തട്ടില്‍നിന്നും കണക്കുകള്‍ നല്‍കുന്ന സൂചനകളില്‍നിന്നും മനസ്സിലാക്കാവുന്ന കാര്യം മായാവതിക്കു മാത്രമാണ് അസാധാരണമായ രീതിയില്‍ ജനപിന്തുണ ലഭിച്ചുകൊണ്ടിരുന്നത് എന്നാണ്. അവരുടേത് തന്നെയാണ് തീര്‍ച്ചയായും ബി.ജെ.പിയെ നേര്‍ക്കു നേരെ എതിരിട്ടിട്ടുണ്ടാവാനിടയുള്ള ഘടകവും. രേഖപ്പെടുത്തപ്പെട്ടതിനേക്കാള്‍ വലിയ നേട്ടം തനിക്ക് ഉണ്ടായിരിക്കാമെന്നും ആ വോട്ടുകള്‍ പക്ഷേ തന്റെ ചിഹ്നത്തില്‍ വീണിട്ടില്ല എന്നും മായാവതി ഒടുവില്‍ തുറന്നു പറഞ്ഞു. 

വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന മായാവതിയുടെ ആരോപണത്തെ തെരഞ്ഞെടുപ്പു കമീഷന്‍ തള്ളിക്കളയുകയാണ് ചെയ്തത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തും ഇതേ ആരോപണവുമായി രംഗത്തെത്തി. 2009-ല്‍ സുബ്രഹ്മണ്യം സ്വാമിയും എല്‍.കെ അദ്വാനിയും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മഹാരാഷ്ട്രയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പരാതി ഉയര്‍ന്നു. യന്ത്രങ്ങള്‍ സൂക്ഷിക്കുന്നിടത്ത് നേരിട്ട് കടന്നുകയറാന്‍ സൗകര്യമുണ്ടെങ്കില്‍ ഇത്തരം കൃത്രിമങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അതല്ല ഒരു ടെലിഫോണ്‍ ഉപയോഗിച്ചു പോലും ക്രമക്കേടുകള്‍ വരുത്താന്‍ കഴിയുന്നതാണ് ഇന്ത്യയിലെ വോട്ടിംഗ് യന്ത്രങ്ങളെന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്റെ കണ്ടെത്തലുമൊക്കെ സാമൂഹിക മാധ്യമങ്ങളിലൂടെ തേരാപ്പാരാ ഓടിനടന്നു. എന്നാല്‍ ഈ കൃത്രിമം വരുത്തുന്നത് എങ്ങനെയെന്ന് ചെയ്തു കാണിക്കാന്‍ പരാതി ഉന്നയിക്കുന്നവരോട് കമീഷന്‍ ഒരുതവണ ആവശ്യപ്പെട്ടിരുന്നുവത്രെ. ഇതുവരെ അതിന് കഴിഞ്ഞിട്ടില്ലെന്നാണ് ഈ വിഷയത്തില്‍ മായാവതിക്കെതിരെ പുറത്തിറക്കിയ പ്രസ്താവനയില്‍ തെരഞ്ഞെടുപ്പു കമീഷന്‍ ചൂണ്ടിക്കാട്ടിയത്. വോട്ടെടുപ്പിനു ശേഷം യന്ത്രങ്ങള്‍ പൂര്‍ണ സുരക്ഷയോടെയും കാവലോടെയുമാണ് സൂക്ഷിക്കുന്നതെന്നും മനുഷ്യഇടപെടല്‍ ഒരിക്കലും ഉണ്ടാവില്ലെന്നും കമീഷന്‍ ആണയിട്ടു പറയുന്നു. ഇതല്ല വസ്തുതയെന്ന് വാരാണസി തെരഞ്ഞെടുപ്പില്‍ മോദി നേടിയ അധിക വോട്ടിന്റെ കണക്കും മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളും മുന്നില്‍ വെച്ച് വോട്ടിംഗ് യന്ത്രത്തിന്റെ വിമര്‍ശകരും ചൂണ്ടിക്കാട്ടുന്നു. എന്തായാലും എത്രയോ യൂറോപ്യന്‍ രാജ്യങ്ങള്‍ നിയമം നിര്‍മിച്ചു തന്നെ വിലക്കിയ കാര്യമാണ് ഇലക്‌ട്രോണിക് യന്ത്രങ്ങളുപയോഗിച്ചുള്ള വോട്ടെടുപ്പ്. പരാതികള്‍ വ്യാപകമായ കാലത്തും ജനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള നീക്കങ്ങളല്ല പക്ഷേ നടക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (23 - 31)
എ.വൈ.ആര്‍