Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 17

2993

1438 ജമാദുല്‍ ആഖിര്‍ 18

ജസ്റ്റിസ് ഇൗസ മൂസ (1936-2017)

അബൂസ്വാലിഹ

2017 ഫെബ്രുവരി 25-നാണ് ദക്ഷിണാഫ്രിക്കക്കാരനായ ജസ്റ്റിസ് ഈസ മൂസ (81) വിടവാങ്ങിയത്. രാഷ്ട്രതന്ത്രജ്ഞന്‍, രാജ്യത്തെ മികച്ച നിയമജ്ഞരിലൊരാള്‍, നെല്‍സണ്‍ മണ്ടേലക്കൊപ്പം വര്‍ണവെറിയന്‍ ഭരണകൂടത്തിനെതിരെ പോര്‍മുഖങ്ങള്‍ തുറന്ന പോരാളി. ഇങ്ങനെ ഈസ മൂസക്ക് വിശേഷണങ്ങള്‍ പലതുണ്ട്.

1936 ഫെബ്രുവരി എട്ടിന് കേപ്ടൗണിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1960-ല്‍ കേപ്ടൗണ്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് നിയമബിരുദം നേടി. പല കമ്പനികളിലും നിയമസഹായിയായി പ്രവര്‍ത്തിച്ചു. 1966-ല്‍ ഡിസ്ട്രിക്ട് സിക്‌സില്‍ സ്വന്തമായി ഒരു നിയമസ്ഥാപനം തുടങ്ങി. പക്ഷേ 1969-ല്‍ ഭരണകൂടം ആ സ്ഥാപനത്തെ അവിടെനിന്ന് ബലമായി ഒഴിപ്പിച്ചു. ആ മേഖലയില്‍ വെള്ളക്കാര്‍ മാത്രമേ സ്ഥാപനം തുടങ്ങാവൂ എന്ന് വര്‍ണവെറിയന്‍ ഭരണകൂടം നിയമം കൊണ്ടുവന്നതാണ് കാരണം. അതിനെതിരെ കോടതിയില്‍ അദ്ദേഹം പോരാടി.

1979-ല്‍ ഇ. മൂസ & അസോസിയേറ്റ്‌സ് എന്ന പേരില്‍ മറ്റൊരു സ്ഥാപനം തുടങ്ങി. തൊള്ളായിരത്തി എണ്‍പതുകളിലെ പല രാഷ്ട്രീയ-നിയമ പോരാട്ടങ്ങളിലും ഭാഗഭാക്കാകാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞു. ജയിലിലടക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ അത് മുന്‍പന്തിയില്‍ നിന്നു. നെല്‍സണ്‍ മണ്ടേലയുമായി ഈസ മൂസ അടുത്ത് ബന്ധപ്പെടുന്നത് ഈ കാലത്താണ്. നാഷ്‌നല്‍ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് ലോയേഴ്‌സ് (NADEL) എന്ന കൂട്ടായ്മയുടെ രൂപവത്കരണത്തിലും മുന്‍നിരയില്‍ ഉണ്ടായിരുന്നു.

മുന്‍ ദക്ഷിണാഫ്രിക്കന്‍ നിയമമന്ത്രി ദുല്ല ഉമറും ഈസാ മൂസയും 'പോരാടും നിയമജ്ഞര്‍' (Struggle Lawyers) എന്നാണ് സുഹൃത്തുക്കള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. കുരുക്കഴിക്കാനാവാത്ത ഏതു നിയമപ്രശ്‌നം വരുമ്പോഴും 'ഈസക്ക് ഫോണ്‍ ചെയ്യൂ' എന്നാണ് സീനിയര്‍ അഭിഭാഷകര്‍ വരെ പറയുക. വര്‍ണവെറിക്കെതിരെ ശക്തമായി പോരാടിയ ഗ്രാസ് റൂട്ട്‌സ്, സൗത്ത് പോലുള്ള പത്രങ്ങള്‍ക്ക് വേണ്ടിയും ഈസ ശബ്ദമുയര്‍ത്തി. അടിച്ചേല്‍പ്പിക്കപ്പെടുന്ന നിയമക്കുരുക്കുകളില്‍നിന്ന് ഇത്തരം പത്രങ്ങളെ രക്ഷപ്പെടുത്തുന്ന ചുമതല യാതൊരു പ്രതിഫലവും പറ്റാതെ അദ്ദേഹം സ്വയം ഏറ്റെടുത്തു.

1998-ല്‍ നെല്‍സണ്‍ മണ്ടേല അദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജിയായി നിശ്ചയിച്ചു. ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെ ഭരണഘടനാ ഉന്നതാധികാര കമ്മിറ്റിയിലെ അംഗമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ പറഞ്ഞു: ''നമ്മുടെ പ്രഗത്ഭരായ മനുഷ്യാവകാശ പോരാളികളില്‍ ഒരാളെന്ന നിലക്ക് ജസ്റ്റിസ് മൂസയുടെ നിര്യാണം നമുക്ക് തീരാനഷ്ടമാണ്.''

മൂസയും മണ്ടേലയും തമ്മിലുള്ള അടുപ്പമാകാം മണ്ടേലയുടെ ചെറുമകനായ മണ്ട്‌ല മണ്ടേല 2015-ല്‍ ഇസ്‌ലാം ആശ്ലേഷിക്കാന്‍ നിമിത്തമായതെന്ന് പറയുന്നവരുണ്ട്. അബാതെമ്പു ഗോത്രത്തിലെ മെവേസോ ഉപഗോത്രത്തിന്റെ തലവനാണ് മണ്ട്‌ല. ഇതിനെതിരെ മിറര്‍ പത്രത്തിലും മറ്റും കാര ഓനിയലിനെപ്പോലുള്ള സയണിസ്റ്റ് പത്രപ്രവര്‍ത്തകര്‍ കടുത്ത മതവിദ്വേഷ പ്രചാരണങ്ങളാണ് നടത്തിയത്. ക്രിസ്ത്യന്‍ വിശ്വാസം ഉപേക്ഷിച്ച മണ്ട്‌ല ജൂതമതത്തിനു പകരം ഇസ്‌ലാം സ്വീകരിച്ചത് നാല് കെട്ടാനാണ് എന്നായിരുന്നു ഓനിയലിന്റെ കണ്ടുപിടിത്തം!

ഉമര്‍ അബ്ദുര്‍റഹ്മാന്‍ (1938-2017)

അമേരിക്കന്‍ ജയിലില്‍ വെച്ച് മരണമടഞ്ഞ ഈജിപ്തിലെ അല്‍ജമാഅ അല്‍ ഇസ്‌ലാമിയ്യയുടെ ആത്മീയ നേതാവ് ഉമര്‍ അബ്ദുര്‍റഹ്മാന്റെ മൃതദേഹം അദ്ദേഹത്തിന്റെ വസ്വിയ്യത്ത് പ്രകാരം ഈജിപ്തിലേക്ക് കൊണ്ടുവന്ന് ദഖ്ഹലിയ പ്രവിശ്യയിലെ മന്‍സ്വൂറ നഗരത്തില്‍ മറമാടി. അല്‍ജമാഅ അല്‍ ഇസ്‌ലാമിയ്യയുടെ രാഷ്ട്രീയ വിംഗായ ഹിസ്ബുല്‍ ബിനാഅ് വത്തന്‍മിയ്യയുടെ നിരവധി പ്രവര്‍ത്തകര്‍ മൃതദേഹത്തെ അനുഗമിച്ചു. 2017 ഫെബ്രുവരി 18-നാണ് അദ്ദേഹം മരണപ്പെടുന്നത്. 78 വയസ്സായിരുന്നു. 1993-ല്‍ ന്യൂയോര്‍ക്കിലുണ്ടായ സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍ എന്നാരോപിച്ച് ഉമര്‍ അബ്ദുര്‍റഹ്മാനെ അമേരിക്കന്‍ കോടതി 1995-ല്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. യു.എന്‍ ആസ്ഥാനം ആക്രമിക്കാന്‍ ശ്രമിച്ചു എന്ന കുറ്റവും ആരോപിക്കപ്പെട്ടിരുന്നു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും തനിക്ക് ന്യായമായ വിചാരണ ലഭ്യമായിട്ടില്ലെന്നും ഉമര്‍ വാദിച്ചു. ഉമര്‍ അബ്ദുര്‍റഹ്മാന് നിരോധിത സായുധ ഗ്രൂപ്പായ അല്‍ ജമാഅയിലെ അംഗങ്ങളുമായി ആശയവിനിമയം നടത്താന്‍ അവസരമുണ്ടാക്കിക്കൊടുത്തു എന്ന കുറ്റത്തിന് ലിന്‍ സ്റ്റുവര്‍ട്ട് എന്ന വനിതാ അഭിഭാഷക ഉള്‍പ്പെടെ അദ്ദേഹത്തിന്റെ കേസ് ഏറ്റെടുത്തിരുന്ന ലീഗല്‍ ടീമംഗങ്ങള്‍ക്കും ജയില്‍ശിക്ഷ വിധിച്ചിരുന്നു.

1938-ല്‍ ദഖ്ഹലിയ പ്രവിശ്യയിലെ ജമാലിയ്യ നഗരത്തിലാണ് ഉമര്‍ അബ്ദുര്‍റഹ്മാന്റെ ജനനം. ജനിച്ച് പത്തു മാസം കഴിഞ്ഞപ്പോഴേക്ക് കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെട്ടു. കയ്‌റോയിലെ ഉസ്വൂലുദ്ദീന്‍ കോളേജില്‍നിന്ന് 1965-ല്‍ ബിരുദം. തീവ്ര നിലപാടുകള്‍ കാരണം ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ സ്ഥിരനിയമനങ്ങള്‍ ലഭിച്ചില്ല. തൊള്ളായിരത്തി എഴുപതുകളോടെ അല്‍ജമാഅ, ഇസ്‌ലാമിക് ജിഹാദ് തുടങ്ങിയ തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധം സ്ഥാപിച്ചു. എണ്‍പതുകളുടെ തുടക്കത്തില്‍ അല്‍ ജമാഅയുടെ നേതാവായി ഉമര്‍ ഉയര്‍ന്നുവന്നു. ഈ സന്ദര്‍ഭത്തിലാണ് 1981-ല്‍ ഇസ്‌ലാമിക് ജിഹാദുമായി ബന്ധമുള്ള ഒരു സൈനികന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദാത്തിനെ വെടിവെച്ചുകൊല്ലുന്നത്. സാദാത്ത് വധ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട് ഉമര്‍ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും തെളിവില്ലാത്തതിനാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് വിട്ടയക്കപ്പെടുകയായിരുന്നു. തുടര്‍ന്നാണ്, ഈജിപ്തില്‍നിന്ന് പുറത്താക്കപ്പെട്ട ഉമര്‍ അബ്ദുര്‍റഹ്മാന്‍ പല ദേശങ്ങളില്‍ കറങ്ങി ഒടുവില്‍ 1991-ല്‍ ന്യൂയോര്‍ക്കില്‍ എത്തിപ്പെടുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞ് ന്യൂയോര്‍ക്കില്‍ സ്‌ഫോടനത്തിന്റെ ആസൂത്രകന്‍ എന്ന കുറ്റം ചുമത്തപ്പെട്ട് പിടിയിലാവുകയും ചെയ്തു.

ഈജിപ്ഷ്യന്‍ പ്രസിഡന്റായിരുന്ന ഹുസ്‌നി മുബാറകിനെതിരെ സായുധപോരാട്ടം നടത്തുകയും വിദേശ ടൂറിസ്റ്റുകളെ ആക്രമിക്കുകയും ചെയ്തിരുന്ന അല്‍ജമാഅ, പുനരാലോചനയിലൂടെ തങ്ങളുടെ ഹിംസാത്മക രീതികള്‍ തെറ്റായിരുന്നുവെന്ന് കുറ്റസമ്മതം നടത്തിയപ്പോള്‍ ആ നിലപാടുമാറ്റത്തെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ഉമര്‍ അബ്ദുര്‍റഹ്മാന്‍ ചെയ്തത്. അതിനാല്‍തന്നെ ഈജിപ്ഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മുഹമ്മദ് മുര്‍സി തഹ്‌രീര്‍ സ്‌ക്വയറില്‍ വെച്ച് ഉമറിനെ മോചിപ്പിക്കാന്‍ താന്‍ ശ്രമം നടത്തുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ അത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ നിരവധി രോഗങ്ങളാല്‍ വീല്‍ചെയറില്‍നിന്ന് എഴുന്നേല്‍ക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍ ഏകാന്ത തടവില്‍ കഴിയുന്ന ഒരു അന്ധനെ മാനുഷിക പരിഗണനയിലാണ് താന്‍ മോചിപ്പിക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞതെന്ന് മുര്‍സി വിശദീകരിച്ചു. മറ്റു നിയമപ്രക്രിയകളില്‍ താന്‍ ഇടപെടുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ റംസി ക്ലാര്‍ക്കും ഈ ആവശ്യം ഉന്നയിച്ചിരുന്നു. രോഗം കലശലായപ്പോള്‍ ഉമറിനെ ചികിത്സിക്കാനായി ഈജിപ്തിലേക്ക് തിരിച്ചയക്കണമെന്ന കുടുംബാംഗങ്ങളുടെ ആവശ്യവും നിരാകരിക്കപ്പെട്ടു. വിശുദ്ധ ഖുര്‍ആനിലെ അത്തൗബ അധ്യായത്തെക്കുറിച്ച പഠനത്തിന് ഉമര്‍ അബ്ദുര്‍റഹ്മാന്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 'കലിമതു ഹഖ്' പോലുള്ള പുസ്തകങ്ങളും രചിച്ചു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (15 - 22)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസ വഞ്ചനയുെട പരിണതി
എം.എസ്.എ റസാഖ്‌