Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 10

2992

1438 ജമാദുല്‍ ആഖിര്‍ 11

ഇന്ത്യ, ചില നേര്‍ക്കാഴ്ചകളിലൂടെ

ഷഹീന്‍ സയ്യിദ്

ഇന്ത്യ, വിവിധ ഭാഷകളും സംസ്‌കാരങ്ങളും കൊണ്ട് സമ്പന്നമായതെന്നു നാം അവകാശപ്പെടുന്ന മണ്ണ്. മതങ്ങളും ഇസങ്ങളും പലതരം. കോടിക്കണക്കിന് ജനങ്ങള്‍ ജനാധിപത്യത്തിനു കീഴില്‍ ഭരണത്തെ അംഗീകരിച്ചും പ്രതികരിച്ചും കഴിഞ്ഞുകൂടുന്ന ഇടം. പുറമെനിന്ന് നോക്കുമ്പോള്‍ കാണുന്നത് ഇതൊക്കെ. എന്നാല്‍, ഇന്ത്യയെ തൊട്ടറിയുക എന്ന ലക്ഷ്യവുമായി നാം ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ അറിയാന്‍ സാധിക്കുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്. 

ഇന്ത്യയില്‍ മുപ്പത് കോടി ജനങ്ങള്‍ നിരക്ഷരരാണെന്ന്  പല സര്‍വേകളിലൂടെയും നാം അറിഞ്ഞതാണ്. അതില്‍തന്നെ ഭൂരിഭാഗവും മുപ്പതിനും അമ്പത് വയസ്സിനും ഇടയിലുള്ളവര്‍.   അവകാശങ്ങള്‍ എങ്ങനെ നേടിയെടുക്കുമെന്ന് അറിയാത്തവര്‍.  അവകാശത്തിനായി അപേക്ഷാഫോറം പൂരിപ്പിക്കാന്‍ വരെ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നവര്‍. തനിക്കു കിട്ടേണ്ടത് മറ്റുള്ളവര്‍ അപഹരിക്കുന്നതു പോലും അറിയാന്‍ കഴിയാത്തവര്‍. ധാരണാപത്രങ്ങളില്‍ 30,000 എഴുതുകയും 5000 മുതല്‍ 8000 വരെ മാത്രം കിട്ടുകയും ചെയ്യുന്ന കുത്തക കോര്‍പ്പറേറ്റുകളുടെ ചതി മനസ്സിലാക്കാന്‍ കഴിയാത്തവര്‍. ഈ കെണിയില്‍ അകപ്പെടുന്നവര്‍ വിയര്‍പ്പു കണങ്ങള്‍ മണ്ണില്‍ വീഴ്ത്തി അന്നത്തിനു വക തേടുന്ന, വിദ്യാഭ്യാസത്തിന്റെ രുചിയറിയാത്ത, വിശപ്പിന്റെ രുചിയറിഞ്ഞ തൊഴിലാളികളാണെന്നതാണ്  സത്യം. മുപ്പത് കോടി നിരക്ഷരില്‍ ചെറിയൊരു മാറ്റത്തിനു പോലും നീണ്ട വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും എന്നതാണ്  സത്യം.

ഇന്ത്യ കുതിക്കുകയാണെന്ന വാഗ്‌ധോരണിയില്‍ എത്രത്തോളം കഴമ്പുണ്ടെന്ന ചിന്തയാണ് ഞങ്ങളെ ഈ യാത്രയിലെത്തിച്ചത്. അതു പക്ഷേ ചില ദയനീയ യാഥാര്‍ഥ്യങ്ങളിലേക്കാണ് കൊണ്ടുപോയത്. 

കോഴിക്കോട് A.W.H എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ സാമൂഹിക സേവനരംഗങ്ങളില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാറുണ്ട്. നാഷ്‌നല്‍ സര്‍വീസ് സ്‌കീമിന്റെ കീഴില്‍ നിരവധി നന്മയുള്ള കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും വിദ്യാഭ്യാസമുന്നേറ്റത്തിനു പ്രാമുഖ്യം കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ മൊറയൂര്‍ പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളിലായി അഞ്ഞൂറോളം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വാലഞ്ചേരി ജി.എല്‍.പി സ്‌കൂളുമായി സഹകരിച്ച് ഇ-സാക്ഷരതാ പദ്ധതി നടത്തുകയും ചെയ്തു. 2014 ഡിസംബറില്‍ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളായ ഞങ്ങള്‍ നടത്തിയ ഈ ഉദ്യമം തികച്ചും വിജയകരമായിരുന്നു. കമ്പ്യൂട്ടര്‍ എന്താണെന്ന് അറിയാത്തവര്‍ക്ക് അതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊടുത്തു. ഓണ്‍ ചെയ്യല്‍, ഓഫ് ചെയ്യല്‍, പെയിന്റ്, വേര്‍ഡ്, ഇന്റര്‍നെറ്റ് ബ്രൗസിംഗ്,  ഗൂഗ്ലിംഗ്, ഇ-മെയില്‍ അക്കൗണ്ട് എന്നിവ പരിചയപ്പെടുത്തി.   ഇന്റര്‍നെറ്റിന്റെ അനന്ത സാധ്യതയോടൊപ്പം പതുങ്ങിയിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചും വിശദീകരിച്ചു കൊടുത്തു. സര്‍ട്ടിഫിക്കറ്റുമായി ഓരോരുത്തരും ക്ലാസ്  കഴിഞ്ഞിറങ്ങുമ്പോള്‍ അവരുടെ മുഖത്ത് വിരിഞ്ഞ ആഹ്ലാദമായിരുന്നു ഞങ്ങളുടെയും വിജയം. 

ഈ അനുഭവം തന്നെയാണ് ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരണ നല്‍കിയതും. ചൂഷണങ്ങളില്‍ ബലിയാടാവുന്ന പാവപ്പെട്ട  പൗരന്മാരുടെ ജീവിതദുരിതങ്ങളിലേക്കാണ് നമ്മുടെ കണ്ണ് തുറക്കേണ്ടത്. എന്തുകൊണ്ടാണ് ഇവര്‍ പ്രതികരിക്കാത്തതെന്ന ചോദ്യത്തിന്, ഉത്തരം അവര്‍ക്ക് വിദ്യാഭ്യാസമില്ല എന്നത് തന്നെയാണ്. 

സെന്‍സസ് പ്രകാരം പതിനഞ്ചിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള 30 കോടി ജനം വിദ്യാഭ്യാസം നേടിയവരാണ്. പത്താം ക്ലാസ് മുതല്‍ പി.ജിവരെയുള്ള ഓരോ വിദ്യാര്‍ഥിയും ഒരു നിരക്ഷരനെ വീതം എഴുത്തും വായനയും പഠിപ്പിച്ചുകൊടുക്കാന്‍ തയാറായാല്‍ വെറും ഒരു മാസം കൊണ്ട് ഇന്ത്യയെ 90% സാക്ഷരതയുള്ള രാജ്യമാക്കി മാറ്റാനാവും. പഠനം പ്രാദേശിക ഭാഷയിലാവുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാവും. 

ഈയൊരു സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ മൂന്നു എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ എല്ലാ തയാറെടുപ്പുകളുമായി യാത്ര തിരിച്ചത്.  നാലു മാസത്തെ പഠനത്തിനുശേഷം തയാറാക്കിയ പതിനായിരത്തോളം നോട്ടീസുകളും ബുക്ക്‌ലെറ്റുകളും ഞങ്ങളുടെ കൈയിലുണ്ടണ്ടായിരുന്നു. 

2015  സെപ്റ്റംബറിലായിരുന്നു ഞങ്ങളുടെ യാത്ര. അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി അനില്‍ കുമാര്‍ യാത്രക്ക് കൊടിവീശി. ഞാനടങ്ങിയ മൂവര്‍ സംഘം (സാജിദ്, ജസീല്‍, ഷഹീന്‍) ഒരു ദൗത്യത്തിന് തുടക്കം കുറിച്ചു. 100% സാക്ഷരതയുള്ള ഒരു സംസ്ഥാനത്തുനിന്ന് നിരക്ഷരരായ 30 കോടി ജനങ്ങളിലേക്ക് ഒരു തരിയെങ്കിലും വെളിച്ചം എത്തിക്കാനുള്ള യാത്ര. അതിനുമപ്പുറം യഥാര്‍ഥ ഇന്ത്യയെ വായിച്ചെടുക്കാനുള്ള സഞ്ചാരം.

കേരളം കഴിഞ്ഞ ഉടനെ തന്നെ കോളേജുകളില്‍ കയറിത്തുടങ്ങി. സ്ഥാപന മേധാവികളെയും എന്‍.എസ്.എസ് ഓഫീസര്‍മാരെയും മറ്റു പാഠ്യേതര ക്ലബ് ഭാരവാഹികളെയും കണ്ട് കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിക്കുകയും, മുന്‍കൈ എടുപ്പിക്കുകയും ചെയ്യുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ആവേശത്തോടെ ഈ പദ്ധതി ഏറ്റെടുത്തവരും നിരാശപ്പെടുത്തിയവരും ഉണ്ടായിരുന്നു. എഞ്ചിനീയറിംഗ് കോളേജുകളില്‍ പ്രാദേശിക ഭാഷയില്‍തന്നെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്ന് പറഞ്ഞപ്പോള്‍ പലര്‍ക്കും അത്ഭുതം. കേരളത്തില്‍നിന്ന് വരികയാണെന്നറിഞ്ഞപ്പോള്‍ പ്രത്യേക പരിഗണന ലഭിക്കുകയുണ്ടായി. പഞ്ചാബില്‍ ഞങ്ങളുടെ കൂടെ കുറഞ്ഞ നേരം ചെലവഴിച്ച പോലീസുകാരന്‍ കേരളം വിദ്യാഭ്യാസത്തില്‍ വളരെ മുന്നിലാണെന്ന കാര്യം മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്. 

ചില കാഴ്ചകള്‍ വളരെ വേദനിപ്പിക്കുന്നതായിരുന്നു. കുടുംബം പോറ്റാന്‍ വേണ്ടി ഹോട്ടലില്‍ പണിയെടുക്കുന്ന ഒമ്പതു വയസ്സുകാരന്‍ അഛന്റെ മരണം മൂലമാണത്രെ ജോലിക്ക് ചേര്‍ന്നത്. വിദ്യാലയത്തിന്റെ ചവിട്ടുപടിയില്‍ കുസൃതിത്തരം കാട്ടി തിമിര്‍ക്കേണ്ട പ്രായത്തെ ഹോട്ടലിന്റെ വിഴുപ്പുപാത്രങ്ങളില്‍ തളച്ചിട്ടിരിക്കുന്നു. എവിടെയാണു ഇന്ത്യ എത്തിനില്‍ക്കുന്നത്? മറുവശത്ത് റോഡരികില്‍ ഒരു വയസ്സ് പോലുമാവാത്ത കുഞ്ഞനുജനെ ഉറക്കുന്ന പെണ്‍കുട്ടി. ആരാണു സുരക്ഷിതര്‍? എന്തുകൊണ്ട് സംരക്ഷണം നിഷേധിക്കപ്പെടുന്നു? ഈ സാഹചര്യങ്ങള്‍ക്ക് ഉത്തരവാദി ആരാണ്? ചോദ്യങ്ങളാല്‍ കലുഷിതമായ അന്തരീക്ഷത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നത്.

നഗരവത്കരണത്തിലെ ഭീമമായ അന്തരങ്ങള്‍ തിരിച്ചറിയാമായിരുന്നു. ബഹുനില കെട്ടിടങ്ങള്‍ ഒരു ഭാഗത്ത് തലയുയര്‍ത്തിനില്‍ക്കുമ്പോള്‍, വികസനത്തിന്റെ തരിമ്പും എത്താത്ത പുരാതന നഗരങ്ങളും കാണാനിടയായി. ഇടിഞ്ഞുവീഴാറായ ഷീറ്റുകള്‍ക്കുള്ളിലും, വരണ്ടുണങ്ങി കിടക്കുന്ന കൃഷിയിടങ്ങളില്‍ വെച്ചുകെട്ടിയ കൂരകള്‍ക്കുള്ളിലും ഒരു ചെറുവെട്ടത്തില്‍ ജീവിതം ഹോമിക്കുന്ന എത്രയെത്ര മനുഷ്യര്‍. പേരിന് സ്‌കൂള്‍പോലുമില്ലാത്ത ഉള്‍ഗ്രാമങ്ങള്‍ എത്ര!  ഘോഷിക്കപ്പെടുന്ന ഇന്ത്യയുടെ തിളക്കം പുറംമോടിയില്‍ മാത്രമെന്നതല്ലേ സത്യം? വികസനം അപഹരിക്കപ്പെടുകയാണ്. കാരണം വികസനത്തിന്റെ പ്രതിരൂപമായ റോഡുകളെല്ലാം നാലുവരി പാതകള്‍. എല്ലാം ചുങ്കം പിരിക്കുന്ന മുതലാളിമാരുടെ കൈയിലുമാണ്. ഗ്രാമീണ റോഡുകളുടെ സ്ഥിതി വളരെ പരിതാപകരം. കേരളം കഴിഞ്ഞാല്‍ ടോള്‍ ഇല്ലാത്ത റോഡുകള്‍ ഹിമാചല്‍ പ്രദേശിലും കശ്മീരിലും മാത്രമാണ്. മലനിരകളില്‍നിന്നുണ്ടാവുന്ന മണ്ണിടിച്ചില്‍ ഈയിടങ്ങളില്‍ പലപ്പോഴും യാത്ര ദുഷ്‌കരമാക്കാറുണ്ട്. ചുരങ്ങളും നീണ്ടുപോവുന്ന തുരങ്കങ്ങളും വല്ലാത്ത അനുഭൂതിയായിരുന്നു. ഇടക്കിടെ ഹരിതാഭമായ നെല്‍പാടങ്ങള്‍ കണ്ണിനു കുളിര്‍മയേകി.

മതേതരത്വം എന്ന വാക്കിനെ തച്ചുടക്കുന്ന ചില അനുഭവങ്ങളും ഉണ്ടായി. പേരു ചോദിച്ചിട്ടും പിടികിട്ടിയില്ലെങ്കില്‍ മുസല്‍മാനാണോ ഹിന്ദുവാണോ എന്നുപോലും ചോദിക്കുന്നവര്‍. തീരാത്ത പകയുടെ കനല്‍ ഒളിപ്പിച്ച കണ്ണുകള്‍ അവരില്‍ ഞങ്ങള്‍ കണ്ടു. സമാധാനം എന്താണെന്ന് അറിയാത്തവര്‍, മനുഷ്യത്വം എന്താണെന്ന് തിരിച്ചറിയാത്തവര്‍.  

കശ്മീരിലെ കൊടും തണുപ്പില്‍ ഹിമപാതകളില്‍ സഞ്ചരിക്കുമ്പോള്‍ കൊടുത്തുതീര്‍ത്ത നോട്ടീസുകളും പറഞ്ഞുതീര്‍ത്ത വാക്കുകളും ചിലരിലെങ്കിലും മാറ്റത്തിന്റെ കണിക സൃഷ്ടിച്ചിരുന്നെങ്കിലെന്ന് ഞങ്ങള്‍ ആശിച്ചു. ചില കശ്മീരികള്‍ നിരാശരും രോഷാകുലരുമായിരുന്നു. അവരുടെ ജീവിതങ്ങള്‍ കാണുമ്പോള്‍ നടുക്കുന്ന ചില സത്യങ്ങളിലേക്ക് നാം പോവേണ്ടിവരും. ചില പട്ടാളക്കാര്‍ ചെയ്യുന്ന ക്രൂരതകള്‍, മുഴുവന്‍ പട്ടാളക്കാരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും അതുമൂലം ഇന്ത്യയുടെ തിളക്കത്തിനു മങ്ങലേല്‍ക്കുകയും ചെയ്യുകയാണ്. ഒരിക്കല്‍ ചെന്നൈയില്‍ ട്രെയ്‌നില്‍നിന്ന് പരിചയപ്പെട്ട ഒരു ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് ജൂനിയര്‍ പോസ്റ്റിലുള്ള വനിതാ പോലീസുകാരുടെ അവസ്ഥകളെക്കുറിച്ചാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ക്ക് നിന്നുകൊടുത്തില്ലെങ്കില്‍ പണിഷ്‌മെന്റ് ട്രാന്‍സ്ഫറും ദുര്‍ഘടം പിടിച്ച ജോലികളും ഏല്‍പിക്കും. അതുകൊണ്ടുതന്നെ ഇരയായിത്തീരുന്നവരാണ് ഇവരില്‍ പലരും.

ഇന്ത്യയും പാകിസ്താനും ചൈനയും തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചാല്‍ തന്നെ കശ്മീരിലെ ഒട്ടുമിക്ക പ്രശ്‌നങ്ങളും തീരും. പക്ഷേ മൂന്ന് രാജ്യങ്ങളും കരാറില്‍ ഒപ്പിടുകയും സൈന്യത്തെ പിന്‍വലിക്കുകയും ചെയ്തതിനു ശേഷം ചൈനയോ പാകിസ്താനോ പെട്ടെന്നുള്ള ആക്രമണത്തില്‍ കശ്മീരിനെ കീഴടക്കുമോ എന്ന ഭയമാവാം ഇന്ത്യ ഒരു സന്ധിക്ക് തയാറാവാത്തത്. ഭൂപടത്തിന്റെ തലയെടുപ്പിലും കശ്മീര്‍ ഇന്ത്യക്ക് മാറ്റുകൂട്ടുന്നു. പത്താന്‍കോട്ടിലും ശ്രീനഗറിലും ലഡാക്കിലുമൊക്കെയുള്ള പട്ടാളക്യാമ്പുകളിലുള്ളവര്‍ ഒരുപാട് ത്യാഗം സഹിച്ചാണ് രാജ്യം കാക്കുന്നത് എന്നത് ഞങ്ങള്‍ നേരിട്ടറിഞ്ഞതാണ്. രാജ്യം മുഴുവന്‍ സുഖസുഷുപ്തിയിലാഴുമ്പോള്‍ കൊടുംതണുപ്പിലും അവര്‍ ഉറക്കമില്ലാതെ കാഞ്ചിയില്‍ വിരല്‍ചേര്‍ത്ത് ഇന്ത്യന്‍ മണ്ണിനെ സംരക്ഷിക്കുന്നു. ലേയില്‍വെച്ച് പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തപ്പോള്‍ കാവലാളായി പട്ടാളവും പോലീസും ഫയര്‍ഫോഴ്‌സും ഉണ്ടായിരുന്നു. അവിടെ വെച്ച് പരിചയപ്പെട്ട മലയാളിയുടെ കൂടെ പട്ടാളക്യാമ്പില്‍ കയറാനും സാധിച്ചു. താല്‍ക്കാലികമായി നിര്‍മിച്ച വീടുകളിലാണ് ജവാന്മാരുടെ താമസം, ശരിക്കും വേറിട്ട ഒരനുഭവം തന്നെയായിരുന്നു അത്. പട്ടാളക്കാരോടുള്ള ബഹുമാനം അനുനിമിഷം വര്‍ധിക്കുകയായിരുന്നു. അയല്‍ രാജ്യങ്ങളെ നിഷ്പ്രഭമാക്കുന്ന തരത്തിലുള്ള ആയുധങ്ങള്‍ ഇന്ത്യയുടെ കൈയിലുണ്ടായിട്ടും കൊടുംതണുപ്പിലും ചൂടിലും പട്ടാളക്കാര്‍ കാവല്‍നില്‍ക്കുന്നത് ആക്രമിക്കപ്പെടാനുള്ള ഓരോ പഴുതും അടയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്. 

 കശ്മീര്‍ യൂനിവേഴ്‌സിറ്റിയില്‍ ക്യാമ്പ് ചെയ്ത് പ്രോഗ്രാം നടത്താനുള്ള എല്ലാ സാഹചര്യവും ഒരുക്കിത്തരാന്‍ നാഷ്‌നല്‍ സര്‍വീസ് സ്‌കീം കോര്‍ഡിനേറ്റര്‍ തയാറായി. ഒരുവേള കുട്ടികളുടെ ഇടയില്‍ നോട്ടീസ് വിതരണം നടത്തി തിരിച്ചുപോവാന്‍ ആംഗ്യം കാണിച്ച കോളേജ് അധികാരികളെയും കാണാനിടയായി. പ്രാദേശിക ഭാഷയില്‍ മാത്രം അറിവുള്ളവരായിരുന്നു പലരും. തെലങ്കാനയിലെ ഒരു ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോളേജിലെ അവസ്ഥ അതിലും മോശമായിരുന്നു.  അവിടെയും ആര്‍ക്കും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ല എന്നതുതന്നെ. ട്രെയ്‌നിംഗ് കോളേജില്‍ ഇങ്ങനെയാണെങ്കില്‍ ബാക്കി പറയേണ്ടതില്ലല്ലോ. 

ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളില്‍ വിദ്യാഭ്യാസപരമായ മുന്നേറ്റം വളരെ അനിവാര്യമായിരിക്കുന്നു. തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന തിരിച്ചറിവെങ്കിലും ജനങ്ങളില്‍ ഉണ്ടാക്കാന്‍ കഴിയണം. ഇത് ഓരോ പൗരന്റെയും അതിലേക്കാളുപരി ഭരണപക്ഷത്തിന്റെയും കടമയാണല്ലോ. ഞങ്ങള്‍ക്കുറപ്പുണ്ട് ഈ യാത്രയില്‍ അടഞ്ഞുകിടന്ന ചില മനസ്സുകളെയെങ്കിലും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന്. ഇത്തരം സംരംഭങ്ങള്‍ നമുക്ക് തരുന്ന തിരിച്ചറിവ് ഒരു മാറ്റത്തിനുവേണ്ടി യത്‌നിക്കാന്‍ നമുക്ക് പ്രേരണയാകുന്നു. ഇതിനായി ഒരു പദ്ധതി ആവിഷ്‌കരിക്കേണ്ടതായുണ്ട്. ആധാര്‍, പി.എന്‍.ആര്‍ എന്നൊക്കെ പറഞ്ഞ് എല്ലാ വര്‍ഷവും സെന്‍സസ് എടുക്കാറു്. അടുത്ത സെന്‍സസില്‍ വിദ്യാഭ്യാസ യോഗ്യതയും സാക്ഷരതയും കൂടി രേഖപ്പെടുത്തണം. ഓരോ സംസ്ഥാന സര്‍ക്കാറും ഈ വിവരം വെച്ച് പത്താം ക്ലാസ് മുതല്‍ പി.ജി വരെയുള്ള ഓരോ വിദ്യാര്‍ഥിക്കും നിശ്ചിത എണ്ണം നിരക്ഷരരെ അലോട്ട് ചെയ്ത് അവരെ സാക്ഷരരാക്കല്‍ നിര്‍ബന്ധമാക്കണം. വെറും ഒരു വര്‍ഷം മാത്രം ഈ പദ്ധതി സിലബസിന്റെ ഭാഗമാക്കിയാല്‍ മതിയാകും. വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കുക കൂടി ചെയ്താല്‍ ചെറിയ മാറ്റമെങ്കിലും ഉണ്ടാക്കാന്‍ സാധിച്ചേക്കാം. 33 ദിവസത്തെ 10000 കിലോമീറ്റര്‍ യാത്ര ചെഗുവേരയെ പോലെ ഞങ്ങളെ വിപ്ലവകാരികളാക്കിയില്ലെങ്കിലും ചിന്താഗതിയില്‍ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. 

നിരക്ഷരത തന്നെയാണ് നമ്മുടെ നാടിന്റെ ഗുരുതരമായ പ്രശ്‌നങ്ങളിലൊന്ന്. നിരക്ഷരതാ നിര്‍മാര്‍ജനത്തിന് നാം ഒരുമിക്കണം. പദ്ധതികള്‍ നടപ്പിലാവണം. അവകാശങ്ങള്‍ നേടിയെടുക്കാനുള്ള, അതിനേക്കാളുപരി ചൂഷണത്തെ തിരിച്ചറിയാനുള്ള പരിശ്രമങ്ങള്‍ക്കാവട്ടെ നാം മുന്‍ഗണന കൊടുക്കേണ്ടത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (10 - 14)
എ.വൈ.ആര്‍

ഹദീസ്‌

അവകാശധ്വംസനവും അവഹേളനവും
സി.എം റഫീഖ് കോക്കൂര്‍