Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 10

2992

1438 ജമാദുല്‍ ആഖിര്‍ 11

മുസ്‌ലിം വിമന്‍സ് കൊളോക്കിയം-പെണ്‍വായനകളുടെ പൊളിച്ചെഴുത്ത്

നാസിറ തയ്യില്‍

മുസ്‌ലിം പെണ്ണ് സമൂഹത്തില്‍ സജീവ ചര്‍ച്ചയാണിന്ന്. സമുദായവും പുരോഹിതരും അടിച്ചമര്‍ത്തുകയും പീഡിപ്പിക്കുകയും ചെയ്യുകയാണ് മുസ്‌ലിം വനിതകളെ  എന്നാണ് മതേതര പൊതുമണ്ഡലത്തിന്റെ വിലയിരുത്തല്‍. ആഗോളതലം മുതല്‍ കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ വരെ ഈ ലളിതയുക്തി ഉയര്‍ന്നു കേള്‍ക്കാറുണ്ട്. പല മുസ്‌ലിം രാജ്യങ്ങളിലും കടന്നുകയറാനും അവിടെ യുദ്ധങ്ങള്‍ നടത്താനും പാശ്ചാത്യരാജ്യങ്ങള്‍ അവിടെയുള്ള പെണ്ണിന്റെ വിമോചനം കൂടി ന്യായമായി ചമച്ചിരുന്നു. ഇന്ത്യയില്‍ നടക്കുന്ന നിയമ ചര്‍ച്ചകളില്‍ സംഘ്, ഇടത് വ്യത്യാസമില്ലാതെ ബുദ്ധിജീവികളും അക്കാദമീഷ്യന്മാരും മുസ്‌ലിം സ്ത്രീയുടെ വിമോചനത്തിനായി വാശിപിടിക്കുന്നു. കേരളത്തിലും മുസ്‌ലിംപുരുഷനില്‍നിന്ന് മുസ്‌ലിംസ്ത്രീയെ രക്ഷിച്ചെടുക്കാനുള്ള വ്യഗ്രതയിലാണ് മതേതര മുഖ്യധാര. ഇത്തരം എല്ലാ മുന്‍വിധികളെയും ഉദാര സ്വതന്ത്രവാദങ്ങളെയും സര്‍ഗാത്മകമായി ചോദ്യം ചെയ്ത് മൂന്ന് പതിറ്റാണ്ടിലേറെയായി ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) കേരളത്തില്‍ സജീവമായി രംഗത്തുണ്ട്. 

സ്ത്രീ ശരീരത്തിന്റെയും സ്വത്വത്തിന്റെയും കമ്പോളവല്‍ക്കരണത്തിനെതിരെ തുടക്കം മുതല്‍ ജി.ഐ.ഒ രംഗത്തുവന്നു. ഇസ്‌ലാമില്‍ സ്ത്രീക്കുള്ള സ്ഥാനത്തെയും മഹത്വത്തെയും ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചു. മുസ്‌ലിമെന്ന അസ്തിത്വമാണ് പ്രശ്‌നമാക്കുന്നതെന്നും ഇസ്‌ലാമിനെതിരെയുള്ള പ്രചാരണങ്ങള്‍ക്കാണ് സ്ത്രീവിമോചനമെന്ന മതേതര വ്യവഹാരം ഉപയോഗിക്കപ്പെടുന്നതെന്നും ജി.ഐ.ഒ തിരിച്ചറിഞ്ഞു. ഇതിനെ അക്കാദമികമായും രാഷ്ട്രീയമായും പ്രതിരോധിക്കുന്നതോടൊപ്പം ഇസ്‌ലാമില്‍ സ്ത്രീ നടത്തുന്ന വിവിധാവിഷ്‌കാരങ്ങളെ സമൂഹത്തിലെത്തിക്കാനുള്ള പരിപാടികളും ഇസ്‌ലാമിക വിദ്യാര്‍ഥിനി പ്രസ്ഥാനം സംഘടിപ്പിച്ചു. കാന്‍വാസ് സ്‌കാര്‍ഫ്, എക്‌സ്‌പോസ് ഈവ്, തര്‍ത്തീല്‍ എന്നിവ ഇത്തരം ആവിഷ്‌കാരങ്ങളില്‍ ചിലതായിരുന്നു. മുസ്‌ലിം പെണ്ണ് ആത്മീയതയെയും വിശ്വാസത്തെയും ഖുര്‍ആനുമായുള്ള ബന്ധം ചേര്‍ത്തുവെച്ച് ആവിഷ്‌കരിക്കുകയാണ് ഇതിലൂടെ ചെയ്തത്. ഇത്തരം പ്രതിരോധങ്ങള്‍ക്കും ചിന്തകള്‍ക്കും ആവിഷ്‌കാരങ്ങള്‍ക്കും കൃത്യമായ ദിശനല്‍കുന്ന അക്കാദമിക ഇടപെടലായിരുന്നു 2017 ഫെബ്രുവരി 25,26 തീയതികളില്‍ കോഴിക്കോട് ജെ.ഡി.റ്റി കാമ്പസില്‍ ജി.ഐ.ഒ സംഘടിപ്പിച്ച മുസ്‌ലിം വിമന്‍സ് കൊളോക്കിയം. 

ഇന്ത്യയിലെ സ്ത്രീ അവകാശപ്പോരാട്ടങ്ങളിലെ മുന്നണിപ്പോരാളികളില്‍ ഒരാളായ അഡ്വ. ഫഌവിയ ആഗ്നസ് കൊളോക്കിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീയെ കുറിച്ചുള്ള സങ്കല്‍പങ്ങളില്‍ കാലികമായ മാറ്റത്തിന് സമൂഹം തയാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്തണം. ഇസ്‌ലാമോഫോബിയയുടെ പേരില്‍ മുസ്‌ലിം സ്ത്രീയുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ എഞ്ചിനീയര്‍ മുഹമ്മദ് സലീം ആയിരുന്നു ഉദ്ഘാടന സെഷനിലെ മുഖ്യാതിഥി. മുസ്‌ലിം സ്ത്രീയെ സംരക്ഷിക്കാനെന്ന പേരില്‍ ഇസ്‌ലാമിനെ പ്രതിക്കൂട്ടിലാക്കാനാണ് നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ശരീഅത്താണ് സ്ത്രീക്ക് യഥാര്‍ഥ സ്വാതന്ത്ര്യം നല്‍കുന്നത്. ശരീഅത്തിന്റെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കാന്‍ മുസ്‌ലിം സമുദായം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. അഡ്വ. നൂര്‍ബീന റശീദ്, കെ.കെ ഫാത്വിമ സുഹ്‌റ, ഫാത്വിമ തഹ്‌ലിയ എന്നിവര്‍ സംസാരിച്ചു. 

'ജ്ഞാനമീമാംസയും പാരമ്പര്യവും ജ്ഞാനാധികാരവും ഇസ്‌ലാമില്‍' എന്ന തലക്കെട്ടിലായിരുന്നു ആദ്യ സെഷന്‍. ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യത്തെയും അതിന്റെ ചരിത്രത്തെയും വിലയിരുത്തുന്നതും സ്ഖലിതങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതുമായിരുന്നു ഡോ. വര്‍ഷാ ബശീര്‍ നേതൃത്വം നല്‍കിയ സെഷന്‍. എ. റഹ്മത്തുന്നിസ, ഒ.എ ഫര്‍ഹ, വി.എ.എം അശ്‌റഫ്, കെ. ശഹ്‌ല, ടി.പി മുഹമ്മദ് ശമീം, ഡോ. ജാബിര്‍ അമാനി എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. 

'മുസ്‌ലിം സ്ത്രീയും ഏകസിവില്‍കോഡിന്റെ രാഷ്ട്രീയവും' എന്ന വിഷയത്തില്‍ ഫഌവിയ ആഗ്നസ് സദസ്സുമായി സംവദിച്ചു. വി.എ കബീര്‍ നേതൃത്വം നല്‍കിയ സെഷനില്‍ വി. ബാസിമ ശഹാന, ഫാത്വിമ മദാരി, കെ.ടി ഹുസൈന്‍, കെ.വി ശഹ്‌നാസ്, ബിലാല്‍ ബിന്‍ അബ്ദുല്ല, എ.കെ നിയാസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 

ലിംഗസമത്വ സംവാദങ്ങളുടെ അപകോളനീകരണവും അതിനോട് മുസ്‌ലിം സ്ത്രീയുടെ നിലപാടും, ഇന്ത്യയിലെ സ്ത്രീപക്ഷ വ്യവഹാരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ഡോ. വര്‍ഷാ ബശീര്‍, ഡോ. ജെന്നി റൊവീന, ഡോ. ബി.എസ് ഷെറിന്‍, ഡോ. ആര്‍. യൂസുഫ് എന്നിവര്‍ വിഷയാവതരണം നടത്തി. കെ.പി സല്‍വ ആമുഖഭാഷണം നടത്തി. 

'മുസ്‌ലിം സ്ത്രീ: സ്വത്വവും പ്രാതിനിധ്യവും' സെഷന് ജെനി റൊവീന നേതൃത്വം നല്‍കി. ഖദീജ മങ്ങാട്ട്, ഹുസ്‌ന മുംതാസ്, ഫെബ റശീദ്, ഡോ. വി. ഹിക്മതുല്ല, അഡ്വ. എ.കെ ഫാസില, ജുവൈരിയ ഇറാം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 

രണ്ടാം ദിവസം, 'മുസ്‌ലിം സ്ത്രീ: ജീവിതവും ജീവചരിത്രവും' സെഷന് ബി.എസ് ഷെറിന്‍ നേതൃത്വം നല്‍കി. ഒ.വി സാജിദ, അന്‍സിയ റഹ്മാന്‍, അമല്‍ അബ്ദുര്‍റഹ്മാന്‍, ഫൗസിയ ശംസ്, ഫര്‍ഹാന ആശിഖ് എന്നിവര്‍ വിഷയാവതരണം നടത്തി. ലിംഗരാഷ്ട്രീയത്തിന്റെ ഡികൊളോണിയല്‍ സമീപനങ്ങള്‍ വിലയിരുത്തുന്ന സെഷന് എ.എസ് അജിത് കുമാര്‍ നേതൃത്വം നല്‍കി. പി.പി ഉമ്മുല്‍ ഫായിസ, എം. മര്‍വ, എം. നൂറുനിദ, സിമി കെ. സാലിം എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു. 

ഇന്ത്യയിലെ വിവിധ കാമ്പസുകളിലെ പ്രതിനിധികള്‍ അണിനിരന്ന കാമ്പസ് പൊളിറ്റിക്‌സ് ഐക്യദാര്‍ഢ്യ സെഷനില്‍ ലദീദ സഖ്‌ലൂന്‍, ബുപാലി മഗാരെ, നിഖില ഹെന്റി, സല്‍വാ അബ്ദുല്‍ഖാദര്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ വിവിധ കാമ്പസുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ കാമ്പസ് അനുഭവങ്ങള്‍ പങ്കുവെച്ചു. അക്കാദമിക സെഷനുകള്‍ക്ക് സമാപനം കുറിച്ച് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന സംസാരിച്ചു. ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി ഫസ്‌നാ മിയാനായിരുന്നു കൊളോക്കിയം ഡയറക്ടര്‍. സംസ്ഥാന സമിതിയംഗങ്ങളായ നദ കെ. സുബൈര്‍ അസി. ഡയറക്ടര്‍, നാസിറ തയ്യില്‍ ജനറല്‍ കണ്‍വീനര്‍, നഫീസ തനുജ കണ്‍വീനര്‍.

ഇസ്‌ലാമിക പ്രസ്ഥാനം പൊതുമണ്ഡലത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന കരുത്തുറ്റ വൈജ്ഞാനിക ഇടപെടലുകളുടെ തുടര്‍ച്ചയായാണ് മുസ്‌ലിം വിമന്‍സ് കൊളോക്കിയം സംഘടിപ്പിക്കപ്പെട്ടത്. സമൂഹത്തില്‍ രൂപപ്പെടുന്ന ചലനങ്ങളോട് അപ്പപ്പോള്‍ പ്രതികരിക്കാനും അവയുടെ അക്കാദമികവും സാമൂഹികവുമായ പശ്ചാത്തലങ്ങള്‍ അപഗ്രഥിക്കാനും അതിലൂടെ ഉയര്‍ന്നു വരുന്ന രാഷ്ട്രീയത്തോട് സംവദിക്കാനും എന്നും പ്രസ്ഥാനവും പോഷക സംഘടനകളും ശ്രമിച്ചിട്ടുണ്ട്. ഇസ്‌ലാമിക് അക്കാദമിക് കോണ്‍ഫറന്‍സ്, കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ്, മുഖദ്ദിമ അക്കാദമിക് സമ്മിറ്റ്, ഇസ്‌ലാമോഫോബിയ കോണ്‍ഫറന്‍സ് തുടങ്ങിയവ വിവിധ മേഖലകളിലെ വ്യവഹാരങ്ങളെ അഭിമുഖീകരിച്ചവയാണ്.

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രയാണത്തിന് വലിയ മുതല്‍ക്കൂട്ടും വെളിച്ചവുമാകും കൊളോക്കിയമെന്നാണ് പ്രതീക്ഷ. രണ്ടു ദിവസം ചര്‍ച്ചകള്‍കൊണ്ടും ചോദ്യങ്ങള്‍കൊണ്ടും സെഷനുകളെ സജീവമാക്കിയ നൂറുകണക്കിന് സഹോദരിമാര്‍ അതിന്റെ സൂചനകളായിരുന്നു. മുസ്‌ലിം പെണ്ണിന്റെ പേരു പറഞ്ഞ് ഇസ്‌ലാമിനെ ക്രൂശിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ആര്‍ജവത്തോടെ മറുപടി പറയാന്‍ തങ്ങള്‍ തയാറാണെന്ന പ്രഖ്യാപനമായിരുന്നു ഇസ്‌ലാമിക വിദ്യാര്‍ഥിനി പ്രസ്ഥാനം നടത്തിയത്. അറിവിനോടും അന്വേഷണങ്ങളോടും പുതുതലമുറയും വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളും പുലര്‍ത്തുന്ന ഈ ആഭിമുഖ്യം പ്രസ്ഥാനത്തിന്റെയും സമുദായത്തിന്റെയും മുന്നോട്ടുപോക്കിന് വലിയ പിന്‍ബലമാകും, തീര്‍ച്ച. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (10 - 14)
എ.വൈ.ആര്‍

ഹദീസ്‌

അവകാശധ്വംസനവും അവഹേളനവും
സി.എം റഫീഖ് കോക്കൂര്‍