Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 10

2992

1438 ജമാദുല്‍ ആഖിര്‍ 11

ജ്ഞാന മീമാംസ

എ.കെ അബ്ദുല്‍ മജീദ്

മുസ്‌ലിം തത്ത്വചിന്ത: ഉറവിടം, ഉള്ളടക്കം-2

 

എന്താണ് അറിവ്, എങ്ങനെയാണ് അറിവുണ്ടാവുന്നത്, പഞ്ചേന്ദ്രിയങ്ങള്‍ വഴിയും യുക്തിചിന്തനം വഴിയും നമുക്ക് ലഭിക്കുന്ന അറിവുകള്‍ സത്യമാണോ, അറിവ് സത്യമാണെന്ന് എങ്ങനെ മനസ്സിലാക്കാം ഇങ്ങനെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തത്ത്വശാസ്ത്ര വിഭാഗമാണ് ജ്ഞാന മീമാംസ അഥവാ എപിസ്റ്റമോളജി എന്നറിയപ്പെടുന്നത്. ജ്ഞാനത്തെ സംബന്ധിക്കുന്ന നിരവധി കാഴ്ചപ്പാടുകള്‍ വിവിധ തത്ത്വചിന്താ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

ദൈവമാണ് മനുഷ്യന് അറിവ് നല്‍കിയത് എന്ന് ഖുര്‍ആന്‍ സിദ്ധാന്തിക്കുന്നു. എന്നാല്‍ എല്ലാ അറിവും മനുഷ്യന് നല്‍കപ്പെട്ടിട്ടുമില്ല. വളരെ കുറച്ച് അറിവേ മനുഷ്യന് നല്‍കിയിട്ടുള്ളൂ എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ദൈവം ആദമിന് വസ്തുക്കളുടെ പേരുകള്‍ പഠിപ്പിച്ചു. മാലാഖമാര്‍ക്ക് ആ പേരുകള്‍ അറിയുമായിരുന്നില്ല. അറിവുള്ളവരും അറിവില്ലാത്തവരും സമന്മാരല്ല. അറിവുള്ളവര്‍ അറിവില്ലാത്തവരേക്കാള്‍ മഹത്വമുള്ളവരാണ്. അറിവുള്ളവര്‍ ദൈവത്തോട് കൂടുതല്‍ അടുക്കുന്നു. ബുദ്ധിയുപയോഗിക്കാത്തവരെ ഖുര്‍ആന്‍ നാല്‍ക്കാലികളോട് ഉപമിക്കുന്നു.

പ്രകൃതിയിലെ പ്രതിഭാസങ്ങള്‍ നിരീക്ഷിച്ച് കാര്യങ്ങള്‍ ഗ്രഹിക്കണമെന്ന് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. ഭൂമിയിലൂടെ സഞ്ചരിച്ച് പൂര്‍വികരുടെ സ്ഥിതിഗതികള്‍ എന്തായിരുന്നു എന്ന് പഠിക്കാനുള്ള ഉദ്‌ബോധനവും ഖുര്‍ആനിലുണ്ട്. പ്രകൃതിയിലെ പ്രതിഭാസങ്ങളെല്ലാം ദൈവത്തിന്റെ അടയാളങ്ങളാണ്. ദൈവിക മാര്‍ഗദര്‍ശനമാണ് അറിവിന്റെ ഏറ്റവും വിശിഷ്ടമായ സ്രോതസ്സ്. തെരഞ്ഞെടുക്കപ്പെട്ട പ്രവാചകന്മാര്‍ക്ക് ദൈവം ജിബ്‌രീല്‍ മുഖേന വെളിപാടുകള്‍ നല്‍കി. ദൈവവുമായി പ്രവാചകന്മാരെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് റൂഹുല്‍ ഖുദ്‌സ് (പരിശുദ്ധാത്മാവ്) എന്നു വിശേഷിപ്പിക്കപ്പെടുന്ന ജിബ്‌രീല്‍. ദൈവിക ഗ്രന്ഥങ്ങള്‍ ഈ വെളിപാടുകളുടെ സമാഹാരങ്ങളാണ്. മൂസാ പ്രവാചകന് ലഭിച്ച പത്ത് കല്‍പനകളും ഈസാ പ്രവാചകന് ലഭിച്ച ഇഞ്ചീല്‍ എന്ന ബൈബിളും ദാവീദിനു ലഭിച്ച സങ്കീര്‍ത്തനങ്ങളും മുഹമ്മദ് നബിക്ക് ലഭിച്ച ഖുര്‍ആനും ദൈവിക വെളിപാടുകളാണ്. സ്വപ്‌നങ്ങള്‍ വഴിയും ദൈവം പ്രവാചകന്മാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ആത്മജ്ഞാനികള്‍ക്ക് ദൈവികമായ തോന്നലുകള്‍ അവരുടെ ബോധ ഉണര്‍വിന്റെ ഭാഗമായി സിദ്ധിക്കാം. അറിവ് വര്‍ധിപ്പിച്ചുതരാന്‍ ദൈവത്തോട് പ്രാര്‍ഥിക്കണമെന്നും ഖുര്‍ആന്‍ അനുശാസിക്കുന്നു. അറിവ് സമ്പാദിക്കാന്‍ യാത്ര ചെയ്യുന്നവര്‍ ദൈവത്തിന്റെ സംരക്ഷണയിലായിരിക്കുമെന്ന് പ്രവാചകന്‍ അരുളിയിട്ടു്. അന്വേഷണം, സാധന, മനനം എന്നിവയാണ് ജ്ഞാന സമ്പാദനത്തിനുള്ള മാര്‍ഗങ്ങള്‍.

ദൈവം എല്ലാം അറിയുന്നവനാണ്, ദൈവികമായ അറിവിലൂടെ മാത്രമേ ശരിയായ അറിവ് നേടാനാവുകയുള്ളൂ എന്നീ പരികല്‍പനകളെ കേന്ദ്രീകരിച്ചാണ് മുസ്‌ലിം തത്ത്വചിന്തയില്‍ ജ്ഞാനത്തെ സംബന്ധിക്കുന്ന ചിന്തകള്‍ വികാസം പ്രാപിച്ചത്. ദൈവത്തിന്റെ അറിവും മനുഷ്യന്റെ അറിവും തമ്മില്‍ എപ്രകാരമാണ് പൊരുത്തപ്പെടുന്നത്, അല്ലെങ്കില്‍ വ്യത്യാസപ്പെടുന്നത് എന്ന പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെട്ടു. തത്ത്വചിന്തയിലൂടെയോ ആത്മവിദ്യയിലൂടെയോ മനുഷ്യന് ദൈവജ്ഞാനത്തില്‍ എത്തിച്ചേരാന്‍ കഴിയും എന്ന നിഗമനത്തിലാണ് മുസ്‌ലിം ചിന്തകര്‍ എത്തിച്ചേരുന്നത്. സത്യജ്ഞാനത്തില്‍ എത്തിച്ചേരുകയാണ് അറിവുള്ളവന്റെ ധര്‍മം. വെളിപാടിനെയും യുക്തിയെയും സംയോജിപ്പിച്ചുകൊണ്ട് ഇതു സാധ്യമാവും എന്ന് ഇബ്‌നു റുശ്ദിനെപ്പോലുള്ളവര്‍ അഭിപ്രായപ്പെട്ടു. അറിവിനെ സംബന്ധിച്ച് പൊതുവെ നാല് വ്യത്യസ്ത സമീപനങ്ങളാണ് മുസ്‌ലിം തത്ത്വചിന്തകര്‍ മുന്നോട്ടുവെച്ചത്.

ഒന്ന്: ദൈവിക വെളിപാടുകളാണ് മനുഷ്യന്റെ അറിവുകളുടെ ഏക ഉറവിടം. ദൈവം വെളിപ്പെടുത്തിയത് മാത്രമേ മനുഷ്യന് ഗ്രഹിക്കാന്‍ സാധിക്കുകയുള്ളൂ. മുഴുവന്‍ സത്യങ്ങളും ദൈവം വെളിപ്പെടുത്തിയിട്ടില്ല. മനുഷ്യബുദ്ധിയുടെ പരിമിതി മനുഷ്യന്‍ അംഗീകരിക്കണം. താരതമ്യപഠന(ഖിയാസ്)ത്തിലൂടെ ലഭിച്ച അറിവില്‍നിന്ന് ലഭിക്കാത്ത അറിവ് കണ്ടെത്താവുന്നതാണ്. പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള അറിവ് ഇങ്ങനെയാണ് മനുഷ്യന് ലഭിക്കുന്നത്. കര്‍മശാസ്ത്ര വിശാരദര്‍ (ഫുഖഹാഅ്) അവലംബിക്കുന്നത് ഈ രീതിയാണ്.

രണ്ട്: ഇല്‍മുല്‍ കലാമിന്റെ വക്താക്കള്‍ സ്വീകരിച്ച താര്‍ക്കിക രീതി. വ്യത്യസ്ത ചിന്താഗതിക്കാരുമായുള്ള സംവാദത്തിലാണ് ഊര്‍ജസ്വലമായ ഈ സംവാദ രീതിയുടെ പ്രധാനപ്പെട്ട പ്രയോഗം. എല്ലാ വൈജ്ഞാനിക മേഖലകളിലും ഇത് പ്രയോഗിക്കുന്നു. ദൈവശാസ്ത്രകാരന്മാരുടെ സംവാദ മേഖലയെ വളരെയധികം വികസിപ്പിക്കുന്നുണ്ടിത്. കാര്യകാരണ ബന്ധങ്ങളുടെ വിശദീകരണം, യുക്തിയുക്തമായ ആശയ സമര്‍ഥനം എന്നിവക്ക് ദൈവശാസ്ത്രകാരന്മാര്‍ക്ക് ഈ രീതി ഏറെ പ്രയോജനപ്പെടുന്നു. മുഅ്തസിലികളും അശ്അരികളും തത്ത്വചിന്തകരും ഈ രീതി അവലംബിച്ചിട്ടുണ്ട്.

മുന്‍കൂട്ടി അറിയാവുന്ന ഉത്തരങ്ങളില്‍ എത്തിച്ചേരുന്നതിനും പുതിയ കണ്ടെത്തലുകളിലേക്ക് നയിക്കുന്നതിനു പകരം നിലവിലുള്ള ധാരണയെ ബലപ്പെടുത്തുന്നതിനുള്ള വ്യാഖ്യാനപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതുമാണ് ദൈവശാസ്ത്ര മേഖലയില്‍ ഈ രീതിയുടെ പരിമിതി. എങ്കിലും സത്താശാസ്ത്രപരമായ പ്രശ്‌നങ്ങളുടെ നിര്‍ധാരണത്തില്‍ അല്‍കിന്ദി, ഫാറാബി, ഇബ്‌നു സീന തുടങ്ങിയ തത്ത്വചിന്തകരും ഗസാലിയെപ്പോലുള്ള ദൈവശാസ്ത്രജ്ഞരും ഈ രീതി സമര്‍ഥമായി ഉപയോഗിച്ചിട്ടുണ്ട്.

മൂന്ന്: മുസ്‌ലിം തത്ത്വചിന്തകര്‍ യവന, സിറിയക് തത്ത്വചിന്തകരില്‍നിന്ന് കടംകൊണ്ട തത്ത്വചിന്ത. മുഖ്യധാരാ മുസ്‌ലിം മതമീമാംസകരില്‍നിന്ന് ഇതിനെതിരെ വിമര്‍ശനമുണ്ടായിട്ടുണ്ട്. ഇസ്‌ലാമിന് അന്യമായ ചിന്താരീതി എന്ന നിലയിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്. എല്ലാ മുസ്‌ലിം തത്ത്വചിന്തകരും ഒരേ സ്രോതസ്സുകളെയാണ് അവലംബിച്ചത് എന്നു പറയാനാവില്ല. ജ്ഞാനമീമാംസയില്‍ മുസ്‌ലിം തത്ത്വചിന്തകര്‍ക്കിടയില്‍ തന്നെ സമീപന ഭേദങ്ങളുണ്ടായിരുന്നു. എല്ലാവരും ഒരേ രീതി അവലംബിച്ചവരല്ല. തത്ത്വചിന്തകര്‍ക്കിടയിലെ ഭിന്നതകള്‍ പരിഗണിക്കാതെയാണ് വിമര്‍ശകര്‍ വിമര്‍ശനമുന്നയിച്ചത്. മുസ്‌ലിം തത്ത്വചിന്തകര്‍ തങ്ങളുടെ വിജ്ഞാനീയത്തെ മതപാഠങ്ങളുമായി സമന്വയിക്കാന്‍ ഉത്സാഹിച്ചിരുന്നു എന്ന കാര്യവും വിമര്‍ശകര്‍ കണക്കിലെടുത്തില്ല. മത തത്ത്വങ്ങളെ മറ്റൊരു രീതിയില്‍ സമര്‍ഥിക്കാനാണ് മിക്ക മുസ്‌ലിം തത്ത്വചിന്തകരും ശ്രമിച്ചത്. മതത്തിന്റേതല്ലാത്ത ഒരു ജ്ഞാനോല്‍പാദനരീതി അതിനായി അവര്‍ പിന്തുടര്‍ന്നു എന്നു മാത്രം. തത്ത്വചിന്തയെ ഒരു ജ്ഞാന മാര്‍ഗമായാണ് അവര്‍ കണ്ടത്. യുക്ത്യനുസൃതമായി ലഭിക്കുന്ന തത്ത്വജ്ഞാനത്തെ യഥാര്‍ഥ ജ്ഞാനമായും ഇതര ജ്ഞാനങ്ങളെ യഥാര്‍ഥ ജ്ഞാനത്തിന്റെ പ്രതിരൂപങ്ങളായും അവര്‍ വിശദീകരിച്ചു. മതപണ്ഡിതന്മാര്‍ക്ക്, പക്ഷേ, ഈ വിശദീകരണം സ്വീകാര്യമായിരുന്നില്ല.

നാല്: മിസ്റ്റിക് രീതി. വിശദീകരിക്കാനോ പരീക്ഷണവിധേയമാക്കാനോ സാധിക്കാത്ത ആത്മജ്ഞാന രീതിയാണിത്. ഓരോ ജ്ഞാനിക്കുമുണ്ടാവുന്ന ബോധോദയം, അഥവാ ഉള്ളുണര്‍വാണ് മിസ്റ്റിക്കുകളെ സംബന്ധിച്ചേടത്തോളം ശരിയായ അറിവിന്റെ മാനദണ്ഡം. ഒരാളുടെ ജ്ഞാനം മറ്റൊരാള്‍ക്ക് ബോധ്യപ്പെട്ടുകൊള്ളണമെന്നില്ല. ന്യായത്തിന്റെയോ യുക്തിയുടെയോ അപഗ്രഥനത്തിന്റെയോ ബലത്തില്‍ സമര്‍ഥിക്കാനാവുന്നതല്ല അത്. വ്യക്തിപരമായ അഭിരുചിയാണ് ജ്ഞാനത്തെ നിര്‍ണയിക്കുന്നത്. അനുഭവിച്ചറിയേണ്ട ഒന്നായി ജ്ഞാനത്തെ മിസ്റ്റിക്കുകള്‍ കാണുന്നു. ആരോഗ്യവാനായിരിക്കുന്നതും ആരോഗ്യത്തെക്കുറിച്ച് അറിയുന്നതും തമ്മിലുള്ള വ്യത്യാസം പോലെയാണിത്. ആരോഗ്യത്തെക്കുറിച്ച് അറിയുന്നതിലല്ല; ആരോഗ്യവാനായിരിക്കുന്നതിലാണ് കാര്യം എന്നാണ് മിസ്റ്റിക്കുകളുടെ ഭാഷ്യം. ജ്ഞാനത്തെക്കുറിച്ച് അറിയുകയല്ല; ജ്ഞാനിയായിരിക്കുകയാണ് വേണ്ടത് എന്നര്‍ഥം. മറ്റൊരാളെ വിശ്വസിപ്പിക്കുകയോ ബോധ്യപ്പെടുത്തുകയോ അല്ല അതിന്റെ ഉദ്ദേശ്യം, സ്വയം അനുഭവിക്കലാണ്. ആശയാവിഷ്‌കാരത്തിന് ഭാഷാ വ്യവഹാരങ്ങളേക്കാള്‍ പ്രതീകങ്ങളും രൂപകങ്ങളും ചിഹ്നങ്ങളുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് സൂഫികള്‍ പ്രബന്ധങ്ങള്‍ക്ക് പകരം കവിതകളും കഥകളും തങ്ങളുടെ ആശയാവിഷ്‌കാരോപാധികളായി സ്വീകരിക്കുന്നത്.

 

ധര്‍മ മീമാംസ

ധര്‍മാധര്‍മങ്ങളെയും തെറ്റുശരികളെയും ന്യായാന്യായങ്ങളെയും കുറിച്ചുള്ള വേവലാതികള്‍ ചിന്തിക്കുന്ന മനുഷ്യരെ എന്നും അലട്ടിയിട്ടുണ്ട്. എന്താണ് ശരി, എന്താണ് തെറ്റ്, എന്താണ് ന്യായം, എന്താണ് അന്യായം എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് നമുക്ക് ലഭിച്ചിട്ടുള്ള ധര്‍മ സംഹിതകളും നീതിശാസ്ത്രങ്ങളും. സ്വാഭാവികമായും തത്ത്വചിന്തയുടെ പ്രധാനപ്പെട്ട ഒരു ഭാഗം, വലിയൊരു ഭാഗം തെറ്റു ശരികളെക്കുറിച്ചുള്ള വിവേചന വിചാരങ്ങളാണ്. നീതിശാസ്ത്രം, നൈതിക ശാസ്ത്രം, മൂല്യമീമാംസ, ധര്‍മമീമാംസ, സദാചാര ശാസ്ത്രം, സന്മാര്‍ഗ ശാസ്ത്രം തുടങ്ങിയ പേരുകളില്‍ ഈ വിജഞാനീയം അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ 'എത്തിക്‌സ്' എന്ന പേരിലാണ് അതറിയപ്പെടുന്നത്. മനുഷ്യന്റെ ശീലം, സ്വഭാവം, പെരുമാറ്റം എന്നിവയെ സൂചിപ്പിക്കുന്ന 'ഈതോസ്' എന്ന ഗ്രീക്ക് പദത്തില്‍നിന്ന് നിഷ്പന്നമായ പദമാണ് 'എത്തിക്‌സ്'. മനുഷ്യന്‍ എങ്ങനെ പെരുമാറണം എന്നതാണ് ആത്യന്തികമായി ഈ വിഷയം പരിഗണിക്കുന്നത്.

നന്മ തിന്മകളെക്കുറിച്ചുള്ള തത്ത്വവിചാരങ്ങളാണ് ഓരോ സന്ദര്‍ഭങ്ങളിലെയും സ്ഥലങ്ങളിലെയും മനുഷ്യന്റെ പെരുമാറ്റത്തെ ആശയപരമായി സ്വാധീനിക്കുന്നത്. മനുഷ്യന്‍ എന്തിനു നന്മ ചെയ്യണം, എന്തുകൊണ്ട് തിന്മ ചെയ്തുകൂടാ എന്നതിന് തത്ത്വശാസ്ത്രപരമായ സാധൂകരണം ആവശ്യമുണ്ട്. ആധുനിക തത്ത്വചിന്തയില്‍ ഏറെ സങ്കീര്‍ണമായ ഒരു പ്രശ്‌നമാണിത്. വിവിധ തത്ത്വശാസ്ത്ര സരണികള്‍ ഈ പ്രശ്‌നത്തെ വ്യത്യസ്ത രീതികളില്‍ സമീപിച്ചിട്ടുണ്ട്. ധര്‍മാധര്‍മങ്ങളെക്കുറിച്ചും നന്മതിന്മകളെക്കുറിച്ചുമുള്ള ഉത്കണ്ഠകള്‍ അപ്രസക്തമാണെന്നും മനുഷ്യന് തനിക്കു തോന്നുന്നതുപോലെ ജീവിക്കുന്നതിന് ഒരു തടസ്സവുമില്ലെന്നും അരാജകവാദികള്‍ വിശ്വസിക്കുന്നു. വ്യക്തിയെ മാത്രമല്ല, സമൂഹത്തെ ആകെ ബാധിക്കുന്ന പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാണ് ഈ തത്ത്വചിന്താ വിഭാഗം എന്നു ചുരുക്കം. അവനവന്റെ സുഖം മാത്രമേ ഓരോരുത്തരും പരിഗണിക്കേണ്ടതുള്ളൂ എന്ന വാദം മുമ്പേ ഉന്നയിക്കപ്പെട്ടിരുന്നതാണ്. മനുഷ്യന്റെ സാമൂഹിക ജീവിതവുമായി നേരിട്ട് ബന്ധപ്പെടുന്നതാകയാല്‍ തത്ത്വചിന്തയില്‍ ധര്‍മശാസ്ത്രത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. വാസ്തവത്തില്‍ സമൂഹത്തിലെ പ്രായോഗിക പ്രശ്‌നങ്ങളാണ് പണ്ടുമുതലേ ദാര്‍ശനികരെ ഇവ്വിഷയകമായി ഗാഢാലോചന ചെയ്യാന്‍ പ്രേരിപ്പിച്ചത്.

ധര്‍മമീമാംസയുടെ ആലോചനാ പരിധിയില്‍ വരുന്ന വിഷയങ്ങളെ ഖുര്‍ആന്‍ സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്. ദൈവിക ഗുണങ്ങള്‍ പരമാവധി സ്വാംശീകരിച്ച് ദൈവസാമീപ്യം കരസ്ഥമാക്കുകയാണ് മനുഷ്യന്റെ ധാര്‍മിക ലക്ഷ്യം. സത്യം, സൗന്ദര്യം, നീതി, നന്മ, സ്‌നേഹം, ഉദാരത, ദയ, കാരുണ്യം തുടങ്ങിയ മൂല്യങ്ങള്‍ ദൈവിക ഗുണങ്ങളായി ഖുര്‍ആന്‍ എണ്ണിയിരിക്കുന്നു. ദൈവം കാരുണ്യവാനാണ്, അതിനാല്‍ മനുഷ്യനും കാരുണ്യവാനായിരിക്കണം;  ദൈവം ഉദാരനാണ്, അതിനാല്‍ മനുഷ്യനും ഉദാരനായിരിക്കണം എന്നിങ്ങനെ ദൈവിക ഗുണങ്ങള്‍ സമാര്‍ജിക്കാന്‍ മനുഷ്യന്‍ കടപ്പെട്ടിരിക്കുന്നു. നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുക എന്നതാണ് വ്യക്തിപരമായും സാമൂഹികമായും മനുഷ്യകുലത്തിന്റെ ഉത്തരവാദിത്തം. നന്മയുടെ വിപരീതമായ തിന്മയെ പിശാചുമായി ഖുര്‍ആന്‍ സാത്മീകരിക്കുന്നു. എല്ലാ തിന്മകളും പൈശാചികമാണ്. പൈശാചിക ഭാവങ്ങളെ തോല്‍പിച്ചുകൊണ്ടേ മനുഷ്യന് ഉത്കൃഷ്ടത കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. കാപട്യം, അഹങ്കാരം, അസൂയ, കൃതഘ്‌നത, പ്രകടനപരത, അനീതി തുടങ്ങിയവ തിന്മയുടെ ആവിഷ്‌കാരങ്ങളാണ്. മനുഷ്യമനസ്സിന് തിന്മയോട് ചായ്‌വുണ്ട്. ബോധപൂര്‍വമായ ശ്രമത്തിലൂടെ തിന്മയുടെ സ്വാധീനങ്ങളില്‍നിന്ന് മനസ്സിനെ മോചിപ്പിച്ച് നന്മയുടെ മാര്‍ഗത്തിലേക്ക് കൊണ്ടുവരണം. നിരാശയും അവിശ്വാസവും സന്ദേഹവും അക്ഷമയും ധിക്കാരവും പൈശാചിക പ്രേരണകളുടെ ഫലങ്ങളാണ്.

ധര്‍മാധര്‍മങ്ങളെക്കുറിച്ച് മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് ശിക്ഷണം നല്‍കണം. മതാനുഷ്ഠാനങ്ങള്‍ വഴിയും പശ്ചാത്താപത്തിലൂടെയും ധാര്‍മിക ശക്തി സംഭരിക്കണം. ദൈവസ്മരണ സദാ നിലനിര്‍ത്തുക വഴി തിന്മയുടെ പ്രലോഭനങ്ങളെ മറികടക്കാന്‍ സാധിക്കും. സൂക്ഷ്മത, ദൈവഭയം, ദൈവത്തില്‍ ഭരമേല്‍പിക്കല്‍, സ്വന്തത്തോടും മറ്റുള്ളവരോടുമുള്ള ഗുണകാംക്ഷ എന്നിവ ധര്‍മനിഷ്ഠമായ ജീവിതത്തിന് അനുപേക്ഷ്യമാണ്.

മുതിര്‍ന്നവരെ ബഹുമാനിക്കുകയും ചെറിയവരോട് കരുണ കാണിക്കുകയും വേണമെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ മ്ലേഛനാണ്. പരസ്പരം കാണുമ്പോള്‍ അഭിവാദ്യം ചെയ്യുക, പുഞ്ചിരിക്കുക, ഹസ്തദാനം നടത്തുക എന്നിവ സുജന മര്യാദകളാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. പലിശ, മദ്യപാനം, വ്യഭിചാരം, ചൂതുകളി, അളവുതൂക്കങ്ങളില്‍ കൃത്രിമം കാണിക്കല്‍, ജലാശയങ്ങളും പൊതുവഴികളും മലിനമാക്കല്‍ എന്നിവക്കെതിരെ പ്രവാചകന്‍ താക്കീതു നല്‍കി.

നന്മ ചെയ്യുന്നവര്‍ക്ക് മരണാനന്തരം സ്വര്‍ഗവും തിന്മ ചെയ്യുന്നവര്‍ക്ക് നരകവുമാണ് പ്രതിഫലം. സുകൃതം ചെയ്യുന്നവര്‍ ദൈവത്തിന്റെ ഇഷ്ടം നേടും. അല്ലാത്തവര്‍ ദൈവകോപത്തിനിരയാവും. ഇസ്‌ലാമിക ധര്‍മമീമാംസയുടെ അടിസ്ഥാന ശിലയാണ് ഈ വിശ്വാസം.

തത്ത്വചിന്തയില്‍ ധര്‍മമീമാംസയുടെ ലക്ഷ്യം നന്മ എന്താണെന്ന് അറിയലല്ല; മറിച്ച് നല്ലവനായി മാറലാണ് എന്ന് അരിസ്റ്റോട്ടില്‍ 'നിക്കൊമാക്കിയന്‍ എത്തിക്‌സി'ല്‍ പറയുന്നുണ്ട്. ധര്‍മശാസ്ത്രത്തെ പ്രയുക്ത ശാസ്ത്രമായാണ് അദ്ദേഹം കണ്ടിരുന്നത് എന്ന് ഈ പ്രസ്താവത്തില്‍നിന്ന് വ്യക്തമാണ്. ആദ്യകാല മുസ്‌ലിം ദാര്‍ശനികരില്‍ ഫാറാബി, ഇബ്‌നു ബാജ്ജ, ഇബ്‌നു ത്വുഫൈല്‍, ഇബ്‌നു റുശ്ദ് എന്നിവരാണ് മൂല്യമീമാംസക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കിയത്. ഫാറാബി ധര്‍മത്തെ രാഷ്ട്രതന്ത്രവുമായി ബന്ധിപ്പിക്കുന്നു. തന്റെ 'അല്‍ മദീനത്തുല്‍ ഫാളില' എന്ന ഗ്രന്ഥത്തില്‍ മനുഷ്യന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നുണ്ട്. 'തഹ്‌സീലുസ്സആദ', 'അസ്സിയാസത്തുല്‍ മദനിയ്യ' എന്നീ കൃതികളിലും അദ്ദേഹം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. തെറ്റും ശരിയും മനുഷ്യന് ബുദ്ധി ഉപയോഗിച്ച് കണ്ടെത്താന്‍ സാധിക്കും. ധര്‍മാധര്‍മങ്ങള്‍ തിരിച്ചറിഞ്ഞ് ധര്‍മനിഷ്ഠമായ ജീവിതം നയിക്കുക എന്നത് മനുഷ്യന്റെ ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തമാണ് രക്ഷാശിക്ഷകള്‍ക്കുള്ള ന്യായമെന്നും ഫാറാബി പറയുന്നു.

ഇബ്‌നു ബാജ്ജയും ഇബ്‌നു ത്വുഫൈലും മനുഷ്യ നന്മയെ രാഷ്ട്രീയവുമായല്ല, തത്ത്വചിന്തയുമായാണ് ബന്ധപ്പെടുത്തുന്നത്. സമൂഹത്തില്‍നിന്നകന്ന് തനിച്ചു ജീവിക്കുന്നതു വഴി ജീവിതാനന്ദം കരസ്ഥമാക്കാമെന്നതാണ് ഇവരുടെ നിലപാട്. ആനന്ദകരമായ ഏകാന്ത ജീവിതത്തിന്റെ ആഖ്യാനമാണ് ഇബ്‌നു ത്വുഫൈലിന്റെ അന്യാപദേശ കഥയായ ഹയ്യുബ്‌നു യഖഌന്‍. പ്ലാറ്റോയുടെയും അരിസ്‌റ്റോട്ടിലിന്റെയും വ്യാഖ്യാതാവായിരുന്ന ഇബ്‌നു റുശ്ദ് തത്ത്വചിന്തകര്‍ ജനങ്ങളുടെ സേവകരായിരിക്കണം എന്ന അഭിപ്രായക്കാരനായിരുന്നു. സമൂഹവുമായി ഇടപഴകി അവരുടെ അഭ്യുന്നതിക്കായി പ്രവര്‍ത്തിക്കുന്ന തത്ത്വചിന്തയെയാണ് ഇബ്‌നു റുശ്ദ് മികച്ച തത്ത്വചിന്തയായി കണ്ടത്. പ്രവാചക ദൗത്യത്തിന്റെ തുടര്‍ച്ചയായാണ് അദ്ദേഹം ഈ ദൗത്യത്തെ കണ്ടത്. സമൂഹത്തിന്റെ നന്മക്ക് വേണ്ടിയുള്ളതാണ് മതനിയമങ്ങള്‍. ജനങ്ങള്‍ക്കിടയില്‍ പ്രവാചകനെപ്പോലെ ജീവിച്ച് ജനങ്ങളുടെ സ്വഭാവ സംസ്‌കരണത്തിന് തത്ത്വചിന്തകര്‍ നേതൃത്വം കൊടുക്കണം. മനുഷ്യരെ സംസ്‌കരിക്കുകയാണ് തത്ത്വചിന്തയുടെ ധര്‍മം. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (10 - 14)
എ.വൈ.ആര്‍

ഹദീസ്‌

അവകാശധ്വംസനവും അവഹേളനവും
സി.എം റഫീഖ് കോക്കൂര്‍