Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 10

2992

1438 ജമാദുല്‍ ആഖിര്‍ 11

മതപാരമ്പര്യങ്ങളിലെ സ്ത്രീ

മുഹമ്മദ് ശമീം

വെള്ളം കടക്കാത്ത വ്യവസ്ഥകളായി ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന മതങ്ങളുടെ ആദിമമായ ചരിത്രവും പ്രമാണങ്ങളും എന്തായിരുന്നു എന്നും പില്‍ക്കാലത്ത് അത് എന്തായി വളര്‍ന്നു എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഓരോ സംസ്‌കാരവും അതിന്റെ വളര്‍ച്ചയുടെ പ്രത്യേക ഘട്ടത്തില്‍ ഒരു തരം സ്തംഭനത്തിന് വിധേയമാവുന്നുണ്ട്. അധീശത്വം രൂപപ്പെടുകയും അത് അതിന്റെ നിലനില്‍പിനു വേണ്ടി സമൂഹത്തെ ഘടനപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ സ്തംഭനത്തിന്റെ പ്രധാന ഹേതു. പാരമ്പര്യങ്ങളുടെയും ചിഹ്നങ്ങളുടെയും സംരക്ഷണത്തിന്റെ ഉത്തരവാദിത്തം അധികാരം ഏറ്റെടുക്കുന്നു. മതപൗരോഹിത്യം ഇതിന് പിന്തുണ നല്‍കുകയും പാരമ്പര്യത്തിന്റെ പവിത്രത, വംശീയത, വിധിസങ്കല്‍പം തുടങ്ങിയ ആശയങ്ങളില്‍ സമൂഹത്തിന്റെ ചിന്തകളെ തളച്ചിടുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി സമൂഹത്തിലെ അംഗങ്ങളെ ആചാരങ്ങളില്‍ തളച്ചിടുമ്പോള്‍, തല്‍ഫലമായി സമൂഹത്തിനു മേല്‍ ആചാരങ്ങളുടെയും പാരമ്പര്യത്തിന്റെയും മൊരി രൂപപ്പെടുന്നു. അതാകട്ടെ, സമൂഹത്തെ അതിന്റെ പുരോയാനത്തില്‍നിന്ന് തടയുന്നു. 

അധീശത്വത്തിന്റെ ഏതൊരു ഘടനയും പുരുഷകേന്ദ്രീകൃതമായാണ് രൂപപ്പെട്ടിട്ടുള്ളത്. അതിനാല്‍തന്നെ അതിന്റെ മനോഭാവവും സ്വഭാവവും സ്ത്രീവിരുദ്ധം (Misogynistic) ആയിരുന്നുവെന്ന് പറയാം. പലപ്പോഴും അധീശത്വം സമൂഹത്തില്‍ ശ്രേണികളും സൃഷ്ടിച്ചിരുന്നു. താഴെത്തട്ടിലെ സാമൂഹിക വിഭാഗങ്ങളില്‍ സ്ത്രീകള്‍ ഇരട്ട വിവേചനത്തിന് ഇരകളാക്കപ്പെട്ടു എന്നത് ഇതിന്റെ ഫലമാണ്. 

ഇതാകട്ടെ, ഓരോ സമൂഹത്തിലെയും ആദിമാചാര്യന്മാരുടെയും പ്രമാണങ്ങളുടെയും നിലപാടുകളില്‍നിന്ന് വ്യത്യസ്തമായിരിക്കുന്നതായാണ് പലപ്പോഴും നമുക്ക് അനുഭവപ്പെട്ടിട്ടുള്ളത്. മതത്തിന്റെയും തത്ത്വചിന്തയുടെയുമൊക്കെ ചരിത്രത്തില്‍ ഈ പ്രവണത കണ്ടെത്താം. 

 

അംഗീകാരത്തിന്റെ ദര്‍ശനങ്ങള്‍ 

യവന ദാര്‍ശനികനായ സോക്രട്ടീസ് ബുദ്ധിയിലും ചിന്തയിലും സ്ത്രീപുരുഷന്മാര്‍ക്കിടയിലുള്ളത് ഒരേ പദവി തന്നെയാണ് എന്ന് സിദ്ധാന്തിച്ചിരുന്നു. വൈരുധ്യത്തിന്റെയും ചോദ്യങ്ങളുടെയും യുക്തിയുടെയും തത്ത്വശാസ്ത്രം അവതരിപ്പിച്ച സോക്രാട്ടിക് ദര്‍ശനത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഘടകങ്ങളാണ് യുക്തിയും ചിന്തയും. അദ്ദേഹത്തിന്റെ നിഗമനത്തില്‍ എല്ലാ മനുഷ്യരിലും പ്രവര്‍ത്തിക്കുന്നത് ഒരേ സാമാന്യാവബോധമാണ്. ഈ അവബോധവും അതില്‍ നിന്നുണ്ടാകുന്ന മനുഷ്യയുക്തിയും അനശ്വരവും ദൃഢവുമാണ് എന്ന് സോക്രട്ടീസിന്റെ ശിഷ്യനായ പ്ലാേറ്റാ വാദിക്കുന്നുണ്ട്. ആണും പെണ്ണും ഉള്‍പ്പെടെ സകലരിലും ഒരേ സാമാന്യാവബോധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ അതിനര്‍ഥം ചിന്തയില്‍ അവര്‍ പൂര്‍ണമായും തുല്യരാണ് എന്നാണ്. ഈ തത്ത്വത്തിന്റെ ആധാരത്തില്‍ സമൂഹരൂപീകരണത്തിലും രാഷ്ട്ര പുനര്‍ നിര്‍മാണത്തിലുമൊക്കെ സ്ത്രീയുടെ പങ്കിനെയും പദവിയെയും പ്ലാറ്റോ ഉദ്‌ഘോഷിക്കുന്നു. സ്ത്രീയെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യാത്ത രാഷ്ട്രം തന്റെ ഒരു കരം മാത്രം പരിശീലിപ്പിക്കുന്ന വ്യക്തിയെപ്പോലെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

സോക്രട്ടീസിന്റെ ഈ ചിന്തകളെ അരിസ്റ്റോട്ടില്‍ അട്ടിമറിച്ചുകളഞ്ഞു. അരിസ്റ്റോട്ടിലിന്റെ വീക്ഷണത്തില്‍ പൂര്‍ത്തിയാകാത്ത പുരുഷനാണ് സ്ത്രീ. അവള്‍ അപൂര്‍ണയാണ്. പുരുഷബീജത്തില്‍ മാത്രമാണ് കുഞ്ഞിന്റെ എല്ലാ സ്വഭാവഗുണങ്ങളും ഉള്ളടങ്ങിയിരിക്കുന്നത്. പെണ്ണ് വിത്തിനെ സ്വീകരിച്ച് മുളപ്പിക്കുന്ന മണ്ണ് മാത്രമാണ്. അതായത്, കുഞ്ഞിന് അതിന്റെ അനശ്വരമായ ആശയരൂപം കിട്ടുന്നത് പുരുഷനില്‍നിന്നാകുന്നു. അമ്മയില്‍നിന്നാകട്ടെ, നശ്വരമായ മണ്ണ് മാത്രം ലഭിക്കുന്നു. 

ഋഗ്വേദത്തിലെ പല മന്ത്രങ്ങളും ലൗകികജീവിതം, ഉത്തരവാദിത്ത നിര്‍വഹണത്തില്‍ സ്ത്രീയുടെ സാന്നിധ്യവും പങ്കാളിത്തവും തുടങ്ങിയ വിഷയങ്ങളെ ഗുണാത്മകമായാണ് സമീപിക്കുന്നത്. ഋഗ്വേദകാലത്ത് വിധവാ വിവാഹം നിഷിദ്ധമായിരുന്നില്ല. പത്താം മണ്ഡലത്തിലെ നൂറ്റി എണ്‍പത്തിമൂന്നാം സൂക്തത്തില്‍ വധൂവരന്മാരെ ആശീര്‍വദിക്കുന്ന ചില മന്ത്രങ്ങളുണ്ട്. സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ വധുവിനും വരനുമുള്ള പങ്കാളിത്തത്തെയും അവകാശങ്ങളെയും ഒപ്പം ഇരുവരുടെയും അഭിനിവേശങ്ങളെയും തുല്യവിതാനത്തില്‍ പരാമര്‍ശിക്കുന്നുണ്ട് അവയില്‍. കുടുംബവും ലൈംഗികതയും പാപമായിരുന്നില്ല. സപ്തര്‍ഷിമാരുടെ കഥകളില്‍ അവരുടെ ഭാര്യമാരും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി വരുന്നതില്‍നിന്നുതന്നെ മോക്ഷത്തിന് പെണ്ണില്‍നിന്ന് അകന്നു ജീവിക്കണം എന്ന സിദ്ധാന്തം അക്കാലത്ത് അംഗീകരിക്കപ്പെട്ടിരുന്നില്ലെന്നു കരുതാം. 

വൈരാഗ്യജീവിതം പ്രധാനമായത് പില്‍ക്കാലത്താണ്. ഒപ്പം ഇഷ്ടാനുസാരം കൊള്ളാനും ഉപേക്ഷിക്കാനും അധികാരമുള്ള സമ്പത്തായി ഭാര്യ പരിഗണിക്കപ്പെട്ടു തുടങ്ങിയതിന്റെയും അടയാളങ്ങള്‍ ഇതിഹാസങ്ങളില്‍ കാണാം. എന്നാല്‍പോലും ജിതേന്ദ്രിയനായി മോക്ഷം പ്രാപിക്കാന്‍ പെണ്ണില്‍നിന്ന് അകന്നുകഴിയണം എന്ന, വിഭാണ്ഡക ചിന്തയെ പരിഹസിക്കുകയാണ് മഹാഭാരത കര്‍ത്താവായ വ്യാസന്‍, ഋശ്യശൃംഗോപാഖ്യാനത്തിലൂടെ ചെയ്യുന്നതെന്ന് കുട്ടികൃഷ്ണ മാരാര്‍ സൂചിപ്പിക്കുന്നുണ്ട് (ഭാരത പര്യടനം, വ്യാസന്റെ ചിരി). 

ജ്ഞാനത്തിന്റെ അവകാശികളെപ്പറ്റി ചര്‍ച്ച ചെയ്യുന്നുണ്ട് ശ്രീബുദ്ധന്‍. അതില്‍ ശൂദ്രനെയും സ്ത്രീയെയും അദ്ദേഹം പ്രത്യേകം പരാമര്‍ശിക്കുന്നു. ഈ രണ്ട് വിഭാഗത്തിനും അറിവ് നിഷേധിച്ചിരുന്ന അന്നത്തെ ബ്രാഹ്മണ മേല്‍ക്കോയ്മയാണ് അതിനു കാരണം. ബുദ്ധന്റെ സംഘത്തില്‍ ധാരാളം സ്ത്രീകളുണ്ടായിരുന്നു. ബുദ്ധന്റെ തിപിടാകയിലെ സുത്തപിടകയില്‍ ഖുദ്ദക നികായം എന്ന ഭാഗത്ത് പതിനഞ്ച് ഗ്രന്ഥങ്ങളുള്ളതില്‍ ഒന്ന് ഥേരിഗാഥയാണ്. ബുദ്ധാനുഗാതാവായ ശ്രമണനെയാണ് ഥേരന്‍ എന്ന് പറയുക. അതിന്റെ സ്ത്രീലിംഗപദമാണ് ഥേരി. എഴുപത്തി മൂന്ന് ഭിക്ഷുണികളുടെ ആത്മാവിഷ്‌കാരപ്രധാനമായ ഭാവഗാനങ്ങളാണ് ഥേരിഗാഥയുടെ ഉള്ളടക്കം. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍നിന്ന് വന്ന ഥേരിമാര്‍ അവരുടെ മുന്‍ ജീവിതങ്ങളെയും അതിലെ സാമൂഹിക-കുടുംബബന്ധങ്ങളെയും കുറിച്ച് പാടുകയാണ്. പുതിയൊരു ഉണര്‍വിലേക്കാണ് അവര്‍ നയിക്കപ്പെട്ടതെന്ന് ഈ ഗാഥകള്‍ തെളിയിക്കുന്നു. രാജ്ഞി, രാജകുമാരി, ബ്രാഹ്മണ സ്ത്രീ, ദാസി, നര്‍ത്തകി, വേട സ്ത്രീ, വേശ്യാ സ്ത്രീ എന്നിങ്ങനെ പല തുറകളില്‍, പലതരം വിവേചനങ്ങള്‍ക്ക് വിധേയരായി ജീവിച്ചിരുന്ന സ്ത്രീകള്‍ തുല്യമായ പ്രാധാന്യത്തോടെ ഥേരീ ഗാഥയില്‍ കടന്നുവരുന്നു. സുജാത, കോസല രാജ്ഞി മല്ലിക, ഖേമ, ഭദ്ദ കുണ്ഡലകേശ, കിസാഗോതമി, സോന, നന്ദ തുടങ്ങിയ ബുദ്ധശിഷ്യകള്‍ ജ്ഞാനികളും വിദൂഷികളുമായി കീര്‍ത്തി നേടി. അന്നത്തെ സംവാദവേദികളില്‍ ജ്വലിച്ചുനിന്നിരുന്നു ഇവരില്‍ പലരും. കോസല രാജാവ് പസേനഡിയുമായി ഖേമ നടത്തിയ സംവാദം വിഖ്യാതമാണ്. 

സ്ത്രീയില്‍നിന്ന് അകന്നുനില്‍ക്കുന്നതാണ് നല്ലത് എന്ന ഉപദേശം പുതിയ നിയമ പുസ്തകത്തില്‍ നല്‍കുന്നത് സെന്റ് പോളാണ്. കാമത്തെ സാത്താനോട് ഉപമിക്കുന്നതോ പെണ്ണിനോടുള്ള വിരക്തിയെ സൂചിപ്പിക്കുന്നതോ ആയ ഉപദേശങ്ങളൊന്നും, പക്ഷേ സുവിശേഷങ്ങളില്‍ യേശുക്രിസ്തു നല്‍കിയതായി കാണാന്‍ കഴിയുന്നില്ല. ക്രിസ്തുവിനെ സദാ അനുധാവനം ചെയ്തവരില്‍ മഗ്ദലന മറിയവും ലാസറിന്റെ സഹോദരി മറിയവും മാര്‍ത്തയും ഉള്‍പ്പെടെ ധാരാളം സ്ത്രീകളുണ്ടായിരുന്നു. അപ്പൊസ്തല ഗണത്തില്‍തന്നെയും സ്ത്രീകള്‍ ഉണ്ടായിരുന്നതായി, ആധികാരികമായി തെളിയിക്കാന്‍ പറ്റില്ലെങ്കിലും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. 

മുഹമ്മദ് നബിയുടെ പ്രബോധനം അറേബ്യയിലെ പാര്‍ശ്വവല്‍കൃതരില്‍ ഉണ്ടാക്കിയ ആവേശവും ചരിത്രമാണ്. അടിമകളിലും പരദേശികളിലും ദരിദ്രരിലും എന്ന പോലെത്തന്നെ അന്നത്തെ അധികാര ശ്രേണിയിലെ വരേണ്യവും തിരസ്‌കൃതവുമായ വിഭാഗങ്ങളിലെ സ്ത്രീകളിലും ഈ ആവേശമുണ്ടായി. എല്ലാതരത്തിലുള്ള വിവേചനങ്ങളെയും നിരാകരിക്കുന്ന വിമോചനദര്‍ശനമായി അവര്‍ പ്രവാചക പ്രബോധനത്തെ ഉള്‍ക്കൊണ്ടു. തിരിച്ച് ഖുര്‍ആനും നബിയും അവരുടെ നേരെ സ്വീകരിച്ച സമീപനവും അവരുടെ പ്രതീക്ഷകളെ സാര്‍ഥകമാക്കുന്ന തരത്തിലുള്ളതായിരുന്നു. പ്രവര്‍ത്തനത്തിലും ഫലമെടുപ്പിലും പെണ്ണിനും ആണിനും തുല്യാവകാശം നല്‍കിക്കൊണ്ടുള്ള ഖുര്‍ആന്‍ സൂക്തത്തില്‍ (ആലു ഇംറാന്‍ 195) ധര്‍മമാര്‍ഗത്തിലുള്ള പലായനം, ബഹിഷ്‌കൃതരാവല്‍, മര്‍ദനമേല്‍ക്കല്‍, പോരാട്ടവും രക്തസാക്ഷിത്വവും എന്നിവയെല്ലാം പരാമര്‍ശിക്കപ്പെടുന്നുണ്ട്. സാമൂഹിക ഇടപെടലുകളില്‍ അതിന്റെ ആത്യന്തികതയില്‍തന്നെ പങ്കു വഹിക്കാനുള്ള സ്ത്രീ പുരുഷന്മാരുടെ അവകാശത്തെയാണ് അതില്‍ ഖുര്‍ആന്‍ അംഗീകരിക്കുന്നത്. അതായത്, ജീവിതത്തിന്റെ പ്രവര്‍ത്തന മേഖലകളിലൊരിടത്തും അവള്‍ അസ്പൃശ്യയാകുന്നില്ല. 

ഒരൊറ്റ ആദിമ സ്വത്വത്തില്‍നിന്ന് രൂപപ്പെട്ടതാണ് നീയും നിന്റെ ഇണയും എന്ന് ഖുര്‍ആന്‍ (അന്നിസാഅ് 1) വ്യക്തമാക്കുന്നു. സ്ത്രീ പുരുഷന്മാരുടെ ആത്മീയമായ തുല്യതയാണ് ഇതില്‍ നാം കാണുന്നത്. ആദിമമായ കല്‍പന നല്‍കുന്നിടത്ത് അല്ലാഹു ആണിനെയും പെണ്ണിനെയും ഒരുപോലെ അഭിസംബോധന ചെയ്യുന്നുണ്ട് (അല്‍ബഖറ 35). അതായത്, വിധികളുടെയും വിലക്കുകളുടെയും പാലനത്തില്‍ രണ്ടു പേരും തുല്യ അവകാശവും ബാധ്യതയുമുള്ളവരാകുന്നു. രണ്ടു പേരുടെയും കര്‍തൃത്വങ്ങള്‍ ഒരുപോലെ അംഗീകരിക്കപ്പെടുകയും പരാമര്‍ശിക്കപ്പെടുകയും ചെയ്യുന്നു. ദൈവത്താല്‍ രണ്ടു പേരും സംബോധന ചെയ്യപ്പെടുന്നു. പ്രവാചകന്റെ കൂടെ ശിഷ്യന്മാരും അനുയായികളുമായി നിലയുറപ്പിച്ചു ജീവിച്ചിരുന്ന ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഇസ്‌ലാം സ്വഹാബി എന്ന, ആധ്യാത്മികപദവി നല്‍കുന്നുണ്ട്.  

മതപരവും സദാചാരപരവുമായ നിയമങ്ങള്‍ക്ക് സ്ത്രീ പുരുഷന്മാര്‍ ഒരുപോലെ വിധേയരാണ്. പ്രവാചകന്‍ തന്റെ ജീവിതത്തിലും നിലപാടുകളിലും മറ്റുമെല്ലാം തന്നെ സ്ത്രീക്ക് പ്രത്യേകമായ ആദരവും അംഗീകാരവും നല്‍കിയിട്ടുമുണ്ട്. അല്‍ മുംതഹിന പന്ത്രണ്ടാം സൂക്തം സ്ത്രീകളില്‍നിന്ന് പ്രത്യേകമായി ബൈഅത്ത് സ്വീകരിക്കാന്‍ പ്രവാചകനോട് കല്‍പിക്കുന്നു. ഭരണനേതൃത്വത്തിന് പൗരന്മാര്‍ നല്‍കുന്ന സത്യവാങ്മൂലവും കൂടിയാണ് ബൈഅത്ത്. സ്വാഭാവികമായും വോട്ടു ചെയ്യുന്നതിലും മറ്റ് ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളിലും പെണ്ണിന്റെ പങ്കാളിത്തത്തെ പ്രത്യേകമായിത്തന്നെ കല്‍പിച്ചു സ്ഥാപിക്കുകയാണ് ഇതിലൂടെ. 

ഭരണപരവും രാഷ്ട്രീയവുമായ കാര്യങ്ങളിലുള്ള സ്ത്രീയുടെ അവകാശങ്ങളെയും പങ്കാളിത്തത്തെയും ഇസ്‌ലാം ഉറപ്പുവരുത്തുന്നു. ഇത്തരം കാര്യങ്ങളില്‍ ചില പ്രത്യേക സംഭവങ്ങളും നബിയുടെ ജീവിതത്തില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഉമ്മുഹാനി ബിന്‍ത് അബീത്വാലിബ് എന്ന മുസ്‌ലിം വനിത ശത്രുസേനയിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് രാഷ്ട്രീയാഭയം നല്‍കുകയുണ്ടായി. ഇക്കാര്യത്തില്‍ അവരെ പലരും ആക്ഷേപിച്ചുവെങ്കിലും നബി അവരോടിങ്ങനെ പ്രതികരിച്ചു: 'ഉമ്മുഹാനി, നീ അഭയം നല്‍കിയവര്‍ക്ക് നാമും അഭയം നല്‍കിയിരിക്കുന്നു. ആരുടെ സമാധാനവും നിര്‍ഭയത്വവും നീ ഏറ്റെടുത്തിട്ടുണ്ടോ അവരുടെ സമാധാനം നാമും ഉറപ്പുവരുത്തുന്നതാകുന്നു' (ഇബ്‌നു ഇസ്ഹാഖ്, ബുഖാരി). മക്കാവിജയത്തിനു ശേഷം നബി തിരുമേനിക്ക് ബൈഅത്ത് നല്‍കിയ ഉമ്മുഹാകിം എന്ന സ്ത്രീ തന്റെ ഭര്‍ത്താവിനെ നബി പ്രഖ്യാപിച്ച പൊതുമാപ്പില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവിടുന്ന് അതംഗീകരിച്ചു. ബദ്‌റിലെ പോരില്‍ ശത്രുപക്ഷത്തിന്റെ നേതാവായിരുന്ന അബൂജഹ്‌ലിന്റെ മകന്‍, അപ്പോഴും ഇസ്‌ലാമുമായി യുദ്ധത്തിലായിരുന്ന ഇക്‌രിമയായിരുന്നു ഉമ്മുഹാകിമിന്റെ ഭര്‍ത്താവ്. 

അന്നത്തെ അറബ് സമൂഹത്തിന്റെ ആചാരമനുസരിച്ച് സ്ത്രീ തന്നെ അനന്തരസ്വത്തായി പരിഗണിക്കപ്പെട്ടിരുന്നു. ഒരാള്‍ മരിച്ചാല്‍ അയാളുടെ ഭാര്യയെ അയാളുടെ മറ്റേതെങ്കിലും ഭാര്യയിലുള്ള മകന്നോ സഹോദരന്നോ ജാമാതാവിനോ തന്റെ വെപ്പാട്ടിയെന്ന നിലക്കോ ഭാര്യയെന്ന നിലക്കോ സ്വന്തമാക്കാനുള്ള അധികാരം വരെ ഉണ്ടായിരുന്നു. ഇതില്‍ ഇടപെട്ടുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെയൊരു നിയമം പുറപ്പെടുവിച്ചു: 'സത്യാനുഗാതാക്കളേ, സ്ത്രീകളെ ബലാല്‍ അനന്തരമെടുക്കാനുള്ള യാതൊരവകാശവും നിങ്ങള്‍ക്കില്ല' (അന്നിസാഅ് 19). ഇപ്രകാരം ഭാഗിക്കപ്പെടേണ്ട അനന്തരസ്വത്തായി പരിഗണിക്കപ്പെട്ടിരുന്ന സ്ത്രീക്ക് അനന്തരസ്വത്തില്‍ ഖുര്‍ആന്‍ സ്വതന്ത്രപങ്കാളിത്തം നല്‍കി (അന്നിസാഅ് 7). ഇങ്ങനെ കിട്ടുന്നതോ അല്ലാത്തതോ ആയ സമ്പത്തിന്റെ വികാസം, നിക്ഷേപം, ലാഭം മുതലായ കാര്യങ്ങളില്‍ സ്വതന്ത്രപരമാധികാരവും (അന്നിസാഅ് 32). 

പ്രവാചകന്റെ ജീവിതത്തെയും പില്‍ക്കാലത്ത് ഇസ്‌ലാമിന്റെ തന്നെ വളര്‍ച്ചയെയും കാര്യമായി സ്വാധീനിച്ചിട്ടുള്ള ഒട്ടേറെ സ്ത്രീകളുണ്ട്. നിരങ്കുശവും അകന്മഷവുമായ പ്രണയവും പിന്‍ബലവും നല്‍കിക്കൊണ്ട് കൂടെനിന്ന ഖദീജ പ്രവാചകന്റെ ആശ്രയമായിത്തന്നെ വര്‍ത്തിച്ചിരുന്നു. തന്റെ ഇണകളില്‍ ധൈഷണികവും ബുദ്ധിപരവുമായി നബിയെ സ്വാധീനിച്ചിരുന്നവരാണ് ആഇശയും ഉമ്മുസലമയും. ചില സന്ദര്‍ഭങ്ങളില്‍ ഉമ്മുസലമ നബിക്ക് ധൈര്യം പകര്‍ന്നിട്ടുള്ളതായും കാണാം. ഒരു ശിഷ്യപരമ്പര തന്നെയുണ്ട് ആഇശക്ക്. മദീനയിലെ ഏഴ് ഫുഖഹാഇല്‍ ഒരാളായി അറിയപ്പെട്ടിരുന്ന, ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലെ പണ്ഡിതന്മാരിലൊരാളായ ഉര്‍വതു ബ്‌നു സുബൈര്‍ ആഇശയുടെ ശിഷ്യനാണ്. സ്ത്രീകള്‍ക്കുവേണ്ടി അവര്‍ ഒരു വിദ്യാലയം തുടങ്ങി. അതില്‍ അവരുടെ ക്ലാസ്സുകള്‍ ശ്രവിക്കാന്‍ വേണ്ടി പുരുഷന്മാരും വരാറുണ്ടായിരുന്നു. നിങ്ങള്‍ നിങ്ങളുടെ ദീനിന്റെ ഒരു ഭാഗം ഹുമൈറയില്‍നിന്ന് ഗ്രഹിക്കുക എന്ന് നബി പറഞ്ഞിട്ടുണ്ട്. ആഇശയെ നബി വിളിച്ചിരുന്ന ചെല്ലപ്പേരാണ് ഹുമൈറ. ഹദീസുകളിലെ പല റിപ്പോര്‍ട്ടുകളെയും ആഇശ തിരുത്തിയിട്ടുണ്ട്, പ്രത്യേകിച്ചും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ ഹദീസുകളെ. ഓരോന്നിലും നബി അങ്ങനെ പറഞ്ഞിട്ടില്ലെന്നു തന്നെയായിരുന്നു നബിപത്‌നിയുടെ ഖണ്ഡനം. 

 

വിവേചനത്തിന്റെ പാരമ്പര്യങ്ങള്‍ 

അതേസമയം, ഈ എല്ലാ സമൂഹങ്ങളും അധീശവ്യവസ്ഥ, പുരോഹിതാധിപത്യം, അതിന്റെ ഉല്‍പന്നമായ സിദ്ധാന്തശാഠ്യങ്ങള്‍, മിസ്റ്റിസിസം തുടങ്ങിയവക്ക് കീഴില്‍ വ്യവസ്ഥാവല്‍ക്കരിക്കപ്പെടുകയും പൗരോഹിത്യപരമായ അധികാരപ്രയോഗങ്ങളും ഗോത്രാധിപത്യപരമായ വിചാരവ്യവഹാരങ്ങളും മതത്തിന്റെയും ജീവിതത്തിന്റെയും ഭാഗമാവുകയും ചെയ്തതോടെ ഇത്തരം കാഴ്ചപ്പാടുകളെല്ലാം അട്ടിമറിഞ്ഞു. 

പേടിയില്‍നിന്നുള്ള മുക്തിയാണ് മതം വാഗ്ദാനം ചെയ്യുന്നതെങ്കില്‍, പേടിപ്പിച്ചും പേടിച്ചും ഉള്ള വികാസമാണ് പില്‍ക്കാലത്ത് ഉണ്ടായത്. അതായത്, മുകളില്‍ സൂചിപ്പിച്ച പൗരോഹിത്യവും അതിന്റെ പിന്‍ബലം നേടിയെടുത്ത രാഷ്ട്രാധികാരവും പേടിപ്പിച്ചും, മതത്തെ ഭൗതിക വിരക്തിയുടെ വീക്ഷണത്തില്‍ സമീപിച്ചവര്‍ സ്വയം പേടിച്ചും വികസിപ്പിച്ചത്. ഈ പേടിയുടെ പ്രധാന ആധാരങ്ങളിലും ഉപകരണങ്ങളിലും ഒന്നായി രതി മാറിയതോടെ അകറ്റിനിര്‍ത്തപ്പെടേണ്ട സ്വത്വമായിത്തീര്‍ന്നു പെണ്ണ്. അധികാരമാകട്ടെ, പുരുഷാധിപത്യപരമായ സ്വഭാവമാണ് പ്രകടിപ്പിച്ചത്. അപൂര്‍വമായി സ്ത്രീ അധികാരം കൈയാളിയിരുന്ന സന്ദര്‍ഭങ്ങളില്‍പോലും വ്യവസ്ഥ പുരുഷാധിപത്യപരം തന്നെയായിരുന്നു. വിവാഹവും കുടുംബജീവിതവും പോലും ഇത്തരത്തില്‍ ലിംഗമേല്‍ക്കോയ്മയുടെ സ്ഥാപനങ്ങളായിത്തീര്‍ന്നു. ഷഡ്കര്‍മനാരീ കുലധര്‍മ പത്‌നീ എന്ന ഒരു സങ്കല്‍പമുണ്ടായിരുന്നു ഇന്ത്യയില്‍. കാര്യശേഷിയില്‍, അതായത് ഭര്‍തൃസേവയില്‍ മന്ത്രിയും കര്‍മത്താല്‍ ദാസിയും സ്‌നേഹം കൊണ്ട് അമ്മയും ക്ഷമയില്‍ ഭൂമിയും രൂപത്തില്‍ ലക്ഷ്മിയും കിടപ്പറയില്‍ വേശ്യയുമായിരിക്കണം ഭാര്യ എന്നതാണത്. 

മനുഷ്യന്‍ പാലിക്കേണ്ട ധാര്‍മിക വിധിവിലക്കുകളുടെ പ്രതീകമാണ് സെമിറ്റിക് വേദഗ്രന്ഥങ്ങളില്‍ പറയുന്ന വിലക്കപ്പെട്ട കനി. എന്നാല്‍ പില്‍ക്കാലത്ത് ഇത് ലൈംഗികതയുമായി ചേര്‍ത്ത് വ്യാഖ്യാനിക്കപ്പെട്ടു. ആദമിനെ വഴിതെറ്റിക്കാന്‍ സകല ശ്രമങ്ങളും നടത്തി പരാജയപ്പെട്ട് അവസാനം സാത്താന്‍ സകല പൈശാചികഭാവങ്ങളെയും ഉരുക്കി വാര്‍ത്തെടുത്ത് ലൈംഗികതയെ നിര്‍മിച്ചുവെന്നും അത് സ്ത്രീയില്‍ നിക്ഷേപിച്ചതോടെ ആദം പ്രലോഭിതനായി പാപം പ്രവര്‍ത്തിച്ചുവെന്നും വരെ വ്യാഖ്യാനം കാണാം. ഇതില്‍ പുരുഷന്‍ മാത്രമാണ് കര്‍തൃസ്ഥാനത്ത് വരുന്നത്. വിശുദ്ധിയുടെ നിയമങ്ങള്‍ പെണ്ണിനു ബാധകമല്ലെന്നും പെണ്ണും ലൈംഗികതയും ചെകുത്താന്റെ സൃഷ്ടിയും പ്രലോഭനവുമാണെന്നുമുള്ള സന്ദേശങ്ങളാണ് ഇത് പകരുന്നത്. ആദിമാതാവ് പാപിനിയാണെന്നും അതോടൊപ്പം ഓരോ സ്ത്രീയിലും പാപിനിയായ ഓരോ ഹവ്വ കുടിയിരിക്കുന്നുണ്ടെന്നും തിയോളജിസ്റ്റുകള്‍ കവിത രചിച്ചു. 

ഇവിടെത്തുടങ്ങി ബാലവിവാഹം, സ്ത്രീധനം, വൈധവ്യം, തീണ്ടാരി, ശകുനം, ജാതകദോഷം തുടങ്ങി സ്ത്രീവിരുദ്ധമായ ഒട്ടേറെ ആചാരങ്ങള്‍ മതത്തിന്റെ പേരില്‍ നില നില്‍ക്കുകയും ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. 

ക്ലമന്റ് ഒഫ് അലക്‌സാണ്ഡ്രിയ എന്നറിയപ്പെടുന്ന ടൈറ്റസ് ഫ്‌ലേവിയസ് ക്ലമന്‍സ് ആണത്രെ ബൈബിളിലെ ആദം ആഖ്യാനത്തിലെ വിലക്കപ്പെട്ട കനിയെ ലൈംഗികതയായി ആദ്യം വ്യാഖ്യാനിച്ച ക്രിസ്ത്യന്‍ ദൈവശാസ്ത്ര പണ്ഡിതന്‍. റോമന്‍ ക്രിസ്തുമതത്തിന് രൂപം നല്‍കിയ തര്‍സൂസിലെ വിശുദ്ധ പൗലോസ് (സെന്റ് പോള്‍) രതിയെ പാപമായി കണ്ടിരുന്നില്ലെങ്കിലും വൈരാഗ്യജീവിതത്തെ വല്ലാതെ പുകഴ്ത്തിയിരുന്നു. കഴിവതും 'സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുക' തന്നെയാണ് നല്ലത് എന്നാണ് പൗലോസിന്റെ ഉപദേശം. സംയമനം പാലിക്കാന്‍ പറ്റാത്തവന്‍ വിവാഹം കഴിക്കട്ടെ എന്ന് അദ്ദേഹം കല്‍പിച്ചു (കോറിന്തോസുകാര്‍ക്കുള്ള ലേഖനം 7: 9). എന്നാല്‍ അവിവാഹിതനായിരിക്കുന്നവന്‍ കൂടുതല്‍ ശ്ലാഘനീയനാണെന്നും വിധിച്ചു (കോറി. 7:38). ഗ്രീക്ക് തത്ത്വചിന്തയിലെ ആശയവാദപരമായ ധാരകളുടെ സ്വാധീനമുണ്ടായിരുന്ന പോള്‍ അറിയപ്പെട്ടതുതന്നെ 'യവന സംസ്‌കാരത്തിന്റെ സന്തതി' എന്നായിരുന്നു. ജീവിതത്തെക്കുറിച്ച അദ്ദേഹത്തിന്റെ വിചാരങ്ങള്‍ മാംസവും ആത്മാവും (Flesh and Spirit) എന്ന ദ്വന്ദ്വബോധത്തിലധിഷ്ഠിതമായാണ് വികസിച്ചത്. അതുകൊണ്ടാണ് ലൈംഗികവിരക്തിക്ക് അദ്ദേഹം പ്രാധാന്യം നല്‍കിയത്. അതേസമയം തന്നെ ലൈംഗിക ജീവിതം വംശവര്‍ധനവിന് അനിവാര്യമാണെന്ന തിരിച്ചറിവും അദ്ദേഹത്തിനുണ്ടായിരുന്നു. ഈ വൈരുധ്യം അദ്ദേഹത്തിന്റെ ഉദ്‌ബോധനങ്ങളിലുടനീളം കാണാം. പതനത്തിന് നിമിത്തമായിത്തീര്‍ന്ന ആദ്യപാപമായി ലൈംഗികതയും വ്യാഖ്യാനിക്കപ്പെട്ടതോടെ ജീവിതം തന്നെ വൈരാഗ്യവും കാമവും തമ്മിലുള്ള ഏറ്റുമുട്ടലായിത്തീര്‍ന്നു. പാപബോധമുണര്‍ത്തുന്ന ഒന്നായി വിശ്വാസിയുടെ അവബോധത്തില്‍ കാമം നിലനില്‍ക്കുകയും ചെയ്തു. 

രതിയെ പാപവും പെണ്ണിനെ പാപത്തിലേക്കുള്ള വഴിയും പ്രലോഭനവുമായി വിലയിരുത്തുന്ന ചില സങ്കല്‍പനങ്ങള്‍ ഉല്‍പത്തി പുസ്തകത്തിലെ ആദം കഥക്ക് അനുബന്ധമായി യൂദപുരാണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഇതിലും, പരോക്ഷമായി രതിയാണ് വിലക്കപ്പെട്ട കനി എന്ന സങ്കല്‍പം ഉണ്ടാവുന്നുമുണ്ട്. ലിലിത്ത് എന്ന പെണ്ണിന്റെ കഥയാണ് ഇതില്‍ പ്രധാനം. ഈ കഥയുടെ സ്രോതസ്സ് ബാബിലോണിയന്‍ തല്‍മൂദില്‍ കണ്ടെത്താം. ലിലിത്ത് ആണ് ആദ്യത്തെ മനുഷ്യസ്ത്രീ. ആദാമിന്റെ ആദ്യഭാര്യ. ആദാമിനെ സൃഷ്ടിച്ച അതേസമയത്ത് (റോഷ് ഹഷ്‌നാഹ് എന്നാണ് ഈ ദിനത്തെ യൂദന്മാര്‍ വിളിക്കുന്നത്, അതാണ് തങ്ങളുടെ കലണ്ടറിലെ പുതുവത്സരദിനം  എന്നും അവര്‍ വിശ്വസിക്കുന്നു) അതേ മണ്ണില്‍നിന്നാണ് യാഹ്‌വെ അവളെയും സൃഷ്ടിച്ചത്. അതിനാല്‍ തനിക്ക് ആദാമിന്റെ തുല്യപദവിയുണ്ടെന്നും അയാള്‍ക്ക് വിധേയപ്പെട്ടു ജീവിക്കേണ്ട ആവശ്യം തനിക്കില്ലെന്നും അവള്‍ വാദിച്ചു. അതിനാല്‍തന്നെ കീഴ്‌പ്പെട്ടു ജീവിക്കാനുള്ള ദൈവത്തിന്റെ നിര്‍ദേശത്തിനെതിരെ ലിലിത്ത് കലാപമുണ്ടാക്കി. ആദാമുമായുള്ള കൂട്ടുജീവിതത്തിന് അവള്‍ വിസമ്മതം പ്രകടിപ്പിച്ചു. ഇക്കാരണത്താല്‍ ലിലിത്തിനെ ഏദന്‍ തോട്ടത്തില്‍നിന്നും പുറത്താക്കിയ ദൈവം അവളെ പിശാചുവത്കരിച്ചുകളഞ്ഞു. ലൈല്‍ എന്ന സെമിറ്റിക് പദത്തിന് രാത്രി എന്നര്‍ഥം. രാത്രിഞ്ചരയായ രാക്ഷസി, ദുര്‍മന്ത്രവാദിനി, ഇരുട്ടിന്റെ സൃഷ്ടി എന്നെല്ലാം ലിലിത്ത് എന്ന വാക്കിന് അര്‍ഥം വരും. ഈ പദം യെശയ്യ 34:14-ല്‍ വന്നിട്ടുണ്ട്. 'അത് കുറുക്കന്മാരുടെ സങ്കേതവും ഒട്ടകപ്പക്ഷികളുടെ താവളവും ആകും. കാട്ടുപൂച്ചയും കഴുതപ്പുലിയും ഏറ്റുമുട്ടും. കാട്ടാടുകള്‍ പരസ്പരം പോരു വിളിക്കും. രാത്രിയില്‍ ലിലിത്ത് അവിടെ ഇറങ്ങി വിശ്രമസങ്കേതം കണ്ടെത്തും. അവിടെ മൂങ്ങ കൂടു കെട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് ചിറകിന്‍ കീഴില്‍ അവയെ പോറ്റും. പരുന്തുകള്‍ ഇണയോടൊത്തു വിഹരിക്കും' (യെശയ്യാ 34:13-15). Septuagint-ല്‍ (തോറയുടെ ഗ്രീക്ക് പരിഭാഷ) ഇതിലെ ലിലിത്തിന് Onokentaurus എന്ന് അര്‍ഥം പറഞ്ഞിരിക്കുന്നു. ഇതിനെ ലത്തീനില്‍ Onocentaur എന്നു പരിഭാഷപ്പെടുത്താം. പാതി മനുഷ്യനായ ഒരു സങ്കല്‍പജന്തുവാണ് ഇത്. തല്‍മൂദ് ഇതിനെ രാപ്പിശാച് (Night Demon) എന്നാണ് വിളിക്കുന്നത്. ഇത്തരം യക്ഷിക്കഥകളൊന്നും പ്രവാചകന്റെ നാവിലൂടെ പുറത്തുവരാന്‍ ഒരു സാധ്യതയുമില്ല. King James ബൈബിളില്‍ കാണുന്ന Screech Owl, നമ്മുടെ പരിഭാഷകളിലുള്ള ദുര്‍മന്ത്രവാദിനി തുടങ്ങിയ ഏതെങ്കിലും അര്‍ഥമായിരിക്കും ഇതിന് ചേരുക. എന്നാല്‍ ഇതു വെച്ച് യൂദ നാടോടിക്കഥയിലെ ലിലിത്ത് എന്ന സങ്കല്‍പത്തിന് ആധികാരികത വരുത്താന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. 

ലിലിത്ത് പുറത്താക്കപ്പെട്ടതിനു ശേഷമാണത്രെ ആദാമിന് ഇണയായി ദൈവം ഹവ്വയെ സൃഷ്ടിച്ചത്. സമത്വവാദിയാവാതിരിക്കേണ്ടതിന് അവളെ ആദാമിന്റെ വാരിയെല്ലില്‍നിന്നാണു പോലും പടച്ചുണ്ടാക്കിയത്. ആണിനു കീഴിലായിരിക്കും, ആയിരിക്കണം എന്നും പെണ്ണ് എന്ന സങ്കല്‍പത്തിലേക്കാണ് ഇതിനെ വികസിപ്പിച്ചത്. എന്തെന്നാല്‍ അവളുടെ ഉല്‍പത്തി പോലും പുരുഷനോട് അവള്‍ക്കുള്ള ആശ്രിതത്വത്തൊണ് സൂചിപ്പിക്കുന്നത്. ഈ വാരിയെല്ലു കഥയുടെ ഉത്ഭവവും അര്‍ഥവും എന്തെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാല്‍ മനുഷ്യന്‍ ആണും പെണ്ണുമായി ഒരേസമയത്താണ് സൃഷ്ടിക്കപ്പെട്ടതെന്ന് ഉല്‍പത്തി ഒന്നാമധ്യായം 26, 27 വാക്യങ്ങളിലും അഞ്ചാമധ്യായം 1, 2 വാക്യങ്ങളിലും പറയുന്നുണ്ട്. അതേസമയം ഇതിനെയും ലിലിത്തിലേക്ക് ചേര്‍ത്തുകെട്ടാന്‍ ചിലര്‍ ശ്രമിച്ചുകാണുന്നു. ഒന്നാമധ്യായത്തില്‍ പറയുന്ന പെണ്ണ് ഹവ്വയല്ലെന്നും ലിലിത്ത് ആണെന്നുമാണ് അവിടെ വ്യാഖ്യാനം. 

യൂദപാരമ്പര്യമനുസരിച്ച് ലിലിത്ത് പിന്നീട് സര്‍പ്പമായി ഏദനില്‍ പ്രവേശിച്ച് ഹവ്വയെ വഞ്ചിച്ചു. അങ്ങനെ ഹവ്വ പ്രലോഭനമായി വര്‍ത്തിച്ചതോടെ ആദാം പാപം പ്രവര്‍ത്തിച്ചു. അതായത് ഈ രണ്ട് പെണ്ണുങ്ങള്‍ ചേര്‍ന്നാണ് ആദാമിനെ പ്രലോഭിപ്പിച്ചതും വഴിതെറ്റിച്ചതും. കനി ഭക്ഷിച്ചതിന്റെ പേരില്‍ ദൈവം ഹവ്വയെയും സര്‍പ്പത്തെയും ശപിക്കുന്നതായാണ് പിന്നീട് പറയുന്നത്. എന്നുവെച്ചാല്‍ ശാപമേറ്റുവാങ്ങുന്നത് രണ്ട് സ്ത്രീകളാണ്. ഹവ്വയും ലിലിത്തും. സാക്ഷാല്‍ സാത്താനും സ്വര്‍ഗത്തില്‍നിന്നും പുറത്താക്കപ്പെട്ട മാലാഖമാരും ലിലിത്തിനോടൊത്തുചേര്‍ന്നു. പുറത്താക്കപ്പെട്ട മാലാഖമാരില്‍നിന്നും ലിലിത്തിന് കുട്ടികള്‍ ജനിച്ചുവെന്നും കയേന്റെ ഭാര്യ ലിലിത്തിന്റെ മക്കളില്‍ ഒരുവളായ ലിലിം ആയിരുന്നെന്നും യൂദപാരമ്പര്യത്തില്‍ വിശ്വാസമുണ്ട്. കഴിവുകള്‍ നിറഞ്ഞ കയേന്റെ സന്തതികള്‍ക്ക് വിദ്യകള്‍ അഭ്യസിപ്പിച്ചത് ലിലിത്തിന്റെ മകനായ അസാസേല്‍ ആണെന്നും അവര്‍ കരുതുന്നു. രതിയുടെ പ്രതീകമായി പിന്നീട് ലിലിത്ത് മാറി. ഗ്രീസിലെ അഫ്രൊഡൈറ്റ്, റോമിലെ വീനസ്, ഈജിപ്തിലെ ഇസിസ്, ഇന്ത്യയിലെ ശക്തി തുടങ്ങിയ ദേവതകള്‍ രതിയുടെ പ്രതീകങ്ങളാണെങ്കിലും അവ ആരാധ്യമൂര്‍ത്തികളായാണ് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ യൂദപാരമ്പര്യത്തില്‍ രതി അവിശുദ്ധമായ ഒന്നായിത്തീര്‍ന്നു. അത് സ്ത്രീവിരുദ്ധതയുടെ മുഖവും കൂടി കൈക്കൊണ്ടു. ലൈംഗികതയെയും സ്ത്രീയെയും സംബന്ധിച്ച ഇത്തരം ധാരണകള്‍ പില്‍ക്കാലത്ത് മറ്റ് സെമിറ്റിക് മതവിഭാഗങ്ങളെക്കൂടി സ്വാധീനിച്ചതായി കാണാം. 

ലിലിത്തിന്റെ കഥ മുന്നോട്ടുവെക്കുന്ന പാഠങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം. ഒന്ന്, പുരുഷന് തുല്യമായ സ്ഥാനം വേണമെന്ന സ്ത്രീയുടെ ആവശ്യത്തെ ദൈവം അംഗീകരിച്ചില്ല. അത് ആവശ്യപ്പെട്ടതിന്റെ പേരില്‍ ലിലിത്തിനെ പുറത്താക്കി പകരം സൃഷ്ടിപ്പില്‍തന്നെ ആണിന് കീഴ്‌പ്പെട്ടു നില്‍ക്കുന്ന ഹവ്വയെയാണ് ആദാമിന് ഇണയായി നല്‍കിയത്. രണ്ട്, സാത്താന്റെ കൂടെപ്പോയ ലിലിത്ത് ലൈംഗികതയുടെ പ്രതീകമായി കരുതപ്പെട്ടു. അതായത് ലൈംഗികത പാപവും പൈശാചികവുമായി മാറി. മൂന്ന്, ദൈവത്തിന്റെ പ്രതിരൂപമായ മനുഷ്യനെ അഥവാ പുരുഷനെ വഴിതെറ്റിച്ചത് ലിലിത്ത്, അതിനായി ഉപയോഗപ്പെടുത്തിയത് ഹവ്വയെ. രണ്ട് സ്ത്രീകളാണ് പതനത്തിന് നിമിത്തമായതെന്നര്‍ഥം. നാല്, ലിലിത്തിന്റെ സന്തതികളായ ചെകുത്താന്മാരാണ് ഇപ്പോഴും മനുഷ്യനെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നത്. എന്നുവെച്ചാല്‍ സ്ത്രീയുടെ പ്രതികാരം മനുഷ്യനെ നരകത്തിലേക്ക് നയിച്ചു കൊണ്ടേയിരിക്കുന്നു. 

(അടുത്ത ലക്കത്തില്‍ അവസാനിക്കും)

 

(2017 ഫെബ്രുവരി 25,26 തീയതികളില്‍ കോഴിക്കോട്ട് ജി.ഐ.ഒ സംഘടിപ്പിച്ച മുസ്‌ലിം വിമന്‍സ് കൊളോക്കിയത്തില്‍ അവതരിപ്പിച്ച പ്രബന്ധം)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (10 - 14)
എ.വൈ.ആര്‍

ഹദീസ്‌

അവകാശധ്വംസനവും അവഹേളനവും
സി.എം റഫീഖ് കോക്കൂര്‍