Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 10

2992

1438 ജമാദുല്‍ ആഖിര്‍ 11

ഓസ്‌കാര്‍ നോമിനികള്‍ക്ക് വേണ്ട ആ ടൂര്‍ പാക്കേജ്

അബൂസ്വാലിഹ

കഴിഞ്ഞ ഫെബ്രുവരി 24-ന് അമേരിക്കയിലെ ലോസ് ആഞ്ചല്‍സ് ടൈംസ് പത്രത്തില്‍ ഒരു പേജ് കളര്‍ പരസ്യം പ്രത്യക്ഷപ്പെട്ടു. 'ഇസ്രയേല്‍ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്ത യാത്ര ഉപേക്ഷിക്കുക' എന്നായിരുന്നു തലക്കെട്ട്. പൊതു വായനക്കാരോടുള്ള അഭ്യര്‍ഥനയായിരുന്നില്ല അത്. ഈ വര്‍ഷം ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ക്കായി നോമിനേറ്റ് ചെയ്യപ്പെട്ട 26 പേരോട് മാത്രമുള്ള അഭ്യര്‍ഥനയായിരുന്നു. പരസ്യം നല്‍കിയത് ഫലസ്ത്വീനില്‍ നടക്കുന്ന സയണിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരെ അമേരിക്കയില്‍ പ്രചാരണം നടത്തുന്ന ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ്, യു.എസ് കാമ്പയിന്‍ ടു എന്‍ഡ് ദി ഇസ്രയേലി ഒക്കുപ്പേഷന്‍ എന്നീ രണ്ട് കൂട്ടായ്മകള്‍.

ഇതിനൊരു പശ്ചാത്തലമുണ്ട്. അമേരിക്കയില്‍ വെള്ള വംശീയവാദി ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതോടെ അതേ മനോഭാവമുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്‍യമിന്‍ നെതന്യാഹു വളരെ ആഹ്ലാദത്തിലാണ്. കൂടുതല്‍ ഫലസ്ത്വീന്‍ ഭൂമി കൈയേറാനുള്ള അവസരമായി നെതന്യാഹു ഇതിനെ കാണുന്നു. അതേസമയം അമേരിക്കയിലും യൂറോപ്പിലും ഇസ്രയേലിനെതിരെ ജനരോഷം വര്‍ധിച്ചുവരുന്നത് സയണിസ്റ്റ് ഭരണകൂടത്തെ അസ്വസ്ഥമാക്കുന്നുമുണ്ട്. അത് മറികടക്കാന്‍ 'ബ്രാന്റ് ഇസ്രയേല്‍' എന്ന പേരില്‍ പ്രതിഛായ നിര്‍മാണ കാമ്പയിനില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇസ്രയേലിലെ ടൂറിസം വകുപ്പ്. ഇതിനായി ഭീമമായ ഒരു തുകയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. 'മധ്യപൗരസ്ത്യ ദേശത്തെ ഏക ജനാധിപത്യ രാജ്യം സന്ദര്‍ശിക്കാന്‍ വരൂ' എന്നാണ് പരസ്യവാചകം.

പ്രതിഛായാ മിനുക്കലിന്റെ ഭാഗമായി പലതരം ഓഫറുകള്‍ നല്‍കുന്നുണ്ട്. അതിലൊന്നായിരുന്നു 26 ഓസ്‌കാര്‍ നോമിനികള്‍ക്കുള്ള സൗജന്യ ഇസ്രയേല്‍ ടൂര്‍. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ആഡംബര പാക്കേജാണിത്. ഒരാളുടെ യാത്രക്ക് തന്നെ അമ്പത്തിയയ്യായിരം ഡോളറിലധികം ഇസ്രയേലിന് ചെലവ് വരും. മുമ്പായിരുന്നെങ്കില്‍ ഹോളിവുഡ് നടീനടന്മാരിലും മറ്റു സാങ്കേതിക വിദഗ്ധരിലും ഭൂരിപക്ഷവും ഇസ്രയേല്‍ നീട്ടിയെറിഞ്ഞ ഈ ചൂണ്ടയില്‍ കൊത്തുമായിരുന്നു. പക്ഷേ, ഒരാളും ഇതുവരെ കൊത്തിയിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. നേരത്തേപ്പറഞ്ഞ സയണിസ്റ്റ്‌വിരുദ്ധ കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ സമൂഹത്തെ കാര്യമായി സ്വാധീനിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്.

ഇസ്രയേലിനെ ബഹിഷ്‌കരിക്കാനും അവിടെ മുതലിറക്കുന്നത് നിരുത്സാഹപ്പെടുത്താനും അതിനെതിരെ ഉപരോധമേര്‍പ്പെടുത്താനും (Boycotts, Disvestments and Sanctions-BDS) പ്രവര്‍ത്തിക്കുന്ന ഫലസ്ത്വീന്‍ ദേശീയ ഏകോപന സമിതി ചലച്ചിത്ര പ്രവര്‍ത്തകരുടെ നിലപാടിനെ സ്വാഗതം ചെയ്തു. ഏറ്റവുമൊടുവിലത്തെ 'പ്യൂ റിപ്പോര്‍ട്ടി' (Pew Report)ല്‍ ലിബറല്‍ ഡെമോക്രാറ്റുകളില്‍ 40 ശതമാനം ഫലസ്ത്വീനികളെ പിന്തുണക്കുമ്പോള്‍, ഇസ്രയേലിനെ അനുകൂലിക്കുന്നവര്‍ 33 ശതമാനം മാത്രമാണ്. ഫലസ്ത്വീനികളെ ഭീകരതയുമായി മാത്രം ചേര്‍ത്തുപറയുന്ന ഒരു കാലമുണ്ടായിരുന്നു പാശ്ചാത്യ നാടുകളില്‍. അത് അവസാനിക്കുകയാണ്. ഇസ്രയേലിനെ ഭീതിപ്പെടുത്തുന്നതും ഈ മാറ്റം തന്നെ. 

 

'റയിസ്' പ്രദര്‍ശനത്തിനെത്തുന്നു

 

ഈ കുറിപ്പ് വെളിച്ചം കാണുമ്പോഴേക്കും തുര്‍ക്കി തിയേറ്ററുകളില്‍ 'റയിസ്' പ്രദര്‍ശനം തുടങ്ങിയിട്ടുണ്ടാവും. മൂന്നു തവണ തുര്‍ക്കി പ്രധാനമന്ത്രിയായിരുന്ന, ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന 'അക്' പാര്‍ട്ടി നേതാവ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ആദ്യകാല ജീവിതത്തെ ആധാരമാക്കി നിര്‍മിച്ച ഫീച്ചര്‍ സിനിമയാണിത്. ഇസ്തംബൂളിലെ കാസിംപാഷ തെരുവില്‍ ചെലവിട്ട ബാല്യകാലത്തു നിന്ന് തുടങ്ങി ഇസ്തംബൂള്‍ മേയറായിരിക്കെ 'മത സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കുന്ന' കവിത ചൊല്ലിയതിന് മേയര്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട് 1999-ല്‍ ജയിലില്‍ പോകുന്നതുവരെയുള്ള ജീവിതകാലമാണ് ചിത്രീകരിച്ചിരിക്കുന്നത്. 'അക്' പാര്‍ട്ടിയോ പാര്‍ട്ടിയുടെ അധികാരാരോഹണമോ ഒന്നും ചിത്രത്തില്‍ വരുന്നില്ല.

ഉര്‍ദുഗാന്റെ വിളിപ്പേരാണ് 'റയിസ്' (റഈസ് എന്ന അറബി വാക്കിന്റെ ടര്‍ക്കിഷ് തത്ഭവം. 'നേതാവ്' എന്നര്‍ഥം). ഇസ്തംബൂള്‍ മേയറായിരിക്കെയാണ് അനുയായികള്‍ ആ പേരില്‍ ഉര്‍ദുഗാനെ അഭിസംബോധന ചെയ്യാന്‍ തുടങ്ങിയത്. ഒന്നിനെയും കൂസാത്ത, ആരുടെ മുന്നിലും കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന ഈ 'യുവതുര്‍ക്കി'യാവണം സംവിധായകന്‍ ഹുദാ വര്‍ദി യാവൂസിനെ ആകര്‍ഷിച്ചിരിക്കുക. ഉരുളക്കുപ്പേരി ഡയലോഗുകളാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ഒറ്റവരി ഡയലോഗുകളും (Oneliners) ധാരാളം. ചിത്രത്തില്‍ യുവ ഉര്‍ദുഗാനെ അവതരിപ്പിക്കുന്നത് പ്രശസ്ത തുര്‍ക്കി നടന്‍ റഹ ബയോഗ്‌ലു ആണ്. ഉര്‍ദുഗാനുമായി വളരെയധികം രൂപസാദൃശ്യമുണ്ട് ഈ നടന്. ഭാര്യ അമീനയായി അഭിനയിക്കുന്നത് തുര്‍ക്കി നടി ഒസ്‌ലാം ബാല്‍ജി. കുട്ടിയായ ഉര്‍ദുഗാനെ അവതരിപ്പിക്കുന്നത് ബാല നടന്‍ ബാതുഹാന്‍ ഇസിക് ഗുരലും.

ചിത്രം പ്രദര്‍ശനത്തിനെത്തിയ സമയത്തെച്ചൊല്ലി വിവാദം കൊഴുക്കുകയാണ്. രാജ്യം പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറണോ വേണ്ടേ എന്ന വിഷയത്തില്‍ ഏപ്രില്‍ രണ്ടാം വാരം തുര്‍ക്കിയില്‍ ഹിതപരിശോധന നടക്കുകയാണ്. ജനാഭിപ്രായം ഉര്‍ദുഗാന് അനുകൂലമായി മാറ്റിയെടുക്കുന്നതിനു വേണ്ടിയാണ് ചിത്രം അതിന് തൊട്ട് മുമ്പായി പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത് എന്നാണ് ആരോപണം. സംവിധായകന്‍ യാവൂസ് ഈ ആരോപണം തള്ളിക്കളയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തേണ്ടതാണ്. സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോയി. '' ഇത് ഞങ്ങളുടെ മാത്രം സിനിമയാണ്. യാതൊരു പ്രചാരണാംശവും ഇതില്‍ ഇല്ല.'' ഉര്‍ദുഗാന്റെ അനുവാദം വാങ്ങിയല്ല സിനിമ നിര്‍മിച്ചിട്ടുള്ളതെന്നും സംവിധായകന്‍ വ്യക്തമാക്കി.

 

 

 

അബ്ദുര്‍റഹ്മാന്‍ മുര്‍സി എവിടെ?

 

 

രണ്ടാഴ്ച മുമ്പാണ് ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ കേന്ദ്ര നിര്‍വാഹക സമിതി അംഗമായ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ മുര്‍സിയെയും ഒപ്പമുള്ള എട്ടു പേരെയും സ്വേഛാധിപതി അബ്ദുല്‍ ഫത്താഹ് സീസിയുടെ പോലീസ് പിടിച്ചുകൊണ്ടുപോയത്. അറസ്റ്റിനെക്കുറിച്ച് പോലീസ് ഒന്നും പറയുന്നില്ല. ഈ മുതിര്‍ന്ന നേതാവിനെ തട്ടിക്കൊണ്ടുപോയി വധിച്ചിരിക്കാമെന്ന് സംശയിക്കുന്നവര്‍ ഏറെ. പോലീസിന്റെ മൗനം അതാണ് സൂചിപ്പിക്കുന്നതെന്ന് അവര്‍ പറയുന്നു. മാസങ്ങള്‍ക്കു മുമ്പ് കേന്ദ്ര കൂടിയാലോചനാ സമിതിയിലെ മറ്റൊരു അംഗമായ മുഹമ്മദ് കമാലിനെ പോലീസ് തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

ട്രംപും നെതന്യാഹുവും കൈയയച്ച് സഹായിക്കുന്ന ഒരു ഭരണകൂടത്തില്‍നിന്ന് ഇതിലപ്പുറവും തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് ഇഖ്‌വാന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ ജമാല്‍ ഹശ്മത്ത് പ്രതികരിച്ചു: ''പരീക്ഷണ പര്‍വങ്ങള്‍ താണ്ടിക്കടക്കാന്‍ പരിശീലനം ലഭിച്ച ഒരു വിഭാഗമാണ് ഇഖ്‌വാനികള്‍. ഇതുകൊണ്ടൊന്നും അവരെ തളര്‍ത്താനാവുകയില്ല.'' സംഘടനാ തലത്തില്‍ ഈയിടെയായി കണ്ടുവരുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ ഗവണ്‍മെന്റിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ സഹായകമായിത്തീരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (10 - 14)
എ.വൈ.ആര്‍

ഹദീസ്‌

അവകാശധ്വംസനവും അവഹേളനവും
സി.എം റഫീഖ് കോക്കൂര്‍