Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 10

2992

1438 ജമാദുല്‍ ആഖിര്‍ 11

അമേരിക്കന്‍ ബഹുസ്വരത പ്രശംസനീയമാകുന്നത്

സി.എച്ച് മുഹമ്മദലി, കൂട്ടിലങ്ങാടി

വി.പി അഹ്മദ് കുട്ടി ടൊറണ്ടോ എഴുതിയ 'ട്രംപും അമേരിക്കന്‍ മുസ്‌ലിംകളും' എന്ന ലേഖന പരമ്പര (പ്രബോധനം ജനുവരി 20, 27, ഫെബ്രുവരി 3,10) രൂപീകരണം തൊട്ട് ഇന്നേവരെ അമേരിക്കന്‍ ഐക്യനാടുകള്‍ പിന്തുടര്‍ന്ന  ബഹുസ്വര സംസ്‌കാരം സമഗ്രമായി വിശദീകരിക്കുന്നു. 

അതിനു വിരുദ്ധമായി ഏതൊക്കെ കാലത്ത് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വെല്ലുവിളികളുണ്ടായോ അപ്പോഴൊക്കെ ബഹുജനം ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ട്. അമേരിക്കയെ വിമര്‍ശിക്കുക മാത്രം ചെയ്യുന്നവര്‍ മനസ്സിരുത്തി വായിക്കേണ്ട ലേഖനമാണിതെന്നു തോന്നുന്നു. ജനങ്ങളുടെ ആഹാര സ്വാതന്ത്ര്യത്തില്‍ വരെ ഇടെപടുകയും ന്യൂനപക്ഷങ്ങളോട് പാകിസ്താനില്‍ പോകാന്‍ ആവശ്യപ്പെടുകയും അടിച്ചമര്‍ത്തുകയും  ചെയ്തിട്ടും ഇവിടെ പൊതുജനത്തില്‍ വലിയ പ്രതികരണമൊന്നുമുണ്ടായില്ല! ജയിലിലടക്കപ്പെട്ട ന്യൂനപക്ഷ സമുദായാംഗങ്ങള്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം കുറ്റക്കാരല്ലെന്നു കണ്ട് മോചിതരായപ്പോള്‍ അവര്‍ക്കുണ്ടായ മാനഹാനിക്കും ആയുസ്സ് നഷ്ടപ്പെട്ടതിനും എന്തു നഷ്ടപരിഹാരമാണുണ്ടായത്? 

ഏറെക്കാലത്തിനു ശേഷം ട്രംപ് എന്ന പ്രസിഡന്റ് ഈ അമേരിക്കന്‍ രൂപീകരണോദ്ദേശ്യത്തിന് എതിരായ നിലപാടെടുത്തപ്പോള്‍ ഭൂരിപക്ഷം പൊതുജനവും രാജ്യത്തെ നിയമജ്ഞരും അതിനെതിരെ രംഗത്തുവന്നു. ഈ ബഹുസ്വരതയും മനുഷ്യത്വപരമായ സമീപനങ്ങളും അമേരിക്കയില്‍ മാത്രമല്ല മിഡിലീസ്റ്റില്‍ ജോലി ചെയ്തപ്പോഴും അനുഭവിക്കുകയുണ്ടായി. അവിടെ കമ്പനിയുടെ തലപ്പത്തുണ്ടായിരുന്ന അമേരിക്കന്‍ പൗരന്മാര്‍ അറബ് മേലാളന്മാര്‍ക്കെതിരെ ഏഷ്യക്കാരും അഫ്രിക്കക്കാരുമായ തൊഴിലാളികളെ സഹായിക്കുന്നത് കണ്ടപ്പോള്‍ തന്നെ അവരുടെ മനുഷ്യത്വപരമായ സമീപനം തിരിച്ചറിഞ്ഞിരുന്നു. അതിനൊരു അടിസ്ഥാനമുണ്ടെന്ന് മനസ്സിലാക്കുന്നത് ഇപ്പോഴാണ്. വസ്തുനിഷ്ഠവും ഇത്തരം ഉള്‍ക്കാഴ്ച നല്‍കുന്നതുമായ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.


 

 

പേരിലെ പ്രശ്‌നം തന്നെ

 

സലീം കരുവന്‍തിരുത്തി, അജ്മാന്‍

 

'പേരിലെ പ്രശ്‌നം ഗുരുതരം തന്നെ' (എം.ടി ഫൗസിയ തൃപ്പനച്ചി-ലക്കം:36) എന്ന കത്തും 'പേരിലെ പ്രശ്‌നം' (ഉമര്‍ അബൂബക്കര്‍-ലക്കം:38) എന്ന മറുകുറിപ്പും വായിച്ചു. 'മുസ്‌ലിം പേരുകള്‍ കൊണ്ട് പലപ്പോഴും പ്രയാസപ്പെടുന്നു. ഒരേ പേരിനു തന്നെ പല സ്‌പെല്ലിംഗ്. ഇതൊന്ന് ഏകീകരിച്ചുകൂടേ?' എന്ന സഹപ്രവര്‍ത്തകയുടെ ചോദ്യത്തിന് പരിഹാരം കാണേണ്ടതുണ്ട് എന്ന ചിന്തയാണ് എം.ടി ഫൗസിയയുടെ കത്തിന് പ്രേരകം. അഭിനന്ദനാര്‍ഹമായ ഉദ്യമമാണത്. അറബിയിലെ സാങ്കേതിക പദങ്ങള്‍ മലയാള ഭാഷയില്‍ എകീകരിക്കുന്നതില്‍ പ്രബോധനം വഹിക്കുന്ന പങ്ക് നിസ്തുലമാണല്ലോ (ഇസ്‌ലാം, മുസ്‌ലിം, അല്ലാഹു, റമദാന്‍, ആഇശ, ഇസ്മാഈല്‍, ഇബ്‌റാഹീം തുടങ്ങിയ പേരുകള്‍ ശ്രദ്ധിക്കുക).

ഈയിടെ 'പ്രവാസി ഇന്ത്യ'യുടെ കീഴില്‍ പ്രവാസികള്‍ക്കായി നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. അജ്മാനില്‍നിന്നുള്ള അപേക്ഷകള്‍ ഈയുള്ളവനാണ് കമ്പ്യൂട്ടറില്‍ ഏകീകരിച്ചത്. എല്ലാ ജനവിഭാഗങ്ങളില്‍നിന്നുമുള്ള ആ ലിസ്റ്റില്‍ അറബി പേരുകളുടെ സ്‌പെല്ലിംഗ് ആണ് വളരെയധികം വ്യത്യാസങ്ങളോടെ കാണാന്‍ കഴിഞ്ഞത്. കേവലം മൂന്ന് അക്ഷരങ്ങളുള്ള സിദ്ദീഖ് എന്ന പേര് SIDIK മുതല്‍  SIDDHEEQUE വരെ മുപ്പതോളം തരത്തിലാണ് കണ്ടത് (ഇതെല്ലാം അവരവരുടെ പാസ്‌പോര്‍ട്ടിലുള്ളതാണെന്ന് ഓര്‍ക്കുക). പങ്കജാക്ഷന്‍ പിള്ള പോലുള്ള പേരുകള്‍ പോലും ഒരേ സ്‌പെല്ലിംഗില്‍ ആവര്‍ത്തിക്കുമ്പോഴാണിത്. മുഹമ്മദ് പോലുള്ള സര്‍വസാധാരണമായ പേരുകള്‍ പോലും വ്യത്യസ്ത സ്‌പെല്ലിംഗുകളോടെയാണ് കാണാനായത്.

പക്ഷേ തികച്ചും അസാധാരണമായ, ഭീതിദമായ ഒരു വീക്ഷണത്തിലൂടെയാണ് മറുകുറിപ്പുകാരന്‍ ഈ വിഷയത്തെ കണ്ടത്. 'ഇത്തരം പോരായ്മകള്‍ പ്രത്യേക ജനവിഭാഗത്തിനെതിരെ ഉന്നയിക്കുമ്പോള്‍ കുറച്ച് കരുതല്‍ നല്ലതാണെന്നും എല്ലാ ജനവിഭാഗങ്ങള്‍ക്കും ബാധകമായ ഒരു വിഷയം ഒരു വിഭാഗത്തിന്റെ സാംസ്‌കാരിക തകര്‍ച്ചയായും പോരായ്മയായും എടുത്തു കാണിക്കുമ്പോള്‍ അത് അസഹിഷ്ണുതയായി കരുതേണ്ടി വരുമെന്നും' അദ്ദേഹം ഭയപ്പെടുന്നു.

ഇതിനെ സാംസ്‌കാരിക തകര്‍ച്ചയായും പോരായ്മയായും കുറിപ്പുകാരന്‍ വ്യാഖ്യാനിക്കുന്നതെന്തിനെന്നും അറബി പേരുകള്‍ ഐ.ടിയുടെ സഹായത്തോടെ ഏകീകരിച്ച് ജനന സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കുന്നത് അസഹിഷ്ണുതയാകുന്നതെങ്ങനെ എന്നും മനസ്സിലാകുന്നില്ല! 

സമകാലിക സാമൂഹിക സമ്മര്‍ദങ്ങള്‍ മനുഷ്യമനസ്സുകളെ എങ്ങനെ രോഗാതുരമാക്കുന്നു എന്ന് മനസ്സിലാക്കി വേണമത്രെ അറബി പേരുകള്‍ മറ്റു ഭാഷകളില്‍ എഴുതുമ്പോള്‍ സ്‌പെല്ലിംഗ് ഏകീകരിക്കാന്‍! ഇസ്‌ലാമോഫോബിയയുടെ ഈ കാലത്ത് മുസ്‌ലിം മനസ്സുകളുടെ ഏകീകരണം അവിടെ നില്‍ക്കട്ടെ, അവരുടെ പേരിലെ സ്‌പെല്ലിംഗുകള്‍ ഏകീകരിക്കുന്നതിനെ പോലും ഇത്രയും ഭയപ്പാടോടെ നോക്കിക്കാണുന്നതിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്!!

 

കലാകാരന്മാര്‍ക്ക് തുറന്ന കത്ത് 

സി.പി റുഫൈദ് വള്ളിക്കാട് 

 

സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ മകന്‍ അഛനെ കുത്തിക്കൊല്ലുന്നു, പ്രണയം നിരസിച്ചതിന് കാമുകിയെ ചുട്ടുകൊല്ലുന്നു, പുരുഷാധികാരം സ്ഥാപിക്കാന്‍ സ്ത്രീയെ മാനഭംഗപ്പെടുത്തുന്നു, അഛന്‍ മകളെ പീഡിപ്പിക്കുന്നു, പ്രണയനൈരാശ്യത്താലും മറ്റും ലഹരിക്ക് അടിപ്പെടുന്നു..... ഇങ്ങനെയാണ് സിനിമയിലെ ജീവിതങ്ങള്‍! ഇന്ന് സിനിമയെ മാതൃകയാക്കുന്നവര്‍ ഏറെയാണ്. അതുകൊണ്ടുതന്നെ സിനിമയിലെ ഇത്തരം രംഗങ്ങള്‍ സമൂഹത്തിന്റെ സാംസ്‌കാരിക മേഖലയെ എങ്ങോട്ടു നയിക്കുമെന്നത് ചിന്തിക്കാവുന്നതേയുള്ളൂ. 

സിനിമ അശ്ലീല രംഗങ്ങള്‍ മാത്രമുള്ള കലയാണെന്ന് അഭിപ്രായമില്ല. മറിച്ച്, സമൂഹത്തില്‍ നന്മയുടെയും സ്‌നേഹത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും സന്ദേശങ്ങള്‍ നല്‍കുന്ന സിനിമകളും ഏറെയുണ്ട്.

സിനിമ സമൂഹത്തിന്റെ സാംസ്‌കാരിക ദിശ കൂടിയാണെന്ന് മനസ്സിലാക്കിക്കൊണ്ടാകണം ഓരോ സിനിമയും അണിയിച്ചൊരുക്കുന്നത്. 'വാക്കുകളേക്കാള്‍ ഉറക്കെ പ്രവൃത്തികള്‍ ശബ്ദിക്കും' എന്നതുകൊണ്ടുതന്നെ തങ്ങള്‍ ആരാധിക്കുന്ന നടീനടന്മാര്‍  കള്ളു കുടിക്കുന്നതും സിഗരറ്റ് വലിക്കുന്നതും ബലാത്സംഗം ചെയ്യുന്നതും മറ്റുമായ രംഗങ്ങള്‍ സിനിമയില്‍ കാണിക്കുമ്പോള്‍ ദൃശ്യത്തിന്റെ താഴെ 'മദ്യപാനവും ലഹരിയും ആരോഗ്യത്തിന് ഹാനികരം' എന്ന് എഴുതിക്കാണിക്കുന്നതിന് എന്തര്‍ഥമാണുള്ളത്! ഇത് ആരുടെ കണ്ണില്‍ പൊടിയിടാനാണ്..!

സിനിമാ മേഖലയെ തച്ചുടക്കണമെന്നോ, സിനിമ ഇല്ലാതാവണമെന്നോ അല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, സിനിമ വേണം സമൂഹത്തിന്റെ തിന്മകള്‍ക്കെതിരെയുള്ള ശബ്ദമായി, മതസൗഹാര്‍ദത്തിന്റെ ചരിത്രവും അനിവാര്യതയും പഠിപ്പിക്കാന്‍, നന്മയുടെ വിത്തുകള്‍ പാകാന്‍, സ്ത്രീ സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരാന്‍......ഇങ്ങനെ സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ നീതിയുടെയും നന്മയുടെയും ചലനം സൃഷ്ടിക്കാന്‍ സിനിമക്ക് കഴിയേണ്ടതുണ്ട്.

സഹപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചപ്പോള്‍ സിനിമാ മേഖലയില്‍നിന്നുയര്‍ന്നുവന്ന പ്രതികരണങ്ങള്‍ ആശാവഹമാണ്. 'ഞാന്‍ ഇനി സ്ത്രീകളെ അപമാനിക്കുന്ന സിനിമകളില്‍ അഭിനയിക്കില്ല'  എന്ന പ്രഖ്യാപനം ഒരു തിരിച്ചറിവിന്റെ ഭാഗമാണ്; സിനിമ സ്ത്രീവിരുദ്ധത ഉല്‍പാദിപ്പിക്കുന്നു എന്ന തിരിച്ചറിവ്. ഈ വാക്കുകള്‍ നമുക്ക് രണ്ടു സന്ദേശങ്ങളാണ് നല്‍കുന്നത്. ഒന്നാമതായി, 'ഇനി അഭിനയിക്കില്ല' എന്നാണ് പറഞ്ഞത്. അതായത് ഇതുവരെ പല സിനിമകളിലും സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ സ്ത്രീ ആക്രമിക്കപ്പെടുന്നതില്‍ സിനിമക്കും ഏതൊക്കെയോ രീതിയില്‍ പങ്കുണ്ട് എന്നര്‍ഥം. രണ്ടാമതായി ചില നടന്മാരെങ്കിലും മുന്‍കൈയെടുത്ത് തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്ന രംഗങ്ങള്‍ ഇനി മലയാള സിനിമയില്‍നിന്ന് ഒഴിവാക്കും എന്ന് പ്രതീക്ഷിക്കാം. 

സിനിമയെ ജീവിതത്തിന്റെ ഭാഗമാക്കിയവര്‍ക്ക്, ഉത്കൃഷ്ട സാംസ്‌കാരിക മാതൃകകള്‍ നല്‍കുന്ന കലാവിഷ്‌കാരങ്ങള്‍ നടത്താന്‍ അതത് മേഖലകളില്‍ സാധിക്കട്ടെ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (10 - 14)
എ.വൈ.ആര്‍

ഹദീസ്‌

അവകാശധ്വംസനവും അവഹേളനവും
സി.എം റഫീഖ് കോക്കൂര്‍