Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 03

2991

1438 ജമാദുല്‍ ആഖിര്‍ 04

മുസ്‌ലിം തത്ത്വചിന്ത: ഉറവിടം, ഉള്ളടക്കം

എ.കെ അബ്ദുല്‍ മജീദ്

മുഴുവന്‍ കണ്ടെടുക്കുകയാണെങ്കില്‍ മാനവരാശിയുടെ ചിന്തയുടെ സുവര്‍ണ യുഗം എന്ന് പത്താം നൂറ്റാണ്ടിലെ മുസ്‌ലിം നാഗരികതയെ വിശേഷിപ്പിക്കാനാവുമെന്ന് നാഗരികതകളുടെ ചരിത്രകാരനായ വില്‍ ഡ്യൂറാന്റ് തന്റെ ഭുവനപ്രശസ്തമായ ദ സ്റ്റോറി ഓഫ് സിവിലൈസേഷനില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മുസ്‌ലിം തത്ത്വചിന്തയുടെ ചെറിയ ഒരംശം മാത്രമേ ഗവേഷകര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളൂ. 'നഷ്ടപ്പെട്ട ചരിത്ര'ത്തില്‍നിന്ന് ഭാഗ്യം കൊണ്ട് കണ്ടുകിട്ടിയ ഈ അംശത്തെ തന്നെ മഹാ വിസ്മയമായാണ് മൈക്ക്ള്‍ എച്ച്. മോര്‍ഗനെപ്പോലുള്ള ആധുനിക ഗവേഷകര്‍ കാണുന്നത് (അദ്ദേഹത്തിന്റെ 'ലോസ്റ്റ് ഹിസ്റ്ററി' എന്ന നാഷ്‌നല്‍ ജ്യോഗ്രഫി  പ്രസിദ്ധപ്പെടുത്തിയ പുസ്തകം നോക്കുക).

ലോകചരിത്രത്തില്‍ കഴിഞ്ഞുപോയ പ്രധാനപ്പെട്ട എല്ലാ നാഗരികതകളിലും തത്ത്വചിന്ത നിലനിന്നിട്ടുണ്ട്. ഗ്രീക്ക് ഭാഷയിലെ ഫിലോ, സോഫിയ എന്നീ രണ്ട് പദങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടായ ഫിലോസഫി എന്ന വാക്കിന്റെ പരിഭാഷയായാണ് മലയാളത്തില്‍ നാം തത്ത്വചിന്ത അല്ലെങ്കില്‍ തത്ത്വശാസ്ത്രം എന്ന് ഉപയോഗിക്കുന്നത്. അറിവിനോടുള്ള താല്‍പര്യവും സ്‌നേഹവുമാണ് ഈ വാക്ക് അര്‍ഥമാക്കുന്നത്. അറിവ് അന്വേഷിക്കാനും കണ്ടെത്താനുമുള്ള മനുഷ്യന്റെ ബോധപൂര്‍വമായ ശ്രമങ്ങളെ ഈ വാക്ക് അടയാളപ്പെടുത്തുന്നു. ചോദ്യങ്ങള്‍ ചോദിച്ചും വിശകലനം ചെയ്തും യുക്തിയുക്തമായി ചിന്തിച്ചും സംവാദങ്ങളില്‍ ഏര്‍പ്പെട്ടും ഉള്‍ക്കാഴ്ചയിലൂടെയുമെല്ലാം മനുഷ്യന് അറിവു നേടാന്‍ സാധിക്കും. തുടക്കത്തില്‍ എല്ലാ വിജ്ഞാന ശാഖകളെയും തത്ത്വചിന്തയുടെ ഉപവിഭാഗങ്ങളായാണ് പരിഗണിച്ചുപോന്നിരുന്നത്. ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം, ഗോളശാസ്ത്രം, വൈദ്യം എന്നിവയെല്ലാം തത്ത്വചിന്തയുടെ പരിധിയിലാണ് പൂര്‍വ നാഗരികതകള്‍ ഉള്‍പ്പെടുത്തിപ്പോന്നിരുന്നത്. വൈജ്ഞാനിക പൈതൃകത്തെ സമഗ്രമായി ദര്‍ശിക്കുന്ന കാഴ്ചപ്പാടാണ് യൂറോപ്യന്‍ ആധുനികതയുടെ ഉദയത്തിനു മുമ്പുവരെ ലോകത്ത് നിലനിന്നിരുന്നത് എന്നാണിത് കാണിക്കുന്നത്. അറിവിന്റെ ന്യൂനീകരണവും വിശേഷവത്കരണവും ആധുനികതയുടെ സംഭാവനയാണ്. ഇസ്‌ലാമിക നാഗരികതയും വിജ്ഞാനത്തെ അവിഛിന്നമായ സാകല്യമായി ദര്‍ശിച്ചു.

തത്ത്വചിന്തയെ സൂചിപ്പിക്കുന്നതിന് മുസ്‌ലിം ദാര്‍ശനികര്‍ ഗ്രീസില്‍നിന്ന് കിട്ടിയ ഫിലോസഫിയുടെ അറബിരൂപമായ 'ഫല്‍സഫ'യും ഇസ്‌ലാമിക സംസ്‌കൃതിയില്‍ ഉരുവം കൊണ്ട 'ഹിക്മ'യും സമാനാര്‍ഥങ്ങളില്‍ ഉപയോഗിച്ചതായി കാണാം. തത്ത്വജ്ഞാനത്തെ സൂചിപ്പിക്കാന്‍ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും ഉപയോഗിച്ച പദമാണ് ഹിക്മ. യവന ഗ്രന്ഥങ്ങളുടെ പരിഭാഷക്കു വേണ്ടി ബഗ്ദാദില്‍ അബ്ബാസീ ഖലീഫ അല്‍ മഅ്മൂന്‍ സ്ഥാപിച്ച കാര്യാലയത്തിന്റെ പേര് 'ബൈത്തുല്‍ ഹിക്മ' എന്നായിരുന്നു. ഖുര്‍ആനില്‍ 'ഹിക്മ' എന്ന പദം ഇരുപതു സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. 'താനുദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു തത്ത്വജ്ഞാനം (ഹിക്മ) നല്‍കുന്നു. ഏതൊരാള്‍ക്ക് തത്ത്വജ്ഞാനം നല്‍കപ്പെടുന്നുവോ അയാള്‍ക്ക് അത്യധികമായ നന്മയാണ് നല്‍കപ്പെടുന്നത്' (2:269) എന്ന വചനത്തില്‍ തത്ത്വജ്ഞാനത്തെ വലിയ ദൈവികാനുഗ്രഹമായാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. ഖുര്‍ആനെ 'തത്ത്വജ്ഞാനഭരിതമായ ഗ്രന്ഥം' എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു (31:2). പ്രവാചകന്മാര്‍ക്ക് 'ഹിക്മത്ത്' നല്‍കിയതിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. ഈസാ പ്രവാചകന് തത്ത്വജ്ഞാനം നല്‍കി എന്ന് 3:48-ല്‍ കാണാം. 3:81-ല്‍ എല്ലാ പ്രവാചകന്മാര്‍ക്കും തത്ത്വജ്ഞാനം നല്‍കി എന്നു പൊതുവായി പ്രസ്താവിക്കുന്നു. ഖുര്‍ആന്‍ പ്രവാചകന്മാരുടെ ഗണത്തില്‍ എണ്ണിയിട്ടില്ലാത്ത ലുഖ്മാന്‍ എന്ന ജ്ഞാനിക്ക് ഹിക്മ നല്‍കിയതിനെക്കുറിച്ചും ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട് (31:12).

വസ്തുക്കള്‍, വസ്തുതകള്‍, അസ്തിത്വം, പ്രാപഞ്ചിക പ്രതിഭാസങ്ങള്‍, അനുഷ്ഠാനങ്ങള്‍ മുതലായവക്ക് ആധാരമായി വര്‍ത്തിക്കുന്ന പൊതുവായ തത്ത്വങ്ങളെക്കുറിച്ചുള്ള അവബോധപ്രധാനമായ ജ്ഞാനമാണ് 'ഹിക്മ'യുടെ വിവക്ഷ. മനുഷ്യന് ലഭ്യമായ എല്ലാതരം അറിവുകളെയും സംബന്ധിച്ചുള്ള ഗാഢമായ മനനങ്ങളെ അത് വ്യജ്ഞിപ്പിക്കുന്നു. മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും അസ്തിത്വത്തെ മുന്‍നിര്‍ത്തിയുള്ള വിചാരങ്ങളാണ് ഹിക്മയിലേക്ക് നയിക്കുന്നത്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളായി പരിഗണിക്കപ്പെട്ടുപോരുന്ന ഇല്‍മുല്‍ കലാം (ദൈവ/വചനശാസ്ത്രം), ഉസ്വൂലുല്‍ ഫിഖ്ഹ് (കര്‍മ-നിദാനശാസ്ത്രം), നഹ്‌വ് (വ്യാകരണം), ഇല്‍മുത്തസ്വവ്വുഫ് (ആധ്യാത്മിക വിജ്ഞാനീയം), മഅ്‌രിഫത്/ഇര്‍ഫാന്‍ (ആത്മജ്ഞാനം) എന്നിവയുടെയെല്ലാം ഉറവിടം ഹിക്മയാണ്. ധൈഷണികമായ ഈശ്വരാന്വേഷണത്തെ 'അല്‍ ഹിക്മത്തുല്‍ ഇലാഹിയ്യ' എന്നാണ് മുസ്‌ലിം ചിന്തകര്‍ വിശേഷിപ്പിച്ചത്. ഹിക്മ ദൈവികമാണ് എന്ന് ഖുര്‍ആന്‍ സൂക്തങ്ങളുടെ വെളിച്ചത്തില്‍ മുസ്‌ലിം ചിന്തകര്‍ മനസ്സിലാക്കി. ഗ്രീസില്‍നിന്ന് വന്ന 'ഫല്‍സഫ'യെയും 'ഹിക്മ'യുടെ ഭാഗമായാണ് അവര്‍ സ്വീകരിച്ചത്. എല്ലാ നാടുകളിലും പ്രവാചകന്മാര്‍ നിയുക്തരായിട്ടുണ്ടെന്നും അവര്‍ക്കെല്ലാം ദൈവം 'ഹിക്മ' നല്‍കിയിട്ടുണ്ടെന്നുമുള്ള ഖുര്‍ആന്റെ പരികല്‍പന എല്ലാ സ്രോതസ്സുകളില്‍നിന്നുമുള്ള തത്ത്വചിന്തകളെ ഹൃദയവിശാലതയോടെ സ്വീകരിക്കാന്‍ മുസ്‌ലിം ദാര്‍ശനികര്‍ക്ക് പ്രചോദനമരുളുകയായിരുന്നു. ഖുര്‍ആന്‍, മുഹമ്മദ് നബിയുടെ വചനങ്ങള്‍, ഇതര നാഗരികതകളില്‍നിന്ന് കടംകൊണ്ട വിജ്ഞാനീയങ്ങള്‍ എന്നിവയാണ് മുസ്‌ലിം തത്ത്വചിന്തയുടെ ഉറവിടം എന്നു ചുരുക്കിപ്പറയാം.

മുസ്‌ലിം തത്ത്വചിന്തയെ പാശ്ചാത്യര്‍ വിലയിരുത്തിയത് ഗ്രീക്ക്, അലക്‌സാണ്ട്രിയന്‍ തത്ത്വചിന്തയുടെ പുനരാവിഷ്‌കാരം മാത്രമായാണ്. ഗ്രീക്ക് സംസ്‌കാരത്തിനും ആധുനിക യൂറോപ്പിനുമിടയിലെ ഇടനിലക്കാര്‍ എന്ന സ്ഥാനം മാത്രമാണ് യൂറോപ്യന്‍ ഓറിയന്റലിസ്റ്റുകള്‍ മുസ്‌ലിം തത്ത്വചിന്തകര്‍ക്കു നല്‍കുന്നത്. അറബി വിവര്‍ത്തനങ്ങളിലൂടെ യവന ഗ്രന്ഥങ്ങളെ സംരക്ഷിച്ചു എന്ന ചരിത്രപരം മാത്രമായ ധര്‍മമാണ് മുസ്‌ലിംകള്‍ നിര്‍വഹിച്ചത് എന്ന ഓറിയന്റലിസ്റ്റ് വാദത്തെ യൂറോപ്പില്‍നിന്നു തന്നെയുള്ള പുതിയ പഠനങ്ങള്‍ ചോദ്യം ചെയ്യുന്നു. മുസ്‌ലിം തത്ത്വചിന്ത പാശ്ചാത്യര്‍ വിചാരിച്ചതുപോലെ ഗ്രീക്ക്, അലക്‌സാണ്ട്രിയന്‍ പൈതൃകങ്ങളുടെ പകര്‍ത്തെഴുത്ത് മാത്രമായിരുന്നില്ല എന്നും ഖുര്‍ആനില്‍നിന്നും പ്രവാചക വചനങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട പുനര്‍വായനകളായിരുന്നു എന്നും  ഹുസൈന്‍ നസ്‌റിനെപ്പോലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇസ്‌ലാമിക നാഗരികതയില്‍ വളര്‍ന്നു പന്തലിച്ച തത്ത്വചിന്തയെ ഇസ്‌ലാമിക തത്ത്വചിന്ത എന്നു വിശേഷിപ്പിക്കാനുള്ള ന്യായം അത് വളര്‍ന്നുവന്നത് ഇസ്‌ലാമിക നാഗരികതയിലാണെന്നതോ മുസ്‌ലിം തത്ത്വചിന്തകരാണ് അത് വികസിപ്പിച്ചത് എന്നതോ മാത്രമല്ലെന്നും അഭിപ്രായപ്പെടുന്ന നസ്ര്‍ ഖുര്‍ആനില്‍നിന്നും പ്രവാചക മൊഴികളില്‍നിന്നുമാണ് അത് വെള്ളവും വളവും സ്വീകരിച്ചത് എന്നതുകൊണ്ട് കൂടിയാണെന്ന് സമര്‍ഥിക്കുന്നു.

അല്‍കിന്ദി മുതല്‍ മുല്ലാ സദ്‌റ വരെയുള്ള ദാര്‍ശനികരുടെ ചിന്തകളില്‍നിന്ന് നസ്ര്‍ തന്റെ നിഗമനത്തെ സാധൂകരിക്കുന്ന ഉദാഹരണങ്ങള്‍ നിരത്തുന്നുണ്ട്. ഇബ്‌നു സീനയും ഇബ്‌നു റുശ്ദും ഉള്‍പ്പെടെ, പാശ്ചാത്യര്‍ക്ക് ഏറെ സ്വീകാര്യരായ മുസ്‌ലിം തത്ത്വചിന്തകരെല്ലാം ഭക്തരായ മുസ്‌ലിംകളായിരുന്നു. ഖുര്‍ആനും പ്രവാചകചര്യയുമായിരുന്നു അവരുടെ പ്രഥമ മേച്ചില്‍സ്ഥലങ്ങള്‍. തങ്ങളുടെ മതവിശ്വാസം അവര്‍ അസന്ദിഗ്ധം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ പള്ളിയില്‍ പോയി പ്രാര്‍ഥിക്കുകയായിരുന്നു ഇബ്‌നുസീനയുടെ പതിവ്. കൊര്‍ദോവയിലെ മതന്യായാധിപനാ(ഖാദി)യിരുന്നു ഇബ്‌നു റുശ്ദ്. പാശ്ചാത്യര്‍ പ്രചരിപ്പിച്ചതുപോലെ വിശ്വാസവുമായി കലഹിച്ച യുക്തിവാദിയായിരുന്നില്ല ഇബ്‌നു റുശ്ദ്.

സോക്രട്ടീസിന്റെയും പ്ലാറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും ചിന്തകള്‍ മുസ്‌ലിം ദാര്‍ശനികര്‍ അറബീകരിച്ചിരുന്നുവെങ്കിലും സത്യത്തിന്റെ മാനദണ്ഡമായി അവയെ അവര്‍ പരിഗണിച്ചിരുന്നില്ല. അവസാനത്തെ വെളിപാടു പുസ്തകമായ വിശുദ്ധ ഖുര്‍ആനെയാണ് അവര്‍ സത്യശോധനക്കുള്ള ഉരകല്ലായി കണ്ടത്. യവന ചിന്തകളെ സൂക്ഷ്മമായ തലത്തില്‍ ഇസ്‌ലാമിക ആശയങ്ങളുമായി കൂട്ടിയിണക്കാനാണ് അവര്‍ ശ്രമിച്ചത്. ഇതിനുദാഹരണമാണ് കാരകബുദ്ധി (Active Intellect) എന്ന യവന സങ്കല്‍പത്തെ പ്രവാചകന്മാര്‍ക്ക് വെളിപാട് എത്തിക്കുന്ന ഗബ്രിയേല്‍ (റൂഹുല്‍ ഖുദ്‌സ്) മാലാഖയോട് ഇബ്‌നുസീന സമീകരിച്ചത്. അവരെ സംബന്ധിച്ചേടത്തോളം ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന ഹിക്മയുടെ ഭാഗമായിരുന്നു ഫല്‍സഫ എന്ന് ഇതില്‍നിന്ന് കൂടുതല്‍ വ്യക്തമാകുന്നു.

ഖുര്‍ആന്‍ സൂക്തങ്ങളെയും മതവിധികളെയും വിശകലനം ചെയ്ത മതപണ്ഡിതന്മാര്‍ അവയുടെ സാരത്തെ ബാഹ്യം (ളാഹിര്‍), ആന്തരികം (ബാത്വിന്‍) എന്നിങ്ങനെ വ്യവഛേദിച്ചു വിശദീകരിച്ചിരുന്നു. മതനിയമങ്ങളെ(ശരീഅത്ത്)യും മതത്തിന്റെ ആന്തരിക സത്ത(ഹഖീഖത്ത്)യെയും അവര്‍ വെവ്വേറെ അടയാളപ്പെടുത്തി. സത്യമാകുന്ന സത്ത(ഹഖീഖത്ത്)യില്‍ എത്തിച്ചേരുന്നതിനുള്ള ഉപാധിയായാണ് ശരീഅത്തിനെ അവര്‍ കണ്ടത്. ശരീഅത്ത് ബാഹ്യകവചവും ഹഖീഖത്ത് ആന്തരിക സത്തയുമായി മനസ്സിലാക്കപ്പെട്ടു. ഈ ആന്തരിക സത്തയുമായാണ് ഹിക്മ എന്ന ഫല്‍സഫയെ അവര്‍ ബന്ധപ്പെടുത്തിയത്. 'പ്രവാചകത്വത്തിന്റെ പ്രകാശമാടത്തില്‍നിന്നാണ് തത്ത്വജ്ഞാനം ഉറവെടുക്കുന്നത്' (തന്‍ബുഉല്‍ ഹിക്മത്തു മിന്‍ മിശ്കാത്തിന്നുബുവ്വ) എന്ന പ്രസിദ്ധമായ അറബി മൊഴി മുസ്‌ലിം തത്ത്വചിന്തകര്‍ തത്ത്വചിന്തയെ കണ്ടത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്നു. മുസ്‌ലിം തത്ത്വചിന്തയുടെ ഇസ്‌ലാമികമായ ഉറവിടങ്ങളെ അവഗണിക്കുകയാണ് ഓറിയന്റലിസ്റ്റുകള്‍ ചെയ്തത്.

അറിവിനോടുള്ള സനേഹവും സത്യാന്വേഷണവുമാണ് തത്ത്വചിന്തകരെ പ്രചോദിപ്പിച്ചത്. മുസ്‌ലിം ലോകത്തെ പ്രഥമ തത്ത്വചിന്തകനായ അല്‍കിന്ദി തത്ത്വചിന്തയെ നിര്‍വചിക്കുന്നതിങ്ങനെയാണ്: ''തത്ത്വചിന്തയാണ് മനുഷ്യന്റെ കലകളില്‍ വെച്ച് ഏറ്റവും കുലീനവും ഉദാത്തവുമായിട്ടുള്ളത്. മനുഷ്യ കഴിവില്‍പെട്ടിടത്തോളം കാര്യങ്ങളുടെ യഥാര്‍ഥ സ്ഥിതി മനസ്സിലാക്കുന്ന വിജ്ഞാനമാണത്. തത്ത്വചിന്തകന്റെ വിജ്ഞാനത്തിന്റെ ലക്ഷ്യം തന്റെ വിജ്ഞാനത്തിലൂടെ സത്യത്തില്‍ എത്തിച്ചേരുക എന്നുള്ളതും ആ സത്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്നുള്ളതുമാണ്'' (അല്‍കിന്ദിയുടെ രിസാലയെ ഉദ്ധരിച്ച് ജോര്‍ജ് എന്‍. അതിയ്യ തന്റെ 'അല്‍കിന്ദി ദ ഫിലോസഫര്‍ ഓഫ് ദി അറബ്‌സ്' എന്ന പുസ്തകത്തില്‍). ഫാറാബി ഈ നിര്‍വചനത്തെ അംഗീകരിക്കുകയും അറിവിനെ തെളിവുകളെ ആശ്രയിച്ചുള്ള ബാഹ്യജ്ഞാനം, ഉള്‍ക്കാഴ്ചയുടെ ഫലമായി സിദ്ധിക്കുന്ന ആന്തരിക ജ്ഞാനം എന്നിങ്ങനെ രണ്ടായി വിശദീകരിക്കുകയും ചെയ്യുന്നു. തത്ത്വചിന്തക്ക് താല്‍പര്യമില്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെ നിലനില്‍ക്കുന്നില്ല എന്നും ഫാറാബി പറഞ്ഞു.

ദൈവാസ്തിക്യം, ദൈവത്തിന്റെ ഏകത്വം, പ്രവാചകത്വം, വെളിപാട്, പ്രപഞ്ചത്തിന്റെയും അതിലെ ചരാചരങ്ങളുടെയും ആവിര്‍ഭാവം, നിലനില്‍പ്, മരണം, പുനരുത്ഥാനം, അന്തിമവിധി, ദൈവദത്തമായ ജ്ഞാനം (ഇല്‍മുല്ലദുന്നിയ്യ്), പ്രാപഞ്ചിക പ്രതിഭാസങ്ങള്‍, കാലം, അസ്തിത്വത്തിന്റെ തുടര്‍ച്ച, ദൈവിക നീതി, ദൈവത്തിന്റെ നടപടിക്രമങ്ങള്‍, അര്‍ശ്, രക്ഷാശിക്ഷകള്‍, സൃഷ്ടിരഹസ്യം, മനുഷ്യന്റെ സാമൂഹിക ജീവിതം, ദൈവിക മാര്‍ഗദര്‍ശനം, നിയമം, സാമ്പത്തിക- രാഷ്ട്രീയ ജീവിതം ആദിയായവയാണ് ഖുര്‍ആന്റെ തത്ത്വശാസ്ത്ര പ്രമേയങ്ങള്‍. സാമ്പ്രദായിക തത്ത്വചിന്തയിലെ സത്താമീമാംസ, ജ്ഞാനശാസ്ത്രം, സദാചാരം, മൂല്യമീമാംസ, സൗന്ദര്യദര്‍ശനം എന്നിവയെയെല്ലാം ഇവ ഉള്‍ക്കൊള്ളുന്നുണ്ട്. ഖുര്‍ആനിലെ ആശയങ്ങളെ വിശദീകരിക്കുകയാണ് നബിവചനങ്ങള്‍. ഇസ്‌ലാമിക ചിന്തയുടെ രണ്ടാമത്തെ ഉറവിടമായി നബിവചനങ്ങള്‍ തര്‍ക്കരഹിതമായി അംഗീകരിക്കപ്പെടുന്നു.

പാശ്ചാത്യ തത്ത്വചിന്തയും ഇസ്‌ലാമിക തത്ത്വചിന്തയും തമ്മിലുള്ള മൗലികമായ ഒരന്തരം ഇവിടെ പ്രത്യേകം ചൂണ്ടാക്കാണിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്റെ യുക്തിയും ബുദ്ധിയും മാത്രം ഉപയോഗിച്ച് സത്യം കണ്ടുപിടിക്കാന്‍ സാധിക്കും എന്നതാണ് പാശ്ചാത്യ തത്ത്വചിന്തകരുടെ പൊതുവായ നിലപാട്. പരമമായ ജ്ഞാനത്തില്‍ എത്തിച്ചേരാന്‍ മറ്റു വഴികളുണ്ടെന്ന് പാശ്ചാത്യ തത്ത്വചിന്ത വിശ്വസിക്കുന്നില്ല. എന്നാല്‍ ഇസ്‌ലാമിന്റെ ജ്ഞാനശാസ്ത്രം മനുഷ്യന്റെ യുക്തിക്കും ബുദ്ധിക്കും അതീതമായ അറിവിന്റെ ഉറവിടങ്ങളെ അംഗീകരിക്കുന്നു. മനുഷ്യന്റെ ആന്തരിക ജ്ഞാനത്തെയും ദൈവത്തില്‍നിന്നുള്ള വെളിപാടുകളെയും ജ്ഞാനത്തിന്റെ സ്രോതസ്സുകളായാണ് ഇസ്‌ലാമിക തത്ത്വചിന്ത കാണുന്നത്. 'ഇസ്‌ലാമികം' എന്ന വിശേഷണം ചേര്‍ക്കാതെ തന്നെ മുസ്‌ലിം തത്ത്വചിന്തകര്‍ 'ഫല്‍സഫ' എന്ന് വ്യവഹരിക്കുന്നത് ഈ ജ്ഞാനസ്രോതസ്സുകളെ കൂടി അംഗീകരിച്ചുകൊണ്ടാണ്. ദൈവാസ്തിക്യം സ്വത സ്പഷ്ടമായ യാഥാര്‍ഥ്യമായാണ് മുസ്‌ലിം തത്ത്വചിന്ത കാണുന്നത്. അതിനാല്‍തന്നെ വിശ്വാസം ഇസ്‌ലാമിക തത്ത്വചിന്തയുടെ അംഗീകൃത പ്രമേയമാവുന്നു. ദൈവം ഓരോ വ്യക്തിയോടും നേരിട്ടു സംസാരിക്കുന്നില്ല എന്നതിനാല്‍ പ്രവാചകന്മാര്‍ക്കുള്ള വെളിപാടുകള്‍ മനുഷ്യരാശിക്ക് മൊത്തത്തിലുള്ള സന്ദേശമാണെന്ന് ഇസ്‌ലാമിക തത്ത്വചിന്ത ഉപദര്‍ശിക്കുന്നു. തത്ത്വചിന്തയെ വിശ്വാസി ആശ്രയിക്കുന്നത് മതത്തെയും ഖുര്‍ആനിക തത്ത്വങ്ങളെയും കൂടുതല്‍ സൂക്ഷ്മമായി മനസ്സിലാക്കുന്നതിനു വേണ്ടിയാണ്. മിഥ്യാവിശ്വാസങ്ങളില്‍നിന്ന് സത്യാന്വേഷിയെ മോചിപ്പിക്കുകയാണ് ഖുര്‍ആന്റെ തത്ത്വശാസ്ത്രപരമായ ധര്‍മം.

മുസ്‌ലിം പണ്ഡിത ലോകത്തുനിന്ന് തത്ത്വചിന്തക്കെതിരായി ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ കൂടി ഇത്തരുണത്തില്‍ നാം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. ഫാറാബി, ഇബ്‌നുസീന തുടങ്ങിയ തത്ത്വചിന്തകരില്‍ ഇമാം ഗസാലി തന്റെ തത്ത്വശാസ്ത്ര ഖണ്ഡനകൃതിയായ 'തഹാഫുതുല്‍ ഫലാസിഫ'യില്‍ മതപരിത്യാഗകുറ്റം ആരോപിക്കുന്നുണ്ട്. തത്ത്വചിന്തകര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഗസാലി ഉന്നയിച്ചത്. തത്ത്വചിന്തക്കെതിരെ മതപരമായ ന്യായങ്ങളുന്നയിച്ച് വിമര്‍ശനം നടത്തിയ മറ്റൊരു പണ്ഡിതനാണ് ഇബ്‌നുതൈമിയ്യ. ഇവരുടെ എതിര്‍പ്പുകള്‍ നിഷേധാത്മകമാണെന്ന് പറയാനാവില്ല. അരിസ്റ്റോട്ടിലിയന്‍ ആശയങ്ങളെ മതത്തിന്റെയും തത്ത്വചിന്തയുടെ തന്നെയും ബലത്തില്‍ നിരൂപണം ചെയ്യുകയാണ് ഈ പണ്ഡിതര്‍ ചെയ്തത്. ക്രിയാത്മകമായ ആശയ സംവാദത്തിന്റെ തലമാണ് ഈ വിമര്‍ശനങ്ങള്‍ക്കുള്ളത്. പല വിഷയങ്ങളിലും തത്ത്വചിന്തകര്‍ പരസ്പരം വിമര്‍ശിച്ചിരുന്നു എന്നു മനസ്സിലാക്കുമ്പോള്‍ മതപണ്ഡിതന്മാരുടെ തത്ത്വശാസ്ത്ര വിമര്‍ശനങ്ങളെ മറ്റൊരു രീതിയില്‍ കാണുന്നത് ശരിയായ സമീപനമാവുകയില്ല. ഖണ്ഡനങ്ങളും മണ്ഡനങ്ങളും തത്ത്വചിന്തയുടെ വികാസത്തെ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇല്‍മുല്‍ കലാമിന്റെ വക്താക്കള്‍ തത്ത്വചിന്തയെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇവരുടെ എതിര്‍പ്പുകള്‍ ഇല്‍മുല്‍ കലാമും തത്ത്വചിന്തയും തമ്മിലുള്ള സഹകരണത്തിലാണ് കലാശിച്ചത്. തത്ത്വചിന്തകരുടെ രീതിശാസ്ത്രം ഉപയോഗിച്ച് മുതകല്ലിമുകള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ കൂടുതല്‍ ശക്തമായി ആവിഷ്‌കരിക്കാന്‍ സാധ്യമായി. തത്ത്വചിന്തക്കെതിരെ വിമര്‍ശനമുന്നയിച്ച മറ്റൊരു വിഭാഗം സൂഫികളാണ്. ഇശ്ഖി(പ്രണയം)ന്റെ ഭാഷ സംസാരിക്കുന്ന സൂഫികള്‍ക്ക് യുക്തിയുടെയും തര്‍ക്കശാസ്ത്രത്തിന്റെയും കാര്‍ക്കശ്യങ്ങള്‍ അസ്വീകാര്യമായതില്‍ അത്ഭുതമില്ല. സനാഇ, ജലാലുദ്ദീന്‍ റൂമി തുടങ്ങിയ അതിപ്രഗത്ഭരായ സൂഫി കവികള്‍ തത്ത്വചിന്തയെ തള്ളിപ്പറയുകയുണ്ടായി. തര്‍ക്കശാസ്ത്രത്തെ മരത്തിന്റെ കാല്‍ എന്നാണ് റൂമി തന്റെ പ്രശസ്ത കാവ്യമായ മസ്‌നവിയില്‍ വിശേഷിപ്പിച്ചത്. സത്യാന്വേഷണത്തിനുള്ള ഒരേയൊരു വഴി തത്ത്വചിന്തയാണെന്ന് മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് വാദമുണ്ടായിരുന്നില്ല എന്നാണിതില്‍നിന്ന് സിദ്ധിക്കുന്നത്. തത്ത്വചിന്തക്ക് അവര്‍ അപ്രമാദിത്വം കല്‍പിച്ചിരുന്നില്ല എന്നര്‍ഥം. തത്ത്വചിന്തയിലൂടെ സത്യം കണ്ടെത്താം എന്നു വിശ്വസിച്ച നല്ലൊരു പണ്ഡിതവൃന്ദത്തിന് ഇസ്‌ലാമിക നാഗരികത ജന്മം നല്‍കിയിരുന്നു എന്ന വസ്തുതയെ നിരാകരിക്കാനുമാവില്ല. മതം മൗലികമായി തത്ത്വചിന്തക്ക് എതിരാണെന്നോ അനുകൂലമാണെന്നോ പറയാനാവുമെന്നു തോന്നുന്നില്ല. തത്ത്വചിന്തയെ എങ്ങനെ ഉപയോഗിക്കുന്നു എന്നതാവാം മതപരമായ വിലയിരുത്തലിന്റെ മാനദണ്ഡം.

 

സത്താ മീമാംസ

പ്രപഞ്ചവും അതിലെ ചരാചരങ്ങളും എങ്ങനെ ഉണ്ടായി, ഓരോ വസ്തുവിന്റെയും നിലനില്‍പ് എങ്ങനെയാണ്, ഉണ്ടായിരിക്കുക എന്ന അവസ്ഥ അഥവാ ഉണ്മയുടെ രഹസ്യമെന്താണ്, നാം പ്രത്യക്ഷത്തില്‍ കാണുന്നതാണോ യാഥാര്‍ഥ്യം, അല്ലെങ്കില്‍ അതിനുപരിയായി മറ്റെന്തെങ്കിലുമുണ്ടോ, വസ്തുക്കള്‍ തമ്മിലുള്ള ബന്ധം എങ്ങനെയാണ്, സ്രഷ്ടാവുണ്ടോ, സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധം എങ്ങനെയുള്ളതാണ്, എന്താണ് സൃഷ്ടിയുടെ ഉദ്ദേശ്യം, ഓരോ വസ്തുവിനും ഈ പ്രപഞ്ചത്തിലുള്ള സ്ഥാനം എന്താണ്, കാര്യവും കാരണവും തമ്മിലുള്ള ബന്ധത്തിന്റെ സ്ഥിതിയെന്താണ്? ഓരോ കാര്യത്തിനും കാരണമുണ്ടോ, കാരണമില്ലാതെ കാര്യം സാധ്യമാണോ, സ്ഥലം കാലം ഇവയുടെ സ്വഭാവമെന്താണ്, കാലത്തിനു തുടക്കവും ഒടുക്കവുമുണ്ടോ? ഇത്യാദി മൗലിക പ്രധാനങ്ങളായ സൂക്ഷ്മ സംഗതികളെക്കുറിച്ചുള്ള പരിചിന്തനങ്ങളാണ് സത്താ മീമാംസയുടെ പരിധിയില്‍ വരുന്നത്. തത്ത്വചിന്തയുടെ കാതലായി സത്താ മീമാംസ അംഗീകരിക്കപ്പെട്ടുപോരുന്നു.

അതിഭൗതിക വിജ്ഞാനീയത്തിന്റെ തുടര്‍ച്ചയാണ് സത്താ മീമാംസ. ഭൗതികത്തിനതീതമായ യാഥാര്‍ഥ്യങ്ങളെക്കുറിച്ചാണ് അതിഭൗതിക വിജ്ഞാനീയം അന്വേഷിക്കുന്നത്. അസ്തിത്വത്തെക്കുറിച്ചുള്ള ആലോചനകളാണ് ഈ അന്വേഷണത്തിന്റെ അടിസ്ഥാനം. മനുഷ്യാസ്തിത്വത്തെ അതിഭൗതിക ചിന്ത ദൈവവും ആത്മാവുമായും കണ്ണിചേര്‍ക്കുന്നു. മനുഷ്യന് നേരിട്ട് കാണാന്‍ കഴിയുന്നതിനപ്പുറമുള്ള യാഥാര്‍ഥ്യങ്ങളാണ് ദൈവവും ആത്മാവും. അതിഭൗതിക കാര്യങ്ങളായി അവ പരിഗണിക്കപ്പെടുന്നതിന്റെ കാരണം ഇതാണ്. മനുഷ്യന്‍ തന്റെ ഉണ്മയെക്കുറിച്ച് ആലോചിക്കുമ്പോള്‍ താന്‍ എവിടെ നിന്നു വന്നു, എങ്ങോട്ടു പോവുന്നു, എന്തിനു വന്നു എന്നീ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. ഈ ചോദ്യങ്ങളാണ് ആത്മാവിനെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള ആലോചനകളിലേക്ക് നയിക്കുന്നത്.

ദൈവം, ആത്മാവ്, മനുഷ്യന്‍ എന്നിവയെക്കുറിച്ചുള്ള ഖുര്‍ആന്റെ അധ്യാപനങ്ങള്‍ വ്യക്തമാണ്. ദൈവമാണ് പ്രപഞ്ച സ്രഷ്ടാവ്. 'ഉണ്ടാവുക' (കുന്‍) എന്ന് ദൈവം പറഞ്ഞപ്പോള്‍ പ്രപഞ്ചം ഉണ്ടായി. ദൃശ്യവും അദൃശ്യവുമായ അനേകം സൃഷ്ടിവര്‍ഗങ്ങളെ ദൈവം സൃഷ്ടിച്ചിട്ടുണ്ട്. തന്നെ ആരാധിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍, മാലാഖമാരെപ്പോലെ തന്നെ അനുസരിക്കാന്‍ മാത്രം കഴിയുന്നവരായല്ല ദൈവം മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്. അനുസരിക്കാനും അനുസരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യന് നല്‍കിയിരിക്കുന്നു. ആദം ആണ് ആദ്യത്തെ മനുഷ്യന്‍. ആദമിന് ഇണയായി ദൈവം ഹവ്വയെ സൃഷ്ടിച്ചു. സ്വര്‍ഗത്തിലാണ് ഇവരെ സൃഷ്ടിച്ചത്. ആദമിനെ വണങ്ങാന്‍ ദൈവം ഇബ്‌ലീസ് എന്ന ജിന്നുവര്‍ഗ മേധാവിയോട് ആവശ്യപ്പെട്ടു. 'തീയില്‍നിന്ന് സൃഷ്ടിക്കപ്പെട്ട ഞാന്‍ മണ്ണില്‍നിന്ന് സൃഷ്ടിക്കപ്പെട്ട മനുഷ്യനെ വണങ്ങുകയോ?' എന്ന് ഇബ്‌ലീസ് ധിക്കാരം പറഞ്ഞു. ദൈവധിക്കാരിയായ ഇബ്‌ലീസിന്റെ നിയോഗം മനുഷ്യനെ വഴിപിഴപ്പിക്കുക എന്നതായിരുന്നു. മനുഷ്യനെ സംബന്ധിച്ചേടത്തോളം ഏറ്റവും വലിയ ആത്മീയ വെല്ലുവിളി ഇബ്‌ലീസിന്റെ പ്രലോഭനങ്ങളെ അതിജയിക്കുക എന്നതാണ്. സ്വര്‍ഗത്തില്‍ വെച്ച് ആദമും ഹവ്വയും ഇബ്‌ലീസിന്റെ പ്രലോഭനത്തില്‍ വീണു. ദൈവം ഒരു കനി അവര്‍ക്ക് വിലക്കിയിരുന്നു. പിശാചിന്റെ പ്രലോഭനത്തില്‍ വീണ ആദം വിലക്ക് മറന്ന് വിലക്കപ്പെട്ട കനി ഭക്ഷിച്ചു. ഹവ്വയും അതില്‍ പങ്കാളിയായി. അങ്ങനെ അവര്‍ ഇരുവരും, ദൈവത്തിന്റെ മുന്‍ നിശ്ചയമനുസരിച്ച് സ്വര്‍ഗത്തില്‍നിന്ന് ബഹിഷ്‌കൃതരായി. ഭൂമിയിലേക്കാണ് അവര്‍ അയക്കപ്പെട്ടത്. പിശാചും അവരെ അനുഗമിച്ചു. ആദമിന്റെയും ഹവ്വയുടെയും സന്താനപരമ്പരയാണ് മനുഷ്യവംശം. തെരഞ്ഞെടുക്കപ്പെട്ട പ്രവാചകന്മാര്‍ മുഖേന ദൈവം മനുഷ്യവംശവുമായി കാലാകാലങ്ങളില്‍ സംസാരിച്ചു. മനുഷ്യരെ നേര്‍വഴിക്ക് നടത്തുന്നതിനു വേണ്ടി ദൈവം വേദങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അവസാനത്തെ പ്രവാചകന്‍ മുഹമ്മദ് നബിയും അവസാനത്തെ വേദം ഖുര്‍ആനുമാണ്. ഖുര്‍ആന്റെയും പ്രവാചകന്റെയും അനുശാസനങ്ങള്‍ക്കനുസരിച്ചുവേണം മനുഷ്യര്‍ ജീവിക്കാന്‍.

കളിമണ്ണുകൊണ്ട് രൂപപ്പെടുത്തിയ മനുഷ്യശരീരത്തില്‍ ദൈവം തന്റെ ആത്മാവ് സന്നിവേശിപ്പിച്ചതോടെയാണ് ആദ്യ മനുഷ്യന്റെ ജന്മം എന്ന് ഖുര്‍ആന്‍ പറയുന്നു. ലോകാന്ത്യം വരെ സൃഷ്ടിക്കപ്പെടാനിരിക്കുന്ന മുഴുവന്‍ മനുഷ്യാത്മാക്കളെയും ദൈവം നേരത്തേ തന്റെ മുന്നില്‍ ഹാജരാക്കി, 'ഞാന്‍ നിങ്ങളുടെ നാഥനല്ലയോ?' എന്നു ചോദിക്കുകയും ആത്മാക്കാള്‍ ഏകസ്വരത്തില്‍ 'അതേ' എന്ന് മറുപടി പറയുകയും ചെയ്തു. ഓരോ മനുഷ്യന്റെ മനസ്സിലും അന്തഃസ്ഥമായിരിക്കുന്ന ഈശ്വരബോധം ഈ ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും ഓര്‍മയത്രെ. മനുഷ്യനിലെ കളിമണ്‍ നിര്‍മിതമായ ശരീരം ഭൗതികതയെയും ദൈവനിവേശിതമായ ആത്മാവ് അതിഭൗതികതയെയും പ്രതിനിധീകരിക്കുന്നു. ലൗകികവും അലൗകികവുമായ രണ്ട് ഭാവങ്ങള്‍ മനുഷ്യനുണ്ട്. അലൗകിക ഭാവത്തെ ഉപാസിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നവര്‍ ആത്മീയമായ ഉയര്‍ച്ച നേടുന്നു. അല്ലാത്തവര്‍ അധഃപതിക്കുന്നു. നന്മക്കും തിന്മക്കും ഇടയിലെ തെരഞ്ഞെടുപ്പാണ് മനുഷ്യജീവിതത്തിന്റെ ഉത്തരവാദിത്തം. നന്മ ചെയ്ത് ദൈവപ്രീതി ആര്‍ജിക്കാനുള്ള പരീക്ഷണ കാലമാണ് ഖുര്‍ആന്റെ വീക്ഷണത്തില്‍ മനുഷ്യ ജന്മം. മരണാനന്തരം നന്മ തിന്മകളുടെ തോതനുസരിച്ചുള്ള പ്രതിഫലത്തിന് ഓരോ വ്യക്തിയും അര്‍ഹനാവുന്നു. നന്മ അധികമുള്ളവര്‍ക്ക് സ്വര്‍ഗവും തിന്മ അധികമുള്ളവര്‍ക്ക് നരകവുമാണ് ദൈവിക വാഗ്ദാനം.

ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന സത്താ വിജ്ഞാനീയമനുസരിച്ച് പരമമായ അസ്തിത്വം ദൈവത്തിന്റേതാണ്. ഏകനും അനാദിയും അനശ്വരനും സര്‍വവ്യാപിയും പരിമിതികള്‍ക്കതീതനും സ്വയം നിലനില്‍ക്കുന്നവനും സമാനതകളില്ലാത്തവനും സര്‍വ ചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്നവനുമാണ് ദൈവം. അല്ലാഹു എന്ന പദമാണ് ദൈവത്തെ സൂചിപ്പിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിക്കുന്നത്. ആദ്യനും അന്ത്യനും അദൃശ്യനും എന്നെന്നും നിലനില്‍ക്കുന്നവനും എന്നിങ്ങനെ ഖുര്‍ആന്‍ ദൈവത്തെ വിശേഷിപ്പിക്കുന്നു. തൊണ്ണൂറ്റി ഒമ്പത് വിശിഷ്ട നാമങ്ങളില്‍ ഖുര്‍ആന്‍ ദൈവത്തെ പരിചയപ്പെടുത്തുന്നുണ്ട്. ഓരോ നാമവും ദൈവത്തിന്റെ ഓരോ ഭാവത്തെ വെളിപ്പെടുത്തുന്ന വിശേഷണമാണ്. സ്ഥലകാലാതീതന്‍, രൂപരഹിതന്‍, പരാശ്രയമില്ലാത്തവന്‍, കാരുണ്യവാന്‍, ആകാശങ്ങളുടെയും ഭൂമിയുടെയും വെളിച്ചം, സര്‍വത്തെയും ചൂഴ്ന്നു നില്‍ക്കുന്നവന്‍, രക്ഷയും ശിക്ഷയും അരുളുന്നവന്‍, അവര്‍ണ്യന്‍, നീതിമാന്‍, സത്യം, സുന്ദരന്‍, സജീവന്‍ എന്നിങ്ങനെ നീളുന്നു വിശേഷണങ്ങള്‍. 'ലാ ഇലാഹ ഇല്ലല്ലാഹ്' (ദൈവമൊഴികെ ദൈവമില്ല) എന്നതാണ് ഖുര്‍ആനിക ദൈവപരികല്‍പനയുടെ താക്കോല്‍ വാക്യം. ദൈവത്തില്‍ പങ്കുചേര്‍ക്കുന്നതിനെതിരെ ഖുര്‍ആന്‍ താക്കീത് ചെയ്യുന്നു. ദൈവത്തിന് കൂട്ടുകാരോ ഭാര്യാസന്താനങ്ങളോ ഇല്ല. ക്രൈസ്തവരുടെ ത്രിയേകത്വ സിദ്ധാന്തത്തെയും ദൈവത്തിന് പെണ്‍മക്കളുണ്ടെന്ന യഹൂദ വാദത്തെയും ഖുര്‍ആന്‍ അസന്ദിഗ്ധം തള്ളിക്കളയുന്നു. ദൈവത്തെ ഏറ്റവും കുറഞ്ഞ വാക്കുകളില്‍ പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍ അധ്യായം: ''പറയുക. അവന്‍, ദൈവം ഏകനാകുന്നു. ദൈവം ആശ്രയം ആവശ്യമില്ലാത്തവനാകുന്നു. അവന്‍ ജനിക്കുകയോ ജനിപ്പിക്കുകയോ ചെയ്തിട്ടില്ല. അവന് തുല്യമായി ഒന്നുമില്ല'' (അധ്യായം 112). എല്ലാ തുടക്കങ്ങളുടെയും തുടക്കവും എല്ലാറ്റിന്റെയും കാരണമില്ലാത്ത കാരണവും ചലനങ്ങളുടെയെല്ലാം ആദികാരണവും ആണ് ദൈവം എന്ന ആശയം ഈ വചനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്.

ആദ്യകാല മുസ്‌ലിം ദാര്‍ശനികന്മാര്‍ അരിസ്‌റ്റോട്ടിലിന്റെ 'മെറ്റാഫിസിക്‌സ്' (അതിഭൗതികശാസ്ത്രം) എന്ന ഗ്രന്ഥത്തിന്റെ വെളിച്ചത്തില്‍ ഖുര്‍ആനിക ആശയങ്ങളെ അതിഭൗതിക ശാസ്ത്രവുമായി കൂട്ടിച്ചേര്‍ത്ത് വിശകലനം ചെയ്തതിന്റെ ഫലമായി വിപുലമായ ഒരു സംവാദമണ്ഡലം തുറക്കപ്പെട്ടു. അല്‍ ഫല്‍സഫത്തുല്‍ ഊലാ (പ്രഥമ തത്ത്വചിന്ത), മാ ബഅ്ദ ത്വബീഅഃ (പ്രകൃത്യാതീത ലോകം), ഇലാഹിയ്യാത്ത് (ദൈവശാസ്ത്രം), ഹിക്മ (യുക്തിജ്ഞാനം) തുടങ്ങിയ പേരുകളിലെല്ലാം ഈ സംവാദശാഖ അറിയപ്പെടുന്നുണ്ട്. 'അല്‍ഫല്‍സഫതുല്‍ ഊലാ' എന്ന സംജ്ഞ സ്വീകരിച്ച അല്‍കിന്ദി അതെന്താണെന്ന് ഇങ്ങനെ വ്യക്തമാക്കി: ''എല്ലാ യാഥാര്‍ഥ്യങ്ങളുടെയും കാരണമായ പ്രഥമ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള ശാസ്ത്രമാകുന്നു അത്.'' പ്രഥമ ഹേതു എല്ലാ ഹേതുക്കള്‍ക്കും ഹേതുവാണ് എന്ന് അല്‍കിന്ദി വിശദീകരിച്ചു. അരിസ്റ്റോട്ടിലിന്റെ മെറ്റാഫിസിക്‌സ് ചര്‍ച്ച ചെയ്യുന്നത് ദൈവത്തെക്കുറിച്ച് മാത്രമല്ലെന്നും പ്രപഞ്ചത്തെ കുറിച്ച് മൊത്തത്തില്‍ ചര്‍ച്ച ചെയ്യുന്ന സമഗ്ര ശാസ്ത്രമാണതെന്നും ഫാറാബി അഭിപ്രായപ്പെട്ടു. ഉണ്മകളുടെ സ്വഭാവം, ഏകത, ജീവിവര്‍ഗങ്ങള്‍, ഗുണങ്ങള്‍ മുതലായവയാണ് അതിന്റെ പ്രമേയമെന്ന് ഫാറാബി പറഞ്ഞു. ഉണ്മകളുടെ സ്വഭാവം, ഏകത, ജീവിവര്‍ഗങ്ങള്‍, ഗുണങ്ങള്‍ മുതലായവയാണ് അതിന്റെ പ്രമേയമെന്ന് ഫാറാബി പറഞ്ഞു. ഉണ്മകളുടെ മൂലതത്ത്വം എന്ന നിലയിലാണ് ദൈവം ഈ ചര്‍ച്ചയില്‍ കടന്നുവരുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിഭൗതിക ശാസ്ത്രത്തെയും ദൈവശാസ്ത്രത്തെയും രണ്ടായി തന്നെയാണ് ഫാറാബി മനസ്സിലാക്കുന്നത്. ഇബ്‌നുസീന അതിഭൗതിക ശാസ്ത്രത്തെ 'ഇലാഹിയ്യാത്ത്' (ദൈവശാസ്ത്രം) എന്നു വിശേഷിപ്പിക്കുന്നു. അദ്ദേഹത്തിന്റെ 'കിതാബുശ്ശിഫാ'യില്‍ ഈ ശീര്‍ഷകത്തിനു കീഴിലാണ് അതിഭൗതിക ശാസ്ത്രം ചര്‍ച്ച ചെയ്യുന്നത്. പദാര്‍ഥവുമായി ബന്ധപ്പെട്ട ശാസ്ത്രത്തിന്റെ പൊതുതത്ത്വങ്ങള്‍ 'അല്‍ഫല്‍സഫതുല്‍ ഊലാ' (ഒന്നാമത്തെ തത്ത്വശാസ്ത്രം) എന്ന ഗണത്തിലാണ് ഇബ്‌നുസീനയും ഉള്‍പ്പെടുത്തുന്നത്. അവസ്ഥകള്‍ (അഹ്‌വാല്‍) ആണ് ശാസ്ത്രത്തിന്റെ പഠനവിഷയം. ദൈവം പഠനവിഷയമല്ല; മറിച്ച് ലക്ഷ്യമാണ് എന്ന വീക്ഷണമാണ് ഇബ്‌നുസീനയുടേത്. ശാസ്ത്രത്തിന്റെ പ്രാഥമിക പഠനവിഷയം ഉണ്മ(അല്‍ മൗജൂദു ബി മാ ഹുവ മൗജൂദ്)യാണെന്നും ഉണ്മയുടെ ഘടകങ്ങളെക്കുറിച്ചുള്ള പഠനം അതിന്റെ തത്ത്വങ്ങളെക്കുറിച്ചുള്ള പഠനം കൂടിയാണെന്നും ഇബ്‌നുസീന വിശദീകരിക്കുന്നു. ഹേതുവിനാല്‍ ഉണ്ടായിട്ടുള്ള ഉണ്മ(മഅ്‌ലൂല്‍)ക്ക് മാത്രമാണ് തത്ത്വം ബാധകമാവുക. ഉണ്മയുടെ സാകല്യത്തിന് തത്ത്വമില്ലാ എന്നതാണിതിനു കാരണം. ഹേതുവിനാല്‍ ഉണ്ടായിട്ടുള്ള ഉണ്മകളുടെയെല്ലാം  കാരണമായ പരമമായ ഹേതു, ഹേതുവിനാല്‍ ഉണ്ടായിട്ടുള്ള ഉണ്മ നിര്‍ഝരിച്ചു വന്ന പ്രഥമ ഹേതു, ഉണ്മയുടെ ഇതര ഘടകങ്ങള്‍, ഓരോ ശാസ്ത്രത്തിനും ആധാരമായ തത്ത്വങ്ങള്‍ എന്നിങ്ങനെ വിവിധ ഭാഗങ്ങളായി ഈ ശാസ്ത്രത്തെ ഇബ്‌നുസീന വിഭജിച്ചിരിക്കുന്നു. അരിസ്‌റ്റോട്ടിലിന്റെ അതിഭൗതിക ശാസ്ത്രത്തെയും ദൈവശാസ്ത്രത്തെയും സംയോജിപ്പിക്കുകയാണ് അദ്ദേഹം ഇതുവഴി ചെയ്തിരിക്കുന്നത്.

ഉണ്മയെക്കുറിച്ചുള്ള പൊതുവായ പഠനം, ദൈവശാസ്ത്രങ്ങളുമായി അവക്കുള്ള ബന്ധം, 'വ്യത്യസ്ത' ദ്രവ്യങ്ങള്‍ ഇവയെല്ലാം അതിഭൗതിക ശാസ്ത്രത്തിന്റെ പഠനവിഷയങ്ങളാണെന്ന പക്ഷമാണ് ഇബ്‌നു റുശ്ദിന്റേത്. എല്ലാതരം ദ്രവ്യങ്ങളുടെയും തത്ത്വങ്ങളെക്കുറിച്ചുള്ള പഠനം അതിഭൗതിക ശാസ്ത്രത്തിന്റെ പരിധിയില്‍വരും എന്ന് അദ്ദേഹം വ്യക്തമായി പ്രസ്താവിക്കുന്നു. പ്രത്യക്ഷമായ ഭൗതികലോകം, പരോക്ഷമായ അഭൗതിക ലോകം എന്നീ അസ്തിത്വങ്ങളെ അംഗീകരിക്കുന്നുണ്ട് മുസ്‌ലിം തത്ത്വചിന്ത. ഭൗതിക ലോകം നശ്വരമാണ്. പ്രഥമ കാരണമായ ദൈവത്തില്‍നിന്ന് നിസ്സരിച്ചുണ്ടായതാണ് പ്രപഞ്ചം എന്ന തത്ത്വമാണ് സാമാന്യമായി എല്ലാ മുസ്‌ലിം തത്ത്വചിന്തകരും മുന്നോട്ടുവെക്കുന്നത്. ദൈവം, പ്രപഞ്ചം, അസ്തിത്വം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ ദര്‍ശനമാണ് മുസ്‌ലിം തത്ത്വചിന്തയുടെ സത്താ മീമാംസ.

 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (4-9)
എ.വൈ.ആര്‍

ഹദീസ്‌

ചോദ്യങ്ങള്‍ക്കു മുന്നില്‍ കാലിടറുമോ?
കെ.സി ജലീല്‍ പുളിക്കല്‍