Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 03

2991

1438 ജമാദുല്‍ ആഖിര്‍ 04

ട്രംപിന്റെ ഏകരാഷ്ട്രവും ഫലസ്ത്വീന്റെ ഭാവിയും

ജുമൈല്‍ കൊടിഞ്ഞി

മുക്കാല്‍ നൂറ്റാാേളമായി കത്തിനില്‍ക്കുന്ന ഫലസ്ത്വീന്‍ പ്രശ്‌നത്തിന്റെ ചരിത്രത്തില്‍, ചെറിയ പ്രതീക്ഷകള്‍ നല്‍കുന്നവയായിരുന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍. സ്വതന്ത്ര രാഷ്ട്രമെന്ന സ്വപ്‌നത്തിലേക്ക് കുറെയൊക്കെ അടുക്കാന്‍ ഫലസ്ത്വീനികള്‍ക്ക് സാധിച്ചിരുന്നു. ചെറിയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെത്തന്നെ ഹമാസ്-ഫത്ഹ് ഭിന്നതയില്‍ കുറവുണ്ടാവുകയും, അതുവഴി ഫലസ്

ത്വീന്‍ അതോറിറ്റിക്ക് അന്താരാഷ്ട്ര വേദികളില്‍ ശക്തമായ സാന്നിധ്യമറിയിക്കാന്‍ സാധ്യമാവുകയും ചെയ്തു. 1979-നു ശേഷം യു.എന്നില്‍ ഫലസ്ത്വീന് അനുകൂലമായ ഒരു പ്രമേയം പാസ്സാക്കാനായി.  1967-നു ശേഷം ഇസ്രയേല്‍ പിടിച്ചെടുത്ത മുഴുവന്‍ ഫലസ്ത്വീന്‍ ഭൂമിയും വിട്ടുകൊടുക്കമെന്ന പ്രമേയമാണ് പാസ്സാക്കപ്പെട്ടത്. ഈ ഭൂപ്രദേശങ്ങള്‍ ചേര്‍ത്ത് കിഴക്കന്‍ ജറൂസലം തലസ്ഥാനമായി ഫലസ്ത്വീന്‍ രാഷ്ട്ര രൂ

പീകരണത്തിന് പല രാഷ്ട്രങ്ങളും പിന്തുണ നല്‍കിവരുന്നുമുണ്ട്. റഷ്യ, തുര്‍ക്കി, ഫ്രാന്‍സ്, ജര്‍മനി പോലുള്ള രാഷ്ട്രങ്ങളുടെയും ഐക്യരാഷ്ട്ര സഭ, യൂറോപ്യന്‍ യൂനിയന്‍, അറബ് ലീഗ് എന്നീ കൂട്ടായ്മകളുടെയും വര്‍ധിച്ച സഹകരണം ഫലസ്ത്വീനികള്‍ക്ക് പുതിയ സാധ്യതകളായി ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ട്. 

ഇത്തരം പ്രതീക്ഷകളുടെ മറുവശത്ത് സയണിസ്റ്റ് രാഷ്ട്രം ഫലസ്ത്വീനെതിരെയുള്ള നീക്കങ്ങളും ശക്തമാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയതോടെ സയണിസ്റ്റ് രാഷ്ട്രത്തിന്റെ ഏതു താല്‍പര്യവും അമേരിക്ക സംരക്ഷിക്കുമെന്ന നില വന്നിരിക്കുകയാണ്. അമേരിക്കന്‍ എംബസി തെല്‍അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റുമെന്ന പ്രഖ്യാപനം ഇതിന്റെ സൂചനയായിരുന്നു. തുടര്‍ന്ന് നടന്ന ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച ഫലസ്ത്വീനികള്‍ക്ക് വ്യക്തമായ അപകട സൂചനകളാണ് നല്‍കിയത്. അതിലേറ്റവും പ്രധാനപ്പെട്ടതായിരുന്നു നെതന്യാഹുവിന്റെ സാന്നിധ്യത്തില്‍ ട്രംപ് നടത്തിയ 'ഏകരാഷ്ട്ര' പ്രഖ്യാപനം. 

കഴിഞ്ഞ രണ്ട് വ്യാഴവട്ടകാലമായി അമേരിക്കന്‍ ഭരണകൂടം ഔദ്യോഗികമായി അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്ത ഫലസ്ത്വീന്‍ പ്രശ്‌ന പരിഹാര മാര്‍ഗമായിരുന്നു ദ്വിരാഷ്ട്ര ഫോര്‍മുല. ഫലസ്ത്വീനികള്‍ക്കും ജൂതര്‍ക്കും രണ്ട് സ്റ്റേറ്റുകള്‍. ക്യാമ്പ് ഡേവിഡ് ഉച്ചകോടിയില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍  ക്ലിന്റന്‍ സമര്‍പ്പിച്ച പരിഹാര ഫോര്‍മുലയിലും അനാപോളിസ് സമ്മേളനത്തിലെ ജോര്‍ജ് ബുഷിന്റെ സമാധാനത്തിനുള്ള റോഡ് മാപ്പിലുമെല്ലാം ദ്വിരാഷ്ട്ര പരിഹാരമാണ് ഇടംപിടിച്ചിരുന്നത്. ബറാക് ഒബാമയുടെ രണ്ട് ഊഴങ്ങളിലും ഈ നയത്തില്‍ മാറ്റമുായിരുന്നില്ല. ആ നയത്തില്‍നിന്നുള്ള വ്യക്തമായ പിന്മാറ്റമാണ് ട്രംപ് ഏകരാഷ്ട്ര പ്രഖ്യാപനത്തിലൂടെ നടത്തിയിരിക്കുന്നത്. ദ്വിരാഷ്ട്ര പരിഹാരമല്ലാത്ത മറ്റൊരു മാര്‍ഗത്തെക്കുറിച്ച് ആദ്യമായാണ് ഒരമേരിക്കന്‍ പ്രസിഡന്റ് പരസ്യ പ്രഖ്യാപനം നടത്തുന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയത്. 

ദ്വിരാഷ്ട്ര സങ്കല്‍പം മാത്രമാണ് ഫലസ്ത്വീന്‍ പ്രശ്‌നത്തിന് പരിഹാരമെന്ന് താന്‍ ചിന്തിക്കുന്നില്ലെന്നാണ് ട്രംപ് പറഞ്ഞത്. രണ്ട് രാഷ്ട്രമെന്ന ആശയത്തെയും ഒരു രാഷ്ട്രമെന്ന ആശയത്തെയും താന്‍ പരിഗണിക്കുന്നു. ഇതില്‍ രണ്ടു വിഭാഗങ്ങള്‍ക്കും സ്വീകാര്യമായതാണ് തനിക്കിഷ്ടം. രണ്ടും രണ്ടായി നില്‍ക്കുന്നതായിരിക്കും ഇരുവര്‍ക്കും ഏറെ എളുപ്പം. പക്ഷേ ഫലസ്ത്വീനും ഇസ്രയേലും ഒപ്പം നില്‍ക്കുന്നതാണ് ഏറ്റവും നല്ലത്. നെതന്യാഹുവുമൊത്തുള്ള വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് ഇങ്ങനെയാണ് സംസാരിച്ചത്.

ഫലസ്ത്വീന്‍ സ്വതന്ത്ര രാഷ്ട്ര സങ്കല്‍പം ആഗോള അംഗീകാരം നേടിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അതിന് തടയിടുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. അതുകൊണ്ടാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയ ഉടനെ നെതന്യാഹു ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. മേഖലയില്‍ സമാധാനം ഉണ്ടാവാന്‍ ചില മുന്നുപാധികള്‍ മുന്നോട്ടുവെക്കുകയാണ് അദ്ദേഹം ചെയ്തത്. ഇസ്രയേലിനെ ഫലസ്ത്വീനികള്‍ ജൂതരാഷ്ട്രമായി അംഗീകരിക്കുക, മേഖലയിലെ മുഴുവന്‍ ഭൂപ്രദേശങ്ങളിലും ഇസ്രയേല്‍ സുരക്ഷാ സേനയുടെ നിയന്ത്രണമുണ്ടാവുക തുടങ്ങിയവയായിരുന്നു ആ മുന്നുപാധികള്‍. 

ഫലസ്ത്വീനിലെ മുഴുവന്‍ ഭൂപ്രദേശങ്ങളുടെ മേലും തങ്ങള്‍ക്ക് അധികാരമുണ്ടാവണമെന്നാണ് നെതന്യാഹു വ്യക്തമാക്കിയത്. അപ്രകാരമുള്ള ഏകരാഷ്ട്ര പരിഹാരമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഈ വാദം സയണിസ്റ്റുകള്‍ ഇപ്പോള്‍ തുടങ്ങിയതല്ല. മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബിന്‍ ഓസ്‌ലോ കരാറിനെ കുറിച്ച് ഇസ്രയേല്‍ പാര്‍ലമെന്റില്‍ പറഞ്ഞത്, 'ഞങ്ങള്‍ ഫലസ്ത്വീനിന് ഒരു അസ്തിത്വമുണ്ടാകുന്നത് ഇഷ്ടപ്പെടുന്നു. പക്ഷേ, സ്വതന്ത്ര രാഷ്ട്രത്തിന് താഴെയുള്ള ഒരു അസ്തിത്വമായിരിക്കുമത്' എന്നാണ്.

നെതന്യാഹു സമാധാനത്തിന് ഇത്തരമൊരു ഉപാധി വെക്കുന്നത് ലോകതലത്തില്‍ അംഗീകാരം നേടിക്കൊണ്ടിരിക്കുന്ന സ്വതന്ത്ര ഫലസ്ത്വീന്‍ എന്ന ആശയത്തെ പൊളിക്കാനാണ്. ഏകരാഷ്ട്രമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച ട്രംപ് ഉദ്ദേശിക്കുന്നതും മറ്റൊന്നല്ല. ഈ ഏകരാഷ്ട്ര സങ്കല്‍പം ഒരിക്കലും ഫലസ്ത്വീനികള്‍ക്ക് സ്വയംനിര്‍ണയാവകാശം നല്‍കുകയില്ല. വെസ്റ്റ് ബാങ്ക്, ഗസ്സ, കിഴക്കന്‍ ജറൂസലം എന്നിവ ചേര്‍ന്നുള്ള ഫലസ്ത്വീന്‍ രാഷ്ട്രം എന്ന ആശയത്തിന്റെ നിരാകരണമാണത്. 

നെതന്യാഹു മുന്നോട്ടുവെച്ച ഉപാധികളിലൂടെ പുതിയൊരുതരം വിവേചനത്തിനായിരിക്കും തുടക്കം കുറിക്കുക. ഫലസ്ത്വീനികള്‍ ജൂതരാഷ്ട്രത്തില്‍ രണ്ടാംതരം പൗരന്മാരായി മാറും. ഫലസ്ത്വീനില്‍ ഏഴ് പതിറ്റാായി സയണിസ്റ്റ് രാഷ്ട്രവും സൈന്യവും അതിക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏകപക്ഷീയമായ സൈനിക നടപടികള്‍ അവസാനിപ്പിക്കാതെയുള്ള ചര്‍ച്ചകളെല്ലാം വെറുതെ. അവ സമാധാനത്തിലെത്തില്ല. മാത്രമല്ല, ഇസ്രയേല്‍ ഇതുവരെ നടത്തിയ കൈയേറ്റങ്ങളും കുടിയേറ്റങ്ങളുമെല്ലാം നിയമാനുസൃതമാണെന്ന് പ്രഖ്യാപിക്കാനുള്ള നീക്കത്തിലുമാണ് അമേരിക്ക. ഏകരാഷ്ട്രം നിലവില്‍വന്നാല്‍ കൈയേറിയ ഫലസ്ത്വീന്‍ ഭൂമി എന്ന പ്രശ്‌നം തന്നെ ഉത്ഭവിക്കുന്നില്ലല്ലോ!

ട്രംപ് ഇപ്പോള്‍ നേരിട്ട് സംഭാഷണം നടത്തിയത് നെതന്യാഹുവിനോട് മാത്രമാണ്. തുടര്‍ന്ന് ഏകപക്ഷീയമായി പല കാര്യങ്ങളും പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഫലസ്ത്വീന്‍ പ്രതിനിധികളെയും നേതാക്കളെയും പൂര്‍ണമായി അവഗണിക്കുകയായിരുന്നു.  അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനെയാണ് ഫലസ്ത്വീന്‍ അതോറിറ്റി നേതാവ് മഹ്മൂദ് അബ്ബാസിനെ കാണാന്‍ ട്രംപ് അയച്ചത്. ഇത് മറ്റൊരു സൂചനയാണ്. ഔദ്യോഗിക ചര്‍ച്ചകളിലൊന്നും ഫലസ്ത്വീനികള്‍ ഇടം പ്രതീക്ഷിക്കേതില്ലെന്നര്‍ഥം. 

ട്രംപിന്റെ പ്രഖ്യാപനവും അതിനോടുള്ള നെതന്യാഹുവിന്റെ പ്രതികരണവും പി.എല്‍.ഒ(പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍)ക്കും ഫലസ്ത്വീന്‍ അതോറിറ്റിക്കും വ്യക്തമായ ചില സൂചനകളും നല്‍കുന്നുണ്ട്. പരമാധികാരമുള്ള ഒരു ഫലസ്ത്വീന്‍ സ്റ്റേറ്റ് ഒരിക്കലും സയണിസ്റ്റുകള്‍ അംഗീകരിക്കാന്‍ പോകുന്നില്ല. ഇസ്രയേല്‍ നിശ്ചയിച്ചു തരുന്ന നാമമാത്ര അധികാരങ്ങള്‍ മാത്രമുള്ള 'സ്റ്റേറ്റി'നു താഴെയുള്ള ഒരു മുനിസിപ്പല്‍ സംവിധാനം ഏറിയാല്‍ ഫലസ്ത്വീനികള്‍ക്ക് ലഭിക്കും.  കരാറുകളുടെയും യു.എന്നിന്റെയും ആഗോള കൂട്ടായ്മകളുടെയും പിന്തുണയുണ്ടെങ്കിലും അതിനപ്പുറമുള്ള സങ്കല്‍പങ്ങള്‍ നടപ്പിലാകാന്‍ പോകുന്നില്ല. ഫലസ്ത്വീന്‍ വിഷയത്തില്‍ തക്കസമയത്ത് വീറ്റോ അധികാരം പ്രയോഗിക്കുമെന്ന ട്രംപിന്റെ ഭീഷണിയെ ഈ പശ്ചാത്തലത്തിലാണ് വായിക്കേണ്ടത്. ഇസ്രയേലീ അധിനിവേശങ്ങളെ അംഗീകരിക്കുമെങ്കില്‍ ഫലസ്ത്വീന്‍ അതോറിറ്റി നിലനില്‍ക്കും. അല്ലെങ്കില്‍ അതിന് ചരിത്രത്തില്‍ ഇടം പിടിക്കാം.

ജനീവയില്‍ അടുത്തുതന്നെ നടക്കാനിരിക്കുന്ന യു.എന്‍ സമ്മേളനത്തില്‍ അബ്ബാസിന് വലിയൊരു ദൗത്യം നിര്‍വഹിക്കാനു

ണ്ട്. ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഫലസ്ത്വീനികളുടെ യഥാര്‍ഥ ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള ഏറ്റവും നല്ല അവസരമാണത്. അതിനിടെ അമേരിക്കയുടെ യു.എന്‍ പ്രതിനിധി നിക്കി ഹാലിയുടെ നിലപാട് ദ്വിരാഷ്ട്ര  സങ്കല്‍പത്തിന് അനുകൂലമാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അതിനാല്‍ അമേരിക്ക ഐക്യരാഷ്ട്രസഭയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതില്‍ അവ്യക്തത തുടരുകയാണ്.

യു.എന്നും അറബ് ലീഗും അമേരിക്കയുടെ പുതിയ നിലപാടിനെ എതിര്‍ത്തും ഫലസ്ത്വീനെ പിന്തുണച്ചും രംഗത്തു വന്നത് പ്രതീക്ഷ നല്‍കുന്നു. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗ്വട്ടെറസ് ആദ്യം തന്നെ അമേരിക്കന്‍ നിലപാടിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. യു.എന്നും അറബ് ലീഗും ഫലസ്ത്വീന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കി. ദ്വിരാഷ്ട്ര പരിഹാരമാണ് ഫലസ്ത്വീനില്‍ സാധ്യമാവുകയെന്നും, ജറൂസലമിലേക്ക് എംബസി മാറ്റാനുള്ള തീരുമാനം മേഖലയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഗ്വട്ടെറസും അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗൈത്വും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ആഭ്യന്തര ഐക്യം ശക്തിപ്പെടുത്താന്‍ ഫലസ്ത്വീന്‍ കൂട്ടായ്മകള്‍ കൂടുതല്‍ ശ്രദ്ധ വെക്കേണ്ട ഈ സന്ദര്‍ഭത്തില്‍ ഹമാസും ഫത്ഹും ഐക്യത്തിന്റെയും ഒത്തൊരുമയുടെയും പ്രാധാന്യം കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ട്രംപും കൂട്ടാളികളും നല്‍കുന്ന പിന്തുണയില്‍ നെതന്യാഹു കൂടുതല്‍ ധാര്‍ഷ്ട്യം കാണിക്കാനും പലതും അട്ടിമറിക്കാനും സാധ്യതയുണ്ട്. അതുകൂടി മുന്‍കൂട്ടി കണ്ട് അനുരജ്ഞനപാതയിലൂടെ ആഗോളവേദികളിലും ആഭ്യന്തരമായും കരുക്കള്‍ നീക്കാന്‍ ഫലസ്ത്വീന്‍ കൂട്ടായ്മകള്‍ക്കും അവരുടെ നേതാക്കള്‍ക്കും സാധിക്കുമെന്ന് പ്രത്യാശിക്കാം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (4-9)
എ.വൈ.ആര്‍

ഹദീസ്‌

ചോദ്യങ്ങള്‍ക്കു മുന്നില്‍ കാലിടറുമോ?
കെ.സി ജലീല്‍ പുളിക്കല്‍